Thursday, July 30, 2020

മനോരമ ചക്കിന്‌ വച്ചത്‌ ചാണ്ടിക്കിട്ട്‌ കൊണ്ടു

സർക്കാർചട്ടങ്ങൾ പാലിച്ച്‌ നടന്ന നിയമനങ്ങൾ വിവാദമാക്കാൻ പരമ്പരയുമായിറങ്ങിയ മനോരമ വെട്ടിലാക്കിയത്‌ സാക്ഷാൽ ഉമ്മൻചാണ്ടിയെ. കേരള ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ ലേബർ ആൻഡ്‌ എംപ്ലോയ്‌മെന്റി (കിലെ)ൽ നടന്ന നിയമനത്തെക്കുറിച്ചാണ്‌ പതിവുപോലെ മനോരമ വ്യാജചരിതം രചിച്ചത്‌. മന്ത്രിയുടെ സ്റ്റാഫിന്റെ  ഭാര്യക്ക്‌ ഇവിടെ ജോലി നൽകിയത്‌ ചട്ടങ്ങൾ പാലിക്കാതെയാണെന്നാണ്‌ നുണനിർമാണ ഫാക്ടറിയുടെ അവകാശവാദം. എന്നാൽ, ഈ നിയമനം എല്ലാ മാനദണ്ഡങ്ങളും പാലിച്ചണ്‌ എന്ന്‌ രേഖകളിൽ വ്യക്തം. അതേസമയം, ഈ വാർത്ത പുറത്തുവന്നതോടെ മറ്റൊരു വിവാദനിയമനം പുറത്തായി.

അതാകട്ടെ  ഉമ്മൻചാണ്ടി സർക്കാർ ഭരിച്ചിരുന്ന കാലത്തുള്ളതും. അങ്ങനെ ചക്കിന്‌ വച്ചത്‌ ചാണ്ടിക്കിട്ട്‌ കൊണ്ടു എന്ന സ്ഥിതിയിലാണ്‌ ഇപ്പോൾ കാര്യങ്ങൾ. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത്‌ നിയമബിരുദം യോഗ്യതവേണ്ട സീനിയർ ഫെലോ തസ്‌തികയിലേക്ക്‌ നടന്ന നിയമനത്തിലാണ്‌ പ്രത്യക്ഷമായ അഴിമതി നടന്നത്‌. ആർഎസ്‌പി നിർദേശിച്ച ആൾ എന്നതുമാത്രമായിരുന്നു ഈ തസ്‌തികയിലെത്തിയ ആളുടെ യോഗ്യത. ഒരു പരിശോധനയും കൂടാതെ അന്നത്തെ ചെയർമാൻ സർക്കാർ തീരുമാനം തൊണ്ടതൊടാതെ വിഴുങ്ങുകയും ചെയ്‌തു.

നിയമനം 2011ൽ ലഭിക്കേണ്ടത്‌

2011ൽ മന്ത്രിയുടെ സ്റ്റാഫിന്റെ  ഭാര്യ ഉൾപ്പെടെയുള്ള നാലുപേരെ ദീർഘകാലത്തെ സർവീസിന്റെ അടിസ്ഥാനത്തിൽ സ്ഥിരപ്പെടുത്താൻ എൽഡിഎഫ്‌ സർക്കാർ ഉത്തരവിറക്കിയിരുന്നു. എന്നാൽ, സർക്കാർ മാറിയപ്പോൾ കിലെ ചെയർമാനായെത്തിയ ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ്‌ രാഷ്‌ട്രീയ വൈരാഗ്യത്തിന്റെ പേരിൽ ഈ ഉത്തരവ്‌ തടഞ്ഞു. നാലുപേരിൽ ഒരാൾ മരിക്കുകയും ഒരാൾ പിരിഞ്ഞ്‌ പോവുകയും ചെയ്‌തു. മറ്റുള്ളവർ താൽക്കാലികാടിസ്ഥാനത്തിൽ സർവീസിൽ തുടർന്നു. വീണ്ടും എൽഡിഎഫ്‌ സർക്കാർ അധികാരത്തിൽ വന്നപ്പോൾ  നീതി നടപ്പാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ഇവർ നിലവിലെ എക്‌സിക്യൂട്ടീവ്‌ കൗൺസിലിനെ സമീപിച്ചു. ഈ പരാതിയിലാണ്‌ ന്യായമായ തീരുമാനമെടുത്തത്‌. ഇതിൽ എല്ലാ മാനദണ്ഡവും പാലിക്കുകയും ചെയ്‌തു. കൂടാതെ കിലെയിലെ നിയമനങ്ങൾ ഇതുവരെ പിഎസ്‌സിക്ക്‌ വിട്ടിട്ടില്ല എന്നിരിക്കെ ഇതുവഴി മറ്റ്‌ ഉദ്യോഗാർഥികളുടെ തൊഴിൽ നിഷേധിക്കുന്ന സാഹചര്യവും ഉണ്ടായില്ല. ടൈപ്പിസ്റ്റ്‌ തസ്‌തികയിൽ സ്ഥിരപ്പെട്ടയാൾക്ക്‌ 17 വർഷത്തെയും ക്ലർക്കായി സ്ഥിരപ്പെട്ടയാൾക്ക്‌ 13 വർഷത്തെയും സർവീസാണുള്ളത്‌.

നെതർലൻഡ്‌സ്‌ സന്ദർശനത്തിലും കുത്തിത്തിരിപ്പുമായി മനോരമ

മുഖ്യമന്ത്രിയുടെ നെതർലൻഡ്‌സ്‌ സന്ദർശനവും മനോരമ പത്രം നുണപ്രചാരണത്തിനായി ആയുധമാക്കുന്നു. നെതർലൻഡ്സ്‌‌ സന്ദർശനത്തിന്‌ സഹായിച്ച കമ്പനിയെ റീ ബിൽഡ്‌ കേരളയിൽ തിരുകിക്കയറ്റിയെന്നാണ്‌ പുതിയ വ്യാജപ്രചാരണം.  മുഖ്യമന്ത്രിയുടെ നെതർലൻഡ്‌സ്‌ സന്ദർശനത്തിന്റെ ചെലവ്‌ വഹിച്ചത്‌ ഇന്ത്യൻ എംബസിയാണെന്നത്‌  മറച്ചുവച്ചാണ് ദുഷ്‌പ്രചാരണം.

ജലവിഭവ വകുപ്പിൽ ഏറ്റെടുക്കുന്ന പദ്ധതികൾക്ക്‌ സാങ്കേതിക സഹായ കൺസൾട്ടന്റുമാരെ നിയമിക്കുന്ന ഫയലിനെപ്പറ്റിയാണ് പുതിയ ആരോപണം. കരാർ അടിസ്ഥാനത്തിൽ കൺസൾട്ടൻസി നിയമനത്തിനാണ്‌ ടെൻഡർ ക്ഷണിച്ചത്‌. ടെൻഡർ വിലയിരുത്തൽ സമിതി ആറു സ്ഥാപനങ്ങളുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി.

കമ്പനികൾ സമർപ്പിച്ച ബിഡ്ഡുകൾ തുറക്കുന്നതിനുമുമ്പ്, അന്താരാഷ്ട്ര പദ്ധതികളുടെ അനുഭവ പരിചയത്തെ ഇന്ത്യൻ പദ്ധതികളുടെ അനുഭവപരിചയമായി പരിഗണിക്കാമോ എന്നതിൽ റീ ബിൽഡ് കേരള ഇനിഷ്യേറ്റീവിൽ (ആർകെഐ)നിന്ന്‌ വിലയിരുത്തൽ സമിതി വ്യക്തത തേടിയിരുന്നു. പരിഗണിക്കാൻ കഴിയില്ലെന്നാണ്‌ ആർകെഐ അറിയിച്ചത്‌.  ഈ അഭിപ്രായം സഹിതമാണ് ഫയൽ  നീങ്ങിയത്‌.

ആറുസ്ഥാപനങ്ങളെയും പരിഗണിക്കണോ, അതോ നിഷ്കർഷിച്ച എല്ലാ മാനദണ്ഡങ്ങളും  പാലിക്കുന്ന നാലുസ്ഥാപനങ്ങളെ പരിഗണിച്ചാൽ മതിയോ എന്ന പ്രശ്‌നം ഫയലിൽ ഉയർന്നുവന്നു. ഈ പ്രശ്‌നവും രേഖപ്പെടുത്തിയ ഫയൽ ജലവിഭവ അഡീഷണൽ ചീഫ് സെക്രട്ടറിയായിരുന്ന ഡോ. വിശ്വാസ് മേത്തയ്‌ക്ക്‌ മുന്നിലെത്തി. ആറു സ്ഥാപനങ്ങളെയും പരിഗണിക്കാമെന്ന്‌  കഴിഞ്ഞ ഫെബ്രുവരി 24ന്‌ അദ്ദേഹം രേഖപ്പെടുത്തി. നെതർലൻഡ്സ് സന്ദർശിച്ചവേളയിൽ ഈ സ്ഥാപനങ്ങൾ ചർച്ചയിൽ പങ്കെടുത്തു എന്നതും അഭിപ്രായത്തിൽ ഉൾപ്പെടുത്തി. ഇവരെ ഒഴിവാക്കുന്നത് ഡച്ച് സർക്കാരുമായുള്ള ബന്ധത്തിന് നല്ല സന്ദേശം നൽകില്ലെന്നും അഡീഷണൽ ചീഫ്‌ സെക്രട്ടറിയുടെ കുറിപ്പിലുണ്ടായി.  ഇതിനെയാണ് യാത്രയെ സഹായിച്ചു എന്ന വ്യാജ ആരോപണമായി മനോരമ ഉയർത്തിയത്‌.  ഉയർന്ന ഉദ്യോഗസ്ഥൻ ഫയലിൽ എഴുതുന്ന അഭിപ്രായത്തെയാണ്‌ മുഖ്യമന്ത്രിയുടെ തീരുമാനമായി വ്യാഖ്യാനിച്ച്‌ ദുഷ്‌പ്രചാരണത്തിന്‌ ഉപയോഗിച്ചത്‌. മുഖ്യമന്ത്രിയുടെയും അനുഗമിച്ചിരുന്നവരുടെയും യാത്രാ, താമസ ചെലവ്‌ തങ്ങളാണ്‌ വഹിച്ചതെന്ന്‌ നെതർലൻഡ്‌സിലെ ഇന്ത്യൻ എംബസിയിൽനിന്ന്‌ സംസ്ഥാന സർക്കാരിന്‌ ലഭിച്ച കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്‌.

മനോരമ വാർത്ത പച്ചക്കള്ളം; അടിസ്ഥാനരഹിതമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നു- സിപിഐ എം

ന്യൂഡൽഹി > ''മുഖ്യമന്ത്രിയുടെ ഓഫീസിനു ജാഗ്രതക്കുറവ്: സിപിഎം'' എന്ന തലക്കെട്ടിൽ മലയാള മനോരമ ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച വാർത്ത പച്ചക്കള്ളം. അടുത്തിടെ സർക്കാരുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ജാഗ്രതക്കുറവ് വ്യക്തമെന്ന് പൊളിറ്റ്ബ്യൂറോ വിലയിരുത്തിയെന്നാണ് വാർത്ത. ഇത്തരമൊരു ചർച്ചയോ വിലയിരുത്തലോ പാർടിയുടെ പിബിയിലോ കേന്ദ്രകമ്മിറ്റിയിലോ നടന്നിട്ടില്ലെന്ന് പൊളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രൻപിള്ള പറഞ്ഞു.

''പാർടി അന്വേഷണത്തിനുശേഷം വിശദപരിശോധന: പിബി'' എന്ന ഉപശീർഷകവും മനോരമ വാർത്തയിലുണ്ട്. പാർടി ഒരുവിധ അന്വേഷണത്തിനും തീരുമാനിച്ചിട്ടില്ലെന്ന് എസ്ആർപി പറഞ്ഞു. അന്വേഷിക്കേണ്ട കാര്യവുമില്ല. പാർടി അംഗങ്ങൾ ഒരാളും സ്വർണക്കള്ളക്കടത്തിൽ ഉൾപ്പെട്ടിട്ടില്ല. കസ്റ്റംസും, എൻഐഎയും ആണ് കേസ് അന്വേഷിക്കുന്നത്. അവർ കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കുമെന്നാണ് വിശ്വസിക്കുന്നത്--എസ്ആർപി പറഞ്ഞു.

''ഒരു ഉദ്യോഗസ്ഥന്റെ പിഴവാണ് ഉണ്ടായതെന്ന് പിണറായി വിജയൻ വിശദീകരിച്ചതായി പാർടിവൃത്തങ്ങൾ പറഞ്ഞു'' എന്നും വാർത്തയിൽ പറയുന്നു. പിണറായി വിജയൻ ഇക്കാര്യമൊന്നും യോഗത്തിൽ വിശദീകരിച്ചിട്ടില്ലെന്ന് എസ്ആർപി വ്യക്തമാക്കി. പാർടിവൃത്തങ്ങൾ ഇങ്ങനെയൊന്നും പത്രത്തോട് പറഞ്ഞിട്ടുമില്ല. വാർത്തയിലെ  'പാർടി അന്വേഷണത്തിനുശേഷം വിശദപരിശോധന' എന്ന  പ്രയോഗം തന്നെ പരസ്പരവിരുദ്ധമാണെന്ന് എസ്ആർപി ചൂണ്ടിക്കാട്ടി. കളവ് എഴുതുമ്പോഴാണ് ഇത്തരം അബദ്ധങ്ങൾ സംഭവിക്കുന്നത്. പൊരുത്തപ്പെടാത്ത വാക്കുകളും പ്രയോഗങ്ങളും ഉപയോഗിച്ച് അടിസ്ഥാനരഹിതമായ കാര്യങ്ങൾ പ്രചരിപ്പിക്കുകയാണ്--എസ്ആർപി പറഞ്ഞു.

മുഖ്യമന്ത്രിക്ക് പാർടി  ക്ലീൻചിറ്റ് നൽകുകയാണോ എന്ന് വാർത്താസമ്മേളനത്തിൽ ചോദ്യം ഉയർന്നപ്പോൾ പാർടിയല്ല, എൻഐഎയാണ് അന്വേഷണം നടത്തുന്നതെന്നാണ് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചത്.  സ്വർണകള്ളക്കടത്ത് സംസ്ഥാന സർക്കാരിന്റെ പരിധിയിൽ വരുന്ന കാര്യമല്ലെന്ന് കേന്ദ്രകമ്മിറ്റി കമ്യൂണിക്കെയിൽ വിശദീകരിച്ചിട്ടുണ്ട്. മുഖ്യമന്ത്രി കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടപ്രകാരം എൻഐഎ അന്വേഷണം നടക്കുകയാണ്. അവർ കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കട്ടെ. കോവിഡിനെതിരായ പോരാട്ടത്തിൽ ശ്രദ്ധകേന്ദ്രീകരിക്കേണ്ട സമയത്ത് യുഡിഎഫും ബിജെപിയും ഒന്നുചേർന്ന് സംസ്ഥാനസർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ശ്രമത്തിലാണെന്നും കേന്ദ്രകമ്മിറ്റി ചൂണ്ടിക്കാട്ടി.

മാപ്പ്‌! മാപ്പ്‌! :‘നിർവ്യാജം’ നുണപ്രചാരണം തുടരുന്ന മലയാള മനോരമ

എൽഡിഎഫ്‌ സർക്കാരിനെതിരെയും സിപിഐ എമ്മിനെതിരെയും നിരന്തരം വ്യാജവാർത്ത  പ്രസിദ്ധീകരിക്കുന്നത്‌‌ കൈയോടെ പിടിക്കപ്പെട്ടാലും നുണ പ്രചാരണം ‘നിർവ്യാജം’ തുടരാൻ മലയാള മനോരമയ്‌ക്ക്‌ ഒരു മടിയുമില്ല:

എറണാകുളം മെഡിക്കൽ കോളേജിലെ കോവിഡ്‌ വാർഡിൽ രോഗികൾക്ക്‌ പീഡനം

മനോരമ ചാനലിൽ വന്ന ദൃശ്യങ്ങൾ മാറിപ്പോയി എന്നും ദൃശ്യം തിരുവനന്തപുരം മെഡിക്കൽ കോളേജിലേതുമാണെന്നുമാണ്‌  മാപ്പു പറഞ്ഞ്‌ അവതാരക അവകാശപ്പെട്ടത്‌. എന്നാൽ, ദൃശ്യങ്ങൾ തിരുവനന്തപുരം കോവിഡ്‌ വാർഡിലേതുമല്ല. അതിന്റെ മാപ്പ്‌ ഇനിയും ബാക്കി.

സ്വർണക്കടത്ത്‌ കേസ്‌ പ്രതി സന്ദീപ്‌ നായരുടെ രാഷ്ട്രീയബന്ധം

സിപിഐ എം പ്രവർത്തകനാണ്‌ സന്ദീപ്‌ നായർ എന്നാണ്‌ മനോരമയും ഏഷ്യാനെറ്റും ആദ്യം പറഞ്ഞത്‌. സന്ദീപ്‌ ബിജെപിക്കാരനാണെന്ന്‌ തെളിഞ്ഞപ്പോൾ രണ്ടുചാനലും മാപ്പു പറഞ്ഞ്‌ തടിയൂരി.

ബ്രിട്ടാസിന്റെ ചിഫ്‌ സെക്രട്ടറി പദവി

മനോരമ പത്രത്തിലെ പരമ്പരയിൽ ജോൺ ബ്രിട്ടാസിന്‌ ചീഫ്‌ സെക്രട്ടറി പദവിയെന്ന്‌ തട്ടിവിട്ടു. ബ്രിട്ടാസ്‌ കത്തെഴുതിയപ്പോൾ, തിരുത്ത്‌ ആർക്കും മനസ്സിലാകാത്ത രൂപത്തിൽ കൊടുത്ത്‌ മലക്കം മറിഞ്ഞു.

സ്വർണക്കടത്ത്‌ കേസ്‌ പ്രതി സ്വപ്‌ന രക്ഷപ്പെട്ടത്‌ ട്രിപ്പിൾ ലോക്‌ഡൗൺ സമയത്ത്

മനോരമ ആവർത്തിച്ച ഈ കാര്യം, അവരുടെതന്നെ മുമ്പുകൊടുത്ത വാർത്തയ്‌ക്ക്‌ എതിരായതാണ്‌. രണ്ടുദിവസംമുമ്പുതന്നെ പോയി എന്ന്‌  സിസിടിവി അടക്കം കാണിച്ച്‌ മനോരമയിൽത്തന്നെ വാർത്ത വന്നു.

പൂന്തുറയിൽ പ്രതിഷേധിച്ചത്‌ സിപിഐ എം പ്രവർത്തകർ

പൂന്തുറയിൽ ലോക്‌ഡൗൺ ലംഘിച്ച നാട്ടുകാരെ ആശ്വസിപ്പിക്കുന്ന സിപിഐ എം പ്രവർത്തകരുടെ ചിത്രം ക്രോപ്പ്‌ ചെയ്‌ത്‌ പ്രതിഷേധക്കാരാക്കി; നാട്ടുകാർ ഇതിനെതിരെ മനോരമയ്‌ക്കെതിരെ കേസ്‌ കൊടുത്തിട്ടുണ്ട്‌.

ബെവ്‌ക്യൂ ആപ് പൊളിഞ്ഞു; ഉടമകൾ മുങ്ങി

ബെവ്‌ക്യൂ ആപ്‌ പുറത്തിറക്കിയ സമയത്ത്‌ സർക്കാരിനെ ആക്ഷേപിക്കാനാണ്‌ ആപ്‌ കമ്പനി പൂട്ടിയെന്ന്‌ മനോരമ പച്ചക്കള്ളം നിരത്തിയത്‌. എന്നാൽ അതേ പത്രം നാല്‌ ദിവസം കഴിഞ്ഞപ്പോൾ ആപ്‌ ഉടമകളെ വാഴ്‌ത്തി വിശദ ഇന്റർവ്യൂവും പ്രസിദ്ധീകരിച്ചു.

സന്ദീപ്‌ നായരും കുമ്മനവും

പ്രതി  സന്ദീപ്‌ നായരും ബിജെപി നേതാവ്‌ കുമ്മനം രാജശേഖരനും കെട്ടിപ്പിടിക്കുന്ന ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി. എന്നാൽ, ചില പത്ര, ദൃശ്യ മാധ്യമങ്ങൾ ഇത്‌ കണ്ടില്ല. അതേസമയം, മുഖ്യമന്ത്രി യുഎഇ കോൺസുലേറ്റിന്റെ ഔദ്യോഗിക ചടങ്ങിൽ പങ്കെടുത്തപ്പോൾ, അൽപ്പം ദൂരെയുണ്ടായിരുന്ന അന്നത്തെ കോൺസുലേറ്റ്‌ ജീവനക്കാരി സ്വപ്‌നയുടെ ചിത്രം ചുവന്ന വൃത്തത്തിൽ കാണിച്ച്‌ ബോധപൂർവം പുകമറയുണ്ടാക്കി.

സ്വർണക്കടത്തിലെ രാഷ്ട്രീയബന്ധം

സ്വർണക്കടത്തിൽ രാഷ്ട്രീയബന്ധമുണ്ടെന്നായിരുന്നു മനോരമ ആദ്യം പറഞ്ഞത്‌. എന്നാൽ, പിടിയിലായവരെല്ലാം  ബിജെപി, ലീഗ്‌ പ്രവർത്തകരാണെന്ന്‌ വന്നപ്പോൾ പത്രം മലക്കം മറിഞ്ഞു. രാഷ്ട്രീയബന്ധം ഇതുവരെ തെളിഞ്ഞില്ല എന്നാണ്‌ പിന്നീട്‌‌ എഴുതിപ്പിടിപ്പിച്ചത്‌.

പ്രതിയും എ എൻ രാധാകൃഷ്‌ണനും

സ്വർണക്കടത്തിലെ പ്രതിയും ബിജെപി നേതാവ്‌ എ എൻ രാധാകൃഷ്‌ണനും തമ്മിലുള്ള ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. എന്നാൽ, മനോരമയ്‌ക്ക്‌ അത്‌ വാർത്തയായില്ല. എന്നാൽ സ്‌പീക്കർ കട ഉദ്‌ഘാടനത്തിന്‌ പോയത്‌ ഇപ്പോഴും അവർ ആഘോഷിക്കുന്നു.

രോഗിയെ ആശുപത്രിയിൽ എത്തിക്കാൻ 10 മിനിറ്റ്‌ വൈകി

കോവിഡ്‌ പടരുന്നതിന്റെ തുടക്ക കാലത്ത്‌, ഒരുനാൾ രോഗിയെ ആശുപത്രിയിലെത്തിക്കാൻ വൈകിയെന്നായിരുന്നു ചൂടൻ ചർച്ച. എന്നാൽ, തനിക്ക്‌ പരാതിയില്ലെന്നും ആംബുലൻസ്‌ എത്താനുള്ള സമയം മാത്രമാണ്‌ എടുക്കുന്നത്‌ എന്നും രോഗി പറഞ്ഞപ്പോൾ കുത്തിത്തിരുപ്പിനുള്ള മനോരമയുടെ ഒരവസരംകൂടി നഷ്ടമായി.

എറണാകുളമല്ല, ഓകെ...തിരുവനന്തപുരവുമല്ല.. പിന്നെ? ആ...! വ്യാജവാർത്ത വിവാദമായപ്പോൾ ഖേദം പ്രകടിപ്പിച്ച്‌ മനോരമ ചാനൽ

എറണാകുളം മെഡിക്കൽ കോളേജിൽ രോഗികൾക്ക്‌ നരകയാതന എന്ന പേരിൽ  നൽകിയ വ്യാജവാർത്ത വിവാദമായപ്പോൾ ഖേദം പ്രകടിപ്പിച്ച്‌ മനോരമ ചാനൽ സംപ്രേഷണം ചെയ്‌തത്‌ മറ്റൊരു വ്യാജവാർത്ത. എറണാകുളം മെഡിക്കൽ കോളേജിനെതിരെ വ്യാജവാർത്തയും ദൃശ്യങ്ങളും നൽകിയതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചതോടെയാണ്‌ ചാനൽ ഖേദപ്രകടനവുമായി എത്തിയത്‌. 

വാർത്തയിൽ കാണിച്ചത്‌ എറണാകുളം മെഡിക്കൽ കോളേജ്‌ അല്ല, പകരം തിരുവനന്തപുരം മെഡിക്കൽ കോളേജാണ്‌ എന്നായിരുന്നു മനോരമയുടെ തിരുത്തൽ. എന്നാൽ, ഈ ദൃശ്യം തിരുവനന്തപുരം മെഡിക്കൽ കോളേജിലെ കോവിഡ്‌‌ വാർഡിന്റേതല്ലെന്ന്‌ ‌ അധികൃതർ വ്യക്തമാക്കി. ദൃശ്യത്തിൽ കോഴിക്കോട്‌ മെഡിക്കൽ കോളേജിന്റെ ബോർഡും പുറംചിത്രങ്ങളും കാണിച്ചതിനെക്കുറിച്ചും തിരുത്തിയ വാർത്തയിൽ മനോരമയ്‌ക്ക്‌‌ മിണ്ടാട്ടമില്ല. എൽഡിഎഫ്‌സർക്കാരിന്റെ കോവിഡ്‌ പ്രതിരോധ പ്രവർത്തനങ്ങളെ വികലമാക്കി ചിത്രീകരിക്കാനാണ്‌ ഈ വ്യാജവാർത്തകൾ.

മനോരമ കാണിച്ച ദൃശ്യങ്ങൾ തിരുവനന്തപുരം മെഡിക്കൽ കോളേജ്‌ അല്ലെന്ന്‌ അവിടെ ഹെൽത്ത്‌ ഇൻസ്‌പെക്‌ടറായ വികാസ്‌ ബഷീർ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പിലും വ്യക്തമാക്കിയതോടെയാണ്‌  തിരുത്തൽ വിവാദം വ്യാപക ചർച്ചയായത്‌.  മനോരമ കാണിച്ച ദൃശ്യങ്ങൾ കോഴിക്കോട്‌,  മഞ്ചേരി മെഡിക്കൽ കോളേജുകളിലെ അല്ലെന്നും എവിടെനിന്നാണ്‌  ദൃശ്യം കിട്ടിയതെന്ന്‌ അവർ വ്യക്തമാക്കണമെന്നും മഞ്ചേരി മെഡിക്കൽ കോളേജിലെ ഡോക്ടർ ഷിംന അസീസും ഫെയ്‌സ്‌ബുക്കിൽ പോസ്‌റ്റിട്ടു.  മനോരമ കരിവാരി ഒഴിച്ചത്  അനേകമനേകം രോഗികൾ മാലാഖമാരെപ്പോലെ കണ്ട കളമശേരി മെഡിക്കൽ കോളേജിലെ ആരോഗ്യപ്രവർത്തകരുടെ മുഖത്താണാന്നെ്‌ ആർഎംഒ ഡോ. ഗണേഷ്‌ മോഹനും കുറിച്ചു.

വ്യാജവാർത്തയാണ്‌ എറണാകുളം മെഡിക്കൽ കോളേജിനെ കുറിച്ച്‌ വന്നതെന്ന്‌ സൂപ്രണ്ട്‌ ഞായറാഴ്‌ച വാർത്താക്കുറിപ്പ്‌ ഇറക്കിയതോടെയാണ്‌ മനോരമയുടെ നുണ വെളിച്ചത്തായത്‌. ഇതേ തുടർന്നാണ്‌ ചാനൽ തിരുത്തിയത്‌. അതും പക്ഷെ മറ്റൊരു നുണയായി.
 
ഖേദിച്ചാൽ ഉത്തരവാദിത്തം കഴിഞ്ഞോ? മനോരമ ന്യൂസേ...

‘‘കളമശേരി മെഡിക്കൽ കോളേജിലേതെന്ന്‌ പറഞ്ഞ്‌ മനോരമ ന്യൂസ്‌ കാണിച്ച ദൃശ്യങ്ങൾ പിന്നീട്‌ തിരുവനന്തപുരം മെഡിക്കൽ കോളേജിലേതാണ്‌ എന്നു ചാനൽ തിരുത്തി. ദൃശ്യങ്ങൾക്കിടയിൽ കാണിച്ച ബോർഡ് കോഴിക്കോട്‌ മെഡിക്കൽ കോളേജിന്റേതും. നിർവ്യാജമായുള്ള മാപ്പും കിട്ടി ബോധിച്ചിട്ടുണ്ട്‌. ബലേ ഭേഷ്‌!!– -മഞ്ചേരി മെഡിക്കൽ കോളേജിലെ  ഷിംന അസീസ്‌ ഫെയ്‌സ്‌ബുക്കിൽ ചോദിക്കുന്നു.
പ്രസക്തഭാഗങ്ങൾ:  

അല്ല മനോരമ ന്യൂസേ, ചേറ്‌ പുരണ്ടത്‌ വലതുകാലിൽ അല്ല ഇടതുകാലിലാണ്‌ എന്നാണോ ഖേദം പ്രകടിപ്പിക്കുക? സദുദ്ദേശ്യമായിരുന്നു നിങ്ങൾക്കെങ്കിൽ അന്വേഷണാത്മകമായ വാർത്ത ആയിട്ടാണ്‌ നിങ്ങളിത്‌ ചെയ്‌തിട്ടുണ്ടാവുക. ഇത്‌ ആ ആശുപത്രിയല്ല, ഈ ആശുപത്രിയാണ്‌ എന്നു പറഞ്ഞാൽ  ഉത്തരവാദിത്തം ഒഴിയുമെന്നും കരുതേണ്ട.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കുട്ടികളെ മുതിർന്നവർക്കൊപ്പം കിടത്താറില്ല. അവരെ പ്രത്യേക ആശുപത്രിയിലാണ്‌ പ്രവേശിപ്പിക്കുക എന്ന്‌ ഇത്ര കാലമായിട്ടും അറിയാത്തവരാണോ നിങ്ങൾ? എവിടത്തെ ദൃശ്യങ്ങളാണ്‌ ഇവയെന്ന്‌ നിങ്ങൾ തന്നെ തുറന്നുപറയണം.

ഗുരുതരാവസ്ഥയിലുള്ള പ്രായാധിക്യമുള്ള രോഗിയെ കോവിഡ്‌ ആശുപത്രിയിൽ വാർഡിൽ കിടത്തുമെന്നോ? കോവിഡ്‌ രോഗികൾ മാത്രമുള്ള ആശുപത്രിയാണ്‌ കളമശേരി എന്ന്‌ നിങ്ങൾ ആവർത്തിച്ച്‌ പറയുന്നല്ലോ. പ്രതിരോധശേഷിക്കുറവുള്ള ഒരു വൃദ്ധനെ കോവിഡ്‌ ആശുപത്രിയിൽ എങ്ങനെയാണ്‌ ചികിത്സിക്കുന്നത്? എത്ര കരുതലോടെയാണ്‌ ഞങ്ങളവരെ പരിചരിക്കുന്നത്‌ എന്ന്‌ നിങ്ങൾക്ക്‌ വല്ല ഊഹവുമുണ്ടോ? കളമശേരി കോളേജിന്റെ പ്രവർത്തനം എത്ര പ്രശംസ നേടിയതാണെന്ന്‌ അറിയാത്തത്രയും നിഷ്‌കളങ്കരാണ്‌ നിങ്ങളെന്നും കരുതുന്നില്ല.

ആശുപത്രി കട്ടിലുകൾ തമ്മിൽ അകലമില്ലാത്തതും ബാക്കി കാര്യങ്ങളും- കാട്ടി ചോദിക്കേണ്ടതും അന്വേഷിക്കേണ്ടതും ആ ദൃശ്യമുള്ള ആശുപത്രിയിലാണ്‌. അതെവിടുന്ന്‌ കിട്ടിയെന്നത്‌ നിങ്ങൾക്കല്ലേ അറിയൂ! ഏതായാലും നിങ്ങൾ ഒളിഞ്ഞും തെളിഞ്ഞും പറഞ്ഞ കളമശേരിയും തിരുവനന്തപുരവും ബോർഡിൽ കാണിച്ച കോഴിക്കോടും അല്ലെന്നതിൽ സംശയമില്ല. മഞ്ചേരി കോവിഡ്‌ ആശുപത്രിയുമല്ല, ഇവിടെ ജോലി ചെയ്യുന്ന എനിക്കതറിയാം.’

"മനോരമേ... ഇല്ലാത്ത വാർത്ത പുഴുങ്ങിയെടുത്ത്‌ നിങ്ങളുടെ ലക്ഷ്യങ്ങൾ നേടാൻ ശ്രമിക്കരുത്‌': ഡോ. ഷിംന അസീസിന്റെ കുറിപ്പ്‌

ഓരോ രോഗിയുടെ കാര്യത്തിലും ഞങ്ങൾ ആരോഗ്യപ്രവർത്തകർ എടുക്കുന്ന അങ്ങേയറ്റം കരുതലിനെയാണ്‌ നിങ്ങൾ താഴ്‌ത്തിക്കെട്ടാൻ ശ്രമിച്ചത്‌. ഞങ്ങൾ ജീവിതവും കുടുംബവും സന്തോഷങ്ങളും മാറ്റി വെച്ച്‌ കോവിഡ്‌ വൈറസുകൾക്കിടയിൽ ഇറങ്ങി നടക്കുന്നതിനെയാണ്‌ നിങ്ങൾ അതിക്രൂരമായി അവഹേളിച്ചത്‌. മനോരമ ന്യൂസിന്റെ വ്യാജ വാർത്തക്കെതിരെ പ്രതികരണവുമായി ഡോ. ഷിംന അസീസ്‌.

കുറിപ്പ്‌ വായിക്കാം:

കളമശ്ശേരി മെഡിക്കൽ കോളേജിലേതാണെന്ന്‌ പറഞ്ഞ്‌ മനോരമ ന്യൂസ്‌ ഇന്നലെ കൊടുത്ത ദൃശ്യങ്ങൾ പിന്നീട്‌ തിരുവനന്തപുരം മെഡിക്കൽ കോളേജിലേതാണ്‌ എന്ന്‌ ചാനൽ തിരുത്തി. ദൃശ്യങ്ങൾക്കിടയിൽ കാണിച്ച ബോർഡ് കോഴിക്കോട്‌ മെഡിക്കൽ കോളേജിന്റേതും. നിർവ്യാജമായുള്ള മാപ്പും കിട്ടി ബോധിച്ചിട്ടുണ്ട്‌. ബലേ ഭേഷ്‌!!

കൂടെ ആ റിപ്പോർട്ടിൽ പറയുന്ന പ്രധാന കുറ്റങ്ങൾ-.
 
    - ആവശ്യത്തിന്‌ ഒഴിവുണ്ടായിട്ടും ഒരേ വാർഡിൽ ആണും പെണ്ണും പരസ്‌പരം മറയില്ലാതെ കഴിയുന്നു.
     
    - മാനസികരോഗമുള്ള രോഗിയെ കട്ടിലിനോട്‌ ചേർത്ത്‌ കെട്ടിയിരിക്കുന്നു.
     
    - പ്രായമായ രോഗിക്ക്‌ ഭക്ഷണം കൊടുക്കാതെ മൂക്കിലൂടെ പൈപ്പിട്ട്‌ ഡ്രിപ്പിട്ടിരിക്കുന്നു.
     
    - പൂർണമായും കോവിഡ്‌ ആശുപത്രിയായ കളമശ്ശേരി മെഡിക്കൽ കോളേജിൽ കട്ടിലുകൾ തമ്മിൽ അകലമില്ല.

അല്ല മനോരമ ന്യൂസേ, ചേറ്‌ പുരണ്ടത്‌ വലതുകാലിൽ അല്ല ഇടതുകാലിലാണ്‌ എന്നാണോ ഖേദം പ്രകടിപ്പിക്കുക? സദുദ്ദേശ്യമായിരുന്നു നിങ്ങൾക്കെങ്കിൽ അന്വേഷണാത്മകമായ ഒരു സ്‌റ്റോറി ആയിട്ടാണ്‌ നിങ്ങളിത്‌ ചെയ്‌തിട്ടുണ്ടാവുക . ഇത്‌ ആ ആശുപത്രിയല്ല, ഈ ആശുപത്രിയാണ്‌ എന്ന്‌ പറഞ്ഞാൽ നിങ്ങളുടെ ഉത്തരവാദിത്വം ഒഴിയുമെന്നും കരുതേണ്ട.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കുട്ടികളെ മുതിർന്നവർക്കൊപ്പം കിടത്താറില്ല. അവരെ പ്രത്യേക ആശുപത്രിയിൽ ആണ്‌ പ്രവേശിപ്പിക്കുക എന്ന്‌ ഇത്ര കാലമായിട്ടും അറിയാത്തവരാണോ നിങ്ങൾ? എവിടുത്തെ ദൃശ്യങ്ങളാണ്‌ ഇവയെന്ന്‌ നിങ്ങൾ തന്നെ തുറന്ന്‌ പറയണം.

ഗുരുതരാവസ്‌ഥയിലുള്ള പ്രായാധിക്യമുള്ള രോഗിയെ കോവിഡ്‌ ആശുപത്രിയിൽ വാർഡിൽ കിടത്തുമെന്നോ? കോവിഡ്‌ രോഗികൾ മാത്രമുള്ള ആശുപത്രിയാണ്‌ കളമശ്ശേരി എന്ന്‌ നിങ്ങൾ ആവർത്തിച്ച്‌ പറയുന്നല്ലോ. പ്രതിരോധശേഷിക്കുറവുള്ള ഒരു വൃദ്ധനെ കോവിഡ്‌ ആശുപത്രിയിൽ എങ്ങനെയാണ്‌ ചികിത്സിക്കുന്നത്‌, എത്ര കരുതലോടെയാണ്‌ ഞങ്ങളവരെ പരിചരിക്കുന്നത്‌ എന്ന്‌ നിങ്ങൾക്ക്‌ വല്ല ഊഹവുമുണ്ടോ? കളമശ്ശേരി കോളേജിന്റെ പ്രവർത്തനം എത്ര പ്രശംസ നേടിയതാണെന്ന്‌ അറിയാത്തത്രയും നിഷ്‌കളങ്കരാണ്‌ നിങ്ങളെന്നും കരുതുന്നില്ല.

രാപ്പകൽ അധ്വാനിക്കുന്ന ഞങ്ങളെപ്പോലുള്ള ആരോഗ്യപ്രവർത്തകർക്ക്‌ എന്ത് വിലയാണ്‌ ഹേ നിങ്ങൾ കൽപ്പിക്കുന്നത്‌? 'മൂക്കിലൂടെ പൈപ്പിടുന്നവർ സീരിയസാണ്‌' എന്ന നിങ്ങൾ കണ്ടെത്തിയ തത്വം ജനങ്ങളുടെ പൊതുബോധത്തെ മുതലെടുക്കുന്നതാണ്‌ എന്ന്‌ സാമാന്യബുദ്ധിയുള്ള ആർക്കും മനസ്സിലാവും. അത്ര മേൽ സാധാരണമാണ്‌ റയൽസ്‌ ട്യൂബ്‌ ഇടുകയെന്നത്‌.

ഇനി കട്ടിലുകൾ തമ്മിൽ അകലമില്ലാത്തതും ബാക്കി കാര്യങ്ങളും- ഇത്‌ നിങ്ങൾ ചോദിക്കേണ്ടതും അന്വേഷണിക്കേണ്ടതും ആ വിഷ്വൽ വന്ന ആശുപത്രിയിലാണ്‌ . അതെവിടുന്ന്‌ കിട്ടിയെന്നത്‌ നിങ്ങൾക്കല്ലേ അറിയൂ ! ഏതായാലും നിങ്ങൾ ഒളിഞ്ഞും തെളിഞ്ഞും പറഞ്ഞ കളമശ്ശേരിയും തിരുവനന്തപുരവും ബോർഡിൽ കാണിച്ച കോഴിക്കോടും അല്ലെന്നതിൽ സംശയമില്ല. മഞ്ചേരി കോവിഡ്‌ ആശുപത്രിയുമല്ല, ഇവിടെ ജോലി ചെയ്യുന്ന എനിക്കതറിയാം.

ഓരോ രോഗിയുടെ കാര്യത്തിലും ഞങ്ങൾ ആരോഗ്യപ്രവർത്തകർ എടുക്കുന്ന അങ്ങേയറ്റം കരുതലിനെയാണ്‌ നിങ്ങൾ താഴ്‌ത്തിക്കെട്ടാൻ ശ്രമിച്ചത്‌. ഞങ്ങൾ ജീവിതവും കുടുംബവും സന്തോഷങ്ങളും മാറ്റി വെച്ച്‌ കോവിഡ്‌ വൈറസുകൾക്കിടയിൽ ഇറങ്ങി നടക്കുന്നതിനെയാണ്‌ നിങ്ങൾ അതിക്രൂരമായി അവഹേളിച്ചത്‌.

ഇല്ലാത്ത വാർത്ത പുഴുങ്ങിയെടുത്ത്‌ നിങ്ങളുടെ ലക്ഷ്യങ്ങൾ നേടാൻ ശ്രമിക്കരുത്‌. മനുഷ്യന്റെ ജീവന്‌ കാവൽ നിൽക്കുന്നവരുടെ മുഖത്ത്‌ ഛർദ്ദിൽ വീഴ്‌ത്തിയല്ല ശമ്പളം വാങ്ങേണ്ടത്‌. എന്നിട്ടൊരു കോപ്പിലെ മാപ്പും !!.

അശ്രദ്ധമായി വാർത്ത കൈകാര്യം ചെയ്തവരോട് എല്ലാ ബഹുമാനത്തോടുകൂടിയും പറയട്ടെ...നിങ്ങൾ കരിവാരി ഒഴിച്ചത് മാലാഖമാരുടെ മുഖത്ത്‌

എറണാകുളം ഗവ. മെഡിക്കൽ കോളേജിനെതിരെ മനോരമ ചാനൽ നൽകിയ വ്യാജവാർത്ത വ്യാപകപ്രതിഷേധത്തിന്‌ കാരണമായപ്പോൾ മെഡിക്കൽ കോളേജ്‌ ആർഎംഒ  ഗണേഷ്‌ മോഹൻ എഴുതിയ ഹൃദയസ്‌പർശിയായ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പ്‌ പങ്കിട്ടത്‌ ആയിരങ്ങൾ. പോസ്‌റ്റിൽനിന്ന്‌: 

ആറുമാസത്തിലേറെയായി കളമശേരി മെഡിക്കൽ കോളേജിൽ ആരോഗ്യപ്രവർത്തകർ, ക്ലീനിങ് തൊഴിലാളികൾമുതൽ പ്രിൻസിപ്പൽവരെ ഒരേമനസ്സായി കോവിഡ് വിരുദ്ധ പോരാട്ടത്തിലാണ്. ഞങ്ങളുടെ രണ്ട് സഹപ്രവർത്തകർ കോവിഡ് ബാധിതരായി, മറ്റു പല സഹപ്രവർത്തകരും ക്വാറന്റൈനിലാണ്. ഇവരെല്ലാം സാധാരണക്കാരാണ്, ഇവർക്കും കുഞ്ഞുകുട്ടി പരാധീനതകളുണ്ട്. ഇവിടെ ചികിത്സയിൽ കഴിയുന്ന കോവിഡ് രോഗികളെ സ്വന്തം കൂടെപ്പിറപ്പുകളെപ്പോലെയാണ് ഡോക്ടർമാരും നേഴ്സുമാരും നോക്കുന്നത്. ചികിത്സയിലുള്ള കുഞ്ഞുങ്ങൾക്ക് പാൽപ്പൊടി ഏർപ്പാടാക്കാനും ഗർഭിണികൾക്ക്‌ കമ്പിളിപ്പുതപ്പ് ഏർപ്പാടാക്കാനും, എന്തിന് രോഗികൾക്ക് സാനിറ്ററി നാപ്കിനുകൾ ഏർപ്പാടാക്കാനുംവരെ ഓടിനടക്കുന്ന സിസ്റ്റർമാരെയും അറ്റെൻഡർമാരെയും കണ്ടിട്ടുണ്ട്. കോവിഡ് രോഗി മരിച്ചപ്പോൾ കൊച്ചുകുട്ടിയെപ്പോലെ നിലവിളിച്ച മെഡിസിൻ പ്രൊഫസറെ കണ്ടിട്ടുണ്ട്. ചെറിയ കുറ്റവും കുറവും ഉണ്ടാവാം. എന്നാലും ജീവൻ പണയം വച്ചാണ് ഈ സേവനം.

പക്ഷെ മനോരമ ചാനലിൽ കണ്ട ഒരു വാർത്ത എന്റെ ഹൃദയമിടിപ്പ് സ്തംഭിപ്പിച്ചു.

‘‘എറണാകുളം മെഡിക്കൽ കോളേജ്‌ വാർഡിൽ ദുരിതം, പഴകിയ ചപ്പാത്തി നൽകുന്നു, ആണുങ്ങളെയും പെണ്ണുങ്ങളെയും ഒരുമിച്ചിട്ടിരിക്കുന്നു, കുഞ്ഞുകുട്ടികളെ കെട്ടിയിട്ടിരിക്കുന്നു’’

മനസ്സിനെ ഒന്ന് നിയന്ത്രിച്ച്‌ വാർത്താ വിഷ്വലിലേക്ക്‌ വീണ്ടും നോക്കി...

വാർത്തയിൽ കാണിക്കുന്ന ദൃശ്യങ്ങൾ കളമശേരി മെഡിക്കൽ കോളേജിലെയല്ല, ഇവിടെ അതുപോലത്തെ രോഗികളില്ല, ഇവിടെ ഞങ്ങൾ ഒരു കുഞ്ഞിനെയും കെട്ടിയിട്ടിട്ടില്ല...

പൂർണമായും അസത്യമായ വാർത്തയും ദൃശ്യവും. അശ്രദ്ധമായി വാർത്ത കൈകാര്യം ചെയ്തവരോട് എല്ലാ ബഹുമാനത്തോടുകൂടിയും പറയട്ടെ...
നിങ്ങൾ കരിവാരി ഒഴിച്ചത് അനേകമനേകം രോഗികൾ മാലാഖമാരെപ്പോലെ കണ്ട, ഒത്തിരിപ്പേരെ മരണത്തിന്റെ കൈയിൽനിന്ന്‌ വലിച്ചെടുത്ത്‌ ജീവൻ തിരികെനൽകിയ വെള്ള  പിപിഇ വസ്ത്രം ധരിച്ച കളമശേരി മെഡിക്കൽ കോളേജിലെ ആരോഗ്യപ്രവർത്തകരുടെ മുഖത്താണ്.

മനോരമ വ്യാജവാർത്തയ്‌ക്ക്‌ മാപ്പ്‌ പറഞ്ഞത്‌ മറ്റൊരു വ്യാജവാർത്തയുമായി; സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം

കൊച്ചി > എറണാകുളം മെഡിക്കൽ കോളേജിനെതിരെ നൽകിയ വ്യാജവാർത്തയിൽ ഖേദം പ്രകടിപ്പിച്ച്‌ മനോരമ ന്യൂസ്‌ സംപ്രേഷണം ചെയ്‌തത്‌ മറ്റൊരു വ്യാജവാർത്ത. എറണാകുളം മെഡിക്കൽ കോളേജിനെതിരെ വ്യാജവാർത്തയും ദൃശ്യങ്ങളും നൽകിയ മനോരമ ന്യൂസ് ചാനലിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചതോടെടൊണ്‌ ചാനൽ ഖേദപ്രകടനവുമായി എത്തിയത്‌. എന്നാൽ ഖേദം പ്രകടിപ്പിക്കാനായി കൊടുത്ത വാർത്തയും വ്യാജമാണെന്ന്‌ വിവരങ്ങൾ പുറത്തുവന്നു.

എറണാകുളം മെഡിക്കൽ കോളേജ്‌ അല്ല, പകരം തിരുവനന്തപുരം മെഡിക്കൽ കോളേജാണ്‌ എന്നായിരുന്നു മനോരമയുടെ തിരുത്തിയ വാർത്ത. എന്നാൽ ഇത്‌ തിരുവനന്തപുരം മെഡിക്കൽ കോളേജ്‌ അല്ല എന്നാണ്‌ അധികൃതരുടെ വിശദീകരണം. കൂടാതെ ഇതിനിടയിൽ കോഴിക്കോട്‌ മെഡിക്കൽ കോളേജിന്റെ പുറംചിത്രങ്ങളും ഉപയോഗിച്ചിരിക്കുന്നത്‌ കാണാം. ഇത്‌ തിരുവനന്തപുരം മെഡിക്കൽ കോളേജ്‌ അല്ലെന്ന്‌ ഹെൽത്ത്‌ ഇൻസ്‌പെക്‌ടറായിട്ടുള്ള വികാസ്‌ ബഷീർ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പിലും വ്യക്തമാക്കിയിട്ടുണ്ട്‌.

പുരുഷൻമാരെയും സ്ത്രീകളെയും ഒരേ വാർഡിൽ കിടത്തിയിരിക്കുന്നു, രോഗികൾ തമ്മിൽ അകലം പാലിക്കുന്നില്ല, പ്രായാധിക്യവും ഗുരുതരാവസ്ഥയുമുള്ള രോഗിയുടെ തൊട്ടടുത്ത് മാനസികവൈകല്യമുള്ള കൈകാലുകൾ കെട്ടിയ കുട്ടിയെ കിടത്തിയിരിക്കുന്നു, മെഡിക്കൽ കോളേജിൽ ആവശ്യത്തിന് സ്ഥല സൗകര്യം ഉണ്ടായിരുന്നിട്ടും രോഗികളെ ദുരിതത്തിലാക്കുന്നു തുടങ്ങി തീർത്തും അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് വ്യാജ ദൃശ്യങ്ങൾ സഹിതം മനോരമ സംപ്രേഷണം ചെയ്തത്.

എറണാകുളം മെഡിക്കൽ കോളേജിനെ കുറിച്ച് അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് സമൂഹത്തിൽ തെറ്റിദ്ധാരണ പരത്താൻ ശ്രമിക്കുന്നവരുടെ വക്താക്കളായി മനോരമ ന്യൂസ് പ്രവർത്തിക്കുന്നതിൻറെ തുടർച്ചയായാണ് ഈ വ്യാജ വാർത്ത സംപ്രേഷണം ചെയ്‌തിരിക്കുന്നത്. ഇതിനു മുമ്പും തെറ്റായ വാർത്തകൾ നൽകിയിട്ടുള്ള ചാനൽ ഇതു സംബന്ധിച്ച് മെഡിക്കൽ കോളേജ് നൽകുന്ന വിശദീകരണങ്ങൾ സമൂഹമധ്യത്തിലെത്തിക്കുകയെന്ന മാധ്യമധർമം നിറവേറ്റിയിട്ടില്ല. ഈ സാഹചര്യത്തിൽ ചാനൽ നടത്തിയ അധാർമിക പ്രവർത്തനം സംബന്ധിച്ച് പൊലീസിനും പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയ്ക്കും പരാതി നൽകാൻ മെഡിക്കൽ കോളേജ് നിർബന്ധിതമായിരിക്കുകയാണെന്ന് സുപ്രണ്ട് അറിയിച്ചു. വ്യാജവാർത്ത സംപ്രേഷണം  ചെയ്ത നടപടി സർക്കാരിൻറെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്.

കോവിഡ് മഹാമാരിയുടെ കാലത്ത് ചികിത്സയും ഗവേഷണവും അടക്കമുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുകയും അന്തർദേശീയ മാധ്യമങ്ങളുടെയടക്കം അംഗീകാരം നേടിയെടുക്കുകയും ചെയ്ത എറണാകുളം ഗവ. മെഡിക്കൽ കോളേജിനെതിരെ ഇത്തരത്തിൽ തുടർച്ചയായി ഒരു ചാനൽ വ്യാജവാർത്തകൾ സംപ്രേഷണം ചെയ്യുന്നത് എന്തുകൊണ്ടാണെന്ന് ഈ ചാനലിൻറെ മേധാവികൾ വ്യക്തമാക്കണെന്നും മെഡിക്കൽ കോളേജ് തകർന്നു കാണാൻ ആഗ്രഹിക്കുന്നവരുടെ വക്താക്കളായി ഒരു മാധ്യമസ്ഥാപനം പ്രവർത്തിക്കുന്നതിൽ ദുഃഖവമുണ്ടെന്നും അദികൃതർ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

വ്യാജവാർത്തയ്ക്ക് മാപ്പ് പറഞ്ഞതിനു പിന്നാലെ മനോരമ റിപ്പോർട്ടർ ഭീഷണിപ്പെടുത്തി; ഡോക്ടർമാരുടെ മൊഴി

കളമശേരി > എറണാകുളം ഗവ. മെഡിക്കൽ കോളേജിനെതിരെയുള്ള വ്യാജവാർത്തയ്‌‌‌ക്ക് മനോരമ ചാനൽ മാപ്പുപറഞ്ഞതിനുപിന്നാലെ, കേസ്‌ കൊടുത്തു നോക്കെന്ന്‌ ലേഖിക ഭീഷണിപ്പെടുത്തിയതായി ഡോക്ടറുടെ മൊഴി. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ, മെഡിക്കൽ സൂപ്രണ്ട് എന്നിവർ വ്യാജവാർത്തയ്‌‌ക്കെതിരെ കളമശേരി പൊലീസിൽ പരാതി നൽകിയിരുന്നു. കേസ് ചാർജ്‌ ചെയ്യുന്നതിന്റെ മുന്നോടിയായി ബുധനാഴ്‌ച മൊഴിയെടുത്തപ്പോഴാണ് മെഡിക്കൽ കോളേജ് അധികൃതർ ഇക്കാര്യം പൊലീസിനെ അറിയിച്ചത്‌.

വാർത്ത സംപ്രേഷണം ചെയ്യുന്നതിനുമുമ്പ് കോവിഡ് നോഡൽ ഓഫീസർ ഡോ. ഫത്താഹുദ്ദീൻ, മെഡിക്കൽ സൂപ്രണ്ട് ഡോ. പീറ്റർ വാഴയിൽ എന്നിവരോട് ലേഖിക അന്വേഷിച്ചിരുന്നു. എന്നാൽ,  അങ്ങനെയൊരു സംഭവമോ സാഹചര്യമോ ഇല്ലെന്ന് ഇരുവരും വ്യക്തമാക്കി.  ഇത് കണക്കിലെടുക്കാതെയാണ് വ്യാജവാർത്ത നൽകിയത്.

സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രതിഷേധം ഇരമ്പിയപ്പോഴാണ് വാർത്ത നിഷേധിക്കാതെ, ദൃശ്യം മാറിപ്പോയതിന്‌ മനോരമ മാപ്പുപറഞ്ഞത്. ഇതിനുപിന്നാലെയായിരുന്നു വാ‌ട്‌സാ‌പ്പിൽ ലേഖികയുടെ ഭീഷണി. മറ്റ്‌ ഡോക്ടർമാരെക്കുറിച്ചുള്ള പരാതി തങ്ങളുടെ കൈവശമുണ്ടെന്നും ധൈര്യമുണ്ടെങ്കിൽ ഞങ്ങൾക്കെതിരെ  കേസ് കൊടുക്കെന്ന്‌ വെല്ലുവിളിക്കുകയും ചെയ്‌തു.

വ്യാജവാർത്ത ചമയ്‌ക്കുക, മെഡിക്കൽ കോളേജിലെ കോവിഡ് പ്രവർത്തനങ്ങൾ അവതാളത്തിലാക്കുക, ജോലിക്ക് തടസ്സമുണ്ടാക്കുക, കലാപസമാന സാഹചര്യമുണ്ടാക്കുക എന്നീ ആക്ഷേപങ്ങളാണ് മെഡിക്കൽ കോളേജ് പരാതിയിൽ ഉന്നയിച്ചത്.

വീണ്ടും കള്ളക്കഥ; ഇത്തവണ അഭിമുഖവും റൂളിങ്ങും ; കോടിയേരി നൽകിയ അഭിമുഖം വളച്ചൊടിച്ച്‌‌ പത്രത്തിൽ വാർത്ത

സിപിഐ എം നേതാക്കൾക്കും കമ്മിറ്റികൾക്കുമെതിരെ വീണ്ടും മലയാള മനോരമയുടെ നുണബോംബ്‌. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്റെയും തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെയും സ്‌പീക്കറുടെയും പേര്‌ വലിച്ചിഴച്ചാണ് ഞായറാഴ്‌ച പത്രത്തിൽ നുണകൾ നിരത്തിയത്‌. കോടിയേരി മനോരമ ന്യൂസ്‌ ചാനലിന്‌ നൽകിയ അഭിമുഖത്തിൽ പറയാത്ത കാര്യങ്ങൾ പറഞ്ഞുവെന്നും, പറഞ്ഞ കാര്യങ്ങൾ വളച്ചൊടിച്ചുമാണ്‌ പത്രം ഉപയോഗിച്ചത്‌. സ്‌പീക്കർ ജാഗ്രത കാട്ടിയില്ലെന്ന്‌ സിപിഐ എം ജില്ലാ കമ്മിറ്റി വിലയിരുത്തിയെന്ന്‌ ഭാവനയിൽ മെനഞ്ഞ വാർത്ത, പത്രത്തിന്റെ പ്രധാന വാർത്തയാക്കാനും മടിച്ചില്ല.

കൂടെ നിൽക്കുന്നവരുടെ സാമർഥ്യം മുഖ്യമന്ത്രിക്ക്‌ മനസ്സിലാക്കാൻ കഴിഞ്ഞില്ലെന്നത്‌, തന്നെ അത്ഭുതപ്പെടുത്തിയെന്ന്‌ കോടിയേരി പറഞ്ഞാതായുള്ള ദ്വയാർഥത്തിലുള്ള വാർത്തയാണ്‌ പത്രത്തിൽ പല കോളത്തിൽ നിരത്തിയത്‌. ഇങ്ങനെയൊരു പ്രസ്‌താവന അഭിമുഖത്തിൽ നടത്തിയിട്ടില്ലെന്ന്‌ കോടിയേരി വ്യക്തമാക്കി. പത്രം വാർത്തയിൽ പറഞ്ഞതെല്ലാം വളച്ചൊടിച്ച കാര്യങ്ങളാണെന്നും കോടിയേരി പറഞ്ഞു.

സ്പീക്കർക്കെതിരെ ‘പാർടി റൂളിങ്’‌ എന്ന പേരിലാണ്‌ സിപിഐ എം ജില്ലാ നേതൃത്വത്തെയും കൂട്ടിക്കെട്ടി മനോരമ മറ്റൊരു പച്ചക്കള്ളം‌ സൃഷ്ടിച്ചത്‌.  സ്വർണക്കടത്ത്‌ കേസിലെ പ്രതികളുമായി സ്‌പീക്കർക്ക്‌ ബന്ധമുണ്ടെന്ന്‌ വരുത്തിതീർക്കാനുള്ള  നെട്ടോട്ടത്തിന്റെ ഭാഗമായാണിത്‌.

നിയമസഭാ സമ്മേളനം നടക്കുന്നതിനിടയിൽ സ്‌പീക്കർ ഈ ചടങ്ങിൽ പങ്കെടുത്തതിൽ  ജില്ലാ കമ്മിറ്റി അതൃപ്‌തി രേഖപ്പെടുത്തിയെന്നാണ്‌ മനോരമയുടെ മറ്റൊരു വിചിത്ര കണ്ടെത്തൽ. 2019 ഡിസംബർ 31-ന് ആയിരുന്നു ചടങ്ങ്‌. അന്ന്‌ നിയമസഭയുടെ ഒരുദിവസത്തെ പ്രത്യേക സമ്മേളനം ചേർന്നു. രാവിലെ ഒമ്പതിന്‌ തുടങ്ങി ഉച്ചയ്‌ക്ക്‌ 12.38നാണ്‌ സഭ പിരിഞ്ഞത്‌. സമ്മേളന നടപടികളുടെ സംഗ്രഹവും അവതരിപ്പിച്ചശേഷം, അനിശ്ചിതകാലത്തേ‌ക്ക്‌ പിരിച്ചുവിട്ടശേഷമാണ്‌ സഭയിൽനിന്ന്‌ സ്‌പീക്കർ ഇറങ്ങിയത്‌.

പുകരഹിത വാഹനങ്ങൾ യാഥാർഥ്യമാക്കുന്നതിനുള്ള ചെറിയ സ്റ്റാർട്ടപ് സംരംഭമാണെന്ന് സംരംഭകർ അറിയിച്ചതനുസരിച്ചാണ്‌, നെടുമങ്ങാട്ട്‌ ‘കാർബൺ ഡോക്ടർ’ എന്ന സ്ഥാപനത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തതെന്ന്‌ സ്‌പീക്കർ പലതവണ വ്യക്തമാക്കിയതാണ്‌.

ഭാവനാസൃഷ്ടി: ആനാവൂർ

സ്‌പീക്കർക്കെതിരെ സിപിഐ എം തിരുവനന്തപുരം ജില്ലാ നേതൃത്വമെന്നത്‌ മനോരമ ലേഖകന്റെ ഭാവനാസൃഷ്ടി മാത്രമാണെന്ന്‌ ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പറഞ്ഞു. സ്‌പീക്കറുമായി ബന്ധപ്പെട്ട ഒരു വിഷയവും ജില്ലാ നേതൃത്വമോ, ജില്ലാ കമ്മിറ്റിയോ ചർച്ച ചെയ്‌തിട്ടില്ല. ഈ വിഷയത്തിൽ ഒരുതരത്തിലുള്ള പരാമർശമോ തീരുമാനമോ ഉണ്ടായിട്ടുമില്ല.

സിപിഐ എം ജില്ലാ നേതൃത്വത്തിന്റെ ഒരു ചർച്ചയ്‌ക്കും വരാത്ത കാര്യങ്ങളിലാണ്‌ മനോരമ ലേഖകൻ സ്വയം തീരുമാനങ്ങളിലെത്തിയത്‌. ഇത്തരം കള്ളവാർത്താസൃഷ്ടി അപലപനീയമാണ്‌.  മാധ്യമധർമത്തിന്‌ നിരക്കാത്ത വ്യാജവാർത്ത പിൻവലിച്ച്‌ മാപ്പ്‌ പറയാൻ ബന്ധപ്പെട്ടവർ തയ്യാറാകണമെന്നും ആനാവൂർ നാഗപ്പൻ പ്രസ്‌താവനയിൽ പറഞ്ഞു.

അസത്യപ്രചാരണം: മനോരമയ്‌ക്ക്‌ ജോൺ ബ്രിട്ടാസിന്റെ കത്ത്‌

മലയാള മനോരമ പത്രത്തിൽ പ്രസിദ്ധീകരിച്ച പരമ്പരയിലെ അസത്യവും വസ്‌തുതാവിരുദ്ധവുമായ പരാമർശങ്ങൾക്കെതിരെ കൈരളി ടിവി എംഡി ജോൺ ബ്രിട്ടാസ്‌. എഡിറ്റ് പേജിൽ പ്രസിദ്ധീകരിച്ച പരമ്പരയിൽ തന്നെക്കുറിച്ചുള്ള അസത്യ പരാമർശങ്ങൾ തിരുത്തണമെന്നാവശ്യപ്പെട്ട്‌ മനോരമ ചീഫ്‌ ന്യൂസ്‌ എഡിറ്റർക്ക്‌ ജോൺ ബ്രിട്ടാസ്‌ കത്തയച്ചു.

മനോരമ പരമ്പരയിൽ തന്നെക്കുറിച്ച് പറഞ്ഞ എല്ലാ കാര്യവും അസത്യവും ജനങ്ങളുടെ മനസ്സിൽ അനാവശ്യ തെറ്റിധാരണയ്‌ക്ക് കാരണമാകുന്നതായും കത്തിൽ പറയുന്നു. മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ്‌ എന്ന നിലയിൽ ബ്രിട്ടാസ്‌ ബത്തകളും വാഹനസൗകര്യവും കൈപ്പറ്റുന്നുവെന്നും ഓഫീസ്‌ സൗകര്യമുണ്ടെന്നുമാണ്‌ മനോരമ എഴുതിയത്‌. കഴിഞ്ഞ നാലുവർഷത്തിൽ സർക്കാരിന്റെ ആനുകൂല്യമായി ഒരു രൂപപോലും കൈപ്പറ്റിയിട്ടില്ലെന്നും സർക്കാർ ആവശ്യത്തിന് ചെയ്‌ത യാത്രയുടെ ചെലവും സർക്കാരിൽനിന്ന് വാങ്ങിയിട്ടില്ലെന്നും കത്തിൽ ചൂണ്ടിക്കാട്ടി. ഇത്തരം ആവശ്യങ്ങൾക്കുള്ള താമസത്തിന്റെയും ഭക്ഷണത്തിന്റെയും തുക സ്വന്തം നിലയ്ക്കാണ് വഹിച്ചത്. ഓണററി പദവി മുൻനിർത്തി വിസിറ്റിങ്‌ കാർഡ് പോലും സർക്കാരിൽനിന്ന് അടിപ്പിച്ചിട്ടില്ല. മനോരമ പ്രവർത്തകർക്ക് എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ മാധ്യമ സ്ഥാപനത്തിന്റെ ചുമതലക്കാരനായ തന്നോട്‌ ഫോൺ കോളിലെങ്കിലും ബന്ധപ്പെടാമായിരുന്നു. പരമ്പരയിലെ അസത്യങ്ങൾ തനിക്കും മുഖ്യമന്ത്രിക്കും സർക്കാരിനും എതിരെ തെറ്റിദ്ധാരണ സൃഷ്‌ടിക്കാനാണ് വഴിവച്ചതെന്നും ഉചിതമായ പ്രാധാന്യത്തോടെ തിരുത്ത് നൽകണമെന്നും കത്തിൽ ആവശ്യപ്പെട്ടു.

പരമ്പരയിൽ മുഴുവൻ അസത്യങ്ങൾ; വ്യാജവാർത്തയിൽ മനോരമയ്‌ക്ക്‌ ജോൺ ബ്രിട്ടാസിന്റെ കത്ത്‌; തിരുത്ത് കൊടുക്കണമെന്ന് ആവശ്യം

തിരുവനന്തപുരം > മലയാള മനോരമയുടെ എഡിറ്റ് പേജിലെ പരമ്പരയില്‍ തന്നെക്കുറിച്ച് പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ അസത്യവും വസ്തുതാ വിരുദ്ധവുമാണെന്ന് കൈരളി ടിവി എംഡി ജോണ്‍ ബ്രിട്ടാസ്. പരമ്പരയിലെ പരാമര്‍ശങ്ങള്‍ തിരുത്തണമെന്ന് ആവശ്യപ്പെട്ട് ജോണ്‍ ബ്രിട്ടാസ് മനോരമ ചീഫ് ന്യൂസ് എഡിറ്റര്‍ക്ക് കത്ത് അയച്ചു.

കത്തിന്റെ പൂര്‍ണരൂപം:

മലയാള മനോരമയുടെ എഡിറ്റ് പേജിലെ പരമ്പരയില്‍ എന്നെക്കുറിച്ച് പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ എല്ലാം തന്നെ അസത്യവും വസ്‌തുതാ വിരുദ്ധവുമാണ്. ജനങ്ങളുടെ മനസ്സില്‍ അനാവശ്യ തെറ്റിധാരണക്ക് ഇത് കാരണമാകുന്നു. ശമ്പളം വാങ്ങുന്നില്ലെങ്കിലും ”ഓഫീസ്, ബത്തകള്‍, കാര്‍” എന്നിവ ഞാന്‍ കൈപറ്റുന്നതായിട്ടാണ് വാര്‍ത്തയില്‍ പറഞ്ഞിരിക്കുന്നത്.

കഴിഞ്ഞ നാല് വര്‍ഷത്തില്‍ സര്‍ക്കാറിന്റെ ആനുകൂല്യം എന്ന നിലയില്‍ ഒരു രൂപ ഞാന്‍ കൈപറ്റിയിട്ടില്ല. മാത്രവുമല്ല, സര്‍ക്കാറിന്റെ ആവശ്യത്തിന് ഞാന്‍ യാത്ര ചെയ്‌തിട്ടുണ്ടെങ്കില്‍ അതിന്റെ ചിലവ് സര്‍ക്കാറില്‍ നിന്ന് വാങ്ങിയിട്ടില്ല. ഇത്തരം ആവശ്യങ്ങള്‍ക്കുള്ള താമസത്തിന്റെയും ഭക്ഷണത്തിന്റെയും തുകയും സ്വന്തം നിലയ്ക്കാണ് വഹിച്ചിട്ടുള്ളത്. എന്തിനേറെ ഹോണററി പദവി മുന്‍നിര്‍ത്തി ഒരു വിസിറ്റിംഗ് കാര്‍ഡ് പോലും സര്‍ക്കാറില്‍ നിന്ന് അടിച്ചു വാങ്ങിയിട്ടില്ല.

എല്ലാവര്‍ക്കും അറിയാവുന്ന ഒരു മാധ്യമ സ്ഥാപനത്തിന്റെ ചുമതലക്കാരനായിട്ടാണ് ഞാന്‍ പ്രവര്‍ത്തിക്കുന്നത്. മനോരമ പ്രവര്‍ത്തകര്‍ക്ക് എന്തെങ്കിലും സംശയം ഉണ്ടെങ്കില്‍ ഒരു ഫോണ്‍ കോളില്‍ ബന്ധപ്പെടാവുന്നതേയുള്ളൂ. കേവലപരമായ വാര്‍ത്തയിലോ അല്ലെങ്കില്‍ ആരുടെയെങ്കിലും പ്രതികരണത്തിലോ അല്ല, ഈ അവാസ്‌തവങ്ങള്‍ വന്നത്.

ഗവേഷണം ചെയ്‌ത് തയ്യാറാക്കുന്നു എന്ന് പറയപ്പെടുന്ന, എഡിറ്റ് പേജില്‍ വരുന്ന, ആധികാരിക പരമ്പരയില്‍ ആണ് ഈ അസത്യങ്ങള്‍ കടന്നു വന്നത്. എനിക്കും മുഖ്യമന്ത്രിക്കും എന്തിനേറെ സര്‍ക്കാറിനും എതിരെ തെറ്റിധാരണ സൃഷ്‌ടിക്കാനാണ് ഇത് വഴിവച്ചത്. ഉചിതമായ പ്രാധാന്യത്തോടെ ഇതിന്റെ തിരുത്ത് കൊടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

എന്ന്,
വിശ്വസ്‌തതയോടെ,
ജോണ്‍ ബ്രിട്ടാസ്
മാനേജിംഗ് ഡയറക്ടര്‍
മലയാളം കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡ്.

*
കടപ്പാട്: ദേശാഭിമാനി

No comments:

Post a Comment