Tuesday, October 19, 2010

ആശ്വാസം പകര്‍ന്ന് കേരളം

400 ശബരി സ്റ്റോര്‍‍, 322 സൂപ്പര്‍ മാര്‍ക്കറ്റ്, 868 മാവേലി സ്റ്റോര്‍‍, അഞ്ച് പീപ്പിള്‍സ് ബസാര്‍- സപ്ളൈകോ ഒരുക്കുന്ന സമാനതകളില്ലാത്ത ഈ പൊതുവിതരണസംവിധാനം വിലക്കയറ്റത്തിന്റെ പൊള്ളലില്‍നിന്ന് കേരളത്തെ രക്ഷിച്ചുനിര്‍ത്തുകയാണ്. വിലക്കയറ്റം സൃഷ്ടിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്ക് വിപരീതമായി കോടികള്‍ ചെലവിട്ട് ജനങ്ങള്‍ക്ക് ആശ്വാസമെത്തിക്കുകയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍. എല്‍ഡിഎഫ് സര്‍ക്കാരിന് ജനങ്ങളോടുള്ള പ്രതിബദ്ധത അറിയാന്‍ സിവില്‍ സപ്ളൈസ് കോര്‍പറേഷന്റെ 3200 ഔട്ട്‌ലെറ്റില്‍ 13 ഇനങ്ങളുടെ വിലമാത്രം നോക്കിയാല്‍ മതി. നാലുവര്‍ഷമായി രാജ്യത്ത് ഒരേവിലയ്ക്ക് ലഭിക്കുന്ന ഇനങ്ങള്‍ ഇതുമാത്രം.
വിലക്കയറ്റം രാജ്യത്തെയാകെ പൊള്ളിക്കുമ്പോള്‍ കേരളം എല്ലാ അര്‍ഥത്തിലും മാതൃകയാവുകയാണ്. സപ്ളൈകോയും സഹകരണവകുപ്പും ഉണര്‍ന്നു പ്രവര്‍ത്തിച്ചപ്പോള്‍ പൊതുവിപണിയില്‍ വില ക്രമാതീതമായി കൂട്ടാന്‍ ആര്‍ക്കും കഴിയാതായി. ഉത്സവ കാലത്തെ പൊള്ളുന്ന വിലക്കയറ്റവും പഴങ്കഥയായി.

മാവേലി-ശബരി സ്ടോറുകള്‍ക്കും ലാഭം മാര്‍ക്കറ്റുകള്‍ക്കും പുറമെ പതിനാലായിരത്തോളം റേഷന്‍കടയും പ്രയോജനപ്പെടുത്തിയാണ് കേരളം പൊതുവിതരണസമ്പ്രദായം ശക്തിപ്പെടുത്തിയത്. മലയോരപ്രദേശം, ആദിവാസിമേഖല എന്നിവിടങ്ങളിലായി ഏഴ് മൊബൈല്‍ മാവേലിസ്ടോറും ആരംഭിച്ചു. പട്ടണത്തില്‍ പ്രവര്‍ത്തിക്കുന്ന സൂപ്പര്‍ മാര്‍ക്കറ്റുകളുടെ പ്രവര്‍ത്തനം ആഴ്ചയില്‍ ഏഴു ദിവസമാക്കിയതും ജനങ്ങള്‍ക്ക് ആശ്വാസമായി. മൂന്നുവര്‍ഷത്തിനിടെ ശബരി സ്റ്റോറുകള്‍ ഉള്‍പ്പെടെ 650ല്‍പ്പരം പുതിയ വിപണനകേന്ദ്രങ്ങളാണ് സപ്ളൈകോ തുറന്നത്.

യുഡിഎഫ് ഭരണകാലത്ത് കമ്പോള ഇടപെടലിന് പ്രതിവര്‍ഷം മുടക്കിയത് 10 കോടി രൂപമാത്രമായിരുന്നു. അതേസമയം. എല്‍ഡിഎഫ് സര്‍ക്കാര്‍ 2009ല്‍ മുടക്കിയത് 105 കോടി. ഈ വര്‍ഷം തുക ഇതിലും വര്‍ധിക്കും.

സപ്ളൈകോ വിപണനകേന്ദ്രങ്ങളെ ആശ്രയിക്കുന്നവരുടെ എണ്ണവും തരവും വര്‍ധിക്കുകയും ചെയ്തു. നിര്‍ധനജനങ്ങളുടെമാത്രം ആശ്രയമാണ് സപ്ളൈകോ എന്ന ധാരണയും മാറി. വിവിധ വരുമാനക്കാര്‍ ക്യൂവിലെ പതിവുകാഴ്ചയായി. സംസ്ഥാനത്തെ ഒന്നേകാല്‍ക്കോടി ജനങ്ങളാണ് ഇന്ന് സപ്ളൈകോയെ ആശ്രയിക്കുന്നത്. സപ്ളൈകോയുടെ വിറ്റുവരവ് 750 കോടിയില്‍നിന്ന് 2284 കോടിയിലേക്ക് ഉയര്‍ന്നു.

കാലം മാറുന്നതനുസരിച്ച് പുതിയ ഉല്‍പ്പന്നങ്ങളും സപ്ളൈകോ വിപണിയിലെത്തിക്കുന്നു. സ്വന്തം കറി പൌഡറും കാപ്പിപ്പൊടിയും ഇതില്‍പ്പെടുന്നു.

അരിവിഹിതം വെട്ടിക്കുറച്ച് കേരളത്തിലെ പൊതുവിതരണം തകര്‍ക്കാനുള്ള കേന്ദ്രനീക്കത്തിനുള്ള ശക്തമായ മറുപടിയായിരുന്നു കുറഞ്ഞ വിലയ്ക്ക് ജനങ്ങള്‍ക്ക് അരി നല്‍കിയത്. മൊത്തം റേഷന്‍കാര്‍ഡ് ഉടമകളുടെ പകുതിയിലേറെവരുന്ന 36 ലക്ഷം കുടുംബത്തിനാണ് സര്‍ക്കാര്‍ സബ്സിഡി നല്‍കി രണ്ടു രൂപ നിരക്കില്‍ ഭക്ഷ്യധാന്യം നല്‍കുന്നത്. പുതിയ വിഭാഗങ്ങളെക്കൂടി ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചതോടെ അത് താമസിയാതെ 41 ലക്ഷത്തിലെത്തും.

മാവേലിസ്റ്റോറുകള്‍, മൊബൈല്‍ മാവേലിസ്ടോറുകള്‍, മാവേലി സൂപ്പര്‍മാര്‍ക്കറ്റ്, പീപ്പിള്‍സ് ബസാര്‍, ലാഭം മാര്‍ക്കറ്റ് തുടങ്ങിയവയിലൂടെ നിത്യോപയോഗസാധനങ്ങള്‍ തുടര്‍ച്ചയായി വിപണനം ചെയ്യുന്നതുകൊണ്ട് ദേശീയ ദേശാന്തര കുത്തകകള്‍ക്ക് നമ്മുടെ റീട്ടെയില്‍ മേഖല ഇനിയും കിട്ടാക്കനിയാണ്.
(ആര്‍ സാംബന്‍)

ദേശാഭിമാനി 191010

1 comment:

  1. 400 ശബരി സ്റ്റോര്‍‍, 322 സൂപ്പര്‍ മാര്‍ക്കറ്റ്, 868 മാവേലി സ്റ്റോര്‍‍, അഞ്ച് പീപ്പിള്‍സ് ബസാര്‍- സപ്ളൈകോ ഒരുക്കുന്ന സമാനതകളില്ലാത്ത ഈ പൊതുവിതരണസംവിധാനം വിലക്കയറ്റത്തിന്റെ പൊള്ളലില്‍നിന്ന് കേരളത്തെ രക്ഷിച്ചുനിര്‍ത്തുകയാണ്. വിലക്കയറ്റം സൃഷ്ടിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്ക് വിപരീതമായി കോടികള്‍ ചെലവിട്ട് ജനങ്ങള്‍ക്ക് ആശ്വാസമെത്തിക്കുകയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍. എല്‍ഡിഎഫ് സര്‍ക്കാരിന് ജനങ്ങളോടുള്ള പ്രതിബദ്ധത അറിയാന്‍ സിവില്‍ സപ്ളൈസ് കോര്‍പറേഷന്റെ 3200 ഔട്ട്‌ലെറ്റില്‍ 13 ഇനങ്ങളുടെ വിലമാത്രം നോക്കിയാല്‍ മതി. നാലുവര്‍ഷമായി രാജ്യത്ത് ഒരേവിലയ്ക്ക് ലഭിക്കുന്ന ഇനങ്ങള്‍ ഇതുമാത്രം.

    ReplyDelete