Sunday, June 27, 2010

രാജ്യമാകെ പ്രതിഷേധാഗ്നി

കേരളം നിശ്ചലമായി

വിലക്കയറ്റത്തിന്റെ എരിതീയിലേക്ക് ജനങ്ങളെയാകെ വലിച്ചെറിഞ്ഞ കേന്ദ്രസര്‍ക്കാരിന്റെ കൊടുംചതിക്കെതിരായ പ്രതിഷേധക്കൊടുങ്കാറ്റില്‍ കേരളം നിശ്ചലമായി. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില കുത്തനെ വര്‍ധിപ്പിച്ചതിലും വില നിശ്ചയിക്കാന്‍ കമ്പനികള്‍ക്ക് അധികാരം നല്‍കിയതിലും പ്രതിഷേധിച്ച് എല്‍ഡിഎഫ് സംസ്ഥാന കമ്മിറ്റി ആഹ്വാനംചെയ്ത ഹര്‍ത്താല്‍ സംസ്ഥാനം ഏകമനസ്സോടെ ഏറ്റെടുത്തു. നിത്യോപയോഗസാധന വില വീണ്ടും കുതിച്ചുകയറാന്‍ അവസരം ഒരുക്കിയതിനെതിരെ ആഞ്ഞടിച്ച ജനരോഷം കേന്ദ്രസര്‍ക്കാരിന് ശക്തമായ താക്കീതായി. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയായിരുന്നു ഹര്‍ത്താല്‍. നഗര-ഗ്രാമവ്യത്യാസമില്ലാതെ റോഡുകള്‍ വിജനമായി. കടകമ്പോളങ്ങളും സ്ഥാപനങ്ങളുമെല്ലാം അടഞ്ഞു. പെട്ടിക്കടപോലും പലയിടത്തും തുറന്നില്ല. ജീവനക്കാരും ഫാക്ടറികളിലെയും വ്യവസായശാലകളിലെയും തൊഴിലാളികളും ജോലിയില്‍നിന്ന് വിട്ടുനിന്നു. വിരലിലെണ്ണാവുന്ന ജീവനക്കാര്‍മാത്രമാണ് സര്‍ക്കാര്‍ ഓഫീസുകളില്‍ എത്തിയത്. കേന്ദ്രസര്‍ക്കാര്‍ ഓഫീസും പ്രവര്‍ത്തിച്ചില്ല. അപൂര്‍വം സ്വകാര്യവാഹനങ്ങള്‍മാത്രമാണ് റോഡിലിറങ്ങിയത്. സ്വകാര്യബസും ടാക്സി, ഓട്ടോറിക്ഷ, ടെമ്പോ തുടങ്ങിയ വാഹനങ്ങളും ഓടിയില്ല. തൊഴിലാളികള്‍ പണിമുടക്കിയതിനാല്‍ കെഎസ്ആര്‍ടിസി ബസും ഓടിയില്ല. ട്രെയിനുകളില്‍ യാത്രക്കാര്‍ കുറവായിരുന്നു. സംഘടനാ വ്യത്യാസമില്ലാതെ വ്യാപാരികള്‍ ഹര്‍ത്താലില്‍ പങ്കാളികളായി. എവിടെയും അനിഷ്ടസംഭവങ്ങളുണ്ടായില്ല.

പണിമുടക്കിയ തൊഴിലാളികളും ജീവനക്കാരും അധ്യാപകരും യുവജനങ്ങളും വിദ്യാര്‍ഥികളും വീട്ടമ്മമാരും കര്‍ഷകരും കര്‍ഷകത്തൊഴിലാളികളുമെല്ലാം അണിചേര്‍ന്ന പ്രതിഷേധപ്രകടനം സംസ്ഥാനത്താകെ നടന്നു. തിരുവനന്തപുരത്ത് രക്തസാക്ഷിമണ്ഡപത്തില്‍നിന്ന് ആരംഭിച്ച പ്രകടനം ഏജീസ് ഓഫീസിനുമുന്നില്‍ സമാപിച്ചു. പ്രതിഷേധയോഗം സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദന്‍ ഉദ്ഘാടനംചെയ്തു. ഹര്‍ത്താല്‍ പൂര്‍ണവിജയമാക്കിയ കേരളജനതയെ എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ അഭിവാദ്യംചെയ്തു. കേന്ദ്രസര്‍ക്കാര്‍ ജനദ്രോഹനനയം തുടരാനാണ് ഭാവമെങ്കില്‍ ചെറുത്തുതോല്‍പ്പിക്കാന്‍ ജനങ്ങളാകെ അണിനിരക്കണമെന്ന് വൈക്കം വിശ്വന്‍ അഭ്യര്‍ഥിച്ചു. ഹര്‍ത്താല്‍ വിജയിപ്പിച്ച തൊഴിലാളികളെയും ബഹുജനങ്ങളെയും സിഐടിയു സംസ്ഥാന കമ്മിറ്റി അഭിവാദ്യംചെയ്തു. ഇന്ധനവിലവര്‍ധന പിന്‍വലിക്കാനും വിലനിയന്ത്രണം പുനഃസ്ഥാപിക്കാനും സംസ്ഥാന ജനറല്‍ സെക്രട്ടറി എം എം ലോറന്‍സ് ആവശ്യപ്പെട്ടു. ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ സംസ്ഥാനത്താകെ പ്രകടനം നടത്തി. പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ കോലം കത്തിച്ചു. യുവമോര്‍ച്ച ജില്ലാ കേന്ദ്രങ്ങളില്‍ പ്രധാനമന്ത്രിയുടെ കോലം കത്തിച്ചു.

രാജ്യമാകെ പ്രതിഷേധാഗ്നി

സ്വകാര്യ എണ്ണക്കമ്പനികളെ സഹായിക്കാന്‍ ഇന്ധനവില വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരിനെതിരെ രാജ്യമാകെ പ്രതിഷേധം അലയടിച്ചു. കക്ഷിരാഷ്ട്രീയ ഭേദമെന്യേ ജനങ്ങള്‍ ശനിയാഴ്ച തെരുവിലിറങ്ങി. ഇടതുപക്ഷ പാര്‍ടികള്‍ക്കുപുറമെ ബിജെപിയും മറ്റ് കക്ഷികളും പ്രതിഷേധപ്രകടനങ്ങള്‍ നടത്തി. പശ്ചിമബംഗാളില്‍ വാഹനപണിമുടക്ക് പൂര്‍ണമായിരുന്നു. ത്രിപുരയില്‍ തിങ്കളാഴ്ച ഇടതുമുന്നണി ബന്ദിന് ആഹ്വാനംചെയ്തു. തമിഴ്നാട്, ആന്ധ്രപ്രദേശ്, ബിഹാര്‍, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം വന്‍ പ്രതിഷേധമുണ്ടായി. ഡല്‍ഹിയില്‍ ഇടതുപക്ഷ പാര്‍ടികളും ബിജെപിയും പ്രതിഷേധ റാലികള്‍ നടത്തി. സിപിഐ എം, സിപിഐ, ആര്‍എസ്പി, ഫോര്‍വേഡ് ബ്ളോക്ക് പാര്‍ടികളുടെ സംയുക്തറാലി പാര്‍ലമെന്റ് സ്ട്രീറ്റില്‍ പൊലീസ് തടഞ്ഞു. സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ടും സിപിഐ ജനറല്‍ സെക്രട്ടറി എ ബി ബര്‍ദനും നേതൃത്വം നല്‍കി. കര്‍ണാടകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സിപിഐ എം നേതൃത്വത്തില്‍ മേഖലാ അടിസ്ഥാനത്തില്‍ നടന്ന പ്രതിഷേധ പ്രകടനത്തില്‍ ആയിരങ്ങള്‍ അണിനിരന്നു. സിഐടിയു നേതൃത്വത്തില്‍ തുമകൂറുവില്‍ പ്രതിഷേധപ്രകടനം നടത്തി. മഹിളാ അസോസിയേഷന്‍ ബംഗളൂരു ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധപ്രകടനം സംഘടിപ്പിച്ചു. ഹുബ്ബള്ളിയില്‍ കര്‍ണാടക രക്ഷണവേദികെ പ്രവര്‍ത്തകര്‍ പൊതുനിരത്തില്‍ ഗ്യാസ് ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്ത് പ്രതിഷേധിച്ചു. മൈസൂരുവില്‍ വിവിധ കക്ഷികളുടെ നേതൃത്വത്തില്‍ റോഡ് തടഞ്ഞു.

deshabhimani 27062010

അഭിമാനഹത്യയല്ല, കാടത്തം

ദുരഭിമാനഹത്യ: ഡല്‍ഹിയില്‍ പ്രതിഷേധം

കുടുംബത്തിന്റെയും ജാതിയുടെയും താല്‍പ്പര്യങ്ങള്‍ക്കു വിരുദ്ധമായി പ്രണയിച്ച് വിവാഹംചെയ്യുന്നവരെ ക്രൂരമായി കൊലപ്പെടുത്തുന്ന കാടത്തത്തിനെതിരെ ഡല്‍ഹിയില്‍ പ്രതിഷേധം. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വ്യാപകമായ ഇത്തരം ദുരഭിമാനഹത്യ തലസ്ഥാനത്തും ആവര്‍ത്തിച്ചിട്ട് നടപടിയെടുക്കാത്ത ഭരണാധികാരികള്‍ക്കെതിരെ മഹിള, യുവജന, വിദ്യാര്‍ഥി സംഘടനകളുടെ നേതൃത്വത്തില്‍ ധര്‍ണ നടത്തി. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍, ഡിവൈഎഫ്ഐ, എസ്എഫ്ഐ, ഡല്‍ഹി ടീച്ചേഴ്സ് ഫെഡറേഷന്‍ (ഡിടിഎഫ്), ജനസംസ്കൃതി, ജനനാട്യമഞ്ച് തുടങ്ങിയ സംഘടനകളുടെ ആഭിമുഖ്യത്തില്‍ പാര്‍ലമെന്റ് സ്ട്രീറ്റിലെ ജന്തര്‍ മന്ദറിലാണ് ധര്‍ണ നടന്നത്. ആഭ്യന്തരമന്ത്രി പി ചിദംബരത്തിന് സംഘടനാ നേതാക്കള്‍ നിവേദനം നല്‍കി. കുടുംബത്തിന്റെ മാനം കാക്കാനെന്ന പേരില്‍ നടക്കുന്ന ഇത്തരം കാടത്തങ്ങളെ തടയാന്‍ സമഗ്ര നിയമം വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു ധര്‍ണ. ചില ജാതിപഞ്ചായത്തുകളുടെ പ്രാകൃതാചാരം ഇപ്പോള്‍ നഗരങ്ങളിലേക്കും വ്യാപിക്കുകയാണ്. സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് എംപി ഉദ്ഘാടനംചെയ്തു.

അഭിമാനഹത്യയല്ല, കാടത്തം: വൃന്ദ

ന്യൂഡല്‍ഹി: ചില ജാതിപഞ്ചായത്തുകളുടെ പ്രാകൃതാചാരം പിന്തുടര്‍ന്ന് പ്രണയവിവാഹിതരെ കൊലപ്പെടുത്തുന്നതിനെ സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് അപലപിച്ചു. ഇത്തരം കൊലപാതകത്തോട് ചേര്‍ത്ത് അഭിമാനമെന്ന വാക്ക് മാധ്യമങ്ങള്‍ പ്രയോഗിക്കുന്നതുതന്നെ തെറ്റാണെന്ന് വൃന്ദ പറഞ്ഞു. ജാതിപഞ്ചായത്തുകളുടെ ക്രൂരതയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണത്തെക്കുറിച്ച് കഴിഞ്ഞവര്‍ഷം പാര്‍ലമെന്റില്‍ ചോദ്യം ഉന്നയിച്ചപ്പോള്‍ അത്തരം സംഭവങ്ങള്‍ നടക്കുന്നതായി വിവരം ഇല്ലെന്നായിരുന്നു സര്‍ക്കാരിന്റെ മറുപടി. വോട്ടുബാങ്കില്‍ കണ്ണുവച്ച് ജാതിപഞ്ചായത്തുകളുടെ ക്രൂരതയ്ക്ക് ഭരണാധികാരികള്‍ കൂട്ടുനില്‍ക്കുകയാണ്. ആവര്‍ത്തിക്കുന്ന ഇത്തരം ക്രൂരത തടയാന്‍ സമഗ്രവും ശക്തവുമായ നിയമം കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്ന് വൃന്ദ ആവശ്യപ്പെട്ടു.

deshabhimani 27062010

ഒരു ലിറ്റര്‍ പെട്രോളിന് ചെലവ് 30 രൂപ മാത്രം

ഇന്ധനവില വര്‍ധന: പൊതുമേഖലാനഷ്ടം കള്ളക്കഥ

പൊതുമേഖലാ കമ്പനികളുടെ നഷ്ടത്തിന്റെ പേര് പറഞ്ഞ് ഇന്ധനവില വര്‍ധിപ്പിച്ചത് സ്വകാര്യമേഖലയെ സഹായിക്കാനെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. വില കുറച്ച് വില്‍ക്കുന്നതു കാരണം പൊതുമേഖലാ കമ്പനികള്‍ വന്‍ നഷ്ടം സഹിക്കുകയാണെന്നും അതിനാലാണ് വിലനിയന്ത്രണം ഒഴിവാക്കി വില വര്‍ധിപ്പിച്ചതെന്നുമുള്ള കേന്ദ്രത്തിന്റെ വാദം പൊള്ളയാണെന്ന് വെളിപ്പെടുന്നതാണ് പൊതുമേഖലാകമ്പനികളുടെ വരുമാനം.

രാജ്യത്തെ ഏറ്റവും വലിയ എണ്ണക്കമ്പനികളിലൊന്നായ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ ലാഭം കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയ്ക്ക് മൂന്നിരട്ടിയായാണ് വര്‍ധിച്ചത്. 2008-09 സാമ്പത്തിക വര്‍ഷം ഐഒസിയുടെ ലാഭം 2949 കോടിയാണെങ്കില്‍ 2009-10 സാമ്പത്തികവര്‍ഷം ഇത് 10,224 കോടി രൂപയായി ഉയര്‍ന്നു. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലകുറച്ച് വിറ്റതിന്റെ ഫലമായി കമ്പനിക്ക് വന്‍ നഷ്ടമുണ്ടായെങ്കില്‍ ലാഭം കുറയേണ്ടതായിരുന്നു. ഭാരത് പെട്രോളിയത്തിന്റെയും ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റെയും കണക്കും മറിച്ചല്ല.

സര്‍ക്കാര്‍ വന്‍ തുക സബ്സിഡിയായി നല്‍കുന്നതാണ് പൊതുമേഖലാ സ്ഥാപനങ്ങളെ തകര്‍ക്കുന്നതെന്ന വാദം തെറ്റാണെന്ന് ആസൂത്രണ കമീഷനിലെ മുന്‍ മുഖ്യ ഉപദേഷ്ടാവ് സൂര്യ പി സേഥി പറഞ്ഞു. 2008-09 സാമ്പത്തികവര്‍ഷം കേന്ദ്രസര്‍ക്കാരിന് പെട്രോളിയംമേഖലയില്‍നിന്ന് നികുതിയിനത്തില്‍ 1,61,798 കോടി രൂപ ലഭിച്ചപ്പോള്‍ സര്‍ക്കാര്‍ നല്‍കിയ സബ്സിഡിയാകട്ടെ 1,06,980 കോടി രൂപയാണ്. സബ്സിഡി നല്‍കുന്നതിനേക്കാള്‍ തുക എക്സൈസ്- കസ്റംസ് തീരുവയിലൂടെ സമാഹരിക്കുന്ന സര്‍ക്കാര്‍, സബ്സിഡിയുടെ കാര്യം പറയുന്നതില്‍ അര്‍ഥമില്ലെന്നും സേഥി പറഞ്ഞു.

2009-10ല്‍ മാര്‍ച്ചുമുതല്‍ ഡിസംബര്‍വരെ പെട്രോളിയം മേഖലയില്‍നിന്ന് സര്‍ക്കാരിന് ലഭിച്ച വരുമാനം 56,365 കോടി രൂപയാണെങ്കില്‍ സബ്സിഡിയായി നല്‍കിയത് 14,058 കോടി രൂപയും. അതായത്, സാധരണ ജനങ്ങളില്‍നിന്ന് നികുതിയിനത്തില്‍ ഒരു രൂപ പിരിച്ചെടുത്ത് 25 പൈസമാത്രം സബ്സിഡിയായി തിരുച്ചു നല്‍കി. തുച്ഛമായ ഈ സബ്സിഡിയുടെ ഭാരം ഏറ്റെടുക്കുക വഴി പൊതുമേഖലാ സ്ഥാപനങ്ങള്‍ നഷ്ടത്തിലാണെന്ന് പറയുന്നത് നിരര്‍ഥകമാണ്.

2,20,000 കോടി രൂപയുടെ നഷ്ടം പൊതുമേഖലാ കമ്പനികള്‍ക്ക് ഉണ്ടെന്നാണ് സര്‍ക്കാരിന്റെ വാദം. ഇത് സാങ്കല്‍പ്പികനഷ്ടം മാത്രമാണെന്ന് മുന്‍ രാജ്യസഭാംഗവും സിഐടിയു നേതാവുമായ ദീപാങ്കര്‍ മുഖര്‍ജി പറഞ്ഞു. പൊതുമേഖലാ കമ്പനികളുടെ ബാലന്‍സ്ഷീറ്റ് പരിശോധിച്ചാല്‍ ഈ കൊട്ടക്കണക്കിന് അടിസ്ഥാനമില്ലെന്ന് വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു. എണ്ണക്കമ്പനികളെ സഹായിക്കാന്‍ സര്‍ക്കാരിന് പല വഴിയും ഉണ്ടായിരുന്നു. എക്സൈസ് തീരുവയില്‍ 10 ശതമാനം കുറവ് വരുത്തിയാല്‍മാത്രം 12,000 കോടി അവര്‍ക്ക് നല്‍കാന്‍ സര്‍ക്കാരിന് കഴിയുമായിരുന്നു. എണ്ണവ്യവസായത്തിന്റെ വികസനം ലക്ഷ്യമാക്കി 1974ല്‍ പാസാക്കിയ നിയമമനുസരിച്ച് ഇതുവരെ 81,106 കോടി രൂപ സംഭരിച്ചിട്ടുണ്ട്. ഇതില്‍ 902 കോടി രൂപമാത്രമാണ് ചെലവഴിച്ചത്. ബാക്കി 80,204 കോടി രൂപ സര്‍ക്കാരിന്റെ കൈവശമുണ്ട്. ഇത് പൊതുമേഖലാ കമ്പനികള്‍ക്ക് നല്‍കാമായിരുന്നു. അതൊന്നും ചെയ്യാതെ എല്ലാ ബാധ്യതയും ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുകയാണ്. വിലനിയന്ത്രണംമൂലം കൊള്ളലാഭം നേടാന്‍ കഴിയാത്ത സ്വകാര്യ എണ്ണക്കമ്പനികളെ സഹായിക്കാന്‍മാത്രമാണ് ഈ നടപടിയെന്നും അദ്ദേഹം പറഞ്ഞു.
(വി ബി പരമേശ്വരന്‍)

ഒരു ലിറ്റര്‍ പെട്രോളിന് ചെലവ് 30 രൂപ മാത്രം

ഇന്ധന വിലവര്‍ധനയിലൂടെ ജനജീവിതം ദുസ്സഹമാക്കിയ കേന്ദ്രസര്‍ക്കാര്‍ പെട്രോളിനും ഡീസലിനും ഈടാക്കുന്ന നികുതി ഇളവുചെയ്യാന്‍ തയ്യാറാകുന്നില്ല. അന്താരാഷ്ട്രവിപണിയിലെ വിലയ്ക്കനുസരിച്ച് പരമാവധി 30 രൂപയ്ക്ക് ഒരു ലിറ്റര്‍ പെട്രോള്‍ രാജ്യത്ത് വില്‍ക്കാനാകുമെന്നതാണ് യാഥാര്‍ഥ്യം. ബാക്കി തുക മുഴുവന്‍ സര്‍ക്കാര്‍ ഈടാക്കുന്ന നികുതിയും എണ്ണക്കമ്പനികളുടെയും വിതരണക്കാരുടെയും കമീഷനുമാണ്.

ശനിയാഴ്ച അന്താരാഷ്ട്രവിപണിയില്‍ അസംസ്കൃത എണ്ണയുടെ വില ബാരലിന് 76.51 ഡോളറാണ് (ഏകദേശം 2,150 രൂപ). 158.76 ലിറ്റര്‍ (42 ഗ്യാലന്‍) എണ്ണയാണ് ഒരു ബാരലില്‍ ഉണ്ടാകുക. അതനുസരിച്ച് ഒരു ലിറ്റര്‍ അസംസ്കൃത എണ്ണയ്ക്ക് 22.24 രൂപ. ഇത് സംസ്കരിച്ചെടുക്കാന്‍ ലിറ്ററിന് 52 പൈസ ചെലവാകുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. എണ്ണശുദ്ധീകരണശാലകളുടെ മറ്റ് ആവശ്യങ്ങള്‍ക്കായി ലിറ്ററിന് ആറു രൂപയോളവും ചെലവാകും. ഇതെല്ലാമടക്കം ഒരു ലിറ്റര്‍ പെട്രോളിന് ചെലവ് 28.76 രൂപ. നിലവില്‍ ജനങ്ങളില്‍നിന്ന് ഈടാക്കുന്നതിന്റെ പകുതിമാത്രം. ബാക്കി തുക മുഴുവന്‍ കസ്റംസ് നികുതി, എക്സൈസ് തീരുവ, സ്പെഷ്യല്‍ എക്സൈസ് തീരുവ, വിദ്യാഭ്യാസ സെസ് തുടങ്ങിയ പേരില്‍ കേന്ദ്രസര്‍ക്കാര്‍ ഈടാക്കുന്നതാണ്. ഇതടക്കം മൊത്തം വിലയുടെ 54 ശതമാനത്തോളം നികുതിയിനത്തില്‍ ജനങ്ങളില്‍നിന്ന് സര്‍ക്കാര്‍ പിഴിയുന്നു. നിലവിലുള്ള അന്താരാഷ്ട്രവിലയുടെ അടിസ്ഥാനത്തിലാണ് ഈ കണക്ക്.

കഴിഞ്ഞ ആറുമാസമായി ബാരലിന് 70-80 ഡോളറാണ് അന്താരാഷ്ട്രകമ്പോളത്തില്‍ എണ്ണവില. എന്നാല്‍, കഴിഞ്ഞവര്‍ഷം ജൂണില്‍ ബാരലിന് 30 ഡോളറായിരുന്നു. ഇഷ്ടാനുസരണം വില വര്‍ധിപ്പിക്കാനുള്ള അവകാശം എണ്ണക്കമ്പനികള്‍ക്ക് നല്‍കിയതോടെ ആനുപാതികമായ കമീഷന്റെയും നികുതികളുടെയും പേരില്‍ വന്‍ കൊള്ളയാകും സ്വകാര്യ കമ്പനികള്‍ നടത്തുക. ഒരു ദിവസം ലിറ്ററിന് അമ്പതു പൈസ അധികം ഇടാക്കിയാല്‍ എണ്ണക്കമ്പനികള്‍ക്ക് കോടികളാണ് ലാഭം. സര്‍ക്കാര്‍ നിശ്ചയിക്കുന്ന വിലയ്ക്ക് പെട്രോളും ഡീസലും വില്‍ക്കുന്നതിലൂടെ ഉണ്ടാകുന്ന നഷ്ടം പരിഹരിക്കാനെന്ന പേരില്‍ വന്‍ തുകയാണ് സ്വകാര്യകമ്പനികള്‍ക്ക് നല്‍കുന്നത്
(വിജേഷ് ചൂടല്‍)

deshabhimani 27062010

ഗോള്‍ഫ് ക്ളബ് സര്‍ക്കാര്‍ ഏറ്റെടുത്തു

സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം ഗോള്‍ഫ് ക്ളബ് സര്‍ക്കാര്‍ ഏറ്റെടുത്തു. തിരുവനന്തപുരം തഹസില്‍ദാര്‍ മധു ഗംഗാധറിന്റെ നേതൃത്വത്തിലുള്ള റവന്യൂ അധികൃതരാണ് ഗോള്‍ഫ് ക്ളബും ക്ളബ്ബിന്റെ സ്ഥാവരജംഗമവസ്തുക്കളും ഏറ്റെടുത്തത്. ഇതോടെ കവടിയാറിലെ 25.37 ഏക്കറുംഗോള്‍ഫ് ക്ളബും സര്‍ക്കാരിന്റെ പൂര്‍ണനിയന്ത്രണത്തിലായി.

ഗോള്‍ഫ് ക്ളബ്ബിന്റെ എസ്റേറ്റ് ഓഫീസറായി ഡെപ്യൂട്ടി കലക്ടര്‍ എം അഞ്ജന ചുമതലയേറ്റു. ഗോള്‍ഫ് ക്ളബ് 71 കോടി രൂപ പാട്ടക്കുടിശ്ശിക വരുത്തുകയും പാട്ടക്കരാര്‍ ലംഘിക്കുകയും ചെയ്തിരുന്നു. ക്ളബ് സംസ്ഥാന സര്‍ക്കാരിന് ഏറ്റെടുക്കാമെന്ന് കഴിഞ്ഞ മെയ് 17നാണ് ഹൈക്കോടതി ഉത്തരവിട്ടത്. ഇതിനെതിരെ ക്ളബ് അധികൃതര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. 24 മണിക്കൂറിനുള്ളില്‍ ക്ളബ് ഒഴിയണമെന്ന് ആവശ്യപ്പെട്ട് കലക്ടര്‍ ക്ളബ് സെക്രട്ടറിക്ക് വെള്ളിയാഴ്ച നോട്ടീസ് നല്‍കിയിരുന്നു. തുടര്‍ന്ന് തിരുവനന്തപുരം തഹസില്‍ദാറുടെ നേതൃത്വത്തില്‍ ക്ളബ്ബിലെ ഫര്‍ണിച്ചറടക്കമുള്ള ജംഗമവസ്തുക്കളുടെ കണക്കെടുപ്പും ആസ്തിനിര്‍ണയവും തുടങ്ങി. ശനിയാഴ്ച പുലര്‍ച്ചയോടെയാണ് ഇതിന്റെ നടപടിക്രമം പൂര്‍ത്തിയായത്.

ശനിയാഴ്ച ഉച്ചയോടെ ക്ളബ്ബിന്റെ സ്ഥാവരജംഗമവസ്തുക്കള്‍ ഏറ്റെടുക്കുന്നതായി കാണിച്ച് തിരുവനന്തപുരം തഹസില്‍ദാര്‍ നല്‍കിയ ഔദ്യോഗികരേഖയില്‍ ക്ളബ് സെക്രട്ടറി എസ് എന്‍ രഘുചന്ദ്രന്‍നായര്‍ ഒപ്പുവച്ചു. ഗോള്‍ഫ് ക്ളബ്ബിന്റെ ബോര്‍ഡ് നീക്കംചെയ്ത് സര്‍ക്കാര്‍ ബോര്‍ഡ് സ്ഥാപിച്ചു. ഗോള്‍ഫ് ക്ളബ് നടത്തിപ്പിന് ചീഫ് സെക്രട്ടറി തലവനായുള്ള 10 അംഗ സമിതിക്കായിരിക്കും ഇനി അധികാരം. ചീഫ് സെക്രട്ടറിക്കുപുറമെ സര്‍ക്കാര്‍ പ്രതിനിധികളായി അഞ്ചുപേരും നാല് ക്ളബ് ഭാരവാഹികളുമായിരിക്കും സമിതി അംഗങ്ങള്‍.

Saturday, June 26, 2010

യൂറോപ്പ് സുല്ലിട്ടു

നിലവിലുള്ള ജേതാക്കളായ ഇറ്റലിയും റണ്ണറപ്പ് ഫ്രാന്‍സും ദയനീയമായി തോറ്റ് പുറത്ത്. അതേസമയം ദക്ഷിണ അമേരിക്കന്‍ ടീമുകള്‍ മുന്നോട്ട്. ആഫ്രിക്ക ഘാനയില്‍ ഒതുങ്ങിയെങ്കിലും ദക്ഷിണ കൊറിയയും ജപ്പാനും ഏഷ്യയുടെ മാനം കാത്തു- രണ്ടാംറൌണ്ടിലേക്ക് കടക്കുന്ന ലോകകപ്പ് ഫുട്ബോളിന്റെ നഖചിത്രമിങ്ങനെ.

12 ടീമുകളാണ് യൂറോപ്പില്‍നിന്ന് കളിച്ചത്. ഏഴുപേര്‍ പുറത്തായി. ആഫ്രിക്കയില്‍നിന്ന് ആറ്. അവശേഷിക്കുന്നത് ഒന്ന്. ഏഷ്യക്ക് നാല്, രണ്ടുപേര്‍ ബാക്കി. കോണ്‍കാഫിന് മൂന്ന്. രണ്ടുപേര്‍ നോക്കൌട്ടില്‍. ദക്ഷിണ അമേരിക്കയ്ക്ക് അഞ്ചില്‍ അഞ്ചും. ചുരുക്കത്തില്‍ യൂറോപ്പിന് വന്‍ തകര്‍ച്ച, ദക്ഷിണ അമേരിക്കയുടെ സമഗ്രാധിപത്യം.

ലോകകപ്പിന്റെ ചരിത്രം യൂറോപ്പ്-ലാറ്റിനമേരിക്കന്‍ പോരാട്ടങ്ങളുടേതാണ്. കഴിഞ്ഞ 18 ടൂര്‍ണമെന്റുകളില്‍ ഒമ്പതു കിരീടം പങ്കിട്ട് ശാക്തിക ബലാബലത്തില്‍ തുല്യത പാലിച്ചു. യൂറോപ്പ് കിരീടം നേടുന്ന ടൂര്‍ണമെന്റില്‍ ലാറ്റിനമേരിക്കയും ലാറ്റിനമേരിക്ക ജേതാക്കളായ ടൂര്‍ണമെന്റില്‍ യൂറോപ്പും ശക്തമായ ചെറുത്തുനില്‍പ്പ് നടത്തിയിട്ടുണ്ട്. എന്നാല്‍ ചരിത്രത്തില്‍ഇതാദ്യമായി യൂറോപ്പ് ലോകകപ്പ് ഫുട്ബോളിന്റെ പുറമ്പോക്കിലേക്ക് പിന്തള്ളപ്പെടുകയാണ്.

ഇറ്റലിയുടെയും ഫ്രാന്‍സിന്റെയും ആദ്യ റൌണ്ടിലെ പുറത്താകലില്‍ ഒതുങ്ങുന്നില്ല യൂറോപ്പിന്റെ തകര്‍ച്ചയുടെ ആഴം. അടുത്ത റൌണ്ടിലേക്ക് യോഗ്യത നേടിയ ഇംഗ്ളണ്ട്, ജര്‍മനി എന്നിവരുടെ പ്രകടനങ്ങളിലെ ദൈന്യതകൂടി പരിഗണിച്ചാലേ ലോക ഫുട്ബോളിനെ നിയന്ത്രിക്കുന്ന വന്‍കരയില്‍ കാര്യങ്ങള്‍ അടിമുടി കുഴപ്പത്തിലാണെന്ന് വ്യക്തമാകൂ. അമേരിക്കയോടും അല്‍ജീരിയയോടും സമനില വഴങ്ങിയ ഇംഗ്ളണ്ട് കഷ്ടിച്ച് സ്ളൊവേനിയയെ മറികടന്നാണ് നോക്കൌട്ട് റൌണ്ടിലെത്തിയത്. ലോകത്തിലെ ഏറ്റവും മികച്ചതും സമ്പന്നവുമായ ഇംഗ്ളീഷ് പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന സൂപ്പര്‍ താരങ്ങള്‍ ഒന്നും പതിവ് നിലവാരത്തിലേക്കുയര്‍ന്നില്ല. ആദ്യ കളിയില്‍ ഓസ്ട്രേലിയയെ എതിരില്ലാത്ത നാലു ഗോളിന് തോല്‍പ്പിച്ച ജര്‍മനി അടുത്ത കളിയില്‍ നവാഗതരായ സെര്‍ബിയയോട് തോറ്റു. മൂന്നാംകളിയില്‍ ഘാനയുടെമുന്നില്‍ വിയര്‍ത്തെങ്കിലും ഒരു ഗോളിന് ജയിച്ചു. കറുത്ത കുതിരകള്‍ എന്ന് യൂറോപ്പ് വീമ്പിളക്കിയ സെര്‍ബിയ ജയിച്ചത് ഒരു കളിയും. മൂന്നു മത്സരവും ജയിച്ച് അടുത്ത റൌണ്ടില്‍ കടന്ന ഹോളണ്ട് മാത്രമാണ് ഈ വന്‍കരയ്ക്ക് ആശ്വാസം.

ബ്രസീല്‍, അര്‍ജന്റീന, ഉറുഗ്വേ, പരാഗ്വേ, ചിലി എന്നീ അഞ്ചു ടീമുകളാണ് ലാറ്റിനമേരിക്കയുടെ പ്രതിനിധികള്‍. കളിച്ച 10 മത്സരങ്ങളില്‍ എട്ടു ജയം, രണ്ടു സമനില. ബ്രസീലും അര്‍ജന്റീനയും പതിവുപോലെ തുടങ്ങി. അതില്‍ അത്ഭുതവുമില്ല. എന്നാല്‍ ശേഷിക്കുന്ന മൂന്നു ടീമുകളുടെ പ്രകടനമാണ് ഏറെ ശ്രദ്ധേയം. അര്‍ജന്റീനന്‍ പരിശീലകന്‍ ദ്യേഗോ മാറഡോണ പറയുന്നത് ദക്ഷിണ അമേരിക്കന്‍ ടീമുകളുടെ നാലയലത്ത് മറ്റു വന്‍കരക്കാര്‍ എത്തില്ല എന്നാണ്. ഈ ലോകകപ്പില്‍ അത് വ്യക്തമായെന്നുമാത്രം. വന്‍കരാ യോഗ്യതയില്‍ ആറാമതായിപ്പോയ ഇക്വഡോറിനുപോലും യൂറോപ്പിലെ ആരെയും തോല്‍പ്പിക്കാനാകും- അദ്ദേഹം പറഞ്ഞു. ഈ വാക്കുകള്‍ വിശ്വസിക്കാതെ തരമില്ല. കാരണം, കണക്കുകളും കളിയും ഇതിന് പിന്‍ബലം നല്‍കുന്നു.

മറ്റൊരു വസ്തുതകൂടി കേള്‍ക്കുക. യൂറോപ്പ് ഇതുവരെ സ്വന്തം വന്‍കരയ്ക്ക് പുറത്ത് കിരീടം നേടിയിട്ടില്ല. ഈ ബഹുമതി ദക്ഷിണ അമേരിക്കക്കാര്‍ക്കുമാത്രം. കൃത്യമായി പറഞ്ഞാല്‍ ബ്രസീലിന്. സ്വീഡന്‍ (1958), അമേരിക്ക (1994), ജപ്പാന്‍-കൊറിയ (2002) എന്നിവിടങ്ങളിലാണ് അവര്‍ കിരീടം ഉയര്‍ത്തിയത്. ഇനി ദക്ഷിണാഫ്രിക്ക-2010?

deshabhimani 26062010

Friday, June 25, 2010

യുപിഎ സര്‍ക്കാരിന്റെ എട്ടാമത്തെ വിലവര്‍ധന

എണ്ണക്കമ്പനികള്‍ വിലയിടും

ഇന്ധനവില നിയന്ത്രണത്തില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറിയതോടെ രാജ്യത്തെ ഇന്ധനവിപണി കുത്തകകളുടെ പിടിയില്‍. പൊതുമേഖലാ എണ്ണക്കമ്പനികള്‍ നഷ്ടത്തിലാണെന്നും അവയെ കരകയറ്റാന്‍ വിലവര്‍ധന അനിവാര്യമാണെന്നുമാണ് സര്‍ക്കാര്‍ വാദം. എന്നാല്‍, റിലയന്‍സ് അടക്കമുള്ള സ്വകാര്യ കുത്തകകളുടെ താല്‍പ്പര്യം സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമം. അന്താരാഷ്ട്ര വിപണിയിലെ അസംസ്കൃത എണ്ണയുടെ വിലയ്ക്കനുസരിച്ച് ദിവസവും ഇന്ധനവില വ്യത്യാസപ്പെടുന്ന രീതിയിലേക്കാണ് രാജ്യം നീങ്ങുന്നത്. നിലവില്‍ അന്താരാഷ്ട്ര വിപണിയില്‍ 76 ഡോളറാണ് ബാരല്‍ എണ്ണയുടെ വില. ഇതനുസരിച്ച് വിലനിയന്ത്രണം നീക്കിയതിനെത്തുടര്‍ന്ന് പെട്രോളിന് 3.73 രൂപ വര്‍ധിച്ചു.

വില നിയന്ത്രിക്കാനുള്ള അധികാരം കേന്ദ്രസര്‍ക്കാര്‍ അടിയറവച്ചതിലൂടെ സ്വകാര്യ എണ്ണക്കമ്പനികള്‍ക്ക് വന്‍ നേട്ടമാണ് ഉണ്ടായത്. എണ്ണക്കമ്പനികള്‍ക്ക് ലാഭം കുറയുമെന്നും ഭയപ്പെടേണ്ട. സാധാരണനിലയില്‍ ഒരു വര്‍ഷത്തിനകം അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണയുടെ വില പത്ത് ഡോളറെങ്കിലും വര്‍ധിക്കുമെന്നാണ് വിലയിരുത്തല്‍. അതോടെ രാജ്യത്ത് ഇന്ധനവില ആനുപാതികമായി കുതിക്കും. മണ്ണെണ്ണ വിലയടക്കം അനുദിനം ചാഞ്ചാടുന്ന അവസ്ഥയില്‍ രാജ്യത്തെ പൊതുവിതരണ സംവിധാനം താറുമാറാകും. പാചകവാതകവില നിയന്ത്രണമില്ലാതെ വര്‍ധിക്കുന്നത് സാധാരണക്കാരന്റെ കുടുംബ ബജറ്റിനെ താളംതെറ്റിക്കും. എണ്ണക്കമ്പനികള്‍ ഇന്ധനവില ആനുപാതികമായി വ്യത്യാസപ്പെടുത്തുന്ന രീതി കരിഞ്ചന്തയ്ക്കും പൂഴ്ത്തിവയ്പിനും വഴിയൊരുക്കും. വില വര്‍ധിക്കുന്ന സാഹചര്യത്തില്‍ കഴിയുന്നത്ര ലാഭം കൊയ്യാന്‍ പെട്രോളും ഡീസലും ശേഖരിച്ചു വയ്ക്കാനാകും എണ്ണക്കമ്പനികളും ഇടനിലക്കാരും പമ്പുടമകളും ശ്രമിക്കുക. വില അല്‍പ്പം താണാല്‍ നഷ്ടം ഒഴിവാക്കാനായി എണ്ണവിതരണം നിര്‍ത്താനും വ്യാപാരികള്‍ ശ്രമിക്കും.

വിലനിയന്ത്രണത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറിയതോടെ റിലയന്‍സും എസ്സാറും അടക്കമുള്ള സ്വകാര്യ എണ്ണക്കമ്പനികളുടെ ഓഹരിവില ആറു ശതമാനത്തോളം ഉയര്‍ന്നു. സര്‍ക്കാരിന്റെ നീക്കം ആര്‍ക്കാണ് പ്രയോജനപ്പെട്ടതെന്നതിന്റെ വ്യക്തമായ തെളിവായി ഇത്. പൊതുമേഖലാ എണ്ണക്കമ്പനികളുടെ നഷ്ടം നികത്താനാണ് വില കൂട്ടിയതെന്ന വാദവും യുക്തിക്ക് നിരക്കുന്നതല്ല. വ്യക്തമായ കണക്കെടുപ്പ് ഇല്ലാതെയാണ് എണ്ണക്കമ്പനികളുടെ നഷ്ടക്കണക്ക് സര്‍ക്കാര്‍ അവതരിപ്പിക്കുന്നത്. ലാഭത്തിലുണ്ടായ കുറവിനെയാണ് നഷ്ടമായി പെരുപ്പിച്ചു കാട്ടുന്നത്. സര്‍ക്കാരിന്റെ സബ്സിഡിയോടെ കുറഞ്ഞ വിലയ്ക്ക് പൊതുമേഖലാ എണ്ണക്കമ്പനികള്‍ പെട്രോളും ഡീസലും വില്‍ക്കുന്നത് സ്വകാര്യകമ്പനികള്‍ക്ക് വന്‍ തിരിച്ചടിയായിരുന്നു. ആദ്യഘട്ടത്തില്‍ പെട്രോളിന്റെ വിലനിര്‍ണയത്തില്‍നിന്നാണ് സര്‍ക്കാര്‍ പിന്മാറിയത്. ഘട്ടംഘട്ടമായി ഡീസലിന്റെയും മണ്ണെണ്ണയുടെയും പാചകവാതകത്തിന്റെയും വില നിശ്ചയിക്കാനുള്ള അധികാരവും എണ്ണക്കമ്പനികളെ ഏല്‍പ്പിക്കും.
(വിജേഷ് ചൂടല്‍)

യുപിഎ സര്‍ക്കാരിന്റെ എട്ടാമത്തെ വിലവര്‍ധന

യുപിഎ സര്‍ക്കാര്‍ 2004ല്‍ അധികാരമേറ്റശേഷം ഇന്ധനവില വര്‍ധിപ്പിച്ചത് എട്ടുതവണ. രണ്ടാം യുപിഎ സര്‍ക്കാര്‍ വന്നശേഷം ഇത് രണ്ടാം തവണയും. ഒന്നാം യുപിഎ സര്‍ക്കാര്‍ 2004 മെയില്‍ അധികാരമേറ്റ് ഒരു മാസത്തിനകം ഇന്ധനവില വര്‍ധിപ്പിച്ചു. അന്ന് പെട്രോള്‍ ലിറ്ററിന് രണ്ടു രൂപയും ഡീസലിന് ഒരു രൂപയും പാചകവാതകത്തിന് 20 രൂപയുമാണ് വര്‍ധിപ്പിച്ചത്. നാലുമാസത്തിനുശേഷം വീണ്ടും വര്‍ധിപ്പിച്ചു. 2005ല്‍ രണ്ടുതവണയും 2006 ജൂണിലും 2008 ജൂണിലും വില വര്‍ധിപ്പിച്ചു. രണ്ടാം യുപിഎ സര്‍ക്കാരിന്റെ ആദ്യ പൂര്‍ണബജറ്റില്‍ എക്സൈസ്-കസ്റംസ് തീരുവ വര്‍ധിപ്പിച്ച് പെട്രോള്‍-ഡീസല്‍ വില രണ്ടര രൂപയിലധികം വര്‍ധിപ്പിച്ചിരുന്നു. യുപിഎ സര്‍ക്കാര്‍കാലത്തുമാത്രം പെട്രോള്‍ ലിറ്ററിന് 20 രൂപയും ഡീസലിന് 15 രൂപയും പാചകവാതകത്തിന് 90 രൂപയും വര്‍ധിപ്പിച്ചു. ഇത്തവണ മണ്ണെണ്ണവിലയും കൂട്ടിയിട്ടുണ്ട്. സാധാരണ ജനങ്ങളുടെ താല്‍പ്പര്യത്തേക്കാള്‍ കോര്‍പറേറ്റുകളുടെ താല്‍പ്പര്യമാണ് തങ്ങള്‍ക്ക് പഥ്യമെന്ന് യുപിഎ സര്‍ക്കാര്‍ തെളിയിച്ചിരിക്കയാണ്.

എണ്ണവിപണി എരിയും; പ്രത്യാഘാതം ഗുരുതരം

ഇന്ധനവില നിശ്ചയിക്കാനുള്ള അധികാരം എണ്ണക്കമ്പനികള്‍ക്ക് വിട്ടുകൊടുത്ത കേന്ദ്രസര്‍ക്കാര്‍ നടപടി രാജ്യത്ത് ഗുരുതരമായ പ്രത്യാഘാതം സൃഷ്ടിക്കും. പണപ്പെരുപ്പം രണ്ടക്കത്തിലേക്ക് കടക്കുകയും ഭക്ഷ്യവിലക്കയറ്റം നിയന്ത്രണാതീതമായി കുതിക്കുകയും ചെയ്യുമ്പോള്‍ ദുരിതത്തീയില്‍ എണ്ണപകരുകയാണ് കേന്ദ്രസര്‍ക്കാര്‍. ഒരുവര്‍ഷത്തിനിടെ മൂന്നാംതവണയും എണ്ണവില വര്‍ധിപ്പിച്ച് സാധരണക്കാരെ തീരാദുരിതത്തിലാക്കിയ കേന്ദ്രസര്‍ക്കാര്‍ വിലക്കയറ്റവും പണപ്പെരുപ്പവും നിയന്ത്രിക്കാന്‍ താല്‍പ്പര്യമില്ലെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കുകയാണ്. ജനങ്ങള്‍ അനുദിനം ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തുമ്പോഴും കോര്‍പറേറ്റുകളെ പ്രോത്സാഹിപ്പിക്കുന്ന നവഉദാരവല്‍ക്കരണ നടപടികളില്‍നിന്ന് പിന്മാറാന്‍ ഒരുക്കമല്ലെന്നും യുപിഎ സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

മൊത്തവില സൂചികയനുസരിച്ച് പണപ്പെരുപ്പം 20 ശതമാനത്തിലേക്ക് കുതിക്കുകയാണ്. പെട്രോള്‍-ഡീസല്‍ വിലവര്‍ധന ചരക്കുഗതാഗതത്തിന്റെ ചെലവ് വര്‍ധിപ്പിക്കുന്നതോടെ വിലക്കയറ്റം കൂടുതല്‍ രൂക്ഷമാകും. ബസ് യാത്രാനിരക്കും മറ്റ് ചെലവുകളും വര്‍ധിക്കുന്നതോടെ സാധാരണക്കാരന്റെ കുടുംബ ബജറ്റ് തകിടംമറിയും. അന്താരാഷ്ട്രവിപണിയിലെ അസംസ്കൃതവിലയുടെ ദൈനംദിന ചാഞ്ചാട്ടമനുസരിച്ച് സ്വര്‍ണവിലപോലെ ഇന്ധനവിലയും ആടിക്കളിച്ചാല്‍ അതനുസരിച്ച് ബസ്ചാര്‍ജും ഓട്ടോ-ടാക്സി നിരക്കും ചരക്കുകൂലിയും മറ്റും അപ്പപ്പോള്‍ വ്യത്യാസപ്പെടുത്താനാകുമോയെന്ന വിമര്‍ശത്തിന് സര്‍ക്കാരിന് ഉത്തരമില്ല.

നിലവിലുള്ള രീതിയനുസരിച്ച് കുറച്ചുകാലത്തേക്കെങ്കിലും ഇന്ധനവില വ്യതിയാനമില്ലാതെ നിലനില്‍ക്കുന്നതിനാല്‍ മറ്റുവിപണികളും അതിനോട് പൊരുത്തപ്പെട്ട് പോവുകയാണ്. എണ്ണവിലയിലെ അടിക്കടിയുള്ള വ്യതിയാനം ഈ സംവിധാനത്തെ തകിടംമറിക്കും. കഴിഞ്ഞവര്‍ഷം 140 ഡോളര്‍വരെ അന്താരാഷ്ട്രവില ഉയര്‍ന്നിരുന്നു. വീണ്ടും അത്തരമൊരു സാഹചര്യമുണ്ടായാല്‍ പൊട്രോളിനും ഡീസലിനും ലിറ്ററിന് നൂറു രൂപയിലേറെ നല്‍കേണ്ട ഗതികേടാകും. മണ്ണെണ്ണയുടെയും പാചകവാതകത്തിന്റെയും വിലയും ചുരുങ്ങിയ ദിവസംകൊണ്ട് ഇരട്ടിയായാലും അത്ഭുതപ്പെടാനാകില്ല. ഈ ഘട്ടത്തില്‍ ചരക്കുകൂലിയും യാത്രക്കൂലിയും മറ്റും ഇരട്ടിയാക്കണമെന്ന ആവശ്യത്തെ എങ്ങനെ നേരിടുമെന്ന് വ്യക്തമാക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ല.

രാജ്യത്തെ പൊതുവിതരണസംവിധാനത്തിന്റെ കടയ്ക്കല്‍ കത്തിവയ്ക്കുന്നതാകും ഇന്ധനവില നിര്‍ണയത്തില്‍നിന്ന് പിന്മാറാനുള്ള സര്‍ക്കാര്‍ തീരുമാനം. രാജ്യത്തെ 80 ശതമാനത്തോളം ജനങ്ങളും മണ്ണെണ്ണയ്ക്കായി ആശ്രയിക്കുന്ന റേഷന്‍കടകളുടെ പ്രവര്‍ത്തനമാകെ പ്രതിസന്ധിയിലാകും. പൊതുബജറ്റിലൂടെ കേന്ദ്രം എണ്ണവില വര്‍ധിപ്പിച്ചത് മൂന്നുമാസംമുമ്പാണ്. ഇതേത്തുടര്‍ന്ന് രാജ്യമാകെ പ്രതിഷേധം അലയടിച്ചെങ്കിലും യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയുടെ പിന്തുണയോടെ സര്‍ക്കാര്‍ വിലവര്‍ധനയില്‍ ഉറച്ചുനിന്നു. ഇതേത്തുടര്‍ന്നുണ്ടയ പ്രത്യാഘാതത്തിന്റെ ഞെട്ടല്‍ മാറുംമുമ്പാണ് കൂടുതല്‍ ഭീമമായ വിലവര്‍ധന.

തീരുമാനം 'അംബാനിമാരെ' സഹായിക്കാന്‍

പെട്രോളിയംവില നിര്‍ണയിക്കുന്നതില്‍നിന്ന് സര്‍ക്കാര്‍ പിന്മാറിയത് കേന്ദ്രം ഭരിക്കുന്നവര്‍ക്ക് വന്‍ തുക ഫണ്ടുനല്‍കുന്ന സ്വകാര്യകമ്പനികളെ സഹായിക്കാന്‍. സര്‍ക്കാര്‍ വിലനിയന്ത്രിക്കുന്നതു കാരണം കൊള്ളലാഭം നേടാന്‍ അംബാനിയുടെ റിലയന്‍സിനും റൂയിയ കുടംബത്തിന്റെ എസ്സാറിനും കഴിഞ്ഞിരുന്നില്ല. പൊതുമേഖലാ എണ്ണക്കമ്പനികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ സ്വകാര്യകമ്പനികളുടെ വിലയില്‍ വ്യത്യാസമുണ്ടായിരുന്നു. അതുകൊണ്ട് റിലയന്‍സിന്റെയും എസ്സാറിന്റെയും മറ്റും മൂവായിരത്തിലധികം പെട്രോള്‍ പമ്പ് ഉപയോക്താക്കളെ കിട്ടാതെ അടച്ചുപൂട്ടേണ്ടി വന്നു. കുറച്ചു മാസമായി പെടോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് നല്‍കുന്ന സബ്സിഡി എടുത്തുകളയാന്‍ എണ്ണക്കമ്പനികള്‍ സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുകയായിരുന്നു. ഇതിന്റെ ഫലമാണ് ആദ്യപടിയായി പെട്രോളിന്റെ വില നിയന്ത്രിക്കുന്നതില്‍നിന്ന് സര്‍ക്കാര്‍ പിന്മാറിയത്. ഇനി റിലയന്‍സിന്റെയും എസ്സാറിന്റെയും മറ്റും അടഞ്ഞു കിടക്കുന്ന പെട്രോള്‍ പമ്പുകള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാനാകും.

പെട്രോളിന് ലിറ്ററിന് മൂന്നര രൂപ വര്‍ധിച്ചതോടെ സബ്സിഡി വെറും 23 പൈസ മാത്രമായിരിക്കും. സ്വകാര്യകമ്പനികള്‍ യോജിച്ച് വില വര്‍ധിപ്പിച്ചാല്‍ പൊതുമേഖലാ കമ്പനികളും അത് പിന്തുടരേണ്ടിവരും. ഒരു ലിറ്റര്‍ പെട്രോളിന് ഈടാക്കുന്ന വിലയില്‍ 57 ശതമാനവും നികുതിയായതിനാല്‍ വിലക്കയറ്റം കേന്ദ്രസര്‍ക്കാരിനും താല്‍പ്പര്യമുള്ള കാര്യമാണ്. എണ്ണക്കമ്പോളം പിടിക്കാന്‍ കുറച്ചുകാലം വില കുറച്ച് വില്‍ക്കുകയെന്ന തന്ത്രം സ്വകാര്യകമ്പനികള്‍ സ്വീകരിക്കാം. ഇങ്ങനെവന്നാല്‍ പൊതുമേഖലാ കമ്പനികള്‍ അവരുടെ പമ്പുകള്‍ പൂട്ടുന്ന സ്ഥിതിവരും. പൊതുമേഖലയെ തകര്‍ക്കുകയെന്നതും ഉദാരവല്‍ക്കരണം പിന്തുടരുന്ന മന്‍മോഹന്‍സിങ് സര്‍ക്കാരിന്റെ ലക്ഷ്യമാണ്. ആണവരംഗത്തുകൂടി സ്വകാര്യമേഖലയ്ക്ക് കടന്നുവരാന്‍ അനുവാദം നല്‍കുന്നതോടെ തന്ത്രപ്രധാന മേഖലയായ ഊര്‍ജരംഗം സ്വകാര്യമേഖലയുടെ കൈകളിലാകും.

ജനങ്ങള്‍ക്കുമേല്‍ ഇടിത്തീ: ഇടതുപക്ഷം

അവശ്യവസ്തുക്കളുടെ വിലക്കയറ്റത്തില്‍ പൊറുതിമുട്ടുന്ന ജനങ്ങള്‍ക്കുമേല്‍ ക്രൂരമായ പ്രഹരമാണ് യുപിഎ സര്‍ക്കാര്‍ അടിച്ചേല്‍പ്പിച്ചതെന്ന് ഇടതുപക്ഷ പാര്‍ടികള്‍ പറഞ്ഞു. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ ജനവിരുദ്ധ മുഖമാണ് ഇന്ധനവില വര്‍ധനയിലൂടെ ഒരിക്കല്‍കൂടി തെളിഞ്ഞത്. ജനങ്ങളെ ദ്രോഹിക്കുന്ന ഈ തീരുമാനം ഉടന്‍ പിന്‍വലിക്കണമെന്നും ഇടതുപക്ഷം സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ഇന്ധനവില വര്‍ധിപ്പിച്ചതിനെതിരെ ശക്തമായ പ്രക്ഷോഭം നടത്താനും പ്രകാശ് കാരാട്ട് (സിപിഐ എം), എ ബി ബര്‍ദന്‍ (സിപിഐ), ടി ജെ ചന്ദ്രചൂഡന്‍ (ആര്‍എസ്പി), ദേവബ്രത ബിശ്വാസ് (ഫോര്‍വേഡ്ബ്ളോക്ക്) എന്നിവര്‍ ജനങ്ങളെ ആഹ്വാനം ചെയ്തു.

ഭക്ഷ്യവസ്തുക്കളുടെ പണപ്പെരുപ്പം 17 ശതമാനവും പൊതുവായ പണപ്പെരുപ്പം ഇരട്ട അക്കത്തിലുമായി ഉയര്‍ന്ന വേളയിലാണ് ഇന്ധനവില കുത്തനെ കൂട്ടുന്നത്. കൂടുതല്‍ ഉപഭോക്തൃ പണപ്പെരുപ്പനിരക്കുള്ള രാജ്യമെന്ന കുപ്രസിദ്ധിയും ഇന്ത്യക്കുണ്ട്. കിരീത് പരീഖ് കമ്മിറ്റി ശുപാര്‍ശപ്രകാരം പെട്രോളിയത്തെ വിലനിയന്ത്രണത്തില്‍നിന്ന് ഒഴിവാക്കിയിരിക്കയാണ്. വില പൂര്‍ണമായും കമ്പോളത്തിന് വിട്ടുകൊടുത്തു. ഇത് രാജ്യത്തിനും സമ്പദ്വ്യവസ്ഥയ്ക്കും ഏറെ ദോഷകരമാണ്. വിലവര്‍ധന ന്യായീകരിക്കാനുള്ള സര്‍ക്കാര്‍ വാദങ്ങളൊന്നും അംഗീകരിക്കാന്‍ കഴിയില്ല.

മൂന്നുമാസംമുമ്പ് ബജറ്റ് വേളയില്‍ പെട്രോളിന്റെയും ഡീസലിന്റെയും വില ലിറ്ററിന് മൂന്നുരൂപ വര്‍ധിപ്പിച്ചിരുന്നു. സാര്‍വദേശീയ വിപണിയില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില ഇപ്പോള്‍ വര്‍ധിച്ചിട്ടുമില്ല. കിട്ടാക്കടം പിരിച്ചെടുക്കാനായി പൊതുമേഖലാ കമ്പനികളെ സഹായിക്കാനാണ് ഈ നടപടിയെന്ന സര്‍ക്കാര്‍ വാദം വെറും മിഥ്യയാണ്. ഉല്‍പ്പാദനത്തിന്റെ യഥാര്‍ഥ ചെലവ് പരിഗണിക്കാതെ തീര്‍ത്തും ഊഹത്തിന്റെ അടിസ്ഥാനത്തിലുള്ളതാണ് കിട്ടാക്കടം സംബന്ധിച്ച കണക്ക്. സര്‍ക്കാരിന്റെ വിലനിയന്ത്രണമുള്ളതുകൊണ്ട്, കമ്പോളത്തില്‍നിന്ന് പിന്‍വാങ്ങിയ സ്വകാര്യകമ്പനികളെ സഹായിക്കുന്നതിനാണ് വിലനിയന്ത്രണം പിന്‍വലിച്ചത്. സ്വകാര്യകമ്പനികള്‍ക്ക് ഇനി സ്വതന്ത്രമായി കമ്പോളത്തില്‍ പ്രവേശിച്ച് ലാഭം കൊയ്യാനാകും. വിലനിയന്ത്രണം ഒഴിവാക്കിയതോടെ വില തുടര്‍ച്ചയായി വര്‍ധിപ്പിക്കാനുള്ള സാധ്യതയും സര്‍ക്കാര്‍ തുറന്നിരിക്കയാണ്. ഡീസലിന്റെയും മണ്ണെണ്ണയുടെയും വില വര്‍ധിപ്പിച്ചത് കര്‍ഷകരെയും സാധാരണ ജനങ്ങളെയും പ്രതികൂലമായി ബാധിക്കും. പാചകവാതകത്തിന്റെ വിലവര്‍ധന ഇടത്തരക്കാരെയും സാരമായി ബാധിക്കുമെന്ന് ഇടതുപക്ഷം ചൂണ്ടിക്കാട്ടി.

മമതയുടെ കപടനാടകം

പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിച്ച പ്രശ്നത്തിലും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും കേന്ദ്രമന്ത്രിയുമായ മമത ബാനര്‍ജി കപടനാടകം കളിക്കുന്നു. വില വര്‍ധിപ്പിക്കാന്‍ തീരുമാനമെടുത്ത മന്ത്രിസഭാസമിതി അംഗമായ മമത ഇതിന്റെ ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ ശ്രമിക്കയാണ്. സമിതിയോഗത്തില്‍ മമത പങ്കെടുത്തിരുന്നില്ല. വിലനിയന്ത്രണം എടുത്തുകളയുന്ന കാര്യം ചര്‍ച്ചചെയ്യാന്‍ ഏഴിന് ചേര്‍ന്ന യോഗത്തിലും മമത പങ്കെടുത്തിരുന്നില്ല. വെളളിയാഴ്ച ഇക്കാര്യത്തില്‍ ഉറപ്പായും തീരുമാനമുണ്ടാകുമെന്ന് അറിയാമായിരുന്ന മമത യോഗത്തില്‍നിന്ന് വിട്ടുനിന്നു. വില വര്‍ധിപ്പിക്കാന്‍ മന്ത്രിസഭാ ഉപസമിതി തീരുമാനിച്ചതില്‍ ദുഃഖിതയാണെന്ന് മമത പിന്നീട് പറഞ്ഞു. എന്നാല്‍, ഇതിന്റെ പേരില്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കാന്‍ തയ്യാറല്ലെന്നും മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കഴിഞ്ഞദിവസം ധനമന്ത്രി പ്രണബ്മുഖര്‍ജിയെ കണ്ട് പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലവര്‍ധിപ്പിക്കുന്നതിലുള്ള എതിര്‍പ്പ് അറിയിച്ചിരുന്നതായും മമത പറയുന്നു. ഇതിന്റെ പേരില്‍ വഴക്കിടുന്നത് ശരിയല്ല. സര്‍ക്കാരിനുള്ള നിര്‍ണായക പിന്തുണ തുടരും. പക്ഷേ, താന്‍ അസന്തുഷ്ടയാണ്- മമത പറഞ്ഞു. നിസ്സാരവും വ്യക്തിപരവുമായ കാരണങ്ങളുടെ പേരില്‍പ്പോലും കടുത്ത നടപടികളിലേക്കു നീങ്ങുന്ന മമത ജനങ്ങളെ ഏറ്റവും കുടുതല്‍ ബാധിക്കുന്ന ഈ വിഷയത്തില്‍ പതിവില്ലാത്ത സംയമനം പാലിക്കുകയാണ്. ധനമന്ത്രിയെ തലേന്ന് കണ്ട് എതിര്‍പ്പ് അറിയിച്ചെന്നു പറയുന്ന മമത ഇക്കാര്യം ചര്‍ച്ചചെയ്ത മന്ത്രിസഭാ സമിതി യോഗത്തില്‍ പങ്കെടുത്ത് വിയോജിപ്പ് രേഖപ്പെടുത്താന്‍ തയ്യാറായില്ല

ദേശാ‍ഭിമാനി 26062010

ആഘാതം കേരളത്തിന്; കേന്ദ്രം തട്ടുന്നത് 1200 കോടി

ആളിക്കത്തും

സ്വകാര്യ എണ്ണക്കമ്പനികളുടെ സമ്മര്‍ദത്തിന് വഴങ്ങി പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില യുപിഎ സര്‍ക്കാര്‍ കുത്തനെ വര്‍ധിപ്പിച്ചു. വില നിയന്ത്രിക്കാനുള്ള അധികാരം എണ്ണക്കമ്പനികള്‍ക്ക് വിട്ടുകൊടുക്കാനും കേന്ദ്രസര്‍ക്കാര്‍ വെള്ളിയാഴ്ച തീരുമാനിച്ചു. അഭൂതപൂര്‍വമായ വിലക്കയറ്റത്തില്‍ ജനങ്ങള്‍ വലയുമ്പോഴാണ് യുപിഎ സര്‍ക്കാരിന്റെ ഇരുട്ടടി. പെട്രോള്‍ ലിറ്ററിന് മൂന്നരയും ഡീസലിന് രണ്ടും മണ്ണെണ്ണയ്ക്ക് മൂന്നും രൂപയുമാണ് വര്‍ധിപ്പിച്ചത്. പാചകവാതകം സിലിണ്ടറിന് 35 രൂപ കൂട്ടി. വിലവര്‍ധന വെള്ളിയാഴ്ച അര്‍ധരാത്രി തന്നെ നിലവില്‍വന്നു. കേരളത്തിലെത്തുമ്പോള്‍ വില ഇതിലും കൂടും.

പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ സബ്സിഡി വെട്ടിക്കുറച്ചാണ് വന്‍ വിലവര്‍ധന അടിച്ചേല്‍പ്പിച്ചത്. പെട്രോള്‍ വില നിയന്ത്രണമാണ് തല്‍ക്കാലം നീക്കിയത്. ഡീസല്‍, പാചകവാതകം, മണ്ണെണ്ണ എന്നിവയുടെ വിലനിയന്ത്രണവും പടിപടിയായി എണ്ണക്കമ്പനികളെ ഏല്‍പ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

അവശ്യവസ്തുക്കളുടെ വിലക്കയറ്റവും പണപ്പെരുപ്പവും നിയന്ത്രണാതീതമാക്കുന്നതാണ് സര്‍ക്കാര്‍ തീരുമാനം. ധനമന്ത്രി പ്രണബ് മുഖര്‍ജിയുടെ നേതൃത്വത്തിലുള്ള ഇന്ധനവിലസംബന്ധിച്ച മന്ത്രിസഭാസമിതി വെള്ളിയാഴ്ച ഉച്ചയ്ക്ക് യോഗം ചേര്‍ന്നാണ് വില കൂട്ടാനും നിയന്ത്രണം ഒഴിവാക്കാനും തീരുമാനിച്ചത്. വിലവര്‍ധനയെ ഇടതുപാര്‍ടികളും ബിജെപിയും രൂക്ഷമായി വിമര്‍ശിച്ചപ്പോള്‍ സിഐഐ, ഫിക്കി തുടങ്ങി വ്യവസായികളുടെ സംഘടനകള്‍ സ്വാഗതംചെയ്തു.

രണ്ടാം യുപിഎ സര്‍ക്കാര്‍ രണ്ടാംതവണയാണ് ഇന്ധനവില വര്‍ധിപ്പിക്കുന്നത്. മൂന്നു മാസംമുമ്പ് ബജറ്റിലെ തീരുവ വര്‍ധനയിലൂടെ മൂന്നു രൂപയോളം പെട്രോള്‍-ഡീസല്‍ വില വര്‍ധിപ്പിച്ചിരുന്നു. അന്താരാഷ്ട്രകമ്പോളത്തില്‍ ബാരലിന് 77 ഡോളര്‍ എന്ന താരതമ്യേന കുറഞ്ഞ നിരക്കിലുള്ളപ്പോഴാണ് ന്യായീകരിക്കാനാകാത്ത ഈ വിലവര്‍ധന രാജ്യത്ത് അടിച്ചേല്‍പ്പിച്ചത്. ആദ്യഘട്ടത്തില്‍ പെട്രോള്‍വില നിയന്ത്രണത്തില്‍നിന്നാണ് സര്‍ക്കാര്‍ പിന്മാറുന്നതെന്ന് മന്ത്രി മുരളി ദേവ്റയും പെട്രോളിയം സെക്രട്ടറി എസ് സുന്ദരേശനും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നിലവില്‍ 3.73 രൂപയാണ് ഒരു ലിറ്റര്‍ പെട്രോളിനുള്ള സബ്സിഡി. മൂന്നരരൂപ വര്‍ധിപ്പിച്ചതോടെ പെട്രോള്‍വിലയില്‍ സബ്സിഡി ഇല്ലാതായി.

എണ്ണക്കമ്പനികളാണ് ഇനി സാര്‍വദേശീയ വിലയുടെ മാറ്റത്തിനനുസരിച്ച് പെട്രോള്‍വില നിശ്ചയിക്കുക. റിലയന്‍സ്, എസ്സാര്‍ എന്നീ സ്വകാര്യകമ്പനികളുടെ സമ്മര്‍ദത്തിന് വഴങ്ങിയാണ് വിലനിയന്ത്രണം ഒഴിവാക്കിയത്. വില നിയന്ത്രണമുള്ളതിനാല്‍ ഈ സ്വകാര്യ കമ്പനികള്‍ എണ്ണവിപണിയില്‍ നിന്ന് മാറിനില്‍ക്കുകയിരുന്നു. ഇനി അവര്‍ക്കിഷ്ടം പോലെ വിലനിശ്ചയിക്കാം. എന്നാല്‍, പൊതുമേഖലാ എണ്ണക്കമ്പനികളുടെ നഷ്ടം നികത്താനാണ് വിലവര്‍ധന എന്നാണ് ഔദ്യോഗിക വിശദീകരണം. ഡീസലിന്റെ വിലനിയന്ത്രണവും ക്രമേണ ഒഴിവാക്കുമെന്ന് പെട്രോളിയം സെക്രട്ടറി പറഞ്ഞു. രണ്ടു രൂപ വില വര്‍ധിപ്പിച്ചതോടെ ഡീസലിന്റെ സബ്സിഡി 1.80 രൂപമാത്രമാകും. പാചകവാതകത്തിനുള്ള സബ്സിഡി തുടരുമെന്നും അദ്ദേഹം പറഞ്ഞു. സിലിണ്ടറിന് 50 രൂപ വര്‍ധിപ്പിക്കാനാണ് പെട്രോളിയംമന്ത്രി മുരളി ദേവ്റ ആവശ്യപ്പെട്ടതെങ്കിലും 35 രൂപയാണ് വര്‍ധിപ്പിച്ചത്. വിലനിയന്ത്രണം ഒഴിവാക്കിയാല്‍ 227 രൂപകൂടി ഒരു സിലിണ്ടറിന് വര്‍ധിക്കും. മണ്ണെണ്ണയുടെ വിലവര്‍ധനയെ പാകിസ്ഥാനിലും ബംഗ്ളാദേശിലും ശ്രീലങ്കയിലും നേപ്പാളിലുമുള്ള ഉയര്‍ന്ന വില ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ ന്യായീകരിച്ചത്. മണ്ണെണ്ണയ്ക്ക് ലിറ്ററിന് 19 രൂപ സബ്സിഡി നല്‍കുന്നുണ്ടെന്നും അത് പിന്‍വലിക്കാത്തത് ജനങ്ങളോടുള്ള സര്‍ക്കാരിന്റെ പ്രതിബദ്ധതയാണെന്നും മുരളി ദേവ്റ അവകാശപ്പെട്ടു. വിലവര്‍ധനക്കെതിരെ രാജ്യമെങ്ങും വന്‍ പ്രതിഷേധം ഉയരുകയാണ്.
(വി ബി പരമേശ്വരന്‍)

ആഘാതം കേരളത്തിന്; കേന്ദ്രം തട്ടുന്നത് 1200 കോടി

നാലു മാസത്തിനിടെ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില രണ്ടാമതും കൂട്ടിയത് കേരളത്തിന് കനത്ത ആഘാതമാകും. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിന് എരിതീയില്‍ എണ്ണ പകരുന്നതിന് സമമാണ് ഇന്ധനവില വര്‍ധന. ഇന്ധനവില കൂട്ടിയതിലൂടെ കേരളീയരുടെ പോക്കറ്റില്‍നിന്നും കേന്ദ്രം ഒറ്റയടിക്ക് തട്ടിയെടുക്കുന്നത് 1200 കോടി രൂപയാണ്. പെട്രോളിന്റെ വില വര്‍ധന വഴി 400 കോടി രൂപയും ഡീസലിന്റെ വില വര്‍ധനമൂലം 350 കോടിയും കേന്ദ്രത്തിന് അധികം കിട്ടും. മണ്ണെണ്ണ, പാചക വാതകം എന്നിവയില്‍നിന്നുള്ള അധികവരുമാനം ഇതിനു പുറമെയാണ്.

90 കോടി ലിറ്റര്‍ പെട്രോളും 200 കോടി ലിറ്റര്‍ ഡീസലുമാണ് കേരളത്തില്‍ ഒരു വര്‍ഷം വിറ്റഴിക്കുന്നത്. പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് കൂടുതല്‍ വില നല്‍കണമെന്നതിനു പുറമെ നാനാമേഖലയിലും അധിക ബാധ്യത അടിച്ചേല്‍പ്പിക്കപ്പെടും. നിത്യോപയോഗ സാധനങ്ങളുടെ വില ഉയരും. ബസ് യാത്രാ നിരക്ക് ഉള്‍പ്പെടെ യാത്രാക്കൂലി കൂടും. കടത്തുകൂലി കൂടുന്നത് ജീവന്‍ രക്ഷാ ഔഷധവിലയില്‍വരെ പ്രതിഫലിക്കും. പെട്രോള്‍-ഡീസല്‍ വിലവര്‍ധന പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെ ബസ് കൂലി വര്‍ധിപ്പിക്കണമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റര്‍മാര്‍ ആവശ്യമുന്നയിച്ചുകഴിഞ്ഞു. ടാക്സി- ഓട്ടോ നിരക്കുവര്‍ധന വേണമെന്നും ഉടന്‍ ആവശ്യം ഉയരും. വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് കേന്ദ്രനടപടി കനത്ത തിരിച്ചടിയാകുമെന്ന് ഉറപ്പാണ്.

സകല നിത്യോപയോഗ സാധനങ്ങള്‍ക്കും അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുന്ന മലയാളിയുടെ കുടുംബ ബജറ്റ് പാടെ തകരും. റേഷന്‍ മണ്ണെണ്ണ ക്വാട്ട കേരളത്തിന് നിഷേധിക്കുമെന്നതാണ് പതിയിരിക്കുന്ന മറ്റൊരു അപകടം. പാചക വാതക വിലവര്‍ധനയില്‍നിന്ന് ആശ്വാസം തേടി മണ്ണെണ്ണയെ ആശ്രയിക്കാനും കഴിയില്ല. വൈദ്യുതീകരണത്തിന്റെ തോത് അനുസരിച്ച് മണ്ണെണ്ണ ക്വാട്ട നിശ്ചയിക്കണമെന്നതാണ് കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച പരീഖ് കമ്മിറ്റിയുടെ ശുപാര്‍ശ. സമ്പൂര്‍ണ വൈദ്യുതീകരണത്തിന് ഊന്നല്‍ നല്‍കുന്ന കേരളത്തിന് ഇത് മറ്റൊരു തിരിച്ചടിയാകും. റേഷന്‍ മണ്ണെണ്ണയില്‍ അധികം വരുന്നതാണ് ഇപ്പോള്‍ മത്സ്യബന്ധനത്തിന് നല്‍കി വരുന്നത്. റേഷന്‍ മണ്ണെണ്ണ കുറച്ചാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് മണ്ണെണ്ണ ലഭിക്കാതെ വരും. ഇത് മത്സ്യമേഖലയില്‍ വന്‍ പ്രത്യാഘാതത്തിന് വഴിയൊരുക്കും. വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതിന് കേരളം നടത്തിവരുന്ന വിപണി ഇടപെടലും പ്രതിസന്ധിയിലാകും. സപ്ളൈകോ വഴിയുള്ള വിപണി ഇടപെടലിന് കഴിഞ്ഞ വര്‍ഷം 200 കോടി രൂപയാണ് ചെലവഴിച്ചത്. പുതിയ സാഹചര്യത്തില്‍ ഇതിന്റെ ഇരട്ടി തുകയെങ്കിലും വേണ്ടിവരും.
(കെ ശ്രീകണ്ഠന്‍)

കടത്തുകൂലി 15 % കൂടും അരിവില ഉയരും

പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലവര്‍ധന മൂലം ചരക്കുകടത്തുകൂലി 15 ശതമാനംവരെ വര്‍ധക്കും. ഇത് ഉപഭോക്തൃ സംസ്ഥാനമായ കേരളത്തെയാകും കൂടുതല്‍ ദോഷകരമായി ബാധിക്കുക. നിലവില്‍ കേരളത്തില്‍ നിന്ന് അയല്‍സംസ്ഥാനങ്ങളിലേക്കുള്ള കടത്തുകൂലിയെക്കാള്‍ 30 മുതല്‍ 50 ശതമാനംവരെ കൂടുതലാണ് തിരികെ ഇങ്ങോട്ടുള്ള ഇറക്കുകൂലി. ഇത് വീണ്ടും ഉയരും. ഒരുകിലോഗ്രാം അരിയുടെ വില 30 മുതല്‍ 50 പൈസവരെ ഉയരും. ആന്ധ്രയില്‍നിന്ന് 10 ട അരി എത്തുന്നതിന് ഇപ്പോഴുള്ള കടത്തുകൂലി 16,000 രൂപയാണ്. ഇത് ചുരുങ്ങിയത് ഏഴു ശതമാനമെങ്കിലും വര്‍ധിക്കും. ആന്ധ്ര, കര്‍ണാടകം, തമിഴ്നാട് എന്നിവിടങ്ങളിലെ ലോറിഉടമകള്‍ വരുംദിവസങ്ങളില്‍ത്തന്നെ കടത്തുകൂലി വര്‍ധിപ്പിക്കാനിടയുള്ളതിനാല്‍ ഉടനെ ഇതിന്റെ പ്രത്യാഘാതം സംസ്ഥാനത്തുണ്ടാകും.

മേട്ടുപ്പാളയത്തുനിന്ന് 65 കിലോയുടെ ഒരുചാക്ക് പച്ചക്കറി എറണാകുളത്ത് എത്തിക്കാന്‍ 55 രൂപയാണ് കൂലി. കര്‍ണാടകത്തിലെ ഹുസൂരില്‍നിന്നുള്ള ചരക്കാണെങ്കില്‍ നല്‍കേണ്ടത് 65 രൂപ. ഇത് അഞ്ചുമുതല്‍ ഏഴുരൂപവരെയായി വര്‍ധിക്കാനിടയുണ്ടെന്ന് എറണാകുളം മാര്‍ക്കറ്റിലെ പച്ചക്കറി മൊത്തവ്യാപാരി കെ പി സാദത്ത് പറഞ്ഞു. നേരത്തെ ഡീസലിന് മൂന്നുരൂപ ഉയര്‍ത്തിയപ്പോള്‍ കേരളത്തില്‍ ചരക്കുകൂലി വര്‍ധിപ്പിച്ചിരുന്നില്ല. എന്നാല്‍, ഇപ്പോഴത്തെ സാഹചര്യത്തില്‍ കുറഞ്ഞത് 15 ശതമാനമെങ്കിലും ചരക്കുകൂലി വര്‍ധിപ്പിക്കാതിരിക്കാനാവില്ലെന്ന് ലോറി ഓണേഴ്സ് ഫെഡറേഷന്‍ പ്രസിഡന്റ് കെ കെ ഹംസ പറഞ്ഞു. നിലവില്‍ അയല്‍സംസ്ഥാനങ്ങളിലേക്കാള്‍ കുറഞ്ഞ ചരക്കുകൂലിയാണ് കേരളത്തില്‍. കയറ്റുമതിയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന കണ്ടെയ്നര്‍ ട്രെയ്ലറിന്റെ കൂലിയിലും 10 ശതമാനംവരെ വര്‍ധന വരുത്താതിരിക്കാനാവില്ലെന്ന് കണ്ടെയ്നര്‍ ലോറി ആന്‍ഡ് കാരിയേഴ്സ് ഓണേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് പി രാമചന്ദ്രന്‍ പറഞ്ഞു. മാര്‍ബിള്‍, ഗ്രാനൈറ്റ് ഉള്‍പ്പെടെയുള്ള നിര്‍മാണസാമഗ്രികളും അയല്‍സംസ്ഥാനങ്ങളില്‍നിന്നായതിനാല്‍ ഈ മേഖലയിലും കരിനിഴല്‍പടരും.
(ഷഫീഖ് അമരാവതി)

അംബാനിമാര്‍ക്ക് തുണ, പ്രഹരം ജനങ്ങള്‍ക്ക്: എല്‍ഡിഎഫ്

നിലവിലുള്ള വിലക്കയറ്റം പരിഹരിക്കാത്ത കേന്ദ്രസര്‍ക്കാര്‍, പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിച്ച് ജനങ്ങളുടെമേല്‍ ഇരട്ടപ്രഹരമേല്‍പ്പിച്ചിരിക്കുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, സിപിഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്‍, ആര്‍എസ്പി സംസ്ഥാന സെക്രട്ടറി വി പി രാമകൃഷ്ണപിള്ള, ജനതാദള്‍ എസ് സംസ്ഥാന പ്രസിഡന്റ് എന്‍ എം ജോസഫ്, കോണ്‍ഗ്രസ് എസ് സംസ്ഥാന സെക്രട്ടറി എന്‍ വി പ്രദീപ്കുമാര്‍, കേരളാ കോണ്‍ഗ്രസ് പ്രസിഡന്റ് പി സി തോമസ് എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. ആഗോളവല്‍ക്കരണ നയങ്ങളുടെ തിക്താനുഭവങ്ങള്‍ കൂടുതല്‍ തീവ്രമായി ഇന്ത്യന്‍ജനതയില്‍ അടിച്ചേല്‍പ്പിക്കപ്പെടുകയാണ്. പെട്രോള്‍- ഡീസല്‍ വില നിശ്ചയിക്കുന്നതില്‍ സര്‍ക്കാരിന്റെ നിയന്ത്രണം ഇല്ലാതാവുന്നതോടെ ഇനി എണ്ണക്കമ്പനികളുടെ കൊള്ളയാണുണ്ടാവുക. മുകേഷ് അംബാനിയുടെയും അതുപോലുള്ള കുത്തകകളുടെയും താല്‍പ്പര്യമാണ് ഈ നടപടികളിലൂടെ കേന്ദ്രസര്‍ക്കാര്‍ സംരക്ഷിച്ചിരിക്കുന്നത്.

പണപ്പെരുപ്പ-വിലക്കയറ്റ നിരക്കുകള്‍ സര്‍വകാല റെക്കോഡുകള്‍ ഭേദിച്ചിരിക്കുന്ന സ്ഥിതിയില്‍ എല്ലാ വിഭാഗം ജനങ്ങളുടെയും ജീവിതം ദുസ്സഹമാക്കുന്ന നടപടിയാണിത്. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില നിര്‍ണയിക്കുന്നത് ഇതുവരെ കേന്ദ്രസര്‍ക്കാരായിരുന്നു. ആഗോള വിപണിക്കനുസൃതമായി വില നിശ്ചയിക്കണമെന്ന കിരിത് പരീഖ് കമ്മിറ്റിയുടെ ശുപാര്‍ശയുടെ മറവിലാണ് വിലനിയന്ത്രണാധികാരം കേന്ദ്രസര്‍ക്കാര്‍ ഉപേക്ഷിച്ചത്. 2009 ജൂലൈയില്‍ പെട്രോളിന് നാലും ഡീസലിന് രണ്ടും രൂപ കൂട്ടിയതാണ്. 2010 ഫെബ്രുവരിയിലെ പൊതുബജറ്റില്‍ ഇന്ധനങ്ങളുടെ വില 2.50 രൂപ വര്‍ധിപ്പിച്ച് 28,000 കോടി രൂപയുടെ അധിക ബാധ്യത ജനങ്ങളുടെമേല്‍ അടിച്ചേല്‍പ്പിച്ചു. ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്ന യുപിഎ സര്‍ക്കാര്‍ ഇത് മൂന്നാം തവണയാണ് വില വര്‍ധിപ്പിച്ചിരിക്കുന്നത്. ജനങ്ങളുടെ വികാരത്തെ തീരെ മാനിക്കാത്ത നടപടിയാണിത്. സാധാരണക്കാരുടെ ഇന്ധനമായ മണ്ണെണ്ണയ്ക്കുപോലും വില വര്‍ധിപ്പിച്ചു. കുടുംബബജറ്റിനെ പ്രതികൂലമാക്കുന്നതായി പാചകവാതക വില കൂട്ടല്‍. ജനഹിതത്തെ ഒട്ടും മാനിക്കാത്ത മന്‍മോഹന്‍സിങ് നയിക്കുന്ന രണ്ടാം യുപിഎ ഗവമെന്റിന്റെ ജനദ്രോഹത്തിനു മുന്നില്‍ കേരളജനത മുട്ടുമടക്കരുത്. അതിവിപുലമായ ജനകീയ പ്രതിഷേധം ഒന്നുകൊണ്ടുമാത്രമേ കേന്ദ്രസര്‍ക്കാരിന്റെ ദുഷ്ചെയ്തികള്‍ക്ക് വിരാമമിടാനാവൂവെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടി.

കുത്തകകളെ കയറൂരി വിട്ടു: മുഖ്യമന്ത്രി

ഇന്ധനവില വര്‍ധിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം വിലക്കയറ്റവും അരാജകത്വവും സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില നിശ്ചയിക്കുന്നതിലെ കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണം എടുത്തുകളഞ്ഞത് കുത്തകകളെ കയറൂരിവിടുന്ന നിലപാടാണ്. പെട്രോളിയം കമ്പനികളെ സഹായിക്കാനാണിത്. സബ്സിഡികൂടി എടുത്തുകളഞ്ഞത് കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കും. പബ്ളിക് ലൈബ്രറി ഹാളില്‍ പി വിശ്വംഭരന്‍ ശതാഭിഷേക ആഘോഷം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ഒരു വര്‍ഷത്തിനിടെ മൂന്നാമത്തെ തവണയാണ് യുപിഎ സര്‍ക്കാര്‍ പെട്രോളിയംവില വര്‍ധിപ്പിക്കുന്നത്. രണ്ടാം യുപിഎ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക സമ്മാനമാണിത്. ക്രൂഡോയിലിന് നേരത്തെ 2.5 ശതമാനം വില വര്‍ധിപ്പിച്ചിരുന്നു. ഇതിന്റെ ദുരിതത്തിനിടയിലാണ് വീണ്ടും വിലവര്‍ധന - മുഖ്യമന്ത്രി പറഞ്ഞു.

പ്രതികരിക്കുക: കെഎസ്കെടിയു

അധ്വാനിക്കുന്ന ജനവിഭാഗങ്ങളെ കൊടുംപട്ടിണിക്കാരാക്കുന്നതാണ് യുപിഎ സര്‍ക്കാര്‍ അടിച്ചേല്‍പ്പിച്ച ഇന്ധന വിലവര്‍ധനയെന്ന് കേരള സ്റ്റേറ്റ് കര്‍ഷകത്തൊഴിലാളിയൂണിയന്‍ ജനറല്‍ സെക്രട്ടറി എം വി ഗോവിന്ദന്‍ പ്രസ്താവനയില്‍ പറഞ്ഞു. എല്ലാ വിഭാഗം ജനങ്ങളെയും ഈ തീരുമാനം ദോഷകരമായി ബാധിക്കും. വിലക്കയറ്റത്തിന്റെ തോത് ഭീമമായി ഉയര്‍ത്തും. പാവപ്പെട്ടവന്റെ ജീവിതം വഴിമുട്ടിക്കുന്ന മണ്ണെണ്ണ വിലവര്‍ധനയും മടിയില്ലാതെ നടപ്പാക്കിയ യുപിഎ സര്‍ക്കാര്‍ സാധാരണ ജനങ്ങളോടല്ല സ്വകാര്യ എണ്ണക്കമ്പനികളോടാണ് കൂറുകാണിക്കുന്നത്. ഒരുതരത്തിലും അംഗീകരിക്കാനാവാത്ത വിലവര്‍ധനയ്ക്കെതിരെ ഉയരുന്ന പ്രതിഷേധമുന്നേറ്റത്തില്‍ കര്‍ഷകത്തൊഴിലാളികളും മുന്നണിയിലുണ്ടാകും. ശനിയാഴ്ച നടക്കുന്ന ഹര്‍ത്താല്‍ വിജയിപ്പിക്കാന്‍ മുഴുവന്‍ കര്‍ഷകത്തൊഴിലാളികളും അണിനിരക്കണമെന്ന് പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു.

ഇന്ന് ഹര്‍ത്താല്‍; കേരളം നിശ്ചലമാകും

പെട്രോളിയം ഉല്‍പ്പന്നവില വര്‍ധിപ്പിക്കുകയും വിലനിയന്ത്രണം നീക്കുകയും ചെയ്ത കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് ആഭിമുഖ്യത്തില്‍ ശനിയാഴ്ച ഹര്‍ത്താല്‍ ആചരിക്കും. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താലെന്ന് മുന്നണി കവീനര്‍ വൈക്കം വിശ്വന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പാല്‍, പത്രം, ആശുപത്രി തുടങ്ങിയവയെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കി. കേന്ദ്ര ജനദ്രോഹത്തിനെതിരെ നടത്തുന്ന ഹര്‍ത്താല്‍ വിജയമാക്കാന്‍ എല്ലാ വിഭാഗം ജനങ്ങളും സഹകരിക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, സിപിഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്‍, ആര്‍എസ്പി സംസ്ഥാന സെക്രട്ടറി വി പി രാമകൃഷ്ണപിള്ള, ജനതാദള്‍ എസ് സംസ്ഥാന പ്രസിഡന്റ് എന്‍ എം ജോസഫ്, കോണ്‍ഗ്രസ് എസ് സംസ്ഥാന സെക്രട്ടറി എന്‍ വി പ്രദീപ്കുമാര്‍, കേരള കോണ്‍ഗ്രസ് പ്രസിഡന്റ് പി സി തോമസ് എന്നിവര്‍ സംയുക്തപ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു. ഇന്ധനവില നിര്‍ണയ നിയന്ത്രണം എടുത്തുകളയരുതെന്ന് പാര്‍ലമെന്റിന്റെ പെട്രോളിയം- പ്രകൃതിവാതക സ്റാന്‍ഡിങ് കമ്മിറ്റി ഏപ്രില്‍ 22ന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഏകകണ്ഠമായി നിര്‍ദേശിച്ചത് തള്ളി കിരിത് പരീഖ് കമ്മിറ്റി ശുപാര്‍ശ സ്വീകരിച്ചത് ജനാധിപത്യവിരുദ്ധമാണെന്ന് വൈക്കം വിശ്വന്‍ പറഞ്ഞു. കേരള സര്‍ക്കാര്‍ നികുതി ഉപേക്ഷിക്കണമെന്ന ഉമ്മന്‍ചാണ്ടിയുടെ ആവശ്യത്തെ പരാമര്‍ശിച്ച്, വിലവര്‍ധന പിന്‍വലിക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടുകയാണ് കേരളീയനായ ഉമ്മന്‍ചാണ്ടി ചെയ്യേണ്ടതെന്ന് വൈക്കം വിശ്വന്‍ പറഞ്ഞു. എല്‍ഡിഎഫ് സംസ്ഥാന കമ്മിറ്റിയുടെ യോഗം ജൂലൈ ഏഴിന് ചേരും. പി സി തോമസ് നയിക്കുന്ന കേരള കോണ്‍ഗ്രസുമായി ബന്ധപ്പെട്ട കാര്യം അന്നു ചര്‍ച്ചചെയ്യുമെന്ന് ചോദ്യത്തിന് മറുപടിയായി കണ്‍വീനര്‍ പറഞ്ഞു.

കെഎസ്ആര്‍ടിസി തൊഴിലാളികളും പണിമുടക്കും

കേന്ദ്രസര്‍ക്കാര്‍ ഇന്ധനവില വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് കെഎസ്ആര്‍ടിസിയിലെ മുഴുവന്‍ തൊഴിലാളികളും ശനിയാഴ്ച പണിമുടക്കും. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെ നടക്കുന്ന പണിമുടക്ക് വന്‍ വിജയമാക്കാന്‍ കെഎസ്ആര്‍ടി എംപ്ളോയീസ് അസോസിയേഷന്‍ സിഐടിയു ജനറല്‍ സെക്രട്ടറി ടി കെ രാജന്‍ അഭ്യര്‍ഥിച്ചു. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിച്ച നടപടിക്കെതിരെ ശനിയാഴ്ച നടക്കുന്ന ഹര്‍ത്താലില്‍ മുഴുവന്‍ മോട്ടോര്‍ തൊഴിലാളികളും പങ്കെടുക്കുമെന്ന് ഓള്‍ ഇന്ത്യ റോഡ് ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി കെ കെ ദിവാകരന്‍ എംഎല്‍എ അറിയിച്ചു.

ദേശാഭിമാനി 26062010