Tuesday, February 16, 2016

ചെങ്കടലിൽ സംഘിയും കോങ്കിയും കാണുന്നത്

കണ്ടില്ലേ..നവകേരള മാർച്ചിന്റെ സമാപനം..ജനം ചെങ്കടലായി..

ഞാനൊരു ചെങ്കടലും കാണുന്നില്ല..

സൂക്ഷിച്ച് നോക്ക്..

കുറച്ച് ക്യാമറാക്കാരെ കാണുന്നുണ്ട്..

അതിന്റെ മുന്നിലേക്ക് നോക്ക്...

കുറച്ച് ചുവന്ന കസേരയിൽ ആളുകളെ കാണുന്നുണ്ട്..

ഇനീം മുന്നിലേക്ക് നോക്ക്..

ചുവന്ന ഷർട്ടിട്ട വളണ്ടിയേഴ്സിനെ കാണുന്നുണ്ട്..

മുന്നിലേക്ക് നോക്ക്..

ഒരാൾ പ്രസംഗിക്കുന്നത് കാണാം..

അതിനും മുന്നിലേക്ക് നോക്ക്..

ക്രെയിനിലെ ക്യാമറ കാണാം..

ശരിക്ക് നോക്ക്..

ചുവന്ന കൊടി കാണാം..

ശ്രദ്ധിച്ച് നോക്ക്..

കടല്‌ കാണാം..

ഇപ്പ കണ്ടതിന്റെ ഒക്കെ ഇടയിൽ നോക്ക്...

അത് ഉറുമ്പുകളല്ലേ..ചെങ്കടൽ ഞാനിനിയും കണ്ടില്ല..

നീ സംഘിയുടെയും കൊങ്കിയുടെയും മിക്സ് ആണ്‌. നീ ഇനി ഒന്നും നോക്കണ്ട. കിണറ്റിൽ തന്നെ ഇരി.

Monday, February 15, 2016

ഞങ്ങൾ ഒരു കൂട്ടം രാജ്യദ്രോഹികളാണ് - നിങ്ങളാണ് രാജ്യസ്നേഹത്തെ നിർവചിക്കുന്നതെങ്കിൽ

കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ജെ.എൻ.യു.വിൽ അരങ്ങേറിക്കൊണ്ടിരിക്കുന്ന സംഭവ വികാസങ്ങളെക്കുറിച്ച് പലതരത്തിലുള്ള ചർച്ചകളാണ് കേരളത്തിലെ ക്യാമ്പസ്സുകളിലും സോഷ്യൽ മീഡിയകളിലും നടന്നുകൊണ്ടിരിക്കുന്നത്. ജെ.എൻ.യു.വിൽ വിവിധ ഇടതുപക്ഷ വിദ്യാർത്ഥി സംഘടനകൾ നിലനിൽക്കുന്നുണ്ടെങ്കിലും മലയാളികളുടെ പൊതുബോധത്തിൽ ഇടതുപക്ഷ വിദ്യാർത്ഥി പ്രസ്ഥാനമെന്നാൽ എസ്.എഫ്.ഐ. മാത്രമായതിനാൽ എസ്.എഫ്.ഐ.യെ ദേശവിരുദ്ധരായി ചിത്രീകരിച്ചു കൊണ്ടാണ് ക്യാമ്പയിനുകൾ മുന്നേറുന്നത്. ഈയൊരു പശ്ചാത്തലത്തിൽ എന്താണ് ജെ.എൻ.യു.വിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്നതിനെപ്പറ്റി വ്യക്തത കൈവരുത്തുക അത്യാവശ്യമാണ്.

നിലവിലെ സംഭവവികാസങ്ങൾ

ഫെബ്രുവരി 9-ാം തീയതി അഫ്സൽ ഗുരുവിന്റെ വധശിക്ഷ നടപ്പിലാക്കിയതിന്റെ മൂന്നാം വർഷത്തോടനുബന്ധിച്ച് 10 വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ "The Country Without a Post Office" എന്ന പേരിൽ ഒരു സാംസ്കാരിക സന്ധ്യ ക്യാമ്പസ്സിൽ സംഘടിപ്പിക്കപ്പെടുകയുണ്ടായി. എസ്.എഫ്.ഐ.യോ മറ്റു ഇടതുപക്ഷ വിദ്യാർത്ഥി സംഘടനകളോ ഈ പരിപാടിയുടെ സംഘാടനവുമായി യാതൊരു തരത്തിലും ബന്ധപ്പെട്ടിരുന്നില്ല. കാശ്മീർ വിഷയത്തെക്കുറിച്ച് ഈ പരിപാടി മുന്നോട്ട് വെച്ച ആശയങ്ങളുമായി എസ്.എഫ്.ഐ. യോജിക്കുന്നുമില്ല. പിന്നെ എന്തുകൊണ്ട് ഈ വിഷയത്തിൽ എസ്.എഫ്.ഐ.യും മറ്റിടതു വിദ്യാർത്ഥി സംഘടനകളും ക്രൂശിക്കപ്പെടുന്നു എന്നതിന് ഉത്തരം ലഭിക്കണമെങ്കിൽ ജെ.എൻ.യു. ക്യാമ്പസ്സിന്റെ സ്വഭാവം മനസ്സിലാക്കണം.

സ്വന്തം അഭിപ്രായങ്ങൾ രേഖപ്പെടുത്താനും വിമർശനങ്ങളെ സഹിഷ്ണുതയോടെ ഏറ്റുവാങ്ങാനും പക്വമായ ഒരു വിദ്യാർത്ഥി സമൂഹമാണ് ക്യാമ്പസ്സിലുള്ളത്. ഇത്തരത്തിൽ വിമർശനാത്മകവും ജനാധിപത്യപരവുമായ ഒരു സമീപനമാണ് അക്കാദമിക രംഗത്തും പുലർത്തിപോന്നത്. അതു കൊണ്ടു തന്നെയാണ് ഡൽഹി ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പലതരത്തിലുള്ള സാമൂഹിക പ്രശ്നങ്ങളും അസഹിഷ്ണുതകളും നിലനിൽക്കുമ്പോൾ ഇവയുടെ ഒത്ത നടുക്ക് ജനാധിപത്യത്തിന്റെയും, മതേതരത്വത്തിന്റെയും, ലിംഗനീതിയുടെയും ഒറ്റപ്പെട്ട തുരുത്തായി ജെ.എൻ.യു. തുടരുന്നത്.

കലാലയ ജനാധിപത്യത്തിനു രാജ്യത്തെ മറ്റു ക്യാമ്പസ്സുകൾക്ക് മാതൃകയാണ് ജെ.എൻ.യു. ദേശീയ തലത്തിലും അന്തർദേശീയ തലത്തിലുമുണ്ടാകുന്ന പ്രധാന സംഭവ വികാസങ്ങളെക്കുറിച്ച് വിമർശനാത്മക രീതിയിൽ ചർച്ചകളും സംവാദങ്ങളും സ്ഥിരമായി ക്യാമ്പസ്സിൽ നടക്കാറുണ്ട്. എതിർപ്പുകൾ രേഖപ്പെടുത്തപ്പെടുന്നത് കൈയൂക്കിലൂടെയല്ല. പകരം ജനാധിപത്യപരമായ സംവാദത്തിലൂടെയാണ്. സ്വന്തം അഭിപ്രായങ്ങൾ രേഖപ്പെടുത്താനും വിമർശനങ്ങളെ സഹിഷ്ണുതയോടെ ഏറ്റുവാങ്ങാനും പക്വമായ ഒരു വിദ്യാർത്ഥി സമൂഹമാണ് ക്യാമ്പസ്സിലുള്ളത്. ഇത്തരത്തിൽ വിമർശനാത്മകവും ജനാധിപത്യപരവുമായ ഒരു സമീപനമാണ് അക്കാദമിക രംഗത്തും പുലർത്തിപോന്നത്. അതു കൊണ്ടു തന്നെയാണ് ഡൽഹി ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പലതരത്തിലുള്ള സാമൂഹിക പ്രശ്നങ്ങളും അസഹിഷ്ണുതകളും നിലനിൽക്കുമ്പോൾ ഇവയുടെ ഒത്ത നടുക്ക് ജനാധിപത്യത്തിന്റെയും, മതേതരത്വത്തിന്റെയും, ലിംഗനീതിയുടെയും ഒറ്റപ്പെട്ട തുരുത്തായി ജെ.എൻ.യു. തുടരുന്നത്. ഈ ഇടങ്ങൾ ശക്തമായ വിദ്യാർത്ഥി മുന്നേറ്റങ്ങളുടെയും ആശയപ്രചാരണങ്ങളുടെയും ഫലമായി ജെ.എൻ.യു. വിദ്യാർത്ഥികൾ നേടിയെടുത്ത അവകാശങ്ങളാണ്. അതു കൊണ്ടു തന്നെ ഈ ഇടങ്ങൾക്കു മേലുള്ള എല്ലാത്തരം കൈയേറ്റങ്ങളെയും ചെറുക്കാൻ വിദ്യാർത്ഥികൾ സദാ ജാഗരൂകരായിരിക്കും.

ഫെബ്രുവരി 9-ാം തീയതിയും സംഭവിച്ചത് മറ്റൊന്നല്ല. സാംസ്കാരിക സന്ധ്യ തുടങ്ങുന്നതിന് 15 മിനിറ്റു മുമ്പ് അധികാരികൾ പരിപാടിക്ക് നൽകിയ അനുവാദം പിൻവലിക്കുകയും സൗണ്ട് സിസ്റ്റത്തിനു നൽകിയിരുന്ന വൈദ്യുതി വിച്ഛേദിക്കുകയും ചെയ്തു. ഇതിനു കാരണമായി പറഞ്ഞത് പരിപാടി നടന്നാൽ ക്യാമ്പസ്സിന്റെ സമാധാനാന്തരീക്ഷം തകരുമെന്ന് ABVP വൈസ് ചാൻസലർക്കു പരാതി നൽകിയെന്നതാണ്. ഇത്തരത്തിൽ ഒരു പരാതി ലഭിച്ചാൽ ഉത്തരവാദിത്തമുള്ള ക്യാമ്പസ്സ് അധികാരികൾ സ്വാഭാവികമായും ചെയ്യേണ്ടിയിരുന്നത് സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ നടപടിയെടുക്കുകയെന്നതാണ്. അതിനു പകരം പരിപാടിക്ക് നൽകിയിരുന്ന അനുവാദം പിൻവലിച്ചുകൊണ്ട് ആരോടുള്ള വിധേയത്വം വെളിവാക്കാനാണ് പുതിയ വൈസ് ചാൻസലർ പ്രൊഫ. ജഗദീഷ് കുമാർ ശ്രമിച്ചത്?

ഈ ഒരു ഘട്ടത്തിലാണ് ക്യാമ്പസ്സിലെ ഇടതുപക്ഷ-പുരോഗമനവിദ്യാർത്ഥി പ്രസ്ഥാനങ്ങളും വിദ്യാർത്ഥികളും അധികാരികളുടെ നടപടിയെ വിദ്യാർത്ഥികളുടെ ജനാധിപത്യ വേദികൾക്കുമേലുള്ള കടന്നുകയറ്റമായി കണ്ട് പ്രതിരോധിക്കാനായി ശ്രമിച്ചത്. അധികാര വർഗത്തിന്റെ ഇത്തരത്തിലുള്ള കൈയേറ്റങ്ങൾക്ക് ഒരിക്കൽ വഴങ്ങിയാൽ അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള ഇടങ്ങൾ കൂടുതൽ കൂടുതൽ ചുരുക്കപ്പെടുമെന്നുള്ള വ്യക്തമായ തിരിച്ചറിവിന്റെ പശ്ചാത്തലത്തിലാണ് സാംസ്കാരികസന്ധ്യക്ക് സംരക്ഷണം നൽകാൻ വിദ്യാർത്ഥി പ്രസ്ഥാനങ്ങൾ തീരുമാനിച്ചത്. അതിനർത്ഥം ആ പരിപാടി മുന്നോട്ടുവെച്ച ആശയങ്ങളുമായി ഈ പ്രസ്ഥാനങ്ങൾ യോജിക്കുന്നുവെന്നല്ല. ഭരണഘടന ഉറപ്പു നൽകുന്ന അഭിപ്രായസ്വാതന്ത്ര്യം സംരക്ഷിക്കുക എന്നതു മാത്രമായിരുന്നു എസ്.എഫ്.ഐ. അടക്കമുള്ള വിദ്യാർത്ഥിപ്രസ്ഥാനങ്ങളുടെ ലക്ഷ്യം. സൈദ്ധാന്തികമായ അഭിപ്രായ വ്യത്യാസങ്ങൾ നിലനിൽക്കുമ്പോൾ തന്നെ പൊതുവായ വിഷയങ്ങളിൽ ഒന്നിച്ചു നിൽക്കുക എന്നത് ക്യാമ്പസ്സിലെ പുരോഗമന വിദ്യാർത്ഥി പ്രസ്ഥാനങ്ങൾക്കിടയിൽ നിലനിൽക്കുന്ന അലിഖിത നിയമമാണ്.

പരിപാടിക്കിടെ ABVP കായികമായി പ്രകോപനം സൃഷ്ടിച്ച സമയത്ത് ഒരു കൂട്ടം വിദ്യാർത്ഥികൾ പാക്കിസ്ഥാൻ അനുകൂല മുദ്രാവാക്യം മുഴക്കിയെന്നതാണ് ഉയർന്ന പരാതി. എന്നാൽ ഈ മുദ്രാവാക്യം വിളിച്ചവരിൽ എസ്.എഫ്.ഐ ക്കാരോ മറ്റിടതുപക്ഷ വിദ്യാർത്ഥി പ്രവർത്തകരോ ഉണ്ടായിരുന്നില്ല. മാത്രവുമല്ല നിരുത്തരവാദപരമായ ഇത്തരം മുദ്രാവാക്യങ്ങളെയും വിഘടനമനോഭാവത്തെയും വിമർശിച്ചു കൊണ്ട് എസ്.എഫ്.ഐ. ജെ.എൻ.യു. യൂണിറ്റ് കമ്മിറ്റിയും, അഖിലേന്ത്യാ കമ്മിറ്റിയും ഉടൻ തന്നെ പ്രസ്താവന ഇറക്കുകയും ചെയ്തു.

എന്നാൽ ഫെബ്രുവരി 12 -ാം തീയതി പോലീസ് ക്യാമ്പസ്സിൽ സ്വീകരിച്ച നടപടി ജെ.എൻ.യു.വിന്റെ സമീപചരിത്രത്തിലൊന്നും തന്നെ കേട്ടുകേൾവി ഇല്ലാത്തതായിരുന്നു. അടിയന്തിരാവസ്ഥക്ക് സമാനമായ രീതിയിൽ വിദ്യാർത്ഥി വേട്ട നടത്തിയ പോലീസ് വാറന്റു പോലുമില്ലാതെയാണ് ഹോസ്റ്റലുകളിൽ റെയ്ഡ് നടത്തിയത്. പോലീസിനു ക്യാമ്പസ്സിൽ പൂർണാധികാരം അനുവദിച്ച വി.സി. ജെ.എൻ.യു.വിനെ എങ്ങോട്ടാണ് നയിക്കുന്നത് എന്ന കൃത്യമായ സൂചന നൽകിക്കഴിഞ്ഞു. MHRD മന്ത്രിയും ആഭ്യന്തര മന്ത്രിയും സംഭവത്തോട് പ്രതികരിച്ച വേഗത ജെ.എൻ.യു.വിന്റെ നിലനില്പുതന്നെ അപകടത്തിലാണെന്ന സന്ദേശമാണ് നൽകുന്നത്. സോഷ്യൽ മീഡിയകളിലും മറ്റും ശക്തമായിക്കൊണ്ടിരിക്കുന്ന "Shut Down JNU" ക്യാമ്പയിനും, ജെ.എൻ.യു. വിദ്യാർത്ഥികൾ മുഴുവൻ ദേശവിരുദ്ധരാണെന്ന പ്രചാരണവും സൂക്ഷ്മതയോടെ തന്നെ കൈകാര്യം ചെയ്യേണ്ടിയിരിക്കുന്നു.

എന്തുകൊണ്ട് ജെ.എൻ.യു.?

മോഡി സർക്കാർ അധികാരമേറ്റശേഷം ഉന്നത വിദ്യാഭ്യാസ രംഗത്തെ കാവിവൽക്കരിക്കുക എന്ന അജണ്ട നടപ്പാക്കാൻ കഠിനമായി ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. IIT, IIM തുടങ്ങി വ്യവസ്ഥിതിക്കനുയോജ്യമായ വിധത്തിൽ കോർപ്പറേറ്റുകളുടെ ആവശ്യങ്ങൾക്കനുസരിച്ച് ടെക്ക്നോക്രാറ്റുകളെ ഉല്പാദിപ്പിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വിപരീതമായി വിദ്യാർത്ഥികളിൽ വിമർശനാത്മക ചിന്താശേഷി വളർത്തുന്ന, കോർപ്പറേറ്റ് അജണ്ടകൾക്കെതിരെ, ഗവൺമെന്റിന്റെ നയങ്ങൾക്കെതിരെ ചോദ്യങ്ങളുയർത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളെ കൈപ്പിടിയിലൊതുക്കാൻ സർക്കാർ ശ്രമിക്കുന്നത് സ്വാഭാവികം മാത്രം. BJP അനുയായികളെ ഈ സ്ഥാപനങ്ങളുടെ അമരത്ത് പ്രതിഷ്ഠിച്ച് ചോദ്യങ്ങളുയരുന്ന മസ്തിഷ്ക്കങ്ങളെ നിശ്ശബ്ദമാക്കുക എന്ന ലക്ഷ്യമാണ് മോഡി സർക്കാർ നടപ്പിലാക്കാൻ ശ്രമിക്കുന്നത്. ഉമ്പർട്ടോ എക്കോയുടെ നിർവചനപ്രകാരം ഉന്നത വിദ്യാഭ്യാസ രംഗത്തെ തകർക്കുക, ധിഷണാശാലികളോടും ചിന്തിക്കുന്നവരോടും ശത്രുതാ മനോഭാവത്തോടെ പെരുമാറുക എന്നിവ ഫാസിസത്തിന്റെ ലക്ഷണങ്ങളാണ്.

ഗവൺമെന്റിന്റെ പിടി ആദ്യം മുറുകിയത് സമാന്തരചലച്ചിത്രങ്ങളുടെ ഈറ്റില്ലമായ FTII -യിൽ ആണ്. ഗജേന്ദ്ര ചൗഹാനെന്ന BJPക്കാരനെ യാതൊരു യോഗ്യതാ മാനദണ്ഡവും പാലിക്കാതെ സ്ഥാപനത്തിന്റെ നേതൃസ്ഥാനത്തു നിയമിച്ചതിനെതിരെ വിദ്യാർത്ഥികൾ മാസങ്ങളായി സമരത്തിലായിരുന്നു. പിന്നീട് HCU ആയിരുന്നു ലക്ഷ്യം. തങ്ങളോട് വിധേയത്വമുള്ള വ്യക്തിയെ വൈസ് ചാൻസലറായി നിയമിച്ച് തങ്ങളുടെ വർഗീയ ഫാസിസ്റ്റ് അജണ്ട നടപ്പാക്കാനുള്ള ശ്രമങ്ങൾ ക്യാമ്പസ്സിൽ നടക്കുന്നുണ്ടായിരുന്നു. അതിന്റെ ഭാഗമായാണ് ബിരുദദാനസമ്മേളനത്തിനു ഡ്രസ്സ് കോഡ് (Dress Code) നിശ്ചയിച്ചതും അങ്കവസ്ത്രം നിർബന്ധമാക്കിയതും. എന്നാൽ ശക്തമായ വിദ്യാർത്ഥി പ്രക്ഷോഭങ്ങളുടെ ഫലമായി അധികാരികൾക്ക് ഈ തീരുമാനം പിൻവലിക്കേണ്ടി വന്നു. അതിനു ശേഷമാണ് രോഹിത് വെമുല എന്ന ദളിത് ഗവേഷക വിദ്യാർത്ഥിയുടെ ആത്മഹത്യയിലേക്ക് നയിച്ച ഇടപെടലുകൾ അരങ്ങേറിയത്. രോഹിത്തും ഭരണകൂടത്തെ സംബന്ധിച്ച് ദേശവിരുദ്ധനായിരുന്നു. എന്നാൽ ഇന്ത്യ ഒട്ടാകെയുള്ള വിദ്യാർത്ഥികൾക്ക് രോഹിത് ഒരു പ്രതീകമാണ്. പോരാട്ടത്തിന്റെ അടയാളമാണ്. ഫെലോഷിപ്പുകൾ വെട്ടിക്കുറച്ചതിനെതിരെ മാസങ്ങളായി വിദ്യാർത്ഥികൾ തെരുവിലുറങ്ങിയപ്പോൾ കാണിക്കാത്ത വേഗതയാണ് രോഹിത് വെമുലയുടെ ജാതി പരിശോധിക്കാൻ വേണ്ടി അധികാരികൾ സ്വീകരിച്ചത്.

സങ്കുചിതമായ ദേശഭക്തിപ്രകടനമാണ് ഫാസിസത്തിലേക്കു നയിക്കുന്നത്. അല്ലെങ്കിൽ, ദേശീയതയുടെയും വിശ്വാസത്തിന്റെയും വികാരങ്ങളെ കത്തി ജ്വലിപ്പിക്കുക എന്നത് ഫാസിസത്തിന്റെ നിലനില്പിനത്യാവശ്യമാണ്. ഹിറ്റ്ലറുടെ ജർമനിയിൽ നമ്മളതു കണ്ടതാണ്. ദേശസ്നേഹത്തിന്റെയും, ദേശവിരുദ്ധതയുടെയും അതിർവരമ്പുകൾ നിർണയിക്കുന്നത് ഭരണകൂടമാണെന്നു വരുമ്പോൾ എത്ര ഭീകരമായാണ് ഫാസിസം നമ്മുടെ മണ്ണിൽ ആഴ്ന്നിറങ്ങിയിരിക്കുന്നതെന്ന് മനസ്സിലാക്കാം.

കഴിഞ്ഞ കുറെ മാസങ്ങളായി ജെ.എൻ.യു.വിദ്യാർത്ഥികൾ തെരുവിലാണ്. FTII സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട്, ഫെലോഷിപ്പുകൾ വെട്ടിക്കുറക്കുന്ന ഗവൺമെന്റ് നയത്തിനെതിരെ വിദ്യാർത്ഥികളെ സംഘടിപ്പിച്ചുകൊണ്ട്, വീട്ടിൽ ബീഫ് സൂക്ഷിച്ചുവെന്നാരോപിച്ചു മുഹമ്മദ് അഖ്ലക്ക് എന്ന വൃദ്ധനെ കൊന്നതിനെതിരെ പ്രതിഷേധമുയർത്തിക്കൊണ്ട്, ഭാരതത്തിന്റെ ഉന്നത വിദ്യാഭ്യാസമേഖലയെ WTOക്കു തീറെഴുതി കൊടുക്കുന്ന കരാർ പിൻവലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട്, രോഹിത് വെമുലയെന്ന ഗവേഷക വിദ്യാർത്ഥിക്ക് നീതി ലഭ്യമാക്കണമെന്ന് മദ്രാവാക്യങ്ങൾ മുഴക്കിക്കൊണ്ട്... അദ്ഭുതമില്ല, ജെ.എൻ.യു. എന്ന വിദ്യാഭ്യാസ സ്ഥാപനം മോഡി സർക്കാരിന് തലവേദനയായി അനുഭവപ്പെടുന്നതിൽ പണക്കൊഴുപ്പിന്റെയും കായിക ബലത്തിന്റെയും അടിത്തറയിൽ BJPയുടെ വിദ്യാർത്ഥി സംഘടനയായ ABVP വിജയിച്ചു കയറുന്ന ഡെൽഹി യൂണിവേഴ്സിറ്റിയിൽ നിന്നും വ്യത്യസ്തമായി ഇടതുപക്ഷ ധാരകളെ അഭിസംബോധന ചെയ്യുന്ന, BJPയുടെ വർഗീയ ഫാസിസ്റ്റ് നയങ്ങൾക്കെതിരെ ശബ്ദമുയർത്തുന്ന ജെ.എൻ.യു.വിനെയും അവിടത്തെ തെരഞ്ഞെടുക്കപ്പെട്ട ഇടതുപക്ഷ വിദ്യാർത്ഥി യൂണിയനെയും ഉന്മൂലനം ചെയ്യാൻ ശ്രമിക്കുന്നതിൽ.

ജെ.എൻ.യു.വിലെ വിദ്യാർത്ഥി മുന്നേറ്റങ്ങളെ, ജനാധിപത്യ ബോധത്തെ, സംവാദങ്ങളെ, ഇടതുപക്ഷാഭിമുഖ്യത്തെ, ചോദ്യശരങ്ങളെ ഈ സർക്കാർ ഭയപ്പെടുന്നുവെന്നതു തന്നെയാണ് ഇപ്പോഴത്തെ സംഭവവികാസങ്ങളുടെ അർത്ഥം.

ആരാണ് ദേശീയതയെ നിർവചിക്കുന്നത്?

സങ്കുചിതമായ ദേശഭക്തിപ്രകടനമാണ് ഫാസിസത്തിലേക്കു നയിക്കുന്നത്. അല്ലെങ്കിൽ, ദേശീയതയുടെയും വിശ്വാസത്തിന്റെയും വികാരങ്ങളെ കത്തി ജ്വലിപ്പിക്കുക എന്നത് ഫാസിസത്തിന്റെ നിലനില്പിനത്യാവശ്യമാണ്. ഹിറ്റ്ലറുടെ ജർമനിയിൽ നമ്മളതു കണ്ടതാണ്. ദേശസ്നേഹത്തിന്റെയും, ദേശവിരുദ്ധതയുടെയും അതിർവരമ്പുകൾ നിർണയിക്കുന്നത് ഭരണകൂടമാണെന്നു വരുമ്പോൾ എത്ര ഭീകരമായാണ് ഫാസിസം നമ്മുടെ മണ്ണിൽ ആഴ്ന്നിറങ്ങിയിരിക്കുന്നതെന്ന് മനസ്സിലാക്കാം.

അഫ്സൽ ഗുരുവിന്റെ വധശിക്ഷയുമായി ബന്ധപ്പെട്ട് പല കോണുകളിൽ നിന്നും വ്യത്യസ്ത അഭിപ്രായങ്ങളും പ്രതിഷേധ ശബ്ദങ്ങളും ഉയർന്നിരുന്നു. വധശിക്ഷ നടപ്പാക്കിയ രീതിയെക്കുറിച്ചും വധശിക്ഷയെന്ന ശിക്ഷാവിധിയെക്കുറിച്ചു തന്നെയും പലതരത്തിലുള്ള ചർച്ചകളും നടത്തപ്പെടുകയുണ്ടായി. കാശ്മീരിൽ BJP അധികാരം പങ്കുവെച്ച PDP എന്ന പാർട്ടിയും അഫ്സൽ ഗുരുവിന്റെ വധശിക്ഷയെ അപലപിക്കുകയുണ്ടായി. എന്തുകൊണ്ട് ഇവരെല്ലാം ദേശവിരുദ്ധരായി മുദ്രകുത്തപ്പെട്ടില്ല?

"സാഹചര്യത്തെളിവുകളുടെ മാത്രം അടിസ്ഥാനത്തിൽ ഭാരതത്തിന്റെ പൊതുബോധത്തെ തൃപ്തിപ്പെടുത്താനായി വധശിക്ഷ കൊടുക്കുന്നുവെന്ന്" സുപ്രീം കോടതി വരെ പറഞ്ഞ ഒരു വിധിയെക്കുറിച്ച് ഒരു കൂട്ടം വിദ്യാർത്ഥികൾ എതിരഭിപ്രായം പുറപ്പെടുവിക്കുകയാണെങ്കിൽ, അതിനെക്കുറിച്ച് ചർച്ച സംഘടിപ്പിക്കുകയാണെങ്കിൽ, അതിൽ എവിടെയാണ് ദേശവിരുദ്ധത? അതല്ല നിങ്ങൾക്ക് മറിച്ചൊരു അഭിപ്രായമാണുള്ളതെങ്കിൽ വരൂ. നമുക്കു ചർച്ച ചെയ്യാം. അതൊരു രഹസ്യ യോഗമൊന്നുമല്ലായിരുന്നല്ലോ. പോസ്റ്ററും നോട്ടീസും അടിച്ചു പരസ്യമാക്കിയ പരിപാടിയല്ലായിരുന്നോ? അല്ലാതെ കൈയൂക്കു കൊണ്ട് നിശ്ശബ്ദരാക്കാമെന്ന് വിചാരിച്ചാൽ വിദ്യാർത്ഥികൾ കൂടുതൽ ശക്തി പ്രാപിക്കുകയേയുള്ളൂ.

ജെ.എൻ.യു.വിൽ ABVP - യുടെ നേതൃത്വത്തിലും പരിപാടികൾ സംഘടിപ്പിക്കപ്പെട്ടിട്ടുണ്ട്. സുബ്രഹ്മണ്യൻ സ്വാമി അടക്കമുള്ള മഹാരഥൻമാർ വർഗീയ വിഷം ചീറ്റുന്ന പ്രസംഗങ്ങൾ നടത്തിയിട്ടുണ്ട്. എന്നാൽ ഇവയെയൊക്കെ വിദ്യാർത്ഥികൾ നേരിട്ടത് പരിപാടി തടഞ്ഞു കൊണ്ടല്ല. ചോദ്യങ്ങൾ ഉയർത്തിയും പ്രതിഷേധങ്ങൾ രേഖപ്പെടുത്തിയുമാണ്. പക്ഷേ, ഇത്തരത്തിലൊരു ചർച്ചയുടെയോ സംവാദത്തിന്റെയോ തലം BJPക്കും അതിന്റെ വിദ്യാർത്ഥി സംഘടനയായ ABVPക്കും അന്യമാണ്.

കഴിഞ്ഞ രണ്ടു വർഷങ്ങളിലും അഫ്സൽ ഗുരുവിന്റെ വധശിക്ഷയുമായി ബന്ധപ്പെട്ടു ക്യാമ്പസിൽ നടത്തപ്പെട്ട പരിപാടികളെ കല്ലേറു കൊണ്ടും കായികബലം കൊണ്ടും നേരിടുകയാണ് ABVP ചെയ്തിട്ടുള്ളത്. മഹിഷാസുരവധവുമായി ബന്ധപ്പെട്ട് AIBSF എന്ന സംഘടന നടത്തിയ ബദൽവായനയും ഇതേപോലെ കൈക്കരുത്തു കൊണ്ട് നേരിടാൻ ABVP ശ്രമിച്ചിട്ടുള്ളതാണ്. ഈ ശ്രമങ്ങളെയെല്ലാം വിദ്യാർത്ഥികൾ ഒറ്റക്കെട്ടായി നിന്നാണ് പരാജയപ്പെടുത്തിയത്. മിത്തുകൾക്കും, ചരിത്രങ്ങൾക്കും ഉണ്ടാകുന്ന പുനർവായനയെയും ബദൽവായനയെയും അസഹിഷ്ണുതയോടെ നോക്കിക്കാണുന്ന ഈ കൂട്ടരാണോ ദേശീയതയെ നിർവചിക്കുന്നത്?കടുത്ത ഇസ്ലാമോഫോബിയ മുഖമുദ്രയാക്കിയ ഒരു സർക്കാരാണോ ദേശസ്നേഹത്തിന്റെ അതിരുകൾ നിർണയിക്കുന്നത്? ഒരു ലിറ്റററി ഫെസ്റ്റിവലിൽ പങ്കെടുത്തു കൊണ്ടിരിക്കേ ഇസ്ലാമായതുകൊണ്ടു മാത്രം ഒരു SFI സംസ്ഥാന കമ്മിറ്റിയംഗത്തിന്റെ ബാഗ് പരിശോധിക്കുന്ന അവസ്ഥ രണ്ടു ദിവസം മുമ്പുണ്ടായി. ബാഗിൽ SFIയുടെ കൊടി കണ്ടു എന്ന ഒറ്റ കാരണത്താൽ 5 മണിക്കൂർ നേരം അദ്ദേഹത്തെ പോലീസ് സ്റ്റേഷനിൽ ഇരുത്തിയ ഭരണകൂടഭീകരത നിശ്ചയിക്കുന്ന ദേശീയതയെ അംഗീകരിക്കാൻ ഞങ്ങൾക്കു ബുദ്ധിമുട്ടുണ്ട്.

ഇപ്പോൾ അറസ്റ്റിലാക്കപ്പെട്ട JNU സ്റ്റുഡന്റ്സ് യൂണിയന്റെ നേതാവ് എന്തു ദേശവിരുദ്ധതയാണ് പ്രചരിപ്പിച്ചതെന്ന് വ്യക്തമാക്കാനുള്ള ബാധ്യത അറസ്റ്റു ചെയ്ത സർക്കാരിനുണ്ട്. രാജ്യദ്രോഹക്കുറ്റം ചുമത്താനായി എന്തു കലാപത്തിനാണ് അദ്ദേഹം ആഹ്വാനം ചെയ്തത്? ഇതിനൊന്നും കൃത്യവും വ്യക്തവുമായ ഉത്തരമില്ലാത്തതു കൊണ്ടു തന്നെ ഇപ്പോഴത്തെ പോലീസ് നടപടികൾ വളരെ ആസൂത്രിതമായി നടപ്പാക്കപ്പെട്ടവയാണെന്നു നിസ്സംശയം പറയാം. വിദ്യാർത്ഥികളുടെ ഊർജം ഗവൺമെന്റ് നയങ്ങൾക്കെതിരെ തിരിയുന്നത് തടയാൻ, രോഹിത് വെമുലയുടെ വിഷയത്തിൽ രാജ്യമെങ്ങും കത്തിപ്പടരുന്ന BJP വിരുദ്ധ വികാരത്തെ തണുപ്പിക്കാൻ ഇതു തന്നെ ഏറ്റവും നല്ല മാർഗ്ഗം.

ജെ.എൻ.യു.വിദ്യാർത്ഥികളെ മുഴുവൻ ദേശവിരുദ്ധരായി ചിത്രീകരിച്ച് പൊതുസമൂഹത്തിൽ അവരുടെ വാക്കുകൾക്ക്, സമരങ്ങൾക്ക് വിലയില്ലാതാക്കുക. സമരങ്ങൾക്ക് നേതൃത്വം നൽകുന്ന ജെ.എൻ.യു. സ്റ്റുഡന്റ്സ് യൂണിയന്റെ അമരക്കാരനെ ജയിലിലടച്ച് നേതൃത്വമില്ലാതാക്കുക. ഇത്തരം മർദക നടപടികൾ കൊണ്ട് ഇല്ലാതാകുന്നതേയുള്ളൂ ജെ.എൻ.യു.വിലെ വിദ്യാർത്ഥി മുന്നേറ്റം എന്ന് മോഡിസർക്കാർ കരുതുന്നുണ്ടെങ്കിൽ അത് ജെ.എൻ.യു.വിന്റെ ചരിത്രം കൃത്യമായി മനസ്സിലാക്കാത്തതു കൊണ്ടാണ്. അടിയന്തിരാവസ്ഥക്കാലത്തും അതിനു ശേഷവും നടന്ന വിദ്യാർത്ഥി മുന്നേറ്റങ്ങളുടെ താളുകൾ പരിശോധിച്ചാൽ ഭരണകൂടത്തിന്റെ മർദ്ദക മുറകൾക്ക് തടയിടാൻ കഴിയാത്തതാണ് വിദ്യാർത്ഥികളുടെ ഊർജമെന്ന് മനസ്സിലാക്കാൻ കഴിയും. "ജെ.എൻ.യു.വിന്റെ നിറം ചുവപ്പാണ്. അതു ചുവന്നു തന്നെയിരിക്കും" എന്നു ഞങ്ങൾ മുദ്രാവാക്യം വിളിക്കാറുണ്ട്. ആ മുദ്രാവാക്യത്തെ അന്വർത്ഥമാക്കുന്നതാണ്, സങ്കുചിത ദേശീയവാദത്തിന്റെയും വിശ്വാസത്തിന്റെയും ഇസ്ലാമോഫോബിയയുടെയും പേരിൽ വിദ്യാർത്ഥികളെ വേർപിരിക്കുന്നവർക്ക് അവിടെ സ്ഥാനമില്ല എന്ന് അരക്കിട്ടുറപ്പിക്കുന്നതാണ്, പോലീസ് നടപടിക്കെതിരെ കഴിഞ്ഞ രണ്ടു ദിവസങ്ങളായി ക്യാമ്പസ്സിൽ നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധങ്ങളിലെ അഭൂതപൂർവമായ വിദ്യാർത്ഥി പങ്കാളിത്തം.

സ്റ്റേറ്റിനെ വിമർശിക്കുന്നതിന്റെ പേരിൽ, ഭരണകൂട നയങ്ങൾക്കെതിരെ പ്രതിഷേധിക്കുന്നതിന്റെ പേരിൽ, അംബേദ്ക്കർ പറഞ്ഞതുപോലെ "ദേശീയതയെ ഹിന്ദുദേശീയതയായി" നിങ്ങൾ നിർവചിക്കുമ്പോൾ അതിനെ ഖണ്ഡിക്കുന്നതിന്റെ പേരിൽ ഞങ്ങളെ ദേശവിരുദ്ധരായി ചിത്രീകരിക്കുകയാണെങ്കിൽ അഭിമാനത്തോടെ ഞങ്ങൾ പറയും, ഞങ്ങൾ ഒരു കൂട്ടം ദേശവിരുദ്ധരാണെന്ന്.

*
അശ്വതി റിബേക്ക അശോക് 

courtesy: bodhicommons

പി ജയരാജന്റെ രക്തം കൊതിക്കുന്നവരോട്

നിയമവ്യവസ്ഥയുടെ അടിസ്ഥാനതത്വമായ തുല്യനീതി സിപിഐ എമ്മിന് നിഷേധിക്കപ്പെടുന്നത് എന്തുകൊണ്ടെന്ന ചോദ്യം ഉയര്‍ന്നുവരികയാണ്. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമം 1967ലാണ് പാര്‍ലമെന്റ് പാസാക്കിയത്. മുംബൈ ഭീകരാക്രമണത്തെ തുടര്‍ന്ന് രാജ്യവ്യാപകമായി ഭീകരവാദവിരുദ്ധ വികാരം ജനങ്ങളില്‍ ശക്തമായി ഉയര്‍ന്നുവന്ന സാഹചര്യത്തെ ഉപയോഗപ്പെടുത്തി 2008ല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ യുഎപിഎ നിയമം ഭേദഗതിചെയ്തു. പ്രതികളാക്കപ്പെട്ടവരെ കൂടുതല്‍കാലം വിചാരണകൂടാതെ ജയിലിലടയ്ക്കാനും ജാമ്യം നിഷേധിക്കാനും മറ്റുമായി ഇന്ത്യന്‍ ശിക്ഷാനിയമത്തിലില്ലാത്ത ചില വകുപ്പുകള്‍ 2008ലെ ഭേദഗതിയില്‍ കൂട്ടിച്ചേര്‍ത്തു.

ഈ നിയമം ദുരുപയോഗം ചെയ്യപ്പെടാനിടയുണ്ടെന്ന മുന്നറിയിപ്പ് അന്നുതന്നെ ഇടതുപക്ഷം നല്‍കിയിരുന്നു. അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന പി ചിദംബരം പാര്‍ലമെന്റില്‍ നല്‍കിയ ഉറപ്പ് ഭീകരവാദികള്‍ക്കെതിരെ മാത്രമേ ഈ നിയമം ഉപയോഗിക്കുകയുള്ളു എന്നാണ്. സംസ്ഥാന കോണ്‍ഗ്രസ് ഭരണം പ്രസ്തുത ഉറപ്പ് ലംഘിക്കുക മാത്രമല്ല യുഎപിഎ പക്ഷപാതപരമായി ദുരുപയോഗിക്കുകയാണ്.

കണ്ണൂര്‍ ജില്ലയില്‍ 3 കൊലക്കേസിലാണ് യുഎപിഎ നിയമം ചുമത്തിയിട്ടുള്ളത്. കതിരൂര്‍ മനോജ്, ചിറ്റാരിപ്പറമ്പ് പ്രേമന്‍, പൊയിലൂര്‍ വിനോദ് വധക്കേസുകളിലാണിത്. ഇതില്‍ പ്രേമന്‍, വിനോദ് എന്നിവര്‍ സിപിഐ എം പ്രവര്‍ത്തകരായിരുന്നു. യുഎ പിഎയുടെ ആദ്യത്തെ ദുരുപയോഗം പതിവുപോലെ സിപിഐ എമ്മിന് എതിരായാണ്. രാഷ്ട്രീയസംഘര്‍ഷത്തിന്റെ ഭാഗമായി രണ്ട് ജില്ലാനേതാക്കളടക്കമുള്ള ഇരുപതോളം സിപിഐ എം പ്രവര്‍ത്തകരെയായിരുന്നു കേരളത്തില്‍ ആദ്യമായി ടാഡ എന്ന കരിനിയമപ്രകാരം പൂജപ്പുര ജയിലിലടച്ചത്. 1994ലെ യുഡിഎഫ് ഭരണത്തിലായിരുന്നു അത്. മനോജ് കേസില്‍ യുഎപിഎ വകുപ്പുകള്‍ എഫ്ഐആറില്‍ ചേര്‍ത്തത് ആര്‍എസ്എസിനെ പ്രീതിപ്പെടുത്തുന്ന കോണ്‍ഗ്രസ് നയത്തിന്റെ ഭാഗമായിരുന്നു. യുഎപിഎ നിയമത്തെ എതിര്‍ക്കുന്ന ലീഗ് അടക്കമുള്ള മുന്നണി സര്‍ക്കാര്‍ യുഎപിഎ കമ്യൂണിസ്റ്റ് വേട്ടയ്ക്കായി ദുരുപയോഗംചെയ്തു.

ഉത്തരേന്ത്യയില്‍ ന്യൂനപക്ഷവേട്ടയ്ക്ക് യുഎപിഎ ഉപയോഗിക്കുമ്പോള്‍ കേരളത്തില്‍ കമ്യൂണിസ്റ്റുകാര്‍ക്കെതിരായി യുഎപി എ ഉപയോഗിക്കുന്നു. കതിരൂര്‍ കേസിലെ 25 പ്രതികള്‍ക്കെതിരെ യുഎപിഎ നിയമപ്രകാരം കേസെടുത്തു. എന്നാല്‍, 20–ാം പ്രതി സിപിഐ എം ജില്ലാ കമ്മിറ്റി അംഗം ടി ഐ മധുസൂദനനെതിരെ യുഎപിഎ ചേര്‍ത്തത് ശരിയായില്ലെന്ന് ജില്ലാ കോടതി വിലയിരുത്തുകയും ജാമ്യംനല്‍കുകയും ചെയ്തു. മൂന്നാംപ്രതി പ്രകാശനും 11–ാം പ്രതി കൃഷ്ണനും 12–ാം പ്രതി രാമചന്ദ്രനും ഹൈക്കോടതി ജാമ്യം അനുവദിച്ചു

ഇവരെ പ്രതികളാക്കുന്ന സമയത്ത് അന്വേഷണസംഘത്തിന് ഇവര്‍ ഭീകരവാദികളാണെന്ന് കണ്ടെത്താനായില്ല. മാത്രമല്ല ഇവരുടെപേരില്‍ ഗൂഢാലോചനക്കുറ്റം ചുമത്താന്‍മാത്രം തെളിവുകള്‍ ഇല്ലെന്ന് കേസ് ഡയറി പരിശോധിച്ച കോടതി കണ്ടെത്തുകയും ചെയ്തു. അതാണ് ജാമ്യം അനുവദിക്കാന്‍ കാരണം. 18–ാം പ്രതി സിറാജിനെ കുറിച്ച് ആകെയുള്ള 212 സാക്ഷികളില്‍ ആരും പറഞ്ഞില്ലെന്നുമാത്രമല്ല, തിരിച്ചറിയല്‍ പരേഡ് നടത്തിയപ്പോള്‍ ആരും പ്രതിയെ തിരിച്ചറിഞ്ഞുമില്ല. സിറാജ് പ്രഥമദൃഷ്ട്യാ കുറ്റം ചെയ്തതായി കണ്ടെത്താന്‍ കഴിയാത്തതിനാല്‍ ഹൈക്കോടതിയാണ് ജാമ്യം നല്‍കിയത്. 21–ാം പ്രതി റിജേഷിനെതിരായി സിബി ഐ ചുമത്തിയ കുറ്റം നിസ്സാരകാരണങ്ങള്‍ ചൂണ്ടിക്കാട്ടിക്കൊണ്ടാണെന്ന് കണ്ടെത്തി ജാമ്യം അനുവദിച്ചു. 22 മുതല്‍ 24 വരെയുള്ള പ്രതികള്‍ക്ക് 180 ദിവസത്തിലധികം ജയിലില്‍ കിടത്താന്‍ സാധ്യമല്ലെന്നതിനാല്‍ ജാമ്യം അനുവദിച്ചു. ചുരുക്കത്തില്‍ കതിരൂര്‍ കേസില്‍ ഇതുവരെ ജാമ്യം ലഭിച്ച 9 പേരില്‍ 6 പേര്‍ക്ക് ജാമ്യം ലഭിച്ചത് കോടതി കേസ് ഡയറി പരിശോധിച്ച് കേസിന്റെ മെറിറ്റിലേക്ക് കടന്നതുകൊണ്ടാണ്. 3 പേര്‍ക്ക് ജാമ്യം ലഭിച്ചതാകട്ടെ യു എപിഎ നിയമപ്രകാരമുള്ള പരമാവധി വിചാരണത്തടവുകാലമായ 6 മാസത്തിലധികം ജയിലില്‍ കിടന്നതുകൊണ്ടും. ഇതില്‍നിന്ന് വ്യക്തമാകുന്ന കാര്യം കതിരൂര്‍ കേസില്‍ പലരെയും പ്രതികളാക്കിയത് വ്യാജ തെളിവുകള്‍ ഉണ്ടാക്കിയാണെന്നാണ്.

ഹൈക്കോടതിയുടെ നിരീക്ഷണംതന്നെ സിപിഐ എമ്മിനെതിരെ കള്ളക്കേസ് എടുക്കുകയായിരുന്നെന്ന് സാക്ഷ്യപ്പെടുത്തുന്നു – നിസ്സാരകാരണത്താല്‍ ഒരാളെ ഗൂഢാലോചനക്കുറ്റം ചുമത്തി കേസില്‍ പ്രതിയാക്കിയ നടപടി നിയമപരമായി ശരിയല്ല. ഇപ്പോഴും 16 പേര്‍ ജാമ്യം ലഭിക്കാതെ ജയിലിലാണ്. എളുപ്പം ജാമ്യം ലഭിക്കാതിരിക്കാന്‍ ഈ കേസില്‍ കുറ്റപത്രവും സമര്‍പ്പിച്ചു. എന്നാല്‍, ചിറ്റാരിപ്പറമ്പ് പ്രേമന്‍ കൊലക്കേസ് പ്രതികള്‍ ആര്‍ എസ്എസുകാര്‍ ആയതിനാല്‍ ജാമ്യം ലഭിക്കാന്‍ സര്‍ക്കാര്‍ വക്കീല്‍ എല്ലാ ഒത്താശയും ചെയ്തുകൊടുത്തു. കേസ് ദുര്‍ബലപ്പെടുത്തി ജാമ്യം ലഭ്യമാക്കാന്‍ കോണ്‍ഗ്രസ് സജീവമായി ഇടപെട്ടു. കോണ്‍ഗ്രസ്–ആര്‍ എസ് എസ് ബന്ധത്തിന്റെ ഉന്നതതല ഗൂഢാലോചനയാണ് ചിറ്റാരിപ്പറമ്പ, പൊയിലൂര്‍ കേസുകളിലെ ആര്‍ എസ് എസുകാരായ 19 പ്രതികള്‍ക്ക് ജാമ്യം കിട്ടാന്‍ സാഹചര്യം ഒരുക്കിയത്. ആര്‍എസ്എസുകാര്‍ പ്രതികളായ കേസുകളില്‍ യുഎപിഎ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയില്ലെങ്കില്‍ സിപിഐ എം കാര്‍ പ്രക്ഷോഭം നടത്തും അതുകൊണ്ടാണ് യുഎപിഎ വകുപ്പുകള്‍ ചേര്‍ത്തത് എന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ ആര്‍എസ്എസ് നേതൃത്വത്തെ ആശ്വസിപ്പിക്കാന്‍ പറഞ്ഞു. 2014 സെപ്തംബര്‍ ഒന്നിനുശേഷം നടന്ന ചിറ്റാരിപ്പറമ്പ്, പൊയിലൂര്‍ കൊലപാതകങ്ങളില്‍ ആര്‍എസ്എസ്–ബിജെപി ജില്ലാ–സംസ്ഥാന നേതൃത്വത്തിന്റെ അറിവും പങ്കും ഉണ്ട്. എന്നിട്ടും പൊയിലൂര്‍ കേസില്‍ ഗൂഢാലോചനക്കുറ്റം ചുമത്തിയില്ല. ചിറ്റാരിപ്പറമ്പ്് കേസില്‍ യഥാര്‍ഥ ഗൂഢാലോചനക്കാരായ ആര്‍എസ്എസ്–ബിജെപി ജില്ലാനേതൃത്വത്തെ പ്രതികളാക്കിയില്ല. ചിറ്റാരിപ്പറമ്പ് കേസില്‍ പൊലീസ് ചാര്‍ജ് ചെയ്ത ഗൂഢാലോചനക്കുറ്റം ജില്ലാനേതൃത്വത്തിലുള്ളവര്‍ക്കെതിരെയല്ല. കേസ് തേച്ച്മായ്ച്ച് കളയുന്ന ആര്‍എസ്എസ് അനുകൂലനിലപാട് തുടക്കംമുതല്‍ പൊലീസ് സ്വീകരിച്ചു.

ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് തയ്യാറാക്കുംമുമ്പുതന്നെ ക്രൈം രജിസ്റ്റര്‍ ചെയ്യണമെന്ന മാര്‍ഗരേഖ ചിറ്റാരിപ്പറമ്പ് പ്രേമന്‍ കേസില്‍ പൊലീസ് പാലിച്ചില്ല. പരിക്കുപറ്റി ആശുപത്രിയില്‍ കിടക്കുമ്പോള്‍ പ്രേമന്‍ പൊലീസിനോട് പ്രതികളുടെ പേര് പറഞ്ഞിരുന്നു. മരണമൊഴിയാണിത്. അത് പ്രകാരം എഫ്ഐആറില്‍ പ്രതികളുടെ പേര് ഉള്‍പ്പെടുത്തി. എന്നാല്‍, പ്രേമന്റെ മരണമൊഴിയില്‍ പറഞ്ഞ പ്രകാരമുള്ള എഫ്ഐആറിലെ പേരുകള്‍ പ്രതിപ്പട്ടികയില്‍ നിന്ന് പൂര്‍ണമായും ഒഴിവാക്കി. 9 പ്രതികളുള്ള ചിറ്റാരിപ്പറമ്പ് കേസില്‍ പ്രതിയായ പ്രജീഷിനെ 2015 ആഗസ്ത് നാലിന് സി ബിഐ അറസ്റ്റ്ചെയ്തു. എന്നാല്‍, 2015 ഒക്ടോബര്‍ ഏഴിന് ജാമ്യം ലഭിച്ചു. യുഎപിഎ കേസില്‍ രണ്ടുമാസത്തിനിടയില്‍ ജാമ്യം ലഭിച്ചത് നിയമവൃത്തങ്ങളില്‍ അമ്പരപ്പുളവാക്കി. കോടതിയില്‍ ആര്‍ എസ്എസുകാര്‍ക്ക് ജാമ്യം ലഭിക്കാനാവശ്യമായ സൌകര്യമൊരുക്കിയത് മുഖ്യമന്ത്രിയാണ്. സര്‍ക്കാര്‍ അഭിഭാഷകനായ ടി ആസഫലി ആര്‍എസ്എസുകാരുടെ ജാമ്യഹര്‍ജിയെ എതിര്‍ത്തില്ല. സമര്‍ഥമായി സിംഗിള്‍ ബെഞ്ച് ജഡ്ജിയുടെ മുമ്പാകെയാണ് ജാമ്യ ഹര്‍ജി സമര്‍പ്പിച്ചത്. സാധാരണ സെഷന്‍സ് കോടതി തള്ളിയാല്‍ ഡിവിഷന്‍ ബെഞ്ചിലാണ് അപ്പീല്‍ സമര്‍പ്പിക്കേണ്ടത് റിമാന്‍ഡ് നീട്ടാന്‍ കോടതിയില്‍ സര്‍ക്കാര്‍ അഭിഭാഷകന്റെ ഹര്‍ജി നല്‍കുകപോലുമുണ്ടായില്ല. കതിരൂര്‍ കേസില്‍ ചെയ്തത് പോലെ തുടരന്വേഷണത്തെക്കുറിച്ച് പറഞ്ഞില്ല. പ്രതികള്‍ക്ക് ജാമ്യം ലഭിക്കാന്‍വേണ്ടി ചിറ്റാരിപ്പറമ്പ്, പൊയിലൂര്‍ കേസുകളില്‍ കുറ്റപത്രം സമര്‍പ്പിച്ചില്ല. ഇതെല്ലാം കോണ്‍ഗ്രസ്–ബിജെപി ഒത്തുകളിയാണ്.

ചിറ്റാരിപ്പറമ്പ് പ്രേമന്റെ അമ്മയും പൊയിലൂര്‍ വിനോദിന്റെ ഭാര്യയും തങ്ങള്‍ക്ക് കേസ് നടത്തിപ്പിനായി സ്പെഷ്യല്‍ പബ്ളിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് സര്‍ക്കാരിന് അപേക്ഷ നല്‍കി. അതുപോലും പരിഗണിച്ചില്ല. ചിറ്റാരിപ്പറമ്പ്, പൊയിലൂര്‍ കേസുകളില്‍ പ്രതികളായ ഒരു ആര്‍എസ്എസുകാരനും യുഎപി എ വകുപ്പിലെ പരമാവധി റിമാന്‍ഡ് കാലമായ ആറുമാസം ജയിലില്‍ കിടക്കേണ്ടിവന്നിട്ടില്ല. എന്നാല്‍, കതിരൂര്‍ കേസില്‍ ഇപ്പോള്‍ ജാമ്യത്തിലിറങ്ങിയ മൂന്നുപേര്‍ 180 ദിവസം പൂര്‍ത്തിയാക്കിയതിന് ശേഷമാണ് ജാമ്യം ലഭിച്ചത്. പി ജയരാജനടക്കമുള്ള 16 പേര്‍ ജാമ്യാപേക്ഷ  സമര്‍പ്പിച്ചപ്പോള്‍ സര്‍ക്കാര്‍ വക്കീല്‍ ഉടന്‍ കോടതിയില്‍ എതിര്‍ത്തു. എന്നാല്‍, ആര്‍എസ്എസുകാര്‍ പ്രതികളായ യുഎപിഎ കേസുകളില്‍ ജാമ്യാപേക്ഷ കോടതിയില്‍ സമര്‍പ്പിച്ചപ്പോള്‍ സര്‍ക്കാര്‍ വക്കീല്‍ എതിര്‍ത്തില്ല. ഇത് നഗ്നമായ  ആര്‍ എസ്എസ്–കോണ്‍ഗ്രസ് ഒത്തുകളിയുടെ ഭാഗമാണ്.

നേതൃത്വത്തെ കേസുകളില്‍ പ്രതികളാക്കിയാല്‍ സമാധാനവും ശാന്തിയും ജില്ലയിലുണ്ടാക്കാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസും ബിജെപിയും പറയുന്നത്. അങ്ങനെയെങ്കില്‍ എന്തുകൊണ്ട് ചിറ്റാരിപ്പറമ്പ്, പൊയിലൂര്‍ കേസുകളില്‍ ആര്‍എസ്എസ്–ബിജെപി ജില്ലാനേതൃത്വത്തെ പ്രതികളാക്കിയില്ല. മുന്‍ ഡിസിസി പ്രസിഡന്റ് കെ സുധാകരന്‍, നാല്‍പ്പാടി വാസു, സേവറി നാണു കൊലക്കേസുകളില്‍ പ്രതിയായെങ്കിലും യുഡിഎഫ് ഭരണസ്വാധീനമുപയോഗിച്ച് രക്ഷപ്പെടുകയായിരുന്നു. ചുരുക്കത്തില്‍ യുഎപിഎ കേസുകളില്‍ നഗ്നമായ വിവേചനമാണ് സര്‍ക്കാരും പൊലീസും കാട്ടിയത്.

കോണ്‍ഗ്രസ്–ബിജെപി രാഷ്ട്രീയബന്ധത്തിന്റെ മറ്റൊരുദാഹരണമാണ് 505 ദിവസത്തെ അന്വേഷണത്തിന് ശേഷവും പി ജയരാജന്‍ പ്രതിയല്ലെന്ന് കോടതിയില്‍ പറഞ്ഞ സിബിഐ പിന്നെ എന്തുകൊണ്ട് 508–ാം ദിവസം പ്രതിയാണെന്ന റിപ്പോര്‍ട്ട് നല്‍കിയത്. അതിനുള്ള ഉത്തരമാണ് മാധ്യമങ്ങള്‍ പുറത്തുവിട്ട ആര്‍എസ്എസിന്റെ കത്ത്. കൂടാതെ മോഹന്‍ ഭാഗവത് പങ്കെടുത്ത് കണ്ണൂരില്‍ നടന്ന ആര്‍എസ്എസ് ബൈഠക്കിന്റെ തീരുമാനവും.

ആര്‍എസ്എസിന്റെ കത്തിലും പി ജയരാജന് ജാമ്യം നല്‍കരുതെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഫയല്‍ചെയത് സിബിഐ ഹര്‍ജിയിലും ഒരേ ഭാഷയും സ്വരവുമായിരുന്നു. കേരളത്തിലെ ആര്‍എസ്എസ് നേതാക്കളും ജന്മഭൂമി പത്രവും സിബിഐ അന്വേഷണം നേരായ വഴിയിലേക്ക് പോകണമെന്നാവശ്യപ്പെട്ടായിരുന്നു മോഹന്‍ ഭാഗവതിനും അമിത് ഷായ്ക്കും കത്ത് നല്‍കിയതെന്ന് സമ്മതിച്ചു. ‘ സിബിഐയെ ഉപയോഗിച്ചുള്ള ഈ രാഷ്ട്രീയക്കളിയെ തുടര്‍ന്ന് സിബിഐയുടെ വിശ്വാസ്യത തകര്‍ന്നു. കള്ളസാക്ഷികളും കള്ളമൊഴികളും ജയരാജനെതിരെ കൊണ്ടുവരേണ്ടിവന്നു. സിപിഐ എം പ്രവര്‍ത്തകര്‍ പാര്‍ടി വിട്ട് ആര്‍എസ്എസിലേക്ക് സ്വാഗതം ചെയ്യുന്ന പരിപാടി 2014 ആഗസ്ത് 25ന് തലശേരിയിലാണ് മനോജിന്റെ നേതൃത്വത്തില്‍ നടത്തിയതെന്ന് 2015 മാര്‍ച്ച് ഏഴിന് സിബിഐ ഡിവൈഎസ്പി ഒപ്പിട്ട് നല്‍കിയത് സിബിഐക്ക് തിരുത്തേണ്ടിവന്നു. പി ജയരാജനെ 25–ാം പ്രതിയാക്കിക്കൊണ്ട്  ഇതേ ഡിവൈഎസ്പി നല്‍കിയ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ 2014 ആഗസ്ത് 24ന് കണ്ണൂരിലാണ് പരിപാടി നടത്തിയതെന്ന് പറഞ്ഞു.

4 ആന്‍ജിയോപ്ളാസ്റ്റി കഴിഞ്ഞ പി ജയരാജന്റെ ആരോഗ്യനില ഗുരുതരമാണെന്ന് കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാരും ജയില്‍ ഡോക്ടറും സാക്ഷ്യപ്പെടുത്തിയതാണ്. പി ജയരാജന് ആവശ്യമായ വൈദ്യസഹായം ലഭ്യമാക്കണമെന്ന് കോടതി ജയില്‍ സുപ്രണ്ടിന് നിര്‍ദേശം നല്‍കിയതാണ്. കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് ജയില്‍ ഡോക്ടറും ജില്ലാ ആശുപത്രി ഡോക്ടര്‍മാരും പരിശോധിച്ചത്. ജില്ലാ ആശുപത്രിയിലും ജയില്‍ ആശുപത്രി ബ്ളോക്കിലും ഹൃദ്രോഗ വിദഗ്ധരില്ലാത്തതിനാലാണ് പരിയാരത്തേക്ക് മാറ്റിയത്. പരിയാരമാകട്ടെ ബഡ്ജറ്റിലൂടെ സര്‍ക്കാര്‍ ഏറ്റെടുത്തതായി പ്രഖ്യാപിച്ച മെഡിക്കല്‍ കോളേജുമാണ്. എന്നിട്ടും സിബിഐക്കും ആര്‍എസ്എസ് നേതാക്കള്‍ക്കും പി ജയരാജനെ പീഡിപ്പിക്കണമെന്നാണ് വാശി. ആര്‍എസ്എസ് പ്രേരണയാല്‍ സിബിഐ കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പി ജയരാജനെ ഫെബ്രുവരി 16 മുതല്‍ തങ്ങളുടെ ക്യാമ്പ് ഓഫീസില്‍ വച്ച് ചോദ്യംചെയ്യാന്‍ അനുവദിക്കണമെന്നാണ് ആവശ്യം. 1999ല്‍ വീട്ടില്‍ കയറി വെട്ടിനുറുക്കിയിട്ടും കലി അടങ്ങുന്നില്ല. ആശുപത്രിയില്‍വച്ച് ചോദ്യംചെയ്യാന്‍ സിബിഐ തയ്യാറല്ല. ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്യുന്നതുവരെ കാത്തിരിക്കാനുമാകില്ല. സിബിഐക്കോ അവരുടെ രാഷ്ട്രീയ യജമാനന്മാര്‍ക്കുമോ ഇതിനൊന്നും ഉത്തരമില്ല. കാരണം അവര്‍ക്കുവേണ്ടത് പി ജയരാജന്റെ രക്തമാണ്. അതുവഴി സിപിഐ എമ്മിനെ തകര്‍ക്കലുമാണ്. ഈ കുടിലനീക്കത്തെ അനുവദിക്കാനാകില്ല. പി ജയരാജന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളിക്കൊണ്ട് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഇപ്രകാരം പറയുന്നു: സിബിഐയുടെ ആരോപണത്തിന്റെ ശരിതെറ്റുകള്‍ ഇപ്പോള്‍ ഞങ്ങള്‍ പരിശോധിക്കുന്നില്ല.  ഈ ശരിതെറ്റുകള്‍ പരിശോധിച്ചാല്‍ പി ജയരാജനാണ് ശരിയെന്നും സിബിഐയും ആര്‍എസ്എസും അവരെ സഹായിക്കുന്ന കോണ്‍ഗ്രസുമാണ് തെറ്റെന്നും നമുക്ക് ബോധ്യമാകും.

*
എം വി ജയരാജന്‍ deshabhimani 150216

മോഡിരാജിന്റെ അപ്രഖ്യാപിത അടിയന്തരാവസ്ഥ

രാജ്യത്തിന്റെ അഭിമാനമായ ജെഎന്‍യു സര്‍വകലാശാലയില്‍നിന്ന് അടുത്തകാലത്ത് വരുന്ന വാര്‍ത്തകള്‍ ഒട്ടും ശുഭകരമല്ല. കേന്ദ്ര സര്‍ക്കാരിന്റെയും ആര്‍എസ്എസിന്റെയും നേതൃത്വത്തില്‍ സര്‍വകലാശാലയ്ക്കുള്ളില്‍ തുടങ്ങിയ അതിക്രമങ്ങള്‍ ഇപ്പോള്‍ സിപിഐ എം ഉള്‍പ്പെടെയുള്ള പുരോഗമന ജനാധിപത്യപ്രസ്ഥാനങ്ങള്‍ക്കുനേരെയുള്ള കടന്നാക്രമണമായി മാറിയിരിക്കുന്നു. സിപിഐ എം കേന്ദ്രകമ്മിറ്റി ഓഫീസിലേക്ക് ഇരച്ചുകയറിയ ആര്‍എസ്എസ് അക്രമികള്‍ പ്രധാന ബോര്‍ഡില്‍ 'പാകിസ്ഥാനി ഓഫീസ്' എന്ന് കരിഓയില്‍കൊണ്ട് എഴുതുന്ന അവസ്ഥയിലേക്ക് തലസ്ഥാനത്തെ ക്രമസമാധാനനില വഷളായിരിക്കുന്നു. ജെഎന്‍യുവിലെ വിദ്യാര്‍ഥികളെ രാജ്യദ്രോഹക്കുറ്റം ചുമത്തി അന്യായമായി അറസ്റ്റ് ചെയ്ത പൊലീസ് നടപടിക്കെതിരെ സിപിഐ എമ്മും ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉള്‍പ്പെടെയുള്ള നേതാക്കളും സ്വീകരിച്ച ശക്തമായ നടപടികളാണ് തീവ്ര ഹിന്ദുത്വശക്തികളെ വെകിളി പിടിപ്പിച്ചത്. 'ദേശസ്നേഹം തെമ്മാടികളുടെ അവസാന അഭയകേന്ദ്രമാണ്' എന്ന സാമുവല്‍ ജോണ്‍സന്റെ വാക്കുകളെ അന്വര്‍ഥമാക്കുന്ന രീതിയിലാണ് ആര്‍എസ്എസ്, ബിജെപി, എബിവിപി പ്രവര്‍ത്തകരുടെ അഴിഞ്ഞാട്ടം. കഴിഞ്ഞദിവസം ജെഎന്‍യുവിലെത്തിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ആനന്ദ്ശര്‍മയെ കരണത്തടിച്ചതും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ എസ്പിജി വാഹനവ്യൂഹം മണിക്കൂറുകളോളം തടഞ്ഞിട്ടതും ജെഎന്‍യുവിലെ ഇടത് വിദ്യാര്‍ഥിസംഘടനാ പ്രവര്‍ത്തകര്‍ക്കുനേരെയുള്ള വധഭീഷണികളും ഉള്‍പ്പെടെ ഗുണ്ടായിസത്തിന്റെ പാരമ്യത്തിലേക്ക് കാര്യങ്ങള്‍ നീങ്ങിയിട്ടും ആഭ്യന്തരമന്ത്രാലയവും പൊലീസും തെമ്മാടിക്കൂട്ടത്തിന് കുടപിടിക്കുന്ന സമീപനമാണ് കൈക്കൊള്ളുന്നത്. ജെഎന്‍യു സര്‍വകലാശാലയില്‍ ലഷ്കര്‍ ഇടപെടലുകളുണ്ടെന്ന പുതിയ കണ്ടുപിടിത്തമാണ് ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് കഴിഞ്ഞദിവസം നടത്തിയിരിക്കുന്നത്. ലഷ്കര്‍ തലവന്‍ ഹാഫിസ് സെയ്ദിന്റെ നേതൃത്വത്തിലാണ് ജെഎന്‍യുവില്‍ കാര്യങ്ങള്‍ നടക്കുന്നതെന്ന മന്ത്രിയുടെ പരാമര്‍ശം ബാലിശവും ജനാധിപത്യവിശ്വാസികളെ കൊഞ്ഞനം കുത്തുന്നതുമാണ്.

മോഡിഭരണത്തിനുകീഴില്‍ അടിയന്തരാവസ്ഥയെ അനുസ്മരിപ്പിക്കുന്ന കരിദിനങ്ങളിലൂടെയാണ് ജെഎന്‍യു സര്‍വകലാശാല ഉള്‍പ്പെടെ രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ കടന്നുപോകുന്നത്. എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയ നാള്‍മുതല്‍ രാജ്യത്തിന്റെ യശസ്സുയര്‍ത്തിയ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ കാവിവല്‍ക്കരണം നടപ്പാക്കുകയെന്ന അജന്‍ഡ രഹസ്യമായും പരസ്യമായും നടപ്പാക്കിക്കൊണ്ടിരിക്കുന്നു. ജവാഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ ചില വിദ്യാര്‍ഥികള്‍ അഫ്സല്‍ ഗുരുവിന്റെ ചരമവാര്‍ഷികം ആചരിച്ചെന്ന പേരില്‍ ഇടത് വിദ്യാര്‍ഥിസംഘടനകളുടെ നേതാക്കളെയും മറ്റും മുന്നറിയിപ്പില്ലാതെ അറസ്റ്റ് ചെയ്ത സംഭവം ഒരുതരത്തിലും ന്യായീകരിക്കാനാകില്ല. ഒരുകൂട്ടം വിദ്യാര്‍ഥികള്‍ നടത്തിയ പ്രകടനത്തിനിടയിലേക്ക് നുഴഞ്ഞുകയറിയ എബിവിപി പ്രവര്‍ത്തകരാണ് ദേശവിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയതെന്ന് സംശയത്തിന് ഇടയില്ലാതെ വ്യക്തമായിട്ടുണ്ട്. എന്നാല്‍, ചില രഹസ്യകേന്ദ്രങ്ങള്‍ അടിച്ചിറക്കുന്ന ഊഹാപോഹങ്ങളുടെയും കിംവദന്തികളുടെയും അടിസ്ഥാനത്തിലുള്ള ആഭ്യന്തരമന്ത്രാലയത്തിന്റെയും പൊലീസിന്റെയും ഇടപെടലുകള്‍ ആശങ്കാജനകമാണ്. പാതിരാത്രിയിലും മറ്റും ഹോസ്റ്റല്‍മുറികള്‍ റെയ്ഡ് ചെയ്ത് വിദ്യാര്‍ഥികളെ പൊലീസ് പിടിച്ചുകൊണ്ടുപോകുന്ന സംഭവങ്ങള്‍ രാജ്യത്ത് അടിയന്തരാവസ്ഥക്കാലത്താണ് നടന്നിട്ടുള്ളത്. രാജ്യസുരക്ഷയുടെ പേരില്‍ ദേശദ്രോഹികളെ മുഴുവന്‍ ഉന്മൂലനം ചെയ്യുകയെന്ന ന്യായമാണ് അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാഗാന്ധി സര്‍ക്കാര്‍ ഉന്നയിച്ച പ്രധാന വാദം. ഇപ്പോള്‍, മോഡിഭരണത്തിനുകീഴിലെ അപ്രഖ്യാപിത അടിയന്തരാവസ്ഥക്കാലത്ത് ഇതേനയംതന്നെ കൂടുതല്‍ ഭീഷണമായ രീതിയില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നു. നരേന്ദ്ര മോഡിയും രാജ്നാഥ്സിങ്ങും സ്മൃതി ഇറാനിയും മോഹന്‍ ഭാഗവതും മറ്റും നിശ്ചയിക്കുന്ന മാനദണ്ഡങ്ങള്‍പ്രകാരം ദേശസ്നേഹവും ദേശദ്രോഹവും അളക്കാന്‍ തുടങ്ങിയാല്‍, രാജ്യത്തെ ചിന്തിക്കുന്ന ജനവിഭാഗത്തെ മുഴുവന്‍ ഉള്‍ക്കൊള്ളാന്‍ പുതിയ ജയിലുകള്‍ തുറക്കേണ്ടിവരും.

ഹൈന്ദവഫാസിസത്തിന്റെ കടന്നാക്രമണങ്ങളെ പല്ലും നഖവും ഉപയോഗിച്ച് ചെറുത്ത പാരമ്പര്യമാണ് ജെഎന്‍യു ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ളത്. ഇടതുപക്ഷ ആശയങ്ങളില്‍ അടിയുറച്ചുനിന്ന് മതേതരത്വവും സാഹോദര്യവും സഹവര്‍ത്തിത്വവും ഊട്ടിയുറപ്പിക്കുന്നതില്‍ കാലാകാലങ്ങളായി ഈ വിദ്യാഭ്യാസ സ്ഥാപനം മുന്‍നിരയിലുണ്ട്. ഈ അര്‍ഥത്തില്‍ ജെഎന്‍യു തീവ്ര ഹിന്ദുത്വസംഘടനകളുടെ കണ്ണിലെ കരടാണ്. ഇവിടെ വര്‍ഗീയതയ്ക്കും വിഭാഗീയതയ്ക്കും വേരോട്ടം കിട്ടുമോയെന്ന അന്വേഷണം കേന്ദ്ര സര്‍ക്കാര്‍ തുടങ്ങിയിട്ട് ഏറെനാളായി. ബിജെപി നേതാവും വര്‍ഗീയവിദ്വേഷ പ്രചാരണങ്ങള്‍ക്ക് കുപ്രസിദ്ധനുമായ സുബ്രഹ്മണ്യന്‍ സ്വാമിയെ ജെഎന്‍യു വൈസ് ചാന്‍സലറാക്കാനുള്ള നീക്കം അതിന്റെ ഭാഗമായിരുന്നു. എന്നാല്‍,എസ്എഫ്ഐ ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥിസംഘടനകള്‍ ഈ നീക്കത്തെ ശക്തമായി പ്രതിരോധിച്ചു. സുബ്രഹ്മണ്യന്‍ സ്വാമിയെപ്പോലെയുള്ള വ്യക്തികളെ ക്യാമ്പസിന്റെ മണ്ണില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചു. തുടര്‍ന്ന് ഈ നീക്കം വേണ്ടെന്ന് വയ്ക്കുകയായിരുന്നു. എന്നാല്‍, ഇതേത്തുടര്‍ന്ന് ജെഎന്‍യു ഭീകരരുടെ ഒളിത്താവളമാണെന്ന രീതിയിലുള്ള കുപ്രചാരണങ്ങള്‍ ഹിന്ദുത്വശക്തികള്‍ അഴിച്ചുവിട്ടു. ജെഎന്‍യുവിലെ വിദ്യാര്‍ഥികളും അധ്യാപകരും ദേശദ്രോഹപ്രവര്‍ത്തനങ്ങള്‍ക്കും വിഭാഗീയതയ്ക്കുമുള്ള ആസൂത്രിതനീക്കങ്ങള്‍ നടത്തുന്നതായി ആര്‍എസ്എസ് മുഖമാസികയില്‍ ലേഖനം പ്രസിദ്ധീകരിച്ചു. ജെഎന്‍യുവില്‍ ഭീകരവിദ്യാര്‍ഥികളെ നേരിടാന്‍ പ്രത്യേക പൊലീസ് പോസ്റ്റ് സ്ഥാപിക്കണമെന്നുവരെ ചില ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. തങ്ങളുടെ വര്‍ഗീയ അജന്‍ഡയെ എതിര്‍ക്കുന്നവരെല്ലാം രാജ്യദ്രോഹികളാണെന്ന് മുദ്രകുത്തിയാല്‍ ഫാസിസ്റ്റ് ശക്തികള്‍ക്ക് കാര്യങ്ങള്‍ എളുപ്പമാണ്. രാജ്യദ്രോഹം ചെയ്തവരെ ഏത് പാതിരാത്രിയും അറസ്റ്റ് ചെയ്യാനും തോന്നുന്ന വകുപ്പുകള്‍ ചുമത്തി കേസെടുക്കാനും ആരോടും ചോദിക്കേണ്ടതില്ലെന്ന ന്യായമാണ് സര്‍ക്കാരും പൊലീസുമൊക്കെ തുറുപ്പുചീട്ടാക്കുന്നത്. ഇപ്പോള്‍, പല ദേശീയമാധ്യമങ്ങളിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും 'ജെഎന്‍യു അടച്ചുപൂട്ടണം' എന്ന പ്രചാരണം സംഘടിപ്പിക്കുന്നുണ്ട്. തങ്ങളുടെ പാര്‍ശ്വവര്‍ത്തികളായ മാധ്യമങ്ങളുടെയും സോഷ്യല്‍ മീഡിയയിലെ ഹൈന്ദവബ്രിഗേഡിന്റെയും സഹായത്തോടെ ഈ പ്രചാരണം ശക്തിപ്പെടുത്താനാണ് അവരുടെ നീക്കം.

ചെറിയ വിഭാഗം വിദ്യാര്‍ഥികള്‍ ചെയ്ത തെറ്റിന് ജെഎന്‍യുപോലെയുള്ള സര്‍വകലാശാല അടച്ചുപൂട്ടണമെന്ന വാദമുയര്‍ത്തുന്നത് പരിഹാസ്യമാണ്. രാജ്യദ്രോഹം ആരോപിച്ച് അറസ്റ്റ് ചെയ്തവരുടെ കൂട്ടത്തില്‍ ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് കന്നയ്യകുമാറുമുണ്ട്. ഇദ്ദേഹം എബിവിപിയെ തോല്‍പ്പിച്ചാണ് പ്രസിഡന്റാകുന്നത്. ഇതെല്ലാം കൂട്ടിവായിക്കുമ്പോള്‍ ജെഎന്‍യുവില്‍ നടന്നത് രാഷ്ട്രീയമുതലെടുപ്പിനുള്ള നീക്കങ്ങളാണെന്ന് വ്യക്തമാകും. ഹൈദരാബാദ് സര്‍വകലാശാലയില്‍ രോഹിത് വെമുലയെന്ന ദളിത് ഗവേഷകവിദ്യാര്‍ഥി കടുത്ത വിവേചനത്തെതുടര്‍ന്ന് ആത്മഹത്യ ചെയ്തപ്പോള്‍ ബിജെപി നേതാക്കള്‍ ഉന്നയിച്ച പ്രധാനപ്പെട്ട വാദഗതിയും അയാള്‍ രാജ്യദ്രോഹിയാണ് എന്നതാണ്. യാക്കൂബ് മേമന്റെ മരണശേഷം നടന്ന പ്രാര്‍ഥനച്ചടങ്ങില്‍ പങ്കെടുത്തു, ക്യാമ്പസില്‍ ബീഫ് ഫെസ്റ്റ് സംഘടിപ്പിച്ചു, മുസഫര്‍നഗര്‍ കലാപത്തെക്കുറിച്ചുള്ള ഡോക്യുമെന്ററി ക്യാമ്പസില്‍ കാണിച്ചു തുടങ്ങിയ നിസ്സാര സംഭവങ്ങള്‍ ഇതിനുള്ള തെളിവായി നിരത്തി. എന്നാല്‍, ആ വിദ്യാര്‍ഥിയുടെ മരണത്തില്‍ കേന്ദ്രമന്ത്രിമാര്‍ക്കുവരെ പങ്കുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പിന്നീട് പുറത്തുവന്നപ്പോള്‍ രോഹിത് വെമുല ദളിതനല്ലെന്നും രാജ്യദ്രോഹിയാണെന്നുമുള്ള പ്രചാരണം അഴിച്ചുവിടുന്നു. ചലച്ചിത്രമേഖലയിലെ പ്രതിഭാധനരായ നിരവധി കലാകാരന്മാരെ സംഭാവനചെയ്ത പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനായി ബിജെപി അവരുടെ ആശ്രിതനായ ഗജേന്ദ്രചൌഹാന്‍ എന്ന മൂന്നാംകിട സിനിമാതാരത്തെ നൂലില്‍ കെട്ടിയിറക്കിയപ്പോള്‍ അവിടത്തെ വിദ്യാര്‍ഥികള്‍ രാപ്പകല്‍ ഭേദമില്ലാതെ സമരംചെയ്തു. അപ്പോള്‍ അവരെല്ലാം രാജ്യദ്രോഹികളാണെന്ന് മുദ്രകുത്തി. ഇങ്ങനെ സ്വന്തം വരുതിക്ക് നില്‍ക്കാത്ത വിദ്യാര്‍ഥികള്‍ മുഴുവന്‍ രാജ്യദ്രോഹികളാണെന്ന് അടച്ചാക്ഷേപിച്ച് ജയിലിനുള്ളിലാക്കുകയാണ്. സമൂഹത്തില്‍ ഏറ്റവും ക്രിയാത്മകമായി പ്രതികരിക്കുന്ന വിദ്യാര്‍ഥിസമൂഹത്തിന് മുഴുവന്‍ കടിഞ്ഞാണിടാനാണ് സര്‍ക്കാര്‍നീക്കം. ക്യാമ്പസുകളില്‍ തങ്ങള്‍ക്ക് ശക്തരായ പ്രതിയോഗികളെന്ന് തോന്നുന്ന മറ്റ് വിദ്യാര്‍ഥിസംഘടനാ നേതാക്കളുടെ ലിസ്റ്റ് എബിവിപിക്കാരും ആര്‍എസ്എസ് ചിന്താഗതിക്കാരായ അധ്യാപകരും മുകളിലേക്ക് കൊടുക്കും. അതനുസരിച്ച്, എന്തെങ്കിലും ഒരു കാരണമുണ്ടാക്കി വിദ്യാര്‍ഥികളെ അടിച്ചമര്‍ത്തുന്ന തന്ത്രമാണ് പയറ്റുന്നത്. ഇതേത്തുടര്‍ന്ന് രാജ്യത്തെ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ വലിയ അരക്ഷിതാവസ്ഥ നിലനില്‍ക്കുന്നുണ്ട്. മോഡിയുടെ ഭരണത്തിനുകീഴില്‍ രാജ്യത്തെ വിദ്യാര്‍ഥികള്‍ക്ക് ജീവിക്കാന്‍ സാധിക്കാത്ത അവസ്ഥ വരുന്നുണ്ടെങ്കില്‍, അത് ശക്തമായി പ്രതിരോധിക്കേണ്ടതുണ്ട്.

*
deshabhimani editorial 150216

ലാൽസലാം, നീലസലാം, മാർക്സ് അംബേദ്കർ സിന്ദാബാദ്!

ജെ.എൻ.യു. വിദ്യാർഥിയൂണിയൻ നേതാവ് കനൈയ്യകുമാറിന്റെ(Kanhaiya Kumar) പ്രസംഗത്തിന്റെ മലയാളം പരിഭാഷ

ഹരിയാനയിലെ ഖട്ടർ സർക്കാർ, രക്തസാക്ഷി ഭഗത്‌സിംഗിന്റെ പേരിലുള്ള എയർപോർട്ടിന്റെ പേരുമാറ്റി ഒരു സംഘിയുടെ പേരു നൽകി. ഞങ്ങൾ പറയുന്നതിന്റെ അർത്ഥം ഇതാണു, ഞങ്ങൾക്ക് ദേശഭക്തിയുടെ സർട്ടിഫിക്കറ്റ് ആർ.എസ്.എസിൽ നിന്നും വേണ്ട. ഞങ്ങൾ ഈ രാജ്യത്തിന്റെ മക്കളാണ്, ഞങ്ങൾ ഈ മണ്ണിനെ സ്നേഹിക്കുന്നവരാണ്. ഈ രാജ്യത്തെ 80 ശതമാനം ദരിദ്രർ, അവരാണു ഞങ്ങൾ.

80 ശതമാനം വരുന്ന ഈ ദരിദ്ര ഇന്ത്യക്കാർക്കുവേണ്ടിയാണു ഞങ്ങൾ പോരാടുന്നത്. ഇതാണ് ഞങ്ങൾക്ക് ദേശഭക്തി. നമ്മുടെ രാജ്യത്തെ (ജനാധിപത്യ, നീതിന്യായ) വ്യവസ്ഥിതികളിൽ ഞങ്ങൾക്ക് ഉറച്ച വിശ്വാസമുണ്ട്. ധൈര്യത്തോടുകൂടെ തന്നെ ഞങ്ങൾ പറയുകയാണ്, ഈ രാജ്യത്തിന്റെ ഭരണഘടനക്കുനേരെ നേരെ വിരൽ ചൂണ്ടുന്നവരെ, അത് സംഘപരിവാറുകാരന്റെ കൈവിരലുകൾ ആയാലും മറ്റ് ആരുടേത് ആയാലും അതിനോടു പൊറുക്കുവാൻ ഞങ്ങൾ തയ്യാറല്ല. എന്നാൽ കാവിക്കൊടിയും നാഗ്പൂരിലെ പഠിപ്പിക്കലുമാണ് രാജ്യത്തിന്റെ ഭരണഘടന എന്നു പഠിപ്പിക്കുവാൻ വന്നാൽ ആ നീതിന്യായ വ്യവസ്ഥയിൽ ഞങ്ങൾക്ക് ഒരു വിശ്വാസവുമില്ല. ഞങ്ങൾക്കു മനുവാദത്തിൽ വിശ്വാസമില്ല. ഈ രാജ്യത്തിനകത്തുയരുന്ന ജാതിവാദത്തിൽ ഞങ്ങൾക്കു ഒരു വിശ്വാസവുമില്ല.

ആ ഭരണഘടന ബാബാ സാഹിബ് ഭീം റാവു അംബേകർ നീതിന്യായ വ്യവസ്ഥയെപ്പറ്റി സംസാരിക്കുന്ന ആ ഭരണഘടന; മരണശിക്ഷ അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി സംസാരിക്കുന്ന നീതിന്യായവ്യവസ്ഥ-സംസാര സ്വാതന്ത്രത്തെപ്പറ്റി പറയുന്ന ആ ഭരണഘടനയെ ഞങ്ങൾ ഉയർത്തിപ്പിടിക്കുന്നു. നമ്മുടെ മൗലികാവകാശങ്ങളെ, ഭരണഘടന ഉറപ്പുനൽകുന്ന പൗരാവകാശങ്ങളെ ഞങ്ങൾ ഉയർത്തിപിടിക്കുന്നു.

എന്നാൽ ഇതു വളരെ ദുഃഖകരമായ കാര്യമാണ്, ഇതു വളരെ മോശമായ കാര്യമാണ്. അതായത് എബിവിപി ഇന്ന് അവരുടെ മാധ്യമങ്ങളുടെ സഹായത്തോടുകൂടെ മുഴുവൻ വിഷയങ്ങളിലും ഗൂഢാലോചന നടത്തുകയാണ്. മുഴുവൻ വിഷയങ്ങളിലും വെള്ളം ചേർക്കുകയാണ്. ഇന്നലെ എ.ബി.വി.പിയുടെ ജോയിന്റ് സെക്രട്ടറി പറഞ്ഞു, നമ്മൾ ഫെലോഷിപ്പിനായിട്ടാണു ബഹളം വയ്ക്കുന്നത് എന്ന്. എത്ര ലജ്ജാകരമായ കാര്യമാണിത്. ഇവരുടെ സർക്കാർ മാഡം ‘മനു’സ്മൃതി ഇറാനി ഫെലോഷിപ്പുകൾ അവസാനിപ്പിക്കുകയാണ്. ഇവരുടെ സർക്കാർ ഉന്നതവിദ്യാഭ്യാസത്തിനുള്ള ബജറ്റിൽ 17% കുറവുവരുത്തി. അതുകൊണ്ടു കഴിഞ്ഞ 4 വർഷമായി നമ്മുടെ ഹോസ്റ്റൽ ശരിയായി പ്രവർത്തിക്കുന്നില്ല. കാമ്പസിൽ വൈഫൈ സൗകര്യങ്ങൾ ഇല്ല. വിദ്യാർഥികൾക്ക് ഒരു ബസ് നൽകിയത് ഓടിക്കുവാനായി ഇന്ധനം നിറക്കുവാനുള്ള പൈസ ഭരണകൂടത്തിന്റെ കൈവശമില്ല. എബിവിപിക്കാർ റോളറിനു മുന്നിൽ പോയി ദേവാനന്ദിനൊപ്പം നിന്നു ഫോട്ടോ എടുക്കുന്നതുപോലെ ഫോട്ടോ എടുത്തിട്ടു പറയുന്നു ഞങ്ങൾ ഹോസറ്റൽ നിർമ്മിക്കയാണ്, ഞങ്ങൾ വൈഫൈ കൊണ്ടുവരികയാണ്, ഞങ്ങൾ ഫെലോഷിപ്പ് വർദ്ധിപ്പിക്കയാണ് എന്നൊക്കെ.

സഖാക്കളേ, ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശകങ്ങളെപ്പറ്റി ചർച്ച നടന്നാൽ ഇവരുടെ മുഖംമൂടികൾ പൊളിക്കപ്പെടും. വിദ്യാർഥികളെ, സഖാക്കളെ, പൗരസ്വാതന്ത്ര്യങ്ങളെക്കുറിച്ചു സംസാരിക്കുവാൻ നമുക്കു ധൈര്യമുണ്ട്. അതെപ്പറ്റി സംവാദങ്ങളും ചർച്ചയും നടത്തുവാൻ, ചോദ്യങ്ങൾ ചോദിക്കുവാൻ തന്നെയാണ് നമ്മൾ തീരുമാനിച്ചിരിക്കുന്നത്.

ഒരു സ്വാമി ഉണ്ടല്ലോ, ആ സ്വാമി പറയുന്നത് ജെ.എൻ.യുവിൽ തീവ്രവാദികളാണ് താമസിക്കുന്നതെന്ന്. ജെ.എൻ.യു ആക്രമണം അഴിച്ചുവിടുന്നെന്ന്. ഞാൻ ജെ.എൻ.യുവിൽ നിന്നും ആർ.എസ്.എസിന്റെ ചിന്തകന്മാരെ വെല്ലുവിളിക്കയാണ്, ധൈര്യമുണ്ടെങ്കിൽ ഞങ്ങളോടു സംവാദത്തിനു തയ്യാറാകൂ. അക്രമം എന്ന വിഷയത്തെപ്പറ്റിത്തെന്നെ ചർച്ച ചെയ്യാം. അതൊടൊപ്പം ഞങ്ങൾ ഒരു ചോദ്യമുയർത്തുകയാണ് “രക്തം കൊണ്ടു തിലകക്കുറി, വെടിയുണ്ടകൊണ്ടു പൂജ” എന്ന എ.ബി.വി.പിയുടെ മുദ്രാവാക്യത്തെപ്പറ്റി. ഈ രാജ്യത്തു ആരുടെ രക്തം ഒഴുക്കുവാനാണ് നിങ്ങൾ ആഗ്രഹിക്കുന്നത്? നിങ്ങൾ വെടിയുണ്ട ഉതിർത്തിട്ടുണ്ട്, ബ്രിട്ടീഷുകാരനൊപ്പം ചേർന്ന് ഈ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയവർക്കു നേരെ നിങ്ങൾ വെടിയുണ്ട ഉതിർത്തിട്ടുണ്ട്. ഈ രാജ്യത്തിനകത്ത് ദരിദ്രൻ അവന്റെ റോട്ടിയെപ്പറ്റി സംസാരിക്കുമ്പോൾ, പട്ടിണികൊണ്ടു മരിക്കുന്ന മനുഷ്യൻ തന്റെ അവകാശങ്ങളെപ്പറ്റി സംസാരിക്കുമ്പോൾ, നിങ്ങൾ അവർക്കുനേരെ വെടിയുണ്ട ഉതിർക്കുന്നവരാണ്. ഈ രാജ്യത്തു മുസ്ലിങ്ങൾക്കു നേരെ നിങ്ങൾ വെടിയുണ്ട ഉതിർത്തിട്ടുണ്ട്. സ്ത്രീകൾ തങ്ങളുടെ അവകാശങ്ങളെപ്പറ്റി സംസാരിക്കുമ്പോൾ നിങ്ങൾ പറയുന്നു അഞ്ച് വിരലുകളും ഒരു പോലെ അല്ല എന്ന്. സ്ത്രീകൾ സീതയെപ്പോലെ ജീവിക്കണം, സീതയെ പോലെ അഗ്നിപരീക്ഷണം നേരിടണം എന്നൊക്കെ. ഈ രാജ്യത്തു ജനാധിപത്യമാണ് നിലനിൽക്കുന്നത്.  ജനാധിപത്യം എല്ലാവർക്കും തുല്യതയാണ് ഉറപ്പുനൽകുന്നത്. അത് വിദ്യാർഥിയാകട്ടെ, തൊഴിലാളിയാകട്ടെ, ദരിദ്രനോ, കൂലിപ്പണിക്കാരനോ, കർഷകനോ അനാഥനോ ഒന്നുമില്ലാത്തവനോ ആകട്ടെ അവർക്ക് എല്ലാവർക്കും അർഹമായ സമത്വത്തെയാണ് ജനാധിപത്യം വാഗ്ദാനം ചെയ്യുന്നത്. ഭരണഘടന ഉറപ്പുനൽകുന്ന ആ തുല്യതയിൽ സ്ത്രീകളുടെ അവകാശത്തെപ്പറ്റി നമ്മൾ പറയുമ്പോൾ നിങ്ങൾ പറയുന്നത് ഭാരതീയ സംസ്കാരത്തെ നശിപ്പിക്കുവാനാണു ഞങ്ങൾ ശ്രമിക്കുന്നതെന്നാണ്.

ചൂഷണത്തിന്റെ സംസ്കാരത്തെ, ജാതിവാദത്തിന്റെ സംസ്കാരത്തെ, മനുവാദത്തിന്റെ സംസ്കാരത്തെ ഇല്ലായ്മചെയ്യുവാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. എപ്പോഴാണ് ഇവർക്കു പ്രശ്നം ഉണ്ടാകുന്നത്? ഈ രാജ്യത്തെ ജനങ്ങൾ ജനാധിപത്യത്തെപറ്റി സംസാരിക്കുമ്പോഴാണ് ഇവർക്കു പ്രശ്നമുണ്ടാകുന്നത്. ജനങ്ങൾ ലാൽസലാമിനൊപ്പം നീലസലാം  ഉയർത്തുമ്പോൾ, മാർക്സിന്റെ പേരിനൊപ്പം ബാബാ സാഹിബ് ഭീം റാവു അംബേദ്കറുടെ പേരും ഉയർത്തുമ്പോൾ..... (കൈയ്യടി) അപ്പോഴാണ്‌ ഇവർക്ക് ഉദരവേദന ഉണ്ടാകുന്നത്.  ബ്രിട്ടീഷുകാരന്റെ ചെരുപ്പുനക്കികളാണ് ഇവർ. എന്റെ പേരിൽ മാനനഷ്ടകേസ് ചാർജ് ചെയ്യൂ. ഞാൻ പറയുന്നു ആർ.എസ്.എസിന്റെ ചരിത്രം ബ്രിട്ടീഷ് ഭരണത്തിനൊപ്പമായിരുന്നു എന്ന്.  രാജ്യദ്രോഹികൾ ഇന്ന് ദേശഭക്തിയുടെ സർട്ടിഫിക്കറ്റ് വിതരണക്കാരാകുന്നു.

(മൊബൈൽ ഫോൺ ഉയർത്തികാട്ടുന്നു) സഖാക്കളെ എന്റെ മൊബൈൽ ഫോൺ പരിശോധിച്ചാൽ എന്റെ അമ്മക്കും പെങ്ങൾക്കും നേരെ ഇവർ വിളിക്കുന്ന അസഭ്യവർഷങ്ങളാൽ നിറഞ്ഞിരിക്കയാണെന്ന് കാണാം. നിങ്ങൾ പറയുന്ന ഭാരതമാതാവിൽ എന്റെ അമ്മക്കു സ്ഥാനമില്ലെങ്കിൽ പിന്നെ ഏതു ഭാരതമാതാവിന്റെ കാര്യമാണു പറയുന്നത്? എനിക്ക് അംഗീകരിക്കുവാൻ കഴിയില്ല ഇത്തരം ഭാരതമാതാവിന്റെ ആശയം. രാജ്യത്തെ സ്ത്രീകൾ ദരിദ്രരും, കൂലിപ്പണിക്കാരുമാണ്. എന്റെ അമ്മ അങ്കൺവാടി ജീവനക്കാരിയാണ്. 3000 രൂപകൊണ്ടാണു ഞങ്ങളുടെ കുടുംബം ജീവിക്കുന്നത്. ആ അമ്മക്ക് എതിരെയാണു ഇവർ അസഭ്യവർഷം നടത്തുന്നത്. (കൈയ്യടി)

ഈ ദേശത്തെയോർത്ത് എനിക്കു ലജ്ജ തോന്നുന്നു. ഈ രാജ്യത്തിനകത്തെ ദളിത്, കർഷക, തൊഴിലാളികളുടെ അമ്മാമാരൊന്നും ഭാരതമാതാവിന്റെ കൂട്ടത്തിൽ ഇല്ല. വിളിക്കൂ ഭാരതത്തിലെ എല്ലാ മാതാവിനും ജയ്, എല്ലാ പിതാവിനും ജയ്, എല്ലാ പെങ്ങന്മാർക്കും ജയ്, കർഷകനും, കർഷകതൊഴിലാളിക്കും, ആദിവാസിക്കും ജയ്. ധൈര്യമുണ്ടെങ്കിൽ വിളിക്കൂ, ഇങ്കിലാബ് സിന്ദാബാദ്. വിളിക്കൂ ഭഗത് സിംഗ് സിന്ദാബാദ്, വിളിക്കൂ സുഖ്ദേവ് സിന്ദാബാദ് ബാബാസാഹിബ് സിന്ദാബാദ്. നിങ്ങൾ ബാബാസാഹിബിന്റെ 125ആം ജന്മദിനം ആഘോഷിക്കുന്ന നാടകം നടത്തുന്നു. നിങ്ങൾക്കു ധൈര്യമുണ്ടെങ്കിൽ ബാബാ സാഹിബ് അംബേദ്കർ ഉയർത്തിയതുപോലുള്ള ചോദ്യങ്ങൾ ഉയർത്തൂ. ഈ രാജ്യത്തിനകത്തെ ഏറ്റവും വലിയ പ്രശ്നമാണു ജാതിവാദം. അതെപ്പറ്റി ചിന്തിക്കൂ. സ്വകാര്യ മേഖലയിലും സംവരണം കൊണ്ടുവരൂ.

ഒരു രാജ്യം നിർമ്മിക്കപ്പെടുന്നത് ജനങ്ങളുടെ ക്ഷേമത്തിലൂടെയാണ്. ദേശത്തിന്റെ ഭാവി നിർണ്ണയിക്കുന്നതിൽ ജനങ്ങൾക്കു പങ്കില്ല, ദരിദ്ര കർഷകതൊഴിലാളികൾക്കു സ്ഥാനമില്ല. രാജ്യത്തിനകത്തും സ്ഥലമില്ല. ഇന്നലെ ടിവി ഡിബേറ്റിൽ ഈ കാര്യം ഞാൻ പറഞ്ഞിരുന്നു ദീപക് ചൗരസ്യജിയോട്. (അടുത്തുനിന്നും മുദ്രാവാക്യം വിളികളുടെ ശബ്ദം കേൾക്കുന്നു)

ചൗരസ്യജി പറഞ്ഞത്, ഇതു പ്രതിസന്ധിയുടെ സമയമാണ് എന്നാണ്. രാജ്യത്ത് ഈ രീതിയിൽ ബഹളവും കലാപവും വരികയാണെങ്കിൽ മാധ്യമങ്ങളും സുരക്ഷിതമായിരിക്കില്ല. മാധ്യമങ്ങൾക്കു വേണ്ടി സ്ക്രിപ്റ്റ് എഴുതി സംഘി ഓഫീസിൽ നിന്നും വരും. ഇന്ദിരാഗാന്ധിയുടെ സമയത്ത് കോൺഗ്രസ്സ് ഓഫീസിൽ നിന്ന് മാധ്യമങ്ങൾക്ക് ആവശ്യമായ സ്ക്രിപ്റ്റ് എഴുതിക്കൊണ്ടുവന്നിരുന്നു എന്നത് മറക്കരുത്.  ചില മാധ്യമപ്രവർത്തകർ പറയുന്നത് ജെ.എൻ.യു നികുതിപ്പണം കൊണ്ടാണു പ്രവൃത്തിക്കുന്നത് എന്നാണ്. നഗരത്തിന്റെ പൈസ കൊണ്ടാണു  ജെ.എൻ.യു പ്രവൃത്തിക്കുന്നത് എന്ന്. സത്യമാണ്, നികുതിപ്പണം കൊണ്ടാണ്, നഗരത്തിന്റെ പണം കൊണ്ടാണ് ജെ.എൻ.യു പ്രവർത്തിക്കുന്നത്. എന്നാൽ ഞാൻ ചോദിക്കയാണ്, യൂണിവേഴ്സിറ്റി ആർക്കു വേണ്ടിയാണ്? യൂണിവേഴ്സിറ്റി എന്നത് സമൂഹത്തിനുള്ളിലെ പൊതുബോധത്തിന്റെ വിമർശനാത്മക വിശകലനം നടത്താനുള്ളതാണ്. . ഈ കാര്യത്തിൽ യൂണിവേഴ്സിറ്റി പരാജയപ്പെടുകയാണെങ്കിൽ ഒരു രാജ്യനിർമ്മിതിയും നടപ്പിലാവില്ല. രാജ്യകാര്യങ്ങളിൽ ആരും ഭാഗഭാക്കാകില്ല.

രാജ്യത്തെ ജനങ്ങളുടെ സംസ്കാരവും, വിശ്വാസങ്ങളും, അവകാശങ്ങളും എല്ലാം ഉൾക്കൊള്ളുവാൻ തയ്യാറാകുന്നിലെങ്കിൽ രാജ്യനിർമ്മാണം അസാധ്യമാണ്. ഞങ്ങൾ രാജ്യത്തിനൊപ്പം എല്ലാരീതിയിലും നിലകൊള്ളുകയാണ്. അതൊടൊപ്പം ഭഗത്സിംഗും, ബാബാ സാഹേബ് അംബേദ്കറും കണ്ട ആ സ്വപ്നത്തോടൊപ്പവും നമ്മൾ നിലകൊള്ളുന്നു. എല്ലാവർക്കും തുല്യാവകാശത്തിനുവേണ്ടിയുള്ള ആ സ്വപ്നത്തോടൊപ്പം നിലകൊള്ളുന്നു. എല്ലാവർക്കും ജീവിക്കുവാനുള്ള അവകാശം നൽകുക എന്ന സ്വപ്നത്തോടൊപ്പം നമ്മൾ നിലകൊള്ളുന്നു. എല്ലാവർക്കും ആഹാരം എന്ന സ്വപ്നത്തോടൊപ്പം നമ്മൾ നിലകൊള്ളുന്നു. ഈ സ്വപ്നത്തോടൊപ്പം നിലകൊള്ളുവാൻ രോഹിത് തന്റെ ജീവൻ വിലയായി നൽകി. എന്നാൽ സംഘികളോടു ഞാൻ പറയുവാൻ ആഗ്രഹിക്കുന്നു, നിങ്ങളുടെ സർക്കാരിനു മേൽ ഇത്ര വിശ്വാസമുണ്ടെങ്കിൽ- കേന്ദ്രസർക്കാരിനോടു എന്റെ താക്കീതാണ്- രോഹിതിനൊപ്പം എന്തൊക്കെ നടന്നുവോ അതു ജെ.എൻ.യുവിൽ നടക്കുവാൻ ഞങ്ങളനുവദിക്കയില്ല.

പാക്കിസ്ഥാന്റെയോ ബംഗ്ലാദേശിന്റെയോ കാര്യമല്ല ഞങ്ങൾക്ക് പറയാനുള്ളത്. ലോകം മുഴുവനുള്ള ദരിദ്രരും ഒന്നാണ്. ലോകം മുഴുവനുള്ള മർദ്ദിതരും പീഡിതരും ഒന്നാണ്. ലോകം മുഴുവനുള്ള  മാനവതാവാദത്തിനൊപ്പം ഞങ്ങൾ നിലകൊള്ളുന്നു. ഭാരതത്തിലെ മാനവതക്കു സിന്ദാബാദ്. ഇന്ന് ഇവിടെ നമുക്ക് മുൻപിലുള്ള എറ്റവും വലിയ ചോദ്യം ആ വലിയ തിരിച്ചറിവിനെ കൂടുതൽ മുന്നോട്ടുകൊണ്ടുപോകുന്നതിനെ പറ്റിയാണ്. ജാതിവാദത്തിന്റെയും മനുവാദത്തിന്റെയും ആ മുഖം;  ബ്രാഹണിസത്തിന്റെയും അസഹിഷ്ണുതയുടെയും ആ കൂടിച്ചേരലിനെ നമുക്കു തുറന്നുകാട്ടേണ്ടതായിട്ടുണ്ട്.

യഥാർത്ഥ ജനാധിപത്യം, യഥാർത്ഥ സ്വാതന്ത്ര്യം, എല്ലാവരുടെയും സ്വാതന്ത്ര്യം ഈ രാജ്യത്തു നമുക്ക് സ്ഥാപിക്കേണ്ടിയിരിക്കുന്നു. ആ സ്വാതന്ത്ര്യം ഭരണഘടനയിലൂടെ, പാർലമെന്റിലൂടെ, ജനാധിപത്യത്തിലൂടെ വരും. അതുകൊണ്ട് നമ്മൾ പറയുവാൻ ആഗ്രഹിക്കുകയാണ്, എല്ലാ വിയോജിപ്പുകളും നിലനിർത്തിക്കൊണ്ടുതന്നെ, നമ്മുടെ സംസാരസ്വാതന്ത്രത്തിനായി, നമ്മുടെ ഭരണഘടനക്കായി, നമ്മുടെ ദേശത്തിനായി, അതിന്റെ ഐക്യത്തിനായി നമ്മളൊറ്റക്കെട്ടായി നിലകൊള്ളും. രാജ്യത്തെ തകർക്കുന്ന ശക്തികളോട് തീവ്രവാദത്തെ നട്ടുവളർത്തുന്ന ആളുകളോട് ഒരു ചോദ്യം, അവസാന ചോദ്യം ചോദിച്ചുകൊണ്ട് ഞാൻ എന്റെ വാക്കുകൾ അവസാനിപ്പിക്കുന്നു.

ആരാണു കസബ്? ആരാണു അഫ്സൽ ഗുരു? ആരാണു ഈ മനുഷ്യർ?

ഇന്ന് തങ്ങളുടെ ശരീരത്തിൽ ബോംബുവച്ചുകെട്ടി കൊല്ലുവാൻ തയ്യാറായി ഇറങ്ങുന്ന അവസ്ഥയിൽ എത്തിച്ച സാഹചര്യം എന്താണ്? അന്വേഷണത്തിൽ ഈ ചോദ്യം ഉയരുന്നില്ലെങ്കിൽ ഈ അന്വേഷണങ്ങൾ കൊണ്ട് എന്തെങ്കിലും പ്രയോജനമുള്ളതായി എനിക്കു തോന്നുന്നില്ല. നമ്മൾ ഹിംസയെ നിർവ്വചിക്കുന്നില്ലെങ്കിൽ എങ്ങനെ ഹിംസയെ തടയുവാൻ കഴിയും? ഒരാളെ തോക്കുയർത്തി കൊല്ലുന്നതിൽ മാത്രമല്ല ഹിംസയുള്ളത്. ഭരണകൂടം ദളിതർക്ക് അധികാരം നൽകാതിരിക്കുന്നതിലും ഹിംസയാണുള്ളത്. ആ അധികാരം നൽകുന്നത് ജെ.എൻ.യു ഭരണകൂടം നിഷേധിക്കയാണ്; അത് ഇൻസ്റ്റിറ്റ്യൂഷണൽ വയലൻസ് ആണ്.

നീതിയെപ്പറ്റി പറയാം. എന്താണ് നീതി എന്ന് ആരാണ് തീരുമാനിക്കുന്നത്? ബ്രാമണജാതിവ്യവസ്ഥ നിലനിന്ന കാലത്ത് ദളിതർക്കു ക്ഷേത്രങ്ങളിൽ പ്രവേശനം നിഷിദ്ധമായിരുന്നു. അന്ന് അതായിരുന്നു നീതി വ്യവസ്ഥ. ഇംഗ്ലീഷുകാർ ഭരിക്കുമ്പോൾ പട്ടിക്കും ഇന്ത്യാകാർക്കും റെസ്റ്ററന്റിൽ പോകുവാൻ അവകാശമില്ലായിരുന്നു. ഇതായിരുന്നു അന്നത്തെ നീതി. ഈ നിതിവ്യവസ്ഥയെയാണു നമ്മൾ വെല്ലുവിളിച്ചത്. ഇന്നും എബിവിപിയുടെയും ആർ.എസ്.എസ്ന്റെയും നീതിവ്യവസ്ഥയെ നമ്മൾ വെല്ലുവിളിക്കുന്നു. നിങ്ങളുടെ നീതിയെ ഞങ്ങൾ അംഗീകരിക്കുന്നില്ല. നിങ്ങൾ സ്വാതന്ത്ര്യം എന്നുപറയുന്നതിനെയും ഞങ്ങൾ അംഗീകരിക്കുന്നില്ല. എല്ലാ മനുഷ്യർക്കും അവന്റെ ഭരണഘടനാ അവകാശം കിട്ടുന്ന ദിവസം മാത്രമേ ഞങ്ങൾക്ക് സ്വാതന്ത്ര്യത്തെ അംഗീകരിക്കാനാവൂ. ഭരണഘടന അനുശാസിക്കുന്ന തുല്യനീതി രാജ്യത്തെ എല്ലാ മനുഷ്യർക്കും കിട്ടുന്ന ആ ദിവസം ഞങ്ങൾ ഈ  നീതിന്യായവ്യവസ്ഥയെ പൂർണ്ണമായി അംഗീകരിക്കാം.

ജെ.എൻ.യു സ്റ്റുഡൻസ് യൂണിയൻ ഒരു രീതിയിലുമുള്ള തീവ്രവാദിയെയും, ഒരു രീതിയിലുമുള്ള തീവ്രവാദ വിഷയത്തെയും, ഒരു രീതിയിലുമുള്ള രാജ്യവിരുദ്ധമായ പ്രവർത്തനത്തെയും പിന്തുണക്കുന്നില്ല. ഞാൻ ഒരു പ്രാവശ്യം കൂടെ പറയുകയാണ്, കുറെ തിരിച്ചറിയാൻ കഴിയാത്ത ആളുകൾ പാകിസ്ഥാൻ സിന്ദാബാദ് എന്ന മുദ്രാവാക്യം വിളിച്ചതിനെ ജെ.എൻ.യു സ്റ്റുഡൻസ് യൂണിയൻ ശക്തമായ ഭാഷയിൽ എതിർക്കുന്നു. അതോടൊപ്പം ഒരു ചോദ്യവും ഉയരുന്നു. ചോദ്യം ജെ.എൻ.എയു അഡ്മിനിസ്ട്രേഷനോടും എബിവിപിയോടുമാണ്. ഈ കാമ്പസിൽ ആയിരക്കണക്കിനു തരത്തിലുള്ള കാര്യങ്ങൾ നടക്കാറുണ്ട്. ഇപ്പോൾ നിങ്ങൾ എബിവിപിയുടെ മുദ്രാവാക്യങ്ങൾ ശ്രദ്ധിച്ചു കേൾക്കൂ. അവർ മുദ്രാവാക്യം വിളിക്കുന്നു “കമ്യൂണിസ്റ്റ് പട്ടികൾ”, “തീവ്രവാദികളുടെ സന്താനങ്ങളെ” എന്നൊക്കെ.

എനിക്ക് അറിഞ്ഞുകൂടാ ഈ ഭരണകൂടം നമുക്ക് പൌരനായി ജീവിക്കാനുള്ള അവകാശം നൽകിയിട്ടുണ്ടോ എന്ന്. എന്റെ പിതാവിനെ പട്ടി എന്നുവിളിക്കുന്നത് ഭരണകൂടത്തിന്റെ അധികാരങ്ങളുടെ ലംഘനമാണോ അല്ലയോ എന്ന് എനിക്ക് അറിഞ്ഞുകൂടാ. ഈ ചോദ്യം ഞാൻ എ.ബി.വി.പിയോടു ചോദിക്കുകയാണ്. ജെ.എൻ.യു അഡ്മിനിസ്ട്രേഷനോടു കൂടി ഒരു ചോദ്യം ചോദിക്കുവാൻ ആഗ്രഹിക്കുകയാണ്. നിങ്ങൾ ആർക്കുവേണ്ടിയാണു പണിയെടുക്കുന്നത്? ആർക്കൊപ്പമാണു തൊഴിൽ ചെയ്യുന്നത്? ആരുടെ ഉത്തരവുപ്രകാരമാണു തൊഴിൽ ചെയ്യുന്നത്?

ഈ കാര്യം ഇന്ന് സുവ്യക്തമായിരിക്കയാണ്. ജെ.എൻ.യു അഡ്മിനിസ്ട്രേഷൻ ആദ്യം അനുമതി നൽകും. പിന്നീട് നാഗ്പൂരിൽ നിന്നും ഫോൺ വരുന്നമുറക്ക് നൽകിയ അനുമതികൾ തിരിച്ചെടുക്കും. ഈ അനുമതി തരുന്നതും തിരിച്ചെടുക്കുന്നതുമായ രീതി ഫെലോഷിപ്പുകൾ തരുന്നതും തിരികെ എടുക്കുന്നതുമായ രീതിക്കു സമാനമായി മാറുകയാണ്. ആദ്യം ഫെലോഷിപ്പ് നൽകുവാനുള്ള ഉത്തരവ് ഇറങ്ങും. പിന്നീട് കേൾക്കാം ഫെലോഷിപ്പ് തീർന്നുപോയെന്ന്. ഇത് സംഘി രീതിയാണ്. ആർ.എസ്.എസിന്റെയും എ.ബി.വി.പിയുടെയും രീതിയാണിത്. ഈ രീതിയിലാണ് ഇവർ രാജ്യഭരണം നടത്തുവാൻ ആഗ്രഹിക്കുന്നത്. ഈ രീതിയിലാണ് ഇവർ ജെ.എൻ.യു അഡ്മിനിസ്ട്രേഷനെ മുന്നോട്ടുകൊണ്ടുപോകുവാൻ ആഗ്രഹിക്കുന്നത്. ജെ.എൻ.യുവിന്റെ വൈസ്‌ചാൻസ്‌ലറോടു ഞങ്ങളുടെ ചോദ്യമാണ്. ജെ.എൻ.യുവിൽ പോസ്റ്റർ ഒട്ടിച്ചിരുന്നു, മെസിൽ കത്ത് വന്നിരുന്നു, അങ്ങനെ എന്തെങ്കിലും കുഴപ്പം ഉണ്ടായിരുന്നെങ്കിൽ ജെ.എൻ.യു അഡ്മിനിസ്ട്രേഷൻ ആദ്യം അനുമതി നൽകരുതായിരുന്നു. നൽകിയ പെർമിഷൻ ആരുടെ ഉത്തരവുപ്രകാരമാണു കാൻസൽ ചെയ്തത്? ഈ കാര്യം ജെ.എൻ.യു അഡ്മിനിസ്ട്രേഷൻ വ്യക്തമാക്കേണ്ടിയിരിക്കുന്നു.

(ആക്രോശം മുഴക്കുന്ന എബിവിപിക്കാരെ നോക്കി)

അതോടൊപ്പം ഈ മനുഷ്യരുണ്ടല്ലോ അവരുടെ സത്യസന്ധത മനസ്സിലാക്കുക. ഇവരോടു വിദ്വേഷം വേണ്ട. കാരണം ഞങ്ങൾ വെറുക്കുവാൻ പഠിച്ചിട്ടില്ല. ഇവരെ ഓർത്ത് എനിക്ക് വലിയ സഹതാപം ഉണ്ട്. ഇവർ അർമാദിക്കയാണ്. എന്തുകൊണ്ട്? ഇവർക്കു തോന്നുന്നത് ഗജേന്ദ്ര ചൗഹാനെ ഇരുത്തിയതുപോലെ എല്ലാ സ്ഥലത്തും ചൗഹാൻ, ദിവാൻ, ‘ഫർമാൻ’ അങ്ങനെ ആളുകളെ വയ്ക്കാം എന്നാണ്. ഈ ചൗഹാൻ, ദിവാൻ, ‘ഫർമാൻ’ എല്ലാ സ്ഥലത്തും തൊഴിൽ ചെയ്തുകൊണ്ടിരുന്നുകൊള്ളും.  അതുകൊണ്ട് ഇവർ ഉച്ചത്തിൽ ഭാരത് മാതാകി ജയ് എന്ന് ആക്രോശിക്കുമ്പോൾ നിങ്ങൾ മനസ്സിലാക്കികൊള്ളൂ. മറ്റന്നാൾ ഇവരുടെ ഇന്റർവ്യൂ ഉണ്ടാകും. തൊഴിൽ കിട്ടിയാലുടൻ ദേശഭക്തി പിന്നിൽ കൂടെ ഒലിച്ചുപോകും. തൊഴിൽ കിട്ടിയാൽ പിന്നെ ഭാരത് മാതാവിനെ തിരിഞ്ഞുനോക്കില്ല. തൊഴിൽ കിട്ടിയാൽ പിന്നെ ത്രിവർണ്ണ പതാകയെ ഒരിക്കൽ പോലും ഇവർ അംഗീകരിക്കില്ല. ബിജെപ്പിയുടെ പതാക പോലും ഉയർത്തില്ല. ഞാൻ ചോദിക്കുകയാണ്, ഇതു എന്തുതരം ദേശഭക്തിയാണിത്? ഒരു ഉടമസ്ഥൻ തന്റെ വേലക്കാരനോടു ശരിയായ രീതിയിൽ പെരുമാറിയില്ലെങ്കിൽ, കർഷകൻ തന്റെ തൊഴിലാളിയോടു ശരിയായ രീതിയിൽ പെരുമാറിയില്ലെങ്കിൽ, ബിസിനസ്സുകാരൻ തന്റെ തൊഴിലാളിയോടു ശരിയായ രീതിയിൽ പെരുമാറിയില്ലെങ്കിൽ ഈ വിവിധ ചാനലുകളിലെ ആളുകൾ - മാധ്യമപ്രവർത്തകർ - പതിനയ്യായിരം രൂപക്കു തൊഴിൽ ചെയ്യുന്ന അവർക്ക് ഒരു സി.ഇ.ഒ ഉണ്ട്, അദ്ദേഹം  ഇവരോടു ശരിയായ രീതിയിൽ പെരുമാറിയില്ലെങ്കിൽ ഇവരുടെ ദേശഭക്തി എങ്ങനെയുള്ളതാണ്? ഭാരതവും പാകിസ്ഥാനുമായുള്ള കളിക്കുമുന്നിൽ തീരുന്ന ദേശഭക്തി! അതുകൊണ്ടാണ് റോഡിൽ ഇറങ്ങുമ്പോൾ വഴിവക്കിലെ പഴം വില്പനക്കാരനോടു തെമ്മാടിത്തരം പറയുന്നത്. പഴക്കച്ചവടക്കാരൻ പറയും സാഹബ് 40 രൂപ വില. അപ്പോളിവർ പറയും “ഫ!! നിങ്ങൾ ഇന്നാട്ടുകാർ അല്ല അതുകൊണ്ട് 30 രൂപക്കു തരൂ.” നിങ്ങളാണ് രാജ്യത്തെ ഏറ്റവും വലിയ മോഷ്ടാക്കൾ, കോടികളാണ് മോഷ്ടിക്കുന്നത് എന്ന് ഒരു ദിവസം ഈ പഴക്കച്ചവടക്കാർ തിരിച്ചുപറഞ്ഞാൽ നിങ്ങൾ പറയും ഇവനും ദേശദ്രോഹിയാണെന്ന്.

ഒരുപാട് എം‌പി മാരുടെ സുഹൃത്തുക്കളെ എനിക്കു പരിചയമുണ്ട്.

ഞാൻ അവരോടു ചോദിക്കാറുണ്ട്. “സത്യമായും നിങ്ങളുടെ ഉള്ളിൽ ദേശഭക്തി വളരുകയാണോ?”

അവർ പറയും “സഹോദരാ, എന്തുചെയ്യും? അഞ്ചുവർഷത്തെക്കാണ് സർക്കാർ. രണ്ടുവർഷം ഇപ്പോഴേ തീർന്നു ഇനി മൂന്നുവർഷത്തെ സമയമാണു ബാക്കി. എന്തെങ്കിലും ചെയ്യണമെങ്കിൽ ഇതിനുള്ളിൽ ചെയ്യണം.”

അപ്പോൾ ഞാൻ പറയും “ചെയ്തുകൊള്ളൂ. പക്ഷെ, ഇതു പറയൂ, ഇന്ന്  ജെ.എൻ.യുവിനെപ്പറ്റി കള്ളം പറഞ്ഞാൽ നാളെ നിന്റെ കോളറിലും ആരെങ്കിലും കയറി പിടിക്കും. ട്രെയിനിൽ ബീഫ് ഉണ്ടോന്നു പരിശോധിക്കുന്ന നിന്റെ കൂട്ടുകാരൻ തന്നെയാവും കയറിപിടിക്കുക. നിന്റെ കോളറിൽ കയറി പിടിച്ചിട്ടു നിന്നെ ലിഞ്ചിംഗ് ചെയ്തു പറയും നീ ദേശഭക്തനല്ല. കാരണം നീ ജെ.എൻ.യുക്കാരൻ ആണ്. ഇതിന്റെ അപകടം മനസ്സിലായോ?”

“അപകടം മനസ്സിലാക്കുന്നു സഹോദരാ അതുകൊണ്ടാണു ഞങ്ങൾ ജെ.എൻ.യു ഷട്ട്ഡൗൺ എന്ന ഹാഷ്‌ടാഗിനെ എതിർക്കുന്നത്.”

അപ്പോൾ ഞാൻ പറഞ്ഞു. “അതു വലിയകാര്യമാണല്ലോ. സഹോദരാ ആദ്യം ജെ.എൻ.യു ഷട്ട്ഡൗൺ എന്നപേരിൽ ബഹളം വയ്ക്കൂ. പിന്നീട് അതിനെ എതിർക്കൂ. എല്ലാം ചെയ്യേണ്ടിവരുന്നത് ജെ.എൻ.യു.വിൽ തന്നെ ജീവിക്കേണ്ടതിനാൽ ആണല്ലൊ.”

അതുകൊണ്ട് ജെ.എൻ.യുവിലെ എല്ലാവരോടും പറയുവാൻ ആഗ്രഹിക്കുന്നു. മാർച്ചിൽ തിരഞ്ഞെടുപ്പ് വരും. അപ്പോൾ എ.ബി.വി.പിക്കാർ ‘ഓം’ എന്ന മുദ്രാവാക്യം മുഴക്കി നിങ്ങളുടെ അടുക്കൽ വരും. അവരോടു പറയൂ ഞങ്ങൾ ദേശദ്രോഹികളാണ്, ഞങ്ങൾ തീവ്രവാദികളാണ്. ഞങ്ങളുടെ വോട്ടുവാങ്ങിയാൽ നിങ്ങളും രാജ്യദ്രോഹിയാകും.  അപ്പോൾ പറയും “അല്ലല്ല, നിങ്ങളാരും ദേശദ്രോഹികൾ അല്ല. കുറച്ചാളുകളുണ്ട്.” അപ്പോൾ പറയണം “മാധ്യമങ്ങൾക്കു മുന്നിൽ നിങ്ങൾ പറഞ്ഞത് കുറച്ചാളുകൾ എന്നല്ലല്ലോ, നിങ്ങളുടെ വൈസ്‌ചാൻസ്‌ലർ പറഞ്ഞത് അങ്ങനെ അല്ലല്ലോ” എന്ന്. നിങ്ങളുടെ രജിസ്ട്രാറും അങ്ങനെ പറഞ്ഞില്ല. ആ കുറച്ചാളുകളും പറയുന്നു ഞങ്ങൾ പാകിസ്ഥാൻ സിന്ദാബാദ് എന്ന മുദ്രാവാക്യം മുഴക്കിയിട്ടില്ല എന്ന്. കുറച്ചാളുകളും പറയുന്നുണ്ട് ഞങ്ങൾ തീവ്രവാദത്തിനൊപ്പമല്ല എന്ന്. ഞങ്ങൾക്ക് പെർമിഷൻ തന്നിട്ട് അത് കാൻസൽ ചെയ്തു. ഞങ്ങളുടെ ജനാധിപത്യാവകാശങ്ങൾക്കുമേൽ കടന്നുകയറ്റം നടക്കുന്നു. കുറച്ചാളുകൾ പറയുന്നു, ഈ രാജ്യത്ത് എവിടെയെങ്കിലും എന്തെങ്കിലും ബഹളം നടക്കയാണെങ്കിൽ അതിനെ ഞങ്ങൾ അനുകൂലിക്കും, ഇത്തരം കാര്യങ്ങൾ ഇവരുടെ തലയിൽ കയറുന്നകാര്യമല്ല. എന്നാൽ എനിക്കു പൂർണ്ണ വിശ്വാസമുണ്ട് ഇവിടെ ഒരു ഷോർട്ട് നോട്ടീസ് കിട്ടിയതനുസരിച്ചു വന്ന ഈ ആളുകൾ, അവർക്കു കാര്യങ്ങൾ മനസ്സിലാകുന്നുണ്ട് എന്ന്.

അവർക്കു മനസ്സിലാകുന്നുണ്ട് എ.ബി.വി.പി ഈ രാജ്യത്തെ തകർക്കുകയാണ് എന്ന്, ജെ.എൻ.യുവിനെ തകർക്കുകയാണ് എന്ന്. നമ്മൾ ജെ.എൻ.യുവിനെ തകരുവാൻ അനുവദിക്കയില്ല. നമുക്ക് ‘ജെ.എൻ.യു സിന്ദാബാദ്’ ആയിരുന്നു. എന്നും ‘ജെ.എൻ.യു. സിന്ദാബാദ്’ ആയിരിക്കും. ഈ രാജ്യത്തു നടക്കുന്ന രാഷ്ട്രീയ സമരങ്ങളിൽ ഞങ്ങൾ പങ്കെടുക്കും. ഈ രാജ്യത്തിനകത്ത് ജനാധിപത്യത്തിന്റെ ശബ്ദത്തെ ബലപ്പെടുത്തി, സ്വാതന്ത്ര്യത്തിന്റെ ശബ്ദത്തെ ബലപ്പെടുത്തി, അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ശബ്ദത്തെ ബലപ്പെടുത്തി ഈ സമരത്തെ നമ്മൾ മുന്നോട്ടുകൊണ്ടുപോകും. സമരങ്ങൾ നടത്തും, വിജയിക്കും, രാജ്യദ്രോഹികളെ തുറന്നുകാട്ടും. ഈ വാക്കുകൾക്ക് ഒപ്പം നിങ്ങൾ എല്ലാവർക്കും ഐക്യദാർഢ്യം

നന്ദി, ഇങ്ക്വിലാബ് സിന്ദാബാദ്, ജയ് ഭീം, ലാൽ സലാം

*
Translation Credits: Regi P. George.

Creative Commons Attribution-ShareAlike India 2.5 license attributions to,

1) Regi P. George, BodhiCommons.org (https://www.facebook.com/bodhicommons/ ) for the text,

2) Subin Dennis, SFI JNU unit (https://www.facebook.com/sfijnuunit/ ) for the images

Sunday, February 14, 2016

ജെഎന്‍യു പ്രസിഡന്റിനെതിരായി രാജ്യദ്രോഹക്കുറ്റം ചുമത്തിയത് ആര്‍എസ്എസ് അജണ്ട

ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലില്‍ അടച്ചത് ആര്‍എസ്എസ് അജണ്ട പ്രകാരമെന്ന് വ്യക്തമാകുന്നു. കനയ്യ കുമാര്‍ ജെഎന്‍യു കാമ്പസില്‍ വ്യാഴാഴ്ച നടത്തിയ പ്രസംഗത്തിന്റെ 20 മിനുട്ട് വീഡിയോ പുറത്തുവന്നു. ഇതില്‍ രാജ്യവിരുദ്ധ പ്രസംഗമില്ല. മാത്രവുമല്ല, ആര്‍എസ്എസ്, എബിവിപി സംഘടനകളെയും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെയും അതിരൂക്ഷമായ ഭാഷയിലാണ് വിമര്‍ശിക്കുന്നത്. ഇതാണ് സംഘപരിവാറിനെ ചൊടിപ്പിച്ചത്.

ജെഎന്‍യു കാമ്പസില്‍ രാജ്യവിരുദ്ധ പരിപാടി സംഘടിപ്പിച്ചവരെ അതിരൂക്ഷമായ ഭാഷയിലാണ് പ്രസംഗത്തില്‍ കനയ്യ കുമാര്‍ വിമര്‍ശിക്കുന്നത്. അഫ്‌സല്‍ ഗുരു അനുസ്മരണ പരിപാടി നടത്തിയ ഡിഎസ്‌യുവിന്റെ പ്രവര്‍ത്തനം രാജ്യ വിരുദ്ധമാണ് എന്നും പ്രസംഗത്തില്‍ കനയ്യ കുമാര്‍ പറയുന്നുണ്ട്. ജെഎന്‍യുവിലെ വിദ്യാര്‍ത്ഥികള്‍ നേരിടുന്ന പ്രശ്‌നങ്ങളാണ് കനയ്യകുമാര്‍ പ്രസംഗത്തില്‍ ഉന്നയിക്കുന്നതും.

ഡോ. ബിആര്‍ അംബേദ്കര്‍ ഭരണഘടനയില്‍ പറഞ്ഞതിന് വിരുദ്ധമായ നിലപാടുകളാണ് സംഘപരിവാര്‍ സ്വീകരിക്കുന്നത് എന്ന് കനയ്യ കുമാര്‍ പറയുന്നു. വ്യത്യസ്ത അഭിപ്രായങ്ങള്‍ പരിഗണിക്കാത്ത അസഹിഷ്ണുതയാണ് എബിവിപി കാണിക്കുന്നത്. ജാതി വിവേചനം എബിവിപി കാട്ടുന്നു എന്നും പ്രസംഗത്തില്‍ കുറ്റപ്പെടുത്തുന്നു.

കഴിഞ്ഞ വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചതിന് എബിവിപി പ്രതികാരം ചെയ്യുകയാണ്. അമ്മയെ ദൈവമായി കാണുന്ന എബിവിപി പ്രവര്‍ത്തകര്‍ തന്റെ അമ്മയെയും സഹോദരിയെയും അപമാനിക്കാന്‍ ശ്രമിക്കുന്നു എന്നും കുറ്റപ്പെടുത്തുന്നു. എബിവിപി പ്രവര്‍ത്തകര്‍ അയച്ച സന്ദേശങ്ങള്‍ ഉയര്‍ത്തിക്കാട്ടിയായിരുന്നു കനയ്യ കുമാറിന്റെ പ്രസംഗം.

നികുതി ദായകര്‍ രാജ്യത്തിന് നല്‍കുന്ന പണം ഉപയോഗിച്ച് പഠിക്കുന്നവര്‍ ജെഎന്‍യുവില്‍ ദേശവിരുദ്ധ പ്രവര്‍ത്തനം നടത്തുകയാണ് എന്ന വാദത്തെയും കനയ്യ കുമാര്‍ പ്രസംഗത്തില്‍ വിമര്‍ശിക്കുന്നുണ്ട്.

പ്രസംഗത്തില്‍ രാജ്യ വിരുദ്ധത ഇല്ല എന്ന് വ്യക്തമായിരിക്കെ കനയ്യ കുമാറിന്റെ അറസ്റ്റ് സംഘപരിവാര്‍ അജണ്ടയുടെ ഭാഗമാണ് എന്ന് വ്യക്തമാവുകയാണ്. പ്രസംഗത്തില്‍ ഉടനീളം എബിവിപിയെയും ആര്‍എസ്എസിനെയും അവരുടെ നിലപാടുകളെയുമാണ് വിമര്‍ശിക്കുന്നത്. ഒപ്പം കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെയും. ഇതാണ് സംഘപരിവാറിനെയും കേന്ദ്ര സര്‍ക്കാരിനെയും ചൊടിപ്പിച്ചത്. ജെഎന്‍യുവില് ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയും എന്ന കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിന്‍എറ പ്രസ്താവനയ്ക്ക് പിന്നാലെയാണ് കനയ്യ കുമാര്‍ അറസ്റ്റിലായത്.

എഐഎസ്എഫ് നേതാവ് കൂടിയായ കനയ്യ കുമാറിനെ കഴിഞ്ഞ ദിവസമാണ് രാജ്യദ്രോഹക്കുറ്റം ചുമത്തി ദില്ലി പൊലീസ് അറസ്റ്റ് ചെയ്തത്. പട്യാല കോടതിയില്‍ ഹാജരാക്കിയ ജെഎന്‍യു പ്രസിഡന്റിനെ മൂന്ന് ദിവസത്തേക്ക് ദില്ലി പൊലീസ് കസ്റ്റഡിയില്‍ വാങ്ങുകയും ചെയ്തു. കനയ്യ കുമാറിന്റെ അറസ്റ്റ് സംഘപരിവാര്‍ അജണ്ടയുടെ ഭാഗമാണ് എന്ന് കാട്ടി വിദ്യാര്‍ത്ഥികള്‍ പ്രക്ഷോഭത്തിലാണ്. ജെഎന്‍യുവിലെ മൂന്നാം വര്‍ഷ ഗവേഷക വിദ്യാര്‍ത്ഥി കൂടിയാണ് കനയ്യ കുമാര്‍.