Wednesday, November 18, 2009

സച്ചിന്‍ ഇന്ത്യക്കാരനാണ്

പഞ്ചാബ്, സിന്ധ്, ഗുജറാത്ത്, മറാഠ... ഭാരതത്തിന്റെ ഭൂമിശാസ്ത്രം ടാഗോര്‍ വരച്ചത് ഇങ്ങനെയൊക്കെയാണ്. സിന്ധ് പ്രവിശ്യ പാകിസ്ഥാനിലായി. പഞ്ചാബ് വെട്ടിമുറിക്കപ്പെട്ടു. ഗുജറാത്ത് ഇന്ത്യയില്‍തന്നെ. പക്ഷേ, അവിടെ നിയമവ്യവസ്ഥ വേറെയാണോയെന്ന് സുപ്രീംകോടതിതന്നെ സംശയം പ്രകടിപ്പിച്ചു. ഇനി മറാഠ എന്ന മഹാരാഷ്ട്രയുടെ കാര്യമാണ്. ക്രിക്കറ്റ് ജീവിതത്തിന്റെ 20-ാം വാര്‍ഷികാഘോഷവേളയില്‍ സച്ചിന്‍ പറഞ്ഞു.

"ഞാന്‍ മഹാരാഷ്ട്രക്കാരനാണ്. ഞാനതില്‍ അത്യധികം അഭിമാനംകൊള്ളുന്നു. പക്ഷേ, ഞാന്‍ ആദ്യന്തം ഇന്ത്യക്കാരനാണ്. മുംബൈ എല്ലാ ഇന്ത്യക്കാരുടെയും സ്വന്തമാണ്''.

മറാഠയുടെ മാണിക്യം, ക്രീസിലെ അത്ഭുതതാരം, നാടിന്റെ യശസ്സ് ബൌണ്ടറികള്‍ക്കപ്പുറത്തേക്ക് കടത്തിക്കൊണ്ടിരിക്കുന്ന സച്ചിന്‍ രമേഷ് തെണ്ടുല്‍ക്കര്‍ എളിമയോടെ, ഹൃദയത്തില്‍നിന്നുപറഞ്ഞ ഈ വാക്കുകള്‍ ഓരോ ഇന്ത്യക്കാരനെയും ഹര്‍ഷപുളകിതരാക്കുന്നതാണ്. തൊഴില്‍തേടി മുംബൈ മഹാനഗരത്തിലേക്ക് ദിനേന വണ്ടിയിറങ്ങുന്ന ആയിരങ്ങള്‍ക്ക് ആശ്വാസം പകര്‍ന്നു നല്‍കുന്നതാണ്. എന്നാല്‍ മറാഠ വംശവാദത്തിന്റെ സടകൊഴിഞ്ഞ സിംഹരാജന്‍ ബാല്‍താക്കറേയ്ക്ക് ഇത് ദഹിച്ചില്ല. സച്ചിന്‍ രാഷ്ട്രീയം കളിക്കേണ്ട, ക്രിക്കറ്റില്‍ ശ്രദ്ധിച്ചാല്‍ മതിയെന്ന് അദ്ദേഹം തകര്‍ന്ന പ്രതാപത്തിന്റെ ശബ്ദം ആവാഹിച്ച് പറഞ്ഞു. മറാഠികളുടെ മനസ്സിന്റെ പിന്നില്‍നിന്ന് സച്ചിന്‍ പുറത്തേക്കുപോവുകയാണെന്നും താക്കറെ ശിവസേനയുടെ മുഖപത്രമായ 'സാമ്ന'യില്‍ എഴുതി.

വിശദീകരണമാവശ്യമില്ലാത്ത വാക്കും മറുവാക്കുമാണിത്. ജാതി മത വംശഭേദമെന്യേ ലോകം ആരാധിക്കുന്ന ഒരു വ്യക്തി പറയുന്നു ഞാന്‍ ഇന്ത്യക്കാരനാണ്. നാലുപതിറ്റാണ്ടിലേറെയായി ജാതിമത വംശദേശ വിഷം ചീറ്റുന്ന മറ്റൊരു വ്യക്തി പറയുന്നു, നീ ഇന്ത്യക്കാരനാവേണ്ട മറാഠിയായാല്‍ മതിയെന്ന്. താക്കറെയുടെ പ്രസ്താവനയെ ഇന്ത്യ ഒന്നടങ്കം എതിര്‍ത്തിട്ടുണ്ട് എന്നത് ആശ്വാസം. ഈ എതിര്‍പ്പുകളില്‍ പലതും മുഖംമിനുക്കാനുള്ള തൊലിപ്പുറം ലേപനങ്ങളാണെന്ന് ഉറപ്പ്. സച്ചിന്‍ താരമൂല്യത്തെ നിഷേധിക്കാന്‍ വയ്യാത്തതുകൊണ്ടാവാം ശിവസേനാ വക്താവുപോലും താക്കറെ അങ്ങനെയല്ല പറഞ്ഞതെന്ന് തിരുത്തിയത്.

എന്നാല്‍, ഇന്ത്യന്‍ ക്രിക്കറ്റ് കട്രോള്‍ ബോര്‍ഡ് പറഞ്ഞത് ശ്രദ്ധേയമാണ്, "താക്കറെ ജിന്നയെപ്പോലെ സംസാരിക്കുന്നു''.

ഇന്ത്യാ വിഭജനത്തിനുവേണ്ടി സംസാരിച്ച പാകിസ്ഥാന്റെ സ്ഥാപകനേതാവ് മുഹമ്മദലി ജിന്നയുടെ സ്വരമാണ് താക്കറെയ്ക്കെന്ന് ബിസിസിഐ വിലയിരുത്തുന്നു. അതു ശരിയാണ്. താക്കറെയുടെ സ്വരത്തില്‍ വിഭജനത്തിന്റെ ധ്വനിയുണ്ട്. നരേന്ദ്രമോഡിയുടെയും എല്‍ കെ അദ്വാനിയുടെയും ജിന്നയുടെ പിന്മുറക്കാരുടെയും സ്വരത്തിലുള്ള അതേ ധ്വനി. ഇന്ത്യ എന്ന സങ്കല്‍പ്പം മനസ്സിലില്ലാത്ത മത മൌലികവാദികളുടെ, വലതു തീവ്രവാദികളുടെ ധ്വനി.

1966ല്‍ രൂപീകൃതമായ ശിവസേനയാണ് മണ്ണിന്റെ മക്കള്‍ വാദം എന്ന പ്രയോഗം ഇന്ത്യന്‍ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരുന്നത്. തൊഴില്‍തേടി മുംബൈയില്‍ എത്തുന്ന ദക്ഷിണേന്ത്യക്കാരായിരുന്നു അവരുടെ ഇര. എന്നാല്‍, ഇതിനുപിന്നില്‍ മറ്റൊരു കഥയുണ്ട്. കമ്യൂണിസ്റ്റ് ട്രേഡ് യൂണിയന്‍ പ്രസ്ഥാനങ്ങള്‍ മുംബൈയിലെ തൊഴില്‍മേഖലയില്‍ ആധിപത്യം പുലര്‍ത്തുന്ന കാലമായിരുന്നു അത്. തൊഴിലാളികളെ വര്‍ഗീയവും വംശീയവുമായി വിഭജിച്ചാലേ കമ്യൂണിസ്റ്റ് സ്വാധീനത്തില്‍നിന്ന് ഇന്ത്യന്‍ വ്യവസായ തലസ്ഥാനത്തെ മോചിപ്പിക്കാനാവൂ എന്ന് മാര്‍വാടികളും ഗുജറാത്തികളുമായ ബിസിനസ് സമൂഹം തിരിച്ചറിഞ്ഞു. അങ്ങനെ സിഐടിയുവനെയും എഐടിയുസിയെയും കായികമായി നശിപ്പിക്കാന്‍ മുതലാളിമാര്‍ കണ്ടെത്തിയ കോടാലിക്കൈയാണ് ബാലാസാഹിബ് താക്കറെ. ഇന്ത്യ അന്നേവരെ കണ്ടിട്ടില്ലാത്ത അത്രയും പ്രാകൃതമായ വലതുതീവ്രവാദി പ്രസ്ഥാനമായ ശിവസേനയുടെ രൂപീകരണത്തിന് പിന്നില്‍നിന്ന് പ്രവര്‍ത്തിച്ചത് ഇന്ത്യന്‍ ബൂര്‍ഷ്വാസിയുടെ രാഷ്ട്രീയരൂപമായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസാണെന്നത് ചരിത്രം അംഗീകരിച്ച കാര്യമാണ്. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ തകര്‍ക്കാന്‍ ഏത് കാളകൂട വിഷവിത്തിനെയും കോണ്‍ഗ്രസ് വളര്‍ത്തുമെന്നത് പഞ്ചാബിലെയും അസമിലെയും ബംഗാളിലെയും ത്രിപുരയിലെയും കേരളത്തിലെയും സമീപകാല അനുഭവങ്ങള്‍ പരിശോധിച്ചാല്‍ മനസ്സിലാവും.

മുംബൈയില്‍ തൊഴില്‍തേടി എത്തിയ ദക്ഷിണേന്ത്യക്കാരില്‍ വലിയൊരു വിഭാഗം കമ്യൂണിസ്റ്റ് ട്രേഡ് യൂണിയനില്‍ അംഗങ്ങളായി. മറാത്തി വികാരം കമ്യൂണിസ്റ്റ് ട്രേഡ്യൂണിയനെതിരെ തിരിക്കാനുള്ള സമര്‍ഥമായ ആയുധമായിരുന്നു ദക്ഷിണേന്ത്യന്‍ വിരുദ്ധ വികാരം. ഇന്ത്യ കണ്ട ആദ്യത്തെ ഭിന്ദ്രന്‍വാലയുടെ നേതൃത്വത്തില്‍ മുംബൈയിലെ ഗലികളില്‍ കഴുത്തറുക്കപ്പെട്ടതില്‍ ഏറെയും കമ്യൂണിസ്റ്റ് നേതാക്കളും പ്രവര്‍ത്തകരുമായിരുന്നു.

കാലം മാറി. ഹിന്ദുത്വ ദേശീയത ഡല്‍ഹി പിടിച്ചെടുക്കാനുള്ള തയ്യാറെടുപ്പു തുടങ്ങി. സംഘപരിവാറിന്റെ ദളങ്ങളില്‍ ഒന്നായ ശിവസേന പ്രാദേശികവാദം മാറ്റിവച്ച് വിശാല ഹിന്ദുത്വവാദത്തിലേക്ക് ചുവടുവച്ചു. അപ്പോള്‍ ഒരു ഇടം ബാക്കിയായി. 'മറാത്തി ഗര്‍വി'ന്റെ ഇടം. ബാല്‍ താക്കറെയുടെ മരുമകന്‍ രാജ്താക്കറെ ഒരു നിമിഷം കളയാതെ ആ ഇടം ഏറ്റെടുത്തു. എന്തുകൊണ്ടെന്നറിയില്ല രാജ്താക്കറെയുടെ എംഎന്‍എസ് ഹിന്ദി വിരോധം, ഉത്തരേന്ത്യന്‍ വിരോധം എന്ന ആയുധമാണ് എടുത്തത്. ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്ര നവനിര്‍മാ സേനയുടെ (എംഎന്‍എസ്) 13 അംഗങ്ങള്‍ ജയിച്ചുകയറി. രാജ്താക്കറെ ഒരു തീട്ടൂരം നല്‍കി - മറാത്തിയിലല്ലാതെ മറ്റേതെങ്കിലും ഭാഷയില്‍ നിയുക്ത എംഎല്‍എമാര്‍ നിയമസഭയില്‍ സത്യപ്രതിജ്ഞചെയ്താല്‍ കൈകാര്യംചെയ്യും. ഈ വെല്ലുവിളി ഏറ്റെടുത്ത സമാജ് വാദി പാര്‍ടി അംഗം അബു ആസ്മിക്ക് ഹിന്ദിയിലെ സത്യപ്രതിജ്ഞ രണ്ടുവാക്ക് ഉച്ചരിക്കാനേ കഴിഞ്ഞുള്ളൂ. എംഎന്‍എസ് എംഎല്‍എമാര്‍ സഭയ്ക്കകത്ത് അദ്ദേഹത്തെ ക്രൂരമായി കൈയേറ്റംചെയ്തു. ശിവസേനയുടെ രാഷ്ട്രീയപ്രയോഗരൂപമായ റാദ (തെരുവുയുദ്ധം) എംഎന്‍എസ് നിയമസഭയ്ക്കകത്ത് പ്രയോഗിച്ചു. ഇന്ത്യന്‍ ഭരണഘടനയുടെ ശില്‍പ്പി അംബേദ്കറുടെ നാട്ടില്‍ അതേ ഭരണഘടന പിച്ചിച്ചീന്തപ്പെട്ടു.

ഇന്ത്യയുടെ ശില്‍പ്പി ഗാന്ധിജിയുടെ ഗുജറാത്തിലെന്നപോലെ. ഗാന്ധിജിയുടെ പിതൃത്വം ഇന്നും അവകാശപ്പെടുന്ന കോണ്‍ഗ്രസിന്റെ സഖ്യകക്ഷിയാണ് മഹാരാഷ്ട്രയില്‍ ഇന്ന് എംഎന്‍എസ് എന്നത് വിപര്യയം. ഹിന്ദുത്വ ദേശീയത ക്ളച്ച് പിടിക്കുന്നില്ല. അപ്പോള്‍ അവര്‍ പ്രാദേശിക ദേശീയതകളിലേക്ക് ശ്രദ്ധയൂന്നുകയാണ് നരേന്ദ്രമോഡിയിലൂടെ. മരുമകന്‍ രാജ്താക്കറെയിലൂടെയും അമ്മാവന്‍ ബാല്‍ താക്കറെയിലൂടെയും. അപ്പോഴാണ് സച്ചിന്‍ രമേഷ് തെണ്ടുല്‍ക്കറുടെ കനത്ത ശബ്ദം ലോകം ശ്രവിക്കുന്നത്,

"ഞാന്‍ ആദ്യന്തം ഇന്ത്യക്കാരനാണ്''.

കായികത്തിന് അതിര്‍വരമ്പുകള്‍ നിസ്സാരമാക്കാനുള്ള കരുത്തുണ്ട്, സംഗീതംപോലെ, രാഷ്ട്രീയംപോലെ.

ദേശാഭിമാനി മുഖപ്രസംഗം 181109

1 comment:

  1. പഞ്ചാബ്, സിന്ധ്, ഗുജറാത്ത്, മറാഠ... ഭാരതത്തിന്റെ ഭൂമിശാസ്ത്രം ടാഗോര്‍ വരച്ചത് ഇങ്ങനെയൊക്കെയാണ്. സിന്ധ് പ്രവിശ്യ പാകിസ്ഥാനിലായി. പഞ്ചാബ് വെട്ടിമുറിക്കപ്പെട്ടു. ഗുജറാത്ത് ഇന്ത്യയില്‍തന്നെ. പക്ഷേ, അവിടെ നിയമവ്യവസ്ഥ വേറെയാണോയെന്ന് സുപ്രീംകോടതിതന്നെ സംശയം പ്രകടിപ്പിച്ചു. ഇനി മറാഠ എന്ന മഹാരാഷ്ട്രയുടെ കാര്യമാണ്. ക്രിക്കറ്റ് ജീവിതത്തിന്റെ 20-ാം വാര്‍ഷികാഘോഷവേളയില്‍ സച്ചിന്‍ പറഞ്ഞു.

    "ഞാന്‍ മഹാരാഷ്ട്രക്കാരനാണ്. ഞാനതില്‍ അത്യധികം അഭിമാനംകൊള്ളുന്നു. പക്ഷേ, ഞാന്‍ ആദ്യന്തം ഇന്ത്യക്കാരനാണ്. മുംബൈ എല്ലാ ഇന്ത്യക്കാരുടെയും സ്വന്തമാണ്''.

    മറാഠയുടെ മാണിക്യം, ക്രീസിലെ അത്ഭുതതാരം, നാടിന്റെ യശസ്സ് ബൌണ്ടറികള്‍ക്കപ്പുറത്തേക്ക് കടത്തിക്കൊണ്ടിരിക്കുന്ന സച്ചിന്‍ രമേഷ് തെണ്ടുല്‍ക്കര്‍ എളിമയോടെ, ഹൃദയത്തില്‍നിന്നുപറഞ്ഞ ഈ വാക്കുകള്‍ ഓരോ ഇന്ത്യക്കാരനെയും ഹര്‍ഷപുളകിതരാക്കുന്നതാണ്. തൊഴില്‍തേടി മുംബൈ മഹാനഗരത്തിലേക്ക് ദിനേന വണ്ടിയിറങ്ങുന്ന ആയിരങ്ങള്‍ക്ക് ആശ്വാസം പകര്‍ന്നു നല്‍കുന്നതാണ്. എന്നാല്‍ മറാഠ വംശവാദത്തിന്റെ സടകൊഴിഞ്ഞ സിംഹരാജന്‍ ബാല്‍താക്കറേയ്ക്ക് ഇത് ദഹിച്ചില്ല. സച്ചിന്‍ രാഷ്ട്രീയം കളിക്കേണ്ട, ക്രിക്കറ്റില്‍ ശ്രദ്ധിച്ചാല്‍ മതിയെന്ന് അദ്ദേഹം തകര്‍ന്ന പ്രതാപത്തിന്റെ ശബ്ദം ആവാഹിച്ച് പറഞ്ഞു. മറാഠികളുടെ മനസ്സിന്റെ പിന്നില്‍നിന്ന് സച്ചിന്‍ പുറത്തേക്കുപോവുകയാണെന്നും താക്കറെ ശിവസേനയുടെ മുഖപത്രമായ 'സാമ്ന'യില്‍ എഴുതി.

    ReplyDelete