Friday, October 22, 2010

ലോട്ടറി മാഫിയയുടെ വക്കീലിന് ഇപ്പോള്‍ കോണ്‍ഗ്രസിന്റെ വക്കാലത്ത്

അന്യസംസ്ഥാന ലോട്ടറി വിഷയത്തില്‍ കുരുങ്ങിയ കോണ്‍ഗ്രസിന്റെ വക്കാലത്തുമായി ലോട്ടറി മാഫിയയുടെ വക്കീല്‍ പച്ചക്കള്ളവുമായി രംഗത്ത്. അന്യസംസ്ഥാന ലോട്ടറിമാഫിയക്കുവേണ്ടി കേസ് വാദിക്കാന്‍ കേരള ഹൈക്കോടതിയില്‍ ഹാജരായ പി ചിദംബരമാണ് കേരളത്തിലെ കോണ്‍ഗ്രസിന്റെ രക്ഷാദൌത്യമേറ്റെടുത്തത്. ഇതേ ചിദംബരം കേന്ദ്രമന്ത്രിപദം ഏറ്റപ്പോഴാണ് ഓണ്‍ലൈന്‍ ലോട്ടറിക്ക് നിയമസാധുത നല്‍കിയത്. കേരളത്തില്‍ ലോട്ടറി വിവാദമുയര്‍ത്തി എല്‍ഡിഎഫിനെ ആക്രമിക്കാനൊരുങ്ങിയ കോണ്‍ഗ്രസ് തിരിച്ചടികളേറ്റു പതറുകയാണ്.

അന്യസംസ്ഥാനലോട്ടറികള്‍ക്കെതിരെ നീങ്ങുന്ന സംസ്ഥാന സര്‍ക്കാറുകള്‍ക്ക് കേന്ദ്രത്തിന്റെ ലോട്ടറി നിയന്ത്രണനിയമം കൂച്ചുവിലങ്ങിടുന്നത് കോടതികള്‍ ആവര്‍ത്തിച്ച് ചൂണ്ടിക്കാട്ടിയതോടെ കോണ്‍ഗ്രസിന്റെ നുണക്കോട്ടകള്‍ അശ്ശേഷം തകര്‍ന്നു. തെരഞ്ഞെടുപ്പായുധത്തിന്റെ മുനപോയി. ആ ദയനീയാവസ്ഥയിലാണ് 'സംസ്ഥാനത്തിനു നടപടിയെടുക്കാമെന്ന' പ്രസ്താവനയുമായി ചിദംബരം എത്തിയത്. പാര്‍ലമെന്റ് പാസാക്കിയ ചട്ടപ്രകാരം സംസ്ഥാനത്തിന് നടപടി സ്വീകരിക്കാമെന്നു പറയുന്ന ചിദംബരത്തിന്റെ കീഴിലാണ് ലോട്ടറി വകുപ്പ്. അവിടെ എന്തു സംഭവിക്കണമെന്നു നിശ്ചയിക്കുന്നത്് ആഭ്യന്തരമന്ത്രാലയമാണ്. നിരോധനം അടക്കമുള്ള നടപടികള്‍ക്ക് സംസ്ഥാനസര്‍ക്കാര്‍ തുനിഞ്ഞപ്പോഴൊക്കെ തടഞ്ഞത് ചിദംബരത്തിന്റെ നിയമം ഉയര്‍ത്തിപ്പിടിച്ചാണ്. കോണ്‍ഗ്രസിന്റെ മുഖ്യധനസ്രോതസ്സാണ് ലോട്ടറി. കേന്ദ്രനിയമം ലംഘിക്കുന്നതു കണ്ടെത്തിയാല്‍ നടപടിയെടുക്കാന്‍ പാടില്ലെന്നും അക്കാര്യം കേന്ദ്രസര്‍ക്കാറിനെ അറിയിക്കാന്‍ മാത്രമേ സംസ്ഥാനത്തിന് അവകാശമുള്ളൂ എന്നുമാണ് ലോട്ടറിക്കാര്‍ക്കായി വാദിക്കാനെത്തിയ കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിങ്വി വാദിച്ചത്. ഇത് കോടതിയും അംഗീകരിക്കുന്നു. സംസ്ഥാനത്തിന് അധികാരം നല്‍കുന്ന ചട്ടം പാര്‍ലമെന്റ്് പാസാക്കിയെന്ന ചിദംബരത്തിന്റെ അവകാശവാദം പാര്‍ലമെന്റ് അംഗം കൂടിയായ അഭിഷേക് സിങ്വി പൊളിച്ചു. അങ്ങനെ ഒരധികാരവും സംസ്ഥാനത്തിനില്ലെന്നാണ് സിങ്വി ഹൈക്കോടതിയില്‍ വാദിച്ചത്.

ലോട്ടറിയെ നിയന്ത്രിക്കാന്‍ നടപടിയെടുക്കുമ്പോള്‍ സംസ്ഥാനത്തിന്റെ അധികാര ദുര്‍വിനിയോഗമെന്നാണ് ഒരിടയ്ക്ക് ചിദംബരവും പിന്നീട് ഭാര്യ നളിനി ചിദംബരവും സിങ്വിയും കോടതിയില്‍ ചിത്രീകരിച്ചത്. കേന്ദ്രസര്‍ക്കാരിന്റെ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ സുപ്രീം കോടതിയിലും ഹൈക്കോടതിയിലും സംസ്ഥാനത്തെ ചോദ്യംചെയ്തു. സംസ്ഥാനസര്‍ക്കാര്‍ നടത്തിയ വിജിലന്‍സ് അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ അന്യസംസ്ഥാന ലോട്ടറി പ്രമോട്ടര്‍മാരുടെ രജിസ്ട്രേഷന്‍ റദ്ദാക്കിയിരുന്നു. ഈ നടപടി ഹൈക്കോടതി തടഞ്ഞു. ഇതിനെതിരെ സംസ്ഥാനസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച അപ്പീല്‍ പരിഗണിക്കുന്ന ഘട്ടത്തിലെല്ലാം കേന്ദ്രത്തിന്റെ അഭിഭാഷകരും ഇതേ വാദമാണുന്നയിച്ചത്. അപ്പീല്‍ ഹര്‍ജിയില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ച രണ്ടു ഘട്ടത്തിലും സുപ്രീം കോടതിയും ചൂണ്ടിക്കാണിച്ചത് കേന്ദ്രത്തിനു മാത്രമായുള്ള അധികാരമാണ്. നാലാം വകുപ്പ് ലംഘിക്കുന്ന ലോട്ടറികള്‍ നിരോധിക്കാന്‍ സംസ്ഥാന സര്‍ക്കാറിന് അധികാരം നല്‍കണമെന്നാണ് കേരളം ആവശ്യപ്പെട്ടത്. കഴിഞ്ഞ മാര്‍ച്ചില്‍ പുറപ്പെടുവിച്ച ഇടക്കാല ഉത്തരവില്‍ സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം പരിഗണിക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു. അത് അറിയാത്ത മട്ടിലാണ് ചിദംബരത്തിന്റെ ഇപ്പോഴത്തെ ഉപദേശം. സംസ്ഥാനത്തിന് അധികാരമുണ്ടെന്നും നടപടിയടുക്കാമെന്നും സുപ്രീം കോടതിയില്‍ പറയാമോയെന്ന് മന്ത്രി തോമസ് ഐസക് ചിദംബരത്തോട് ചോദിച്ചിട്ടുണ്ട്. അതിന് കോണ്‍ഗ്രസുകാരാരും മറുപടി പറഞ്ഞിട്ടില്ല.
(കെ എം മോഹന്‍ദാസ്)

ലോട്ടറി: കോണ്‍ഗ്രസിന് നിക്ഷിപ്ത താല്‍പ്പര്യം - പിണറായി

അന്യസംസ്ഥാന ലോട്ടറി സംബന്ധിച്ച് ഇത്രയും അപഹാസ്യമായ കേന്ദ്രനയത്തിന് കാരണം കോണ്‍ഗ്രസിന്റെ നിക്ഷിപ്ത താല്‍പ്പര്യമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ലോട്ടറി സംബന്ധിച്ച് നിയമ-ചട്ട ലംഘനമുണ്ടായാല്‍ നടപടിയെടുക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരം നല്‍കുന്ന വിധം കേന്ദ്രനിയമം ഭേദഗതി ചെയ്യണം. എന്നാല്‍ കോണ്‍ഗ്രസിന്റെ സാമ്പത്തിക സ്രോതസ്സായ ലോട്ടറി തലവന്‍ മണികുമാര്‍ സുബ്ബയെ സംരക്ഷിക്കാനാണ് കേന്ദ്രനിയമം ഭേദഗതി ചെയ്യാത്തതെന്നും പാലക്കാട് പ്രസ് ക്ളബ്ബിന്റെമുഖാമുഖത്തില്‍ പിണറായി പറഞ്ഞു. ലോട്ടറി പ്രശ്നത്തില്‍ സംസ്ഥാന സര്‍ക്കാരിനോ മുഖ്യമന്ത്രിക്കോ തെറ്റുപറ്റിയതായി കണക്കാക്കുന്നില്ല. കൂടുതല്‍ വിനയമുള്ളതു കൊണ്ടാണ് മുഖ്യമന്ത്രി തെറ്റ് ഏറ്റുെടുക്കുന്നതായി പറഞ്ഞത്. ലോട്ടറി പ്രശ്നത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരം വാദത്തിന് വേണ്ടി കളവ് പറയുകയാണ്. കേന്ദ്ര ലോട്ടറി നിയമത്തിലെ ആറാം വകുപ്പ് പ്രകാരം, നിയമലംഘനമുണ്ടായാല്‍ നടപടിയെടുക്കാനുള്ള അധികാരം കേന്ദ്രത്തിന് മാത്രമാണ്. 2010-ലെ ചട്ടത്തിന്റെ അഞ്ചാം വകുപ്പ് അനുസരിച്ച് ചട്ടലംഘനമുണ്ടായാല്‍ ആദ്യം ലോട്ടറി നടത്തുന്ന സംസ്ഥാനത്തെ അറിയിക്കണം. അതോടൊപ്പം കേന്ദ്രത്തെയും അറിയിക്കണം. മുപ്പത് ദിവസത്തിനകം സംസ്ഥാനം മറുപടി നല്‍കിയില്ലെങ്കില്‍ വിശദാംശങ്ങള്‍ ചൂണ്ടിക്കാട്ടി കേന്ദ്രത്തിന് കത്ത് നല്‍കണം. ഇത്തരത്തിലുള്ള വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുന്ന കേന്ദ്രനിയമം പരിഹാസ്യമാണ്. ഇത് ഭേദഗതി ചെയ്യണം.

സാന്റിയാഗോ മാര്‍ട്ടിന്റെ തലവന്‍ മണികുമാര്‍ സുബ്ബ കോണ്‍ഗ്രസിന് വിലപ്പെട്ടവനാണ്. ഇദ്ദേഹത്തിലൂടെയാണ് കേന്ദ്ര കോണ്‍ഗ്രസ് നേതൃത്വത്തിലേക്ക് പണം വരുന്നത്. ഈ സാമ്പത്തിക സ്രോതസ്സിനെ മാറ്റണമെങ്കില്‍ നടപടിയെടുക്കാനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്ക് ലഭിക്കണം. മനു അഭിഷേക് സിങ്വി ലോട്ടറിക്കാര്‍ക്കുവേണ്ടി കോടതിയില്‍ ഹാജരായത് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അറിവോടെയാണ്. ഷൊര്‍ണൂരില്‍ പാര്‍ടിയില്‍നിന്ന് പുറത്താക്കപ്പെട്ടവര്‍ മാധ്യമങ്ങളിലൂടെയാണ് സിപിഐ എമ്മിനെ വെല്ലുവിളിക്കുന്നത്. ഉപതെരഞ്ഞെടുപ്പിലെ സാഹചര്യമല്ല ഇപ്പോള്‍ നിലനില്‍ക്കുന്നത്.ഞങ്ങളുടെ നിലപാട് ജനങ്ങള്‍ അംഗീകരിക്കും. മഞ്ഞളാംകുഴി അലി പ്രസ്ഥാനത്തിനുമുന്നില്‍ ഒരു കീടം മാത്രമാണെന്ന് ചോദ്യത്തിന് മറുപടിയായി പിണറായി പറഞ്ഞു. യുഡിഎഫ് കടുത്ത അന്തഃഛിദ്രത്തിലാണ്. കെ എം മാണിയെപോലുള്ളവര്‍ക്ക് പോലും പരിഗണന കിട്ടാത്തിടത്ത് ചെറിയ പാര്‍ടികളുടെ അവസ്ഥ എന്താണെന്ന് ആലോചിക്കാവുന്നതാണ്. പി ജെ ജോസഫിനോടൊപ്പം പോയ അണികള്‍ അസംതൃപ്തരാണ്. എല്‍ഡിഎഫ് ഘടകകക്ഷികളോടെല്ലാം മാന്യമായ സമീപനമാണ് എല്ലാ കാലത്തും സ്വീകരിച്ചിട്ടുള്ളത്. ഐഎന്‍എല്ലിന് എന്നും നല്ല പരിഗണനയാണ് മുന്നണിയില്‍ നല്‍കിയിട്ടുള്ളത്. 2005-ലേതിനെക്കാള്‍ മികച്ച വിജയമാണ് ഇത്തവണ എല്‍ഡിഎഫ് നേടുകയെന്നും പിണറായി പറഞ്ഞു.

ദേശാഭിമാനി 221010

1 comment:

  1. അന്യസംസ്ഥാന ലോട്ടറി വിഷയത്തില്‍ കുരുങ്ങിയ കോണ്‍ഗ്രസിന്റെ വക്കാലത്തുമായി ലോട്ടറി മാഫിയയുടെ വക്കീല്‍ പച്ചക്കള്ളവുമായി രംഗത്ത്. അന്യസംസ്ഥാന ലോട്ടറിമാഫിയക്കുവേണ്ടി കേസ് വാദിക്കാന്‍ കേരള ഹൈക്കോടതിയില്‍ ഹാജരായ പി ചിദംബരമാണ് കേരളത്തിലെ കോണ്‍ഗ്രസിന്റെ രക്ഷാദൌത്യമേറ്റെടുത്തത്. ഇതേ ചിദംബരം കേന്ദ്രമന്ത്രിപദം ഏറ്റപ്പോഴാണ് ഓണ്‍ലൈന്‍ ലോട്ടറിക്ക് നിയമസാധുത നല്‍കിയത്. കേരളത്തില്‍ ലോട്ടറി വിവാദമുയര്‍ത്തി എല്‍ഡിഎഫിനെ ആക്രമിക്കാനൊരുങ്ങിയ കോണ്‍ഗ്രസ് തിരിച്ചടികളേറ്റു പതറുകയാണ്.

    ReplyDelete