Tuesday, July 14, 2020

സ്വർണക്കടത്ത്‌ കേസിലെ മാധ്യമങ്ങളുടെ വ്യാജ വാർത്തകളും മാപ്പ്‌ പറച്ചിലും

സ്വർണക്കടത്ത്‌ കേസിലെ മാധ്യമങ്ങളുടെ വ്യാജ വാർത്തകളും മാപ്പ്‌ പറച്ചിലും; കെട്ടിച്ചമച്ച്‌, പൊളിഞ്ഞുവീണ നുണവാർത്തകൾ

കൊച്ചി > തിരുവനന്തപുരം വിമാനത്താവളത്തിൽ നയതന്ത്ര ബാഗ്ഗേജ്‌ വഴിയുള്ള സ്വർണക്കടത്ത്‌ കേസിൽ പുതിയ വഴിത്തിരിവുകൾ ഓരോ ദിവസവും ഉണ്ടായിക്കൊണ്ടിരിക്കുകയാണ്‌. സാധാരണ സ്വർണക്കടത്ത്‌ കേസുകളിൽ ഉണ്ടാകുന്നതിനേക്കാൾ കൂടുതൽ ശ്രദ്ധയും അന്വേഷണവും ഈ കേസിൽ നടക്കുന്നു. തീവ്രവാദ ബന്ധംവരെ സംശയക്കുന്ന നിലയിലാണ്‌ എൻഐഎ അന്വേഷണത്തിന്റെ വഴി. ഇതിനൊപ്പം ഓരോ ദിവസവും പൊളിഞ്ഞുവീഴുന്ന മാധ്യമ നുണകളുണ്ട്‌. ആദ്യത്തെ ദിവസങ്ങളിൽ എന്താണോ മലയാളത്തിലെ വലതുപക്ഷ മാധ്യമങ്ങൾ പറഞ്ഞുകൊണ്ടിരുന്നത്‌, അതൊന്നും തന്നെ വീണ്ടും ആവർത്തിക്കാൻ കഴിയാത്ത അവസ്ഥയാണ്‌ അവർക്ക്‌. വസ്‌തുതകളുടെ അടിസ്ഥാനത്തിൽ ഈ മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്‌ത ഒരു വാർത്ത പോലുമുണ്ടായിരുന്നില്ല എന്ന്‌ അവരുടെതന്നെ ഇപ്പോഴത്തെ വാർത്തകൾ വ്യക്തമാക്കുന്നു.

മാധ്യമങ്ങൾ കെട്ടിച്ചമച്ച്‌, പൊളിഞ്ഞുവീണ നുണവാർത്തകൾ:

സ്വപ്‌ന രക്ഷപ്പെട്ടത് പൊലീസ് ഒത്താശയിൽ:

തിരുവനന്തപുരം നഗരത്തിൽ ട്രിപ്പിൾ ലോക്ക്‌ഡൗൺ പ്രഖ്യാപിച്ച ശേഷം അത്‌ മറികടന്നാണ്‌ സ്വപ്‌ന ഒളിവിൽ പോയത്‌ എന്നാണ്‌ മലയാള മനോരമ ജൂലൈ 12ന്‌ ഒന്നാം പേജിലെ വാർത്തയിൽ പറഞ്ഞിരുന്നത്‌. എന്നാൽ ജൂലൈ അഞ്ചിന്‌ വൈകീട്ടാണ്‌ സ്വർണക്കടത്ത്‌ കണ്ടെത്തുന്നതെന്നും അന്നുതന്നെ ഉച്ചയ്‌ക്ക്‌ ശേഷം 3.15 ന്‌ സ്വപ്‌നയുടെ ഫോൺ ഓഫായിരുന്നതായും ഒമ്പതാം പേജിലെ "റൂട്ട്‌ മാപ്പി' ൽ പറയുന്നു.

ജൂലൈ ആറ്‌ മുതലാണ്‌ തിരുവനന്തപുരം നഗരത്തിൽ ഏഴ്‌ ദിവസത്തേക്ക്‌ ട്രിപ്പിൾ ലോക്ക്‌ഡൗൺ പ്രഖ്യാപിക്കുന്നത്‌. ലോക്ക്‌ഡൗൺ പ്രഖ്യാപിക്കുന്നതിന്‌ മുമ്പേതന്നെ സ്വപ്‌ന നഗരത്തിൽനിന്ന്‌ കടന്നെന്ന്‌ ഇതിൽനിന്ന്‌ തന്നെ മനോരമയ്‌ക്ക്‌ വ്യക്തമാണ്‌.

മനോരമ ചാനൽതന്നെ ഒടുവിൽ സ്വപ്‌നയും സന്ദീപും കേരളം വിട്ടത്‌ തമിഴ്‌നാടിന്റെ പാസ്‌ എടുത്തായിരുന്നു എന്ന്‌ വ്യക്തമാക്കുന്നു. റിപ്പോർട്ടർ നിഷാ പുരുഷോത്തമൻ ഉറപ്പിച്ച്‌ പറഞ്ഞകാര്യമാണ്‌ ചാനൽ നിഷേധിച്ചത്‌.

ശാസ്ത്രഉപദേഷ്‌ടാവിനു സ്വപ്‍നസുരേഷ് ഉപഹാരം കൈമാറുന്ന ഫോട്ടോ:

മുഖ്യമന്ത്രിയുടെ ശാസ്ത്രഉപദേഷ്‌ടാവിനു സ്വപ്‍നസുരേഷ് ഉപഹാരം കൈമാറുന്നു എന്ന അടിക്കുറിപ്പോടെ ഫോട്ടോ പ്രചരിപ്പിച്ചതും മനോരമയാണ്‌. എം സി ദത്തന്‌ സ്വപ്‌ന ഉപഹാരം നൽകിയിട്ടില്ല എന്ന്‌ വ്യക്തമാക്കുന്നത്‌ ഏഷ്യാനെറ്റ്‌ ന്യൂസിലെ ചർച്ചയ്‌ക്കിടയിൽ അവതാരകൻ വിനു വി ജോൺ ആണ്‌. ബഹിരാകാശ ഉച്ചകോടിയിൽ മോഡറേറ്റർ എന്ന നിലയിൽ ഉപഹാരം നൽകാൻ ഏൽപ്പിച്ചിരുന്നത്‌ എം സി ദത്തനെയാണ്‌. അവർക്ക്‌ കൊടുക്കാനുള്ള ഉപഹാരം ഒരു സ്‌ത്രീ തന്നെ ഏൽപ്പിച്ച ചിത്രമാണ്‌ ക്രോപ്പ്‌ ചെയ്‌ത്‌ പ്രചരിപ്പിച്ചതെന്നും ദത്തൻ വിശദമാക്കിയതായി വിനു ചർച്ചയിൽ പറയുന്നു.

എന്നാൽ നുണയാണെന്ന്‌ അറിഞ്ഞിട്ടും ഇതുവരെ അത്‌ വാർത്തയായി നൽകാൻ ഏഷ്യാനെറ്റ്‌ തയ്യാറായിട്ടുമില്ല.

പ്രതി സന്ദീപ്‌ നായർ സിപിഐ എം അനുഭാവി എന്ന വ്യാജവാർത്ത:

സ്വർണക്കടത്ത്‌ കേസിലെ പ്രതി സന്ദീപ് നായർ എന്ന സിപിഐ എം അനുഭാവി ആണെന്നുള്ള വ്യാജ വാർത്ത നൽകിയത്‌ ഏഷ്യാനെറ്റ്‌ ന്യൂസും മനോരമ ചാനലും അടക്കമാണ്‌. സന്ദീപിന്റെ അമ്മ പറഞ്ഞു എന്നുള്ള വീഡിയോ സഹിതമാണ്‌ ഈ നുണവാർത്ത ഏഷ്യാനെറ്റ്‌ നൽകിയത്‌. കൈരളി ചാനൽ സന്ദീപിന്റെ അമ്മ ഉഷയുടെ വ്യക്തമായ വീഡിയോ അടക്കം പുറത്തുകൊണ്ടുവന്ന്‌ ഈ വ്യാജവാർത്ത പൊളിക്കുകയായിരുന്നു.

ഏഷ്യാനെറ്റ്‌, മനോരമ ചാനലുകളിൽ സംപ്രേഷണംചെയ്‌ത വീഡിയോയിൽ സന്ദീപിന്റെ അമ്മ അയാൾ സിപിഐ എം അനുഭാവിയാണ്‌ എന്നൊരു വാക്കുപോലും പറഞ്ഞിരുന്നില്ല. ഇതിന് പിന്നീട്‌ ഏഷ്യാനെറ്റിന്റെ എഡിറ്റർ ഇൻ ചീഫ് എം ജി രാധാകൃഷ്‌ണൻ തന്നെ ചാനലിൽവന്ന്‌ മാപ്പ് പറഞ്ഞു.

ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം മനോരമ ചാനലിലെ ചർച്ചക്കിടയിൽ ഇക്കാര്യം പറഞ്ഞപ്പോൾ ഷാനി പ്രഭാകറും അവരുടെ വാർത്ത വ്യാജമാണെന്ന്‌ സമ്മതിച്ചു.

കേരള പൊലീസ്‌ കസ്‌റ്റംസിനെ സഹായിച്ചില്ല:

സ്വർണ്ണക്കടത്ത് കേസിൽ പ്രതികളെ പിടികൂടാൻ സംസ്ഥാന പൊലീസ് സഹായിച്ചില്ലെന്ന വ്യാജവാർത്തയും പൊളിഞ്ഞത്‌ ചാനൽ ചർച്ചയിലാണ്‌. ജൂലൈ 12 ഞായറാഴ്‌ച മാതൃഭൂമി ചാനലിൽ നടന്ന ചർച്ചയിൽ മുൻ കസ്റ്റംസ് സൂപ്രണ്ട് സി ജി സുഗുണൻ ഇക്കാര്യം വ്യക്തമാക്കുകയുണ്ടായി. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി രാജീവ് കോൺഗ്രസ് നേതാവ് ജോസഫ് വാഴയ്ക്കൻ,ബിജെപി നേതാവ് പി കെ കൃഷ്‌ണദാസ് തുടങ്ങിയവർ ഈ ചർച്ചയിൽ പങ്കെടുത്തിരുന്നു.

ഇപ്പോഴത്തെ കേസിൽ പ്രതികളെ എൻഐഎ പിടികൂ ടുന്ന ദിവസം ഉച്ചക്ക് ശേഷമാണ് കസ്റ്റംസ് പൊലീസിനോട് സഹായം ആവശ്യപ്പെട്ടതെന്നും  ചർച്ചയിൽ വ്യക്തമാക്കപ്പെട്ടു. അതിനുശേഷവും ചില മാധ്യമങ്ങളും കോൺഗ്രസ് -ബിജെപി നേതാക്കളും നുണ ആവർത്തിക്കുകയാണ്.

പൂന്തുറ സമരത്തിൽ സിപിഐ എം നേതാക്കളും:

പൂന്തുറയിൽ ജനങ്ങളെ ഇളക്കിവിട്ട്‌ നടത്തിയ സമരത്തിന്റെ  മുൻനിരയിൽ സിപിഐ എം പ്രവർത്തകരായ  ബെയ്‌ലിൻ ദാസും ബേബി മാത്യുവും പങ്കെടുത്തുവെന്നാണ്‌ വ്യാജ ചിത്രം സഹിതം മനോരമ നുണക്കഥ അടിച്ചുവിട്ടത്‌. അടുത്ത നേരം പുലർന്നതോടെ അത്‌  പൊളിഞ്ഞുവീണു. യഥാർത്ഥത്തിൽ കോൺഗ്രസിന്റെ നുണപ്രചരണത്തിൽ പുറത്തിറങ്ങിയ ജനങ്ങളെ അനുനയിപ്പിച്ച്‌ വീടുകളിലേക്ക്‌ മടക്കാനാണ്‌  സിപിഐ എം ബ്രാഞ്ച്‌ സെക്രട്ടറിയായ ബേബി മാത്യുവും സിപിഐക്കാരനായ   ബെയിലിൻ ദാസും,  അവിടെ എത്തിയത്‌. ബെയിലിൻ ദാസ്‌ പള്ളിവികാരിക്കൊപ്പം നിന്ന്‌ ജനങ്ങളോട്‌ സംസാരിക്കുകയാണ്‌ ചെയ്‌തത്‌. ബേബി മാത്യു ഡിസിപി യോട് ഒപ്പം നിന്നു ജനങ്ങളെ അനുനയിപ്പിക്കാൻ ശ്രമിക്കുകയും ചെയ്‌തു. ഇതിന്റെ ചിത്രങ്ങളും പുറത്തുവന്നു.

ആ ചിത്രങ്ങളിൽനിന്ന്‌ ഇവരുടെ ഭാഗം മാത്രം വെട്ടിയെടുത്താണ്‌ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി മനോരമ നുണക്കഥയെഴുതിയത്‌. സിപിഐ എം പൂന്തുറ പള്ളി ജങ്‌ഷൻ ബ്രാഞ്ച്‌ സെക്രട്ടറിയാണ്‌ ബേബി മാത്യു. കഴിഞ്ഞ തവണ എൽഡിഎഫ്‌ പാനലിൽ കോർപ്പറേഷനിലേക്ക്‌ മത്സരിച്ച ആളാണ്‌ ബെയ്‌ലിൻ ദാസ്‌. ഇവരെയാണ്‌ മനോരമ നുണകഥയിൽ ചേർത്ത്‌ വായനക്കാരെ പറ്റിച്ചത്‌.

സ്വപ്‌ന സർക്കാർ ജീവനക്കാരി, ശമ്പളം നൽകുന്നത്‌ സർക്കാർ:

സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്‌ന സുരേഷ്‌ സർക്കാർ ജീവനക്കാരിയാണെന്ന്‌ ആദ്യം പ്രചരിപ്പിച്ചത്‌ മയലാള മനോരമയാണ്‌. ചാനലിലും പത്രത്തിലും ഇത്‌ ആവർത്തിച്ചു. ഒരു ചാനൽ ചർച്ചക്കിടയിൽ നിഷാ പുരുഷോത്തമനോട്‌ സിപിഐ എം പ്രതിനിധി ഇക്കാര്യങ്ങൾ വിശദീകരിച്ചെങ്കിലും അത്‌ വകവക്കാതെ വ്യാജവാർത്ത പ്രചാരണം മനോരമ തുടരുകയായിരുന്നു. എന്നാൽ അതേസമയംതന്നെ അത്‌ വ്യാജമാണെന്നും സ്വപ്‌ന വിഷൻ ടെക്‌നോളജീസ്‌ എന്ന സ്ഥാപനം ഏർപ്പെടുത്തിയ കൺസൾട്ടന്റ്‌ ആണെന്നും അവർക്ക്‌ സർക്കാരുമായി ഒരു ബന്ധവുമില്ലെന്ന്‌ ചാനലിൽ സ്‌ക്രോൾ പോകുന്നുണ്ടായിരുന്നു

മനോരമ പത്രത്തിലും ഈ വാർത്ത വന്നു. ദിവസങ്ങൾ നീണ്ട വ്യാജ പ്രചരണങ്ങളാണ്‌ മനോരമ ഉൾപ്പേജിൽ ചെറിയ വാർത്തയിൽ ഒതുക്കിയത്‌. സ്വപ്‌ന സർക്കാർ ജീവനക്കാരിയല്ലെന്നും, ശമ്പളമടക്കം നൽകുന്നതിൽ യാതൊരു ബന്ധവുമില്ലെന്നും ആരോപണങ്ങൾ വന്ന ദിവസംമുതൽ ഉത്തരവാദിത്തപ്പെട്ടവർ വ്യക്തമാക്കിയതാണ്‌. എന്നാൽ അതൊന്നും വകവക്കാതെ വ്യാജ പ്രചരണങ്ങളാണ്‌ മനോരമ പത്രവും ചാനലും നടത്തിക്കൊണ്ടിരുന്നത്‌.

സ്‌പേസ്‌ പാർക്ക്‌ പദ്ധതിയുടെ ദൈനംദിന പ്രവർത്തനങ്ങൾക്കായി കൺസൾട്ടന്റിനെ വേണ്ടിവന്നപ്പോൾ പിഡബ്ല്യുസിയോട്‌ ആവശ്യപ്പെട്ടത്‌ അനുസരിച്ചാണ്‌ വിഷൻ ടെക്‌നോളജീസ്‌ സ്വപ്‌ന സുരേഷിനെ പദ്ധതിയുടെ പ്രൊജക്‌ട്‌ മാനോജ്‌മെന്റ്‌ യൂണിറ്റായി അയച്ചത്‌. അതിന്റെ പൂർണ ഉത്തരവാദിത്തം നിയമിച്ച സ്ഥാപനത്തിനാണ്‌. സർക്കാരുമായി നേരിട്ട്‌ ഇതിന്‌ ബന്ധമില്ല. ഐടി വകുപ്പ്‌ പ്രസ്‌തുത പ്രവർത്തനങ്ങൾക്കായി പിഡബ്ല്യുസിയുമായാണ്‌ ബന്ധപ്പെടുക. പിഡബ്ല്യുസി വിഷൻ ടെക്‌നോളജിയുമായും. കൺസൾട്ടൻസി എന്താണെന്ന്‌ മനസ്സിലാകുന്നവർക്ക്‌ ഒരു സംശയവും ഉണ്ടാകാൻ ഇടയില്ലാത്ത കാര്യമാണിത്‌. വിഷൻ ടെക്‌നോളജിയുമായി കെഎസ്‌ഐടിഐഎല്ലിന്‌ നേരിട്ട്‌ ഇടപാടില്ല എന്നും മനോരമ വാർത്തയിൽ വ്യക്തമായുണ്ട്‌.

No comments:

Post a Comment