Friday, July 1, 2016

യുഡിഎഫ് ജീവിച്ചത് ധനപരമായ നുണകളില്‍

സംസ്ഥാനത്തിന്റെ ധനകാര്യം സംബന്ധിച്ച് സമഗ്രമായ ധവളപത്രമാണ് ധനമന്ത്രി തോമസ് ഐസക് കേരള സമൂഹത്തിനുമുന്നില്‍ അവതരിപ്പിച്ചത്. ഏതെങ്കിലും പ്രഖ്യാപനങ്ങളോ റിപ്പോര്‍ട്ടുകളോ അല്ല മറിച്ച്, ധനവകുപ്പില്‍ ലഭ്യമായ ആധികാരികസ്ഥിതിവിവരങ്ങളാണ് ധവളപത്രത്തിന് ആധാരം. ജനങ്ങള്‍ക്ക് കാര്യങ്ങള്‍ മനസ്സിലാക്കാനും ശരി തെറ്റുകള്‍ തിരിച്ചറിയാനും ധവളപത്രം സഹായിക്കും. 1956–57 മുതല്‍ 2014–15 വരെയുള്ള റവന്യൂവരുമാനം, റവന്യൂചെലവ്, പൊതുകടം, റവന്യൂ– ധനകമ്മികള്‍ എന്നിവ ധവളപത്രത്തില്‍ ചേര്‍ത്തിട്ടുണ്ട്. പഠനാര്‍ഹമായ ഒരു ഗവേഷണപ്രബന്ധമെന്ന് അതിനെ വിശേഷിപ്പിക്കാം. 2001ലും 2011ലും യുഡിഎഫ് പ്രസിദ്ധീകരിച്ച ധവളപത്രത്തേക്കാള്‍ ഇപ്പോഴത്തെ ധവളപത്രത്തെ ശ്രദ്ധേയമാക്കുന്നത് കണക്കുകളുടെ വിശ്വസനീയതയും വിശകലനത്തിലെ ഉള്‍ക്കാഴ്ചയുമാണ്.

സംസ്ഥാനം നേരിടുന്നത് ഇത്രമേല്‍ രൂക്ഷമായ പ്രതിസന്ധിയാണെന്നു പലരും ധരിച്ചിരുന്നില്ല. പ്രതിസന്ധിയെന്ന് അംഗീകരിക്കാന്‍പോലും മുന്‍ ധനമന്ത്രിയും മുന്‍ മുഖ്യമന്ത്രിയും തയ്യാറായിരുന്നില്ല. പ്രയാസം, ബുദ്ധിമുട്ട്, ഞെരുക്കം തുടങ്ങിയ മൃദുല പദങ്ങള്‍കൊണ്ട് യഥാര്‍ഥ സ്ഥിതിയെ പൊതുജനദൃഷ്ടിയില്‍നിന്ന് മൂടിവയ്ക്കാനാണ് അവര്‍ ശ്രമിച്ചുപോന്നത്. അതിന്റെ ഭാഗമായിരുന്നു ഖജനാവിലെ മിച്ചം സംബന്ധിച്ച അടിസ്ഥാനരഹിതമായ പ്രസ്താവന. 2016 മാര്‍ച്ച് 31ന് ഖജനാവ് 73 കോടി രൂപയുടെ കമ്മി നേരിടുമ്പോള്‍ മുന്‍ മുഖ്യമന്ത്രി വെല്ലുവിളിച്ചത് 1643 കോടി രൂപ മിച്ചമുണ്ടെന്നാണ്. യാഥാര്‍ഥ്യമെന്തായിരുന്നുവെന്ന് ഇപ്പോള്‍ ജനങ്ങള്‍ക്ക് ബോധ്യമായി. രാഷ്ട്രീയമായി എന്തെല്ലാം അസത്യപ്രസ്താവനകള്‍ നടത്തിയാലും, സംസ്ഥാനത്തിന്റെ ധനകാര്യം സംബന്ധിച്ച് ഒരു ഭരണാധിപന്‍ അസത്യം പറയുന്നത് ഉയര്‍ന്ന മൂല്യബോധത്തിന് അനുഗുണമല്ല.

സംസ്ഥാന ഖജനാവ് കാലിയാണ്. കൊടുത്തുതീര്‍ക്കാനുള്ള ബാധ്യതകള്‍ പരിഗണിക്കുമ്പോഴേ, പ്രശ്നത്തിന്റെ രൂക്ഷത ബോധ്യമാകൂ. കോണ്‍ട്രാക്ടര്‍മാര്‍ക്ക് 1632 കോടി രൂപ കൊടുക്കാനുണ്ട്. സാമൂഹ്യ പെന്‍ഷന്‍ ഇനത്തില്‍ കൊടുക്കാനുള്ളത് 806 കോടി രൂപ. മറ്റ് സ്ഥാപനങ്ങളില്‍നിന്ന് സ്വീകരിച്ച നിക്ഷേപങ്ങള്‍ 1365 കോടി, ഭൂമി ഏറ്റെടുത്ത വകയില്‍ 250 കോടി, നെല്ല് സംഭരിച്ച വകയില്‍ 431 കോടി, സിവില്‍ സപ്ളൈസിന് 536 കോടി–  ഇങ്ങനെ പോകുന്നു ബാധ്യതകളുടെ പട്ടിക. ബജറ്റിന് പുറത്ത് ഭരണാനുമതി നല്‍കപ്പെട്ട 1199 കോടി രൂപയുടെ ബാധ്യത വേറെ. നടന്നുവരുന്ന പദ്ധതികള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ വേണം 1620 കോടി രൂപ. ആകെക്കൂടി 10,000 കോടി രൂപ സര്‍ക്കാര്‍ അധികമായി കണ്ടെത്തണം. ഇക്കാര്യങ്ങളെല്ലാം പൊതുജനദൃഷ്ടിയില്‍നിന്ന് മറച്ചുവയ്ക്കുകയായിരുന്നു. "ഗവണ്‍മെന്റ്, ധനപരമായ നുണകളില്‍ ജീവിക്കുകയായിരുന്നു'' എന്ന ധവളപത്രത്തിലെ വിമര്‍ശം സാധൂകരിക്കപ്പെടുന്നത് ഈ പശ്ചാത്തലത്തിലാണ്.

ചെലവുകള്‍ ഏറുന്തോറും വരുമാനസമാഹരണം ദുര്‍ബലമായതാണ് സാമ്പത്തികപ്രതിസന്ധിക്ക് മൂലകാരണം. കഴിഞ്ഞ എല്‍ഡിഎഫ് ഭരണത്തിന്റെ ആദ്യവര്‍ഷം (2006–07) റവന്യൂസമാഹരണം ബജറ്റില്‍ ലക്ഷ്യമിട്ടതിന്റെ 108.4 ശതമാനമായിരുന്നു. അഞ്ചുവര്‍ഷവും 100 ശതമാനത്തിലേറെ നികുതിപിരിവ് നടത്തി. ശരാശരി പ്രതിവര്‍ഷം 5.2 ശതമാനം കൂടുതലായിരുന്നു നികുതിപിരിവ് ബജറ്റ് ലക്ഷ്യത്തേക്കാള്‍. ആ പ്രവണത വീഴ്ചകൂടാതെ തുടര്‍ന്നിരുന്നെങ്കില്‍ 16,000 കോടിയിലേറെ രൂപ അഞ്ചു വര്‍ഷംകൊണ്ട് സമാഹരിക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍, 2011–12ല്‍ തുടങ്ങിയ നികുതിവരുമാനത്തകര്‍ച്ച 2015–16ല്‍ ഉച്ചസ്ഥായിയില്‍ എത്തി. 86 ശതമാനമായി ഇടിഞ്ഞു.

കടം വാങ്ങി കമ്മി നികത്തിയതിന്റെ പരിണതഫലം തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ സംസ്ഥാനം നേരിടും. 2017ല്‍ 12,649 കോടി രൂപ മുതലും പലിശയും തിരിച്ചടയ്ക്കാന്‍ വേണ്ടിവരും. 2021 ആകുമ്പോഴേക്കും അത് 16,490 കോടി രൂപയിലേക്ക് ഉയരും. 2017ല്‍ വായ്പയെടുക്കാന്‍ കഴിയുന്നത് 25,000 കോടി രൂപയാണ്. വായ്പയ്ക്ക് ധനകമീഷന്‍ മൂന്നുശതമാനം പരിധി കല്‍പ്പിച്ചിട്ടുള്ളതുകൊണ്ടാണത്. മുതലും പലിശയും കഴിച്ച്, അവശേഷിക്കുന്ന തുക റവന്യൂകമ്മി നികത്താനും പ്രയോഗിച്ച് കഴിയുമ്പോള്‍ മൂലധനനിക്ഷേപത്തിന് ഒന്നും അവശേഷിക്കില്ല എന്നതാണ് വാസ്തവം.

അടിയന്തരമായി തീര്‍ക്കേണ്ട ഉയര്‍ന്ന ബാധ്യതകള്‍, ഇടിയുന്ന വരുമാനസമാഹരണം, ഉയര്‍ന്ന റവന്യൂചെലവുകള്‍, വളരുന്ന പൊതുകടം, വര്‍ധിക്കുന്ന പലിശച്ചെലവ്, സാമ്പത്തികവളര്‍ച്ചയ്ക്ക് വര്‍ധിച്ച മൂലധനനിക്ഷേപം– ഇവയെല്ലാം ചേര്‍ന്ന് ധനമന്ത്രിയുടെ ജോലിനിര്‍വഹണം പ്രയാസകരമാക്കുന്നു.
യുഡിഎഫ് സര്‍ക്കാരിന്റെ ഭരണകാലത്ത് റവന്യൂചെലവ് ഉയരാന്‍ കാരണം ശമ്പളപരിഷ്കരണമാണെന്ന് ചില വിദഗ്ധര്‍ വാദിക്കുന്നു. അതുകൊണ്ട് ശമ്പളപരിഷ്കരണംതന്നെ വേണ്ടെന്നോ നീട്ടിവയ്ക്കണമെന്നോ ആവശ്യപ്പെടുന്നു. യുഡിഎഫായാലും എല്‍ഡിഎഫായാലും ഓരോ അഞ്ചുകൊല്ലം കൂടുമ്പോഴും നടപ്പാക്കുന്ന ശമ്പളപരിഷ്കരണം അതത് സര്‍ക്കാരുകള്‍ വഹിക്കാന്‍ ബാധ്യസ്ഥരാകുന്നു എന്ന വസ്തുത വിദഗ്ധര്‍ വിസ്മരിക്കുന്നു. 10–ാം ശമ്പളകമീഷന്‍ ശുപാര്‍ശപ്രകാരമുള്ള ശമ്പളം 2017–18, 2018–19 എന്നീ സാമ്പത്തികവര്‍ഷങ്ങളില്‍, നാല് ഇന്‍സ്റ്റാള്‍മെന്റുകളായാണ് വിതരണം ചെയ്യുക. 2017 ഏപ്രില്‍ ഒന്നിന് 4443 കോടി രൂപ വേണം ശമ്പളപരിഷ്കരണം നടപ്പാക്കാന്‍.

പുതുക്കിയ ബജറ്റില്‍ എന്തെല്ലാം സമൂര്‍ത്തങ്ങളായ നിര്‍ദേശങ്ങളുണ്ടാകും എന്നതുസംബന്ധിച്ച് വിശദാംശങ്ങള്‍ ധവളപത്രത്തിലില്ല. പക്ഷേ, കൃത്യമായ രൂപരേഖ വരച്ചിട്ടുണ്ട്. അതിപ്രകാരമാണ്: സാമൂഹ്യസുരക്ഷാ പെന്‍ഷനുകള്‍ വര്‍ധിപ്പിക്കും; കൃത്യസമയത്ത് ലഭ്യമാക്കും. ശമ്പളം, പെന്‍ഷന്‍, പലിശ എന്നിവയൊഴികെ എല്ലാ പദ്ധതിയിതര ചെലവുകളും കര്‍ശനമായി നിയന്ത്രിക്കും. നികുതിസമാഹരണം യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തിന്റേതിനേക്കാള്‍ ഇരട്ടിയാക്കും. പൊതുനിക്ഷേപം ഉയര്‍ത്തും. അതിന് ബജറ്റിന് പുറത്തുനിന്നുള്ള വിഭവസമാഹരണമാര്‍ഗങ്ങള്‍ ശക്തിപ്പെടുത്തും

പ്രൊഫ. കെ എന്‍ ഗംഗാധരന്‍ Friday Jul 1, 2016 ദേശാഭിമാനി

No comments:

Post a Comment