Monday, July 11, 2016

ബജറ്റിന്റെ വികസനതന്ത്രം

കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചനിരക്ക് ദേശീയ ശരാശരിയേക്കാള്‍ കുറവാണ്. മൂലധനനിക്ഷേപത്തിന്റെ അഭാവമാണ് കാരണം. നികുതിയിളവുകളും നികുതിസ്റ്റേകളും അഴിമതിയുംമൂലം വരുമാനസമാഹരണം ഇടിഞ്ഞു. ചെലവ് കഴിച്ച് ഒന്നും അവശേഷിക്കാത്ത സ്ഥിതിയില്‍ മൂലധനനിക്ഷേപത്തിനുള്ള സര്‍ക്കാരിന്റെ കഴിവ് ശോഷിച്ചു. വളര്‍ച്ചനിരക്ക് ഇനിയും ഇടിയാനുള്ള സാഹചര്യമാണുള്ളത്. നാണ്യവിളകളുടെ, വിശേഷിച്ചും റബറിന്റെയും കുരുമുളകിന്റെയും തുടരുന്ന വിലത്തകര്‍ച്ചയാണ് ഒരു കാരണം. ഗള്‍ഫ് മേഖലയിലെ മങ്ങുന്ന തൊഴില്‍സാധ്യതയും ഗള്‍ഫ് വരുമാനത്തിലെ ഇടിവുമാണ് മറ്റൊരു കാരണം. രണ്ടുംചേര്‍ന്ന് സംസ്ഥാനവരുമാനം വന്‍തോതില്‍ ഇടിച്ചു. ഈ സ്ഥിതിവിശേഷം പ്രതിരോധിച്ച് സംസ്ഥാനത്തെ വളര്‍ച്ചയുടെ പാതയില്‍ എത്തിക്കുക എന്ന വെല്ലുവിളിയാണ് എല്‍ഡിഎഫും ധനമന്ത്രിയും ഏറ്റെടുത്തത്.

മൂലധനനിക്ഷേപം വര്‍ധിപ്പിച്ച് സാമ്പത്തികവളര്‍ച്ച ത്വരിതപ്പെടുത്തുകയാണ് ബജറ്റ് തന്ത്രം. വരുമാനസമാഹരണം ദുര്‍ബലപ്പെടുത്തിയും സുപ്രധാന ഉല്‍പ്പാദന– സേവനമേഖലകള്‍ കൈയൊഴിഞ്ഞുമുള്ള നവഉദാരവല്‍ക്കരണ സമീപനത്തിന്റെ സ്ഥാനത്ത്, ഭാവനാത്മകവും ശക്തവുമായ ബദലാണ് ധനമന്ത്രി തോമസ് ഐസക് 2016–17ലെ പുതുക്കിയ ബജറ്റിലൂടെ കാഴ്ചവയ്ക്കുന്നത്.
സര്‍ക്കാരിന്റെ വരുമാനംമാത്രം ആശ്രയിച്ച് സാമ്പത്തികവളര്‍ച്ച സാധ്യമല്ല. ഓരോവര്‍ഷവും സമാഹരിക്കുന്ന പൊതുകടത്തിന്റെ ഗണ്യമായ ഭാഗം നിത്യനിദാനച്ചെലവുകള്‍ക്കാണ് ഉപയോഗിക്കുന്നത്. തന്മൂലം തുച്ഛമായ തുകയേ മൂലധനനിക്ഷേപത്തിന് ഉപയോഗിക്കുന്നുള്ളൂ. കഴിഞ്ഞ മൂന്നുവര്‍ഷത്തെ പദ്ധതിയടങ്കല്‍ 74,883.59 കോടി രൂപയുടേതാണ്. ചെലവിട്ടതാകട്ടെ, 31.78 ശതമാനം മാത്രവും. പിന്നെ എങ്ങനെയാണ് സാമ്പത്തികവളര്‍ച്ചയുണ്ടാകുക? ഈ സ്ഥിതി നേരിടാനുള്ള സമഗ്രനിര്‍ദേശങ്ങളാണ് പുതുക്കിയ ബജറ്റിനെ ശ്രദ്ധേയമാക്കുന്നതും മുന്‍ ബജറ്റുകളില്‍നിന്ന് വ്യത്യസ്തമാക്കുന്നതും. അഞ്ചുകൊല്ലത്തിനകം ഒരുലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്താനുള്ള വിഭവസമാഹരണ തന്ത്രത്തിന് ബജറ്റ് രൂപംനല്‍കുന്നു. 12,000 കോടി രൂപയുടെ പ്രത്യേക മാന്ദ്യവിരുദ്ധപാക്കേജ് നടപ്പാക്കും. പാക്കേജിനുപുറമെ, ഭൂമി ഏറ്റെടുക്കുന്നതിന് 8000 കോടി ഉള്‍പ്പെടെ 20,000 കോടിയുടെ നിക്ഷേപം.

കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ബോര്‍ഡിനെ (കിഫ്ബി) വായ്പസമാഹരണ ഉപാധിയാക്കുന്നതിന് ബജറ്റ് സമഗ്രമായ നിര്‍ദേശം ആവിഷ്കരിക്കുന്നു. മോട്ടോര്‍വാഹനനികുതി വരുമാനത്തിന്റെ പത്തുശതമാനം ഒന്നാംവര്‍ഷം കിഫ്ബിക്ക് കൈമാറും. രണ്ടാംവര്‍ഷം 20 ശതമാനം. ഈ തോതില്‍ അഞ്ചാംവര്‍ഷം 50 ശതമാനം. പെട്രോളിനുമേലുള്ള സെസും കിഫ്ബിക്ക് നല്‍കും. കടപ്പത്രങ്ങള്‍ പുറപ്പെടുവിച്ച് സര്‍ക്കാര്‍ വിഭവസമാഹരണം നടത്തും. പ്രത്യേക വായ്പസമാഹരണ ഉപാധിയാണ് കിഫ്ബി. ഭൂമി ഏറ്റെടുക്കുന്നതിനും മറ്റും ലാന്‍ഡ് ബോണ്ടുകള്‍ പുറപ്പെടുവിച്ച് വായ്പസമാഹരണം നടത്താന്‍ കിഫ്ബിക്ക് കഴിയും. തെരഞ്ഞെടുക്കപ്പെട്ട മുനിസിപ്പാലിറ്റിക്കും കോര്‍പറേഷനുകള്‍ക്കും കടപ്പത്രമിറക്കാനുള്ള നിര്‍ദേശവും ബജറ്റ് മുന്നോട്ടുവയ്ക്കുന്നു. പലിശരഹിത ബാങ്കിതര ധനകാര്യസ്ഥാപനമായ ചേരമാന്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ്, സംസ്ഥാന– ജില്ല സഹകരണബാങ്കുകള്‍ സംയോജിപ്പിച്ച് കേരള ബാങ്കിന്റെ രൂപീകരണം എന്നിത്യാദി നിര്‍ദേശങ്ങള്‍, ബജറ്റ് കേവലമായ വാഗ്ദാനപ്പട്ടികയാകരുതെന്ന ദൃഢനിശ്ചയത്തിന്റെ പ്രതീകങ്ങളാണ്. ഗള്‍ഫ് മലയാളികള്‍ക്ക് തങ്ങളുടെ സമ്പാദ്യത്തിന് സുരക്ഷിതവും ലാഭകരവുമായ നിക്ഷേപസാധ്യത തുറക്കുകകൂടിയാണ് മേല്‍ നിര്‍ദേശങ്ങള്‍.

നികുതിസമാഹരണം 22 ശതമാനമായി ഉയര്‍ത്താനുള്ള മൂര്‍ത്തങ്ങളായ നിര്‍ദേശങ്ങള്‍ ബജറ്റിലുണ്ട്. ഇത് സാധ്യമാകുമെന്ന്  സമീപകാല അനുഭവം തെളിയിക്കുന്നു. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍വന്ന് 41 ദിവസം പൂര്‍ത്തിയാകുമ്പോഴേക്കും, മെയില്‍ 12 ശതമാനം വരുമാനവര്‍ധന ഉണ്ടാക്കിയ സ്ഥാനത്ത് ജൂണില്‍ 19 ശതമാനം വര്‍ധന കൈവരുത്തി. നികുതിപിരിവ് മെച്ചപ്പെടുത്താനുതകുന്ന അനവധി നിര്‍ദേശങ്ങള്‍ ബജറ്റിലുണ്ട്. വ്യാപാരിസമൂഹത്തെ വിശ്വാസത്തിലെടുത്താകും വാണിജ്യനികുതി സമാഹരണം. ബജറ്റ് പ്രസംഗം ഉപസംഹരിച്ച് ധനമന്ത്രി ബഹുജനങ്ങളോട് ഒരു അഭ്യര്‍ഥന നടത്തി. എന്തുവാങ്ങുമ്പോഴും ബില്‍ ചോദിച്ചുവാങ്ങുക. ബില്ലില്ലാതെ സാധനങ്ങള്‍ വാങ്ങുന്നത് നികുതിവെട്ടിപ്പിനെ സഹായിക്കലാണെന്ന് സാരം. ബില്ലടിക്കുമ്പോള്‍ തല്‍സമയം ബില്‍വിവരങ്ങള്‍ വാണിജ്യനികുതിവകുപ്പില്‍ ലഭ്യമാക്കുന്ന സംവിധാനം നിലവില്‍വരികയാണ്.

ശമ്പളം, പെന്‍ഷന്‍, പലിശ എന്നിവ ഒഴികെയുള്ള റവന്യൂ ചെലവുകള്‍ കര്‍ശനമായി നിയന്ത്രിക്കുന്നതിന് ബജറ്റ് ലക്ഷ്യമിടുന്നു. വരുമാനമുയര്‍ത്തിയും ചെലവുകള്‍ നിയന്ത്രിച്ചും റവന്യൂ– ധന കമ്മികള്‍ പരിധിക്കകത്തു നിര്‍ത്താന്‍ ബജറ്റ് ശ്രമിക്കുന്നു.

മുഖ്യമായും നാലുരംഗങ്ങളിലാണ് ബജറ്റ് ഊന്നുന്നത്. പ്രഥമവും പ്രധാനവുമാണ് പാവപ്പെട്ടവരുടെ ജീവിതസുരക്ഷ. വളര്‍ച്ചയുടെ ഗുണഫലങ്ങള്‍ക്ക് കൈനീട്ടി നില്‍ക്കാന്‍ ജനങ്ങളെ നിര്‍ബന്ധിക്കുന്ന സമീപനമില്ല. ഭൂമി, തൊഴില്‍, പാര്‍പ്പിടം, വൈദ്യസഹായം, വൈദ്യുതി, ക്ഷേമപെന്‍ഷന്‍ തുടങ്ങിയ ജനകീയാവശ്യങ്ങള്‍ക്ക് മുന്തിയ പരിഗണന നല്‍കുന്നു. പെന്‍ഷന്‍ വര്‍ധിപ്പിച്ച് കൈയടി നേടുന്നതില്‍ ഒതുക്കുന്നില്ല കാര്യങ്ങള്‍. തുല്യപ്രാധാന്യമുള്ളതാണ് തൊഴിലും വരുമാനവും. പാവപ്പെട്ടവര്‍ക്കു നല്‍കുന്ന സഹായങ്ങള്‍ പൊതുസമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കുമെന്ന വികസന കാഴ്ചപ്പാട് ബജറ്റിന്റെ അന്തര്‍ധാരയാണ്.

ഏറെ ശ്ളാഘിക്കപ്പെട്ട കേരളവികസന മാതൃകയുടെ സദ്ഫലങ്ങള്‍ നിലനിര്‍ത്തുമ്പോള്‍ത്തന്നെ, കേരളത്തെ വളര്‍ച്ചയുടെ പാതയിലേക്ക് ആനയിക്കാനുള്ള നിര്‍ദേശങ്ങള്‍ ബജറ്റിലുണ്ട്. വൈദ്യുതി ഉല്‍പ്പാദനം, റോഡുകള്‍, പാലങ്ങള്‍, ജലപാതകള്‍, വ്യവസായപാര്‍ക്കുകള്‍, വ്യവസായ ഇടനാഴികള്‍ തുടങ്ങിയ പശ്ചാത്തലസൌകര്യ വികസനം നിക്ഷേപം ആകര്‍ഷിക്കാനും സാമ്പത്തിക വളര്‍ച്ചയ്ക്കും അനിവാര്യമാണ്. പശ്ചാത്തലസൌകര്യ വികസനത്തിന് സര്‍ക്കാര്‍ നല്‍കുന്ന പ്രത്യേക ഊന്നല്‍ ഓരോന്നിനുമുള്ള അടങ്കല്‍ പരിശോധിച്ചാല്‍ വ്യക്തമാകും. പശ്ചാത്തലസൌകര്യങ്ങളുടെ അപര്യാപ്തത നിക്ഷേപങ്ങളെ ആകര്‍ഷിക്കുന്നതില്‍ മുഖ്യതടസ്സമാണ് കേരളത്തില്‍. നിയന്ത്രണവിധേയമല്ലാത്ത സ്വകാര്യനിക്ഷേപമല്ല ഉദ്ദേശിക്കുന്നത്. പൊതുമേഖലയുടെയും പൊതുമേഖല നേതൃത്വം നല്‍കുന്നതും എന്ന ആശയം ധവളപത്രം മുന്നോട്ടുവച്ചത് ഓര്‍മിക്കാം.

കാര്‍ഷിക– വ്യവസായ മേഖലകളുടെ ഉല്‍പ്പാദനക്ഷമത ഉയര്‍ത്തുക പരമപ്രധാനമാണ്. ഉള്ളതു പങ്കിടുന്നതാണ് ബജറ്റ് ധര്‍മം എന്ന കാഴ്ചപ്പാടില്ല. കൂടുതല്‍ ഉല്‍പ്പാദിപ്പിച്ച് കൂടുതല്‍പേര്‍ക്ക് നീതിപൂര്‍വം പങ്കിടുന്ന സമീപനമാണ് ബജറ്റ് മുന്നോട്ടുവയ്ക്കുന്നത്. ഉല്‍പ്പാദനവര്‍ധനയ്ക്ക് പ്രേരകമാകുന്ന നിരവധി നിര്‍ദേശങ്ങള്‍ ബജറ്റിലുണ്ട്. പച്ചക്കറികൃഷിക്ക് നല്‍കുന്ന പ്രാധാന്യവും റബര്‍ വിലസ്ഥിരതാ ഫണ്ടും അഗ്രോ– സ്പൈസസ് പാര്‍ക്കുകളും നെല്‍വയല്‍ നികത്തല്‍ ഭേദഗതി നിയമം റദ്ദാക്കിയ നടപടിയും ശ്രദ്ധേയം. പരമ്പരാഗത ഉല്‍പ്പാദന സാങ്കേതികവിദ്യകളില്‍ തുടരുന്ന കയര്‍, കശുവണ്ടി, കൈത്തറി തുടങ്ങിയവയെ ആധുനികവല്‍ക്കരിച്ച് അവയുടെ പ്രവര്‍ത്തനക്ഷമതയും മത്സരക്ഷമതയും ഉയര്‍ത്താനുള്ള നിര്‍ദേശങ്ങളുണ്ട്. പഴയ രീതിയില്‍ തുടര്‍ന്നാല്‍ ഉല്‍പ്പാദനവും തൊഴിലും ഒരുപോലെ അപകടപ്പെടുമെന്ന വ്യക്തമായ തിരിച്ചറിവുണ്ട്.

ആരോഗ്യ– വിദ്യാഭ്യാസ മേഖലകളുടെ ജീര്‍ണതയകറ്റി അവയുടെ ഗുണനിലവാരം ഉയര്‍ത്താനുള്ള നടപടികള്‍ മുന്നോട്ടുവയ്ക്കുന്നു. വിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളാക്കാനുള്ള തീരുമാനം അതിന്റെ ഭാഗമാണ്. സര്‍ക്കാര്‍ കോളേജുകളുടെയും സ്കൂളുകളുടെയും ഉയര്‍ന്ന ഗുണനിലവാരം അവയെ ആകര്‍ഷകമാക്കുമെന്നു മാത്രമല്ല, സാമൂഹ്യവികാസത്തില്‍ സംഭാവന നല്‍കുകയും ചെയ്യും. വിദ്യാഭ്യാസവും വികസനവും തമ്മിലെ ജൈവബന്ധം ഇനിയും വേണ്ടത്ര അംഗീകരിക്കപ്പെടാത്ത സാഹചര്യത്തില്‍ അത് വളരെ പ്രധാനമാണ്. വിദ്യാഭ്യാസവും ആരോഗ്യവും മാനേജ്മെന്റ് പ്രശ്നമായി ചുരുക്കിക്കണ്ടുകൂടാ.

സംസ്ഥാന ബജറ്റിനെ സാംസ്കാരിക ഇടപെടലിനുള്ള ഉപകരണമാക്കിയ അനുഭവം മുമ്പൊരിക്കലും ഉണ്ടായിട്ടില്ല. മതനിരപേക്ഷ സംസ്കാരം വളര്‍ത്തുക കൂടിയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സാമ്പത്തികപ്രവര്‍ത്തനങ്ങളും സാംസ്കാരികപ്രവര്‍ത്തനങ്ങളും തമ്മില്‍ ഇഴയടുപ്പത്തോടെ വളരണം. "നാം പ്രത്യേക ജാതിയിലോ മതത്തിലോ ഉള്‍പ്പെടുന്നില്ല'' എന്ന ശ്രീനാരായണഗുരുവിന്റെ വിളംബരം അനുസ്മരിച്ച് ആരംഭിക്കുന്ന ബജറ്റ് പ്രസംഗം ഒ എന്‍ വിയുടെ ദിനാന്തം എന്ന അവസാനകാവ്യത്തിലെ അവസാനവരികള്‍ ഉദ്ധരിച്ചാണ് അവസാനിപ്പിക്കുന്നത്. ഗുരുദേവവചനങ്ങള്‍ ഉടനീളം ഉദ്ധരിക്കുന്ന പ്രസംഗത്തില്‍ സാംസ്കാരികസ്ഥാപനങ്ങളെ കൈയയച്ച് സഹായിക്കുന്നു. ഇത് കല –സാഹിത്യ– സാംസ്കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്നവരെ ആഹ്ളാദചിത്തരാക്കും. സാമ്പത്തികപ്രതിസന്ധി സാംസ്കാരികപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാക്കിയില്ല. ജാതിയും മതവും സാമൂഹ്യജീവിതത്തില്‍ പിടിമുറുക്കാന്‍ ഭഗീരഥപ്രയത്നം ചെയ്യുന്ന ഒരു സന്ദര്‍ഭത്തില്‍ അവയെ പ്രതിരോധിക്കാനുള്ള ശക്തമായ ഉപകരണങ്ങളാണ് സാംസ്കാരികസ്ഥാപനങ്ങളെന്ന സന്ദേശമാണ് ബജറ്റ് നല്‍കുന്നത്. അഴിമതിരഹിത– മതനിരപേക്ഷ– വികസിത കേരളം കൈവരിക്കുന്നതിന് സംസ്ഥാന ബജറ്റ് ശക്തമായ ഉപാധിയാക്കി മാറ്റിയ ഡോ. തോമസ് ഐസക് അഭിനന്ദനമര്‍ഹിക്കുന്നു.

നികുതിയില്ലാത്തതല്ല ഏറ്റവും നല്ല ബജറ്റ്. എന്നാല്‍, നികുതി സാധാരണക്കാരെ ദ്രോഹിക്കുന്നതാകരുത്. 805 കോടി രൂപയുടെ അധികനികുതിവരുമാനമാണ് ബജറ്റ് പ്രതീക്ഷിക്കുന്നത്. വെളിച്ചെണ്ണയ്ക്ക് നിലവില്‍ നികുതിയിളവുണ്ട്. ഇതിന്റെ ഗുണം കേരകര്‍ഷകര്‍ക്ക് ലഭിക്കുന്നില്ല; പുറത്തുനിന്നുള്ള വ്യാപാരികളാണ് കൈക്കലാക്കുന്നത്. മായംചേര്‍ത്ത വെളിച്ചെണ്ണ സംസ്ഥാനത്തേക്ക് കടത്തുന്നുണ്ട്. ഇത്തരം എണ്ണകളുടെ വരവ് നിയന്ത്രിക്കാന്‍ വെളിച്ചെണ്ണയ്ക്കുമേല്‍ അഞ്ചുശതമാനം നികുതി ഏര്‍പ്പെടുത്തുകയും ആ വരുമാനം നാളികേരസംഭരണത്തിന് വിനിയോഗിക്കുകയും ചെയ്യും. ആഭ്യന്തര വെളിച്ചെണ്ണ ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കുന്നതാണ് ഈ നടപടി. വിമര്‍ശം സ്വാഭാവികം.

ജനങ്ങളുടെ ആരോഗ്യം നശിപ്പിക്കുന്ന കൃത്രിമ ഭക്ഷ്യവസ്തുക്കളുടെമേല്‍ 14.5 ശതമാനം നികുതി ന്യായീകരിക്കപ്പെടും. വെളിച്ചെണ്ണ ഉപയോഗിച്ചുള്ള അലക്കുസോപ്പിന് നികുതി ഒരുശതമാനം കുറച്ചിരുന്നു. അത് അഞ്ചുശതമാനമാക്കി. ഇത് സോപ്പിന്റെ വിലയെ ബാധിക്കില്ല. കാരണം, വെളിച്ചെണ്ണ ഉപയോഗിച്ചല്ല സോപ്പ് നിര്‍മിക്കുന്നത്. ബസുമതി അരിയുടെ നികുതി അഞ്ച് ശതമാനമാക്കുന്നത് സാധാരണക്കാരെ തെല്ലും ബാധിക്കില്ല. ഗോതമ്പിനും ഗോതമ്പ് ഉല്‍പ്പന്നങ്ങള്‍ക്കുമുള്ള നികുതി നേരത്തെ എടുത്തുകളഞ്ഞിരുന്നു. എന്നാല്‍, പായ്ക്കറ്റിലാക്കി വില്‍ക്കുന്ന ആട്ട, മൈദ, സൂജി, റവ എന്നിവ പഴയ വിലയ്ക്കുതന്നെ വില്‍ക്കുന്നു. അതില്‍ നികുതി ഉള്‍പ്പെടുന്നുണ്ട്. ഉപഭോക്താവിനും സര്‍ക്കാരിനുമില്ല ഗുണം. മേല്‍കൊടുത്തവയ്ക്കുമേല്‍ അഞ്ചുശതമാനം നികുതി ചുമത്തുന്നു. തുകവ്യത്യാസം പരിഗണിക്കാതെ എല്ലാത്തരം ഭാഗാധാരങ്ങള്‍ക്കും രജിസ്ട്രേഷന്‍ ഫീസ് 1000 രൂപയാക്കിയത് ബജറ്റ് തിരുത്തുന്നു. പൊതുവെ പറഞ്ഞാല്‍ വലിയ വിമര്‍ശങ്ങള്‍ക്ക് ഇടനല്‍കാത്ത നികുതി നിര്‍ദേശങ്ങളാണ് ബജറ്റിലുള്ളത്. സാമ്പത്തികപ്രതിസന്ധിയുടെ പേരില്‍ കരയാനല്ല, കരുത്തോടെ കുതിക്കാനാണ് ഡോ. ഐസക്കിന്റെ ശ്രമം

*
പ്രൊഫ. കെ എന്‍ ഗംഗാധരന്‍ Monday Jul 11, 2016
http://www.deshabhimani.com/articles/news-articles-11-07-2016/573953

No comments:

Post a Comment