Saturday, November 19, 2011

പരവന്‍ സമുദായത്തെ പട്ടികജാതിയില്‍നിന്ന് നീക്കാന്‍ യുഡിഎഫ് ശ്രമം

പരമ്പരാഗതമായി പട്ടികജാതി വിഭാഗത്തില്‍പ്പെട്ട പരവന്‍ സമുദായത്തെ ആ വിഭാഗത്തില്‍ നിന്നും നീക്കി അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ നിഷേധിക്കാന്‍ യുഡിഎഫ് ശ്രമം. മുന്‍ മന്ത്രി എ കെ ബാലനോടുള്ള വ്യക്തി വിദ്വേഷത്തിന്റെ പേരില്‍ , സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജിന്റെ നേതൃത്വത്തിലാണ് പരവന്‍ വിഭാഗത്തെ പട്ടികജാതിയില്‍ നിന്നും ഒഴിവാക്കിക്കാനുള്ള പരിഹാസ്യമായ ശ്രമം നടത്തുന്നത്. നിവേദനമടക്കമുള്ള പരിപാടികളുമായി ഈ സമുദായത്തിനെതിരെ ശത്രുതയോടെ നീങ്ങുകയാണിപ്പോള്‍ യുഡിഎഫുകാര്‍ . പട്ടികജാതി വിഭാഗത്തില്‍ ഉള്‍പ്പെടാന്‍ പരവന്‍ സമുദായത്തിന് അര്‍ഹതയില്ലെന്ന അവകാശവാദവുമായി ഒരു കടലാസ് സംഘടനയുടെ പേരില്‍ ചിലര്‍ വ്യാജപ്രചാരണം നടത്തുകയാണ്. സംസ്ഥാനത്തെ അഞ്ചുലക്ഷത്തിലധികം വരുന്ന കുടുംബങ്ങളെ സമൂഹത്തിനുമുന്നില്‍ താറടിക്കാനാണ് ശ്രമം.

ഭരണഘടനയുടെ 341-ാം വകുപ്പില്‍ 51-ാം നമ്പരായി പട്ടികജാതി വിഭാഗങ്ങളുടെ പട്ടികയില്‍പ്പെടുത്തിയിട്ടുള്ള സമുദായമാണ് പരവന്‍ . പിന്നീട് സംസ്ഥാന സര്‍ക്കാരിന്റെ ഗസറ്റ് വിജ്ഞാപനത്തില്‍ 12-ാം സ്ഥാനത്ത് ഭരതര്‍ ജാതിയുടെ കൂടെ ഉള്‍പ്പെടുത്തി. ഇതിനൊപ്പം പട്ടികവിഭാഗത്തിലോ പിന്നോക്ക സമുദായങ്ങളിലെ ഉള്‍പ്പെടാത്ത പരതര്‍ ജാതിയെക്കൂടി ഈ പട്ടികയില്‍ ഉള്‍പ്പെടുത്തി. 2002ലെ ഭേദഗതിക്കുശേഷം കേരള പിഎസ്സിയുടെ പട്ടികജാതി പട്ടികയില്‍ ഭരതര്‍ (പരതര്‍ ഒഴികെ), പരവന്‍ എന്നതിനുപകരം ഭരതന്‍ (പരവന്‍ ഒഴികെ), പരതര്‍ എന്നു പ്രസിദ്ധപ്പെടുത്തി. പരാതി ഉയര്‍ന്നപ്പോള്‍ ഇത് തിരുത്തി. പിന്നീട് ഭരതര്‍ (പരതര്‍ , പരവന്‍ ഒഴികെ) എന്നും പ്രസിദ്ധപ്പെടുത്തി. സമുദായാംഗങ്ങള്‍ പരാതിപ്പെട്ടപ്പോള്‍ പിഎസ്സി ഇത് തിരുത്തുകയും പരവന്‍ സമുദായം പട്ടികജാതി വിഭാഗമാണെന്ന് മാധ്യമങ്ങളില്‍ പരസ്യപ്പെടുത്തുകയുംചെയ്തു.

ഭരണഘടനയിലൂടെ പട്ടികജാതി വിഭാഗമായി അംഗീകരിക്കപ്പെട്ടവരെയാണ് ഇപ്പോള്‍ ചിലര്‍ അപമാനിക്കാന്‍ ശ്രമിക്കുന്നത്. പട്ടികജാതി-പട്ടികവര്‍ഗ അവകാശ സംരക്ഷണ സമിതി എന്ന പേരില്‍ കടലാസ് സംഘടനയാണ് പരവന്‍ വിഭാഗത്തിനെതിരെ കുപ്രചാരണം നടത്തുന്നത്. ഈ സംഘടനയുടെ നേതാക്കളെല്ലാം യുഡിഎഫ് അനുയായികളാണ്.

പത്തനാപുരത്ത് പ്രസംഗിച്ച ചീഫ് വിപ്പ് പി സി ജോര്‍ജ് സിപിഐ എം നിയമസഭാ സെക്രട്ടറി എ കെ ബാലനെ ജാതിപ്പേര് വിളിച്ച് അപമാനിച്ചിരുന്നു. ഇതിനെതിരെ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം ഉയര്‍ന്നു. ജോര്‍ജിനെതിരെ ദേശീയ പട്ടികജാതി കമീഷന്‍ കേസെടുത്ത് അന്വേഷണവും ആരംഭിച്ചു. ഇതിനുശേഷമാണ് ബാലന്‍ അംഗമായ പരവന്‍ സമുദായം പട്ടികജാതി വിഭാഗത്തില്‍പ്പെട്ടതല്ലെന്ന കുപ്രചാരണം ആരംഭിച്ചത്.

ചൂരല്‍പണി, കയര്‍ നിര്‍മാണം, തെങ്ങുകയറ്റം, കക്ക വാരല്‍ , കുമ്മായ നിര്‍മാണം, പായ് നെയ്ത്ത് തുടങ്ങിയ ജോലികളാണ് പരവര്‍ വിഭാഗം ചെയ്യുന്നത്. സ്ത്രീകള്‍ പ്രധാനമായും അലക്കുപണി ചെയ്യുന്നു. 70 ശതമാനത്തിലധികം കുടുംബങ്ങളും ദരിദ്രാവസ്ഥയിലാണ്. സാമൂഹ്യമായി ഇനിയും മുന്നോട്ടുപോകാന്‍ കഴിയാത്ത സ്ഥിതിയില്‍ ഈ ജനവിഭാഗത്തിന് ലഭിക്കുന്ന ആനുകൂല്യങ്ങളും കൈത്താങ്ങും ഇല്ലാതാക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്ന് കേരള പരവന്‍ സര്‍വീസ് സൊസൈറ്റി പ്രസിഡന്റ് എ തുളസീധരന്‍ പറഞ്ഞു. കടലാസ് സംഘടനയുടെ പേരില്‍ ചിലര്‍ നടത്തുന്ന വിഘടനശ്രമത്തില്‍ എല്ലാ പട്ടികജാതി സംഘടനകളും അപലപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

deshabhimani 191111

2 comments:

  1. പരമ്പരാഗതമായി പട്ടികജാതി വിഭാഗത്തില്‍പ്പെട്ട പരവന്‍ സമുദായത്തെ ആ വിഭാഗത്തില്‍ നിന്നും നീക്കി അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ നിഷേധിക്കാന്‍ യുഡിഎഫ് ശ്രമം. മുന്‍ മന്ത്രി എ കെ ബാലനോടുള്ള വ്യക്തി വിദ്വേഷത്തിന്റെ പേരില്‍ , സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജിന്റെ നേതൃത്വത്തിലാണ് പരവന്‍ വിഭാഗത്തെ പട്ടികജാതിയില്‍ നിന്നും ഒഴിവാക്കിക്കാനുള്ള പരിഹാസ്യമായ ശ്രമം നടത്തുന്നത്. നിവേദനമടക്കമുള്ള പരിപാടികളുമായി ഈ സമുദായത്തിനെതിരെ ശത്രുതയോടെ നീങ്ങുകയാണിപ്പോള്‍ യുഡിഎഫുകാര്‍ . പട്ടികജാതി വിഭാഗത്തില്‍ ഉള്‍പ്പെടാന്‍ പരവന്‍ സമുദായത്തിന് അര്‍ഹതയില്ലെന്ന അവകാശവാദവുമായി ഒരു കടലാസ് സംഘടനയുടെ പേരില്‍ ചിലര്‍ വ്യാജപ്രചാരണം നടത്തുകയാണ്. സംസ്ഥാനത്തെ അഞ്ചുലക്ഷത്തിലധികം വരുന്ന കുടുംബങ്ങളെ സമൂഹത്തിനുമുന്നില്‍ താറടിക്കാനാണ് ശ്രമം.

    ReplyDelete
  2. സംസ്ഥാനത്തെ പരവന്‍ സമുദായക്കാര്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന സംവരണാനുകൂല്യങ്ങള്‍ എടുത്തുകളയാനുള്ള നീക്കത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് കോഴിക്കോട്ട് ചേര്‍ന്ന പരവന്‍ സമുദായ സര്‍വീസ് സൊസൈറ്റി യോഗം ആവശ്യപ്പെട്ടു. സര്‍ക്കാര്‍നീക്കത്തിനെതിരെ കണ്‍വന്‍ഷനുകളും പ്രക്ഷോഭ പരിപാടികളും സംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചു. മുന്‍ മന്ത്രി എ കെ ബാലന്‍ പരവന്‍സമുദായക്കാരനെന്ന നിലയില്‍ ആനുകൂല്യം നേടിയതിനാല്‍ പരവന്‍ സമുദായക്കാരെ സംവരണ വിഭാഗത്തില്‍നിന്ന് ഒഴിവാക്കണമെന്നാണ് ഗവ. ചീഫ് വിപ്പ് പി സി ജോര്‍ജ് ആവശ്യപ്പെട്ടിരിക്കുന്നത്. കിര്‍ടാഡ്സിനെ ഉപയോഗിച്ച് സംവരണപട്ടിക പുനഃപരിശോധിപ്പിക്കാനാണ് സര്‍ക്കാര്‍ നീക്കം. പട്ടികജാതിക്കാര്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളെല്ലാം പരവന്‍ സമുദായക്കാര്‍ക്ക് വര്‍ഷങ്ങളായി ലഭിച്ചുവരുന്നുണ്ട്. ഇത് നിര്‍ത്തലാക്കാനുള്ള നീക്കം ശക്തമായി ചെറുക്കുമെന്ന് യോഗം വ്യക്തമാക്കി. പ്രസിഡന്റ് എ ബാലകൃഷ്ണന്‍ അധ്യക്ഷനായി. സെക്രട്ടറി എന്‍ ബാലന്‍ , പി ശ്രീനിവാസന്‍ , പി ഗോപാലന്‍കുട്ടി, ടി ടി കേളപ്പന്‍ , ഗംഗാധരന്‍ പുത്തന്‍കോട്ട് എന്നിവര്‍ സംസാരിച്ചു.

    ReplyDelete