Friday, September 25, 2015

ആര്‍എസ്എസും അടിയന്തരാവസ്ഥയും

അടിയന്തരാവസ്ഥയ്ക്കെതിരെ ശക്തമായി നിലകൊണ്ട പ്രസ്ഥാനമാണ് തങ്ങളുടേതെന്ന ആര്‍എസ്എസ് പ്രചാരണത്തിന്റെ ബലൂണിലേറ്റ സൂചിക്കുത്താണ് ഇന്റലിജന്‍സ് ബ്യൂറോ മേധാവിയായിരുന്ന ടി വി രാജേശ്വറിന്റെ വെളിപ്പെടുത്തല്‍. അടിയന്തരാവസ്ഥക്കാലത്ത് ഐബിയെ നയിച്ച രാജേശ്വര്‍ പറയുന്നത് ആര്‍എസ്എസിന്റെ സര്‍ സംഘ് ചാലക് ആയിരുന്ന ബാബാ സാഹബ് ദേവരശ് പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ ഔദ്യോഗിക വസതിയുമായി അക്കാലത്ത് കൃത്യമായ ബന്ധം സ്ഥാപിച്ചിരുന്നുവെന്നും അടിയന്തരാവസ്ഥയെ പരിപൂര്‍ണമായി പിന്തുണച്ചിരുന്നുവെന്നുമാണ്.

കോണ്‍ഗ്രസും ആര്‍എസ്എസും ശത്രുപക്ഷത്തായിരുന്നില്ല എന്നുമാത്രമല്ല, ഉറച്ച മൈത്രിയിലുമായിരുന്നു അന്ന്. ഇന്ദിര ഗാന്ധിയുമായി മാത്രമല്ല, സഞ്ജയ് ഗാന്ധിയുമായും ആര്‍എസ്എസിന്റെ പരമാധികാരി ദേവരശ് നല്ല ബന്ധം സ്ഥാപിച്ചിരുന്നു. ആ ബന്ധം ഉറച്ചതാകണമെന്ന കാര്യത്തില്‍ അദ്ദേഹത്തിനും ആര്‍എസ്എസിനും നല്ല നിഷ്കര്‍ഷയുണ്ടായിരുന്നു. പലരും എതിര്‍ത്ത അടിയന്തരാവസ്ഥക്കാലത്തെ സര്‍ക്കാര്‍നടപടികളെ ആര്‍എസ്എസ് അതുകൊണ്ടുതന്നെ പിന്തുണച്ചിരുന്നു. ഇതാണ് ടി വി രാജേശ്വര്‍ ഒരു ടിവി ചാനലുമായുള്ള സംഭാഷണമധ്യേ പറഞ്ഞത്.

അടിയന്തരാവസ്ഥയെ ദേശീയതലത്തില്‍ എതിര്‍ക്കാന്‍ തങ്ങളേ ഉണ്ടായിരുന്നുള്ളൂ എന്നുവരെ ആര്‍എസ്എസ് പുതിയകാലത്ത് വാദിക്കുന്നുണ്ട്. എന്നാല്‍, ആ വാദത്തിന്റെ നെറുകയിലേറ്റ പ്രഹരമാണ് രാജേശ്വറിന്റെ വെളിപ്പെടുത്തല്‍. സംസ്ഥാനതലത്തില്‍ ആര്‍എസ്എസിന്റെ കുറെപ്പേരെ അടിയന്തരാവസ്ഥയില്‍ ജയിലിലിട്ടിട്ടുണ്ടാകാം. എന്നാല്‍, ദേീയതലത്തിലുള്ള ആര്‍എസ്എസ് നേതൃത്വവും കോണ്‍ഗ്രസ് നേതൃത്വവും തമ്മിലുള്ള ബന്ധത്തിന് അത് തടസ്സമായിരുന്നല്ലത്രേ; ദേവരശിന് ഇന്ദിരയോടുണ്ടായിരുന്ന അടുപ്പത്തെ അത് ഒരുവിധത്തിലും ബാധിച്ചിരുന്നുമില്ലത്രേ. അതായത്, അണികള്‍ ജയിലില്‍ കിടക്കുമ്പോഴും നേതൃത്വം ഇന്ദിരയെ ചെന്നുകണ്ട് വാഴ്ത്തിക്കൊണ്ടിരുന്നു.

സംഘപരിവാറിന്റെ രാഷ്ട്രീയപൈതൃകം ഒരുവിധത്തിലും അതിന്റെ പിന്മുറക്കാര്‍ക്ക് അഭിമാനിക്കാന്‍ വകനല്‍കുന്നതല്ലെന്ന് ആവര്‍ത്തിച്ച് തെളിയുകയാണ്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ ആധിപത്യത്തിന്റെ ഘട്ടത്തില്‍ ആ സാമ്രാജ്യത്വത്തിന്റെ ഭാഗത്ത്. രാജഭരണഘട്ടത്തില്‍ രാജാവിന്റെ പക്ഷത്ത്. നാടുവാഴിത്തത്തിനെതിരെ ശക്തമായ ജനമുന്നേറ്റമുണ്ടായിത്തുടങ്ങിയ കാലത്ത് നാടുവാഴിത്തത്തിന്റെ പക്ഷത്ത്.

ഇതാണ് അതിന്റെ യഥാര്‍ഥ ചരിത്രം. ഈ ചരിത്രത്തെ സംഘപരിവാര്‍ ചരിത്രകാരന്മാരെക്കൊണ്ട് മായ്ച്ചുകളയാനും പുതിയ ഒരു ആര്‍എസ്എസ് പ്രകീര്‍ത്തന ചരിത്രംകൊണ്ട് പകരംവയ്ക്കാനും അവര്‍തന്നെ വ്യഗ്രതപ്പെടുന്നത് ഇതുകൊണ്ടാണ്. ചരിത്രഗവേഷണ കൗണ്‍സിലിനെ പിരിച്ചുവിട്ട് ആര്‍എസ്എസ് മാസികയിലുണ്ടായിരുന്ന ഒരു യെല്ലപ്രഗദ സുദര്‍ശനറാവുവിന്റെ നേതൃത്വത്തില്‍ സംഘപരിവാര്‍ ഉപസമിതിയുടെ ഭരണം സ്ഥാപിച്ച് അവര്‍ തകൃതിയായി ചരിത്രം തിരുത്തുകയാണ്. കഴിഞ്ഞതവണ ബിജെപി അധികാരത്തിലെത്തിയ ഘട്ടത്തിലാണ് ഡോ. കെ എന്‍ പണിക്കരെയും സുമിത് സര്‍ക്കാരിനെയുംപോലുള്ള വിഖ്യാത ചരിത്രകാരന്മാര്‍ തയ്യാറാക്കിയ "ടുവേഴ്സ് ഫ്രീഡം' എന്ന ചരിത്രപഠന പ്രോജക്ട് റദ്ദാക്കിയതും എഴുതി പ്രസിദ്ധീകരിച്ച ചരിത്രഗ്രന്ഥങ്ങള്‍ പിന്‍വലിച്ചതും.

ഇക്കുറി അധികാരത്തില്‍ വന്നയുടന്‍ ബിജെപി സര്‍ക്കാര്‍ ചെയ്തത് ചരിത്രപ്രാധാന്യമുള്ള ഒട്ടനവധി രേഖകള്‍ തീവച്ച് നശിപ്പിക്കുകയായിരുന്നുവെന്നത് നേരത്തെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതാണ്. മഹാത്മാഗാന്ധി വധമടക്കമുള്ള കാര്യങ്ങളുമായി ബന്ധപ്പെട്ട സുപ്രധാന രഹസ്യരേഖകള്‍, ആര്‍എസ്എസിനെ നിരോധിച്ചുകൊണ്ടുള്ള സര്‍ദാര്‍ പട്ടേലിന്റെ ഉത്തരവ് തുടങ്ങിയവയൊക്കെയാണ് നശിപ്പിക്കപ്പെട്ടത്. ഗാന്ധിജിയെ വധിച്ചത് ഹിന്ദുവര്‍ഗീയവാദിയാണെന്നതിന്റെ ശ്രദ്ധേയമായ ചരിത്രത്തെളിവുകള്‍ ഇല്ലായ്മ ചെയ്യുകയായിരുന്നു പ്രധാനമന്ത്രിയുടെതന്നെ നേതൃത്വത്തില്‍ മന്ത്രിമാര്‍.

ബ്രിട്ടീഷ് സാമ്രാജ്യത്വാധിപത്യകാലത്ത് ബ്രിട്ടീഷ് അധികാരികള്‍ക്ക് മാപ്പെഴുതിക്കൊടുത്ത് സ്വയം രക്ഷപ്പെടുകയും ആ രക്ഷപ്പെടല്‍വഴി ആഗ്രയിലെ ഒരു ഗ്രാമത്തിനാകെ പിഴ ചുമത്തുന്നതിന് വഴിവയ്ക്കുകയും ചെയ്തയാളാണ് അടല്‍ ബിഹാരി വാജ്പേയി എന്നത് രേഖാമൂലം പുറത്തുവന്ന, തെളിഞ്ഞുകഴിഞ്ഞ കാര്യമാണ്. സംഘപരിവാര്‍ അഭിമാനപൂര്‍വം ഉയര്‍ത്തിക്കാട്ടുന്ന സവര്‍ക്കര്‍ ആകട്ടെ, ആന്‍ഡമാന്‍ ജയിലില്‍നിന്ന് മോചിതനായത് ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതിക്കൊടുത്തശേഷമാണ്. സാമ്രാജ്യത്വവിരുദ്ധ ദേശീയപ്രക്ഷോഭത്തില്‍ പങ്കെടുക്കില്ലെന്ന ഉറപ്പുകൂടി നല്‍കിയാണ് സവര്‍ക്കര്‍ പുറത്തുവന്നത്.

അപമാനകരമായ ഈ പൈതൃകത്തോട് ചേര്‍ത്തുവയ്ക്കാവുന്നതുതന്നെയാണ് സ്വാതന്ത്ര്യലബ്ധിക്കുശേഷമുള്ള ഘട്ടത്തിലെ ഏറ്റവും നിഷ്ഠുരമായ ജനാധിപത്യധ്വംസനത്തിന്റെ അമിതാധികാര സ്വേച്ഛാധിപത്യവാഴ്ചക്കാലത്ത് ജനങ്ങളുടെ പക്ഷത്തല്ല, മറിച്ച് അമിതാധികാരവാഴ്ചയുടെ പക്ഷത്താണ് ആര്‍എസ്എസ് നേതൃത്വം നിന്നത് എന്ന കാര്യം. ഇതില്‍ അത്ഭുതമൊന്നുമില്ല. ജനാധിപത്യത്തോട് തികഞ്ഞ അവജ്ഞമാത്രം പുലര്‍ത്തുന്ന ആ പ്രസ്ഥാനം ഹിറ്റ്ലറുടെയും മുസ്സോളിനിയുടെയും സംഘടനാമാതൃകയില്‍ സംവിധാനംചെയ്യപ്പെട്ട ഒന്നാണ്. എല്ലാവരും തന്നോടു കൂറുപുലര്‍ത്തിക്കൊള്ളണമെന്നു ശഠിക്കുകയും ഒരുവിധ ജനാധിപത്യവും സംഘടനയില്‍ പുലരാതിരിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്തു ഹിറ്റ്ലര്‍. ആര്‍എസ്എസിലും ഇതുതന്നെയാണ് രീതി. അതില്‍ ഒരു ജനാധിപത്യ പ്രക്രിയയുമില്ല, തെരഞ്ഞെടുപ്പുമില്ല. എല്ലാവരും സര്‍ സംഘ് ചാലകിനോട് കൂറുപുലര്‍ത്തിക്കൊള്ളണം. സര്‍ സംഘ് ചാലകിനെയാകട്ടെ, ആരെങ്കിലും തെരഞ്ഞെടുക്കുന്നതല്ലതാനും. ഇത്രമേല്‍ ജനാധിപത്യവിരുദ്ധമായ ഒരു പ്രസ്ഥാനം ഇന്ദിര ഗാന്ധി ജനാധിപത്യത്തെ കൈയൊഴിഞ്ഞ ഘട്ടത്തില്‍ അതിനു പിന്തുണയുമായി എത്തി എന്നതില്‍ സ്വാഭാവികതയേയുള്ളൂ. കാലം മാറിയപ്പോള്‍ തങ്ങള്‍ അടിയന്തരാവസ്ഥയെ എതിര്‍ത്തു എന്ന നുണപ്രചാരണവുമായി വന്ന് പുതിയ തലമുറകളെ തെറ്റിദ്ധരിപ്പിക്കരുതെന്നുമാത്രം

ദേശാഭിമാനി മുഖപ്രസംഗം 240915

No comments:

Post a Comment