ആലപ്പുഴ > മുലക്കരം പിരിക്കാൻ വന്ന രാജകിങ്കരന‌് നിലവിളക്കു കത്തിച്ചുവച്ച‌് അരിവാൾക്കൊണ്ട‌് തന്റെ മുലകൾ അറുത്ത‌് ചേമ്പിലയിൽ നൽകിയിട്ടു നങ്ങേലി ചോദിച്ചു– ഇനി നിങ്ങൾക്കു മുലക്കരം വേണ്ടല്ലോ?. ചോരവാർന്നു പിറകോട്ടു മറിഞ്ഞ‌് നങ്ങേലി മരിച്ചുവീണ സ്ഥലമാണ‌് മുലച്ചിപ്പറമ്പ‌്. നങ്ങേലിക്കുവേണ്ടി ഒരുക്കിയ ചിതയിൽ ദുഃഖം താങ്ങാനാകാതെ ചാടിയാണ‌് ഭർത്താവ‌് ചിരുകണ്ടൻ മരിച്ചത‌്.
1803ൽ ആയിരുന്നുസംഭവം. പിന്നോക്ക സ‌്ത്രീകൾമുലക്കരം കൊടുക്കണമെന്ന അനാചാരത്തിനെതിരെ നങ്ങേലി സ്വന്തം മുല മുറിച്ച‌് സമരം നടത്തിയത‌് സേതു പാർവതിഭായി തിരുവിതാംകൂർ ഭരിച്ചിരുന്ന കാലത്തായിരുന്നു. സ‌്ത്രീയായിരുന്നിട്ടും ഈ സംഭവത്തിനുശേഷവും അവർ മുലക്കരം നീക്കം ചെയ‌്തില്ല . ലോകത്തെങ്ങും ഇത്രയും വിചിത്രമായ ഒരു നികുതി ഉണ്ടായിരുന്നതായി രേഖപ്പെടുത്തിയിട്ടില്ല. സവർണ സ‌്ത്രീകളെ ഈ നികുതിയിൽ നിന്ന് ഒഴിവാക്കിയിരുന്നു.
നങ്ങേലിയുടെ വീട‌് മനക്കോടം കേശവൻ വൈദ്യരുടെ വൈദ്യശാലയുടെ പിറകിലായിരുന്നു. ഇപ്പോൾ മനോരമക്കവലയ‌്ക്കടുത്ത‌് നങ്ങേലിയുടെ വീട‌് നിലനിന്ന സ്ഥലത്ത‌് ചേർത്തല കോ–ഓപ്പറേറ്റീവ‌് അർബൻ സൊസൈറ്റി പ്രവർത്തിക്കുന്നു.
1810ൽ ശ്രീമൂലം തിരുനാൾ രാമവർമ രാജാവാണ് മുലക്കരം പിൻവലിച്ചത്. അങ്ങനെ നങ്ങേലിയുടെ ജീവത്യാഗത്തിന്റെ ഫലമായി കേരളത്തിലെ പിന്നോക്കക്കാരായ സ‌്ത്രീകൾ പിന്നീട‌് മാറുമറച്ചുതന്നെ നടന്നു. വിദേശികളുടെ സ്വാധീനത്തിൽ കേരളത്തിൽ സ‌്ത്രീകൾ മാറുമറയ‌്ക്കാൻ തുടങ്ങിയത‌് അവസരമായി കണ്ടാണ‌് രാജഭരണം താഴ‌്ന്ന ജാതിക്കാരിലെ സ‌്ത്രീകൾക്ക് മാറുമറയ‌്ക്കുന്നതിന് നികുതി ഏർപ്പെടുത്തിയത‌്.
ലെനി ജോസഫ്
No comments:
Post a Comment