Friday, July 31, 2020

സ്വർണം പിടിച്ച കസ്‌റ്റംസ്‌ ഉദ്യോഗസ്ഥനെ പറത്തി

കൊച്ചി > നയതന്ത്ര ബാഗേജിൽ സ്വർണം കടത്തിയ കേസിന്റെ അന്വേഷണ മേൽനോട്ടച്ചുമതല വഹിച്ച കസ്‌റ്റംസ്‌ ജോയിന്റ്‌ കമീഷണർ അനീഷ്‌ പി രാജനെ നാഗ്‌പുരിലേക്ക്‌ സ്ഥലംമാറ്റി. ഒന്നരവർഷമായി കൊച്ചി കസ്‌റ്റംസ്‌ കമീഷണറേറ്റിൽ പ്രവർത്തിക്കുന്ന അനീഷ്‌, നയതന്ത്ര ബാഗേജിലെ സ്വർണക്കടത്ത്‌ പിടിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചയാളാണ്‌.

കേസിലെ പ്രതികളെ അതിവേഗം കുടുക്കാനും യുഎഇ കോൺസുലേറ്റിലേക്കുവരെ അന്വേഷണം നീട്ടാനും അനീഷിന്‌ കഴിഞ്ഞു. അന്വേഷണത്തിന്റെ ഒരുഘട്ടത്തിൽ ബിജെപി, കോൺഗ്രസ്‌ നേതൃത്വം അനീഷിനെതിരെ പരസ്യ ആക്ഷേപവുമായി രംഗത്തുവന്നിരുന്നു. അതിന്റെ തുടർച്ചയാണ്‌ ഇപ്പോഴത്തെ സ്ഥലംമാറ്റം‌. സ്വർണക്കടത്ത്‌ കേസ്‌ അന്വേഷണസംഘത്തിലെ രണ്ടുപേരെ കഴിഞ്ഞദിവസം സ്ഥലം മാറ്റിയിരുന്നു. സ്വർണക്കടത്ത്‌ കേസ്‌ തങ്ങൾക്ക്‌ ഇഷ്ടപ്പെട്ട രീതിയിൽ പുരോഗമിക്കുന്നില്ലെന്നു‌ കണ്ടതോടെയാണ്‌ അനീഷ്‌ രാജനെതിരെ പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തലയും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും രംഗത്തുവന്നത്‌.

കേസിലെ പ്രതികൾക്കായി മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന്‌ കസ്‌റ്റംസിനെ വിളിച്ചിരുന്നു എന്ന പ്രചാരണമുണ്ടായപ്പോൾ തങ്ങളെ ആരും വിളിച്ചിട്ടില്ലെന്ന്‌ മാധ്യമങ്ങളുടെ ചോദ്യത്തിന്‌ മറുപടിയായി അനീഷ്‌ പ്രതികരിച്ചിരുന്നു. ഇതോടെ ചെന്നിത്തലയും സുരേന്ദ്രനും അനീഷ്‌ രാജനെതിരെ വാർത്താസമ്മേളനത്തിൽ ആക്ഷേപമുയർത്തി.

സ്വർണമടങ്ങിയ നയതന്ത്ര ബാഗേജ്‌ വിട്ടുകിട്ടാൻ ബിജെപിക്കാരനായ കസ്‌റ്റംസ്‌ ക്ലിയറൻസ്‌ ഏജന്റ്‌സ്‌ അസോസിയേഷൻ നേതാവ്‌ കസ്‌റ്റംസ്‌ ഉദ്യോഗസ്ഥരെ വിളിച്ചത്‌ പുറത്തുവന്നതും അനീഷിനോട്‌ വിരോധത്തിന്‌ കാരണമായി. മികച്ച സർവീസ്‌ റെക്കോഡുള്ള ഉദ്യോഗസ്ഥനെയാണ്‌ ദേശീയ ശ്രദ്ധയാകർഷിച്ച കേസിന്റെ മേൽനോട്ടച്ചുമതലയിൽനിന്ന്‌ തിരക്കിട്ട്‌ നീക്കിയത്‌. കൊച്ചിയിൽ ജോയിന്റ്‌ കമീഷണറായി എത്തിയശേഷം ഉദ്ദേശം 1400 സ്വർണക്കടത്ത്‌ കേസുകളാണ്‌ അനീഷിന്റെ നേതൃത്വത്തിൽ പിടികൂടിയത്‌. എണ്ണൂറോളം പ്രതികളെയും അറസ്‌റ്റ്‌ ചെയ്‌തു.

ബിജെപി-കോൺഗ്രസ് അനിഷ്ടത്തിൽ 'തെറിച്ച' അനീഷ് അന്താരാഷ്ട്ര അംഗീകാരം നേടിയ ഉദ്യോഗസ്ഥൻ

കൊച്ചി > സംസ്ഥാനത്തെ ബിജെപി--കോൺഗ്രസ് നേതൃത്വത്തിനുണ്ടായ അനിഷ്ടത്തിന്റെ പേരിൽ നാഗ്പുരിലേക്ക് സ്ഥലംമാറ്റിയ അനീഷ് പി രാജൻ ഔദ്യോഗികരംഗത്തെ മികവിന് അവാർഡ് നേടിയ മിടുക്കനായ ഉദ്യോഗസ്ഥൻ. ബ്രസൽസ് ആസ്ഥാനമായ വേൾഡ് കസ്റ്റംസ് ഓർഗനൈസേഷന്റെ സർട്ടിഫിക്കറ്റ് ഓഫ് മെറിറ്റ് അവാർഡ് അനീഷ് രാജന് സമ്മാനിച്ചത് കേന്ദ്രമന്ത്രി അനുരാഗ് സിങ് താക്കൂർ.

അന്താരാഷ്ട്ര കസ്റ്റംസ് ദിനമായ ജനുവരി 27ന് ഡൽഹിയിൽ നടന്ന ചടങ്ങിലാണ് അവാർഡ് സമ്മാനിച്ചത്. കസ്റ്റംസിന്റെ വിവിധ സോണുകളിലുള്ള 17 ഉദ്യോഗസ്ഥർക്കാണ് അവാർഡ് ലഭിച്ചത്. അവാർഡിന് അർഹനായ ഏക മലയാളി അനീഷ് രാജനായിരുന്നു.

കസ്റ്റംസ് ഉദ്യോഗസ്ഥന്റെ സ്ഥലംമാറ്റ ഉത്തരവ് തിടുക്കത്തിലെന്ന് സൂചന; 'അവള്‍' എന്ന് വിശേഷണം

കൊച്ചി> കസ്റ്റംസ് ജോയിന്റ് കമ്മീഷണര്‍ അനീഷ് പി രാജന്റെ സ്ഥലംമാറ്റ ഉത്തരവില്‍  അപാകതകള്‍. ധൃതിപിടിച്ച് ഉണ്ടാക്കിയതാണ് ഉത്തരവ് എന്നു വെളിവാകുന്ന തരത്തിലുള്ള തെറ്റുകളാണ് ഉത്തരവിലുള്ളത്. സ്ഥലംമാറ്റ ഉത്തരവില്‍ രണ്ടു സ്ഥലത്ത് അനീഷ് പി രാജനെ അവള്‍ എന്നാണ് വിശേഷിപ്പിക്കുന്നത്.

ബുധനാഴ്ചയാണ് സ്ഥലംമാറ്റ ഉത്തരവിറങ്ങിയത്. 30ന് തന്നെ ഇപ്പോഴത്തെ ചുമതലയില്‍ നിന്നൊഴിയാനും ആഗസ്ത് പത്തിനകം നാഗ്പൂരില്‍ ജോലിക്ക് എത്താനുമാണ് ഉത്തരവിലെ നിര്‍ദ്ദേശത്തിലുണ്ടായിരുന്നത്.

ഒന്നരവര്‍ഷമായി കൊച്ചി കസ്റ്റംസ് കമ്മീഷണറേറ്റില്‍ പ്രവര്‍ത്തിക്കുന്ന അനീഷ്, നയതന്ത്ര ബാഗേജ് ഉപയോഗിച്ചുള്ള സ്വര്‍ണ്ണക്കടത്ത് പിടിക്കുന്നതില്‍ സുപ്രധാന പങ്ക് വഹിച്ചയാളാണ്.

 കേസിലെ പ്രതികളെ അതിവേഗം കുടുക്കാനും യുഎഇ കോണ്‍സുലേറ്റിലേക്ക് വരെ അന്വേഷണം നീട്ടാനും അനീഷിന് കഴിഞ്ഞു. അന്വേഷണത്തിന്റെ ഒരുഘട്ടത്തില്‍ ബിജെപി, കോണ്‍ഗ്രസ് നേതൃത്വം അനീഷിനെതിരെ പരസ്യ ആക്ഷേപവുമായി രംഗത്തുവന്നിരുന്നു. അതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ സ്ഥലം മാറ്റമെന്നും സൂചനയുണ്ട്.

മുൻപും രണ്ടു പേരെ സ്ഥലംമാറ്റി; കണ്ടറിയണം ഇനി സ്വർണക്കടത്ത് കേസിന്റെ അവസ്ഥ

കൊച്ചി > യുഎഇ കോൺസുലേറ്റിന്റെ നയതന്ത്ര ബാഗേജിൽ എത്തിയ 30 കിലോ സ്വർണം പിടികൂടിയതും അതിനുപിന്നിലെ അന്താരാഷ്‌ട്ര ഗൂഢാലോചനയിലേക്ക്‌ അന്വേഷണം വളർത്തിയതും കസ്‌റ്റംസ്‌ ജോയിന്റ്‌ കമീഷണർ അനീഷ്‌ രാജന്റെ ഇടപെടലിലൂടെ.

കള്ളക്കടത്ത്‌ കേസിൽ രാഷ്‌ട്രീയനേട്ടമുണ്ടാക്കാൻ ശ്രമിച്ചവർക്ക്‌ അനീഷ്‌ രാജന്റെ മേൽനോട്ടത്തിൽ നടന്ന അന്വേഷണം ഇഷ്ടമായില്ല. അതിന്റെ പ്രത്യാഘാതമെന്നോണം ആദ്യം അന്വേഷണസംഘത്തിലെ രണ്ടുപേരെ സ്ഥലംമാറ്റി. ഇപ്പോൾ സംഘത്തലവനെയും. അന്താരാഷ്‌ട്ര ശ്രദ്ധ നേടിയ സ്വർണക്കടത്ത്‌ കേസ്‌ അന്വേഷണത്തിന്റെ ഭാവി എന്തെന്ന്‌ ഇനി കണ്ടറിയണം.

യുഎഇ കോൺസുലേറ്റിലേക്കും കോൺസൽ ജനറലിലേക്കും സംശയമുന നീണ്ടപ്പോൾത്തന്നെ കള്ളക്കടത്ത്‌ കേസന്വേഷണത്തിൽ ഉണ്ടാകാനിടയുള്ള രാഷ്‌ട്രീയ ഇടപെടൽ പലരും പ്രവചിച്ചതാണ്‌. സ്വർണം കൊണ്ടുവന്നവനെയും അത്‌ കൈപ്പറ്റുന്നവരെയും പിടികൂടി ഇത്തരം കേസുകൾ അവസാനിപ്പിക്കുന്നതാണ്‌ പതിവ്‌. എന്നാൽ, നയതന്ത്ര ബാഗേജിലെ സ്വർണക്കടത്തിനുപിന്നിൽ പ്രവർത്തിച്ചവരെയാകെ കസ്‌റ്റംസ്‌ പിടികൂടി. അതിൽ ഏറെപ്പേരും ബിജെപിയുടെയും മുസ്ലിംലീഗിന്റെയും അനുഭാവികളോ പ്രവർത്തകരോ അവരുടെ ഉന്നത നേതൃത്വവുമായി അടുത്തബന്ധമുള്ളവരോ ആയിരുന്നു. അതിന്റെ പേരിൽ പലവിധ ഭീഷണികളും സമ്മർദങ്ങളും കസ്‌റ്റംസിനുമേലുണ്ടായി. അതിന്‌ വഴങ്ങുന്നില്ലെന്ന്‌ വന്നപ്പോഴാണ്‌ അന്വേഷണസംഘത്തെത്തന്നെ പൊളിച്ചടുക്കിയത്‌.

കസ്‌റ്റംസ്‌ കാർഗോ കോംപ്ലക്‌സിൽ തടഞ്ഞുവച്ച ബാഗേജ്‌ വിട്ടുകിട്ടാൻ ആദ്യം ഇടപെട്ടത്‌ ബിജെപി ബന്ധമുള്ള കസ്‌റ്റംസ്‌ ക്ലിയറൻസ്‌ ഏജന്റ്‌സ്‌ അസോസിയേഷൻ നേതാവായിരുന്നു. കേന്ദ്ര വാണിജ്യമന്ത്രാലയവുമായി നയപരമായ കാര്യങ്ങളിൽ സഹകരിക്കുന്ന മുംബൈ ആസ്ഥാനമായ ക്ലിയറൻസ്‌ ഏജന്റുമാരുടെ ഫെഡറേഷന്റെ  എക്‌സിക്യൂട്ടീവ്‌ അംഗംകൂടിയാണ്‌ ഇദ്ദേഹം. അത്‌ ഫലം കണ്ടില്ല. പിന്നീട്‌ കോൺസുലേറ്റ്‌ ജനറൽതന്നെ ഇടപെട്ട്‌ ബാഗേജ്‌ തിരിച്ചയപ്പിക്കാൻ ശ്രമിച്ചു. അതിനും കസ്‌റ്റംസ്‌ വഴങ്ങിയില്ലെന്നുമാത്രമല്ല, കോൺസുലേറ്റ്‌ അറ്റാഷെയെ ചോദ്യംചെയ്യാൻ അനുമതിയും തേടി. ഒന്നിനുപുറകെ ഒന്നായി 16 പ്രതികളെ അറസ്‌റ്റ്‌ ചെയ്‌തു. അതിൽ ഹവാല ഇടപാടുകാർമുതൽ ജ്വല്ലറി ഉടമകളും ഇടനിലക്കാരുമൊക്കെയുണ്ട്‌. സ്വർണക്കടത്ത്‌ കേസിനെ അന്താരാഷ്‌ട്രബന്ധമുള്ള ഭീകരവാദ കേസാക്കി മാറ്റാനുള്ള ബോധപൂർവമായ നീക്കങ്ങൾക്കും അനീഷ്‌ രാജന്റെ നിലപാടുകൾ തിരിച്ചടിയായി. അതിനുള്ള തെളിവുകളൊന്നും കണ്ടെത്തിയതായി കസ്‌റ്റംസ്‌ അന്വേഷണ പുരോഗതി റിപ്പോർട്ടിൽ പറഞ്ഞിട്ടില്ല.

നയതന്ത്ര ബാഗേജ്‌ വിട്ടുകൊടുക്കാൻ ആവശ്യപ്പെട്ടു: ഹരിരാജ്‌

കൊച്ചി > സ്വർണമടങ്ങിയ നയതന്ത്ര ബാഗേജ്‌ വിട്ടുകൊടുക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ കസ്‌റ്റംസ്‌ ഉദ്യോഗസ്ഥരെ സമീപിച്ചിരുന്നുവെന്ന്‌ ഹരിരാജ്‌. വ്യാഴാഴ്‌ച കൊച്ചി കസ്‌റ്റംസ്‌ ആസ്ഥാനത്തെ ചോദ്യംചെയ്യലിലാണ്‌, ബിജെപി –-സംഘപരിവാർ നേതാക്കളുമായി ഉറ്റബന്ധം പുലർത്തുന്ന ഹരിരാജിന്റെ വെളിപ്പെടുത്തൽ.

വാട്‌സാപ്‌ സന്ദേശം വഴിയാണ്‌ കസ്‌റ്റംസ്‌ ഉദ്യോഗസ്ഥരോട്‌ ബാഗേജ്‌ ക്ലിയർ ചെയ്യാൻ ആവശ്യപ്പെട്ടത്‌. ബാഗേജ്‌ വിട്ടുകൊടുക്കാനായില്ലെങ്കിൽ തുറക്കരുതെന്നും അത്‌ യുഎഇയിലേക്ക്‌ തിരിച്ചയക്കണമെന്നും ആവശ്യപ്പെട്ടു. ക്ലിയറിങ്‌ ഏജന്റ്‌ ആവശ്യപ്പെട്ട‌പ്രകാരമാണ്‌ ഇങ്ങനെ പറഞ്ഞതെന്നും ഹരിരാജ്‌ കസ്‌റ്റംസിനോട്‌ ആവർത്തിച്ചു. ഇയാളുടെ കൊച്ചിയിലെയും തിരുവനന്തപുരത്തെയും വീടുകൾ കസ്‌റ്റംസ്‌ നേരത്തെ പരിശോധിച്ചിരുന്നു. ഹരിരാജിന്റെ  ആവശ്യത്തിന് വഴങ്ങാതെ കോൺസുലേറ്റിന്റെ അനുമതിയോടെ കസ്‌റ്റംസ്‌ ബാഗേജ്‌ തുറന്ന്‌ പരിശോധിച്ചപ്പോഴാണ്‌ 30 കിലോ സ്വർണം കണ്ടെടുത്തത്‌. ഇയാളെ വ്യാഴാഴ്‌ച അഞ്ചുമണിക്കൂറാണ്‌ കസ്‌റ്റംസ്‌ ചോദ്യംചെയ്‌തത്‌.

courtesy: deshabhimani

No comments:

Post a Comment