Friday, October 2, 2015

തോട്ടം തൊഴിലാളി സമരത്തെ ഭിന്നിപ്പിക്കുന്നത് മാനേജ്മെന്റിന് ഗുണം: എം എം മണി

ലക്ഷ്യമില്ലാതെ പൊമ്പിളൈ ഒരുമൈ

മൂന്നാര്‍ > ട്രേഡ് യൂണിയനുകള്‍ക്കെതിരായി രൂപംകൊണ്ട പൊമ്പിളൈ ഒരുമയുടെ ഗൂഢാലോചന തോട്ടം തൊഴിലാളികള്‍ക്ക് ബോധ്യമായി. മൂന്നാറിലെ തോട്ടംതൊഴിലാളികള്‍ ഒന്നടങ്കം പണിമുടക്കിലേയ്ക്ക് എത്തിയത് ഈ തിറിച്ചറിവില്‍ നിന്നാണ്. സംയുക്ത ട്രേഡ് യൂണിയന്‍ സമരകേന്ദ്രത്തില്‍ സ്ത്രീതൊഴിലാളികളൂടെ വലിയ സാന്നിധ്യമാണുണ്ടായത്. സമരം വ്യാഴാഴ്ച നാല് ദിനം പിന്നിട്ടു. കെഡിഎച്ച്പി കമ്പനി ബോണസ് വെട്ടിക്കുറച്ചതിന്റെ പേരില്‍ പെട്ടെന്ന് രൂപം കൊണ്ട സ്ത്രീ തൊഴിലാളി സമരത്തെ ട്രേഡ ് യൂണിയനുകള്‍ അനുകൂലിക്കുകയായിരുന്നു. എന്നാല്‍, സമരത്തെ സംയുക്ത ട്രേഡ് യൂണിയനുകള്‍ക്ക് എതിരാക്കി തീര്‍ക്കാന്‍ കൊണ്ട്പിടിച്ച പരിശ്രമമാണ് നടന്നത്. ഒടുവില്‍ കൂലി വര്‍ധന ആവശ്യപ്പെട്ട് സംയുക്ത ട്രേഡ് യൂണിയന്‍ സംസ്ഥാനത്ത് ആരംഭിച്ച പണിമുടക്ക് സമരം പൊളിക്കാന്‍ നടത്തിയ നീക്കമാണ് തൊഴിലാളികളെ ചിന്തിപ്പിച്ചത്. പണിമുടക്ക് ഇല്ലെന്ന് പൊമ്പിളൈ ഒരുമൈ പ്രഖ്യാപിച്ചു. സമരം ചെയ്യില്ലെന്ന് ഇവര്‍ മന്ത്രിമാര്‍ക്കും ഉറപ്പ് നല്‍കി. ഇത് തൊഴിലാളികളില്‍ സംശയങ്ങളുടെ ആക്കംകൂട്ടി. മാനേജ്മെന്റുകള്‍ക്ക് സഹായകരമായ നിലപാടുകള്‍ തൊഴിലാളികള്‍ തിരിച്ചറിഞ്ഞു. പൊതുസമരത്തെ പൊളിക്കുകയെന്ന ചിലരുടെ താല്‍പര്യം തൊഴിലാളികളില്‍ അടിച്ചേല്‍പ്പിക്കുകയായിരുന്നു. ഇതോടെ തൊഴിലാളികള്‍ ജീവിതസമരത്തില്‍ ട്രേഡ് യൂണിയനുകള്‍ക്കൊപ്പം നിലയുറപ്പിക്കുന്ന കാഴ്ചയാണ് മൂന്നാറില്‍ കണ്ടത്. ഇതിന്റെ ഭാഗമായി തൊഴിലാളികള്‍ ഒന്നടങ്കം പണിമുടക്കി. ട്രേഡ് യൂണിയന്‍ സമരകേന്ദ്രത്തിലേയ്ക്ക് കൊടിയുമേന്തി മുദ്രവാക്യവിളിയുമായി അവര്‍ എത്തിയത്. "പൊമ്പിളൈ ഒരുമൈ 'സംഘടനയെ നിയന്ത്രിച്ചവരെ ഞെട്ടിച്ചു. യഥാര്‍ഥത്തില്‍ ചിലരുടെ കുതന്ത്രങ്ങള്‍ക്കും താല്‍പര്യങ്ങള്‍ക്കും തൊഴിലാളികള്‍ ബലിയാടാകുകയായിരുന്നു.

തോട്ടം തൊഴിലാളി സമരത്തെ ഭിന്നിപ്പിക്കുന്നത് മാനേജ്മെന്റിന് ഗുണം: എം എം മണി

മൂന്നാര്‍ > ഒരുവിഭാഗം തോട്ടം തൊഴിലാളികള്‍ പ്രത്യേകം സമരം ചെയ്യുന്നത് മാനേജ്മെന്റിനെ സഹായിക്കാനാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം എം മണി പറഞ്ഞു. മൂന്നാറില്‍ സംയുക്ത ട്രേഡ് യൂണിയന്‍ സമരത്തെ അഭിവാദ്യം ചെയ്യുകയായിരുന്നു അദ്ദേഹം.കൂട്ടായ സമരത്തോടൊപ്പം എല്ലാ തൊഴിലാളികളും അണിനിരക്കണം. ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് പല ലക്ഷ്യങ്ങളുണ്ടാകും. കേരളത്തിലെ മൂന്നരലക്ഷം തോട്ടം തൊഴിലാളികള്‍ ഒന്നിച്ച് അണിനിരക്കുമ്പോള്‍ മൂന്നാറില്‍ കുറെ തൊഴിലാളികള്‍ മാറിനില്‍ക്കുന്നത് ശരിയല്ല. തൊഴിലാളികളുടെ ജീവിതസമരത്തെ തകര്‍ക്കരുത്. മൂന്ന് ട്രേഡ്യൂണിയനുകള്‍ ഒരുമിച്ച് നില്‍ക്കുന്നത് തൊഴിലാളി താല്‍പര്യത്തിന്റെ പേരിലാണ്.സര്‍ക്കാരിന്റെ സംരക്ഷണയില്‍ ചില തൊഴിലാളികള്‍ തിരുവനന്തപുരത്ത് പോകുകയും സമരം ചെയ്യില്ലെന്ന് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു. ഇത് ശരിയാണോയെന്ന് അവര്‍ ചിന്തിക്കണം. എന്നാല്‍ ഇവരുടെ ആഹ്വാനം തൊഴിലാളികള്‍ തള്ളിക്കളഞ്ഞു. സിഐടിയു എന്നും തൊഴിലാളികള്‍ക്കൊപ്പമാണ്. പണിമുടക്ക് മൂന്നാറിലുള്‍പ്പെടെ വന്‍വിജയമാണ്. പ്രത്യേകം സമരം ചെയ്യുന്ന തൊഴിലാളികളുടെ താല്‍പര്യം വേറെയാണെന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി എം എം മണി പറഞ്ഞു. മാധ്യമ പ്രവര്‍ത്തകരോട് അപമര്യാദയായി പെരുമാറാന്‍ പാടില്ല. ഇല്ലാത്ത കാര്യത്തില്‍ പ്രചരണം നടത്തി എതന്നെജയിലടച്ചിട്ടും മാധ്യമപ്രവര്‍ത്തകരോട് മോശമായി പെരുമാറിയിട്ടില്ല. ഉടമകള്‍ കമ്പനി ലോക്കൗട്ട് ചെയ്യുമെന്ന ഭീഷണി വിലപോവില്ല. അങ്ങനെയുണ്ടായാല്‍ അതിനെ ശക്തമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

സമരത്തെ മാധ്യമങ്ങള്‍ അവഗണിക്കുന്നത് ശരിയല്ല: കെ കെ ജയചന്ദ്രന്‍

മൂന്നാര്‍ > സംയുക്ത ട്രേഡ്യൂണിയന്‍ നേതൃത്വം നല്‍കുന്ന തോട്ടം തൊഴിലാളി സമരത്തെ അവഗണിക്കുന്ന ചില മാധ്യമങ്ങളുടെ നിലപാട് മുതലാളിമാര്‍ക്കാണ് ഗുണം ചെയ്യുന്നതെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രന്‍ പറഞ്ഞു. മൂന്നാറില്‍ തോട്ടം തൊഴിലാളികളുടെ സമരത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്നര ലക്ഷം തൊഴിലാളികളുടെ ജീവിതസമരത്തിന് അര്‍ഹിക്കുന്ന പരിഗണന മാധ്യമങ്ങള്‍ നല്‍കാത്തത് അവര്‍ക്ക് ചേര്‍ന്നതല്ല. മൂന്നാറില്‍ മാത്രമായി സമരം നടത്തിയാല്‍ നേടാവുന്നതല്ല കൂലിവര്‍ധന. ഈ സമരം ജയിക്കാനായിട്ടുള്ളതാണ്. സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ തൊഴിലാളികള്‍ ഒറ്റക്കെട്ടായി അണിനിരക്കണം. ചില തൊഴിലാളികള്‍ പ്രത്യേകമായി സമരം ചെയ്തത് ഐക്യത്തെ ദുര്‍ബലപ്പെടുത്തും. ഇത് ഒഴിവാക്കണം. തൊഴിലാളികളുടെ ഇന്നത്തെ ദുരിതപൂര്‍ണമായ ജീവിതാവസ്ഥയ്ക്ക് മാറ്റംവരുത്താനാണ് ഈ സമരം. അഞ്ച് സെന്റ്വീതം സ്ഥലം നല്‍കി വീട് യാഥാര്‍ഥ്യമാകണം. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ നീക്കിവച്ച 16,000 ഏക്കര്‍ ഭൂമി ഇതിനായി ഉപയോഗിക്കണം. ഇഎസ്എയുടെ പരിധിയില്‍ തൊഴിലാളികളെ കൊണ്ടുവരണം. അദ്ദേഹം ആവശ്യപ്പെട്ടു.

No comments:

Post a Comment