നിയമവ്യവസ്ഥയുടെ അടിസ്ഥാനതത്വമായ തുല്യനീതി സിപിഐ എമ്മിന് നിഷേധിക്കപ്പെടുന്നത് എന്തുകൊണ്ടെന്ന ചോദ്യം ഉയര്‍ന്നുവരികയാണ്. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമം 1967ലാണ് പാര്‍ലമെന്റ് പാസാക്കിയത്. മുംബൈ ഭീകരാക്രമണത്തെ തുടര്‍ന്ന് രാജ്യവ്യാപകമായി ഭീകരവാദവിരുദ്ധ വികാരം ജനങ്ങളില്‍ ശക്തമായി ഉയര്‍ന്നുവന്ന സാഹചര്യത്തെ ഉപയോഗപ്പെടുത്തി 2008ല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ യുഎപിഎ നിയമം ഭേദഗതിചെയ്തു. പ്രതികളാക്കപ്പെട്ടവരെ കൂടുതല്‍കാലം വിചാരണകൂടാതെ ജയിലിലടയ്ക്കാനും ജാമ്യം നിഷേധിക്കാനും മറ്റുമായി ഇന്ത്യന്‍ ശിക്ഷാനിയമത്തിലില്ലാത്ത ചില വകുപ്പുകള്‍ 2008ലെ ഭേദഗതിയില്‍ കൂട്ടിച്ചേര്‍ത്തു.
ഈ നിയമം ദുരുപയോഗം ചെയ്യപ്പെടാനിടയുണ്ടെന്ന മുന്നറിയിപ്പ് അന്നുതന്നെ ഇടതുപക്ഷം നല്‍കിയിരുന്നു. അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന പി ചിദംബരം പാര്‍ലമെന്റില്‍ നല്‍കിയ ഉറപ്പ് ഭീകരവാദികള്‍ക്കെതിരെ മാത്രമേ ഈ നിയമം ഉപയോഗിക്കുകയുള്ളു എന്നാണ്. സംസ്ഥാന കോണ്‍ഗ്രസ് ഭരണം പ്രസ്തുത ഉറപ്പ് ലംഘിക്കുക മാത്രമല്ല യുഎപിഎ പക്ഷപാതപരമായി ദുരുപയോഗിക്കുകയാണ്.
കണ്ണൂര്‍ ജില്ലയില്‍ 3 കൊലക്കേസിലാണ് യുഎപിഎ നിയമം ചുമത്തിയിട്ടുള്ളത്. കതിരൂര്‍ മനോജ്, ചിറ്റാരിപ്പറമ്പ് പ്രേമന്‍, പൊയിലൂര്‍ വിനോദ് വധക്കേസുകളിലാണിത്. ഇതില്‍ പ്രേമന്‍, വിനോദ് എന്നിവര്‍ സിപിഐ എം പ്രവര്‍ത്തകരായിരുന്നു. യുഎ പിഎയുടെ ആദ്യത്തെ ദുരുപയോഗം പതിവുപോലെ സിപിഐ എമ്മിന് എതിരായാണ്. രാഷ്ട്രീയസംഘര്‍ഷത്തിന്റെ ഭാഗമായി രണ്ട് ജില്ലാനേതാക്കളടക്കമുള്ള ഇരുപതോളം സിപിഐ എം പ്രവര്‍ത്തകരെയായിരുന്നു കേരളത്തില്‍ ആദ്യമായി ടാഡ എന്ന കരിനിയമപ്രകാരം പൂജപ്പുര ജയിലിലടച്ചത്. 1994ലെ യുഡിഎഫ് ഭരണത്തിലായിരുന്നു അത്. മനോജ് കേസില്‍ യുഎപിഎ വകുപ്പുകള്‍ എഫ്ഐആറില്‍ ചേര്‍ത്തത് ആര്‍എസ്എസിനെ പ്രീതിപ്പെടുത്തുന്ന കോണ്‍ഗ്രസ് നയത്തിന്റെ ഭാഗമായിരുന്നു. യുഎപിഎ നിയമത്തെ എതിര്‍ക്കുന്ന ലീഗ് അടക്കമുള്ള മുന്നണി സര്‍ക്കാര്‍ യുഎപിഎ കമ്യൂണിസ്റ്റ് വേട്ടയ്ക്കായി ദുരുപയോഗംചെയ്തു.
ഉത്തരേന്ത്യയില്‍ ന്യൂനപക്ഷവേട്ടയ്ക്ക് യുഎപിഎ ഉപയോഗിക്കുമ്പോള്‍ കേരളത്തില്‍ കമ്യൂണിസ്റ്റുകാര്‍ക്കെതിരായി യുഎപി എ ഉപയോഗിക്കുന്നു. കതിരൂര്‍ കേസിലെ 25 പ്രതികള്‍ക്കെതിരെ യുഎപിഎ നിയമപ്രകാരം കേസെടുത്തു. എന്നാല്‍, 20–ാം പ്രതി സിപിഐ എം ജില്ലാ കമ്മിറ്റി അംഗം ടി ഐ മധുസൂദനനെതിരെ യുഎപിഎ ചേര്‍ത്തത് ശരിയായില്ലെന്ന് ജില്ലാ കോടതി വിലയിരുത്തുകയും ജാമ്യംനല്‍കുകയും ചെയ്തു. മൂന്നാംപ്രതി പ്രകാശനും 11–ാം പ്രതി കൃഷ്ണനും 12–ാം പ്രതി രാമചന്ദ്രനും ഹൈക്കോടതി ജാമ്യം അനുവദിച്ചു
ഇവരെ പ്രതികളാക്കുന്ന സമയത്ത് അന്വേഷണസംഘത്തിന് ഇവര്‍ ഭീകരവാദികളാണെന്ന് കണ്ടെത്താനായില്ല. മാത്രമല്ല ഇവരുടെപേരില്‍ ഗൂഢാലോചനക്കുറ്റം ചുമത്താന്‍മാത്രം തെളിവുകള്‍ ഇല്ലെന്ന് കേസ് ഡയറി പരിശോധിച്ച കോടതി കണ്ടെത്തുകയും ചെയ്തു. അതാണ് ജാമ്യം അനുവദിക്കാന്‍ കാരണം. 18–ാം പ്രതി സിറാജിനെ കുറിച്ച് ആകെയുള്ള 212 സാക്ഷികളില്‍ ആരും പറഞ്ഞില്ലെന്നുമാത്രമല്ല, തിരിച്ചറിയല്‍ പരേഡ് നടത്തിയപ്പോള്‍ ആരും പ്രതിയെ തിരിച്ചറിഞ്ഞുമില്ല. സിറാജ് പ്രഥമദൃഷ്ട്യാ കുറ്റം ചെയ്തതായി കണ്ടെത്താന്‍ കഴിയാത്തതിനാല്‍ ഹൈക്കോടതിയാണ് ജാമ്യം നല്‍കിയത്. 21–ാം പ്രതി റിജേഷിനെതിരായി സിബി ഐ ചുമത്തിയ കുറ്റം നിസ്സാരകാരണങ്ങള്‍ ചൂണ്ടിക്കാട്ടിക്കൊണ്ടാണെന്ന് കണ്ടെത്തി ജാമ്യം അനുവദിച്ചു. 22 മുതല്‍ 24 വരെയുള്ള പ്രതികള്‍ക്ക് 180 ദിവസത്തിലധികം ജയിലില്‍ കിടത്താന്‍ സാധ്യമല്ലെന്നതിനാല്‍ ജാമ്യം അനുവദിച്ചു. ചുരുക്കത്തില്‍ കതിരൂര്‍ കേസില്‍ ഇതുവരെ ജാമ്യം ലഭിച്ച 9 പേരില്‍ 6 പേര്‍ക്ക് ജാമ്യം ലഭിച്ചത് കോടതി കേസ് ഡയറി പരിശോധിച്ച് കേസിന്റെ മെറിറ്റിലേക്ക് കടന്നതുകൊണ്ടാണ്. 3 പേര്‍ക്ക് ജാമ്യം ലഭിച്ചതാകട്ടെ യു എപിഎ നിയമപ്രകാരമുള്ള പരമാവധി വിചാരണത്തടവുകാലമായ 6 മാസത്തിലധികം ജയിലില്‍ കിടന്നതുകൊണ്ടും. ഇതില്‍നിന്ന് വ്യക്തമാകുന്ന കാര്യം കതിരൂര്‍ കേസില്‍ പലരെയും പ്രതികളാക്കിയത് വ്യാജ തെളിവുകള്‍ ഉണ്ടാക്കിയാണെന്നാണ്.
ഹൈക്കോടതിയുടെ നിരീക്ഷണംതന്നെ സിപിഐ എമ്മിനെതിരെ കള്ളക്കേസ് എടുക്കുകയായിരുന്നെന്ന് സാക്ഷ്യപ്പെടുത്തുന്നു – നിസ്സാരകാരണത്താല്‍ ഒരാളെ ഗൂഢാലോചനക്കുറ്റം ചുമത്തി കേസില്‍ പ്രതിയാക്കിയ നടപടി നിയമപരമായി ശരിയല്ല. ഇപ്പോഴും 16 പേര്‍ ജാമ്യം ലഭിക്കാതെ ജയിലിലാണ്. എളുപ്പം ജാമ്യം ലഭിക്കാതിരിക്കാന്‍ ഈ കേസില്‍ കുറ്റപത്രവും സമര്‍പ്പിച്ചു. എന്നാല്‍, ചിറ്റാരിപ്പറമ്പ് പ്രേമന്‍ കൊലക്കേസ് പ്രതികള്‍ ആര്‍ എസ്എസുകാര്‍ ആയതിനാല്‍ ജാമ്യം ലഭിക്കാന്‍ സര്‍ക്കാര്‍ വക്കീല്‍ എല്ലാ ഒത്താശയും ചെയ്തുകൊടുത്തു. കേസ് ദുര്‍ബലപ്പെടുത്തി ജാമ്യം ലഭ്യമാക്കാന്‍ കോണ്‍ഗ്രസ് സജീവമായി ഇടപെട്ടു. കോണ്‍ഗ്രസ്–ആര്‍ എസ് എസ് ബന്ധത്തിന്റെ ഉന്നതതല ഗൂഢാലോചനയാണ് ചിറ്റാരിപ്പറമ്പ, പൊയിലൂര്‍ കേസുകളിലെ ആര്‍ എസ് എസുകാരായ 19 പ്രതികള്‍ക്ക് ജാമ്യം കിട്ടാന്‍ സാഹചര്യം ഒരുക്കിയത്. ആര്‍എസ്എസുകാര്‍ പ്രതികളായ കേസുകളില്‍ യുഎപിഎ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയില്ലെങ്കില്‍ സിപിഐ എം കാര്‍ പ്രക്ഷോഭം നടത്തും അതുകൊണ്ടാണ് യുഎപിഎ വകുപ്പുകള്‍ ചേര്‍ത്തത് എന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ ആര്‍എസ്എസ് നേതൃത്വത്തെ ആശ്വസിപ്പിക്കാന്‍ പറഞ്ഞു. 2014 സെപ്തംബര്‍ ഒന്നിനുശേഷം നടന്ന ചിറ്റാരിപ്പറമ്പ്, പൊയിലൂര്‍ കൊലപാതകങ്ങളില്‍ ആര്‍എസ്എസ്–ബിജെപി ജില്ലാ–സംസ്ഥാന നേതൃത്വത്തിന്റെ അറിവും പങ്കും ഉണ്ട്. എന്നിട്ടും പൊയിലൂര്‍ കേസില്‍ ഗൂഢാലോചനക്കുറ്റം ചുമത്തിയില്ല. ചിറ്റാരിപ്പറമ്പ്് കേസില്‍ യഥാര്‍ഥ ഗൂഢാലോചനക്കാരായ ആര്‍എസ്എസ്–ബിജെപി ജില്ലാനേതൃത്വത്തെ പ്രതികളാക്കിയില്ല. ചിറ്റാരിപ്പറമ്പ് കേസില്‍ പൊലീസ് ചാര്‍ജ് ചെയ്ത ഗൂഢാലോചനക്കുറ്റം ജില്ലാനേതൃത്വത്തിലുള്ളവര്‍ക്കെതിരെയല്ല. കേസ് തേച്ച്മായ്ച്ച് കളയുന്ന ആര്‍എസ്എസ് അനുകൂലനിലപാട് തുടക്കംമുതല്‍ പൊലീസ് സ്വീകരിച്ചു.
ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് തയ്യാറാക്കുംമുമ്പുതന്നെ ക്രൈം രജിസ്റ്റര്‍ ചെയ്യണമെന്ന മാര്‍ഗരേഖ ചിറ്റാരിപ്പറമ്പ് പ്രേമന്‍ കേസില്‍ പൊലീസ് പാലിച്ചില്ല. പരിക്കുപറ്റി ആശുപത്രിയില്‍ കിടക്കുമ്പോള്‍ പ്രേമന്‍ പൊലീസിനോട് പ്രതികളുടെ പേര് പറഞ്ഞിരുന്നു. മരണമൊഴിയാണിത്. അത് പ്രകാരം എഫ്ഐആറില്‍ പ്രതികളുടെ പേര് ഉള്‍പ്പെടുത്തി. എന്നാല്‍, പ്രേമന്റെ മരണമൊഴിയില്‍ പറഞ്ഞ പ്രകാരമുള്ള എഫ്ഐആറിലെ പേരുകള്‍ പ്രതിപ്പട്ടികയില്‍ നിന്ന് പൂര്‍ണമായും ഒഴിവാക്കി. 9 പ്രതികളുള്ള ചിറ്റാരിപ്പറമ്പ് കേസില്‍ പ്രതിയായ പ്രജീഷിനെ 2015 ആഗസ്ത് നാലിന് സി ബിഐ അറസ്റ്റ്ചെയ്തു. എന്നാല്‍, 2015 ഒക്ടോബര്‍ ഏഴിന് ജാമ്യം ലഭിച്ചു. യുഎപിഎ കേസില്‍ രണ്ടുമാസത്തിനിടയില്‍ ജാമ്യം ലഭിച്ചത് നിയമവൃത്തങ്ങളില്‍ അമ്പരപ്പുളവാക്കി. കോടതിയില്‍ ആര്‍ എസ്എസുകാര്‍ക്ക് ജാമ്യം ലഭിക്കാനാവശ്യമായ സൌകര്യമൊരുക്കിയത് മുഖ്യമന്ത്രിയാണ്. സര്‍ക്കാര്‍ അഭിഭാഷകനായ ടി ആസഫലി ആര്‍എസ്എസുകാരുടെ ജാമ്യഹര്‍ജിയെ എതിര്‍ത്തില്ല. സമര്‍ഥമായി സിംഗിള്‍ ബെഞ്ച് ജഡ്ജിയുടെ മുമ്പാകെയാണ് ജാമ്യ ഹര്‍ജി സമര്‍പ്പിച്ചത്. സാധാരണ സെഷന്‍സ് കോടതി തള്ളിയാല്‍ ഡിവിഷന്‍ ബെഞ്ചിലാണ് അപ്പീല്‍ സമര്‍പ്പിക്കേണ്ടത് റിമാന്‍ഡ് നീട്ടാന്‍ കോടതിയില്‍ സര്‍ക്കാര്‍ അഭിഭാഷകന്റെ ഹര്‍ജി നല്‍കുകപോലുമുണ്ടായില്ല. കതിരൂര്‍ കേസില്‍ ചെയ്തത് പോലെ തുടരന്വേഷണത്തെക്കുറിച്ച് പറഞ്ഞില്ല. പ്രതികള്‍ക്ക് ജാമ്യം ലഭിക്കാന്‍വേണ്ടി ചിറ്റാരിപ്പറമ്പ്, പൊയിലൂര്‍ കേസുകളില്‍ കുറ്റപത്രം സമര്‍പ്പിച്ചില്ല. ഇതെല്ലാം കോണ്‍ഗ്രസ്–ബിജെപി ഒത്തുകളിയാണ്.
ചിറ്റാരിപ്പറമ്പ് പ്രേമന്റെ അമ്മയും പൊയിലൂര്‍ വിനോദിന്റെ ഭാര്യയും തങ്ങള്‍ക്ക് കേസ് നടത്തിപ്പിനായി സ്പെഷ്യല്‍ പബ്ളിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് സര്‍ക്കാരിന് അപേക്ഷ നല്‍കി. അതുപോലും പരിഗണിച്ചില്ല. ചിറ്റാരിപ്പറമ്പ്, പൊയിലൂര്‍ കേസുകളില്‍ പ്രതികളായ ഒരു ആര്‍എസ്എസുകാരനും യുഎപി എ വകുപ്പിലെ പരമാവധി റിമാന്‍ഡ് കാലമായ ആറുമാസം ജയിലില്‍ കിടക്കേണ്ടിവന്നിട്ടില്ല. എന്നാല്‍, കതിരൂര്‍ കേസില്‍ ഇപ്പോള്‍ ജാമ്യത്തിലിറങ്ങിയ മൂന്നുപേര്‍ 180 ദിവസം പൂര്‍ത്തിയാക്കിയതിന് ശേഷമാണ് ജാമ്യം ലഭിച്ചത്. പി ജയരാജനടക്കമുള്ള 16 പേര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചപ്പോള്‍ സര്‍ക്കാര്‍ വക്കീല്‍ ഉടന്‍ കോടതിയില്‍ എതിര്‍ത്തു. എന്നാല്‍, ആര്‍എസ്എസുകാര്‍ പ്രതികളായ യുഎപിഎ കേസുകളില്‍ ജാമ്യാപേക്ഷ കോടതിയില്‍ സമര്‍പ്പിച്ചപ്പോള്‍ സര്‍ക്കാര്‍ വക്കീല്‍ എതിര്‍ത്തില്ല. ഇത് നഗ്നമായ ആര്‍ എസ്എസ്–കോണ്‍ഗ്രസ് ഒത്തുകളിയുടെ ഭാഗമാണ്.
നേതൃത്വത്തെ കേസുകളില്‍ പ്രതികളാക്കിയാല്‍ സമാധാനവും ശാന്തിയും ജില്ലയിലുണ്ടാക്കാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസും ബിജെപിയും പറയുന്നത്. അങ്ങനെയെങ്കില്‍ എന്തുകൊണ്ട് ചിറ്റാരിപ്പറമ്പ്, പൊയിലൂര്‍ കേസുകളില്‍ ആര്‍എസ്എസ്–ബിജെപി ജില്ലാനേതൃത്വത്തെ പ്രതികളാക്കിയില്ല. മുന്‍ ഡിസിസി പ്രസിഡന്റ് കെ സുധാകരന്‍, നാല്‍പ്പാടി വാസു, സേവറി നാണു കൊലക്കേസുകളില്‍ പ്രതിയായെങ്കിലും യുഡിഎഫ് ഭരണസ്വാധീനമുപയോഗിച്ച് രക്ഷപ്പെടുകയായിരുന്നു. ചുരുക്കത്തില്‍ യുഎപിഎ കേസുകളില്‍ നഗ്നമായ വിവേചനമാണ് സര്‍ക്കാരും പൊലീസും കാട്ടിയത്.
കോണ്‍ഗ്രസ്–ബിജെപി രാഷ്ട്രീയബന്ധത്തിന്റെ മറ്റൊരുദാഹരണമാണ് 505 ദിവസത്തെ അന്വേഷണത്തിന് ശേഷവും പി ജയരാജന്‍ പ്രതിയല്ലെന്ന് കോടതിയില്‍ പറഞ്ഞ സിബിഐ പിന്നെ എന്തുകൊണ്ട് 508–ാം ദിവസം പ്രതിയാണെന്ന റിപ്പോര്‍ട്ട് നല്‍കിയത്. അതിനുള്ള ഉത്തരമാണ് മാധ്യമങ്ങള്‍ പുറത്തുവിട്ട ആര്‍എസ്എസിന്റെ കത്ത്. കൂടാതെ മോഹന്‍ ഭാഗവത് പങ്കെടുത്ത് കണ്ണൂരില്‍ നടന്ന ആര്‍എസ്എസ് ബൈഠക്കിന്റെ തീരുമാനവും.
ആര്‍എസ്എസിന്റെ കത്തിലും പി ജയരാജന് ജാമ്യം നല്‍കരുതെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഫയല്‍ചെയത് സിബിഐ ഹര്‍ജിയിലും ഒരേ ഭാഷയും സ്വരവുമായിരുന്നു. കേരളത്തിലെ ആര്‍എസ്എസ് നേതാക്കളും ജന്മഭൂമി പത്രവും സിബിഐ അന്വേഷണം നേരായ വഴിയിലേക്ക് പോകണമെന്നാവശ്യപ്പെട്ടായിരുന്നു മോഹന്‍ ഭാഗവതിനും അമിത് ഷായ്ക്കും കത്ത് നല്‍കിയതെന്ന് സമ്മതിച്ചു. ‘ സിബിഐയെ ഉപയോഗിച്ചുള്ള ഈ രാഷ്ട്രീയക്കളിയെ തുടര്‍ന്ന് സിബിഐയുടെ വിശ്വാസ്യത തകര്‍ന്നു. കള്ളസാക്ഷികളും കള്ളമൊഴികളും ജയരാജനെതിരെ കൊണ്ടുവരേണ്ടിവന്നു. സിപിഐ എം പ്രവര്‍ത്തകര്‍ പാര്‍ടി വിട്ട് ആര്‍എസ്എസിലേക്ക് സ്വാഗതം ചെയ്യുന്ന പരിപാടി 2014 ആഗസ്ത് 25ന് തലശേരിയിലാണ് മനോജിന്റെ നേതൃത്വത്തില്‍ നടത്തിയതെന്ന് 2015 മാര്‍ച്ച് ഏഴിന് സിബിഐ ഡിവൈഎസ്പി ഒപ്പിട്ട് നല്‍കിയത് സിബിഐക്ക് തിരുത്തേണ്ടിവന്നു. പി ജയരാജനെ 25–ാം പ്രതിയാക്കിക്കൊണ്ട് ഇതേ ഡിവൈഎസ്പി നല്‍കിയ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ 2014 ആഗസ്ത് 24ന് കണ്ണൂരിലാണ് പരിപാടി നടത്തിയതെന്ന് പറഞ്ഞു.
4 ആന്‍ജിയോപ്ളാസ്റ്റി കഴിഞ്ഞ പി ജയരാജന്റെ ആരോഗ്യനില ഗുരുതരമാണെന്ന് കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാരും ജയില്‍ ഡോക്ടറും സാക്ഷ്യപ്പെടുത്തിയതാണ്. പി ജയരാജന് ആവശ്യമായ വൈദ്യസഹായം ലഭ്യമാക്കണമെന്ന് കോടതി ജയില്‍ സുപ്രണ്ടിന് നിര്‍ദേശം നല്‍കിയതാണ്. കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് ജയില്‍ ഡോക്ടറും ജില്ലാ ആശുപത്രി ഡോക്ടര്‍മാരും പരിശോധിച്ചത്. ജില്ലാ ആശുപത്രിയിലും ജയില്‍ ആശുപത്രി ബ്ളോക്കിലും ഹൃദ്രോഗ വിദഗ്ധരില്ലാത്തതിനാലാണ് പരിയാരത്തേക്ക് മാറ്റിയത്. പരിയാരമാകട്ടെ ബഡ്ജറ്റിലൂടെ സര്‍ക്കാര്‍ ഏറ്റെടുത്തതായി പ്രഖ്യാപിച്ച മെഡിക്കല്‍ കോളേജുമാണ്. എന്നിട്ടും സിബിഐക്കും ആര്‍എസ്എസ് നേതാക്കള്‍ക്കും പി ജയരാജനെ പീഡിപ്പിക്കണമെന്നാണ് വാശി. ആര്‍എസ്എസ് പ്രേരണയാല്‍ സിബിഐ കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പി ജയരാജനെ ഫെബ്രുവരി 16 മുതല്‍ തങ്ങളുടെ ക്യാമ്പ് ഓഫീസില്‍ വച്ച് ചോദ്യംചെയ്യാന്‍ അനുവദിക്കണമെന്നാണ് ആവശ്യം. 1999ല്‍ വീട്ടില്‍ കയറി വെട്ടിനുറുക്കിയിട്ടും കലി അടങ്ങുന്നില്ല. ആശുപത്രിയില്‍വച്ച് ചോദ്യംചെയ്യാന്‍ സിബിഐ തയ്യാറല്ല. ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്യുന്നതുവരെ കാത്തിരിക്കാനുമാകില്ല. സിബിഐക്കോ അവരുടെ രാഷ്ട്രീയ യജമാനന്മാര്‍ക്കുമോ ഇതിനൊന്നും ഉത്തരമില്ല. കാരണം അവര്‍ക്കുവേണ്ടത് പി ജയരാജന്റെ രക്തമാണ്. അതുവഴി സിപിഐ എമ്മിനെ തകര്‍ക്കലുമാണ്. ഈ കുടിലനീക്കത്തെ അനുവദിക്കാനാകില്ല. പി ജയരാജന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളിക്കൊണ്ട് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഇപ്രകാരം പറയുന്നു: സിബിഐയുടെ ആരോപണത്തിന്റെ ശരിതെറ്റുകള്‍ ഇപ്പോള്‍ ഞങ്ങള്‍ പരിശോധിക്കുന്നില്ല. ഈ ശരിതെറ്റുകള്‍ പരിശോധിച്ചാല്‍ പി ജയരാജനാണ് ശരിയെന്നും സിബിഐയും ആര്‍എസ്എസും അവരെ സഹായിക്കുന്ന കോണ്‍ഗ്രസുമാണ് തെറ്റെന്നും നമുക്ക് ബോധ്യമാകും.
*
എം വി ജയരാജന്‍ deshabhimani 150216
UDF, RSS കൂട്ട് കെട്ടിന്റെ ഇര. ഭരണത്തിൽ കടിച്ചു തൂങ്ങാൻ എന്ത് നെറികേടും ചെയ്യുമെന്നു ഓരോ ദിവസം കഴിയും തോറും UDF തെളിയിച്ചു കൊണ്ടിരിക്കുന്നു.
ReplyDelete