Friday, December 7, 2012
നടുക്കങ്ങളെ മറയ്ക്കാനാവാതെ ചുവന്ന കടലാസുപൂക്കള്‍
അഹമ്മദാബാദ്: ചുവന്ന കടലാസുപൂക്കളുടെ സമൃദ്ധിക്കു പിന്നില്‍ ചരിത്രത്തിന്റെ കനലെരിയുന്ന സാന്നിധ്യമാണ് ഗുല്‍ബര്‍ഗ് സൊസൈറ്റിയിലെ ഈ വീട്. ഉര്‍ദു കവിതയും രാഷ്ട്രീയവും സേവനവുമായി ജനങ്ങള്‍ക്കിടയില്‍ ജീവിച്ച ഇഹ്സാന്‍ ജാഫ്രിയെന്ന മുന്‍ കോണ്‍ഗ്രസ് എംപിയുടെ ക്രൂരമായ വധത്തിന് സാക്ഷിയായ ഇവിടം പത്തുവര്‍ഷംമുമ്പ് സ്തംഭിച്ചുപോയ ജീവിതത്തിന്റെ നിശ്ചലചിത്രം. 2002 ഫെബ്രുവരി 28ന് നൂറിലധികം മുസ്ലിങ്ങള്‍ അഭയം തേടിയ വീട്. ബന്ധുക്കളും നാട്ടുകാരും വര്‍ഗീയതയുടെ വാളിന്‍തുമ്പില്‍ പിടഞ്ഞുമരിക്കാതിരിക്കാന്‍ സ്വജീവന്‍ നല്‍കിയ ജാഫ്രിയുടേതടക്കം ഗുല്‍ബര്‍ഗ് സൊസൈറ്റിയിലെ അമ്പതില്‍പ്പരം വീടുകള്‍ പത്തുര്‍ഷമായി പ്രേതഭവനങ്ങള്‍. പത്തുവര്‍ഷമായി ആരും താമസിക്കാത്ത ഈ കോളനിയില്‍ ഗുജറാത്ത് "വികസ"ത്തിന്റെ പ്രധാന ഗുണഭോക്താക്കളായ റിയല്‍ എസ്റ്റേറ്റ് കഴുകന്മാര്‍ കണ്ണുവച്ചിട്ട് വര്‍ഷങ്ങളായി. എന്നാല്‍, ചോരയുടെ മണംപുരണ്ട, ഓര്‍മകള്‍ വറ്റാത്ത ഈ കോളനി വിട്ടുകൊടുക്കില്ലെന്ന വാശിയിലാണ് മരിച്ചവരുടെ പിന്‍മുറക്കാര്‍.
ഇന്ന് ചരിത്രത്തിന്റെ അഭംഗികളെ മറയ്ക്കാനെന്നവണ്ണം കടലാസുപുക്കള്‍ പടര്‍ന്നു പിടിച്ച ജാഫ്രിയുടെ വീടിനുള്ളില്‍് പേടിച്ചരണ്ട നൂറിലധികം മനുഷ്യരാണ് അഞ്ച് മണിക്കൂറോളം പൊലീസിനോടും ഭരണാധികാരികളോടും ജീവനുവേണ്ടി കേണത്. പൊലീസ് കമീഷണര്‍ കോളനിക്ക് സമീപം വന്ന് മടങ്ങി. അപ്പോഴേയ്ക്കും മതില്‍പൊളിച്ച് നൂറുക്കണക്കിന് അക്രമികള്‍ കോളനിയില്‍ കടന്നിരുന്നു. അഭയം തേടിയ ഉറ്റവരെയും അയല്‍ക്കാരെയും സംരക്ഷിക്കാന്‍ പുറത്തിറങ്ങിനിന്ന ജാഫ്രിയെ അക്രമികള്‍ പെട്രോളൊഴിച്ച് ചുട്ടുകൊന്നു. വീട്ടിനുള്ളിലുണ്ടായിരുന്ന 40 പേരെയും ഭസ്മമാക്കി. ആകെ 79 പേര്‍ ഗുല്‍ബര്‍ഗ് സൊസൈറ്റിയില്‍ മാത്രം കൊല്ലപ്പെട്ടു. എല്ലാം കഴിഞ്ഞപ്പോള്‍ വൈകിട്ട് 7 മണിയോടെ പൊലീസ് എത്തി. അവശേഷിച്ച 40 പേര്‍ അന്ന് അവിടംവിട്ടു. പിന്നീട് മടങ്ങിവന്നിട്ടേയില്ല. കോളനിയില്‍ ഇപ്പോള്‍ ഒരൊറ്റ കുടുംബം മാത്രം. കാസിം ഭായ് എന്ന 68കാരനും കൂട്ടക്കൊലയില്‍ അവശേഷിച്ച കുടുംബാംഗങ്ങളും. തന്റെ വലിയ കുടുംബത്തിലെ പഴയ ഗ്രൂപ്പ് ഫോട്ടോയില്‍ മക്കളും അവരുടെ ഭാര്യമാരും പേരക്കുട്ടികളുമായി 24 പേര്‍. 12 പേര്‍ കൂട്ടക്കുരുതിയില്‍ ഇല്ലാതായി.
മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ധനസഹായത്തിനുള്ള ചെക്കുകള്‍ നരേന്ദ്ര മോഡി സര്‍ക്കാര്‍ കൊടുത്തത് മരിച്ചവരുടെ പേരില്‍. ആ ചെക്കുകള്‍ മാറാനായില്ല. മരണസര്‍ട്ടിഫിക്കറ്റ് ഇല്ലെന്ന കാരണംപറഞ്ഞ് ബാക്കി സഹായവും നിഷേധിച്ചു. കൂട്ടക്കൊലയില്‍ ജഡം പോലും കിട്ടാതായതും ധനസഹായം നിഷേധിക്കാന്‍ കാരണമാക്കി. ഇന്നും നിയമയുദ്ധം തുടരുകയാണ് കാസിംഭായ്. ചമന്‍പുര മേഖലയില്‍ ഇപ്പോള്‍ മുസ്ലിം കുടുംബങ്ങളില്ല. എല്ലാവരും ഒഴിഞ്ഞുപോയി. മുസ്ലിങ്ങള്‍ ധാരാളമുള്ള മേഖലകളില്‍ വളരെ കുറഞ്ഞ ജീവിതസൗകര്യങ്ങളില്‍ അവര്‍ ജീവിക്കുന്നു. അവരുടെയെല്ലാം ജീവിതം പത്ത് വര്‍ഷംമുമ്പ് മരവിച്ചുപോയതാണ്. പിന്നീട് വികസിച്ചിട്ടില്ല. "ഗുജറാത്ത് വികസ"ത്തെ വെല്ലുവിളിച്ചുകൊണ്ട് ഗുല്‍ബര്‍ഗ് സൊസൈറ്റിയിലെ ഇടിഞ്ഞുവീഴാറായ കെട്ടിടങ്ങള്‍ ഇപ്പോഴും തലയുയര്‍ത്തിത്തന്നെ നില്‍ക്കുന്നു.
deshabhimani
വേജ്ബോര്‍ഡ് സമരം: മാതൃഭൂമിയില്‍ "നാടുകടത്തല്‍"
വേജ്ബോര്‍ഡ് അനുസരിച്ചുള്ള ശമ്പളം ആവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ നടത്തിയ സമരത്തില്‍ പങ്കെടുത്തതിന് മാതൃഭൂമിയില്‍ പ്രതികാര നടപടി തുടങ്ങി. മുതിര്‍ന്ന പത്രപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ അഞ്ചുപേരെ വെള്ളിയാഴ്ച സ്ഥലം മാറ്റി. കൂടുതല്‍ പേര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് അറിയുന്നത്. സോഷ്യലിസ്റ്റ് നേതാവ് എന്ന് സ്വയം വിശേഷിപ്പിക്കുന്ന എം പി വീരേന്ദ്രകുമാര്‍ സ്വന്തം പത്രത്തില്‍ സ്വീകരിക്കുന്ന നാടുകടത്തല്‍ സമീപനത്തില്‍ ജീവനക്കാര്‍ക്കിടയില്‍ അസംതൃപ്തി പുകയുകയാണ്.
കോഴിക്കോട് സെന്‍ട്രല്‍ ഡെസ്ക് ന്യൂസ് എഡിറ്റര്‍ പി ആര്‍ പരമേശ്വരന്‍, തൃശൂര്‍ യൂണിറ്റ് ന്യൂസ് എഡിറ്റര്‍ കെ എസ് വിപിനചന്ദ്രന്‍, കോഴിക്കോട് സീനിയര്‍ ലൈബ്രേറിയന്‍ സന്തോഷ്കുമാര്‍, ആര്‍ടിസ്റ്റ് പ്രദീപ്, യാത്ര മാഗസിന്‍ സബ്എഡിറ്റര്‍ ശ്രീജിത്ത് എന്നിവരെയാണ് സ്ഥലംമാറ്റിയത്. പരമേശ്വരനെ കോഴിക്കോട്ടുനിന്ന് മുംബൈയിലേക്കും വിപിനചന്ദ്രനെ ബംഗളൂരുവിലേക്കും സന്തോഷ്കുമാറിനെ ഡല്‍ഹിയിലേക്കുമാണ് മാറ്റിയത്. വേജ്ബോര്‍ഡ് നടപ്പാക്കണമെന്നാവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ നവംബര്‍ 21ന് മാതൃഭൂമി, മലയാള മനോരമ, കേരള കൗമുദി എന്നീ പത്ര ഓഫീസുകളിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തിയിരുന്നു. കോഴിക്കോട് മാതൃഭൂമി ആസ്ഥാനത്തേക്കുനടന്ന സമരത്തില്‍ പങ്കെടുത്തവരെയാണ് ഇപ്പോള്‍ സ്ഥലംമാറ്റിയത്. മലമ്പുഴയില്‍ നടന്ന മാതൃഭൂമി ജേര്‍ണലിസ്റ്റ് യൂണിയന്റെ വാര്‍ഷിക സമ്മേളനത്തില്‍ മാനേജ്മെന്റ് നിലപാടുകള്‍ക്കെതിരെ വിമര്‍ശനമുന്നയിച്ച ചിലരെ നേരത്തെ സ്ഥലംമാറ്റിയിരുന്നു.
തൃശൂര്‍ സീനിയര്‍ സബ്എഡിറ്റര്‍ വില്‍സണ്‍ വര്‍ഗീസിനെ ഡല്‍ഹിയിലേക്കും കോഴിക്കോട് എന്‍ആര്‍ഐ ഡെസ്ക് സബ്എഡിറ്റര്‍ കെ ആര്‍ ബൈജുവിനെ ബംഗളൂരുവിലേക്കും മാറ്റി. മുംബൈ ലേഖകന്‍ സി കെ സന്തോഷിന് കൊല്‍ക്കത്തയിലേക്കും കൊല്ലം യൂണിറ്റിലെ സിനിയര്‍ സബ്എഡിറ്റര്‍ ടി എസ് കാര്‍ത്തികേയനെ മുംബൈയിലേക്കുമാണ് മാറ്റിയത്. മാതൃഭൂമി ജേര്‍ണലിസ്റ്റ് യൂണിയന്‍ ജനറല്‍സെക്രട്ടറി മലപ്പുറം യൂണിറ്റ് ചീഫ് റിപ്പോര്‍ട്ടര്‍ സി നാരായണനെ ഡെസ്കിലേക്ക് മാറ്റി.
deshabhimani 081212
രാഷ്ട്രീയ ബദലിന് അഖിലേന്ത്യാ ജാഥകള്‍
രാജ്യത്ത് രാഷ്ട്രീയബദല്‍ മുന്നോട്ടുവയ്ക്കുന്നതിന് മാര്‍ച്ച് മാസത്തില്‍ സിപിഐ എം അഖിലേന്ത്യാ ജാഥകള്‍ നടത്തും. ജാഥകളുടെ സമാപനത്തോടനുബന്ധിച്ച് ഡല്‍ഹിയില്‍ മഹാറാലി നടത്താനും രണ്ടുദിവസമായി എ കെ ജി ഭവനില്‍ ചേര്‍ന്ന പൊളിറ്റ്ബ്യൂറോ യോഗം തീരുമാനിച്ചു. ഭക്ഷണം, ഭൂമി, പാര്‍പ്പിടം, തൊഴില്‍, വിദ്യാഭ്യാസം, ആരോഗ്യം എന്നീ വിഷയങ്ങളില്‍ ഇടതുപക്ഷബദല്‍ വിശദീകരിക്കുന്നതിനും അഴിമതിക്കെതിരായ പോരാട്ടത്തിന് ശക്തിപകരാനുമാണ് രാജ്യത്തിന്റെ എല്ലാ മേഖലയെയും സ്പര്‍ശിക്കുംവിധം ജാഥകള്‍ നടത്തുന്നത്. സിപിഐ എം കേന്ദ്രനേതാക്കളുടെ നേതൃത്വത്തിലുള്ള ജാഥകളുടെ വിശദാംശങ്ങള്‍ ജനുവരി 17, 18, 19 തീയതികളില്‍ കൊല്‍ക്കത്തയില്‍ ചേരുന്ന കേന്ദ്രകമ്മിറ്റി യോഗം തീരുമാനിക്കും.
ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനും പൊതുവിതരണസംവിധാനം സാര്‍വത്രികമാക്കാനും അടുത്ത ജനുവരിയില്‍ അഞ്ചുകോടി ഒപ്പ് ശേഖരിക്കാനുള്ള ഇടതുപക്ഷ പാര്‍ടികളുടെ തീരുമാനം വിജയിപ്പിക്കാന്‍ പിബി എല്ലാ ഘടകങ്ങളോടും അഭ്യര്‍ഥിച്ചു. വീടുവീടാന്തരം കയറിയിറങ്ങി ഒപ്പ് ശേഖരിക്കാന്‍ പാര്‍ടിഘടകങ്ങളോട് പിബി നിര്‍ദേശിച്ചു. റേഷന്‍ സബ്സിഡി പണമായി നല്‍കാനുള്ള തീരുമാനത്തിലുള്ള കടുത്തപ്രതിഷേധം സിപിഐ എം ആവര്‍ത്തിച്ചു.
വന്‍ വിലക്കയറ്റം അനുഭവപ്പെടുന്ന ഈ കാലത്ത് സബ്സിഡി പണമായി നല്‍കാനുള്ള സര്‍ക്കാര്‍തീരുമാനം സബ്സിഡി വെട്ടിക്കുറയ്ക്കാന്‍വേണ്ടിയാണ്. സബ്സിഡിയുള്ള ഭക്ഷ്യവസ്തുക്കളുടെയും രാസവളത്തിന്റെയും വിലവര്‍ധന കണക്കിലെടുക്കാതെയുള്ള പണമാണ് സര്‍ക്കാര്‍ നല്‍കുക. ഭക്ഷ്യവസ്തുക്കള്‍ക്കുപകരം പണം നല്‍കുന്നത് അവ മാറ്റിച്ചെലവാക്കാനുള്ള സാധ്യത വര്‍ധിപ്പിക്കും. പോഷകാഹാരക്കുറവിനും പട്ടിണിക്കും അത് കാരണമാകും. പൊതുവിതരണസമ്പ്രദായം ഇല്ലാതാവുകയും ചെയ്യും. തൊഴിലുറപ്പുപദ്ധതിയുടെ വേതനം ആധാര്‍കാര്‍ഡിന്റെ അടിസ്ഥാനത്തിലാക്കാനുള്ള തീരുമാനവും വേതനത്തില്‍ കുറവുവരുത്തും. തിരിച്ചറിയല്‍ നമ്പര്‍ നല്‍കാനുള്ള സംവിധാനം സംബന്ധിച്ച നിയമം ഇതുവരെയും പാര്‍ലമെന്റ് പാസാക്കിയിട്ടുമില്ല. എന്നിട്ടും സര്‍ക്കാര്‍ പദ്ധതിയുമായി മുന്നോട്ടുപോകുന്നത് പ്രതിഷേധാര്‍ഹമാണ്. പെന്‍ഷന്‍, സ്കോളര്‍ഷിപ് എന്നിവ ഇപ്പോള്‍ത്തന്നെ പണമായാണ് നല്‍കുന്നത്. ഈ പദ്ധതികളും വിലസൂചികയുടെ അടിസ്ഥാനത്തില്‍ ഉയര്‍ത്തണം.
ഉത്തര്‍പ്രദേശിലെ ഫൈസാബാദില്‍ ഒക്ടോബര്‍ 24നുണ്ടായ വര്‍ഗീയകലാപത്തില്‍ സിപിഐ എം കടുത്ത ഉല്‍ക്കണ്ഠ പ്രകടിപ്പിച്ചു.ആസൂത്രിതമായി നടന്ന ആക്രമണത്തില്‍ ന്യൂനപക്ഷങ്ങള്‍വേട്ടയാടപ്പെട്ടു. മുസ്ലിങ്ങളുടെ 42 കടകള്‍ കത്തിച്ചു. ഇത് വര്‍ഗീയകലാപമല്ല, മുസ്ലിങ്ങള്‍ക്കെതിരായ ആസൂത്രിത ആക്രമണമാണ്. ഹിന്ദുത്വശക്തികള്‍ വീണ്ടും തലപൊക്കുകയാണ്. ബാബ്റി മസ്ജിദ് തകര്‍ത്ത കാലത്തുപോലും ഫൈസാബാദില്‍ കലാപമുണ്ടായില്ല. അടുത്ത കാലത്തായി ഉത്തര്‍പ്രദേശില്‍ വര്‍ഗീയകലാപം ആവര്‍ത്തിക്കുകയാണ്. ഇത് ഗൗരവമായി എടുത്ത് കര്‍ശനടപടി സ്വീകരിക്കാന്‍ സമാജ്വാദി പാര്‍ടി സര്‍ക്കാര്‍ തയ്യാറാകണം. ഹൈദരാബാദിലെ ചാര്‍മിനാറിടുത്ത ക്ഷേത്രത്തിനുചുറ്റം അനധികൃതമായി നിര്‍മാണപ്രവര്‍ത്തനം നടത്താനുള്ള നീക്കവും വര്‍ഗീയസ്പര്‍ധയ്ക്ക് കാരണമായി. 1960നുമുമ്പില്ലാത്ത ക്ഷേത്രം നിര്‍മിക്കാനുള്ള നീക്കത്തെ മതനിരപേക്ഷശക്തികളും മുസ്ലിം സമുദായവും ശക്തമായി എതിര്‍ത്തിരുന്നു. ക്ഷേത്രപ്രശ്നമുയര്‍ത്തി വര്‍ഗീയസ്പര്‍ധ വളര്‍ത്താനുള്ള നീക്കം തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും പിബി ആവശ്യപ്പെട്ടു.
deshabhimani
രാജ്യസഭയിലും സര്‍ക്കാര്‍ കടന്നുകൂടി (109-123)
ചില്ലറവിപണിയിലെ പ്രത്യക്ഷ വിദേശനിക്ഷേപ (എഫ് ഡിഐ) വിഷയത്തിലുള്ള വോട്ടെടുപ്പു ചര്‍ച്ചയില്‍ രാജ്യസഭയിലും സര്‍ക്കാര്‍ കടന്നുകൂടി. എഫ് ഡിഐക്ക് അനുമതി നല്‍കരുതെന്ന പ്രമേയം 109 ന് എതിരെ 123 വോട്ടുകള്‍ക്കാണ് സഭ തള്ളിയത്.
എഫ് ഡിഐ അനുവദിച്ചതില്‍ ആശങ്കയുണ്ടെങ്കിലും വോട്ടെടുപ്പില്‍ സര്‍ക്കാരിനെ പിന്തുണയ്ക്കുമെന്നും ലോക് സഭയിലേതുപോലെ ചര്‍ച്ച ബഹിഷ്കരിക്കില്ലെന്നും 15 അംഗ ബിഎസ് പി നിലപാടെടുത്തതുകൊണ്ടും ഒന്‍പതംഗ സമാജ് വാദി പാര്‍ട്ടി വിട്ടുനിന്നതുകൊണ്ടും മാത്രമാണ് സര്‍ക്കാര്‍ കഷ്ടിച്ച് രക്ഷപ്പെട്ടത്
244 അംഗ രാജ്യസഭയില്‍ 232 പേരാണ് വോട്ടെടുപ്പിലുണ്ടായത്. ഒരു എന്‍സിപി അംഗം ആംബുലന്‍സിലെത്തി വോട്ടുചെയ്തു. യുപിഎക്ക് നിലവില്‍ 86 അംഗങ്ങളേ ഉള്ളൂ. നാമനിര്‍ദേശംചെയ്യപ്പെട്ട അംഗങ്ങളെയും ഓരോ അംഗംവീതമുള്ള കക്ഷികളെയും ഒപ്പം നിര്‍ത്തിയും ബിഎസ്പിയുടെ പിന്തുണ നേടിയുമാണ് സര്‍ക്കാര്‍ അനുകൂലവോട്ട് 123 ലെത്തിച്ചത്. എഐഎഡിഎംകെ അംഗം മൈത്രേയന്‍ അവതരിപ്പിച്ച പ്രമേയമാണ് വോട്ടിനിട്ടത്. വോട്ടെടുപ്പില്‍നിന്ന് സമാജ്വാദി പാര്‍ടി വിട്ടുനിന്നു. വോട്ടെടുപ്പിന് തൊട്ടുമുമ്പ് 9 എസ്പി അംഗങ്ങള്‍ ഇറങ്ങിപ്പോയി. പാര്‍ട്ടി വിട്ടുനില്‍ക്കുമെന്ന് അധ്യക്ഷന്‍ മുലായംസിങ് യാദവ് വ്യാഴാഴ്ച അറിയിച്ചിരുന്നു.
അതിനിടെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ് സഭയിലെ എല്ലാ നോമിനേറ്റഡ് അംഗങ്ങളെയും നേരിട്ട് ഫോണില്‍ ബന്ധപ്പെട്ട് വോട്ടെടുപ്പില്‍ സഹായം അഭ്യര്‍ഥിച്ചിരുന്നു. നാമനിര്‍ദേശം ചെയ്യപ്പെട്ട 10 അംഗങ്ങളാണു സഭയില്‍ ഉള്ളത്. ഇവരില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, നടി രേഖ എന്നിവര്‍ വ്യക്തിപരമായ അസൗകര്യം മൂലം വോട്ടെടുപ്പില്‍ പങ്കെടുത്തില്ല. വ്യാഴാഴ്ച ആരംഭിച്ച ചര്‍ച്ച വെള്ളിയാഴ്ചയും തുടര്‍ന്നു. വാണിജ്യമന്ത്രി ആനന്ദ് ശര്‍മ്മ ചര്‍ച്ചക്ക് മറുപടി നല്‍കിയ ശേഷമായിരുന്നു വോട്ടെടുപ്പ്. മ
ന്ത്രിയുടെ മറുപടിക്കിടെ ഉയ ബഹളത്തെതുടര്‍ന്ന് സഭ ഉച്ചയ്ക്ക് രണ്ടര വരെ നിര്‍ത്തേണ്ടിയും വന്നു. ചില്ലറ വില്‍പ്പന മേഖലയില്‍ വിദേശ നിക്ഷേപം അനുവദിക്കാനുള്ള തീരുമാനത്തിനെതിരായ പ്രമേയം ലോക്സഭയിലും ബുധനാഴ്ച പരാജയപ്പെട്ടിരുന്നു. ബിഎസ്പി അംഗങ്ങളും എസ് പി അംഗങ്ങളും വോട്ടെടുപ്പില്‍ പങ്കെടുക്കാതെ ഇറങ്ങിപ്പോയതോടെയാണ് ഭൂരിപക്ഷം അംഗങ്ങള്‍ക്കും പാര്‍ട്ടികള്‍ക്കും എതിര്‍പ്പുണ്ടായിട്ടും ചില്ലറ വില്‍പ്പനരംഗത്തെ വിദേശനിക്ഷേപത്തിന് ലോക്സഭയില്‍ അംഗീകാരം ലഭിച്ചത്.
deshabhimani
ബാബറി മസ്ജിദ്: ലോക്സഭ സ്തംഭിച്ചു; സിബിഐക്ക് സുപ്രീംകോടതി വിമര്‍ശം
ഇരുപത് വര്‍ഷം കഴിഞ്ഞിട്ടും ബാബറി മസ്ജിദ് തകര്‍ത്തവര്‍ ശിക്ഷിക്കപ്പെടാതിരിക്കുന്നതില്‍ ലോക്സഭയില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നു. ഇടതുപക്ഷ പാര്‍ടികളുടെയും ബിഎസ്പിയുടെയും അംഗങ്ങള്‍ ഉയര്‍ത്തിയ പ്രതിഷേധത്തെതുടര്‍ന്ന് സഭ നിര്‍ത്തിവച്ചു. ഇതോടെ ബാങ്കിങ് നിയമ ഭേദഗതി പാസാക്കാനുള്ള ധനമന്ത്രി പി ചിദംബരത്തിന്റെ ശ്രമം പാളി. വിവാദ ബില്‍ അടുത്താഴ്ച മാത്രമേ ഇനി പരിഗണിക്കാനാവൂ. എന്നാല്‍, ബിജെപി നേതാവ് എല്‍ കെ അദ്വാനിയെ ബാബറി മസ്ജിദ് ഗൂഢാലോചനക്കേസില്‍ ഉള്‍പ്പെടുത്താതെ സിബിഐ ഒളിച്ചുകളിക്കുന്നതിനെ വ്യാഴാഴ്ച സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചു. അദ്വാനി ഉള്‍പ്പടെ 19 പേര്‍ക്ക് എതിരായ കേസില്‍ വിചാരണ തുടങ്ങാനും സുപ്രീം കോടതി റായ്ബറേലി കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ലോക്സഭയില്‍ ചോദ്യോത്തരവേളയിലാണ് സിപിഐ എം നേതാവ് ബസുദേവ് ആചാര്യ ബാബറിമസ്ജിദ് തകര്‍ക്കപ്പെട്ട് 20 വര്‍ഷം കഴിഞ്ഞിട്ടും ഉത്തരവാദികളായവര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കാത്തത് പ്രതിഷേധാര്‍ഹമാണെന്ന് അഭിപ്രായപ്പെട്ടത്. ലിബര്‍ഹാന്‍കമീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ട് മൂന്ന് വര്‍ഷമായിട്ടും നടപടിയൊന്നും ഉണ്ടായില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ദുരന്തസമാനമാണെന്ന് പറഞ്ഞ് ലിബര്‍ഹാന്‍കമീഷന്‍ റിപ്പോര്‍ട്ട് സിബിഐ ആഭ്യന്തരമന്ത്രാലയത്തിന് തിരിച്ചയച്ചതും അത് വീണ്ടും പരിഗണിക്കാന്‍ ആഭ്യന്തരമന്ത്രാലയം ആവശ്യപ്പെട്ടതും ചരിത്രമാണ്. എന്നിട്ടും നടപടിയൊന്നും ഉണ്ടായിട്ടില്ലെന്ന്ഇടതുപക്ഷം പറഞ്ഞു. ബിഎസ്പിയുടെ ഷഫീഖുര്‍ റഹ്മാന്‍ ബര്‍ക്ക് കറുത്ത പതാക സഭയില്‍ ഉയര്‍ത്തിയാണ് പ്രതിഷേധം പ്രകടിപ്പിച്ചത്. എംഐഎമ്മിലെ അസാവുദീന്‍ ഒവൈസിയും ബര്‍ക്കിനെ പിന്തുണച്ച് നടുത്തളത്തിലേക്ക് ഇറങ്ങി. എന്നാല്‍, കറുത്തപതാക ഉയര്‍ത്തുന്നത് സഭയെ അപമാനിക്കലാണെന്ന് സ്പീക്കര്‍ മീരാകുമാര്‍ പറഞ്ഞു. ബിജെപിയാകട്ടെ ബര്‍ക്കിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ബഹളം വച്ചു. തുടര്‍ന്ന് സഭ അരമണിക്കൂര്‍ നിര്‍ത്തിവച്ചു.
പകല്‍ 12ന് സഭ ചേര്‍ന്നപ്പോഴും ബര്‍ക്കിനെ സസ്പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് ബിജെപി നടുത്തളത്തിലേക്ക് ഇറങ്ങി. രാംമന്ദിര്‍ വഹി ബനായേഗാ (ബാബറി പള്ളി തകര്‍ത്തിടത്തു തന്നെ രാമക്ഷേത്രം നിര്‍മിക്കും)എന്ന മുദ്രാവാക്യവും ബിജെപി സഭയില്‍ ഉയര്‍ത്തി. പകല്‍ രണ്ടിന് സഭ ചേര്‍ന്നപ്പോഴും ബിജെപി നടുത്തളത്തിലേക്ക് ഇറങ്ങി ബഹളം തുടര്‍ന്നതിനാല്‍ സഭ വെള്ളിയാഴ്ചത്തേക്ക് ചേരാനായി പിരിഞ്ഞു.
അദ്വാനിക്കെതിരെയുള്ള ഗൂഢാലോചനക്കേസില്‍ സിബിഐ കാണിക്കുന്ന ശ്രദ്ധക്കുറവിനെ സുപ്രീംകോടതി ബാബറി മസ്ജിദ് തകര്‍ത്തതിന്റെ ഇരുപതാം വാര്‍ഷിക ദിനത്തില്‍ രൂക്ഷമായി വിമര്‍ശിച്ചു. നേരത്തെ കേസ് മാറ്റിവച്ചത് സിബിഐയുടെ വാദം കേള്‍ക്കാനായിരുന്നുവെന്നും എന്നിട്ടും ഏജന്‍സിക്കു വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ വ്യാഴാഴ്ച ഹാജരാകാതിരുന്നത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു. ഇതിനര്‍ഥം കേസ് വാദിക്കാന്‍ സിബിഐക്ക് താല്‍പ്പര്യമില്ലെന്നാണെന്നും ജസ്റ്റിസുമാരായ എച്ച് എല്‍ ദത്തുവും സി കെ പ്രസാദും ഉള്‍പ്പെട്ട ബെഞ്ച് നിരീക്ഷിച്ചു. അന്തരിച്ച ശിവസേനാനേതാവ് ബാല്‍താക്കറേയെ കേസില്‍ നിന്നും കോടതി ഒഴിവാക്കി. കേസ് എട്ടാഴ്ചത്തേക്കാണ് മാറ്റിവെച്ചത്. എന്‍ഡിഎ ഭരണകാലത്താണ് അദ്വാനിയെ അയോധ്യ ഗൂഢാലോചനക്കേസില്‍നിന്ന് ഒഴിവാക്കിയത്. യുപിഎ സര്‍ക്കാര്‍ അധികാരത്തിലേറി എട്ട് വര്‍ഷത്തിന് ശേഷം ഫെബ്രുവരിയിലാണ് അദ്വാനിയെ ഗൂഢാലോചനക്കുറ്റത്തില്‍ നിന്ന് ഒഴിവാക്കരുതെന്ന് സിബിഐ സുപ്രീംകോടതിയോട് ആവശ്യപ്പെട്ടത്.
(വി ബി പരമേശ്വരന്‍)
deshabhimani 071212
വംശഹത്യ മറക്കരുതെന്ന് ഓര്‍മിപ്പിച്ച് ഷക്കീലാബാനു
ഗുജറാത്ത് "വികസനത്തെ" വാഴ്ത്തിപ്പാടുന്നവര്‍ മനഃപൂര്‍വം വിട്ടുകളയുന്ന പേരാണ് നരോദാപാട്ടിയ. സ്വന്തം അമ്മയടക്കം എട്ട് പേരെ കലാപകാരികള്‍ കണ്‍മുന്നിലിട്ട് ചുട്ടുകരിക്കുന്നത് ജീവച്ഛവം പോലെ കണ്ടുനില്‍ക്കേണ്ടിവന്ന ഷക്കീലയുടെ മൊഴികളാണ് കലാപത്തിന് നേതൃത്വം നല്‍കിയ ബിജെപി-സംഘപരിവാര്‍ നേതാക്കളെ അഴികള്‍ക്കുപിന്നിലാക്കിയത്. മോഡി മന്ത്രിസഭയിലെ അംഗമായിരുന്ന മായാബെന്‍ കൊദ്നാനിക്ക് 18 വര്‍ഷവും സംഘപരിവാര്‍ നേതാവ് ബാബു ബജ്രംഗിക്ക് ജീവിതാവസാനം വരെയും തടവുശിക്ഷ ലഭിച്ചതില്‍ ഷക്കീലാബാനുവിന്റെ മൊഴികള്‍ സുപ്രധാന പങ്കാണ് വഹിച്ചത്. ഗുജറാത്ത് വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ ബിജെപിയും ചില മാധ്യമങ്ങളും പ്രചരിപ്പിക്കുന്നതുപോലെ "വികസനം " മാത്രമല്ല ചര്‍ച്ചാവിഷയമാകേണ്ടതെന്ന് ഷക്കീലാബാനുവിനെ പോലെയുള്ളവര്‍ പറയുന്നു. ഗുജറാത്ത് കലാപം മാധ്യമസൃഷ്ടിയാണെന്നും എതിരാളികളുടെ ദുഷ്പ്രചാരണമാണെന്നും പ്രചരിപ്പിക്കുന്ന വര്‍ഗീയശക്തികള്‍ക്ക് മറുപടി കൊടുക്കാന്‍ അഹമ്മദാബാദ് നഗരത്തില്‍ ഷക്കീലാബാനുവിനെ പോലെയുള്ള നിരവധി പേരുണ്ട്. നരേന്ദ്രമോഡിയുടെ "വികസനം" തിരിഞ്ഞുനോക്കാത്ത നരോദാപാട്ടിയയിലെ വീട്ടിലിരുന്ന് ഷക്കീല ഇന്ത്യയുടെ ചരിത്രം കണ്ട ഏറ്റവും വലിയ ദുരന്തദിനങ്ങളിലൊന്ന് "ദേശാഭിമാനി"ക്കായി ഓര്‍ത്തെടുത്തു.
""ഉമ്മ രാവിലെ ജോലിക്ക് പോയിരുന്നു. ബന്ദാണെന്നുകേട്ട് തിരിച്ച് വീട്ടിലേക്ക് വരാന്‍ തുടങ്ങുമ്പോഴേക്കും വാളും ഇരുമ്പുദണ്ഡും മറ്റായുധങ്ങളുമായി അക്രമികള്‍ റോഡാകെ നിറഞ്ഞു. ഉമ്മ പെട്ടെന്ന് വീട്ടിലെത്തി. പള്ളിയില്‍നിന്ന് അക്രമം നടക്കുന്നെന്ന മുന്നറിയിപ്പ് ഉച്ചഭാഷിണിയിലൂടെ കേട്ടു. നിമിഷങ്ങള്‍ക്കകം അവര്‍ പള്ളി തകര്‍ത്തു. പുറത്ത് എന്താണ് നടക്കുന്നതെന്നറിയാന്‍ ഉമ്മയും മറ്റുള്ളവരും പുറത്തേക്ക് ചെന്നു. അക്രമികളില്‍നിന്ന് രക്ഷിക്കേണ്ട പൊലീസ് ഞങ്ങള്‍ക്കുനേരെ കണ്ണീര്‍വാതകം പ്രയോഗിച്ചു. പിന്നെ വെടിയുതിര്‍ത്തു. മുസ്ലിങ്ങളെ കൊല്ലൂ എന്ന ആക്രോശമായിരുന്നു നാലുപാടും. ഞങ്ങളെ രക്ഷിക്കൂ എന്ന് അപേക്ഷിച്ചപ്പോള്‍ ഗോധ്ര സംഭവത്തിന്റെ ചിത്രമുള്ള പത്രം ഉയര്‍ത്തിക്കാട്ടി ഇതിന് പ്രതികാരം ചെയ്യുമെന്ന് അവര്‍ പറഞ്ഞു. ഗംഗോത്രി സൊസൈറ്റിയിലോ ഗോപിനാഥ് സൊസൈറ്റിയിലോ പോയി രക്ഷപ്പെടാമെന്ന് ആരോ പറഞ്ഞു. അവിടേക്ക് പോകുന്നതിനിടയില്‍ തിരക്കില്‍പ്പെട്ട് ഞാനും മറ്റ് കുടുംബാംഗങ്ങളും വേര്‍പെട്ടു. ഉമ്മ കുദ്രത്ബീവി, സഹോദരന്മാരായ മെഹബൂബ് (50), ഷബീര്‍ അഹമ്മദ് (24), ഷബീറിന്റെ ഭാര്യ സുബേദാബാനു (22), ഷബീറിന്റെ മക്കള്‍ ഷമീനാബാനു (7), മുഹമ്മദ് അസിം (5), നദീം (രണ്ട് മാസം), മെഹബൂബിന്റെ മകള്‍ ഷബ്നം എന്നിവര്‍ അക്രമികളുടെ കൈയില്‍പെട്ടു. മുതിര്‍ന്നവരെ അടിച്ചും വെട്ടിയും അവശരാക്കിയശേഷം പെട്രോളൊഴിച്ച് കത്തിച്ചു. മരണാസന്നയായ കൊച്ചു ഷബ്നം വെള്ളത്തിന് യാചിച്ചപ്പോള്‍ വായില്‍ പെട്രോളൊഴിച്ച് കത്തിച്ചു. മുലപ്പാലിന്റെ മണം മാറാത്ത നദീമിന്റെ ചുണ്ടുകള്‍ വിടര്‍ത്തി പെട്രോളൊഴിച്ച് കത്തിച്ച് കിണറ്റിലെറിഞ്ഞു. ആരും കാണാതെ ഞാന്‍ അടുത്തുള്ള വീടിന്റെ ടെറസില്‍ കയറിയിരുന്നു. തൊട്ടടുത്തുണ്ടായിരുന്ന കുട്ടികള്‍ കരയാന്‍ തുടങ്ങിയപ്പോള്‍ വായ പൊത്തിപ്പിടിച്ചു. എന്റെ കൂട്ടുകാരി കൗസര്‍ബി ഗര്‍ഭിണിയായിരുന്നു. അക്രമികള്‍ അവളുടെ വയര്‍ കുത്തിപ്പൊളിച്ച് ഗര്‍ഭസ്ഥശിശുവിനെ പുറത്തെടുത്ത് ചുട്ടുകൊന്നു""- ഉള്ളം പൊള്ളിക്കുന്ന അനുഭവങ്ങള്‍ വിവരിക്കുന്നതിനിടയില്‍ ഷക്കീല പലതവണ വിങ്ങിപ്പൊട്ടി.
ഗുജറാത്ത് സംസ്ഥാന സര്‍ക്കാര്‍ നരോദാ പാട്ടിയയിലെ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ഒരു സഹായവും നല്‍കിയില്ല. കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ സഹായം കിട്ടി. നരോദാപാട്ടിയയിലെ കൂട്ടക്കൊലയ്ക്കിരയായവരെ ചുട്ടുകൊന്നുതള്ളിയ കിണര്‍ ഇപ്പോഴുമുണ്ട്. ഏറെ വാഴ്ത്തപ്പെടുന്ന നരേന്ദ്രമോഡി സര്‍ക്കാരിന്റെ "വികസനത്തിന്റെ" യഥാര്‍ഥ ചിത്രമാണ് നരോദാപാട്ടിയയിലെ ഇടുങ്ങിയ തെരുവുകള്‍ പറയുന്നത്.
deshabhimani 071212
Thursday, December 6, 2012
സര്‍ക്കാര്‍ വിജിലന്‍സിനെ ദുരുപയോഗപ്പെടുത്തി: ഹൈക്കോടതി
പ്രതിപക്ഷനേതാവ് വി എസിനെതിരായ ഭൂമിദാനകേസില്‍ വിജിലന്‍സ് സംവിധാനം സര്‍ക്കാര്‍ ദുരുപയോഗപ്പെടുത്തിയതായി സംശയിക്കുന്നുവെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ക്രിമിനല്‍നടപടി നിയമത്തെക്കുറിച്ച് പ്രാഥമിക അറിവെങ്കിലുമുള്ളവരാണ് കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെന്നു കരുതാനാവില്ലെന്ന് ജസ്റ്റിസ് എസ് എസ് സതീശചന്ദ്രന്‍ വിധിന്യായത്തില്‍ വ്യക്തമാക്കി. ഇതിനു തെളിവാണ് കേസില്‍ പ്രതിചേര്‍ത്ത ഐഎഎസ് ഉദ്യോഗസ്ഥരുടെ രഹസ്യമൊഴി രേഖപ്പെടുത്തിയ നടപടിയെന്നും കോടതി വിലയിരുത്തി.
കേസില്‍ പ്രതിചേര്‍ത്ത ഒരാളെ മജിസ്ട്രേട്ടിനു മുമ്പാകെ ഹാജരാക്കി കുറ്റസമ്മതമൊഴി രേഖപ്പെടുത്തിയത് ഭരണഘടനാവിരുദ്ധമാണെന്നും കോടതി അഭിപ്രായപ്പെട്ടു. കേസില്‍ ആദ്യം പ്രതിചേര്‍ത്ത ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ അന്വേഷണത്തിന്റെ അന്തിമഘട്ടത്തില്‍ പ്രതിസ്ഥാനത്തുനിന്ന് ഒഴിവാക്കിയത് അപരിചിതമായ നടപടിയാണെന്നും കോടതി പറഞ്ഞു. ബന്ധുക്കളിലാരെങ്കിലുമോ പൊതുജനങ്ങളില്‍നിന്നോ ലഭിക്കുന്ന പരാതികളില്‍ പരിശോധന നടത്താന്‍ ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കുന്നതിന്റെ പേരില്‍ മാത്രം കേസെടുക്കാനാവില്ല. ഇക്കാര്യംകൊണ്ടുമാത്രം അഴിമതിക്കുവേണ്ടിയാണ് ഇടപെടലെന്ന് പറയാനാവില്ല. ഇത്തരം നടപടികളുടെ പേരില്‍ കേസെടുക്കുന്നത് നിര്‍ഭയരായി ചുമതലകള്‍ നിര്‍വഹിക്കുന്നതിന് തടസ്സമാവുമെന്നും ഇത് അപകടമാണെന്നും കോടതി പറഞ്ഞു.
കേസന്വേഷണത്തിലെ അപാകങ്ങള്‍ സംബന്ധിച്ച് വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്‍കിയ നിവേദനം പരിഗണിക്കേണ്ടതില്ലെന്ന വിജിലന്‍സ് ഡയറക്ടറുടെ തീരുമാനത്തെയും കോടതി വിമര്‍ശിച്ചു. വിജിലന്‍സ് ഡയക്ടറുടെ പദവി ആലങ്കാരികമോ, മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനെ പ്രതിഷ്ഠിക്കാന്‍വേണ്ടിയുള്ളതോ അല്ലെന്നും കോടതി പറഞ്ഞു. മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ വി എസിന്റെ പരാതി കൈകാര്യംചെയ്ത രീതി വിജിലന്‍സിന്റെ ദയനീയ അവസ്ഥയാണ് കാട്ടുന്നത്. നിഷ്പക്ഷമായ അന്വേഷണത്തിന് പ്രതിക്ക് അവകാശമുണ്ട്. അന്വേഷണത്തിന്റെ അന്തിമഘട്ടത്തില്‍ ഉന്നത ഉദ്യോഗസ്ഥരെ ഒഴിവാക്കിയത് ഈ വാദത്തെ ബലപ്പെടുത്തുന്നുവെന്നും കോടതി നിരീക്ഷിച്ചു.
കോടതിവിധി സര്‍ക്കാരിന് താക്കീത്: പിണറായി
ന്യൂഡല്‍ഹി: വി എസിനെതിരായ കേസ് തള്ളിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധി സ്വാഗതാര്‍ഹമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. രാഷ്ട്രീയപ്രേരിതമായി സിപിഐ എം നേതാക്കള്‍ക്കെതിരെ നീങ്ങുന്ന സംസ്ഥാന സര്‍ക്കാരിനുള്ള താക്കീതാണ് കോടതി ഉത്തരവ്. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളിലുള്ള കോടതിയുടെ മനംമടുപ്പാണ് ഉത്തരവിലുണ്ടായത്. സിപിഐ എമ്മിന്റെ പ്രതിപക്ഷനേതാവിനെ തീരുമാനിക്കുന്നത് പാര്‍ടിയാണ്. ഉമ്മന്‍ചാണ്ടിയും കുഞ്ഞാലിക്കുട്ടിയുമല്ലെന്നും പിണറായി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
കേസ് യുഡിഎഫ് കെട്ടിച്ചമച്ചത്: കാരാട്ട്
ന്യൂഡല്‍ഹി: വി എസ് അച്യുതാനന്ദനെതിരായ ഭൂമിദാന കേസ് യുഡിഎഫ് കെട്ടിച്ചമച്ചുണ്ടാക്കിയതാണെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് വ്യക്തമാക്കി. ഈ കേസ് പാര്‍ടി നിയമപരമായി നേരിടുമെന്നും അദ്ദേഹം പ്രതികരിച്ചു.
ഡിവിഷന്‍ ബെഞ്ചിന്റെ മുകളിലും കോടതിയുണ്ട്: വി എസ്
ആലുവ: ഡിവിഷന്‍ ബെഞ്ചിന്റെ മുകളിലും കോടതിയുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. ഭൂമിദാനകേസ് തള്ളിയതിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ അനുവദിച്ചത് ശ്രദ്ധയില്‍പ്പെടുത്തിയ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദഗ്ധ അഭിഭാഷകനെ വെച്ച് കേസ് കൈകാര്യം ചെയ്യും. നീതിയുടെയും സത്യത്തിന്റെയും വിജയമാണ് ഭൂമിദാനക്കേസ് റദ്ദാക്കിയതിലൂടെ ഉണ്ടായതെന്ന്, നേരത്തെ സിംഗിള്‍ ബെഞ്ച് വിധിയെക്കുറിച്ച് പ്രതികരിക്കവേ വി എസ് കൊച്ചിയില്‍ പറഞ്ഞു. തന്നെ പ്രതിപക്ഷസ്ഥാനത്തുനിന്ന് നീക്കാനും മറ്റുചിലരെ അവരോധിക്കാനും ഉമ്മന്‍ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും നടത്തിയ ഗൂഢാലോചനാ പരിപാടിയുടെ നടുവിനു കിട്ടിയ പ്രഹരമായാണ് ജനങ്ങള്‍ ഇതിനെ കാണുന്നത്. ഇതുപോലുള്ള ഒട്ടേറെ ഗൂഢതന്ത്രങ്ങള്‍ എങ്ങനെ രൂപപ്പെട്ടുവെന്നത് അന്വേഷണാത്മക പത്രപ്രവര്‍ത്തകരായ നിങ്ങള്‍ക്ക് തുടര്‍ന്നും ലഭിക്കും. അത് നിങ്ങള്‍ നല്ലവണ്ണം പ്രയോജനപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
deshabhimani 071212
Subscribe to:
Posts (Atom)