Sunday, July 10, 2016

വികസനത്തിന് പുതുവഴി

കേരളത്തിന്റെ പശ്ചാത്തലസൌകര്യം വികസിപ്പിക്കുന്നതിന് ശ്രദ്ധേയ പദ്ധതികളാണ് ബജറ്റിലുള്ളത്. പുതിയ വളര്‍ച്ചാ വ്യവസായമേഖലയിലേക്ക് സ്വകാര്യ മൂലധനനിക്ഷേപത്തെ ആകര്‍ഷിച്ചായിരിക്കുമിത്. എന്നാല്‍, തൊഴിലാളികളുടെ അവകാശങ്ങളിലോ പരിസ്ഥിതിസംരക്ഷണത്തിലോ ‘ഭൂവിനിയോഗത്തിലോ മറ്റു പല സംസ്ഥാനങ്ങളെപ്പോലെ ഇളവ് അനുവദിക്കില്ല. അതേസമയം, ഏറ്റവും ആധുനികവും മികവേറിയതുമായ പശ്ചാത്തലസൌകര്യം ഉറപ്പുവരുത്തും. ഇതിന്റെ ഭാഗമായി വ്യവസായം, വിനോദസഞ്ചാരം, വിവരസാങ്കേതികവിദ്യാ വ്യവസായങ്ങള്‍, ശാസ്ത്രസാങ്കേതികം, സഹകരണം, പ്രവാസി എന്നീ മേഖലകളില്‍ പദ്ധതികള്‍ ഏറെയാണ്്.

Budget 2016 link

വ്യവസായം

നൂറുകോടി രൂപ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കുവേണ്ടി വകയിരുത്തി. ഇത് തീരുമ്പോള്‍ കൂടുതല്‍ പണം ലഭ്യമാക്കും. കെഎസ്ഐഡിസി നടപ്പാക്കുന്ന 11 പ്രോജക്ടുകള്‍ക്കുവേണ്ടി 87 കോടി രൂപ. തിരുവനന്തപുരത്തെ ലൈഫ് സയന്‍സ് പാര്‍ക്ക്, കൊച്ചിയിലെ ഇലക്ട്രോണിക് ഹാര്‍ഡ്വെയര്‍ പാര്‍ക്ക്, ആലപ്പുഴ– മലപ്പുറം– കോഴിക്കോട്– കണ്ണൂര്‍ എന്നിവിടങ്ങളിലെ ഇന്‍ഡസ്ട്രിയല്‍ ഗ്രോത്ത് സെന്ററുകള്‍, പാലക്കട്ടെ ലൈഫ് എന്‍ജിനിയറിങ് പാര്‍ക്ക്, ചേര്‍ത്തലയിലെ മെഗാഫുഡ് പാര്‍ക്ക്, കൊച്ചിയിലെ പെട്രോ കെമിക്കല്‍ പാര്‍ക്ക് തുടങ്ങിയ പദ്ധതികള്‍ക്കാണ് തുക.
കിന്‍ഫ്രയുടെ അടങ്കല്‍ 101 കോടിയാണ്. പുനലൂര്‍, മട്ടന്നൂര്‍, തൃശൂര്‍, തൊടുപുഴ, കളമശേരി, കഴക്കൂട്ടം, കൊരട്ടി, കൊല്ലം, ഒറ്റപ്പാലം, പാലക്കാട്, രാമനാട്ടുകര എന്നിവിടങ്ങളിലെ കിന്‍ഫ്ര വ്യവസായപാര്‍ക്കുകള്‍ വികസിപ്പിക്കാന്‍ അധികസഹായം ലഭ്യമാക്കും.

കൊച്ചി– പാലക്കാട് വ്യവസായ ഇടനാഴി പ്രാവര്‍ത്തികമാക്കും.

എന്‍എച്ച് 47ന്റെ പ്രാന്തപ്രദേശങ്ങളില്‍ ചെറുതും വലുതുമായ വ്യവസായപാര്‍ക്കുകളുടെയും വ്യവസായശാലകളുടെയും വലിയൊരു കൂട്ടം സൃഷ്ടിക്കും. ഇതിന് സ്ഥലമെടുപ്പ് ആരംഭിക്കും. ഫാക്ടിന്റെ അധീനതയിലുള്ളതും ഉപയോഗിക്കാതെ സൂക്ഷിക്കുന്നതുമായ അധികഭൂമി സമ്മതവിലയ്ക്ക് കെഎസ്ഐഡിസി ഏറ്റെടുക്കും. പെരുമ്പാവൂര്‍ ട്രാവന്‍കൂര്‍ റയോണ്‍സ് ലിമിറ്റഡിന്റെ 70 ഏക്കര്‍വരുന്ന ‘ഭൂമിയും ഏറ്റെടുക്കും. അങ്ങനെ കൊച്ചി, കോയമ്പത്തൂര്‍ ഹൈടെക് വ്യവസായ ഇടനാഴിക്കായി എറണാകുളം ജില്ലയില്‍ 500 ഏക്കറും തൃശൂരില്‍ 500 ഏക്കറും ഒഴലപ്പതി കണ്ണമ്പ്രയില്‍ 500 ഏക്കറും ഏറ്റെടുക്കും.

വിവിധോദ്ദേശ്യ വ്യവസായ സോണുകള്‍ ആരംഭിക്കും.

 പട്ടന്നൂര്‍– പനയത്തുപറമ്പില്‍ 1000 ഏക്കറും തൊടുപുഴയില്‍ 900 ഏക്കറും മങ്കടയില്‍ 700 ഏക്കറും വിഴിഞ്ഞത്ത് 500 ഏക്കറും കാസര്‍കോട്ട് 500 ഏക്കറും ഏറ്റെടുക്കും. മൊത്തം 5100 ഏക്കര്‍ ഏറ്റെടുക്കുന്നതിന് 5100 കോടി രൂപ ചെലവുവരും. നടപ്പുവര്‍ഷം 1000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു.
അമൂല്യമായ പ്രകൃതിസമ്പത്തായ ധാതുമണല്‍ ടൈറ്റാനിയം മെറ്റല്‍വരെയുള്ള മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളാക്കുന്നതിന് വ്യവസായ കോംപ്ളക്സ് സ്ഥാപിക്കും. ഇതേക്കുറിച്ച് പഠിച്ച് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിന് കമ്മിറ്റിയെ നിയോഗിക്കും.  ഇതിലേക്ക് 25 ലക്ഷം രൂപ വകയിരുത്തി.

വിനോദസഞ്ചാരം

കേരളത്തില്‍ വരുന്ന വിദേശ വിനോദസഞ്ചാരികളുടെ എണ്ണം ഇരട്ടിയാക്കുന്നതിനും ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണം നാലിലൊന്നെങ്കിലും വര്‍ധിപ്പിക്കുന്നതിനും ഒട്ടേറെ പദ്ധതികള്‍ ബജറ്റിലുണ്ട്. നാലുലക്ഷംപേര്‍ക്ക് കൂടുതലായി പ്രത്യക്ഷതൊഴില്‍ ലഭിക്കുന്നവിധം ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളില്‍ സ്വകാര്യനിക്ഷേപവും അടിസ്ഥാനസൌകര്യവും ഉറപ്പുവരുത്തും.

ധര്‍മടം– മുഴപ്പിലങ്ങാട്, കണ്ണൂര്‍ക്കോട്ട– അറയ്ക്കല്‍ കൊട്ടാരം, കാരാപ്പുഴ–വയനാട് ടൂറിസം ഹബ്ബ്, ചെത്തി–മാരാരിക്കുളം, തൃശൂര്‍– ഗുരുവായൂര്‍– പാലിയൂര്‍ സര്‍ക്യൂട്ട്, വേളി ടൂറിസ്റ്റ് വില്ലേജ് രണ്ടാംഘട്ടം, ആക്കുളം, പൊന്നാനി തുടങ്ങി 20 ടൂറിസം ഡെസ്റ്റിനേഷനുകളിലെ റോഡ്, ജലഗതാഗതസൌകര്യങ്ങള്‍, വൈദ്യുതി, കുടിവെള്ളം, വേസൈഡ് അമിനിറ്റീസ് തുടങ്ങിയ അടിസ്ഥാനസൌകര്യവികസനത്തിനായി 400 കോടി രൂപ പ്രത്യേക നിക്ഷേപപദ്ധതിയില്‍ വകയിരുത്തി. നടപ്പുവര്‍ഷം 50 കോടി രൂപയുടെ ചെലവ് പ്രതീക്ഷിക്കുന്നു.

മുസ്രീസ് ഹെറിറ്റേജ് പദ്ധതി മൂന്നുവര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിക്കും.

മുസ്രീസ് പദ്ധതിയുടെ മാതൃകയില്‍ തലശേരിയിലും ആലപ്പുഴയിലും പൈതൃക ഹെറിറ്റേജ് ടൂറിസം പദ്ധതികള്‍ നടപ്പാക്കും. വിവിധ ചരിത്രസ്മാരകങ്ങളുടെ പുനരുദ്ധാരണം, ചില പ്രദേശങ്ങളെങ്കിലും പഴമയുടെ മാതൃകയില്‍തന്നെ സംരക്ഷിക്കല്‍, മ്യൂസിയങ്ങളുടെ ശൃംഖല സൃഷ്ടിക്കല്‍ ഇവയൊക്കെ സന്ദര്‍ശിക്കുന്നതിന് ആവശ്യമായ റോഡ്, ജലഗതാഗത സൌകര്യങ്ങള്‍ ഉറപ്പുവരുത്തല്‍ തുടങ്ങിയവയെല്ലാം പദ്ധതിയില്‍ ഉള്‍പ്പെടും. ആലപ്പുഴയിലെ തോടുകളുടെ നവീകരണവും മുതലപ്പൊഴി, തുമ്പോളി പൊഴികളുടെ ശുചീകരണവും ഇതിന്റെ ഭാഗമായി നടക്കും. ഈ രണ്ട് പ്രോജക്ടിനായി പ്രത്യേക നിക്ഷേപപദ്ധതിയില്‍നിന്ന് 100 കോടി രൂപവീതം വകയിരുത്തി. നടപ്പുവര്‍ഷം 50 കോടി രൂപയുടെ ചെലവാണ് പ്രതീക്ഷിക്കുന്നത്.

പൊന്മുടിയിലേക്ക് റോപ്വേ നിര്‍മിക്കുന്നതിനും പൊന്മുടിയില്‍ അടിസ്ഥാനസൌകര്യം ഉറപ്പുവരുത്താനും 200 കോടി രൂപ പ്രത്യേക നിക്ഷേപപദ്ധതിയില്‍നിന്ന് നീക്കിവച്ചു. നടപ്പുവര്‍ഷം അഞ്ചുകോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു. ബാലരാമപുരം, മാന്നാര്‍, ആറന്മുള, ചെറുതുരുത്തി, പയ്യന്നൂര്‍, മുത്തങ്ങ തുടങ്ങിയ 10 കേന്ദ്രങ്ങള്‍ പൈതൃകഗ്രാമങ്ങളായി വികസിപ്പിക്കും. ഇതിനുള്ള പണം പ്രത്യേക നിക്ഷേപപദ്ധതിയില്‍നിന്നുള്ള വന്‍ വകയിരുത്തലിന്റെ പശ്ചാത്തലത്തില്‍ നിലവിലുള്ള ടൂറിസം ബജറ്റില്‍നിന്നുതന്നെ കണ്ടെത്തും.

കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച സ്പൈസസ് റൂട്ട് ഒരു അന്തര്‍ദേശീയ ടൂറിസം സര്‍ക്യൂട്ടിന് തുടക്കംകുറിക്കും. ഇതിനായി 18 കോടി രൂപ വകയിരുത്തി. ടൂറിസം വികസനം ലക്ഷ്യമിട്ടുള്ള എയര്‍സ്ട്രിപ്പുകള്‍ സ്ഥാപിക്കും. ബേക്കലും വയനാടും ഇടുക്കിയിലും ഇതിന് മുന്‍ഗണന നല്‍കും. വിശദമായ പദ്ധതി തയ്യാറായിക്കഴിഞ്ഞാല്‍ പണം അനുവദിക്കും.

ശബരിമല മാസ്റ്റര്‍പ്ളാന്‍ നടപ്പാക്കുന്നതിന് പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്തും. വിശദമായ ഡിപിആര്‍ തയ്യാറാക്കിയശേഷം ഒറ്റത്തവണയായി നടപ്പാക്കുന്നതിന് പ്രത്യേക നിക്ഷേപപദ്ധതിയില്‍നിന്ന് പണം അനുവദിക്കും. കണ്ണൂര്‍ വിമാനത്താവളത്തോട് ബന്ധപ്പെട്ടുള്ള റോഡ് വികസനം ഒറ്റ പാക്കേജായി നടപ്പാക്കും. ടൂറിസത്തിന് മുന്തിയ പരിഗണനയാണ് വാര്‍ഷികപദ്ധതിയില്‍ നല്‍കിയത്. 311 കോടി രൂപയാണ് അടങ്കല്‍. ടൂറിസം മാര്‍ക്കറ്റിങ്, വിവിധ ടൂറിസം പരിശീലന സ്ഥാപനങ്ങളുടെ വികസനം, വ്യത്യസ്ത ടൂറിസം ഉല്‍പ്പന്നങ്ങളുടെ പ്രൊമോഷന്‍ തുടങ്ങിയവയ്ക്കായാണ് ഈ തുക വകയിരുത്തിയത്. ഇതിനുപുറമെ 750 കോടി രൂപ പ്രത്യേക നിക്ഷേപപദ്ധതിയില്‍നിന്നായി ടൂറിസത്തിന് നീക്കിവച്ചു.

വാണിജ്യ നികുതി വരുമാനം വര്‍ധിപ്പിക്കും

തിരുവനന്തപുരം > വാണിജ്യനികുതിവരുമാനം വര്‍ധിപ്പിക്കാന്‍  ബഹുമുഖ തന്ത്രം ആവിഷ്കരിക്കും. അഴിമതി നിര്‍മാര്‍ജനം, കൂടുതല്‍ വ്യാപാരികളെ നികുതിവലയത്തില്‍ കൊണ്ടുവരിക, യുക്തിസഹമായ നികുതിനിരക്ക്, സാങ്കേതിക നവീകരണം, ഊര്‍ജിത ഉദ്യോഗസ്ഥ പരിശീലനം, ആഭ്യന്തര ഓഡിറ്റ് ശക്തിപ്പെടുത്തുക, നിയമനടപടികള്‍, റവന്യൂറിക്കവറി വേഗത വര്‍ധിപ്പിക്കല്‍, വ്യാപാരി സൌഹൃദ സമീപനം, ഉപഭോക്തൃ–വ്യാപാരി ബോധവല്‍ക്കരണം എന്നിവ അടങ്ങിയ പദ്ധതിയായിരിക്കും നടപ്പാക്കുക.

വാണിജ്യനികുതിവകുപ്പ് റിട്ടേണുകളുടെ ഇ–ഫയലിങ് ഫലപ്രഥമാക്കാന്‍ ആവശ്യമായ ശേഷിയുള്ള സര്‍വര്‍ സ്ഥാപിക്കും. സോഫ്റ്റ്വെയര്‍ പരിഷ്കരിക്കും. വ്യാപാര വാണിജ്യമേഖലയ്ക്ക് സഹായകമായ ഇന്ററാക്ടീവ് വെബ് പോര്‍ട്ടലായി വകുപ്പിന്റെ വെബ്സൈറ്റിനെ പുനര്‍നിര്‍മിക്കും. ഒരു വര്‍ഷത്തിനകം വകുപ്പില്‍ ഒരു സൈബര്‍ ഫോറന്‍സിക് യൂണിറ്റ് രൂപീകരിക്കും. കംപ്യൂട്ടറില്‍ പുതിയ സോഫ്റ്റ്വെയറിന്റെ സഹായത്തോടെ ഓരോ റിട്ടേണും സമഗ്രപരിശോധനയ്ക്ക് വിധേയമാക്കും. ഉദ്യോഗസ്ഥരുടെ തന്നിഷ്ടപ്രകാരമുള്ള കടസന്ദര്‍ശനങ്ങളും തെരച്ചിലുകളും അവസാനിപ്പിക്കും. ഓഡിറ്റ് വിസിറ്റ് വിഭാഗത്തെക്കൂടി ഉള്‍പ്പെടുത്തിയായിരിക്കും ആഭ്യന്തര ഓഡിറ്റ് വിഭാഗം ശക്തിപ്പെടുത്തുക.

ചരക്ക് സേവന നികുതി വന്നാലും കേരളത്തിലെ ചെക്കുപോസ്റ്റുകള്‍ തുടരും. അവ ആധുനിക ഡേറ്റാ കലക്ഷന്‍ ഫെസിലിറ്റേഷന്‍ സെന്ററുകളാകും. മഞ്ചേശ്വരത്തും മുത്തങ്ങയിലും ആധുനിക ഡാറ്റാ കലക്ഷന്‍ ആന്‍ഡ് ഫെസിലിറ്റേഷന്‍ സെന്ററുകള്‍ സ്ഥാപിക്കും. വാണിജ്യനികുതി ഓഫീസുകളുടെ നവീകരണം പഠിക്കാന്‍  പ്രൊഫഷണല്‍ ഏജന്‍സിയെ ചുമതലപ്പെടുത്തും. ചരക്ക് സേവന നികുതിക്കായി വകുപ്പിനെ സജ്ജീകരിക്കും. പൊതുജനം, വ്യാപാരികള്‍, ടാക്സ് പ്രാക്ടീഷണര്‍മാര്‍, കണ്‍സള്‍ട്ടന്റുമാര്‍ എന്നിങ്ങനെ എല്ലാ വിഭാഗങ്ങളെയും ഉള്‍ക്കൊള്ളിച്ച് ഉപഭോക്തൃ അവബോധം വര്‍ധിപ്പിക്കും. നികുതിഭരണത്തെ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാക്കാന്‍ വകുപ്പിന്റെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും സംസ്ഥാന ആസ്ഥാനത്തും ടാക്സ് കോര്‍ണറുകള്‍ ആരംഭിക്കും.

വ്യാപാരികളുടെ പരാതികള്‍ അറിയിക്കുന്നതിന് ആധുനിക പരാതിപരിഹാര കാള്‍സെന്റര്‍ തുടങ്ങും. ഇതിനായി ഒരു മൊബൈല്‍ ആപ്ളിക്കേഷന്‍ വികസിപ്പിക്കും. 2007ല്‍ ആരംഭിച്ച ലക്കി വാറ്റ് മൊബൈല്‍ ഫോണിന്റെയും ഐറ്റി സാങ്കേതികവിദ്യയുടെയും സഹായത്തോടെ പുനരാവിഷ്കരിക്കും. ഇതോടൊപ്പം അഞ്ചു കോടി രൂപയ്ക്കുമേല്‍ വിറ്റുവരവുള്ള വ്യാപാരികളുടെ ബില്‍/ ഇന്‍വോയ്സ് എന്നിവ അവര്‍ ബില്‍ചെയ്യുന്ന സമയത്ത് അപ്ലോഡ് ചെയ്യുന്നതിന് ഒരു കംപ്യൂട്ടര്‍ അധിഷ്ഠിത സംവിധാനം നടപ്പാക്കും.

അധിക വിഭവസമാഹരണത്തിന് വിപുല പദ്ധതികള്‍

തിരുവനന്തപുരം > പാക്കറ്റിലാക്കി വില്‍ക്കുന്ന ഗോതമ്പുല്‍പ്പന്നങ്ങളായ ആട്ട, മൈദ, സൂജി, റവ എന്നിവയ്ക്ക് അഞ്ചുശതമാനം നികുതി ഏര്‍പ്പെടുത്തും. പാക്കറ്റില്‍ നികുതി ഉള്‍പ്പെടെ പരമാവധി ചില്ലറവില്‍പ്പന വില (എംആര്‍പി) രേഖപ്പെടുത്തിയ ഉല്‍പ്പന്നങ്ങളാണിവ. കഴിഞ്ഞ സര്‍ക്കാര്‍ ഇവയ്ക്കുള്ള നികുതി എടുത്തു കളഞ്ഞെങ്കിലു ഇളവ് ഉപഭോക്താക്കള്‍ക്ക് വിലയിളവായി ലഭിച്ചില്ല. നികുതിനിരക്കില്‍ കുറവ് വരുത്തിയിട്ടും മുമ്പ് നിലവിലുണ്ടായിരുന്ന അതേ എംആര്‍പിയിലും റീട്ടെയ്ല്‍ നിരക്കിലും വ്യാപാരം തുടര്‍ന്നു. നികുതി പുനഃസ്ഥാപനത്തിലൂടെ 50 കോടി രൂപയുടെ അധികവരുമാനം പ്രതീക്ഷിക്കുന്നു.

എംആര്‍പി രേഖപ്പെടുത്തി പാക്കറ്റിലാക്കി വില്‍ക്കുന്ന ബസ്മതി അരിയുടെ നികുതിനിരക്ക് അഞ്ചുശതമാനമായി ഉയര്‍ത്തി.  10 കോടിയുടെ അധിക നികുതിവരുമാനം പ്രതീക്ഷിക്കുന്നു. വെളിച്ചെണ്ണയ്ക്ക് നികുതിയിളവ് നല്‍കിയെങ്കിലും അതിന്റെ ഗുണം കേരകര്‍ഷകര്‍ക്ക് ലഭിക്കുകയുണ്ടായില്ല. സംസ്ഥാനത്തിനു പുറത്തുനിന്നുള്ള വ്യാപാരികള്‍ വെളിച്ചെണ്ണ കൊണ്ടുവന്ന് വില്‍പ്പന നടത്തി നികുതിയിളവ് ദുരുപയോഗം ചെയ്യുന്നു. കേരളത്തിലെ വിപണിയിലേക്ക് മായംചേര്‍ത്ത എണ്ണ കടന്നുവരുന്നു. വെളിച്ചെണ്ണ എന്ന വ്യാജേന മറ്റ് ഭക്ഷ്യഎണ്ണകള്‍ സംസ്ഥാനത്തേക്ക് കടത്തുന്നു. ഇത്തരം എണ്ണകളുടെ വരവ് നിയന്ത്രിക്കാന്‍ വെളിച്ചെണ്ണയ്ക്ക് അഞ്ചുശതമാനം നികുതി ഏര്‍പ്പെടുത്തി. ഇതില്‍ നിന്നുള്ള അധികവരുമാനം പൂര്‍ണമായും കേരളത്തിലെ നാളികേരം സംഭരണത്തിനായി ഉപയോഗിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. നാളികേരത്തിന്റെ താങ്ങുവില 25 രൂപയില്‍നിന്ന് ഇരുപത്തേഴായി ഉയര്‍ത്തും. റബറിന് ഏര്‍പ്പെടുത്തിയതുപോലെ കേരകര്‍ഷകരില്‍ നിന്ന് തേങ്ങ സംഭരിക്കുന്ന പദ്ധതി രൂപീകരിച്ച് വില കര്‍ഷകന്റെ ബാങ്ക് അക്കൌണ്ടില്‍ നേരിട്ട് എത്തിക്കും. 150 കോടി രൂപ വരുമാനം പ്രതീക്ഷിക്കുന്നു.

പാകംചെയ്ത ഭക്ഷണപദാര്‍ഥങ്ങളുടെമേല്‍ ഏര്‍പ്പെടുത്തിയ നികുതിനിരക്ക് അതേപടി തുടരും. ബ്രാന്‍ഡഡ് റസ്റ്റോറന്റുകള്‍ പാചകം ചെയ്തുവില്‍ക്കുന്ന ബര്‍ഗര്‍, പിസ, ടാക്കോസ്, ഡോനട്സ്, സാന്‍ഡ്വിച്ച്, ബര്‍ഗര്‍– പാറ്റി, പാസ്ത തുടങ്ങിയവയുടെയും ബ്രഡ് ഫില്ലിങ്ങുകള്‍, മറ്റ് പാകംചെയ്ത ഭക്ഷണപദാര്‍ഥങ്ങള്‍ തുടങ്ങിയവയുടെമേല്‍ ഫാറ്റ് ടാക്സ് 14.5 ശതമാനം നികുതി ഏര്‍പ്പെടുത്തും. 10 കോടി രൂപ വരുമാനമുണ്ടാകും.

തുണിയുടെ നികുതി രണ്ടുശതമാനമാക്കി. കഴിഞ്ഞ സര്‍ക്കാര്‍ ഒരുശതമാനം ഏര്‍പ്പെടുത്തിയിരുന്നു. 50 കോടി രൂപയുടെ വരുമാനമുണ്ടാകും. ടൂറിസം മേഖലയ്ക്കായി ഹോട്ടല്‍ ലക്ഷ്വറിടാക്സ് നിരക്കുകള്‍ കുറയ്ക്കും. പൂര്‍ണ ഇളവുള്ള വാടകയുടെ നിരക്ക് 200 രൂപയില്‍നിന്ന് 400 രൂപയായി ഉയര്‍ത്തുന്നു. 500 രൂപയ്ക്ക് മുകളില്‍ 1000 രൂപ വരെ വാടകയുള്ള മുറികള്‍ക്ക് ആറുശതമാനവും 1000ന് മുകളില്‍ വാടകയുള്ളവയ്ക്ക് 10 ശതമാനം നിരക്കിലുമായിരിക്കും നികുതി. പൊതുവായി നിരക്കില്‍ വരുത്തുന്ന കുറവുകള്‍ കാരണം 2014–15ലെ നല്‍കിയ ഇളവ് പിന്‍വലിക്കും.
ഡിസ്പോസിബിള്‍ പ്ളാസ്റ്റിക് പ്ളേറ്റുകള്‍, പ്ളാസ്റ്റിക് കപ്പുകള്‍ എന്നിവയുടെ ഉപയോഗം കുറയ്ക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഇവയ്ക്ക്ഇപ്പോള്‍ 20 ശതമാനമാണ് നികുതി. പ്ളാസ്റ്റിക് നിര്‍മിതമായ ഡിസ്പോസിബിള്‍ ടംബ്ളറിനും നികുതി 20 ശതമാനമാക്കി.

വെളിച്ചെണ്ണ ഉപയോഗിച്ച് നിര്‍മിക്കുന്ന അലക്കുസോപ്പിന്റ നികുതി 2014ല്‍ ഒരുശതമാനമായി കുറച്ചു. അലക്ക് സോപ്പുകളൊന്നും വെളിച്ചെണ്ണ ഉപയോഗിച്ചല്ല നിര്‍മിക്കുന്നത്. കുറഞ്ഞ നിരക്ക് ദുരുപയോഗപ്പെടുത്തുന്നത് തടയാനായി ഇവയുടെ നിരക്ക് അഞ്ചുശതമാനമായി ഉയര്‍ത്തി. ദ്രവീകൃത പ്രകൃതിവാതകം വാങ്ങുമ്പോള്‍ എഫ്എസിടി ഒടുക്കുന്ന നികുതി തിരികെ നല്‍കും.

ദിശാസൂചികയായി വികസനതന്ത്രം

തിരുവനന്തപുരം > എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രഥമ ബജറ്റ് അടുത്ത അഞ്ചുവര്‍ഷം കേരളത്തിലുണ്ടാകുന്ന പരിവര്‍ത്തനത്തിന്റെ ദിശാസൂചികയാണ്. അഞ്ചുവര്‍ഷത്തിനകം ഒരുലക്ഷത്തോളം കോടി രൂപ മുതല്‍മുടക്കിലൂടെ സംസ്ഥാനത്തിന്റെ സാമ്പത്തികമുരടിപ്പ് മറികടക്കാന്‍ കഴിയുമെന്ന വികസനതന്ത്രമാണ് ധനമന്ത്രി മുന്നോട്ടുവയ്ക്കുന്നത്. മൂന്നുവര്‍ഷത്തെ മൊത്തം പദ്ധതി അടങ്കല്‍ 70,152.80 കോടി രൂപ. ബജറ്റ് പ്രസംഗവേളയില്‍ 4730.79 കോടി രൂപയുടെ പദ്ധതികള്‍ ധനമന്ത്രി പ്രഖ്യാപിച്ചു. യഥാര്‍ഥ ചെലവ് 1503.63 കോടി രൂപ. ലക്ഷ്യത്തിന്റെ 31.78 ശതമാനം.
‘2010–11ല്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മൂലധനച്ചെലവ് 10.64 ശതമാനമായി ഉയര്‍ന്നു. 2014–15 ആയപ്പോഴേക്കും 6.51 ശതമാനമായി. വായ്പയുടെ 60–70 ശതമാനവും ദൈനംദിനച്ചെലവിന് വിനിയോഗിച്ചു. മൂന്നുവര്‍ഷത്തെ രീതിയിലാണ് കാര്യങ്ങളെങ്കില്‍ വരുംവര്‍ഷം റവന്യൂ കമ്മി 20,000 കോടി രൂപ കവിയും. കടംവാങ്ങുന്ന തുക മുഴുവന്‍ ചെലവാക്കിയാലും ദൈനംദിനച്ചെലവ് നടത്താന്‍ കഴിയാതാകും. ഇത് പൂര്‍ണ ധനസ്തംഭനത്തിലേക്ക് നയിക്കും.

മൂന്നുവര്‍ഷക്കാലത്ത് ബജറ്റ് മതിപ്പുപ്രകാരം നികുതിയായി 1,26,666.62 കോടി രൂപ ലഭിക്കണം. അധിക വിഭവസമാഹരണമായി 3,463.68 കോടി രൂപകൂടി പിരിക്കാന്‍ ലക്ഷ്യമിട്ടു. 1,30,130.3 കോടി രൂപയുടെ ലക്ഷ്യത്തില്‍ 81.63 ശതമാനംമാത്രം പിരിച്ചു. 23,900.68 കോടി രൂപ ലഭിച്ചില്ല. ഇതാണ് പ്രതിസന്ധിയുടെ മൂലകാരണം. പണച്ചെലവിലെ അരാജകത്വവും ഇന്നത്തെ സ്ഥിതിക്ക് കാരണമായി. ധനവകുപ്പിനെ മറികടന്ന് തീരുമാനങ്ങളുണ്ടായി. ഇതോടെ ട്രഷറി നിത്യനിദാനച്ചെലവ് ഞെരുക്കത്തിലായി. പദ്ധതി വെട്ടിക്കുറച്ചു. അനിവാര്യ ചെലവുകളും താല്‍ക്കാലികമായി മാറ്റിവച്ചാണ് ട്രഷറിയെ പിടിച്ചുനിര്‍ത്തിയത്. പെന്‍ഷന്‍ കുടിശ്ശിക 1,074 കോടി രൂപ, കരാറുകാര്‍ക്കുള്ള കുടിശ്ശിക 1,632 കോടി രൂപ, ഇലക്ട്രോണിക് ലഡ്ജര്‍ അക്കൌണ്ടിലേക്ക് മാറ്റിയ തുക 1,431 കോടി രൂപ, ക്യൂവില്‍ നില്‍ക്കുന്ന തുക 800 കോടി രൂപ, ക്ഷേമനിധിയില്‍നിന്നും മറ്റും എടുത്ത കൈവായ്പകള്‍ 1365 കോടി രൂപ എന്നിങ്ങനെ അടിയന്തരമായി കൊടുത്തുതീര്‍ക്കേണ്ട താല്‍ക്കാലികബാധ്യതകള്‍ 6302 കോടി രൂപ വരും. ഈ ബാധ്യതകളുടെ ഞെരുക്കം അടുത്തവര്‍ഷവും നിഴലായി ഉണ്ടാകും.

കെടുകാര്യസ്ഥതയും അഴിമതിയും ഒഴിവാക്കി നികുതിവരുമാനം ഗണ്യമായി ഉയര്‍ത്താനാണ് തീരുമാനം. പാവങ്ങള്‍ക്കുള്ള സമാശ്വാസങ്ങളും തൊഴില്‍മേഖലയുടെ സംരക്ഷണവും ഉറപ്പാക്കും.  ആരോഗ്യംപോലുള്ള ചില മേഖലകളൊഴികെ, പുതിയ സ്ഥാപനങ്ങളും തസ്തികകളും കഴിവതും രണ്ടുവര്‍ഷത്തേക്ക് മാറ്റിവയ്ക്കാനാകണം. റവന്യൂ ചെലവ് വര്‍ധന നിയന്ത്രണാധീനമാക്കുന്നത്റവന്യൂ കമ്മി കുറയ്ക്കും. വായ്പയുടെ കൂടുതല്‍ വിഹിതം മൂലധനച്ചെലവിനായി നീക്കിവയ്ക്കാനും കഴിയും.

പെന്‍ഷന്‍ 1000 രൂപ; കുടിശ്ശിക ഓണത്തിനുമുമ്പേ

സംസ്ഥാനത്ത് 60 വയസ്സ് കഴിഞ്ഞ മുഴുവന്‍ സാധാരണക്കാര്‍ക്കും പെന്‍ഷന്‍ ഉറപ്പാക്കും. ഇതിന്റെ ആദ്യപടിയായി തൊഴിലുറപ്പില്‍ പണിയെടുക്കുന്ന/മുമ്പ് പണിയെടുത്തിരുന്നവരുമായ 60 കഴിഞ്ഞ മുഴുവന്‍ തൊഴിലാളികള്‍ക്കും പെന്‍ഷന്‍ നല്‍കും.

എല്ലാ സാമൂഹ്യക്ഷേമ പെന്‍ഷനുകളും 1000 രൂപയായി ഉയര്‍ത്തും. ഇതിനായി 1000 കോടി രൂപ അധികം വകയിരുത്തി. ആയിരം കോടിയിലേറെ രൂപ വരുന്ന പെന്‍ഷന്‍ കുടിശ്ശികകള്‍ പൂര്‍ണമായും ഓണത്തിനുമുമ്പേ കൊടുത്തുതീര്‍ക്കും. ജൂണ്‍ മുതലുള്ള 1000 രൂപ നിരക്കിലുള്ള പെന്‍ഷനും വിതരണംചെയ്യും.  ഒരു മാസത്തെ പെന്‍ഷന്‍ മുന്‍കൂറായി നല്‍കും.  പെന്‍ഷന്‍കാര്‍ക്ക് വീട്ടില്‍ പണം എത്തിച്ചുകൊടുക്കുന്നതിനുള്ള തയ്യാറെടുപ്പിന് സമയം വേണം. ഇതാണ് കുടിശ്ശിക വിതരണംചെയ്യുന്നതിനുള്ള തടസ്സം. പെന്‍ഷനുകള്‍ ഗുണഭോക്താക്കളിലേക്ക് എത്തിക്കുന്നതിന് ഏത് മാര്‍ഗമാണ് സ്വീകാര്യമെന്ന് അറിയാന്‍ കുടുംബശ്രീവഴി വിവരശേഖരണം നടത്തും. വികലാംഗരൊഴികെ മറ്റെല്ലാവര്‍ക്കും ഒരു പെന്‍ഷനേ അര്‍ഹതയുണ്ടാകൂ.

അഞ്ചുവര്‍ഷത്തിലേറെയായി ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെട്ട് കഴിയുന്നവര്‍ക്കും  പെന്‍ഷന്‍ നല്‍കും. കൂടുതല്‍ ഉയര്‍ന്ന പെന്‍ഷന്‍ ആഗ്രഹമുള്ളവര്‍ക്കുവേണ്ടി പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി ആരംഭിക്കും.

എല്ലാവര്‍ക്കും വീട്, എല്ലാ വീട്ടിലും വെള്ളവും വെളിച്ചവും കക്കൂസും എന്ന മുദ്രാവാക്യം യാഥാര്‍ഥ്യമാക്കുന്നതിന് നടപടി സ്വീകരിക്കും. പൊതുവിദ്യാലയങ്ങളുടെയും പൊതുആശുപത്രികളുടെയും ഗുണനിലവാരം ഉയര്‍ത്തും.

റോഡുകള്‍ക്കും പാലങ്ങള്‍ക്കും 6206 കോടി

സംസ്ഥാനത്തെ റോഡുകളുടെയും പാലത്തിന്റെയും നിര്‍മാണത്തിനായി ബജറ്റില്‍ 1206 കോടി രൂപ വകയിരുത്തി. ഇതിനുപുറമെ മാന്ദ്യവിരുദ്ധ പാക്കേജില്‍ ഉള്‍പ്പെടുത്തി 5000 കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളും നടത്തും. സാമ്പത്തികസ്ഥിതികൂടി പരിഗണിച്ച് പൊതുമരാമത്തിന് പിന്നീട് കൂടുതല്‍ പണം അനുവദിക്കും.

1535.46 കോടി രൂപ മുന്‍കാലത്ത് ഏറ്റെടുത്ത പ്രവൃത്തികളുടെ ബില്ലുകള്‍ കുടിശ്ശികയാണ്. ഇപ്പോഴുള്ള വകയിരുത്തല്‍ ബില്‍ കുടിശ്ശിക കൊടുത്തുതീര്‍ക്കാന്‍ തികയില്ല. ഈ സ്ഥിതി പരിഗണിച്ച് മാന്ദ്യവിരുദ്ധ പാക്കേജില്‍ ഉള്‍പ്പെടുത്തി 5000 കോടി രൂപയുടെ പാലങ്ങള്‍, മേല്‍പ്പാലങ്ങള്‍, ബൈപാസുകള്‍, റോഡുകള്‍, റെയില്‍വേ മേല്‍പ്പാലങ്ങള്‍ എന്നിവയ്ക്ക് അനുവാദം നല്‍കി. 1475 കോടി രൂപ ചെലവിട്ട് 68 പാലവും 385 കോടി ചെലവിട്ട്  17 ബൈപാസും നിര്‍മിക്കും. 2800 കോടിരൂപ ചെലവിട്ട്  137 റോഡുകളും 180 കോടി രൂപയ്ക്ക് എട്ട് മേല്‍പ്പാലവും 40 കോടി രൂപ ചെലവിട്ട് നാല് അടിപ്പാതയും ഈ പാക്കേജില്‍ ഉള്‍പ്പെടുത്തി നിര്‍മിക്കും. കെഎസ്ടിപി രണ്ടാംഘട്ട പദ്ധതിക്ക് 523 കോടിയും സ്റ്റേറ്റ് റോഡ് ഇംപ്രൂവ്മെന്റ് പ്രോജക്ടിന് 82 കോടിയും വകയിരുത്തി.

ദേശീയപാതകള്‍മാത്രമല്ല, സംസ്ഥാനപാതകളും ജില്ലാ റോഡുകളും വീതികൂട്ടി ഉയര്‍ന്ന സാങ്കേതികവിദ്യയില്‍ നവീകരിക്കും.   ഇപ്പോള്‍ നിര്‍മാണത്തിലിരിക്കുന്ന റോഡുകളുടെയും പാലങ്ങളുടെയും അടങ്കല്‍ 4500 കോടി രൂപ വരുമെന്നാണ് പ്രാഥമികകണക്ക്. കൊച്ചി മെട്രോ, വിഴിഞ്ഞം ഹാര്‍ബര്‍, കണ്ണൂര്‍ എയര്‍പോര്‍ട്ട്, കോഴിക്കോട്, തിരുവനന്തപുരം ലൈറ്റ് മെട്രോ, ഹില്‍ ഹൈവേ, മൊബിലിറ്റി ഹബ്ബ്, സബര്‍ബെന്‍ റെയില്‍ കോറിഡോര്‍, നിലവിലുള്ള വന്‍കിട പാര്‍ക്കുകളുടെ നിര്‍മാണം തുടങ്ങിയവയുടെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നതിന്  2536 കോടി രൂപ വിനിയോഗിക്കും.

ഉന്നതവിദ്യാഭ്യാസ മേഖലയില്‍ പൊതുനിക്ഷേപം ഉയര്‍ത്തും

ഉന്നതവിദ്യാഭ്യാസമേഖലയില്‍ വന്‍തോതില്‍ പൊതുനിക്ഷേപം.  സര്‍വകലാശാലകള്‍ക്ക്  നിലവില്‍ നല്‍കുന്ന സഹായം ഉയര്‍ത്തുന്നത് ഉന്നതവിദ്യാഭ്യാസ കൌണ്‍സില്‍ പഠിച്ചശേഷം പരിഗണിക്കും.

സംസ്ഥാനത്തെ 52 സര്‍ക്കാര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജുകള്‍ക്കും സര്‍ക്കാര്‍ എന്‍ജിനിയറിങ് കോളേജുകള്‍ക്കും രണ്ടു വര്‍ഷംകൊണ്ട് മികച്ച അടിസ്ഥാനസൌകര്യം ഒരുക്കാന്‍ പ്രത്യേക നിക്ഷേപ പദ്ധതിയില്‍നിന്ന് 500 കോടി രൂപ അനുവദിച്ചു. ശതോത്തര സുവര്‍ണ ജൂബിലി ആഘോഷിക്കുന്ന യൂണിവേഴ്സിറ്റി കോളേജിനെയും എറണാകുളം മഹാരാജാസ്്, തൃശൂര്‍ കേരളവര്‍മ, പാലക്കാട് വിക്ടോറിയ, തലശേരി ബ്രണ്ണന്‍ എന്നീ കോളേജുകളെ ഡിജിറ്റല്‍ കോളേജുകളാക്കാന്‍  150 കോടി. ഇന്‍ഫ്രാസ്ട്രക്ചര്‍ അപ്ഗ്രഡേഷന്‍ പ്രോഗ്രാമിനുവേണ്ടി വകയിരുത്തിയ 25 കോടി രൂപയില്‍ 10 കോടി രൂപ സ്കൂള്‍ ഓഫ് പെര്‍ഫോമിങ് ആര്‍ട്സ് ആന്‍ഡ് കള്‍ച്ചര്‍ എന്ന സ്ഥാപനത്തിനും 10 കോടി രൂപ ആര്‍ക്കൈവ്സിനും അഞ്ചു കോടി  മ്യൂസിയങ്ങള്‍ക്കും അധികമായി അനുവദിക്കും.  പ്ളാന്റേഷന്‍ മേഖലയിലെ സര്‍ക്കാര്‍ കോളേജുകളായ കല്‍പ്പറ്റ, മൂന്നാര്‍, കട്ടപ്പന എന്നിവിടങ്ങളില്‍ രണ്ടുവീതം ബിരുദാനന്തര കോഴ്സുകള്‍ അനുവദിക്കും.

വിദ്യാഭ്യാസവായ്പ  കടക്കെണിയായ സാഹചര്യത്തില്‍ പ്രശ്നപരിഹാരത്തിന് 100 കോടി വകയിരുത്തി. വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്ന കുട്ടികള്‍ക്ക് തൊഴില്‍ ലഭിക്കാത്തതാണ് കടക്കെണിക്ക് കാരണം. തൊഴില്‍ ലഭിക്കുന്നതുവരെ തിരിച്ചടവിന് മോറട്ടോറിയം ബാങ്കുകള്‍ നല്‍കണം. കുടിശ്ശികമാത്രം തിരിച്ചടച്ച് ബാധ്യത അവസാനിപ്പിക്കാന്‍ ബാങ്കുകള്‍ സമ്മതിച്ചാല്‍ കുടിശ്ശിക വായ്പ തിരിച്ചടയ്ക്കാനായാണ് സര്‍ക്കാര്‍ 100 കോടി രൂപ വകയിരുത്തി.

ആദിവാസികള്‍ക്ക്കുറഞ്ഞത് ഒരേക്കര്‍ ഭൂമി

തിരുവനന്തപുരം > പട്ടികജാതി–വര്‍ഗ ക്ഷേമത്തിന് സമഗ്രപദ്ധതികളാണ് ബജറ്റിലുള്ളത്. വിദ്യാഭ്യാസം, തൊഴില്‍, ഭൂമി, പാര്‍പ്പിടം എന്നിവക്ക് പ്രത്യേക പരിഗണനയുണ്ട്. ആദിവാസികള്‍ക്ക് കുറഞ്ഞത് ഒരേക്കര്‍ ഭൂമിയെങ്കിലും നല്‍കാന്‍ ഇപ്പോള്‍ 42 കോടി രൂപ നീക്കിവച്ചു. പട്ടികജാതിക്കാര്‍ക്ക് ഭൂമി വാങ്ങുന്നതിനും ഭവനനിര്‍മാണത്തിനും 456 കോടി രൂപ വകയിരുത്തി. ഇ എം എസ് പാര്‍പ്പിടപദ്ധതിക്ക് തയ്യാറാക്കുന്ന മുന്‍ഗണനാ പട്ടികയില്‍ നിന്നാണ് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുക. ആവശ്യമെങ്കില്‍മാത്രമേ വായ്പ എടുക്കേണ്ടതുള്ളൂ. അട്ടപ്പാടിയിലെ പട്ടികവര്‍ഗക്കാരുടെ ഭവനനിര്‍മാണപദ്ധതിയുടെ പാഠങ്ങള്‍ ഉള്‍ക്കൊണ്ട് മറ്റ് മേഖലകളിലും പാര്‍പ്പിടപദ്ധതി തയ്യാറാക്കും. ഊരുകളും പട്ടികജാതി കോളനികളും ഒരു യൂണിറ്റായി കണ്ട്് അടിസ്ഥാനസൌകര്യങ്ങള്‍ ഉറപ്പുവരുത്താന്‍ പാക്കേജ് തയ്യാറാക്കും. ചെലവില്‍ ഒരുഭാഗം തദ്ദേശഭരണസ്ഥാപനങ്ങളും വഹിക്കണം. പ്രോജക്ടുകള്‍ തയ്യാറാക്കി സമര്‍പ്പിക്കുന്ന മുറയ്ക്ക് ഇതിനുള്ള അധികപണം അനുവദിക്കും. ഈ സ്കീമിന് 25 കോടി നീക്കിവച്ചു. പാര്‍പ്പിടപദ്ധതിക്ക് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ അട്ടപ്പാടിയില്‍ വിജയകരമായി നടപ്പാക്കിയ സമ്പ്രദായം മറ്റ് ആദിവാസികേന്ദ്രങ്ങളിലും സ്വീകരിക്കും.

ഒറ്റപ്പെട്ട ആദിവാസി കുടുംബങ്ങളുടെ ദാരിദ്യ്രമകറ്റാന്‍ പദ്ധതി
ആദിവാസിമേഖലകള്‍ക്കു പുറത്ത് എല്ലാ ജില്ലകളിലും ചിന്നിച്ചിതറി താമസിക്കുന്ന ഒറ്റപ്പെട്ട ആദിവാസികുടുംബങ്ങളുടെ ദാരിദ്യ്രമകറ്റാന്‍ പ്രത്യേക പദ്ധതി നടപ്പാക്കും. ഇത്തരം കുടുംബങ്ങള്‍ ഓരോന്നിനെയും ദാരിദ്യ്രത്തില്‍നിന്നു കരകയറ്റുന്നതിന് മൈക്രോപ്ളാനുകള്‍ തയ്യാറാക്കും. പരമാവധി നിലവിലുള്ള സ്കീമുകളെ സംയോജിപ്പിക്കുന്ന സമീപനമാണ് കൈക്കൊള്ളേണ്ടത്. ഈ മൈക്രോപ്ളാനുകള്‍ പഞ്ചായത്തുതലത്തില്‍ സംയോജിപ്പിച്ച് സമര്‍പ്പിക്കുന്ന മുറയ്ക്ക് പണം അനുവദിക്കും. ഇതിനായി 25 കോടി രൂപ എറ്റിഎസ്പിയില്‍നിന്ന് നീക്കിവയ്ക്കുന്നു. ഒരുഭാഗം ചെലവ് തദ്ദേശഭരണസ്ഥാപനങ്ങളും വഹിക്കണം. പി കെ കാളന്‍ കുടുംബപദ്ധതി എന്ന പേരിലായിരിക്കും ഈ സ്കീം അറിയപ്പെടുക.

നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും സംരക്ഷിക്കും

നെല്‍വയലുകളെയും തണ്ണീര്‍ത്തടങ്ങളെയും സംരക്ഷിക്കുന്നതില്‍ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തുണ്ടായ വീഴ്ചകള്‍ തിരുത്തുമെന്ന് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി. ഡാറ്റാ ബാങ്ക് ഉണ്ടാക്കുകയും അത് കര്‍ശനമായി പാലിക്കുകയും ചെയ്യും. മാലിന്യസംസ്കരണത്തിന് മുന്തിയ പരിഗണന നല്‍കും. തോടുകളും പുഴകളും ശുദ്ധീകരിക്കുന്നതിന് തുടക്കംകുറിക്കും. നീര്‍ത്തടാധിഷ്ഠിത മണ്ണ്– ജല സംരക്ഷണത്തിന് ജനകീയപ്രസ്ഥാനത്തിന് രൂപംനല്‍കും. വ്യാപകമായ വനവല്‍ക്കരണത്തിന് പ്രോത്സാഹിപ്പിക്കും. പരിസ്ഥിതിവകുപ്പിന് 30 കോടി രൂപ വകയിരുത്തി. ഇതില്‍ 10 കോടി മലിനീകരണനിയന്ത്രണ ബോര്‍ഡിനാണ്. ജൈവവൈവിധ്യ രജിസ്റ്ററുകള്‍ പൂര്‍ത്തീകരിക്കും.

പട്ടികജാതി–വര്‍ഗ വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ 50 ശതമാനം വീതം ഉയര്‍ത്തി

പട്ടികജാതിക്കാര്‍ക്കും ആദിവാസികള്‍ക്കുമുള്ള എല്ലാ വിദ്യാഭ്യാസ ആനുകൂല്യങ്ങളും 50 ശതമാനംവീതം ഉയര്‍ത്തി. വിദ്യാഭ്യാസമേഖലയുടെ അടങ്കല്‍ പട്ടികജാതി പദ്ധതിയില്‍ 413 കോടി രൂപയാണ്. ആദിവാസി ഉപപദ്ധതിയില്‍ 67 കോടി രൂപയും. പ്രീ–മെട്രിക്, പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളും മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളുകളും പ്രോത്സാഹിപ്പിക്കും. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളുകളില്‍ മെച്ചപ്പെട്ട കെട്ടിട സൌകര്യങ്ങള്‍ ഉറപ്പുവരുത്തും. പോസ്റ്റ്മെട്രിക് ഹോസ്റ്റലുകളില്‍ കുട്ടികളുടെ പഠനസഹായത്തിന് 20 കുട്ടികള്‍ക്ക് ഒന്ന് എന്ന തോതില്‍ ട്യൂട്ടര്‍മാരെ ചുമതലപ്പെടുത്തും. കേരളത്തിലെ മുഴുവന്‍ പ്രീ–മെട്രിക്, പോസ്റ്റ്മെട്രിക് ഹോസ്റ്റലുകളും ആധുനീകരിക്കുന്നതിന് 150 കോടി രൂപ പ്രത്യേക നിക്ഷേപപദ്ധതിയില്‍നിന്ന് വകയിരുത്തി. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളുകളുടെ ആധുനികവല്‍ക്കരണത്തിന് 100 കോടി രൂപയും വകയിരുത്തി. മറ്റ് റെസിഡന്‍ഷ്യല്‍ സ്കൂളുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് സര്‍ക്കാര്‍സഹായം നല്‍കുന്നത് പരിഗണിക്കും.
വയനാട്ടിലെ പ്രൈമറിക്ളാസുകളുള്ള 241 സ്കൂളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഒരു ആദിവാസിസ്ത്രീയെ നിയോഗിക്കുന്നതിന് നാല് കോടി രൂപ കോര്‍പസ് ഫണ്ടില്‍നിന്ന് വകയിരുത്തി.

1000 പുതിയ സിഎന്‍ജി ബസുകള്‍

കെഎസ്ആര്‍ടിസി ബസുകള്‍ സിഎന്‍ജി ഇന്ധനത്തിലേക്ക് ഘട്ടംഘട്ടമായി മാറ്റും. അഞ്ചുവര്‍ഷംകൊണ്ട് ഭൂരിപക്ഷം ബസും സിഎന്‍ജി ഇന്ധനത്തിലേക്ക് മാറ്റാനാണ് ലക്ഷ്യം. എറണാകുളം കേന്ദ്രമാക്കി 1000 പുതിയ സിഎന്‍ജി ബസ് ഇറക്കുന്നതിന് 300 കോടി രൂപ പ്രത്യേക നിക്ഷേപപദ്ധതിയില്‍നിന്ന് വായ്പയായി ലഭ്യമാക്കും. നടപ്പുവര്‍ഷം 50 കോടി രൂപയാണ് പ്രതീക്ഷിക്കുന്ന ചെലവ്. വാങ്ങിയിരിക്കുന്ന ചെയ്സസുകളില്‍ ബോഡിനിര്‍മാണം പൂര്‍ത്തീകരിക്കുന്നതിന് വേണ്ടിവരുന്ന മൂലധനച്ചെലവും ഇതില്‍നിന്ന് കണ്ടെത്താം. പെന്‍ഷന്‍ യഥാസമയം നല്‍കുന്നതിന് മാസംതോറും ധനസഹായം സര്‍ക്കാര്‍ നല്‍കും.

കെഎസ്ആര്‍ടിസിയെ കടത്തില്‍നിന്ന് കരകയറ്റാന്‍ രക്ഷാപാക്കേജിന് രൂപംനല്‍കും. 3446.92 കോടി രൂപയാണ് നിലവിലുള്ള കടബാധ്യത. പ്രതിമാസം 85 കോടി രൂപവീതമാണ് നഷ്ടം. കടഭാരം കുറയ്ക്കുന്നതിനുള്ള ധനകാര്യ പുനഃസംഘടന ഉണ്ടാകണം. ബസ് സ്റ്റാന്‍ഡുകളെ ആധുനീകരിച്ച് വരുമാനദായകമാക്കും. മൈലേജ്, മെയിന്റനന്‍സ് തുടങ്ങിയ മേഖലകളില്‍ ഉല്‍പ്പാദനക്ഷമത ഉയര്‍ത്തും.

സൌജന്യറേഷന്‍ വിപുലീകരിക്കും

തിരുവനന്തപുരം > സൌജന്യറേഷന്‍ പദ്ധതി വിപുലീകരിക്കും. ബിപിഎല്‍ കുടുംബങ്ങള്‍ക്ക് പുറമെ തൊഴിലുറപ്പ് തൊഴിലാളി കുടുംബങ്ങളില്‍ ഭൂരിപക്ഷത്തെയും സൌജന്യറേഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തും. ഇതിനായി 300കോടി രൂപ അധികമായി വകയിരുത്തി. കേരളത്തില്‍നിന്നു സംഭരിക്കുന്ന നെല്ലിന്റെ അരി തിരിമറി ചെയ്ത് മോശം അരി വിതരണം ചെയ്യുന്ന അവസ്ഥയ്ക്ക് വിരാമമിടും. റേഷന്‍കടകള്‍ നവീകരിക്കാനും മറ്റു പലചരക്കുകള്‍കൂടി വില്‍ക്കുന്ന കടകളായി അവയെ രൂപാന്തരപ്പെടുത്തുന്നതിനും കെഎസ്എഫ്ഇ വഴി പലിശരഹിത വായ്പ ലഭ്യമാക്കും.
 സിവില്‍ സപ്ളൈസിന്റെ വിപണനശാലകളില്‍ നിര്‍ണയിക്കപ്പെട്ട ഇനങ്ങള്‍ക്ക് നിലവിലുള്ള വിലകളില്‍ വര്‍ധനയുണ്ടാവില്ല. സ്രോതസ്സില്‍നിന്നു നേരിട്ട് ചരക്കുകള്‍ വാങ്ങി ന്യായവിലയ്ക്ക് ലഭ്യമാക്കി വില പിടിച്ചുനിര്‍ത്തും. ഇതിനായി 75 കോടി സിവില്‍സപ്ളൈസിന് അധികം അനുവദിക്കും.

ശുചിത്വ കേരളം 

ജനകീയ ക്യാമ്പയിന്‍ നവംബര്‍ ഒന്നിന് തുടങ്ങും

കേരളത്തെ രാജ്യത്തെ ഏറ്റവും വൃത്തിയുള്ള സംസ്ഥാനമായി മാറ്റുന്നതിനുള്ള ജനകീയ ക്യാമ്പയിന്‍ നവംബര്‍ ഒന്നിന് ആരംഭിക്കും. പദ്ധതിയുടെ ഭാഗമായി ഓപ്പണ്‍ ഡെഫിക്കേഷന്‍ ഫ്രീ സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കും. ഇതിനുവേണ്ടി കക്കൂസ് ഇല്ലാത്ത എല്ലാ വീടുകളിലും കക്കൂസ് നല്‍കുന്നതിനുവേണ്ടി തദ്ദേശഭരണ സ്ഥാപനങ്ങള്‍ മുന്നിട്ടിറങ്ങുമെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.

വികേന്ദ്രീകൃത ഉറവിടമാലിന്യ സംസ്കരണമാണ് ശുചിത്വ ക്യാമ്പയിന് അവലംബിക്കുക. കഴിവതും ഓരോരുത്തരും അവരവരുടെ വീടുകളില്‍ ജൈവമാലിന്യം കമ്പോസ്റ്റാക്കുകയോ ബയോഗ്യാസാക്കി മാറ്റുകയോ ചെയ്യണം. അല്ലാത്തപക്ഷം സമീപത്തുള്ള കമ്യൂണിറ്റി കമ്പോസ്റ്റിങ് കേന്ദ്രത്തില്‍ എത്തിക്കണം. അജൈവമാലിന്യം വീട്ടില്‍നിന്നു ശേഖരിച്ച് റിസോഴ്സ് സെന്ററില്‍വച്ച് വേര്‍തിരിച്ച് വീണ്ടും ഉപയോഗിക്കാനോ, റീസൈക്ളിങ്ങിനോ ശാസ്ത്രീയ മറവിനോ പ്രയോജനപ്പെടുത്തണം.
ശുചിത്വമിഷന് 26 കോടി രൂപ വകയിരുത്തി. അനുയോജ്യമായ മാലിന്യസംസ്കരണ സങ്കേതങ്ങള്‍ കൂടുതല്‍ വികസിപ്പിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും പാലക്കാട് ഇന്റഗ്രേറ്റഡ് റൂറല്‍ ടെക്നോളജി സെന്ററിന് 50 ലക്ഷം രൂപയും അനുവദിച്ചു.

കുടുംബശ്രീക്ക് 200 കോടി; 4 % പലിശയ്ക്ക് വായ്പ

കുടുംബശ്രീ പ്രസ്ഥാനത്തെ തകര്‍ച്ചയില്‍നിന്ന് രക്ഷിക്കാന്‍ ജനപക്ഷ സര്‍ക്കാരിന്റെ ഇടപെടല്‍. മുന്‍സര്‍ക്കാര്‍ ബജറ്റില്‍ കുടുംബശ്രീക്ക് 30 കോടിയാണ് നീക്കിവച്ചത്. എല്‍ഡിഎഫ് സര്‍ക്കാര്‍ ഇത് 200 കോടി രൂപയാക്കി ഉയര്‍ത്തി. ദൂരദര്‍ശന്‍ നടത്തിയ റിയാലിറ്റിഷോയിലെ വിജയികളായ 16 സിഡിഎസുകള്‍ക്ക് യുഡിഎഫ് സര്‍ക്കാര്‍ നല്‍കിയത് വണ്ടിച്ചെക്കുകളായിരുന്നുവെന്ന വസ്തുത ധനമന്ത്രി തോമസ് ഐസക് ബജറ്റ് പ്രസംഗത്തില്‍ എടുത്തുപറഞ്ഞു.

കുടുംബശ്രീയുടെ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ കാലമായി അടുത്ത അഞ്ചുവര്‍ഷം മാറാന്‍ പോവുകയാണെന്ന് ധനമന്ത്രി പറഞ്ഞു. വകയിരുത്തിയ 200 കോടി രൂപയില്‍ 50 കോടി രൂപ ആശ്രയപദ്ധതിക്കുള്ള പൂരകസഹായത്തിന് വേണ്ടിയുള്ളതാണ്. കുടുംബശ്രീക്ക് ബാങ്കുകളില്‍നിന്ന് നാലുശതമാനം പലിശയ്ക്ക് വായ്പ ലഭ്യമാക്കും. ഇതിനായിരിക്കും 50 കോടി രൂപ. കുടുംബശ്രീ യൂണിറ്റുകള്‍ക്കുള്ള റിവോള്‍വിങ് ഫണ്ട്, കാര്‍ഷികസബ്സിഡി, സൂക്ഷ്മതൊഴില്‍ സബ്സിഡി എന്നിവ പുനഃസ്ഥാപിക്കും.

സ്ത്രീകള്‍ക്കായി പ്രത്യേക വകുപ്പ് 

സ്ത്രീകള്‍ക്കുവേണ്ടി ഒരു പ്രത്യേക വകുപ്പ് ആരംഭിക്കും. വകുപ്പിന് കീഴില്‍ നേരിട്ടുവരുന്ന സ്കീമുകള്‍ക്ക് പുറമെ ജന്‍ഡര്‍ ഓഡിറ്റിനും സ്ത്രീകളെ സംബന്ധിക്കുന്ന മറ്റുവകുപ്പുകളിലെ സ്കീമുകള്‍ ഏകോപിപ്പിക്കുന്നതിനുമുള്ള ചുമതല ഈ മന്ത്രാലയത്തിനുണ്ടാകും. ഇതിനായി 10 കോടി രൂപ ബജറ്റില്‍ നീക്കിവച്ചു.

കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ബജറ്റ് സമ്പ്രദായത്തില്‍ കൊണ്ടുവന്ന ഒരു നവീന പദ്ധതിയായിരുന്നു ജന്‍ഡര്‍ ബജറ്റ്.  യുഡിഎഫ് സര്‍ക്കാര്‍ ഇത് വേണ്ടെന്നുവച്ചു. ഇനിമുതല്‍ ബജറ്റ് രേഖകളോടൊപ്പം നിയമസഭാംഗങ്ങള്‍ക്ക് ജന്‍ഡര്‍ ഓഡിറ്റ് റിപ്പോര്‍ട്ടുകൂടി നല്‍കും. എല്ലാ സ്കീമുകളിലും സ്ത്രീപരിഗണന ഉറപ്പാക്കുന്നതോടൊപ്പം 10 ശതമാനം അടങ്കല്‍ സ്ത്രീകള്‍ക്ക് പ്രത്യേകമായുള്ള പ്രോജക്ടുകള്‍ക്കായി മാറ്റിവയ്ക്കും.

സ്ത്രീകളുടെ ക്ഷേമവും വികസനവും ബന്ധപ്പെട്ടുള്ള പ്രോജക്ടുകള്‍ക്ക് 91 കോടി രൂപ നീക്കിവച്ചു. ഇതില്‍ 45 കോടി രൂപ അങ്കണവാടികളുമായി ബന്ധപ്പെട്ട കേന്ദ്രാവിഷ്കൃത സ്കീമുകളിലെ സംസ്ഥാനവിഹിതമാണ്. കൌമാരപ്രായക്കാരായ പെണ്‍കുട്ടികള്‍ക്കായുള്ള സൈക്കോസോഷ്യല്‍ സര്‍വീസിന് 12.5 കോടി രൂപ വകയിരുത്തി. സ്കൂളുകള്‍ വഴിയാണ് പദ്ധതി നടപ്പാക്കുക.
നിര്‍ഭയ ഷോര്‍ട്ട്സ്റ്റേ ഹോമുകള്‍ക്ക് 12.5 കോടി രൂപ വകയിരുത്തി. ഈ ഹോമുകള്‍ തടവറകള്‍ പോലെയാണ് പ്രവര്‍ത്തിക്കുന്നത്. ഇവയെ സ്ത്രീസൌഹാര്‍ദപരമാക്കും. പെണ്‍കുട്ടികള്‍ക്ക് ജീവിതത്തെക്കുറിച്ച് പ്രതീക്ഷകള്‍ നല്‍കുന്ന അന്തരീക്ഷമുണ്ടാക്കും.

മദ്യവര്‍ജനത്തിന് ജനകീയ പ്രസ്ഥാനം

എല്‍ഡിഎഫ് മുന്നോട്ടുവച്ച മദ്യവര്‍ജനത്തിന് ശക്തിപകരുന്ന ഒട്ടേറെ നിര്‍ദേശം ബജറ്റിലുണ്ട്. മദ്യവര്‍ജനം ജനകീയ പ്രസ്ഥാനമായി ഏറ്റെടുക്കും. കോട്ടയം, പാലക്കാട്, തൃശൂര്‍, വയനാട് എന്നിവിടങ്ങളില്‍ എക്സൈസ് ടവറുകള്‍ സ്ഥാപിക്കും. ഇതിന് പ്രത്യേക നിക്ഷേപ പദ്ധതിയില്‍നിന്ന് 50 ലക്ഷം വകയിരുത്തി. നടപ്പുവര്‍ഷം പത്തുകോടിരൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ജില്ലാ ആശുപത്രികളില്‍ ഡി അഡിക്ഷന്‍ സെന്റര്‍ സ്ഥാപിക്കും.

14 ഇടത്ത് കോടതി സമുച്ചയം 

പുനലൂര്‍, അടൂര്‍, പീരുമേട്, പാലക്കാട്, പത്തനംതിട്ട, നെടുങ്കണ്ടം, റാന്നി, കായംകുളം, കട്ടപ്പന, കൂത്തുപറമ്പ്, ചാലക്കുടി, പയ്യന്നൂര്‍, കടുത്തുരുത്തി, ആലപ്പുഴ (അഡീഷണല്‍ ബ്ളോക്ക്) എന്നിവിടങ്ങളില്‍ കോടതി കെട്ടിട സമുച്ചയം നിര്‍മിക്കും. 150 കോടി രൂപ ബജറ്റില്‍ വകയിരുത്തി. നടപ്പുവര്‍ഷം 50 കോടിരൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

വീടെന്ന സ്വപ്നത്തിനൊരു കൈത്താങ്ങ്

സാമ്പത്തികബുദ്ധിമുട്ടുകൊണ്ട് വീടെന്ന സ്വപ്നം പൂര്‍ത്തിയാക്കാന്‍ കഴിയാത്തവര്‍ക്ക് സര്‍ക്കാര്‍ കൈത്താങ്ങാകും. തദ്ദേശഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ പണിതീരാത്ത വീടുകളുടെ പട്ടിക തയ്യാറാക്കിയാകും ധനസഹായം നല്‍കുക. പൂര്‍ണധനസഹായം കൈപ്പറ്റിയ വീടുകളുടെയും പൂര്‍ണധനസഹായം ലഭിക്കാത്തതിനാല്‍ പണിതീരാത്ത വീടുകളുടെയും പട്ടിക പ്രത്യേകം തയ്യാറാക്കും. രണ്ടാമത് പറഞ്ഞ വിഭാഗത്തിന് ഇ എം എസ് പാര്‍പ്പിടപദ്ധതിയില്‍നിന്ന് കുടിശ്ശിക തീര്‍ത്തുകൊടുക്കാവുന്നതാണ്. സര്‍ക്കാരില്‍നിന്ന് പണം കൈപ്പറ്റിയിട്ടും പണിതീരാത്ത വീടുകള്‍ പൂര്‍ത്തീകരിക്കാന്‍ സന്നദ്ധസംഘടനകള്‍ മുന്‍കൈയെടുക്കണം.

ഭൂമിയില്ലാത്തവര്‍ക്ക് 3 സെന്റ്

തിരുവനന്തപുരം > വീടുവയ്ക്കാന്‍ ഭൂമിയില്ലാത്തവര്‍ക്ക് മൂന്ന് സെന്റുവീതമെങ്കിലും ലഭ്യമാക്കാനുള്ള പദ്ധതി സര്‍ക്കാര്‍ ആവിഷ്കരിക്കും. ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്ത് കൊടുക്കുകയോ പുറമ്പോക്ക് ലഭ്യമാക്കുകയോ ചെയ്യും. കിടപ്പാടം വാങ്ങാന്‍ ഗുണഭോക്താവിന് നഗരത്തില്‍ മൂന്നു ലക്ഷവും ഗ്രാമത്തില്‍ രണ്ടുലക്ഷവും ഇ എം എസ് പാര്‍പ്പിടപദ്ധതിയില്‍ ഉള്‍പ്പെടുത്തി നല്‍കാം. അഗതികളെ പുനരധിവസിപ്പിക്കാന്‍ ആശ്രയപദ്ധതി വിപുലീകരിക്കും. പദ്ധതിയുടെ വിപുലീകരണത്തിന് 50 കോടിരൂപ കുടുംബശ്രീക്ക് അധികമായി വകയിരുത്തി. അഗതികളുടെ ലിസ്റ്റ് തയ്യാറാക്കാനുള്ള ചുമതല തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കായിരിക്കും.

ശബരി പാതയ്ക്ക് പുതുജീവന്‍

ശബരി റെയില്‍പ്പാതയുടെ നിര്‍മാണ പ്രവര്‍ത്തനം ഊര്‍ജിതമാക്കും. റെയില്‍വേയുമായുള്ള സംയുക്തസംരംഭം വഴി ആറ് റെയില്‍വേ പ്രോജക്ടുകള്‍ ഏറ്റെടുക്കും. സംയുക്തസംരംഭത്തിനുള്ള സര്‍ക്കാരിന്റെ ഓഹരിവിഹിതം മുന്‍ സര്‍ക്കാര്‍ കൈമാറിയിരുന്നില്ല. ഇതിനായി 50 കോടി മാന്ദ്യവിരുദ്ധ പാക്കേജില്‍നിന്ന് നീക്കിവച്ചു. ശബരിപാതയുടെ നിര്‍മാണത്തിനായി എസ്പിവി രൂപീകരിച്ച് വായ്പ ഉറപ്പാക്കിയിട്ടുവേണം നിര്‍മാണം ആരംഭിക്കാന്‍.

കൊച്ചി മെട്രോയ്ക്ക് പണം തടസ്സമില്ലാതെ ലഭ്യമാക്കുന്നതിനുള്ള വകയിരുത്തലുണ്ട്. കേരള ഹൈസ്പീഡ് റെയില്‍ കോറിഡോറിനുള്ള ഡിപിആര്‍ തയ്യാറായിട്ടുണ്ട്. ജനവാസകേന്ദ്രങ്ങള്‍ ഒഴിവാക്കി ഇതിന്റെ അലൈന്‍മെന്റ് പുനര്‍നിശ്ചയിക്കും. നിലവിലുള്ള റെയില്‍പ്പാതയോട് സമാന്തരമായി, സ്പീഡ് കുറഞ്ഞാണെങ്കിലും, പുതിയൊരു അലൈന്‍മെന്റിനെക്കുറിച്ചും പഠിക്കും. ഇതിനായി 50 ലക്ഷം രൂപ അനുവദിച്ചു.

ശബരിമല മാസ്റ്റര്‍പ്ളാനിന് 150 കോടി

ശബരിമല മാസ്റ്റര്‍പ്ളാനിന് 150 കോടി രൂപ നീക്കിവച്ചു. സ്വീവേജ് ട്രീറ്റ്മെന്റ് പ്ളാന്റിന് 20 കോടി, ക്യൂ കോംപ്ളക്സിന് 20 കോടി, ത്രിവേണിയില്‍ പാലത്തിന് അഞ്ച് കോടി, നിലയ്ക്കല്‍ പാര്‍ക്കിന് അഞ്ച് കോടി, ശബരിമല ഇടത്താവളങ്ങള്‍ക്ക് 100 കോടി രൂപയും നീക്കിവെച്ചു. നടപ്പുവര്‍ഷം 25 കോടിയാണ് പ്രതീക്ഷിതചെലവ്.

പൊലീസ് നവീകരണത്തിന്  40 കോടി, പുതിയ 7 സ്റ്റേഷന്‍

പൊലീസ് സേനയെ നവീകരിക്കാനും ക്രമസമാധാനപാലനവും കേസന്വേഷണവും മെച്ചപ്പെടുത്താനും ബജറ്റില്‍ മുന്തിയ പരിഗണന. നവീകരണത്തിനുമാത്രം 40 കോടിരൂപ വകയിരുത്തി. ഇതിനുപുറമെ സേനയുടെ ആധുനീകരണത്തിന് ദേശീയപദ്ധതിയുടെ 40 ശതമാനം സംസ്ഥാനവിഹിതമായി 20 കോടിയും വകയിരുത്തി. അച്ചന്‍കോവില്‍, കയ്പമംഗലം, കൊപ്പം, വയനാട് തൊണ്ടര്‍നാട്, ചിറയിന്‍കീഴിലെ നഗരൂര്‍, പിണറായി, പാലക്കാട് പൂത്തൂര്‍ എന്നിവിടങ്ങളില്‍ പുതിയ പൊലീസ് സ്റ്റേഷനുകള്‍ ആരംഭിക്കും.

പിന്നോക്കവിഭാഗ സ്കോളര്‍ഷിപ് കുടിശ്ശിക തീര്‍ക്കും

പിന്നോക്കവികസന കോര്‍പറേഷന് 20 കോടി രൂപയും പരിവര്‍ത്തിത ക്രൈസ്തവ വികസന കോര്‍പറേഷന് 10 കോടി രൂപയും പിന്നോക്കസമുദായങ്ങളിലെ ഏറ്റവും പിന്നോക്കംനില്‍ക്കുന്ന മറ്റ് അര്‍ഹതപ്പെട്ട വിഭാഗത്തിന്റെ വിദ്യാഭ്യാസ പദ്ധതികള്‍ക്ക് 23 കോടി രൂപയും മാറ്റിവച്ചു. ഇവരുടെ സ്കോളര്‍ഷിപ് കുടിശ്ശികയായ 150 കോടി രൂപ ഗഡുക്കളായി കൊടുത്തുതീര്‍ക്കും. ന്യൂനപക്ഷവികസന കോര്‍പറേഷന് 15 കോടിയും മുന്നോക്കവികസന കോര്‍പറേഷന് 35 കോടിയും വകയിരുത്തി. ഉപേക്ഷിക്കപ്പെട്ടതോ വിവാഹമോചനം നടത്തിയതോ വിധവകളോ ആയ സ്ത്രീകള്‍ക്ക് വീട് വയ്ക്കുന്നതിന് 31 കോടി രൂപ വകയിരുത്തി.

കുട്ടനാടിന് സമഗ്ര കുടിവെള്ളപദ്ധതി

 കുട്ടനാടിന്റെ പരിസ്ഥിതി പുനഃസ്ഥാപനത്തിന് കര്‍മപദ്ധതി ബജറ്റ് വിഭാവനം ചെയ്യുന്നു. തണ്ണീര്‍മുക്കം ബണ്ട് ഒരുവര്‍ഷമെങ്കിലും  പൂര്‍ണമായും തുറന്ന് കുട്ടനാടിനെ ശുദ്ധമാക്കേണ്ടതുണ്ട്. അതിനുമുമ്പ് കുട്ടനാട് സമഗ്ര കുടിവെള്ളപദ്ധതി നടപ്പാക്കും. പുതിയ കാര്‍ഷിക കലണ്ടറിന് രൂപംനല്‍കുന്നതിനും പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനും ഇന്റര്‍നാഷണല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയ്നിങ് സെന്റര്‍ ഫോര്‍ ബിലോ സീ ലെവല്‍ ഫാമിങ് എന്ന സ്ഥാപനത്തെ ചുമതലപ്പെടുത്തും. 50 ലക്ഷം വകയിരുത്തി.

വയനാട്ടില്‍ മെഗാഫുഡ് പാര്‍ക്കിന് 500 കോടി

വയനാട്ടില്‍ മെഗാഫുഡ് പാര്‍ക്കിന് 500 കോടി രൂപ പ്രത്യേക നിക്ഷേപപദ്ധതിയില്‍നിന്ന് വകയിരുത്തി. ഈവര്‍ഷം 50 കോടി ചെലവ് പ്രതീക്ഷിക്കുന്നു. കല്‍പ്പറ്റ മുനിസിപ്പാലിറ്റിയിലെ കുരങ്ങ് പുനരധിവാസത്തിന് 25 ലക്ഷം  പ്രത്യേകമായി അനുവദിച്ചു. വയനാട്ടിലെ ബ്രഹ്മഗിരി പദ്ധതിക്ക് 10 കോടിയും.

വിഴിഞ്ഞം പദ്ധതിക്ക് പണം ഉറപ്പ്

വിഴിഞ്ഞം തുറമുഖനിര്‍മാണത്തിന് പണംഉറപ്പാക്കും. വന്‍കിട അടിസ്ഥാന വികസനപദ്ധതിയില്‍ ഇതിനായി തുക വകയിരുത്തി.  ചരക്കുഗതാഗതത്തിന്റെ 20 ശതമാനം തീരക്കടല്‍ വഴിയും കനാല്‍ വഴിയുമാക്കും.  വിഴിഞ്ഞം, കൊല്ലം, കൊടുങ്ങല്ലൂര്‍, ബേപ്പൂര്‍, അഴീക്കല്‍ തുറമുഖങ്ങള്‍ ചരക്കുകടത്തിനും വലിയതുറ, ആലപ്പുഴ, പൊന്നാനി, തലശേരി, കാസര്‍കോട് തുറമുഖങ്ങള്‍ യാത്രക്കാര്‍ക്കുവേണ്ടിയും സജ്ജമാക്കാന്‍ 15 കോടി വകയിരുത്തി.

നികുതി ഇളവുകള്‍

സിനിമയുടെ പകര്‍പ്പവകാശ വില്‍പ്പനയ്ക്കും ഉപയോഗഅവകാശം കൈമാറ്റംചെയ്യുന്നതിനും 2008ല്‍ നല്‍കിയിരുന്ന പൂര്‍ണ ഇളവ് പുനഃസ്ഥാപിച്ചു. സ്ക്രാപ് ബാറ്ററികളുടെ നികുതിനിരക്ക് അഞ്ചുശതമാനമായി കുറച്ചു.

തെര്‍മോകോള്‍ (സ്റ്റൈറോഫോം) നിര്‍മിതമായ ഡിസ്പോസിബിള്‍ പ്ളേറ്റുകളുടെയും കപ്പുകളുടെയും 2013–14, 2014–15 വര്‍ഷങ്ങളിലെ നികുതിനിരക്ക് അഞ്ചുശതമാനമായിരിക്കുമെന്ന് സ്പഷ്ടീകരിച്ചു. മുനിസിപ്പല്‍ പ്ളാസ്റ്റിക് വേസ്റ്റിന് മേലുള്ള അഞ്ചുശതമാനം നികുതി ഉപേക്ഷിച്ചു. പുതിയ ശാഖകള്‍ തുറക്കുന്ന സ്വര്‍ണവ്യാപാരികള്‍ക്കായി നഗരങ്ങളെ ഏതാനും വിഭാഗങ്ങളായി തരംതിരിച്ച് വ്യത്യസ്ത നിരക്കുകളില്‍ കോമ്പൌണ്ട് ചെയ്യുന്നതിനുള്ള ഭേദഗതി കൊണ്ടുവരും.

*
http://www.deshabhimani.com/special/news-special-09-07-2016/573677

No comments:

Post a Comment