Sunday, July 21, 2019

വിദ്യാർഥിവിരുദ്ധ രാഷ്ട്രീയം തള്ളുക

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ എസ്എഫ്ഐ പ്രവർത്തകൻ അഖിൽ ചന്ദ്രന് കത്തിക്കുത്തും മർദനവും സ്വന്തം സംഘടനയുടെ യൂണിറ്റ് നേതാക്കളിൽ ഏതാനുംപേരിൽനിന്ന് ഏൽക്കേണ്ടിവന്നത് ഏറ്റവും ദൗർഭാഗ്യകരവും അപലപനീയവുമായ സംഭവമാണ്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുന്ന അഖിലിനെയും മകനെ പരിചരിക്കുന്ന അച്ഛൻ ചന്ദ്രനെയും എം എ ബേബി ഉൾപ്പെടെയുള്ള സഖാക്കൾക്കൊപ്പം  ഞാൻ കണ്ടിരുന്നു. യൂണിറ്റ് ഭാരവാഹികൾ അടക്കം ഏതാനും എസ്എഫ്ഐ പ്രവർത്തകർ  ചെയ്തത് മാപ്പർഹിക്കാത്ത ഹീനകൃത്യമാണെന്നും അതിനെ സിപിഐ എം ഒരുതരത്തിലും പിന്തുണയ്ക്കില്ലെന്നും വ്യക്തമാക്കി. അക്രമം കാട്ടിയവർക്കെതിരെ ശക്തമായ നിയമ‐ഭരണ‐പൊലീസ് നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.  അതുപ്രകാരം അറസ്റ്റും അനന്തരനടപടികളും തുടരുകയാണ്.

യൂണിവേഴ്സിറ്റി കോളേജിലെ രാഷ്ട്രീയേതരസംഭവത്തെ ദുരുപയോഗിച്ച് തികഞ്ഞ കമ്യൂണിസ്റ്റ് വിരുദ്ധ ‐ പുരോഗമനവിരുദ്ധ രാഷ്ട്രീയം ബലപ്പെടുത്താനുള്ള തീവ്രയജ്ഞത്തിനാണ് കേരളം സാക്ഷ്യംവഹിക്കുന്നത്. ഇതിന്റെ ഗുണഭോക്താക്കൾ  വർഗീയസംഘടനകളും ബൂർഷ്വാ രാഷ്ട്രീയ പാർടികളുമാണ്. സിപിഐ എമ്മിനെയും  എസ്എഫ്ഐയെയും  തളർത്തുകയെന്ന ഉദ്ദേശ്യത്തോടെ യൂണിവേഴ്സിറ്റി കോളേജ് സംഭവത്തെ മറയാക്കി ഇവിടത്തെ ഒരുവിഭാഗം അച്ചടി ‐ ദൃശ്യമാധ്യമങ്ങൾ വ്യാജവാർത്തകളടക്കം സൃഷ്ടിക്കുകയാണ്. ചന്ദ്രനിലേക്ക് ഉപഗ്രഹം വിക്ഷേപിക്കുന്നതും കേരളത്തിന്റെ പുനർനിർമാണത്തിനായി ഉച്ചകോടി നടത്തിയതുമെല്ലാം അപ്രധാനവും യൂണിവേഴ്സിറ്റി കോളേജുമായി ബന്ധപ്പെട്ട തുടർവാർത്തകൾ ലീഡാക്കുകയുംചെയ്യുന്നു. ലോക്സഭാ തെരഞ്ഞെടുപ്പുഘട്ടംമുതൽ സംസ്ഥാനത്ത് ശക്തമായി വരുന്ന കമ്യൂണിസ്റ്റ് വിരുദ്ധ മാധ്യമജ്വരം കത്തിപ്പടരാനുള്ള അവസരമാക്കി ഇതിനെ മാറ്റിയിരിക്കുന്നു. വ്യാജലീഡ് വാർത്തകൾ മാത്രമല്ല, ദിശാബോധമില്ലാത്ത ആശയങ്ങളുമായുള്ള മുഖപ്രസംഗങ്ങളും സുലഭമാണ്.

 എസ്എഫ്ഐക്ക് മാനവികതയും ജനാധിപത്യവും നഷ്ടമായെന്നും അതിന് തെളിവാണ്  യൂണിവേഴ്സിറ്റി കോളേജ് സംഭവമെന്നും മുഖപ്രസംഗത്തിലൂടെ "മനോരമ' സമർഥിക്കാൻ ശ്രമിച്ചു. സംഘടനയുടെ നയപരിപാടികൾക്കും പ്രവർത്തനശൈലിക്കും വിരുദ്ധമായി പ്രവർത്തിച്ചവരെ സംഘടനയിൽനിന്ന്ി പുറത്താക്കുകയും യൂണിറ്റ് തന്നെ പിരിച്ചുവിടുകയുംചെയ്ത് എസ്എഫ്ഐ നേതൃത്വം  മാതൃകാപരവും ധീരവുമായ സംഘടനാനടപടി സ്വീകരിച്ചു. തമ്മിലടി, കത്തിക്കുത്ത്, കൊലപാതകം തുടങ്ങിയവ സ്വന്തം സംഘടനകളിലെ പ്രവർത്തകർതമ്മിൽ നടത്തിയിട്ടുള്ള സംഘടനകളാണ് കെഎസ്യു ഉൾപ്പെടെയുള്ളവ. അന്നൊന്നും ആ സംഘടനകളുടെ നേതൃത്വത്തിന് തോന്നാത്ത അച്ചടക്കനടപടിയാണ് എസ്എഫ്ഐ സ്വീകരിച്ചത്. അത് കാണാതെ എസ്എഫ്ഐക്ക് മാനവികതയും ജനാധിപത്യവും നഷ്ടപ്പെട്ടെന്ന് സ്ഥാപിക്കാൻനോക്കുന്നത് പുതുതലമുറ പുരോഗമനപക്ഷത്ത് കാലുറപ്പിക്കുന്നത് തടയാനാണ്.

ലോകസകലഭാതെരഞ്ഞെടുപ്പിൽ കേന്ദ്രത്തിൽ ആർഎസ്എസ് നയിക്കുന്ന ബിജെപിയും കേരളത്തിൽ മുസ്ലിംലീഗ് ഉൾപ്പെടുന്ന യുഡിഎഫും വലിയ വിജയം നേടി. ബംഗാളിനും ത്രിപുരയ്ക്കുംപിന്നാലെ ഇവിടെയും ചെങ്കൊടിപ്രസ്ഥാനത്തെ തകർക്കുമെന്നും  അതിനായി നിലമൊരുക്കുമെന്നതടക്കമുള്ള ശത്രുവർഗപ്രഖ്യാപനം  ശക്തമായി. ഇതിന് ബോധപൂർവമായും അല്ലാതെയും ഇന്ധനം പകരുകയാണ് ഒരുവിഭാഗം മാധ്യമങ്ങൾ.

കേരളത്തിന്റെ  സമൂഹമനസ്സ് അട്ടിമറിക്കാനുള്ള ഗൂഢ രാഷ്ട്രീയ കരുനീക്കം

എൽഡിഎഫിനെയും വിശിഷ്യാ, സിപിഐ എമ്മിനെയും  ഒറ്റപ്പെടുത്താനും അപകീർത്തിപ്പെടുത്താനും ആവനാഴിയിലെ എല്ലാ ആയുധങ്ങളും ഉപയോഗിക്കുകയാണ്. ഇക്കൂട്ടർക്ക് വീണുകിട്ടിയ അവസരമായി യൂണിവേഴ്സിറ്റി കോളേജിലെ അനിഷ്ടസംഭവത്തെ കൊണ്ടാടുകയാണ്. ലോക്മ സഭാതെരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫ് ജയിക്കുകയും എൽഡിഎഫ് പരാജയപ്പെടുകയും ചെയ്തതോടെ എൽഡിഎഫിന് ഭാവിയില്ലെന്ന് പ്രചരിപ്പിച്ചവരുടെ  കണ്ണ് തുറപ്പിക്കുന്നതായി സംസ്ഥാനത്തെ 13 ജില്ലയിലെ 44 വാർഡിലായി നടന്ന പ്രാദേശിക ഉപതെരഞ്ഞെടുപ്പുഫലം. 44 ൽ 22 സീറ്റ്  എൽഡിഎഫിന് ജനങ്ങൾ സമ്മാനിച്ചു. അതുപോലെ  കഴിഞ്ഞതവണ കെഎസ്യു മുഴുവൻ സീറ്റും കരസ്ഥമാക്കിയ എറണാകുളത്തെ സ്വയംഭരണ കലാലയമായ തേവര സേക്രഡ് ഹാർട്ട് കോളേജിൽ ഇക്കുറി എസ്എഫ്ഐ എല്ലാ സീറ്റിലും ജയിച്ചു.  ലോകസണാഭാ തെരഞ്ഞെടുപ്പുഫലമല്ല, കോളേജ് യൂണിയൻ മുതൽ നിയമസഭാതെരഞ്ഞെടുപ്പുകളിൽവരെ ഉണ്ടാകാൻ പോകുന്നതെന്നുകണ്ട് കേരളത്തിന്റെ  സമൂഹമനസ്സ് അട്ടിമറിക്കാനുള്ള ഗൂഢ രാഷ്ട്രീയ കരുനീക്കത്തിലാണ് വർഗീയ ‐ മുതലാളിത്തശക്തികൾ. അവർക്കുവേണ്ടിയുള്ള ഏജൻസികൾ ഏറ്റ ക്വട്ടേഷൻ സംഘമായി ഒരുസംഘം മാധ്യമങ്ങൾ മാറിയില്ലേ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

യൂണിവേഴ്സിറ്റി കോളേജ് സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രശസ്തരെ അടക്കം അണിനിരത്തി എസ്എഫ്ഐ വിരുദ്ധ വാർത്താപ്രളയം മാധ്യമങ്ങൾ സൃഷ്ടിക്കുന്നുണ്ട്. അക്കൂട്ടത്തിൽ മാധ്യമ‐ സാമൂഹ്യപ്രവർത്തകനായ ബി ആർ പി ഭാസ്കർ സിപിഐ എമ്മിനെയും അതിന്റെ നേതൃത്വത്തെയും കടന്നാക്രമിച്ചും വസ്തുതാവിരുദ്ധമായി പല കാര്യങ്ങളും  അവതരിപ്പിച്ചിട്ടുണ്ട്.  ഏതാനും വർഷങ്ങൾക്കുമുമ്പ് എ കെ ജി സെന്ററിൽനിന്നിറങ്ങി യൂണിവേഴ്സിറ്റി കോളേജിലെ ക്ലാസ്ി മുറിയിലെത്തി കോടിയേരി ബാലകൃഷ്ണൻ "താണ്ഡവമാടി'യതായി അദ്ദേഹം കുറിച്ചു. യൂണിവേഴ്സിറ്റി കോളേജ് പൂട്ടി  പഞ്ചനക്ഷത്ര ഹോട്ടലാക്കുകയെന്ന ഗൂഢ അജൻഡയിലായിരുന്നു അന്നത്തെ യുഡിഎഫ് സർക്കാർ. അതിനെതിരെ കോളേജിലെ പൂർവ വിദ്യാർഥികളായ  മലയാളത്തിന്റെ മഹാകവി ഒ എൻ വി കുറുപ്പ്  ഉൾപ്പെടെയുള്ളവർ  രംഗത്തുവന്നു. സമരംചെയ്ത വിദ്യാർഥികളെ ക്യാമ്പസിനുള്ളിൽ കയറി  പൊലീസ് ക്രൂരമായി വേട്ടയാടി. കലാലയം രക്തക്കളമാക്കിയപ്പോൾ അത് തടയാനുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണി നേതാക്കളുടെ ജനകീയ ഇടപെടലിൽ ഞാനും  ടി ശിവദാസമേനോനും നേതൃപരമായ പങ്കുവഹിച്ചിരുന്നു. വിദ്യാർഥികളെ പൊലീസ് ക്രൂരമായി തല്ലിച്ചതയ്ക്കുന്നത് അറിഞ്ഞിട്ട്  അത് തടയാൻ ഇടപെടാതിരിക്കലാണോ മനുഷ്യാവകാശസംരക്ഷണം? അന്ന് പൊലീസ്  വേട്ടയ്ക്കെതിരെ ഇടപെടൽ നടത്തിയത് എങ്ങനെയാണ് താണ്ഡവമായി മാറുന്നത്? യൂണിവേഴ്സിറ്റി കോളേജ് അടച്ചുപൂട്ടാൻ ഉമ്മൻചാണ്ടി ‐ ആന്റണി സർക്കാരുകൾക്ക് കൂട്ടുനിൽക്കണമായിരുന്നോ എന്നാണോ?

"കോടിയേരി അവകാശപ്പെടുന്നതുപോലെ എസ്എഫ്ഐ സ്വതന്ത്ര സംഘടനയല്ല, പാർടിയുടെ ഔദ്യോഗിക റിപ്പോർട്ടുകളിൽ പരാമർശിക്കപ്പെടുന്ന പോഷകസംഘടനയാണ്' എന്നാണ്  ബി ആർ പിയുടെ മറ്റൊരു നിഗമനം. എസ്എഫ്ഐ സ്വതന്ത്രസംഘടനയാണെന്ന വസ്തുത സിപിഐ എം സംസ്ഥാന സെക്രട്ടറിയെന്നനിലയിൽ ഞാൻ ആവർത്തിക്കുന്നു. സിപിഐ എമ്മിന്റെ പോഷകസംഘടനയല്ല എസ്എഫ്ഐ. തൊഴിലാളികളുടെ സംഘടനയായ സിഐടിയു ഉൾപ്പെടെ വിവിധ വിഭാഗങ്ങളുടെ സംഘടനകൾ  ഒന്നും പാർടിയുടെ പോഷകസംഘടനകളല്ല. സ്വതന്ത്രസ്വഭാവമുള്ള ബഹുജനസംഘടനകളാണ്. വിദ്യാർഥിജീവിത കാലഘട്ടത്തിൽ പഠനത്തിന് മുൻഗണന നൽകണമെന്നതാണ് സിപിഐ എം സമീപനം. നന്നായി പഠിക്കാനും സാമൂഹ്യപ്രതിബദ്ധതയോടെ മാതൃകാവിദ്യാർഥികളായി വളരാനുമുള്ള ശൈലിയാണ് സിപിഐ എമ്മിനുള്ളത്. ഈ കാഴ്ചപ്പാട് ഉൾക്കൊള്ളുന്നതാണ് എസ്എഫ്ഐ നേതൃത്വം. എസ്എഫ്ഐ പ്രവർത്തനശൈലിക്ക് വിരുദ്ധമായിട്ടാണ് യൂണിവേഴ്സിറ്റി  കോളേജിലെ  യൂണിറ്റ് ഭാരവാഹികൾ സ്വന്തം പ്രവർത്തകരെ ആക്രമിച്ചത്. ഇവരെ ആക്രമണകാരികളാക്കിയത് പാർടി സംസ്ഥാന സെക്രട്ടറിയായിരിക്കെ പിണറായി വിജയനാണെന്ന അടിസ്ഥാനരഹിതമായ ആക്ഷേപത്തിലൂടെ ഇദ്ദേഹത്തിലെ കമ്യൂണിസ്റ്റ് വിരുദ്ധതയുടെ അളവ് എത്ര വലുതാണെന്ന്  ബോധ്യമാകുന്നു.

യൂണിവേഴ്സിറ്റി കോളേജ് ഇന്നും കേരളത്തിലെ ഏറ്റവും അഭിമാനകലാലയങ്ങളിൽ  ഒന്നാണ്. ഏറ്റവും ഉയർന്ന മെറിറ്റുള്ളവർക്ക് പ്രവേശനം കിട്ടുന്ന വിദ്യാഭ്യാസസ്ഥാപനമാണ്. ഇപ്പോൾ ഉയർന്നുവന്നിട്ടുള്ള  എല്ലാ ആക്ഷേപങ്ങളും പരാതികളും  സർക്കാർ ഗൗരവത്തോടെ കാണുകയും നീതിപൂർവകമായി  ബന്ധപ്പെട്ട  സംവിധാനങ്ങളിലൂടെ അന്വേഷിക്കുകയുംചെയ്യും. എന്നാൽ, ഈ വിഷയത്തിന്റെ മറവിൽ  ഈ കോളേജിന് സൽപ്പേരില്ലെന്നും കോളേജ് പൂട്ടി മ്യൂസിയം (കാഴ്ചബംഗ്ലാവ്) ആക്കണമെന്നുമുള്ള "മ'  മാധ്യമങ്ങളുടെ നിർദേശം അങ്ങേയറ്റം ദേശവിരുദ്ധമാണ്. കലാലയത്തിൽ അക്രമം നടക്കുന്നതിനാൽ വിദ്യാർഥിരാഷ്ട്രീയം പാടില്ലെന്നാണ് ഉയരുന്ന വാദം. വിദ്യാർഥിരാഷ്ട്രീയത്തിന് അതിരുകൾ വേണമെന്നതിൽ യോജിപ്പുണ്ട്. അനാശാസ്യസംഭവങ്ങൾ ഇല്ലാതാകണം. 18 വയസ്സ് തികഞ്ഞ യുവാക്കൾ പഠിക്കുന്ന  കോളേജിൽ വിദ്യാർഥിസംഘടനാ രാഷ്ട്രീയം മഹാപരാധമാണെന്ന് ചിന്തിക്കുന്ന മാധ്യമങ്ങൾതന്നെ, എന്തിനാണ് യൂണിവേഴ്സിറ്റി കോളേജ് സംഭവത്തിന്റെമറവിൽ കെഎസ്യു, എബിവിപി, എസ്ഡിപിഐയുടെ വിദ്യാർഥി സംഘടനകൾ നടത്തുന്ന അക്രമസമരങ്ങൾക്ക് വലിയ പ്രാധാന്യം നൽകുന്നത്.
കേരളത്തിൽ വിദ്യാർഥിരാഷ്ട്രീയത്തിൽ  കത്തിക്കുത്തും കൊലയുമുണ്ടായത് മനോരമാദികൾ പിന്തുണച്ച  വിമോചനസമരത്തോടുകൂടിയാണെന്ന വസ്തുത മറക്കണ്ട.

ഏറ്റവും കൂടുതൽ അക്രമത്തിന് ഇരയായതും  വിദ്യാർഥിപ്രവർത്തകരുടെ ജീവൻ നഷ്ടമായതും എസ്എഫ്ഐക്കാണ്. സംസ്ഥാനത്തെ വിവിധ കോളേജുകളിലായി  33 എസ്എഫ്ഐ പ്രവർത്തകർ കൊല്ലപ്പെട്ടു. അതിന്റെപേരിൽ ഏതെങ്കിലും കലാലയം അടച്ചുപൂട്ടിയോ? മട്ടന്നൂർ കോളേജിലെ മാഗസിൻ എഡിറ്റർ ബഷീറിനെ വിറകുകൊണ്ട് കെഎസ്യുക്കാർ അടിച്ചുകൊന്നു. പന്തളം എൻഎസ്എസ് കോളേജിലെ ഭുവനേശ്വരനെ കെഎസ്യുക്കാർ കശാപ്പ് ചെയ്തു. പട്ടാമ്പി കോളേജിൽ സെയ്താലിയെയും  കൊല്ലം ശ്രീനാരായണ കോളേജിൽ ശ്രീകുമാറിനെയും എബിവിപിക്കാർ കൊലപ്പെടുത്തി. മഹാരാജാസ് കോളേജിൽ അഭിമന്യുവിനെ അരുംകൊല ചെയ്തത് മുസ്ലിം തീവ്രവാദി സംഘടനയാണ്.

കലാലയങ്ങളിലെ അക്രമത്തിനെതിരെ മനഃസാക്ഷി ഉണർത്തുന്നതിന് ആര് ഇടപെടുന്നതും നല്ലതുതന്നെ. പക്ഷേ, അക്രമരാഷ്ട്രീയത്തിന്റെ പ്രതിപ്പട്ടികയിൽ ഒന്നാംസ്ഥാനത്ത് ആർഎസ്എസ് ‐ എസ്ഡിപിഐയും അവരുടെ വിദ്യാർഥിസംഘടനകളും  കോൺഗ്രസും അവരുടെ വിദ്യാർഥി സംഘടനയായ കെഎസ്യുവുമാണ്.  അക്കാര്യം ആർക്കും മറച്ചുവയ്ക്കാവുന്നതല്ല. തമ്മിൽതല്ലി സംഘടനാപ്രവർത്തകരുടെ കുടൽമാല പുറത്തെടുത്ത കെഎസ്യു ആക്രമണമുണ്ട്. ധനുവച്ചപുരം കോളേജിൽ ഒരാഴ്ച മുമ്പ് എസ്എഫ്ഐ പ്രവർത്തകയായ പ്രീജയുടെ തല തല്ലിക്കീറിയത് എബിവിപിക്കാരാണ്. പക്ഷേ, ദേശാഭിമാനി, കൈരളി എന്നിവയിലൊഴികെ ഒരു മാധ്യമത്തിലും ഇത് വാർത്തയായില്ല. അപ്പോൾ യൂണിവേഴ്സിറ്റി കോളേജ്  സംഭവത്തിന്റെ മറവിൽ "കലാലയ അക്രമത്തി'ന്റെ പേരിൽ  ചില കേന്ദ്രങ്ങളൊഴുക്കുന്നത് മുതലക്കണ്ണീരാണെന്ന് വ്യക്തം. എസ്എഫ്ഐയെ ഇല്ലാതാക്കിയാൽ യൂണിവേഴ്സിറ്റി കോളേജിൽ കൊടിപാറിക്കുന്നത് ആർഎസ്എസിന്റെയും  എസ്ഡിപിഐയുടെയും വിദ്യാർഥി സംഘടനകളാകും.

നുണ ബോംബുകൾ

ഒരു നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പുള്ള ഘട്ടത്തിലാണ്, യൂണിവേഴ്സിറ്റി  കോളേജിൽ "ചാപ്പകുത്ത്' അക്രമം പ്രചരിപ്പിച്ച്  യുഡിഎഫ് വോട്ടുപിടിച്ചത്. കെഎസ്യു പ്രവർത്തകനായ നിഷാദിന്റെ പുറത്ത് യൂണിവേഴ്സിറ്റി കോളേജിലെ ചില വിദ്യാർഥികൾ കത്തികൊണ്ട് എസ്എഫ്ഐ കോറിയിട്ടു എന്ന ആരോപണം മനോരമ, മാതൃഭൂമി തുടങ്ങിയവ പ്രചാരണമാക്കി കോളിളക്കം സൃഷ്ടിച്ചു. എന്നാൽ, നിലമേലെ   ഒരു ബേക്കറിയിൽവച്ച് നിഷാദിന്റെ പുറം മരവിപ്പിച്ചശേഷം സൂചികൊണ്ട് കെഎസ്യുക്കാർതന്നെ വരച്ചതാണെന്നും തുടർനാടകത്തിൽ അന്നത്തെ പ്രതിപക്ഷനേതാവ് എ കെ ആന്റണി അടക്കം പങ്കാളിയാണെന്നും പിന്നീട് തെളിഞ്ഞു. അതുപോലുള്ള  നുണ ബോംബുകൾ ഇപ്പോൾ  മനോരമ ‐ മാതൃഭൂമിയാദികൾ പടച്ചുവിടുന്നുണ്ട്. സർവകലാശാല യുവജനോത്സവ രജിസ്ട്രേഷൻ ഫോറത്തെ യൂണിവേഴ്സിറ്റി ഉത്തരക്കടലാസാക്കുന്ന മറിമായമാണ് മാതൃഭൂമി നടത്തിയത്. യൂണിവേഴ്സിറ്റി കോളേജ് പോലുള്ള സർക്കാർ കലാലയങ്ങളെ തകർക്കാനും  കോർപറേറ്റുകളുടെ സ്ഥാപനങ്ങൾക്ക് വിദ്യാഭ്യാസമേഖലയിൽ ഇടം നൽകാനുമുള്ളതാണ് കേന്ദ്രസർക്കാരിന്റെ വിദ്യാഭ്യാസനയം. യൂണിവേഴ്സിറ്റി കോളേജിലെ അനിഷ്ടസംഭവത്തേക്കാൾ ഗൗരവം നിറഞ്ഞ നിരവധി പ്രശ്നങ്ങൾ വിദ്യാഭ്യാസമേഖലയെ ബാധിക്കുന്നുണ്ട്.

രാഷ്ട്രീയത്തിലെന്നപോലെ വിദ്യാഭ്യാസത്തിൽനിന്നും മതത്തെ പൂർണമായി മാറ്റിനിർത്തണം. ഹൈന്ദവമോ ഇസ്ലാമികമോ ക്രിസ്തീയമോ മറ്റേതെങ്കിലും മതത്തിന്റെയോ ആയ സംസ്കാരത്തിന്റെ ഭാഷയെന്ന നിലയ്ക്ക് സംസ്കൃതമോ  അറബിയോ മറ്റേതെങ്കിലും ഭാഷയോ പഠിക്കാനും  പഠിപ്പിക്കാനുമാകണം. എന്നാൽ, ഇന്ത്യൻ സംസ്കാരത്തിന്റെഭാഗമായുള്ള സംസ്കൃതഭാഷയെ  സവർണ ഹിന്ദു സംസ്കാരത്തിന്റെ ഉൽപ്പന്നമായ ഭാഷയെന്നനിലയിൽ പഠിപ്പിക്കാനാണ്  മോഡി സർക്കാർ ഇറങ്ങുന്നത്. ഇത്തരം അപകടങ്ങളെപ്പറ്റിയുള്ള ചർച്ചയും ചിന്തയുമാണ് ഉണ്ടാകേണ്ടത്. അതെല്ലാം ഒഴിവാക്കിയാണ് വലിയ വാർത്തയാക്കി യൂണിവേഴ്സിറ്റി കോളേജ് സംഭവം, കമ്യൂണിസ്റ്റ് വിരുദ്ധർ കൊണ്ടാടുന്നത്. കോളേജിന്റെ സൽപ്പേരിന്  കോട്ടംതട്ടുന്ന ഒന്നും എസ്എഫ്ഐ പ്രവർത്തകരുടെ ഭാഗത്തുനിന്ന്റ ഉണ്ടാകരുത്. എന്നാൽ, യൂണിവേഴ്സിറ്റി കോളേജിന് "സൽപ്പേര്' ഇല്ലെന്നും അവിടെ എന്തും നടക്കുമെന്നും അതിനാൽ വിദ്യാർഥിരാഷ്ട്രീയം വേണ്ടെന്നും യൂണിവേഴ്സിറ്റി കോളേജ് കാഴ്ചബംഗ്ലാവ് ആക്കണമെന്നുമുള്ള അസംബന്ധം തള്ളാൻ പ്രബുദ്ധ കേരളജനത മുന്നോട്ടുവരണം.

കോടിയേരി ബാലകൃഷ്ണൻ

courtesy: deshabhimani

No comments:

Post a Comment