Tuesday, November 10, 2009

പൂര്‍വജര്‍മനിക്കാരുടെ സോഷ്യലിസ്റ്റ് നൊസ്റ്റാള്‍ജിയ

ഈ ലേഖകന്‍ പഴയ സോവിയറ്റ് യൂണിയനില്‍ പഠിച്ചിരുന്ന കാലത്ത് ഏത് ടാക്സിയില്‍ കയറിയാലും ഡ്രൈവറുടെ ആദ്യ ചോദ്യം ഇന്ത്യയിലേക്ക് പോകാന്‍ വിസ ശരിയാക്കിത്തരുമോ എന്നായിരുന്നു. ഇന്ത്യയെപ്പോലുള്ള മൂന്നാംലോക മുതലാളിത്ത രാജ്യങ്ങളില്‍പ്പോലും ജനജീവിതം താരതമ്യേന സമ്പല്‍സമൃദ്ധമാണെന്ന ഒരു മിഥ്യാധാരണ 1980കളുടെ അന്ത്യപാദത്തില്‍ ശരാശരി റഷ്യക്കാര്‍ വച്ചുപുലര്‍ത്തിയിരുന്നു. പടിഞ്ഞാറന്‍ യൂറോപ്പും അമേരിക്കയും സ്വര്‍ഗീയസ്ഥലികളാണെന്നും അവരില്‍ പലരും ധരിച്ചുവശായിരുന്നു. അക്കാലത്ത് ഒരു റഷ്യന്‍ പൌരന്റെ ഏറ്റവും തീവ്രമായ ജീവിതാഭിലാഷം ഏതെങ്കിലും വികസിത മുതലാളിത്ത രാജ്യത്തിലേക്ക് കുടിയേറുക എന്നതായിരുന്നു. മുതലാളിത്ത സമൂഹങ്ങളിലെ വമ്പിച്ച സാമ്പത്തിക അസമത്വങ്ങളെക്കുറിച്ച് വ്യക്തമായ ധാരണകളില്ലാതിരുന്ന പല റഷ്യക്കാരും തങ്ങളുടെ ഫ്ളാറ്റുകളും 'ദാച്ച'കളും (വേനല്‍ക്കാല വസതികള്‍) വിറ്റ് 'മുതലാളിത്ത സ്വര്‍ഗ'ങ്ങളിലേക്ക് വണ്ടികയറി. അവരില്‍ ബഹുഭൂരിപക്ഷവും പടിഞ്ഞാറന്‍ യൂറോപ്പിലെ ചേരികളിലും വേശ്യാലയങ്ങളിലുമാണ് എത്തിച്ചേര്‍ന്നത് എന്നത് സമീപകാല ചരിത്രം. 'ഗ്ളാസ്നോസ്ത്' നല്‍കിയ ബൂര്‍ഷ്വാ സ്വാതന്ത്ര്യം ഒറ്റനോട്ടത്തില്‍ ആകര്‍ഷകമായിരുന്നു. എന്തും വാങ്ങാനുള്ള സ്വാതന്ത്ര്യം, എങ്ങോട്ട് പോകാനുമുള്ള സ്വാതന്ത്ര്യം, എന്തും പറയാനുള്ള സ്വാതന്ത്ര്യം ഇവയെല്ലാം ഗ്ളാസ്നോസ്ത് പ്രദാനംചെയ്തു. പക്ഷേ കീശയില്‍ കാശില്ലാത്തവന്‍ എന്തുവാങ്ങും, എങ്ങോട്ടു പോകും?

വിശപ്പും ദാരിദ്ര്യവും വയറിനു ചുറ്റും ഉപരോധം തീര്‍ത്തപ്പോള്‍, ഉള്ള തൊഴില്‍ നഷ്ടപ്പെട്ടപ്പോള്‍, സാധനവില വാണംപോലെ ഉയര്‍ന്നപ്പോള്‍, വൈദ്യുതിക്കും ഗ്യാസിനും വന്‍തുക നല്‍കേണ്ടിവന്നപ്പോള്‍ റഷ്യക്കാര്‍ ഒരു കാര്യം മനസിലാക്കി. പലതരം പ്രശ്നങ്ങളുണ്ടായിരുന്നെങ്കിലും പഴയ വ്യവസ്ഥ തന്നെയായിരുന്നു നല്ലത്. അപ്പോഴേക്കും കാര്യങ്ങള്‍ വൈകിപ്പോയിരുന്നു. ഗോര്‍ബച്ചേവ് പോയി ബോറിസ് യെട്സിന്‍ യുഗമാരംഭിച്ചതോടെ റഷ്യയെ തുച്ഛവിലയ്ക്ക് കോര്‍പറേറ്റുകള്‍ക്ക് വിറ്റുകഴിഞ്ഞിരുന്നു. പിന്നെ ദുബായിലെ തെരുവുകളിലും ഈസ്താംബൂളിലെ ഗലികളിലും ഡല്‍ഹിയിലെ ചെറുകിട ഹോട്ടലുകളിലും തങ്ങളെത്തന്നെ വിറ്റ് റഷ്യന്‍യുവതികള്‍ അലഞ്ഞു നടന്നു. അന്താരാഷ്ട്ര ലൈംഗിക കമ്പോളത്തില്‍ മാത്രമായി ആയിടയ്ക്ക് റഷ്യന്‍ മേധാവിത്വം! ഗ്ളാസ്നോസ്ത് എന്ന 'തുറന്ന സമീപനം' പൊടിപറത്തി മുന്നേറിയ ഒരേയൊരു തുറസ്സായ മണ്ഡലം.
ഉല്‍പ്പാദനോപാധികള്‍ കൈവശപ്പെടുത്തി അനുഭവിക്കുന്ന ഒരു ചെറുന്യൂനപക്ഷത്തിന് മാത്രമാണ് മുതലാളിത്ത സമൂഹങ്ങളില്‍ യഥാര്‍ഥ സ്വാതന്ത്ര്യമുള്ളതെന്നും ഉല്‍പ്പാദനോപാധികളില്‍നിന്ന് അന്യവല്‍ക്കരിക്കപ്പെട്ട ബഹൂഭൂരിപക്ഷവും അസ്വതന്ത്രരാണെന്നും റഷ്യക്കാര്‍ മനസ്സിലാക്കുന്നത് മുതലാളിത്തലോകത്തെ പരിചയപ്പെട്ടതിനു ശേഷമാണ്.

ഇത്രയുമെഴുതിയത് ബര്‍ലിന്‍ മതിലില്‍ തകര്‍ത്തതിന്റെയും ജര്‍മനികളുടെ പുനരേകീകരണത്തിന്റെയും ഇരുപതാം വാര്‍ഷികം ഈ നവംബര്‍ 9ന് ഏകീകൃത ജര്‍മനിയില്‍ ആഘോഷിക്കുന്ന പശ്ചാത്തലത്തിലാണ്. നാലു പതിറ്റാണ്ടോളം സോഷ്യലിസ്റ്റ് ഭരണപരീക്ഷണം നടന്ന പൂര്‍വജര്‍മനിയില്‍നിന്ന് വരുന്ന വാര്‍ത്തകള്‍ പരിശോധിച്ചാല്‍ ചില വസ്തുതകള്‍ വ്യക്തമാകും.

ഒന്നാമതായി, ജര്‍മനി രണ്ടു ദശാബ്ദങ്ങള്‍ക്കു ശേഷവും സാമ്പത്തികമായും സാമൂഹ്യമായും ഏകീകരിക്കപ്പെട്ടു കഴിഞ്ഞിട്ടില്ല. ജര്‍മനികള്‍ രണ്ടായിത്തന്നെ തുടരുന്നു.

രണ്ടാമതായി, പഴയ കിഴക്കന്‍ ജര്‍മനിയിലെ ജീവിതം ഇന്നത്തെ ഏകീകൃത ജര്‍മനിയിലെ ജീവിതത്തേക്കാള്‍ മെച്ചപ്പെട്ടതായിരുന്നു എന്ന് ഭൂരിഭാഗം കിഴക്കന്‍ ജര്‍മനിക്കാരും പറയുന്നു.

ജര്‍മന്‍ ഫെഡറല്‍ ഗവമെന്റിന്റെ ആവശ്യാര്‍ഥം നടത്തിയ ഒരു സാമൂഹ്യ-സാമ്പത്തിക സര്‍വേയില്‍, 57 ശതമാനം കിഴക്കന്‍ ജര്‍മനിക്കാര്‍ സോഷ്യലിസ്റ്റ് ഭരണകാലത്തെ ജീവിതം ഭേദമായിരുന്നു എന്നാണ് അഭിപ്രായപ്പെടുന്നത്. പഴയ കിഴക്കന്‍ ജര്‍മനിക്ക് ദോഷവശങ്ങളെക്കാളേറെ ഗുണവശങ്ങളാണ് ഉണ്ടായിരുന്നതെന്ന് അവര്‍ അസന്ദിഗ്ധമായി പറയുന്നു. കിഴക്കന്‍ ജര്‍മനിയില്‍ നിലനിന്നിരുന്ന ശക്തമായ സാമൂഹ്യ സുരക്ഷാസംവിധാനങ്ങളെക്കുറിച്ചുള്ള ഗൃഹാതുരമായ ഓര്‍മകള്‍ അവര്‍ പങ്കുവയ്ക്കുന്നു. എല്ലാവര്‍ക്കും തൊഴിലുണ്ടായിരുന്നു. നിത്യോപയോഗ സാധനങ്ങള്‍ക്ക് വില കുറവായിരുന്നു. ഭവനരഹിതര്‍ ഉണ്ടായിരുന്നില്ല; യാചകരും. ചികിത്സ സൌജന്യമായിരുന്നു. യാത്രക്കൂലി തുച്ഛമായിരുന്നു. ജര്‍മനികളുടെ ഏകീകരണം ഈ സാമൂഹ്യ സുരക്ഷാവലയുടെ കടയ്ക്കല്‍ കത്തിവച്ചു.

1990കളുടെ ആദ്യപാദത്തില്‍ കിഴക്കന്‍ ജര്‍മനിയിലെ 14000 കമ്പനികള്‍ പൂട്ടുകയോ സ്വകാര്യവല്‍ക്കരിക്കുകയോ ചെയ്തു. 40 ലക്ഷം കിഴക്കന്‍ ജര്‍മനിക്കാര്‍ക്കാണ് ഇതുമൂലം തൊഴില്‍ നഷ്ടപ്പെട്ടത്. കിഴക്കന്‍ ജര്‍മനിയിലെ തൊഴിലില്ലായ്മ നിരക്ക് ഇപ്പോള്‍ 12.3 ശതമാനമാണ്. പടിഞ്ഞാറന്‍ ജര്‍മനിയിലേക്ക് 6.9 ശതമാനവും. ഹാംബര്‍ഗ് പോലുള്ള പടിഞ്ഞാറന്‍ ജര്‍മന്‍ നഗരങ്ങളിലെ ജനങ്ങളുടെ പ്രതിശീര്‍ഷ വരുമാനം 51000 ജര്‍മന്‍ മാര്‍ക്കാണെങ്കില്‍ കിഴക്കന്‍ ജര്‍മന്‍കാരുടെ പ്രതിശീര്‍ഷവരുമാനം ഇതിന്റെ പകുതി പോലുമില്ല. ചില സാമ്പത്തിക ശാസ്ത്രവിശാരദന്മാര്‍ ഈ വരുമാന വ്യത്യാസത്തെ ജനസാന്ദ്രതയില്‍ രണ്ടു ജര്‍മനികള്‍ തമ്മിലുള്ള അന്തരവുമായി ബന്ധപ്പെടുത്തിയാണ് കാണുന്നത്. കിഴക്കന്‍ ജര്‍മനിയിലെ ശരാശരി ജനസാന്ദ്രത ഒരു ചതുരശ്ര കിലോമീറ്ററിന് 153 ആളുകളാണ്. പടിഞ്ഞാറന്‍ ജര്‍മനയില്‍ 264 ഉം. ജനസാന്ദ്രതയും സമ്പദ്രംഗത്തെ പ്രകടനവും തമ്മില്‍ അഭേദ്യബന്ധമുണ്ടെന്ന് ഇവര്‍ വാദിക്കുന്നു. എന്നാല്‍, കാര്യങ്ങള്‍ അത്ര ലളിതമല്ല. കഴിഞ്ഞ രണ്ടു ദശാബ്ദത്തിനിടയ്ക്ക് ജര്‍മന്‍ സമ്പദ്‌വ്യവസ്ഥ മുന്നേറ്റങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും മറ്റെല്ലാ വികസിത മുതലാളിത്ത രാജ്യങ്ങളിലും സംഭവിച്ചതുപോലെ തൊഴില്‍ രഹിത വളര്‍ച്ചയായിരുന്നു (jobless growth) അത്. പുതിയ തൊഴിലുകള്‍ സൃഷ്ടിക്കാതെയും ഉള്ള തൊഴിലുകള്‍ നാമാവശേഷമാക്കിയുമാണ് വ്യവസായാനന്തര മുതലാളിത്തം മുന്നോട്ടുപോകുന്നത്.

കമ്യൂണിസ്റ്റ് ഭരണകാലത്ത് കിഴക്കന്‍ ജര്‍മനിയിലെ വിവിധ പ്രദേശങ്ങള്‍ തമ്മില്‍ കാര്യമായ സാമ്പത്തിക അന്തരങ്ങള്‍ ഉണ്ടായിരുന്നില്ല. ഇപ്പോള്‍ ബര്‍ലിന്‍, ഡ്രസ്ഡെന്‍, ലീപ് സിഗ്, ജെന തുടങ്ങിയ നഗരങ്ങളില്‍ വ്യാപാരസംരംഭങ്ങള്‍ കേന്ദ്രീകരിക്കുകയും ഉള്‍നാടന്‍ പട്ടണങ്ങളും ഗ്രാമങ്ങളും ക്ഷയോന്മുഖമായിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. കിഴക്കന്‍ ജര്‍മനിക്കകത്തു തന്നെ രണ്ട് ജര്‍മനികള്‍ രൂപംകൊണ്ടിരിക്കുന്നു. ഒന്ന്, ഉള്ളവരുടെ ജര്‍മനി. മറ്റൊന്ന്, ഇല്ലാത്തവരുടെ ജര്‍മനി. ഇല്ലാത്തവരുടെ ഈ ജര്‍മനിയാണ് കിഴക്കന്‍ ജര്‍മനിയില്‍ മുഴച്ചു നില്‍ക്കുന്നതെന്നാണ് വിവിധ ഏജന്‍സികള്‍ നടത്തിയ സര്‍വേകള്‍ വെളിപ്പെടുത്തുന്നത്. പൂര്‍വജര്‍മനി 'ക്രിമിനല്‍ സ്റ്റേറ്റ്' ആയിരുന്നു എന്ന പശ്ചിമ ജര്‍മനിയുടെയും അമേരിക്കയുടെയും പ്രചാരണങ്ങളെ ഭൂരിഭാഗം കിഴക്കന്‍ ജര്‍മനിക്കാരും തള്ളിക്കളയുന്നു. ജര്‍മന്‍ ജനാധിപത്യ റിപ്പബ്ളിക് എന്ന ജിഡിആര്‍ നല്ല ഉദ്ദേശ്യത്തോടുകൂടിയ, എന്നാല്‍ ഒഴിവാക്കാനാകുമായിരുന്ന ചില തെറ്റുകള്‍ ഉള്‍ച്ചേര്‍ന്ന ഭേദപ്പെട്ട ഒരു സോഷ്യലിസ്റ്റ് പരീക്ഷണമായിരുന്നു എന്നാണ് ഇപ്പോള്‍ കിഴക്കന്‍ ജര്‍മനിക്കാര്‍ ഏകസ്വരത്തില്‍ പറയുന്നത്.

എ എം ഷിനാസ് ദേശാഭിമാനി 09-11-09

4 comments:

  1. ഈ ലേഖകന്‍ പഴയ സോവിയറ്റ് യൂണിയനില്‍ പഠിച്ചിരുന്ന കാലത്ത് ഏത് ടാക്സിയില്‍ കയറിയാലും ഡ്രൈവറുടെ ആദ്യ ചോദ്യം ഇന്ത്യയിലേക്ക് പോകാന്‍ വിസ ശരിയാക്കിത്തരുമോ എന്നായിരുന്നു. ഇന്ത്യയെപ്പോലുള്ള മൂന്നാംലോക മുതലാളിത്ത രാജ്യങ്ങളില്‍പ്പോലും ജനജീവിതം താരതമ്യേന സമ്പല്‍സമൃദ്ധമാണെന്ന ഒരു മിഥ്യാധാരണ 1980കളുടെ അന്ത്യപാദത്തില്‍ ശരാശരി റഷ്യക്കാര്‍ വച്ചുപുലര്‍ത്തിയിരുന്നു. പടിഞ്ഞാറന്‍ യൂറോപ്പും അമേരിക്കയും സ്വര്‍ഗീയസ്ഥലികളാണെന്നും അവരില്‍ പലരും ധരിച്ചുവശായിരുന്നു. അക്കാലത്ത് ഒരു റഷ്യന്‍ പൌരന്റെ ഏറ്റവും തീവ്രമായ ജീവിതാഭിലാഷം ഏതെങ്കിലും വികസിത മുതലാളിത്ത രാജ്യത്തിലേക്ക് കുടിയേറുക എന്നതായിരുന്നു. മുതലാളിത്ത സമൂഹങ്ങളിലെ വമ്പിച്ച സാമ്പത്തിക അസമത്വങ്ങളെക്കുറിച്ച് വ്യക്തമായ ധാരണകളില്ലാതിരുന്ന പല റഷ്യക്കാരും തങ്ങളുടെ ഫ്ളാറ്റുകളും 'ദാച്ച'കളും (വേനല്‍ക്കാല വസതികള്‍) വിറ്റ് 'മുതലാളിത്ത സ്വര്‍ഗ'ങ്ങളിലേക്ക് വണ്ടികയറി. അവരില്‍ ബഹുഭൂരിപക്ഷവും പടിഞ്ഞാറന്‍ യൂറോപ്പിലെ ചേരികളിലും വേശ്യാലയങ്ങളിലുമാണ് എത്തിച്ചേര്‍ന്നത് എന്നത് സമീപകാല ചരിത്രം. 'ഗ്ളാസ്നോസ്ത്' നല്‍കിയ ബൂര്‍ഷ്വാ സ്വാതന്ത്ര്യം ഒറ്റനോട്ടത്തില്‍ ആകര്‍ഷകമായിരുന്നു. എന്തും വാങ്ങാനുള്ള സ്വാതന്ത്ര്യം, എങ്ങോട്ട് പോകാനുമുള്ള സ്വാതന്ത്ര്യം, എന്തും പറയാനുള്ള സ്വാതന്ത്ര്യം ഇവയെല്ലാം ഗ്ളാസ്നോസ്ത് പ്രദാനംചെയ്തു. പക്ഷേ കീശയില്‍ കാശില്ലാത്തവന്‍ എന്തുവാങ്ങും, എങ്ങോട്ടു പോകും?

    ReplyDelete
  2. ശരിയാണു ..സമാന ആശയങ്ങളുള്ള 2-3 ലേഖനങ്ങള്‍ ഇക്കഴിഞ്ഞ ദിനങ്ങളില്‍ ‘ഹിന്ദു’പ്രസിദ്ധീകരിച്ചിരുന്നു.

    അതിലൊന്നിന്റെ ലിങ്ക് ഇതാണ്.

    ReplyDelete
  3. ചില കിഴക്കന്‍ ജര്‍മ്മന്‍ കാരെ പരിചയപ്പെടാനും അവരുമായി ചിലതൊക്കെ സംവദിക്കാനും പറ്റിയ സന്ദര്‍ഭങ്ങളില്‍ എനിക്കും തോന്നിയ കാര്യമാണിത്. എന്റെതന്നെ ഒരു പഴയപോസ്റ്റില്‍ ഒരു തവണ എഴുതിയകാര്യം ഇവിടെയും എഴുതട്ടെ:

    സ്വാതന്ത്ര്യം ഒരു വലീയ സംഗതിയാണ്. സന്നദ്ധതയും കഴിവും ഉള്ളവന് കമ്പോളത്തില്‍ മത്സരിച്ച് വലീയ സാമ്രാജ്യങ്ങള്‍ പടുത്തുയര്‍ത്താന്‍ കഴിയുന്നതാണ് മുതലാളിത്ത വ്യവസ്ഥിതി. ഈ സാധ്യതകള്‍ ഉപയോഗപ്പെടുത്താം എന്നതിനാലാണ് ആത്യന്തികമായി സ്വാര്‍ത്ഥനായ മനുഷ്യന്‍ കിഴക്കന്‍ ജര്‍മ്മനിയില്‍നിന്ന് പടിഞ്ഞാറന്‍ ജര്‍മ്മനിയിലേക്ക് പാലായനം ചെയ്തത്. പക്ഷെ, അവരുടെ കൂട്ടത്തില്‍ മത്സരിച്ച് പരാജയപ്പെട്ടവരെ(സംശയമുണ്ടോ, അങ്ങനെയുള്ളവരാണ് കൂടുതലും) കണ്ടുമുട്ടുമ്പോള്‍ പഴയ കിഴക്കന്‍ ജര്‍മ്മനിയെക്കുറിച്ച് ചോദിച്ച് നോക്കൂ. അവര്‍ പറയും അതൊരു സ്വര്‍ഗ്ഗമായിരുന്നെന്ന്. പക്ഷെ, ചോദിച്ചാലേ പറയൂ. പരമാവധി ഉള്ളിലോട്ട് ഉള്ളിലോട്ട് വലിഞ്ഞുകഴിഞ്ഞവരാണവര്‍.
    വിജയിച്ചവരോ? അവര്‍ തങ്ങളുടെ മണിമാളികപ്പുറത്ത് നിന്ന് വിളിച്ചുപറഞ്ഞുകൊണ്ടേയിരിക്കയാണ്. കമ്മ്യൂണിസ്റ്റ് മാതൃരാജ്യത്ത് തങ്ങള്‍ ശ്വാസം മുട്ടിക്കഴിയുകയായിരുന്നെന്നും മുതലാളിത്തമാണ് എല്ലാം നല്‍കിയതെന്നും.

    ReplyDelete
  4. i ahve a different opinion abou communism,i happend to meet many chinese during the last 4-5 years , for my surprise none them have an idea about communism, they dont care at all, chinese communist party is like a beuracrtitic organisation for them, nothing to do with carl max or angels . again if suces any ideology people will follow, if failure people will reject it , so east german communism was a failure , so people rejected it , chinese communist are succesful so people will follow it , if kerala govt will become succesfull people will follow, if a failure will throw them away to dustbin, remeber this truth , its people who has the ultimate power

    ReplyDelete