Friday, July 1, 2016

എസ്ബിടി: കേരളത്തിന്റെ ബാങ്കിങ് വികാരം

എഴുപത് വര്‍ഷം പഴക്കമുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ മലയാളിമനസ്സുകളില്‍ സ്ഥിരപ്രതിഷ്ഠ നേടിയ ബാങ്കിങ് നാമമാണ്. ഒരിക്കല്‍പ്പോലും നഷ്ടം സംഭവിച്ചിട്ടില്ലാത്ത, കേരളം ആസ്ഥാനമായുള്ള ഏക പൊതുമേഖലാ ബാങ്ക്. ഇപ്പോഴും അതിന്റെ പ്രവര്‍ത്തനക്ഷമതയിലോ നിലനില്‍പ്പിനോ ഒരു ഉലച്ചിലും സംഭവിച്ചിട്ടില്ലെന്നതും വസ്തുതയാണ്. 1990 മുതല്‍ ദേശീയതലത്തിലെ സര്‍ക്കാര്‍ നയംമാറ്റത്തിന്റെ ഭാഗമായി, ബാങ്കിങ് ഉള്ളടക്കത്തിലും സമീപനത്തിലുമുള്ള സമ്പന്നാഭിമുഖ്യം തീക്ഷ്ണമാണ്. അത്തരം പ്രഖ്യാപിതനയങ്ങള്‍ ഉള്‍ക്കൊണ്ടുതന്നെ കടന്നുവന്ന വഴികള്‍ മറന്നുപോകാതെ സാധാരണക്കാര്‍ക്ക് അനുകൂലമായ നിലപാടെടുക്കാന്‍ എസ്ബിടിക്ക് കഴിയുന്നുണ്ട്. കേരളത്തിലെ വിദ്യാഭ്യാസവായ്പാ വിതരണത്തില്‍ ഈ ബാങ്കിന്റെ മഹനീയ പങ്കാളിത്തം ശ്രദ്ധേയമാണ്. കാര്‍ഷിക, ചെറുകിട വായ്പാ വിതരണത്തിലും ഇതര ബാങ്കുകളേക്കാള്‍ മികച്ച ചിത്രമാണ്, പരിമിതികള്‍ക്കിടയിലും ഈ ബാങ്കിങ് സ്ഥാപനം കാഴ്ചവയ്ക്കുന്നത്. കേരളജനതയുമായി നിലനിര്‍ത്തിപ്പോരുന്ന വൈകാരിക അടുപ്പവും സംസ്ഥാനസര്‍ക്കാരിന്റെ മുഖ്യബാങ്കര്‍ എന്ന നിലയില്‍ ആര്‍ജിക്കാനായ ഗാഢബന്ധവുമാണ് മലയാളിമനസ്സുകളില്‍ എസ്ബിടിക്ക് ലഭിക്കുന്ന ഉഷ്മളതയുടെ നിദാനം. സമാനമായ പ്രാദേശിക വൈശിഷ്ട്യങ്ങള്‍ ഇതര അസോസിയറ്റ് ബാങ്കുകള്‍ക്കും അതതു സംസ്ഥാനങ്ങളില്‍ നിലനില്‍ക്കുന്നുണ്ട്. തന്മൂലം കേന്ദ്രസര്‍ക്കാര്‍നയം എത്രയൊക്കെ മാറ്റത്തിനു വിധേയമായാലും, മൈക്രോതലത്തില്‍ ഇത്തരം ബാങ്കുകള്‍ക്ക് സ്വന്തം ജനതയോട് മുഖംതിരിച്ച് നില്‍ക്കാന്‍ സാധിക്കില്ല. ഈ സ്ഥാപനങ്ങളെത്തന്നെ ഇല്ലാതാക്കിമാത്രമേ തങ്ങളുടെ പരിഷ്കരണനടപടികള്‍ തീവ്രമായി നടപ്പാക്കാനാകൂ എന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ബാങ്ക് ലയനങ്ങളും പിടിച്ചെടുക്കലുകളും ശക്തമാക്കാന്‍ ഭരണാധികാരികള്‍ ശ്രമിക്കുന്നത്.

ഇന്ത്യയെന്ന രാജ്യത്തിന്റെ ബഹുസ്വരതയെപ്പോലെതന്നെ ഇന്നാട്ടിലെ ബാങ്കുകളും അതതു പ്രദേശത്തെ സംസ്കാരവും ജീവിതാവശ്യങ്ങളും ഏറ്റുവാങ്ങി രൂപീകൃതമായ സാമ്പത്തികസ്ഥാപനങ്ങളാണ്. 1970കളിലെ ബാങ്ക് ദേശസാല്‍ക്കരണ നടപടിയിലൂടെ ഈ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ സംരക്ഷണംകൂടി ലഭ്യമായതോടെ ജനമനസ്സുകളില്‍ അവയുടെ വിശ്വസ്തതയ്ക്ക് സ്ഥിരപ്രതിഷ്ഠ ലഭ്യമായി. ദേശസാല്‍ക്കരണ ചിന്തകളുടെ ശക്തമായ സ്വാധീനംമൂലം പഴയ സ്വകാര്യബാങ്കുകള്‍പോലും സാമൂഹ്യ നീതിയുടെ പന്ഥാവിലേക്ക് കടന്നുവന്നു. ഇന്ത്യയില്‍ ഉയര്‍ന്നുവന്ന ഈ ബാങ്ക് വൈവിധ്യവും ജനാഭിമുഖ്യവും ലോകത്തുതന്നെ അന്യാദൃശ്യവും അനന്യവുമാണ്. ഈയൊരു ബാങ്കിങ് പരിപ്രേക്ഷ്യവും സംസ്കാരവും ജനങ്ങളില്‍ രൂഢമൂലമായതിനാലാണ് നവലിബറല്‍ സങ്കല്‍പ്പങ്ങളുമായി കടന്നുവന്ന ന്യൂജനറേഷന്‍ സ്വകാര്യ– വിദേശ ബാങ്കുകള്‍ക്ക് സാമാന്യജനങ്ങളില്‍ വേണ്ടത്ര ഇടംകിട്ടാതെ പോയത്. നവസ്വകാര്യ ബാങ്കിങ് വിസ്മയത്തില്‍ ആകൃഷ്ടരായി പോയവരില്‍ നല്ലൊരു വിഭാഗം അവിടത്തെ ചതിക്കുഴികളും സമ്പന്നാഭിമുഖ്യവും തിരിച്ചറിഞ്ഞപ്പോള്‍ വീണ്ടും പൊതുമേഖലാ ബാങ്കുകളില്‍ മടങ്ങിയെത്തിയെന്നും കാണാനാകും.

2008ല്‍ ലോകത്തെ ഉഴുതുമറിച്ച ആഗോള സാമ്പത്തിക പ്രതിസന്ധിക്കടിയില്‍പ്പെട്ട് സാങ്കേതികവിദ്യയും മൂലധനവും സമൃദ്ധമായുള്ള ആഗോളബാങ്കുകള്‍ നിലംപൊത്തിയപ്പോള്‍ ഇന്ത്യന്‍ പൊതുമേഖലാബാങ്കുകള്‍ പോറലേല്‍ക്കാതെ നിലയുറപ്പിച്ച കാര്യം ഗുണപാഠമാകേണ്ടതായിരുന്നു. എന്നാല്‍, കേന്ദ്രഭരണാധികാരികളുടെ വരേണ്യപക്ഷപാതിത്വംമൂലം ഈ വസ്തുനിഷ്ഠ യാഥാര്‍ഥ്യങ്ങളെ തമസ്കരിക്കുകയും പടിഞ്ഞാറന്‍ മാതൃകയില്‍ കേന്ദ്രീകൃത സ്വഭാവമുള്ള ഒരു ബാങ്കിങ് സംസ്കാരത്തെ നട്ടുവളര്‍ത്താനുമാണ് ഇന്ത്യയില്‍ ശ്രമം നടക്കുന്നത്. മാത്രമല്ല, കൂറ്റന്‍ ആകാരരൂപത്തില്‍ ബാങ്കുകള്‍ ഉണ്ടായാല്‍, അവയുടെ പ്രവൃത്തികളും സമീപനങ്ങളും കുത്തകതാല്‍പ്പര്യാര്‍ഥമായി തീരുമെന്നത് സ്വാഭാവികം. ഇപ്പോഴാകട്ടെ, പൊതുമേഖലാ ബാങ്കുകളില്‍പ്പോലും നിര്‍ണായകമായ തോതില്‍ വിദേശ ഓഹരി പങ്കാളിത്തവും സ്വകാര്യ മൂലധനശക്തികളും കടന്നുകൂടിക്കഴിഞ്ഞു. ആയതിനാല്‍ ബാങ്ക് തകര്‍ച്ചകളും ആഗോള ബാങ്കിങ് കെടുതികളും ഇനി നമ്മുടെ നാട്ടിലും സാധാരണമാകാന്‍ പോകുകയാണ്. ഇന്ത്യക്ക് അമേരിക്കയുടെ ജൂനിയര്‍ പങ്കാളിയെന്ന മേലങ്കി ലഭിക്കുന്നതിന്റെ ആഘാതം പ്രതിരോധമേഖലയില്‍മാത്രമല്ല, ഇന്ത്യന്‍ സാമൂഹ്യജീവിതത്തിന്റെ സമസ്തകോശങ്ങളിലേക്കും പടര്‍ന്നുകയറാന്‍ പോകുന്നുവെന്നതാണ് വസ്തുത.

അഞ്ച് അസോസിയറ്റ് ബാങ്കുകള്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിക്കുമ്പോള്‍ ആ ബാങ്കുകളിലെ ഇടപാടുകാര്‍ക്ക് അസ്വസ്ഥതയും പുതിയ ബാങ്കിനോട് അപരിചിതത്വവും ഉണ്ടാകും. 20 പൊതുമേഖലാ ബാങ്കുകളെ തമ്മില്‍ കൂട്ടിച്ചേര്‍ത്ത് ആറ് വലിയ ബാങ്കാക്കി തീര്‍ക്കാനുള്ള കര്‍മപദ്ധതിയും അണിയറയില്‍ സജ്ജമായിക്കഴിഞ്ഞു. വ്യത്യസ്ത കാരണങ്ങളാല്‍ ധനലക്ഷ്മി ബാങ്ക്, കാത്തലിക് സിറിയന്‍ ബാങ്ക്, ഫെഡറല്‍ ബാങ്ക്, സൌത്ത് ഇന്ത്യന്‍ ബാങ്ക് എന്നിവയും നവ സ്വകാര്യബാങ്കുകളില്‍ അഭയം തേടാന്‍ ഒരുങ്ങിനില്‍ക്കുകയാണ്. ഈ വിധം തിരോധാനത്തിന് വിധേയമാകുന്ന വിവിധ ബാങ്കുകളിലെ അസംഖ്യം ഇടപാടുകാര്‍ക്ക് വന്‍തോതില്‍ ഗൃഹാതുരത്വവും അപരിചിതത്വവും അനുഭവുപ്പെടുമെന്നത് തീര്‍ച്ച. മാത്രമല്ല, ബാങ്ക് ശാഖകള്‍ വന്‍തോതില്‍ അടച്ചുപൂട്ടേണ്ടിയും വരും. എസ്ബിടിക്ക് കേരളത്തില്‍ 850 ശാഖയുണ്ട്; സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് 450 ശാഖയും. 450 പ്രദേശങ്ങളിലെങ്കിലും, ഇരട്ടശാഖാ പ്രശ്നം ഉയര്‍ന്നുവരുമെന്നതിനാല്‍ ലയനം സംഭവിച്ചാല്‍ 450 എസ്ബിടി ശാഖകള്‍ അടച്ചുപൂട്ടപ്പെടും. അഞ്ച് അസോസിയറ്റ് ബാങ്കും 14 പൊതുമേഖലാ ബാങ്കും സുപരിചിതമായ സ്വകാര്യബാങ്കുകളും സമാനമായ വിധം ഇല്ലാതാകുമ്പോള്‍, പ്രസ്തുത ബാങ്കുകളുടെ ആയിരക്കണക്കിനു ശാഖകളാണ് അടച്ചുപൂട്ടപ്പെടുക. ഈ ശാഖകളെ ആശ്രയിക്കുന്ന ലക്ഷക്കണക്കിന് ഇടപാടുകാര്‍ക്ക് തങ്ങളുടെ ബാങ്കിങ് രീതി മാറ്റാനും പുതിയൊരു ബാങ്കിലേക്ക് നീങ്ങാനുമുള്ള നിര്‍ബന്ധിത സാഹചര്യമാണ് ബാങ്ക് ലയനത്തോടെ ആവിര്‍ഭവിക്കുന്നത്.

ഗ്യാസ് സബ്സിഡി, പെന്‍ഷന്‍ തുടങ്ങി സകലകാര്യങ്ങള്‍ക്കും ബാങ്ക് അക്കൌണ്ട് നിര്‍ബന്ധമുള്ളതിനാല്‍ ബാങ്കിങ് സേവനം നിത്യജീവിതത്തില്‍ അത്യന്താപേക്ഷിതമാണിന്ന്. സാമ്പത്തിക ഉള്‍ച്ചേര്‍ക്കല്‍ പദ്ധതിപ്രകാരം ഒരു ജനതയെ ബാങ്കുവല്‍ക്കരിക്കുക എന്നതാണല്ലോ കേന്ദ്രസര്‍ക്കാരും വിഭാവനംചെയ്യുന്നത്. അന്നേരമാണ് ജനകീയത കുറച്ചെങ്കിലും അവശേഷിക്കുന്ന പൊതുമേഖലാ ബാങ്ക് ശാഖകളെ കൂട്ടത്തോടെ അടച്ചുപൂട്ടുംവിധം ബാങ്ക് ലയനപരിഷ്കരണങ്ങള്‍ സാര്‍വത്രികമാക്കുന്നത്. ജനമനസ്സുകളില്‍ കുടികൊള്ളുന്ന പൊതുമേഖലാ ബാങ്കിങ് സംസ്കാരത്തെ നശിപ്പിച്ചില്ലാതാക്കുന്നതോടെ ജനങ്ങളുടെ ബാങ്കാവശ്യങ്ങള്‍ക്ക് നിവൃത്തിയുണ്ടാക്കാന്‍ മുന്‍കൂട്ടി സജ്ജമാക്കി നിര്‍ത്തിയിരിക്കുന്ന നവസ്വകാര്യ– വിദേശ ബാങ്കുകളെ ആശ്രയിക്കുകയേ നിവൃത്തിയുള്ളൂ എന്നുവരും. പൊതുമേഖലാ ബാങ്ക് ശാഖകള്‍ നാടുനീങ്ങുന്ന വിടവിലേക്ക് മണപ്പുറം, മുത്തൂറ്റ് തുടങ്ങിയ പുത്തന്‍ബാങ്കുകള്‍മുതല്‍ സിറ്റിബാങ്കുപോലെയുള്ള വിദേശികള്‍വരെ, ഒരു ചാകര കണ്ട ആഹ്ളാദത്താല്‍ തുള്ളിച്ചാടിയെത്തും. ബാങ്ക് പരിഷ്കരണങ്ങളുടെ പൊള്ളവര്‍ത്തമാനങ്ങളില്‍ അടങ്ങിയിരിക്കുന്ന ഈ ഗൂഢാലോചനയെ തിരിച്ചറിയുന്നില്ലെങ്കില്‍ ഒരു ജനതയൊന്നാകെ ചതിക്കുഴിയിലേക്ക് പലായനംചെയ്യപ്പെടുമെന്നത് തീര്‍ച്ച.

ഇന്ത്യന്‍ ബാങ്കിങ് സംവിധാനത്തിന്റെ സമ്പൂര്‍ണമായ പൊളിച്ചെഴുത്താണ് എസ്ബിടി ലയനത്തിലൂടെ തുടക്കംകുറിക്കാന്‍ പോകുന്നത്. ഇത് യാഥാര്‍ഥ്യമായാല്‍ പുതിയൊരു കീഴ്വഴക്കമാണ് വ്യവസ്ഥാപിതമാകുക. പില്‍ക്കാല ലയനപദ്ധതികള്‍ക്കുള്ള സാധൂകരണമായിപ്പോലും എസ്ബിടിയുടെ ലയനത്തെ ചൂണ്ടിക്കാണിക്കും. അതിനാല്‍, ആസന്നമായ ഈ ലയനനീക്കത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത, കൂട്ടായ പ്രതിരോധമാണ് ഉയര്‍ത്തിക്കൊണ്ടുവരേണ്ടത്. ജീവനക്കാരുടെ ആനുകൂല്യങ്ങളും അവകാശങ്ങളും സംരക്ഷിക്കപ്പെടുമെന്ന അനുനയ സംഭാഷണം അധികാരികളുടെ ലക്ഷ്യസാക്ഷാല്‍ക്കാരത്തിനുള്ള ഉപായവാക്കാണെന്ന് തിരിച്ചറിയണം. അസോസിയറ്റ് ബാങ്കുകള്‍ തമ്മില്‍തമ്മില്‍ ലയിക്കാമെന്നുള്ള നിര്‍ദേശം കേന്ദ്രസര്‍ക്കാരിന്റെ ഇംഗിതം നടപ്പാക്കാനുള്ള കുറുക്കുവഴി ഒരുക്കിക്കൊടുക്കലാണ്. എല്ലാവിധ സങ്കുചിത താല്‍പ്പര്യങ്ങളും മാറ്റിവച്ച് വിശാലതാല്‍പ്പര്യവും ജനഹിതവും ഉയര്‍ത്തിപ്പിടിച്ച് കേരളം ഒറ്റക്കെട്ടായിനിന്നാല്‍ പുതിയൊരു സമരമാതൃകകൂടി കെട്ടിയുയര്‍ത്താനാകും. നാനാവിധ ചരിത്രസംഭവങ്ങള്‍ക്ക് വഴികാട്ടിയായിനിന്ന മലയാളിക്ക് ഇന്ത്യയിലെ ക്ഷയിച്ചുവരുന്ന ജനകീയ ബാങ്കിങ് സംസ്കാരത്തിനെ തിരിച്ചുവിളിക്കുന്നതിനും മുഹൂര്‍ത്തമൊരുക്കാന്‍ സാധിക്കും

ടി നരേന്ദ്രന്‍ Tuesday Jun 28, 2016 ദേശാഭിമാനി

No comments:

Post a Comment