Tuesday, March 13, 2012

നയ പ്രഖ്യാപത്തില്‍ കൊച്ചി മെട്രോ ഇല്ല -വളര്‍ച്ച താഴോട്ട്; ജനവിരുദ്ധ നയങ്ങള്‍ മുന്നോട്ട്

കേന്ദ്രസര്‍ക്കാര്‍ ഈ വര്‍ഷം നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന മെട്രോറെയില്‍ പദ്ധതികളില്‍ കൊച്ചിയില്ല. ഡല്‍ഹിയുടെ മൂന്നാം ഘട്ടം, ബംഗളൂരു, ഹൈദരാബാദ്, കൊല്‍ക്കത്ത, ചെന്നൈ എന്നീ മെട്രോ പദ്ധതികളാണ് നടപ്പുവര്‍ഷം കേന്ദ്രത്തിന്റെ പരിഗണനയില്‍ ഉള്ളതെന്ന് രാഷ്ട്രപതി പ്രതിഭ പാട്ടീല്‍ നയപ്രഖ്യാപനത്തില്‍ പറഞ്ഞു. 20 ലക്ഷത്തിലേറെ ജനസംഖ്യയുള്ള നഗരങ്ങളില്‍ മെട്രോ റെയില്‍ പദ്ധതിയുടെ സാധ്യതാറിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനുമാത്രം കേന്ദ്രം സഹായം നല്‍കും- രാഷ്ട്രപതി പറഞ്ഞു.

കൊച്ചി മെട്രോപദ്ധതി അടുത്തുതന്നെ കേന്ദ്രമന്ത്രിസഭയുടെ പരിഗണനയ്ക്ക് വരുമെന്നാണ് യുഡിഎഫ് സര്‍ക്കാര്‍ മാസങ്ങളായി പ്രചരിപ്പിക്കുന്നത്. പദ്ധതിക്ക് നഗരവികസന മന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ടെങ്കിലും ധനമന്ത്രാലയത്തിനു കീഴിലുള്ള പൊതുനിക്ഷേപ ബോര്‍ഡ് മുമ്പാകെ എത്തിയിട്ടില്ല. കേന്ദ്രസര്‍ക്കാര്‍ നൂറുകോടിയിലേറെ മുതല്‍മുടക്കുന്ന പദ്ധതിക്ക് പൊതുനിക്ഷേപ ബോര്‍ഡിന്റെ അംഗീകാരം ലഭിക്കേണ്ടതുണ്ട്. അതിനുശേഷമേ മന്ത്രിസഭയുടെ പരിഗണനയ്ക്ക് വരൂ. സംസ്ഥാനം പുതുക്കി നല്‍കിയ കൊച്ചി മെട്രോപദ്ധതിക്ക് നഗരവികസനമന്ത്രാലയം ഫെബ്രുവരി ആദ്യം അംഗീകാരം നല്‍കിയിരുന്നു. പദ്ധതി പരിഗണിക്കാന്‍ പൊതുനിക്ഷേപ ബോര്‍ഡ് യോഗം ഉടന്‍ ചേരുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയടക്കമുള്ളവര്‍ പറഞ്ഞിരുന്നെങ്കിലും ഇക്കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. കൊച്ചി മെട്രോയില്‍ പണം മുടക്കുന്നതിനോട് ധനമന്ത്രാലയത്തിന് താല്‍പ്പര്യമില്ലെന്നാണ് സൂചന. കേന്ദ്ര- സംസ്ഥാന പങ്കാളിത്തത്തോടെ ആസൂത്രണംചെയ്ത പദ്ധതിയില്‍ 15 ശതമാനമാണ് കേന്ദ്രവിഹിതം.

ആസൂത്രണ കമീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക്സിങ് അലുവാലിയക്ക് തുടക്കംമുതല്‍തന്നെ കൊച്ചി മെട്രോയില്‍ കേന്ദ്രം പണം മുടക്കുന്നതിനോട് വിയോജിപ്പായിരുന്നു. ധനമന്ത്രാലയത്തിനും ഇതേ നിലപാടാണ്. ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് എല്‍ഡിഎഫ് സര്‍ക്കാര്‍ തയ്യാറാക്കിയ കൊച്ചി മെട്രോപദ്ധതി മന്ത്രിസഭയുടെ അജന്‍ഡയില്‍വരെ ഉള്‍പ്പെടുത്തിയശേഷം പിന്‍വലിക്കുകയായിരുന്നു. ധനമന്ത്രാലയത്തിന്റെ കടുത്ത എതിര്‍പ്പിനെത്തുടര്‍ന്നായിരുന്നു ഈ നടപടി.
(എം പ്രശാന്ത്)

വളര്‍ച്ച താഴോട്ട്; ജനവിരുദ്ധ നയങ്ങള്‍ മുന്നോട്ട്

ന്യൂഡല്‍ഹി: നവ ഉദാരനയങ്ങള്‍മൂലമുണ്ടായ തകര്‍ച്ച സമ്മതിക്കുമ്പോഴും ജനവിരുദ്ധ നയങ്ങള്‍ തുടരുമെന്ന സൂചനയോടെ രാഷ്ട്രപതിയുടെ നയപ്രഖ്യാപനം. സര്‍ക്കാര്‍ വന്‍ അഴിമതികളുടെ കരിനിഴലില്‍ നില്‍ക്കുമ്പോഴും സത്യസന്ധമായ ഭരണമാണ് തങ്ങള്‍ നടത്തുന്നതെന്നാണ് രാഷ്ട്രപതി പ്രതിഭ പാട്ടീല്‍ അവതരിപ്പിച്ച നയപ്രഖ്യാപനത്തിന്റെ ആമുഖത്തില്‍ പറയുന്നത്. ആരോഗ്യമേഖലയില്‍ ഏഴര വര്‍ഷമായി പൊതുനിക്ഷേപം കുറഞ്ഞത് പ്രതികൂലഫലങ്ങളുണ്ടാക്കി. ദാരിദ്ര്യം, പട്ടിണി, നിരക്ഷരത എന്നിവ ഇല്ലാതാക്കാന്‍ കഴിഞ്ഞില്ല, ജനങ്ങളുടെ ഉപജീവനമാര്‍ഗം സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ടു തുടങ്ങിയ കുറ്റസമ്മതങ്ങള്‍ നയപ്രഖ്യാപനത്തിലുണ്ട്. എന്നാല്‍ , ഇതിന് കാരണമായ നയങ്ങള്‍ തിരുത്തില്ല. പൊതുനിക്ഷേപം വര്‍ധിപ്പിക്കുന്നതിനു പകരം പൊതു-സ്വകാര്യ പങ്കാളിത്ത സംരംഭങ്ങളെയാണ് പ്രധാന മേഖലകളില്‍ മുന്നോട്ടുവയ്ക്കുന്നത്. ദാരിദ്ര്യം, പട്ടിണി, നിരക്ഷരത എന്നിവ തുടച്ചുനീക്കാനുള്ള ശ്രമം തുടര്‍ന്നുകൊണ്ട് ജനങ്ങളുടെ ജീവിതമാര്‍ഗം സംരക്ഷിക്കുമെന്ന പ്രഖ്യാപനമല്ലാതെ വ്യക്തമായ പദ്ധതിയില്ല.

ജനങ്ങള്‍ക്ക് തൊഴിലും നാടിന് വികസനവും നല്‍കിക്കൊണ്ട് സാമ്പത്തികസുരക്ഷ നേടും. സാമ്പത്തികവളര്‍ച്ച ദ്രുതഗതിയിലാക്കാന്‍ ഊര്‍ജസുരക്ഷ നേടും. പരിസ്ഥിതിയെ ദ്രോഹിക്കാത്ത വികസനമാണ് മറ്റൊരു ലക്ഷ്യം. രാജ്യത്തെ ജനാധിപത്യ സംവിധാനത്തിനും വൈവിധ്യത്തിനും ഹാനി വരുത്താതെ ആഭ്യന്തരസുരക്ഷ ഉറപ്പുവരുത്തുകയും ബാഹ്യ ഭീഷണികളെ നേരിടുകയുംചെയ്യും തുടങ്ങിയ പ്രഖ്യാപനങ്ങളുണ്ട്. വിദേശ മൂലധനത്തിന് കൂടുതല്‍ വാതില്‍ തുറന്നുകൊടുക്കുന്നത് പ്രധാനമായ പ്രവര്‍ത്തനമായി നയപ്രഖ്യാപനത്തില്‍ വിശേഷിപ്പിക്കുന്നു.
നടപ്പു സാമ്പത്തികവര്‍ഷം ലോക സാമ്പത്തികവ്യവസ്ഥയ്ക്കുതന്നെ മോശമായിരുന്നുവെന്ന് പറയുന്ന നയപ്രഖ്യാപനത്തില്‍ രാജ്യത്തിന്റെ സാമ്പത്തികനിലയെക്കുറിച്ച് വലിയ പ്രതീക്ഷകള്‍ നല്‍കുന്നില്ല. 2010-11 സാമ്പത്തികവര്‍ഷം 8.4 ശതമാനം വളര്‍ച്ചയുണ്ടായിരുന്ന സ്ഥാനത്ത് നടപ്പു സാമ്പത്തികവര്‍ഷം ഏഴ് ശതമാനത്തിലേക്ക് ചുരുങ്ങും. അടുത്ത സാമ്പത്തികവര്‍ഷം ഇത് എട്ട് ശതമാനത്തിനും ഒന്‍പത് ശതമാനത്തിനുമിടയിലേക്ക് ഉയരും. പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയില്‍ ഒന്‍പത് ശതമാനം സാമ്പത്തികവളര്‍ച്ചനിരക്കും കാര്‍ഷികമേഖലയില്‍ നാല് ശതമാനം വളര്‍ച്ചനിരക്കുമാണ് ലക്ഷ്യമാക്കുന്നത്. 2010-11 ല്‍ 4,60,000 കോടി രൂപ കാര്‍ഷികവായ്പയായി നല്‍കിയെന്ന് അഭിമാനിക്കുന്ന നയപ്രഖ്യാപനത്തില്‍ 2011-12ല്‍ ഇത് 4,75,000 കോടിയാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇത്രയും നേട്ടങ്ങളുണ്ടാക്കിയെങ്കില്‍ കര്‍ഷക ആത്മഹത്യ വര്‍ധിക്കുന്നതെന്താണെന്ന ചോദ്യം അവശേഷിക്കുന്നു.

ദേശീയ തൊഴിലുറപ്പു പദ്ധതിയില്‍ കൂടുതല്‍ തൊഴില്‍ദിനങ്ങള്‍ സൃഷ്ടിക്കാന്‍ കൂടുതല്‍ തുക നീക്കിവയ്ക്കുമെന്ന് പറയുന്നില്ല. മാനദണ്ഡങ്ങള്‍ മാറ്റുമെന്നു മാത്രമാണ് പറയുന്നത്. കള്ളപ്പണം നിയന്ത്രിക്കാന്‍ ബിനാമി ഇടപാട് നിരോധന നിയമം കൊണ്ടുവരികയും കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമം ഭേദഗതിചെയ്യുകയും ചെയ്യും. കള്ളപ്പണം നിയന്ത്രിക്കാന്‍ പ്രത്യേക കമ്മിറ്റി രൂപീകരിക്കും. രാജ്യത്തിനകത്തും പുറത്തുമുള്ള കള്ളപ്പണത്തിന്റെ അളവ് കണ്ടെത്താന്‍ സ്വതന്ത്ര ഏജന്‍സികളെക്കൊണ്ട് പഠനം നടത്തിക്കും. അടുത്ത സാമ്പത്തികവര്‍ഷം 85 ലക്ഷം പേര്‍ക്കും പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിക്കാലത്ത് എട്ട് കോടി ആളുകള്‍ക്കും തൊഴില്‍ മികവ് നല്‍കാനുള്ള 1500 പുതിയ ഐടിഐകളും 5000 മികവ് പരിശീലനകേന്ദ്രങ്ങളും സ്ഥാപിക്കാന്‍ 13000 കോടി രൂപ നീക്കിവയ്ക്കും. പൊതു-സ്വകാര്യ പങ്കാളിത്തത്തിലാണ് ഇത് നടപ്പാക്കുകയെന്ന് നയപ്രഖ്യാപനത്തില്‍ പറഞ്ഞു.
(വി ജയിന്‍)

മേഖലയിലെ സമാധാനത്തിന് പ്രതിജ്ഞാബദ്ധം: രാഷ്ട്രപതി

ന്യൂഡല്‍ഹി: ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ക്കിടയില്‍ സഹകരണം വളര്‍ത്താനും മേഖലയില്‍ സമാധാനം നിലനിര്‍ത്താനും യുപിഎ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് രാഷ്ട്രപതി പ്രതിഭ പാട്ടീല്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു. എന്നാല്‍ , അമേരിക്കന്‍ വിധേയത്വം ഉറപ്പിക്കുന്നതായിരുന്നു നയപ്രഖ്യാപനം. അയല്‍രാജ്യങ്ങളുമായി സമാധാനത്തിലും സഹകരണത്തിലുമുള്ള സഹവര്‍ത്തിത്വമാണ് ഇന്ത്യയുടെ നയം. പാകിസ്ഥാനുമായുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെടുത്താനുള്ള പ്രക്രിയ തുടരും. ശേഷിക്കുന്ന പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കും.

ഭീകരസംഘടനകള്‍ക്കെതിരെ പാകിസ്ഥാന്‍ കൂടുതല്‍ വിശ്വസനീയമായ നടപടികളെടുക്കുകയും ഭീകര സംഘടനകള്‍ക്ക് അവിടെ ലഭിക്കുന്ന സൗകര്യങ്ങള്‍ ഇല്ലാതാക്കുകയും വേണം. തന്ത്രപരമായ സഹകരണത്തിന്റെ കാര്യത്തില്‍ അമേരിക്ക വിലപ്പെട്ട പങ്കാളിയാണെന്ന് നയപ്രഖ്യാപനം വിലയിരുത്തുന്നു. റഷ്യയുമായും നല്ല ബന്ധം കാത്തുസൂക്ഷിക്കുന്നു. ചൈനയുമായുള്ള തന്ത്രപരമായ ബന്ധം വളര്‍ത്തിയെടുക്കും. യൂറോപ്യന്‍ യൂണിയന്‍ , ജപ്പാന്‍ എന്നിവയുമായുള്ള ബന്ധങ്ങളും പ്രധാനമാണ്. പലസ്തീന്‍ ജനതയ്ക്കുള്ള പിന്തുണ തുടരും. പശ്ചിമേഷ്യയിലും ഉത്തര ആഫ്രിക്കയിലും സമാധാനവും സുസ്ഥിരതയും പുരോഗതിയുമുണ്ടാകണമെന്നാണ് ആഗ്രഹം. സ്വന്തം ഭാഗധേയം നിര്‍ണയിക്കാനുള്ള ആ രാജ്യങ്ങളിലെ ജനങ്ങളുടെ അവകാശത്തെ മാനിക്കുന്നു. വിവിധ രാജ്യങ്ങളും ഇന്ത്യയും ഉള്‍പ്പെടുന്ന കൂട്ടായ്മകള്‍ കൂടുതല്‍ ശക്തിപ്പെടുത്താനും സര്‍ക്കാര്‍ പരിശ്രമിക്കുമെന്ന് രാഷ്ട്രപതി പറഞ്ഞു.

ഭീകരതാവിരുദ്ധകേന്ദ്രം നയപ്രഖ്യാപനത്തിലും

ന്യൂഡല്‍ഹി: ഫെഡറല്‍ തത്വങ്ങള്‍ക്ക് എതിരെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാനങ്ങള്‍ ശക്തമായി എതിര്‍ക്കുന്ന ദേശീയ ഭീകരതാവിരുദ്ധ കേന്ദ്രവുമായി കേന്ദ്രം മുന്നോട്ടുപോകുമെന്ന് രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തില്‍ സൂചന. ദേശീയ ഇന്റലിജന്‍സ് ഗ്രിഡും ഭീകരതാവിരുദ്ധകേന്ദ്രവുമൊക്കെ ആഭ്യന്തര സുരക്ഷാവെല്ലുവിളികളെ ചെറുക്കുന്നതില്‍ ഇന്ത്യക്കുള്ള ശേഷിയെ മെച്ചപ്പെടുത്തുമെന്ന് നയപ്രഖ്യാപനത്തില്‍ പറഞ്ഞു.

ന്യൂനപക്ഷങ്ങളില്‍ സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് ഒബിസി ക്വോട്ടയില്‍ നാലരശതമാനം ഉപസംവരണം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ന്യൂനപക്ഷങ്ങള്‍ക്ക് പൊതുമേഖലാ ബാങ്കുകള്‍ നല്‍കുന്ന വായ്പ മുന്‍ഗണനാ മേഖലാ വായ്പയുടെ 14.5 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. ന്യൂനപക്ഷവിഭാഗങ്ങള്‍ കൂടുതലുള്ള ജില്ലകള്‍ക്ക് പ്രത്യേക വികസന പദ്ധതിയെന്ന ആശയം കൂടുതല്‍ മേഖലയിലേക്ക് വ്യാപിപ്പിക്കും. വികലാംഗരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ പ്രത്യേക വകുപ്പ് രൂപീകരിക്കും. മുതിര്‍ന്ന പൗരന്മാര്‍ക്ക് ദേശീയ സമിതിക്ക് രൂപംനല്‍കും. തോട്ടിപ്പണി അവസാനിപ്പിക്കുന്നതിന് ബില്‍ കൊണ്ടുവരും. തെരുവുകച്ചവടക്കാരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിന് നിയമം കൊണ്ടുവരും. 14 വയസ്സില്‍ താഴെയുള്ള കുട്ടികളെക്കൊണ്ട് തൊഴിലെടുപ്പിക്കുന്നത് അവസാനിപ്പിക്കാന്‍ ബാലവേല നിയമം ഭേദഗതിചെയ്യും.

വിദ്യാഭ്യാസ വായ്പ എളുപ്പത്തില്‍ ലഭ്യമാക്കുന്നതിന് ഉന്നതവിദ്യാഭ്യാസ ക്രെഡിറ്റ് ഗ്യാരന്റി അതോറിറ്റി രൂപീകരിക്കും. അധ്യാപകവിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിന് നാഷണല്‍ മിഷന്‍ രൂപീകരിക്കും. ഉന്നതവിദ്യാഭ്യാസ ദേശീയ കമീഷന്‍ കൊണ്ടുവരും. ഭൂമി ഏറ്റെടുക്കല്‍ ബില്ലിന് വേഗത്തില്‍ രൂപംനല്‍കും. ജവാഹര്‍ലാല്‍ നെഹ്റു ദേശീയ നഗരപുനരുജ്ജീവന മിഷന്‍ ഇടത്തരം പട്ടണങ്ങളിലേക്കുകൂടി വ്യാപിപ്പിക്കും. നഗര ഭവനരഹിതര്‍ക്കായി ദേശീയ പരിപാടി നടപ്പാക്കുമെന്നും നയപ്രഖ്യാപനം പറയുന്നു.

ബഹളത്തില്‍ മുങ്ങി നയപ്രഖ്യാപനം

ന്യൂഡല്‍ഹി: രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം എംപിമാരുടെ ബഹളത്താല്‍ പലതവണ തടസ്സപ്പെട്ടു. തെലങ്കാന, ശ്രീലങ്കന്‍ തമിഴര്‍ക്കെതിരായ അതിക്രമങ്ങള്‍ , ന്യൂനപക്ഷങ്ങള്‍ക്ക് ഉപസംവരണം എന്നീ വിഷയങ്ങളിലാണ് പലവട്ടം പ്രസംഗം തടസ്സപ്പെട്ടത്. തെലങ്കാന പ്രശ്നത്തില്‍ കോണ്‍ഗ്രസ് എംപിമാര്‍ തന്നെ നയപ്രഖ്യാപനത്തിനിടെ പ്രതിഷേധപ്രകടനം നടത്തിയത് സര്‍ക്കാരിന് നാണക്കേടായി. രാഷ്ട്രപതി പ്രസംഗം ആരംഭിക്കുംമുമ്പുതന്നെ ഡിഎംകെ എംപിമാര്‍ ശ്രീലങ്കന്‍ പ്രശ്നത്തില്‍ ഐക്യരാഷ്ട്രസഭയില്‍ അമേരിക്ക കൊണ്ടുവരുന്ന പ്രമേയം പിന്താങ്ങാന്‍ ഇന്ത്യ ഉദ്ദേശിക്കുന്നുണ്ടോയെന്ന ചോദ്യവുമായി രംഗത്തുവന്നു. പ്രസംഗം അവസാനഘട്ടത്തില്‍ എത്തവെ എഐഡിഎംകെ എംപിമാരും ഈ പ്രശ്നം ഉന്നയിച്ചു. ന്യൂനപക്ഷങ്ങള്‍ക്ക് ഉപസംവരണം എന്ന പ്രസംഗത്തിലെ ഭാഗം വായിച്ചപ്പോള്‍ ബിജെപി അംഗങ്ങള്‍ പ്രതിഷേധവുമായി എണീറ്റു. കര്‍ഷകര്‍ക്ക് വളംകിട്ടുന്നില്ലെന്ന പരാതി ജെഡിയു അംഗം ജഗദീഷ് ശര്‍മ ഉയര്‍ത്തി.

deshabhimani 130312

1 comment:

  1. കേന്ദ്രസര്‍ക്കാര്‍ ഈ വര്‍ഷം നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന മെട്രോറെയില്‍ പദ്ധതികളില്‍ കൊച്ചിയില്ല. ഡല്‍ഹിയുടെ മൂന്നാം ഘട്ടം, ബംഗളൂരു, ഹൈദരാബാദ്, കൊല്‍ക്കത്ത, ചെന്നൈ എന്നീ മെട്രോ പദ്ധതികളാണ് നടപ്പുവര്‍ഷം കേന്ദ്രത്തിന്റെ പരിഗണനയില്‍ ഉള്ളതെന്ന് രാഷ്ട്രപതി പ്രതിഭ പാട്ടീല്‍ നയപ്രഖ്യാപനത്തില്‍ പറഞ്ഞു. 20 ലക്ഷത്തിലേറെ ജനസംഖ്യയുള്ള നഗരങ്ങളില്‍ മെട്രോ റെയില്‍ പദ്ധതിയുടെ സാധ്യതാറിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനുമാത്രം കേന്ദ്രം സഹായം നല്‍കും- രാഷ്ട്രപതി പറഞ്ഞു.

    ReplyDelete