Monday, February 15, 2016

മോഡിരാജിന്റെ അപ്രഖ്യാപിത അടിയന്തരാവസ്ഥ

രാജ്യത്തിന്റെ അഭിമാനമായ ജെഎന്‍യു സര്‍വകലാശാലയില്‍നിന്ന് അടുത്തകാലത്ത് വരുന്ന വാര്‍ത്തകള്‍ ഒട്ടും ശുഭകരമല്ല. കേന്ദ്ര സര്‍ക്കാരിന്റെയും ആര്‍എസ്എസിന്റെയും നേതൃത്വത്തില്‍ സര്‍വകലാശാലയ്ക്കുള്ളില്‍ തുടങ്ങിയ അതിക്രമങ്ങള്‍ ഇപ്പോള്‍ സിപിഐ എം ഉള്‍പ്പെടെയുള്ള പുരോഗമന ജനാധിപത്യപ്രസ്ഥാനങ്ങള്‍ക്കുനേരെയുള്ള കടന്നാക്രമണമായി മാറിയിരിക്കുന്നു. സിപിഐ എം കേന്ദ്രകമ്മിറ്റി ഓഫീസിലേക്ക് ഇരച്ചുകയറിയ ആര്‍എസ്എസ് അക്രമികള്‍ പ്രധാന ബോര്‍ഡില്‍ 'പാകിസ്ഥാനി ഓഫീസ്' എന്ന് കരിഓയില്‍കൊണ്ട് എഴുതുന്ന അവസ്ഥയിലേക്ക് തലസ്ഥാനത്തെ ക്രമസമാധാനനില വഷളായിരിക്കുന്നു. ജെഎന്‍യുവിലെ വിദ്യാര്‍ഥികളെ രാജ്യദ്രോഹക്കുറ്റം ചുമത്തി അന്യായമായി അറസ്റ്റ് ചെയ്ത പൊലീസ് നടപടിക്കെതിരെ സിപിഐ എമ്മും ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉള്‍പ്പെടെയുള്ള നേതാക്കളും സ്വീകരിച്ച ശക്തമായ നടപടികളാണ് തീവ്ര ഹിന്ദുത്വശക്തികളെ വെകിളി പിടിപ്പിച്ചത്. 'ദേശസ്നേഹം തെമ്മാടികളുടെ അവസാന അഭയകേന്ദ്രമാണ്' എന്ന സാമുവല്‍ ജോണ്‍സന്റെ വാക്കുകളെ അന്വര്‍ഥമാക്കുന്ന രീതിയിലാണ് ആര്‍എസ്എസ്, ബിജെപി, എബിവിപി പ്രവര്‍ത്തകരുടെ അഴിഞ്ഞാട്ടം. കഴിഞ്ഞദിവസം ജെഎന്‍യുവിലെത്തിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ആനന്ദ്ശര്‍മയെ കരണത്തടിച്ചതും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ എസ്പിജി വാഹനവ്യൂഹം മണിക്കൂറുകളോളം തടഞ്ഞിട്ടതും ജെഎന്‍യുവിലെ ഇടത് വിദ്യാര്‍ഥിസംഘടനാ പ്രവര്‍ത്തകര്‍ക്കുനേരെയുള്ള വധഭീഷണികളും ഉള്‍പ്പെടെ ഗുണ്ടായിസത്തിന്റെ പാരമ്യത്തിലേക്ക് കാര്യങ്ങള്‍ നീങ്ങിയിട്ടും ആഭ്യന്തരമന്ത്രാലയവും പൊലീസും തെമ്മാടിക്കൂട്ടത്തിന് കുടപിടിക്കുന്ന സമീപനമാണ് കൈക്കൊള്ളുന്നത്. ജെഎന്‍യു സര്‍വകലാശാലയില്‍ ലഷ്കര്‍ ഇടപെടലുകളുണ്ടെന്ന പുതിയ കണ്ടുപിടിത്തമാണ് ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് കഴിഞ്ഞദിവസം നടത്തിയിരിക്കുന്നത്. ലഷ്കര്‍ തലവന്‍ ഹാഫിസ് സെയ്ദിന്റെ നേതൃത്വത്തിലാണ് ജെഎന്‍യുവില്‍ കാര്യങ്ങള്‍ നടക്കുന്നതെന്ന മന്ത്രിയുടെ പരാമര്‍ശം ബാലിശവും ജനാധിപത്യവിശ്വാസികളെ കൊഞ്ഞനം കുത്തുന്നതുമാണ്.

മോഡിഭരണത്തിനുകീഴില്‍ അടിയന്തരാവസ്ഥയെ അനുസ്മരിപ്പിക്കുന്ന കരിദിനങ്ങളിലൂടെയാണ് ജെഎന്‍യു സര്‍വകലാശാല ഉള്‍പ്പെടെ രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ കടന്നുപോകുന്നത്. എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയ നാള്‍മുതല്‍ രാജ്യത്തിന്റെ യശസ്സുയര്‍ത്തിയ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ കാവിവല്‍ക്കരണം നടപ്പാക്കുകയെന്ന അജന്‍ഡ രഹസ്യമായും പരസ്യമായും നടപ്പാക്കിക്കൊണ്ടിരിക്കുന്നു. ജവാഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ ചില വിദ്യാര്‍ഥികള്‍ അഫ്സല്‍ ഗുരുവിന്റെ ചരമവാര്‍ഷികം ആചരിച്ചെന്ന പേരില്‍ ഇടത് വിദ്യാര്‍ഥിസംഘടനകളുടെ നേതാക്കളെയും മറ്റും മുന്നറിയിപ്പില്ലാതെ അറസ്റ്റ് ചെയ്ത സംഭവം ഒരുതരത്തിലും ന്യായീകരിക്കാനാകില്ല. ഒരുകൂട്ടം വിദ്യാര്‍ഥികള്‍ നടത്തിയ പ്രകടനത്തിനിടയിലേക്ക് നുഴഞ്ഞുകയറിയ എബിവിപി പ്രവര്‍ത്തകരാണ് ദേശവിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയതെന്ന് സംശയത്തിന് ഇടയില്ലാതെ വ്യക്തമായിട്ടുണ്ട്. എന്നാല്‍, ചില രഹസ്യകേന്ദ്രങ്ങള്‍ അടിച്ചിറക്കുന്ന ഊഹാപോഹങ്ങളുടെയും കിംവദന്തികളുടെയും അടിസ്ഥാനത്തിലുള്ള ആഭ്യന്തരമന്ത്രാലയത്തിന്റെയും പൊലീസിന്റെയും ഇടപെടലുകള്‍ ആശങ്കാജനകമാണ്. പാതിരാത്രിയിലും മറ്റും ഹോസ്റ്റല്‍മുറികള്‍ റെയ്ഡ് ചെയ്ത് വിദ്യാര്‍ഥികളെ പൊലീസ് പിടിച്ചുകൊണ്ടുപോകുന്ന സംഭവങ്ങള്‍ രാജ്യത്ത് അടിയന്തരാവസ്ഥക്കാലത്താണ് നടന്നിട്ടുള്ളത്. രാജ്യസുരക്ഷയുടെ പേരില്‍ ദേശദ്രോഹികളെ മുഴുവന്‍ ഉന്മൂലനം ചെയ്യുകയെന്ന ന്യായമാണ് അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാഗാന്ധി സര്‍ക്കാര്‍ ഉന്നയിച്ച പ്രധാന വാദം. ഇപ്പോള്‍, മോഡിഭരണത്തിനുകീഴിലെ അപ്രഖ്യാപിത അടിയന്തരാവസ്ഥക്കാലത്ത് ഇതേനയംതന്നെ കൂടുതല്‍ ഭീഷണമായ രീതിയില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നു. നരേന്ദ്ര മോഡിയും രാജ്നാഥ്സിങ്ങും സ്മൃതി ഇറാനിയും മോഹന്‍ ഭാഗവതും മറ്റും നിശ്ചയിക്കുന്ന മാനദണ്ഡങ്ങള്‍പ്രകാരം ദേശസ്നേഹവും ദേശദ്രോഹവും അളക്കാന്‍ തുടങ്ങിയാല്‍, രാജ്യത്തെ ചിന്തിക്കുന്ന ജനവിഭാഗത്തെ മുഴുവന്‍ ഉള്‍ക്കൊള്ളാന്‍ പുതിയ ജയിലുകള്‍ തുറക്കേണ്ടിവരും.

ഹൈന്ദവഫാസിസത്തിന്റെ കടന്നാക്രമണങ്ങളെ പല്ലും നഖവും ഉപയോഗിച്ച് ചെറുത്ത പാരമ്പര്യമാണ് ജെഎന്‍യു ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ളത്. ഇടതുപക്ഷ ആശയങ്ങളില്‍ അടിയുറച്ചുനിന്ന് മതേതരത്വവും സാഹോദര്യവും സഹവര്‍ത്തിത്വവും ഊട്ടിയുറപ്പിക്കുന്നതില്‍ കാലാകാലങ്ങളായി ഈ വിദ്യാഭ്യാസ സ്ഥാപനം മുന്‍നിരയിലുണ്ട്. ഈ അര്‍ഥത്തില്‍ ജെഎന്‍യു തീവ്ര ഹിന്ദുത്വസംഘടനകളുടെ കണ്ണിലെ കരടാണ്. ഇവിടെ വര്‍ഗീയതയ്ക്കും വിഭാഗീയതയ്ക്കും വേരോട്ടം കിട്ടുമോയെന്ന അന്വേഷണം കേന്ദ്ര സര്‍ക്കാര്‍ തുടങ്ങിയിട്ട് ഏറെനാളായി. ബിജെപി നേതാവും വര്‍ഗീയവിദ്വേഷ പ്രചാരണങ്ങള്‍ക്ക് കുപ്രസിദ്ധനുമായ സുബ്രഹ്മണ്യന്‍ സ്വാമിയെ ജെഎന്‍യു വൈസ് ചാന്‍സലറാക്കാനുള്ള നീക്കം അതിന്റെ ഭാഗമായിരുന്നു. എന്നാല്‍,എസ്എഫ്ഐ ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥിസംഘടനകള്‍ ഈ നീക്കത്തെ ശക്തമായി പ്രതിരോധിച്ചു. സുബ്രഹ്മണ്യന്‍ സ്വാമിയെപ്പോലെയുള്ള വ്യക്തികളെ ക്യാമ്പസിന്റെ മണ്ണില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചു. തുടര്‍ന്ന് ഈ നീക്കം വേണ്ടെന്ന് വയ്ക്കുകയായിരുന്നു. എന്നാല്‍, ഇതേത്തുടര്‍ന്ന് ജെഎന്‍യു ഭീകരരുടെ ഒളിത്താവളമാണെന്ന രീതിയിലുള്ള കുപ്രചാരണങ്ങള്‍ ഹിന്ദുത്വശക്തികള്‍ അഴിച്ചുവിട്ടു. ജെഎന്‍യുവിലെ വിദ്യാര്‍ഥികളും അധ്യാപകരും ദേശദ്രോഹപ്രവര്‍ത്തനങ്ങള്‍ക്കും വിഭാഗീയതയ്ക്കുമുള്ള ആസൂത്രിതനീക്കങ്ങള്‍ നടത്തുന്നതായി ആര്‍എസ്എസ് മുഖമാസികയില്‍ ലേഖനം പ്രസിദ്ധീകരിച്ചു. ജെഎന്‍യുവില്‍ ഭീകരവിദ്യാര്‍ഥികളെ നേരിടാന്‍ പ്രത്യേക പൊലീസ് പോസ്റ്റ് സ്ഥാപിക്കണമെന്നുവരെ ചില ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. തങ്ങളുടെ വര്‍ഗീയ അജന്‍ഡയെ എതിര്‍ക്കുന്നവരെല്ലാം രാജ്യദ്രോഹികളാണെന്ന് മുദ്രകുത്തിയാല്‍ ഫാസിസ്റ്റ് ശക്തികള്‍ക്ക് കാര്യങ്ങള്‍ എളുപ്പമാണ്. രാജ്യദ്രോഹം ചെയ്തവരെ ഏത് പാതിരാത്രിയും അറസ്റ്റ് ചെയ്യാനും തോന്നുന്ന വകുപ്പുകള്‍ ചുമത്തി കേസെടുക്കാനും ആരോടും ചോദിക്കേണ്ടതില്ലെന്ന ന്യായമാണ് സര്‍ക്കാരും പൊലീസുമൊക്കെ തുറുപ്പുചീട്ടാക്കുന്നത്. ഇപ്പോള്‍, പല ദേശീയമാധ്യമങ്ങളിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും 'ജെഎന്‍യു അടച്ചുപൂട്ടണം' എന്ന പ്രചാരണം സംഘടിപ്പിക്കുന്നുണ്ട്. തങ്ങളുടെ പാര്‍ശ്വവര്‍ത്തികളായ മാധ്യമങ്ങളുടെയും സോഷ്യല്‍ മീഡിയയിലെ ഹൈന്ദവബ്രിഗേഡിന്റെയും സഹായത്തോടെ ഈ പ്രചാരണം ശക്തിപ്പെടുത്താനാണ് അവരുടെ നീക്കം.

ചെറിയ വിഭാഗം വിദ്യാര്‍ഥികള്‍ ചെയ്ത തെറ്റിന് ജെഎന്‍യുപോലെയുള്ള സര്‍വകലാശാല അടച്ചുപൂട്ടണമെന്ന വാദമുയര്‍ത്തുന്നത് പരിഹാസ്യമാണ്. രാജ്യദ്രോഹം ആരോപിച്ച് അറസ്റ്റ് ചെയ്തവരുടെ കൂട്ടത്തില്‍ ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് കന്നയ്യകുമാറുമുണ്ട്. ഇദ്ദേഹം എബിവിപിയെ തോല്‍പ്പിച്ചാണ് പ്രസിഡന്റാകുന്നത്. ഇതെല്ലാം കൂട്ടിവായിക്കുമ്പോള്‍ ജെഎന്‍യുവില്‍ നടന്നത് രാഷ്ട്രീയമുതലെടുപ്പിനുള്ള നീക്കങ്ങളാണെന്ന് വ്യക്തമാകും. ഹൈദരാബാദ് സര്‍വകലാശാലയില്‍ രോഹിത് വെമുലയെന്ന ദളിത് ഗവേഷകവിദ്യാര്‍ഥി കടുത്ത വിവേചനത്തെതുടര്‍ന്ന് ആത്മഹത്യ ചെയ്തപ്പോള്‍ ബിജെപി നേതാക്കള്‍ ഉന്നയിച്ച പ്രധാനപ്പെട്ട വാദഗതിയും അയാള്‍ രാജ്യദ്രോഹിയാണ് എന്നതാണ്. യാക്കൂബ് മേമന്റെ മരണശേഷം നടന്ന പ്രാര്‍ഥനച്ചടങ്ങില്‍ പങ്കെടുത്തു, ക്യാമ്പസില്‍ ബീഫ് ഫെസ്റ്റ് സംഘടിപ്പിച്ചു, മുസഫര്‍നഗര്‍ കലാപത്തെക്കുറിച്ചുള്ള ഡോക്യുമെന്ററി ക്യാമ്പസില്‍ കാണിച്ചു തുടങ്ങിയ നിസ്സാര സംഭവങ്ങള്‍ ഇതിനുള്ള തെളിവായി നിരത്തി. എന്നാല്‍, ആ വിദ്യാര്‍ഥിയുടെ മരണത്തില്‍ കേന്ദ്രമന്ത്രിമാര്‍ക്കുവരെ പങ്കുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പിന്നീട് പുറത്തുവന്നപ്പോള്‍ രോഹിത് വെമുല ദളിതനല്ലെന്നും രാജ്യദ്രോഹിയാണെന്നുമുള്ള പ്രചാരണം അഴിച്ചുവിടുന്നു. ചലച്ചിത്രമേഖലയിലെ പ്രതിഭാധനരായ നിരവധി കലാകാരന്മാരെ സംഭാവനചെയ്ത പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനായി ബിജെപി അവരുടെ ആശ്രിതനായ ഗജേന്ദ്രചൌഹാന്‍ എന്ന മൂന്നാംകിട സിനിമാതാരത്തെ നൂലില്‍ കെട്ടിയിറക്കിയപ്പോള്‍ അവിടത്തെ വിദ്യാര്‍ഥികള്‍ രാപ്പകല്‍ ഭേദമില്ലാതെ സമരംചെയ്തു. അപ്പോള്‍ അവരെല്ലാം രാജ്യദ്രോഹികളാണെന്ന് മുദ്രകുത്തി. ഇങ്ങനെ സ്വന്തം വരുതിക്ക് നില്‍ക്കാത്ത വിദ്യാര്‍ഥികള്‍ മുഴുവന്‍ രാജ്യദ്രോഹികളാണെന്ന് അടച്ചാക്ഷേപിച്ച് ജയിലിനുള്ളിലാക്കുകയാണ്. സമൂഹത്തില്‍ ഏറ്റവും ക്രിയാത്മകമായി പ്രതികരിക്കുന്ന വിദ്യാര്‍ഥിസമൂഹത്തിന് മുഴുവന്‍ കടിഞ്ഞാണിടാനാണ് സര്‍ക്കാര്‍നീക്കം. ക്യാമ്പസുകളില്‍ തങ്ങള്‍ക്ക് ശക്തരായ പ്രതിയോഗികളെന്ന് തോന്നുന്ന മറ്റ് വിദ്യാര്‍ഥിസംഘടനാ നേതാക്കളുടെ ലിസ്റ്റ് എബിവിപിക്കാരും ആര്‍എസ്എസ് ചിന്താഗതിക്കാരായ അധ്യാപകരും മുകളിലേക്ക് കൊടുക്കും. അതനുസരിച്ച്, എന്തെങ്കിലും ഒരു കാരണമുണ്ടാക്കി വിദ്യാര്‍ഥികളെ അടിച്ചമര്‍ത്തുന്ന തന്ത്രമാണ് പയറ്റുന്നത്. ഇതേത്തുടര്‍ന്ന് രാജ്യത്തെ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ വലിയ അരക്ഷിതാവസ്ഥ നിലനില്‍ക്കുന്നുണ്ട്. മോഡിയുടെ ഭരണത്തിനുകീഴില്‍ രാജ്യത്തെ വിദ്യാര്‍ഥികള്‍ക്ക് ജീവിക്കാന്‍ സാധിക്കാത്ത അവസ്ഥ വരുന്നുണ്ടെങ്കില്‍, അത് ശക്തമായി പ്രതിരോധിക്കേണ്ടതുണ്ട്.

*
deshabhimani editorial 150216

2 comments:

  1. update on JNU issue - an article from Mangalam Daily, which is informative.
    ന്യൂഡല്‍ഹി : സി.പി.ഐ. നേതാവ്‌ ഡി. രാജയുടെ മകള്‍ അപരാജിത, ഒളിവില്‍ കഴിയുന്ന ഐ.എസ്‌. അനുകൂല വിദ്യാര്‍ഥി നേതാവ്‌ ഉമര്‍ ഖാലിദിന്റെ ഉറ്റസുഹൃത്ത്‌. ജവാഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലെ ഇന്ത്യാവിരുദ്ധ പ്രകടനത്തിനും അഫ്‌സല്‍ ഗുരു അനുസ്‌മരണച്ചടങ്ങിനും നേതൃത്വം നല്‍കിയവര്‍ക്ക്‌ നക്‌സല്‍- തീവ്രവാദ സംഘടനകളുമായി അടുത്തബന്ധം. തീവ്രവാദ ഗ്രൂപ്പുകള്‍ വര്‍ഷങ്ങളായി ചെറുഗ്രൂപ്പുകളായി ജെ.എന്‍.യുവില്‍ പ്രവര്‍ത്തനം തുടങ്ങിയിട്ടും യൂണിവേഴ്‌സിറ്റി അധികൃതര്‍ മൗനംപാലിച്ചതാണ്‌ ഇപ്പോഴത്തെ സങ്കീര്‍ണ പ്രശ്‌നങ്ങള്‍ക്ക്‌ കാരണമായതെന്നും വിലയിരുത്തല്‍. രാജ്യദ്രോഹ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പോലീസ്‌ തെരയുന്ന ഉമര്‍ ഖാലിദടക്കമുള്ളവര്‍ ഒളിവില്‍ കഴിയുന്നതു ജെ.എന്‍.യു. കാമ്പസിലെ ഹോസ്‌റ്റലിലാണെന്നും പോലീസിനു സൂചന ലഭിച്ചു. ഈ സാഹചര്യത്തില്‍ ഹോസ്‌റ്റലില്‍ കയറി റെയ്‌ഡ്‌ നടത്തിയേക്കുമെന്ന സൂചനയാണ്‌ പോലീസ്‌ നല്‍കുന്നത്‌. ജെ.എന്‍.യുവില്‍ രാജ്യദ്രോഹ മുദ്രാവാക്യങ്ങള്‍ മുഴക്കിയ വിദ്യാര്‍ഥികള്‍ക്കെതിരേ നടപടിയെടുക്കരുതെന്നാവശ്യപ്പെട്ട്‌ കഴിഞ്ഞദിവസം ജന്ദര്‍മന്തറിലേക്ക്‌ നടത്തിയ പ്രകടനത്തിനു നേതൃത്വം നല്‍കിയതും അപരാജിത തന്നെ. മാതാപിതാക്കളും സി.പി.ഐ. നേതാക്കളുമായ ഡി.രാജയും ആനിരാജയും ഒപ്പമുണ്ടായിരുന്നു. അപരാജിത രാജ്യദ്രോഹ കേസില്‍ കുടുങ്ങിയ സാഹചര്യത്തില്‍ മറ്റ്‌ ഇടതുനേതാക്കള്‍ക്കൊപ്പം ഡി. രാജയും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌ സിങ്ങിനെ കണ്ടിരുന്നു. എം.ഫില്‍ വിദ്യാര്‍ഥിനിയായ അപരാജിതയുടെ ഉറ്റസുഹൃത്താണ്‌ ഒളിവില്‍ കഴിയുന്ന ഉമര്‍ ഖാലിദ്‌. മഹാരാഷ്‌ട്രയിലെ നാഗ്‌പൂര്‍ സ്വദേശിയായ ഉമര്‍ ഖാലിദ്‌ ദേശസുരക്ഷയ്‌ക്കു ഭീഷണിയാകുന്ന ശക്‌തികളുമായാണ്‌ നിരന്തരം സമ്പര്‍ക്കം പുലര്‍ത്തിയതെന്നും പോലീസ്‌ നടത്തിയ അന്വേഷണത്തില്‍ വ്യക്‌തമായി. ചരിത്രഗവേഷണ വിദ്യാര്‍ഥിയായ ഉമര്‍ ഖാലിദ്‌ വര്‍ഷങ്ങളായി ജെ.എന്‍.യുവുമായി ബന്ധം പുലര്‍ത്തുന്നു. നിരോധിത തീവ്രവാദ സംഘടനയായ സിമിയുടെ നേതാവായിരുന്നു ഉമര്‍ ഖാലിദിന്റെ പിതാവ്‌ എസ്‌.ക്യൂ.ആര്‍. ഇല്യാസ്‌. ഇപ്പോള്‍ ജമാ അത്ത്‌ ഇസ്ലാമിയുടെ രാഷ്‌ട്രീയ പാര്‍ട്ടിയായ വെല്‍ഫയര്‍ പാര്‍ട്ടിയുടെ അഖിലേന്ത്യാ പ്രസിഡന്റായി പ്രവര്‍ത്തിക്കുന്നു. സാമ്പത്തികമായി ഉയര്‍ന്ന സ്‌ഥിതിയിലുള്ള കുടുംബമാണ്‌ ഇവരുടേത്‌.

    ReplyDelete
  2. അല്ല ഇപ്പൊ എല്ലാ മലയാളം ചാനലിലും ഇടതന്മാർ മോങ്ങുന്നത് വെസ്റ്റ്ബംഗാളിൽ മമത ഗവണ്മെന്റ് മൊത്തം 2,000+ ഇടതന്മാരെ കൊന്നു, പിന്നെ 200,000 ഇടതു അനുഭാവികളെ നാട്ടില്ൽ നിന്നും ഓടിച്ചു എന്നൊക്കെയാണ്. ഇത് സത്യം ആണെങ്കില വെസ്റ്റ് ബംഗാളിൽ നിന്നും ഉള്ള രാഷ്‌ട്രപതിയോട് ഇതേക്കുറിച്ച് ഒന്നും പരാതി പറയാതെ JNU വില ഒരു പയ്യനെ അറസ്റ്റ് ചെയ്തു എന്നും പറഞ്ഞു പോകുന്നതിൽ നിന്നും എന്താ മനസിലകേണ്ടത് ? ( വെസ്റ്റ് ബംഗാളിൽ മമത ഗവണ്മെന്റ് ഫസ്സിസ്റ്റ് ആണെന്ന് ചുമ്മാ alliance ഉണ്ടക്കാൻ ഉള്ള പ്ലാൻ ആണോ ?) കാര്യം തുറന്നു പറയാമോ സഖാവെ
    പൗരാവകാശം വെസ്റ്റ്ബംഗാളിൽ ഇവര്ക്ക് വേണ്ടേ ?

    ReplyDelete