തിരുവനന്തപുരം: വിവരശേഖരണ വിഷയത്തിൽ പ്രതിപക്ഷ പ്രചാരണത്തിന് ഒരു അടിസ്ഥാനവുമില്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജനങ്ങളുടെ ജീവൻ രക്ഷിക്കുക എന്നതിലുപരി സർക്കാരിനെയും മുഖ്യമന്ത്രിയെയും അപകീർത്തിപ്പെടുത്താനാണ് ശ്രമം. പ്രതിരോധ പ്രവർത്തനങ്ങളുടെ ശോഭ കെടുത്തുന്നു. കേരളത്തിൽ എൽഡിഎഫിന് അനുകൂലമായ രാഷ്‌ട്രീയതരംഗം ഉണ്ടാകുമോയെന്ന ഭയമാണ് പ്രതിപക്ഷത്തിന്. സ്‌പ്രിങ്ക്‌ളർ ഇടപാട് അസാധാരണ സാഹചര്യത്തിൽ സ്വീകരിക്കേണ്ടിവന്നതാണ്. ഞങ്ങളുടെ പാർടിയിലോ സിപിഐയിലോ ചർച്ച ചെയ്‌തല്ല തീരുമാനിച്ചത്. സാധാരണനില പുനഃസ്ഥാപിച്ചശേഷം ആവശ്യമായവ പരിശോധന നടത്താൻ പാർടി തീരുമാനിച്ചിട്ടുണ്ട്.
വിവരസുരക്ഷാവിഷയത്തിൽ സിപിഐ എമ്മിനും സിപിഐക്കും ഒരേ നിലപാടാണെന്നും അതിൽ പിറകോട്ട് പോയിട്ടില്ലെന്നും കോടിയേരി പറഞ്ഞു. സിപിഐ സഹോദര പാർടിയാണ്. അഭിപ്രായവ്യത്യാസമുണ്ടെങ്കിൽ തുറന്ന് ചർച്ചചെയ്യും. സിപിഐയുമായി ഏത് ചർച്ചയ്ക്കും വൈമനസ്യമില്ല. കഴിഞ്ഞദിവസം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി ആശയവിനിമയം നടത്തി കാര്യങ്ങളിൽ വ്യക്തത വരുത്തിയിട്ടുണ്ട്.
ശേഖരിക്കുന്ന ഡാറ്റ വാണിജ്യാവശ്യങ്ങൾക്ക് വിനിയോഗിക്കില്ലെന്നുള്ള വ്യവസ്ഥ കരാറിലുണ്ട്. വിവരങ്ങൾ ചോരാതിരിക്കാനുള്ള നടപടികളും സർക്കാർ സ്വീകരിച്ചു. 80ലക്ഷം പേരെ കോവിഡ് പിടികൂടുമെന്ന ദുരന്തനിവാരണ അതോറിറ്റി റിപ്പോർട്ട് വന്നപ്പോൾ വിവരശേഖരണത്തിന് ഐടി വകുപ്പിനുള്ള സംവിധാനങ്ങൾമാത്രം പോരാ എന്ന വിലയിരുത്തലുണ്ടായി. തുടർന്നാണ് ആറ് മാസത്തേക്ക് അമേരിക്കൻ മലയാളിയുടെ കമ്പനിയിൽനിന്ന് സൗജന്യസേവനം സ്വീകരിക്കാൻ തയ്യാറായത്. പ്രത്യേക സാഹചര്യത്തിൽ ഇതിന് നിയമത്തിൽ വ്യവസ്ഥയുണ്ട്.
മുഖ്യമന്ത്രിയുടെ മകളുടെ പേരിലുളള ആരോപണത്തിൽ തെളിവു കൊണ്ടുവരാൻ പ്രതിപക്ഷത്തിന് കഴിഞ്ഞിട്ടില്ല. ഉപകഥകളുണ്ടാക്കാനാണ് അതുന്നയിക്കുന്നത്. കേരളത്തിലെ കോൺഗ്രസ് പാർടി ഇത്തരം കാര്യങ്ങളിൽ ഒരു മര്യാദയും സ്വീകരിക്കാത്തവരാണ്. മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരനെതിരെ ചാരക്കേസുയർന്നപ്പോൾ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കെതിരെ എന്തെല്ലാം ആരോപണങ്ങളുയർത്തി. അതിന് സമാനമായ ആരോപണങ്ങളാണ് പിണറായി വിജയന്റെ കുടുംബത്തിനെതിരെ ഉന്നയിക്കാൻ ശ്രമിക്കുന്നത്.
കോവിഡ് പ്രതിരോധത്തിൽ കേരളം ഒറ്റക്കെട്ടായി നീങ്ങുമ്പോൾ അതിനെ അട്ടിമറിക്കാൻ സർക്കാരിനെയും മുഖ്യമന്ത്രിയെയും അപകീർത്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പ്രതിപക്ഷത്തിന്റെ പ്രചാരവേല. ഇതിനെതിരെ ജാഗ്രതയോടെ പ്രവർത്തിക്കണമെന്നും കോടിയേരി പറഞ്ഞു.
സ്‌പ്രിങ്ക്‌ളറിന്റെ സേവനം അതീവ അടിയന്തര സാഹചര്യത്തിൽ ; സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലം ഇങ്ങനെ
കോവിഡ്–-19 വിശകലനത്തിന് സ്‌പ്രിങ്ക്‌ളറിന്റെ സേവനം ഉപയോഗപ്പെടുത്തിയത് അതീവ അടിയന്തര സാഹചര്യത്തിലാണെന്ന് സർക്കാർ. സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലം ഇങ്ങനെ:
സംസ്ഥാനത്ത് 80 ലക്ഷം പേർക്ക് കോവിഡ് ബാധയുണ്ടാകുമെന്ന് പഠനമുണ്ടായിരുന്നു. രോഗവ്യാപനമുണ്ടായാൽ ഓരോരുത്തരിൽനിന്നും വിവരശേഖരണം അസാധ്യമാകും. കൃത്യമായ രൂപരേഖയ്ക്ക് വിവരശേഖരണം അനിവാര്യമാണ്. രോഗികൾ കുറഞ്ഞെങ്കിലും അതീവ ഗുരുതര സാഹചര്യമാണ്. അടുത്ത ഘട്ടം കോവിഡ് ഔട്ട് ബ്രേക്കിനും സാധ്യതയുണ്ട്. അടച്ചുപൂട്ടൽ പിൻവലിച്ചാൽ രോഗികളുടെ എണ്ണം അതിവേഗം ഉയരുന്നതിനൊപ്പം മഴക്കാല രോഗങ്ങളും വരും. ഓൺലൈൻ വിവരശേഖരണത്തിലൂടെ ഡാറ്റ അനലിറ്റിക്‌സ് വഴി പ്രാദേശികമായി നടപടി സ്വീകരിക്കാം.
ലോകാരോഗ്യ സംഘടനയുടെ കോവിഡ്–-19 ഡാഷ് ബോർഡ് സൗജന്യമായി വികസിപ്പിച്ചുനൽകിയത് സ്‌പ്രിങ്ക്‌ളറാണ്. അവരുടെ ഡൊമൈനിൽ ആദ്യ വിവരങ്ങൾ പരീക്ഷണാർഥം നൽകി. പിന്നാലെ എല്ലാ വിവരങ്ങളും സർക്കാർ ഡൊമൈനിലേക്ക് മാറ്റി. എൻക്രിപ്റ്റഡായി സൂക്ഷിക്കുന്നത് വിദേശത്തല്ല; മുംബൈയിലെ ആമസോൺ ക്ലൗഡ് സെർവറിലാണ്. സി ഡിറ്റിന് ആമസോൺ അക്കൗണ്ടിൽ മതിയായ സ്ഥലമുണ്ടായിരുന്നില്ല. ഇത് അപ്‌ഗ്രേഡ് ചെയ്തു. ഡാറ്റ സൂക്ഷിക്കാൻ സർക്കാർ മേഖലയിൽ പെട്ടന്ന് സൗകര്യമൊരുക്കുക പ്രായോഗികമല്ല. ശേഖരിച്ച ഡാറ്റയിലും അപഗ്രഥനത്തിലും സർക്കാരിന് പൂർണ ഉടമസ്ഥാവകാശമുണ്ട്. പൗരന്റെ സ്വകാര്യതയും ഡാറ്റയും സുരക്ഷിതമാണ്. അനുമതിയില്ലാതെ സ്‌പ്രിങ്ക്‌ളറിന് വിവരങ്ങൾ ശേഖരിക്കാനാവില്ലെന്ന് ഉറപ്പുവരുത്തി. സേവന കാലാവധിക്കുശേഷം കമ്പനിയുമായി ധാരണയ്‌ക്കും ബാധ്യതയില്ല. ഡാറ്റ വിശകലനം പൊതുതാൽപ്പര്യത്തിനാണ്.
സേവനം സൗജന്യമായതിനാൽ നിയമവകുപ്പിന്റെ അനുമതി ആവശ്യമില്ല. ദുരന്തനിവാരണ നിയമം അനുസരിച്ചും സർക്കാരിന് നടപടി സ്വീകരിക്കാം. ഹർജിക്കാരൻ തെറ്റായി വ്യാഖ്യാനിച്ചത് സ്‌പ്രിങ്ക്‌ളറിന്റെ പൊതുമാനദണ്ഡമാണ്. ഐടി നിയമം അനുസരിച്ച് ഇന്ത്യയിലും നിയമനടപടിയെടുക്കാം. വിവരശേഖരണം സ്വകാര്യതാ ലംഘനമല്ല. ആരോഗ്യ അടിയന്തരാവസ്ഥ സമയത്ത് സ്വകാര്യതാ അവകാശം നിലനിൽക്കില്ല.
സുപ്രീംകോടതി വിധി വിവരശേഖരണത്തിന് അനുകൂലമാണെന്നും സത്യവാങ്‌മൂലത്തിൽ പറയുന്നു. തിരുവനന്തപുരം സ്വദേശി ബാലു ഗോപാലകൃഷ്ണൻ നൽകിയ ഹർജിയിൽ ഹൈക്കോടതി ചൊവ്വാഴ്ച സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടിയിരുന്നു. ഹർജി വെള്ളിയാഴ്ച ഡിവിഷൻ ബെഞ്ച് വീണ്ടും പരിഗണിക്കും.
No comments:
Post a Comment