Sunday, July 21, 2019

ഞങ്ങൾക്ക്‌ നിർബന്ധമുണ്ട്‌, ഒരു കുടുംബത്തിന്റെയും കണ്ണീർ വീഴരുത‌്

തിരുവനന്തപുരം യൂണിവേഴ‌്സിറ്റി കോളേജിലുണ്ടായ അക്രമ സംഭവങ്ങൾ ന്യായീകരണമില്ലാത്തതാണെന്ന‌് ചൂണ്ടിക്കാട്ടി എസ‌്എഫ‌്ഐ തള്ളിപ്പറഞ്ഞു. സർഗാത്മക കലാലയങ്ങളാണ‌് എസ‌്എഫ‌്ഐ വിഭാവനംചെയ്യുന്നത‌്. വിദ്യാർഥികളുടെ അവകാശങ്ങൾക്കുവേണ്ടിയുള്ള പേരാട്ടവും മത–-ജാതി ഭിന്നതകളെ മറികടന്ന വിദ്യാർഥിസമൂഹവുമാണ‌് ലക്ഷ്യം. മഹാരാജാസ‌് കോളേജിൽ കൊല്ലപ്പെട്ട അഭിമന്യുവിന്റെ നെഞ്ചിലാഴ‌്ന്നിറങ്ങിയ കഠാരയല്ല, വർഗീയത തുലയട്ടെ എന്ന മുദ്രാവാക്യമാണ‌് തങ്ങളുടെ ആയുധമെന്ന‌് വ്യക്തമാക്കിയ എസ‌്എഫ‌്ഐ അഖിലേന്ത്യാ പ്രസിഡന്റ‌് വി പി സാനു നിലവിലെ സംഭവവികാസങ്ങളോട്‌  പ്രതികരിക്കുന്നു....

അവരല്ല എസ്‌എഫ്‌ഐ

ഒരു ക്യാമ്പസിലും നടക്കാൻപാടില്ലാത്ത ദൗർഭാഗ്യകരമായ സംഭവമാണ‌് യൂണിവേഴ‌്സിറ്റി കോളേജിൽ ഉണ്ടായത‌്. രാഷ്ട്രീയമായ വിഷയമല്ല, വ്യക്തിപരമായ കാരണങ്ങളാണ‌് അക്രമത്തിൽ കലാശിച്ചത‌്. എസ‌്എഫ‌്ഐ യൂണിറ്റ‌് ഭാരവാഹികൾ ഉൾപ്പെടെയുള്ളവർ സംഭവത്തിൽ ഉൾപ്പെട്ടു. സംഘടനയ‌്ക്ക‌് നേരിട്ട‌് ബന്ധമില്ലെങ്കിലും ധാർമികമായ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. തെറ്റ‌് തിരുത്തുന്നതിനും ആവർത്തിക്കാതിരിക്കാനുമുള്ള സമീപനം സ്വീകരിക്കും. ആദ്യ ഘട്ടമെന്ന നിലയിൽ യൂണിറ്റ‌് കമ്മിറ്റി പിരിച്ചുവിടുകയും കേസിൽ പ്രതിചേർക്കപ്പെട്ട മുഴുവൻ ആളുകളെയും സംഘടനയിൽനിന്ന‌് പുറത്താക്കുകയുംചെയ‌്തു. ഇവർക്കെതിരെ ശക്തമായ പൊലീസ‌് നടപടിയും ആവശ്യപ്പെട്ടിട്ടുണ്ട‌്. വിഷയവുമായി ബന്ധപ്പെട്ട‌് സമരവുമായി പുറത്തേക്കിറങ്ങിവന്ന വിദ്യാർഥികൾ തങ്ങൾ എസ‌്എഫ‌്ഐക്കാരാണെന്നും ഈ യൂണിറ്റ‌ിലുള്ളവർ ചെയ്യുന്നതല്ല യഥാർഥ എസ‌്എഫ‌്ഐ പ്രവർത്തനം എന്നുമാണ‌് വിളിച്ചുപറഞ്ഞത‌്. എസ‌്എഫ‌്ഐ എന്നാൽ ഒരു യൂണിറ്റ‌് കമ്മിറ്റിയല്ല എന്നാണ‌് ആ ക്യാമ്പസിലെ വിദ്യാർഥികൾ പറയുന്നത‌്. ആ യൂണിറ്റിലുള്ളവരുടെ തെറ്റുകൾ എസ‌്എഫ‌്ഐയുടേതല്ല. ക്യാമ്പസിലെതന്നെ വിദ്യാർഥികൾ അത‌് വിളിച്ചുപറയുന്നത‌് എസ‌്എഫ‌്ഐയുടെ വിജയമാണ‌്. എസ‌്എഫ‌്ഐ സംസ്ഥാനനേതൃത്വം ഈ വിദ്യാർഥികളെയാകെ ഉൾപ്പെടുത്തി യോഗം വിളിച്ചിട്ടുണ്ട‌്. അവരെയാകെ കേട്ടുകൊണ്ട‌ുള്ള പുതിയ യൂണിറ്റാകും നിലവിൽ വരിക.

കലാലയത്തിൽ സംഘർഷങ്ങൾക്ക‌് ഇടമില്ല

ഒരുനിലയിലും കലാലയസംഘർഷങ്ങളെ അനുകൂലിക്കുന്നില്ലെന്നു മാത്രമല്ല, എല്ലാകാലത്തും എസ‌്എഫ‌്ഐ അതിനെ എതിർത്തിട്ടുമുണ്ട‌്. ഒരുകാലത്ത‌് കേരളത്തിലെ പ്രധാനപ്പെട്ട വിദ്യാർഥി സംഘടനയായിരുന്ന കെഎസ‌് യുവിന്റെ നിരന്തരമായ ആക്രമണങ്ങളിൽ വിദ്യാർഥികൾ പൊറുതിമുട്ടിയിരുന്നു. അതിനെതിരായ വിദ്യാർഥികളുടെ വികാരവും പ്രതിഷേധവും എസ‌്എഫ‌്ഐക്ക‌് അനുകൂലമായി വന്നു. അടിയന്തരാവസ്ഥക്കാലത്തിനുശേഷമാണ‌് കേരളത്തിലും രാജ്യത്താകെയും എസ‌്എഫ‌്ഐ പ്രധാന സംഘടനയായി മാറുന്നത‌്. 1973ലാണ‌് യൂണിവേഴ‌്സിറ്റി കോളേജിൽ എസ‌്എഫ‌്ഐ ആദ്യമായി വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ ജയിക്കുന്നത‌്. കെ എ‌സ‌്‌യുവിന്റെ എല്ലാവിധത്തിലുള്ള അതിക്രമങ്ങളും നേരിട്ടാണ‌് എസ‌്എഫ‌്ഐ വളർന്നുവന്നത‌്. അതുകൊണ്ടുതന്നെ ആക്രമിച്ച‌് കീഴ‌്പ്പെടുത്തുക എന്നതല്ല, ആക്രമിക്കപ്പെടുന്നവരുടെ കൂടെ നിൽക്കുക എന്ന മാനവികബോധത്തിനൊപ്പമാണ‌് എസ‌്എഫ‌്ഐ.

എസ‌്എഫ‌്ഐയാണ‌് ഏറ്റവും വലിയ അക്രമകാരികൾ എന്ന നിലയിലുള്ള ചർച്ചയാണ‌് വന്നുകൊണ്ടിരിക്കുന്നത‌്. കേരളത്തിൽമാത്രം അഭിമന്യു ഉൾപ്പെടെ 33 എസ‌്എഫ‌്ഐ പ്രവർത്തകരുടെ ജീവൻ നഷ്ടപ്പെട്ടു. ഇന്ത്യയിലാകെ 277 പ്രവർത്തകർ കൊല്ലപ്പെട്ടു. കേരളത്തിൽ കൂടുതൽ ആളുകളെയും കൊലപ്പെടുത്തിയത‌് കെഎസ‌് യു–- കോൺഗ്രസ‌്–-ഐഎൻടിയുസി പ്രവർത്തകരാണ‌്. ആർഎസ‌്എസ‌ുകാരും എസ‌്ഡിപിഐക്കാരും കൊലപ്പെടുത്തിയിട്ടുണ്ട‌്. പൊലീസിന്റെ മർദനമേറ്റും പ്രവർത്തകർ കൊല്ലപ്പെട്ടിട്ടുണ്ട‌്. കേരളത്തിലെ ക്യാമ്പസുകളിലോ പുറത്തോ ഒരാളുടെയും ജീവൻ എസ‌്എഫ‌്ഐയുടെ കൈകൊണ്ട‌് നഷ്ടപ്പെട്ടിട്ടില്ല. എസ‌്എഫ‌്ഐക്ക‌് തിരിച്ചടിക്കാൻ ശേഷി ഇല്ലാത്തതിനാലല്ല. രക്തസാക്ഷികളുടെ വീടുകൾ നിരന്തരം സന്ദർശിക്കുന്ന ഞങ്ങൾക്കറിയാം ആ രക്ഷിതാക്കളുടെ ദുഃഖത്തിന്റെ ആഴം. ഒരു കുടുംബത്തിന്റെയും കണ്ണുനീർ എസ‌്എഫ‌്ഐക്കെതിരായി വീഴരുതെന്ന നിർബന്ധം സംഘടനയ‌്ക്കുണ്ട‌്.

യൂണിവേഴ‌്സിറ്റി കോളേജിലെ പ്രശ‌്നത്തിന്റെ പശ്ചാത്തലത്തിൽ എസ‌്എഫ‌്ഐയെ ആത്മാർഥമായി വിമർശിക്കുന്നവരുടെ വാക്കുകൾ മുഖവിലയ‌്ക്കെടുത്ത‌് മുന്നോട്ടുപോകും. അത്തരം ആളുകൾക്ക‌് എസ‌്എഫ‌്ഐ ഇപ്പോൾ സ്വീകരിച്ച നടപടികളും ഇനി സ്വീകരിക്കുന്ന നടപടിയും മറുപടിയാണ‌്.

1957ലെ ആദ്യ ഇ എം എസ‌് സർക്കാരിന്റെ കാലംതൊട്ട‌് കേരളത്തിൽ ഏറ്റവും കൂടുതൽ അതിക്രമവും കൊലപാതകങ്ങളും നടത്തിയ സംഘടന കെഎസ‌്‌യുവാണ‌്. കഴിഞ്ഞ ദിവസങ്ങളിൽ തൃശൂരും തിരുവനന്തപുരത്തും കെഎസ‌്‌യുക്കാർ ചേരിതിരിഞ്ഞ‌് ഏറ്റുമുട്ടി. കെ എസ‌്‌യു ജില്ലാ ഭാരവാഹികൾക്കുൾപ്പെടെ പരിക്കേറ്റു. ധനവച്ചപുരം കോളേജിൽ ഒന്നാംവർഷ വിദ്യാർഥികളെ സ്വീകരിച്ച ദിവസമാണ‌് എസ‌്എഫ‌്ഐ വനിതാനേതാവിനെ എബിവിപിക്കാർ മദ്യക്കുപ്പികൊണ്ട‌് തലയ‌്ക്കടിച്ചത‌്. എസ‌്എഫ‌്ഐയെ കടന്നാക്രമിക്കാൻമാത്രം വിമർശനവുമായി  ഇറങ്ങുന്നവരെ ഇതൊന്നും സ‌്പർശിക്കാറില്ല.

യൂണിവേഴ‌്സിറ്റി കോളേജിൽ ഉണ്ടായത‌് തെറ്റാണ‌്. പക്ഷേ, എന്തുകൊണ്ട‌് യൂണിവേഴ‌്സിറ്റി കോളേജ‌് ആക്രമിക്കപ്പെടുന്നു. രാജ്യത്ത‌് അടിയന്തരാവസ്ഥയ‌്ക്കെതിരെ ആദ്യത്തെ പ്രകടനം ആരംഭിക്കുന്നത‌് യൂണിവേഴ‌്സിറ്റി കോളേജിൽനിന്നാണ‌്. 1975 ജൂലൈ ഒന്നിന‌് അന്നത്തെ എസ‌്എഫ‌്ഐ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണൻ, പ്രസിഡന്റ‌് എം എ ബേബി, അഖിലേന്ത്യാ വൈസ‌് പ്രസിഡന്റ‌് ജി സുധാകരൻ, സംസ്ഥാന വൈസ‌് പ്രസിഡന്റ‌് എം വിജയകുമാർ, ജില്ലാ കമ്മിറ്റി അംഗമായിരുന്ന ഡോ. ജയപ്രസാദ‌് തുടങ്ങിയവരുടെ നേതൃത്വത്തിലാണ‌് പ്രകടനം നടന്നത‌്. പിന്നീടിങ്ങോട്ട‌് സംസ്ഥാനത്തെ വിദ്യാഭ്യാസമേഖലയിലുണ്ടാകുന്ന എല്ലാ പ്രശ‌്നങ്ങളിലും ഉടനടി ക്രിയാത്മകമായി പ്രവർത്തിച്ച ക്യാമ്പസാണത‌്. സെക്രട്ടറിയറ്റിനും നിയമസഭയ‌്ക്കും അടുത്തുള്ള ക്യാമ്പസ‌്. അതുകൊണ്ടുതന്നെ ആ ക്യാമ്പസ‌ിനെ തകർക്കുക എന്നത‌് വലതുപക്ഷത്തിന്റെയും മാധ്യമങ്ങളുടെയും പ്രഖ്യാപിതലക്ഷ്യമാണ‌്.

ക്യാമ്പസ‌് സ്ഥലംമാറ്റാനും അടച്ചുപൂട്ടാനുമുള്ള ശ്രമങ്ങളെ എസ‌്എഫ‌്ഐ ശക്തമായി ചെറുത്തുതോൽപ്പിക്കും. അക്രമത്തിന്റെപേരിൽ ഒരു കോളേജ‌് അടച്ചുപൂട്ടുകയാണെങ്കിൽ, എന്തുകൊണ്ട‌്, തിരുവനന്തപുരത്തെ എംജി കോളേജ‌് അടച്ചുപൂട്ടുന്നില്ല. ഹൈക്കോടതിക്ക‌് നേരിട്ട‌് ഇടപെടേണ്ടിവന്ന അക്രമങ്ങളാണ്‌ അവിടെ നടന്നത‌്. മട്ടന്നൂർ കോളേജിൽ മാഗസിന്റെ ഫണ്ട‌് വീതം വയ‌്ക്കുന്നതിലെ തർക്കത്തെ തുടർന്നാണ‌് കെഎസ‌്‌യുക്കാരനായ മാഗസിൻ എഡിറ്റർ ബഷീറിനെ കെഎസ‌്‌യുക്കാർതന്നെ കൊലപ്പെടുത്തിയത‌്. മഹാരാജാസിലാണ‌് അഭിമന്യുവിനെ പോപ്പുലർ ഫ്രണ്ടുകാർ കൊലപ്പെടുത്തിയത‌്. വിവിധ കോളേജുകൾക്കുള്ളിൽവച്ചാണ‌് എസ‌്എഫ‌്ഐ പ്രവർത്തകരെ കൊലപ്പെടുത്തിയിട്ടുള്ളത‌്. ഇതിന്റെപേരിൽ ക്യാമ്പസുകൾ അടച്ചുപൂട്ടണമെന്ന ചർച്ച ഒരിക്കലും ഉണ്ടായില്ല.

അഭിമന്യു കൊല്ലപ്പെട്ടത‌് ഒഴിച്ചുനിർത്തിയാൽ, എസ‌്എഫ‌്ഐ ആക്രമിക്കപ്പെട്ട ഒരു സംഭവവും കേരളത്തിൽ ചർച്ചചെയ്യപ്പെട്ടിട്ടില്ല. അഭിമന്യുവിനേക്കാൾ പ്രായം കുറഞ്ഞയാളായിരുന്നു സജിൻ ഷാഹുൽ. ആർഎസ‌്എസുകാരുടെ ബോംബേറിൽ തലയ‌്ക്ക‌് പരിക്കേറ്റ‌് ഒരുമാസം ആശുപത്രിയിൽ കിടന്നിട്ടാണ‌് ആ പതിനെട്ടുകാരൻ മരിച്ചത‌്. സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന ശിവപ്രസാദിനെ തെരഞ്ഞെത്തി വീട്ടിൽ കടന്ന‌് അച്ഛൻ നാരായണൻനായരെ കൊലപ്പെടുത്തിയ നടുക്കുന്ന സംഭവം കേരളത്തിലുണ്ടായി. എസ‌്എഫ‌്ഐ കേന്ദ്രകമ്മിറ്റി അംഗവും ജില്ലാ കൗൺസിൽ അംഗവുമായ കെ വി സുധീഷിനെ ക്രൂരമായി മാതാപിതാക്കളുടെ കൺമുന്നിൽ കൊലപ്പെടുത്തി. എസ‌്എഫ‌്ഐ പ്രതിസ്ഥാനത്ത‌് വരുമ്പോൾമാത്രമാണ‌് കേരളത്തിൽ ചർച്ച നടന്നിട്ടുള്ളത‌്‌. എസ‌്എഫ‌്ഐ ഇരകളാക്കപ്പെടുമ്പോൾ പ്രതികരണങ്ങൾ ഉണ്ടാകാറില്ല.

എസ‌്എഫ‌്ഐയെ വേട്ടയാടുക മാധ്യമങ്ങളുടെ പൊതുനിലപാട‌്

മാധ്യമങ്ങളുടെ പൊതുനിലപാടെന്താണെന്ന‌് ഒരു പരിധിവരെ ജനങ്ങൾക്കറിയാം. ക്യാമ്പസുകളിൽ അത‌് സ്ഥിരമായി പറഞ്ഞുകൊണ്ടിരിക്കുന്നതാണ‌്. അത‌് കൂടുതൽ ശക്തമാക്കി മാധ്യമങ്ങളുടെ നയം തുറന്നുകാട്ടും. എസ‌്എഫ‌്ഐ ഭാരവാഹികളെ അതിൽ ബോധവാന്മാരാക്കും. മുൻകാലങ്ങളിൽ അത്തരം ചെറുത്തുനിൽപ്പിൽ എസ‌്എഫ‌്ഐ വിജയിച്ചിട്ടുണ്ട‌്.

ഏകപക്ഷീയമായ മാധ്യമങ്ങളുടെ ആക്രമണങ്ങളെ അതിജീവിക്കാൻ കഴിഞ്ഞിരുന്നില്ലെങ്കിൽ ഇന്ന‌് കേരളത്തിൽ എസ‌്എഫ‌്ഐ ഉണ്ടാകുമായിരുന്നില്ല.  കലാലയരാഷ്ട്രീയം പാടില്ല എന്ന ചർച്ചയും എസ‌്എഫ‌്ഐക്കെതിരായ നീക്കമായിരുന്നു. വിദ്യാർഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്തെത്തിയ ‌എ കെ ആന്റണിയാണ‌് കലാലയരാഷ്ട്രീയം നിരോധിക്കുന്നത‌്.

കെഎസ‌്‌യു അപ്രസക്തമാകുകയും എസ‌്എഫ‌്ഐ സജീവമാകുകയും ചെയ‌്തതോടെയാണ‌് ഒരുവിഭാഗം മാധ്യമങ്ങളുടെ സഹായത്തോടെ ഈ ചർച്ചതുടങ്ങിയത‌്. എസ‌്എഫ‌്ഐയെ ക്യാമ്പസുകളിൽനിന്ന‌് പുറത്താക്കുക എന്ന അജൻഡയായിരുന്നു ആ ചർച്ചകൾക്ക‌് പിന്നിലുണ്ടായിരുന്നത‌്.

സർഗാത്മക ക്യാമ്പസ‌്

ആദ്യമായി യൂണിവേഴ‌്സിറ്റി കോളേജ‌് യൂണിയൻ എസ‌്എഫ‌്ഐ ജയിച്ച 1973ൽ ബാലചന്ദ്രമേനോനായിരുന്നു ചെയർമാൻ. സജീവ എസ‌്എഫ‌്ഐ പ്രവർത്തകനായിരുന്നില്ല അദ്ദേഹം. അദ്ദേഹത്തിന്റെ സർഗവാസനകൾ തിരിച്ചറിഞ്ഞാണ‌് ബാലചന്ദ്രമേനോനെ ആ സ്ഥാനത്തേക്ക‌് ഉയർത്തിക്കൊണ്ടുവന്നത‌്. അങ്ങനെ വിവിധ കലാലയങ്ങളിൽ എസ‌്എഫ‌്ഐ കലാപരമായി കഴിവുള്ളവരെ നേതൃസ്ഥാനത്തേക്ക‌് കൊണ്ടുവരാറുണ്ട‌്. സർഗാത്മകതയെ പ്രോത്സാഹിപ്പിക്കുക എന്നത‌് എക്കാലത്തും പുലർത്തിപ്പോന്ന നയമാണ‌്.

വിദ്യാർഥികൾക്കറിയാം നിജസ്ഥിതി

പുതിയ സാഹചര്യത്തിൽ അഭിമന്യുവിന്റെ രക്തസാക്ഷിത്വത്തെ ഇകഴ‌്ത്താനും സംഘടിതമായ ശ്രമം നടക്കുന്നുണ്ട‌്. കൃത്യമായ ആസൂത്രണത്തോടെ നടത്തിയ ക്രൂര കൊലപാതകം പോപ്പുലർ ഫ്രണ്ടിനെ വിദ്യാർഥികൾക്കിടയിൽ തുറന്നുകാട്ടി. അതിൽ വലിയ പ്രതിസന്ധി അവർ അഭിമുഖീകരിക്കുന്നുണ്ട‌്. എല്ലാ തരത്തിലുള്ള മുസ്ലിം മതമൗലികവാദികളും അവരെ പിന്തുണയ‌്ക്കുന്ന നിലയാണുള്ളത‌്. അതിനെ അനുകൂലിക്കുന്ന മാധ്യമങ്ങളും അവരെ വെള്ളപൂശാൻ നേരത്തേതന്നെ രംഗത്തുണ്ട‌്. അഭിമന്യുവിനെ കൊലപ്പെടുത്തിയവരെ സംഘടനയിൽനിന്ന‌്‌ പുറത്താക്കാൻ അവർ തയ്യാറായില്ല. ഒറ്റക്കുത്തിന‌് അഭിമന്യുവിനെ കൊലപ്പെടുത്തിയ പരിശീലനം കിട്ടിയ ക്രിമിനലുകളെ സംരക്ഷിക്കുന്ന നിലപാടായിരുന്നു അവരുടേത‌്. അഭിമന്യുവിന്റെ പ്രതികളെ പിടികൂടിയില്ല എന്ന പ്രചാരണം ഒന്നാം രക്തസാക്ഷിത്വദിനവുമായി ബന്ധപ്പെട്ട‌് ഉണ്ടായി. 16 പ്രതികളിൽ 14 പേരെയും പിടിച്ച‌് കേസ‌് വിചാരണ ഘട്ടത്തിലേക്കെത്തി എന്നതാണ‌് യാഥാർഥ്യം. എസ‌്എഫ‌്ഐക്കെതിരെ നടക്കുന്ന പ്രചാരണങ്ങളുടെ ഉദ്ദേശ്യവും അതിന്റെ നിജസ്ഥിതിയും വിദ്യാർഥികൾക്കറിയാം എന്നതാണ‌് എതിരാളികൾ നേരിടുന്ന വെല്ലുവിളി.

തയ്യാറാക്കിയത്‌:
പി ആർ ചന്തുകിരൺ

courtesy: deshabhimani

No comments:

Post a Comment