ജെഎന്‍യു കാമ്പസില്‍ രാജ്യവിരുദ്ധ പരിപാടി സംഘടിപ്പിച്ചവരെ അതിരൂക്ഷമായ ഭാഷയിലാണ് പ്രസംഗത്തില്‍ കനയ്യ കുമാര്‍ വിമര്‍ശിക്കുന്നത്. അഫ്സല് ഗുരു അനുസ്മരണ പരിപാടി നടത്തിയ ഡിഎസ്യുവിന്റെ പ്രവര്‍ത്തനം രാജ്യ വിരുദ്ധമാണ് എന്നും പ്രസംഗത്തില്‍ കനയ്യ കുമാര്‍ പറയുന്നുണ്ട്. ജെഎന്‍യുവിലെ വിദ്യാര്‍ത്ഥികള്‍ നേരിടുന്ന പ്രശ്നങ്ങളാണ് കനയ്യകുമാര്‍ പ്രസംഗത്തില്‍ ഉന്നയിക്കുന്നതും.
ഡോ. ബിആര്‍ അംബേദ്കര്‍ ഭരണഘടനയില്‍ പറഞ്ഞതിന് വിരുദ്ധമായ നിലപാടുകളാണ് സംഘപരിവാര്‍ സ്വീകരിക്കുന്നത് എന്ന് കനയ്യ കുമാര്‍ പറയുന്നു. വ്യത്യസ്ത അഭിപ്രായങ്ങള്‍ പരിഗണിക്കാത്ത അസഹിഷ്ണുതയാണ് എബിവിപി കാണിക്കുന്നത്. ജാതി വിവേചനം എബിവിപി കാട്ടുന്നു എന്നും പ്രസംഗത്തില്‍ കുറ്റപ്പെടുത്തുന്നു.
കഴിഞ്ഞ വിദ്യാര്‍ത്ഥി യൂണിയന് തെരഞ്ഞെടുപ്പില്‍ വിജയിച്ചതിന് എബിവിപി പ്രതികാരം ചെയ്യുകയാണ്. അമ്മയെ ദൈവമായി കാണുന്ന എബിവിപി പ്രവര്‍ത്തകര്‍ തന്റെ അമ്മയെയും സഹോദരിയെയും അപമാനിക്കാന്‍ ശ്രമിക്കുന്നു എന്നും കുറ്റപ്പെടുത്തുന്നു. എബിവിപി പ്രവര്‍ത്തകര്‍ അയച്ച സന്ദേശങ്ങള്‍ ഉയര്‍ത്തിക്കാട്ടിയായിരുന്നു കനയ്യ കുമാറിന്റെ പ്രസംഗം.
നികുതി ദായകര്‍ രാജ്യത്തിന് നല്കുന്ന പണം ഉപയോഗിച്ച് പഠിക്കുന്നവര്‍ ജെഎന്‍യുവില്‍ ദേശവിരുദ്ധ പ്രവര്‍ത്തനം നടത്തുകയാണ് എന്ന വാദത്തെയും കനയ്യ കുമാര്‍ പ്രസംഗത്തില്‍ വിമര്‍ശിക്കുന്നുണ്ട്.
പ്രസംഗത്തില്‍ രാജ്യ വിരുദ്ധത ഇല്ല എന്ന് വ്യക്തമായിരിക്കെ കനയ്യ കുമാറിന്റെ അറസ്റ്റ് സംഘപരിവാര്‍ അജണ്ടയുടെ ഭാഗമാണ് എന്ന് വ്യക്തമാവുകയാണ്. പ്രസംഗത്തില്‍ ഉടനീളം എബിവിപിയെയും ആര്‍എസ്എസിനെയും അവരുടെ നിലപാടുകളെയുമാണ് വിമര്‍ശിക്കുന്നത്. ഒപ്പം കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെയും. ഇതാണ് സംഘപരിവാറിനെയും കേന്ദ്ര സര്‍ക്കാരിനെയും ചൊടിപ്പിച്ചത്. ജെഎന്‍യുവില്‍ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയും എന്ന കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിന്എറ പ്രസ്താവനയ്ക്ക് പിന്നാലെയാണ് കനയ്യ കുമാര്‍ അറസ്റ്റിലായത്.
എഐഎസ്എഫ് നേതാവ് കൂടിയായ കനയ്യ കുമാറിനെ കഴിഞ്ഞ ദിവസമാണ് രാജ്യദ്രോഹക്കുറ്റം ചുമത്തി ദില്ലി പൊലീസ് അറസ്റ്റ് ചെയ്തത്. പട്യാല കോടതിയില്‍ ഹാജരാക്കിയ ജെഎന്‍യു പ്രസിഡന്റിനെ മൂന്ന് ദിവസത്തേക്ക് ദില്ലി പൊലീസ് കസ്റ്റഡിയില്‍ വാങ്ങുകയും ചെയ്തു. കനയ്യ കുമാറിന്റെ അറസ്റ്റ് സംഘപരിവാര്‍ അജണ്ടയുടെ ഭാഗമാണ് എന്ന് കാട്ടി വിദ്യാര്‍ത്ഥികള്‍ പ്രക്ഷോഭത്തിലാണ്. ജെഎന്‍യുവിലെ മൂന്നാം വര്‍ഷ ഗവേഷക വിദ്യാര്‍ത്ഥി കൂടിയാണ് കനയ്യ കുമാര്‍.
No comments:
Post a Comment