Sunday, February 14, 2021

ഇല്ലാത്ത കൈമളും മനോരമയ്‌ക്ക്‌ ആയുധം

ഇടതുപക്ഷ സർക്കാരിനെ താറടിക്കാൻ‌ വ്യാജപരാതിയും ആയുധമാക്കി മനോരമ. നുണകൾ തിരുകിക്കയറ്റിയുള്ള എഡിറ്റ്‌ പേജ്‌ ലേഖനത്തിലാണ്‌ ഊമക്കത്തിന്‌ സമാനമായ വ്യാജപരാതി പോലും എൽഡിഎഫ്‌ സർക്കാരിനെതിരെ ഉപയോഗിച്ചത്‌‌. ഡൽഹി കേരള ഹൗസിൽ നിയമനത്തിനായി അവിടുത്തെ ഇടതുനേതാവിന്‌ മൂന്നുപേർ അര ലക്ഷം രൂപ വീതം നൽകിയെന്നാണ്‌ വ്യാജപരാതിയുടെ പേരുപറഞ്ഞുളള ‘കണ്ടെത്തൽ’.

സുരേഷ്‌ കൈമൾ എന്ന പേരിലാണ്‌ പരാതി അയച്ചത്‌. കൈമൾസ്‌, 178 ബി3, പോക്കറ്റ്‌ ബി, മയൂർ വിഹാർ ഫേസ്‌ 3, ഡൽഹി എന്ന വിലാസമാണ്‌ നൽകിയത്‌. ഇങ്ങനൊരു വിലാസം മയൂർ വിഹാർ ഫേസ് 3 യിൽ ഇല്ല. വ്യാജവിലാസമെന്ന്‌ ബോധ്യപ്പെട്ടതോടെ മനോരമയുടെ ഡൽഹി ബ്യൂറോ തന്നെ കയ്യൊഴിഞ്ഞ വാർത്തയാണ്‌ എഡിറ്റ്‌ പേജിലെ വ്യാജപരമ്പര സ്രഷ്ടാക്കൾ ഞെട്ടിക്കുന്ന വെളിപ്പെടുത്തലാക്കിയത്‌.

മനോരമയിൽ പ്രസിദ്ധീകരിച്ച വ്യാജ കത്ത്‌

സുരേഷ്‌ കൈമൾ എന്ന പേരിൽ ഇമെയിലിലും കേരള ഹൗസ്‌ അധികൃതർക്ക്‌ പരാതി വന്നിരുന്നു. ഇമെയിൽ വിലാസവും വ്യാജമെന്ന്‌‌ കണ്ടെത്തി. ഇതോടെ കേരള ഹൗസ്‌ അധികൃതരും വിഷയം ഉപേക്ഷിച്ചെങ്കിലും നുണപരമ്പരയൊരുക്കാൻ ഇതൊന്നും മനോരമയ്‌ക്ക്‌ തടസ്സമായില്ല‌.കേരള ഹൗസിൽ 2015 ൽ ഉമ്മൻ ചാണ്ടി സർക്കാർ നടത്തിയ അനധികൃത പിൻവാതിൽ നിയമനങ്ങൾ പിന്നീട്‌ മരവിപ്പിച്ചിരുന്നു.

ഈ നിയമനങ്ങൾ നിലവിൽ ഹൈക്കോടതിയുടെ പരിഗണനയിലാണ്‌. കേരള ഹൗസിലെ ഒഴിവുകളിലേക്ക്‌ സുതാര്യമായി പരീക്ഷയും അഭിമുഖവും നടത്തിയുള്ള നിയമനം അന്തിമഘട്ടത്തിലാണ്‌. ഈ നിയമനപ്രക്രിയ അട്ടിമറിക്കാൻ 2015 ലെ അനധികൃത നിയമനക്കാർ നടത്തുന്ന ഗൂഢാലോചനയുടെ ഭാഗമാണ്‌ വ്യാജപരാതിയെന്ന്‌ കേരള ഹൗസ്‌ ജീവനക്കാർ ആരോപിക്കുന്നു.

‘ബിജേഷ് ഇടതുപക്ഷ’വും 
വ്യാജം

സെക്രട്ടറിയറ്റിനു മുന്നിൽ സമരംചെയ്യുന്ന കോൺഗ്രസ്‌ പ്രവർത്തകനെ ഇടതുപക്ഷക്കാരനായ‌ പിഎസ്‌സി റാങ്ക്‌ ജേതാവാക്കി മലയാള മനോരമ‌. ഇടുക്കി ജില്ലയിലെ ലാസ്റ്റ്‌ ഗ്രേഡ്‌ സർവന്റ്‌സ്‌ പിഎസ്‌സി റാങ്ക്‌ പട്ടികയിലെ 346ാം റാങ്കിലുള്ള ബിജേഷ്‌ മോഹനനും കുടുംബവും ജനനംമുതൽ ഇടതുപക്ഷത്തിൽ വിശ്വസിക്കുന്നവരാണെന്നാണ്‌‌ മനോരമ ഒന്നാം പേജിൽ തട്ടിവിട്ടത്‌.

കോട്ടയം ജില്ലയിലെ കൂട്ടിക്കൽ പഞ്ചായത്തിൽ ചപ്പാത്ത്‌ കോളനിയിൽ താമസിക്കുന്ന  ബിജേഷിന്റെ അച്ഛൻ സജീവ കോൺഗ്രസ്‌  പ്രവർത്തകനാണ്‌. കുടുംബത്തിനോ ബിജേഷ്‌ മോഹനോ ഇടതുപക്ഷവുമായി വിദൂരബന്ധം പോലുമില്ലെന്ന്‌ സിപിഐ എം കൂട്ടിക്കൽ ലോക്കൽ സെക്രട്ടറി പി കെ സണ്ണി പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനെതിരെ പ്രവർത്തിച്ചയാളെയാണ്‌ സർക്കാരിനെതിരെ ആയുധമാക്കാൻ മനോരമ ഇടതുപക്ഷക്കാരനാക്കിയതെന്നും അദ്ദേഹം പറഞ്ഞു. പൊതു റാങ്ക്‌ പട്ടികയിൽ 346–-ാം റാങ്കുകാരനായ ബിജേഷ്‌ ഈഴവ വിഭാഗത്തിനുള്ള സംവരണത്തിനും അർഹനാണ്‌. പൊതു റാങ്ക്‌ പട്ടികയിൽനിന്ന്‌ 285 പേരെയാണ്‌ ഇതുവരെ നിയമിച്ചിട്ടുള്ളത്‌. ഈഴവ വിഭാഗത്തിൽ 236–-ാം റാങ്കിനുവരെ നിയമനം കിട്ടി.

റാങ്ക്‌ പട്ടികയുടെ കാലാവധി ആറുമാസംകൂടി നീട്ടിയ സാഹചര്യത്തിൽ ബിജേഷിന്‌‌ ജോലികിട്ടാനുള്ള സാധ്യത നിലനിൽക്കുന്നുണ്ടെന്ന്‌ പിഎസ്‌സി ഉദ്യോഗസ്ഥർ പറഞ്ഞു. മാർച്ച്‌, ഏപ്രിൽ, മെയ്‌ മാസങ്ങളിലാണ്‌ ഏറ്റവുമധികം ആളുകൾ വിരമിക്കുന്നത്.‌ അതിനാൽ ധാരാളം ഒഴിവുകൾ ഉണ്ടാകുമെന്നും അവർ വ്യക്തമാക്കി.

"നീട്ടൽ' ബിജെപിക്ക്‌ വേണ്ടി

സംസ്ഥാനത്ത്‌ ഉടൻ തെരഞ്ഞെടുപ്പ്‌ വേണ്ടെന്ന്‌ തെരഞ്ഞെടുപ്പു കമീഷനോട്‌ സർക്കാർ ആവശ്യപ്പെടുമെന്ന കള്ളവാർത്ത പടച്ച്‌ മനോരമ. രാഷ്‌ട്രപതി ഭരണത്തിലേക്ക്‌ പോകണമെന്ന ബിജെപിയുടെ മോഹത്തിന്‌ ചൂട്ടുപിടിക്കാനാണ്‌ നീക്കം‌.

തെരഞ്ഞെടുപ്പ്‌ നീട്ടണമെന്ന്‌ സർക്കാരും വൈകിപ്പിക്കരുതെന്ന്‌ യുഡിഎഫും ബിജെപിയും നിലപാടെടുക്കുമെന്നാണ്‌ വാർത്ത.

മഷിയുണങ്ങും മുമ്പുതന്നെ കള്ളം പൊളിഞ്ഞു. മുഖ്യ തെരഞ്ഞെടുപ്പു കമീഷണറെ കണ്ട എൽഡിഎഫ്‌ പ്രതിനിധികൾ ഏപ്രിൽ രണ്ടിനും 12നും ഇടയ്‌ക്ക്‌ തെരഞ്ഞെടുപ്പ്‌ നടത്തണമെന്നാണ്‌ ആവശ്യപ്പെട്ടത്‌.

തെരഞ്ഞെടുപ്പ്‌ ജൂണിലേക്ക്‌ മാറ്റണമെന്നാണ്‌ തെരഞ്ഞെടുപ്പു കമീഷനോ ബിജെപി പ്രതിനിധികൾ ആവശ്യപ്പെട്ടത്‌. ഒരേയൊരു പാർടി മാത്രമാണ്‌ ഈ നിർദേശം മുന്നോട്ടുവച്ചതും.   പതിനാലാം കേരള നിയമസഭയുടെ കാലാവധി ജൂൺ ഒന്നിനു തീരും. 2016 ജൂൺ രണ്ടിനാണ്‌ ആദ്യ സമ്മേളനം ചേർന്നത്‌. ജൂൺ ഒന്നിനകം പുതിയ സഭ നിലവിൽ വന്നില്ലെങ്കിൽ രാഷ്‌ട്രപതി ഭരണം അനിവാര്യമാകും. ഇതാണ്‌ ബിജെപിയുടെ മനസ്സിലിരിപ്പ്‌. അതിനു കുടപിടിക്കാനാണ്‌ മനോരമ ലക്ഷ്യമിട്ടത്‌.

No comments:

Post a Comment