Wednesday, April 22, 2020

പാല്‍ഘറിലെ ആള്‍ക്കൂട്ടക്കൊല: പച്ചക്കള്ളം പ്രചരിപ്പിക്കുന്ന ബിജെപി ക്കാര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കും: സിപിഐ എം

മുംബൈ> പാല്‍ഘര്‍ ജില്ലയില്‍ നടന്ന ആള്‍ക്കൂട്ടക്കൊലയുടെ പേരില്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാപകമായി പച്ചക്കള്ളങ്ങള്‍ പ്രചരിപ്പിക്കുന്ന ബിജെപിക്കാര്‍ക്കെതിരായി നിയമനടപടികള്‍ സ്വീകരിക്കുമെന്ന് സിപിഐ എം മഹാരാഷ്ട്ര സംസ്ഥാന സെക്രട്ടറി നരസയ്യ ആദം അറിയിച്ചു. പാല്‍ഘര്‍ ജില്ലയിലെ ദഹാനു താലൂക്കില്‍ ഏപ്രില്‍ 16നു രാത്രി ആള്‍ക്കൂട്ടക്കൊല നടന്ന ഗഡ്ചിഞ്ചലേ ഗ്രാമം ഒരു ബിജെപി ശക്തികേന്ദ്രമാണ്. കഴിഞ്ഞ 10 വര്‍ഷമായി ഈ ഗ്രാമപ്പഞ്ചായത്ത് ഭരിക്കുന്നത് ബിജെപിയാണ്.

 ഗ്രാമത്തില്‍ ഊഹാപോഹങ്ങള്‍ പ്രചരിപ്പിച്ചതിലും സന്യാസികളെ കൊലപ്പെടുത്തിയതിലുമുള്ള ഉത്തരവാദിത്തത്തില്‍ നിന്ന് ഈ ഗ്രാമത്തിലെ പ്രബല രാഷ്ട്രീയ കക്ഷിയായ ബിജെപിക്ക് ഒഴിഞ്ഞുമാറാന്‍ കഴിയില്ല. ഈ സംഭവത്തില്‍ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ പ്രമുഖ പ്രതികളായ 5 പേരുകളുണ്ട്. അവരാരും സിപിഐ എമ്മുകാരല്ല. ഈ സന്യാസിമാരുടെ കൊലപാതകവുമായി ബന്ധപെട്ടു ഇതുവരെ അറസ്റ്റ് ചെയ്തവരില്‍ ബഹുഭൂരിഭാഗവും ബിജെപി പ്രവര്‍ത്തകരാണ്.എന്നാല്‍ സിപിഐ എമ്മിനെയും ചില മതവിഭാഗങ്ങളെയും ബന്ധപ്പെടുത്തി സാമൂഹ്യമാധ്യമങ്ങളിലൂടെ ബിജെപിക്കാര്‍ വ്യാപകമായി പച്ചക്കള്ളങ്ങള്‍ പ്രചരിപ്പിക്കുകയാണ്.

നുണപ്രചാരണത്തിന് മുന്‍കയ്യെടുക്കുന്ന സംബിത് പത്ര, സുനില്‍ ദേവധര്‍ തുടങ്ങിയ ബിജെപിക്കാര്‍ക്കും 'ഞാന്‍ ദേവേന്ദ്ര' എന്ന ഫേസ്ബുക് പേജിന്റെ അഡ്മിന്‍ പ്രകാശ് ഗാഡെ എന്നയാള്‍ക്കുമെതിരെ നിയമനടപടികള്‍ സ്വീകരിക്കുകയാണെന്നു  ആദം മാസ്റ്റര്‍ അറിയിച്ചു. മൂന്നു പേരുടെ ദാരുണമായ മരണത്തിനു കാരണമായ ആള്‍ക്കൂട്ടക്കൊലയില്‍ ഉള്‍പ്പെട്ട മുഴുവന്‍ കുറ്റക്കാരെയും  വിശദമായ അന്വേഷണത്തിലൂടെ കണ്ടെത്തുകയും നിയമത്തിനു മുന്നില്‍ കൊണ്ടുവരികയും വേണമെന്നു  സിപിഐ എം ആദ്യം തന്നെ ആവശ്യപ്പെടുകയുണ്ടായി.   ഈ വിഷയത്തില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ ഭാഗത്തുനിന്നുണ്ടായിട്ടുള്ള പ്രതികരണത്തില്‍ പ്രധാനമായും 5  കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.

1. കഴിഞ്ഞ ആറു വര്‍ഷങ്ങളായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന വര്‍ഗീയമായ ആള്‍ക്കൂട്ട കൊലയുടെ സ്വഭാവമുള്ളതല്ല  പാല്‍ഘറില്‍ കഴിഞ്ഞ ദിവസം നടന്നത്. പാല്‍ഘറിലും  പരിസരത്തും കള്ളന്മാര്‍ ചുറ്റിനടക്കുന്നുണ്ട് എന്ന പ്രചാരണം കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായിരുന്നു. അതിനെ തുടര്‍ന്നാണ്  ഈ ദാരുണ സംഭവം നടന്നത്.

2. ഈ സംഭവത്തിന് വര്‍ഗീയമായ യാതൊരു ഉള്ളടക്കവുമില്ല, അങ്ങനെ വ്യാഖാനിക്കാന്‍ ആരും തന്നെ ശ്രമിക്കരുത്.

3. കൊലപാതക സംഘത്തിന്റെ തലവന്മാരായ അഞ്ചു പേരുള്‍പ്പെടെ  ഏതാണ്ട് നൂറോളം പേരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതില്‍ കുറ്റം ചെയ്തവര്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കും

4. രണ്ടു പൊലീസുകാരെ ഇതുമായി ബന്ധപ്പെട്ട്  സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്

5. ഗൗരവപൂര്‍ണമായ അന്വേഷണം ഈ വിഷയത്തില്‍ നടത്തുന്നതായിരിക്കും.

വസ്തുതകളില്‍ ഊന്നിയുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം സ്വാഗതാര്‍ഹമാണ്.
ഈ സംഭവത്തിന്റെ പേരില്‍ നുണപ്രചരണം നടത്തി  രാഷ്ട്രീയ വിദ്വേഷവും മതവിദ്വേഷവും പരത്താന്‍  സംഘപരിവാര്‍ ശക്തികള്‍  കിണഞ്ഞു പരിശ്രമിക്കുകയാണ്. ഇതിനെതിരെ പൊതുസമൂഹം ജാഗ്രത പുലര്‍ത്തണമെന്നു സിപിഐ എം സംസ്ഥാനക്കമ്മിറ്റി അഭ്യര്‍ത്ഥിച്ചു.

 ആള്‍ക്കൂട്ടക്കൊലയിലെ എല്ലാ കുറ്റവാളികളെയും  നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്നും സംസ്ഥാനക്കമ്മിറ്റി ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടു

സ്പ്രിങ്ക്‌ളർ: ഹൈക്കോടതി പരാമർശത്തിൽ നുണവാർത്തകളുമായി മാധ്യമങ്ങൾ

കൊച്ചി > സ്‌പ്രിങ്ക്‌‌ളർ കരാറുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെതിരെ വീണ്ടും നുണവാർത്തകളുമായി മാധ്യമങ്ങൾ. കമ്പനിയുമായുള്ള കരാർ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി പരിഗണക്കവേ ഹൈക്കോടതി നടത്തിയ പരാമർശങ്ങളിലാണ് വാർത്താ ചാനലുകൾ നുണ കെട്ടിച്ചമച്ചത്.

സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം എന്ന തലക്കെട്ടോടെയായിരുന്നു ബ്രേക്കിംഗ് ന്യൂസുകൾ. സ്‌പ്രിങ്ക്‌‌ളറുമായുള്ള കരാർ ഹൈക്കോടതി സ്റ്റേ ചെയ്തിട്ടുണ്ടെന്നും, സ്‌പ്രിങ്ക്‌‌ളറിൽ ഡാറ്റ അപ്‌ലോഡ് ചെയ്യരുതെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടുവെന്നുമാണ് പ്രധാന ചാനലുകൾ പ്രചരിപ്പിച്ചത്. എന്നാൽ വാർത്തകൾ വെറും നുണയാണെന്ന് നിമിഷങ്ങൾക്കുള്ളിൽ തെളിഞ്ഞു. കോടതിയിൽ യഥാർത്ഥത്തിൽ സംഭവിച്ചത് എന്താണെന്ന് വിശദീകരിച്ചും മാധ്യമനുണകൾക്കെതിരെയും അഭിഭാഷകർ തന്നെ രംഗത്തെത്തി.

കോവിഡ് ഡേറ്റാ വിശകലനത്തിന് സ്‌പ്രിങ്ക്‌‌ളർ കമ്പനിയുടെ സേവനം വിനിയോഗിക്കുന്നത് സംബന്ധിച്ച് സംസ്ഥാന സർക്കാർ സത്യവാങ്മൂലം സമർപ്പിക്കണമെന്നാണ്  ഹൈക്കോടതി യഥാർത്ഥത്തിൽ പറഞ്ഞത്. ശേഖരിക്കുന്ന ഡേറ്റ നഷ്‌ടപ്പെടുന്നില്ലന്ന് എങ്ങനെ ഉറപ്പാക്കുമെന്നതടക്കം സർക്കാർ വിശദീകരിക്കണം. കോവിഡ് വ്യാപനം ഫലപ്രദമായി തടയാനായത് സർക്കാരിന്റെ നേട്ടം തന്നെയാണന്നും ഹൈക്കോടതി ഹർജി പരിഗണിക്കവേ പറഞ്ഞു.

നുണപൊളിഞ്ഞതോടെ ബ്രേക്കിംഗ് ന്യൂസുകൾ ചില ചാനലുകൾ പിൻവലിച്ചു. സ്‌പ്രിങ്ക്‌‌ളറിന്റെ പേരിൽ പുകമറ സൃഷ്‌ടിക്കാൻ ചില മാധ്യമങ്ങൾ ശ്രമിക്കുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. കമ്പനിയുമായുള്ള കരാർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ ബാലു ഗോപാലകൃഷ്ണൻ സമർപ്പിച്ച പൊതുതാൽപര്യ ഹർജി ജസ്റ്റിസുമാരായ ദേവൻ രാമചന്ദ്രൻ ടി ആർ രവി എന്നിവരടങ്ങുന്ന ഡിവിഷൻ ബഞ്ചാണ് പരിഗണിച്ചത്. കേസ് എപ്രിൽ 24ന് വീണ്ടും പരിഗണിക്കും.

സ്‌പ്രിങ്ക്‌ളര്‍: അടിസ്ഥാനമില്ലാത്ത വിവാദം


ഐബിഎസ്‌ സോഫ്‌റ്റ്‌ വെയർ സർവീസസിന്റെ മുൻ വൈസ്‌ പ്രസിഡന്റും ക്ലൗഡ്‌ സർവീസസ്‌ മേധാവിയുമായിരുന്ന സേതുനാഥ്‌ ചോദ്യങ്ങളോട്‌ പ്രതികരിക്കുന്നു

" സത്യം ചെരിപ്പുമിട്ട് വരുമ്പോഴേക്കും നുണ ലോകംമുഴുവൻ ചുറ്റി തിരികെ എത്തിയിട്ടുണ്ടാകും ’ എന്നൊരു ചൊല്ലുണ്ട്. സ്‌പ്രിങ്ക്‌ളർ വിവാദവുമായി ബന്ധപ്പെട്ട്‌ സാങ്കേതികവിദ്യ, വിവരസുരക്ഷ എന്നിവയെക്കുറിച്ചുള്ള നുണകൾ ഉലകംചുറ്റി തിരികെ എത്തി. സത്യം ചെരിപ്പിന്റെ വള്ളി കെട്ടി തുടങ്ങിയിട്ടില്ല. വിവര സ്വകാര്യത, പബ്ലിക് ക്ലൗഡ്  എന്നിവയെ സംബന്ധിച്ച തെറ്റായ വിവരങ്ങള്‍ തിരുത്തപ്പെടുവാന്‍ വേണ്ടിയുള്ള ശ്രമമാണ്. ഐബിഎസ്‌  സോഫ്‌റ്റ്‌ വെയർ സർവീസസിന്റെ മുൻ വൈസ്‌ പ്രസിഡന്റും ക്ലൗഡ്‌ സർവീസസ്‌  മേധാവിയുമായിരുന്ന സേതുനാഥ്‌ ചോദ്യങ്ങളോട്‌ പ്രതികരിക്കുന്നു.

ചോദ്യം: മികച്ച ഐടി ക്യാമ്പസുകളായ ഇൻഫോപാർക്ക്, ടെക്നോപാർക്ക് എന്നിവ ഉള്ള, വളരെ മികച്ച ഐടി വിദഗ്‌ധർ ഉള്ള കേരളത്തിൽ അനലറ്റിക്‌സ്‌ അടിസ്ഥാനമുള്ള ഒരു പ്ലാറ്റ്ഫോം  ഉണ്ടാക്കാൻ സ്‌പ്രിങ്ക്‌ളർ കമ്പനിയുടെ സഹായം ആവശ്യം ഉണ്ടോ?

ഉത്തരം: “വളരെ മികച്ച ഐടി വിദഗ്‌ധ‌ർ ഉണ്ടായിട്ടും’ എന്നത് ആപേക്ഷികമായ സങ്കല്പമാണ്. മൂവായിരവും അതിലധികവും സോഫ്റ്റ്‌വെയർ വിദഗ്ധരുള്ള ഒരു കമ്പനിയിൽ പ്രത്യേകം ചില ഡൊമെയിൻ അല്ലെങ്കിൽ ഡൊമെയിനുകളിലെ യൂസ് കെയ്സുകൾക്കേ കേപ്പബിലിറ്റി കാണുകയുള്ളൂ. അതാണ് അവരുടെ ഫോക്കസും. ആ ഫോക്കസാണ് അവരുടെ ബിസിനസ്‌ വിജയത്തിനു കാരണവും.  ബാക്കി എന്ത് ആവശ്യം വന്നാലും വേറെ കമ്പനിയിൽനിന്ന്‌ വാങ്ങിക്കണം. കേരള സർക്കാരിന്റെ ഐടി ഡിപ്പാർട്മെന്റിന്റെ  വൈദഗ്ധ്യത്തെയും അങ്ങനെ കണ്ടാൽ മനസ്സിലാകും.

ചോദ്യം:  ബിഗ് ഡാറ്റ–-അനലിറ്റിക്സ്  മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ കേരളത്തിൽത്തന്നെ ഉള്ളപ്പോൾ എന്തിന് സ്‌പ്രിങ്ക്‌ളറിന്‌ കരാർ കൊടുത്തു?

ഉത്തരം: കേരളത്തിലെ കമ്പനികളെ  സമീപിച്ചിട്ടുണ്ടോ എന്നൊക്കെ സർക്കാർ മറുപടി പറയേണ്ട കാര്യമാണ്. ബിഗ് ഡാറ്റ, അനലിറ്റിക്സ് എന്നീ ടെക്നോളജി ടേമുകൾക്ക് അപ്പുറം ഒരു പ്രോഡക്ട് അല്ലെങ്കിൽ പ്ലാറ്റ്ഫോം “വൃത്തിയായി “ ഡെവലപ്‌ ചെയ്യാൻ നല്ല പണിയുണ്ട്. അത് വളരെ കേന്ദ്രീകൃതമായ ഒരു ലക്ഷ്യത്തിൽ പരമാവധി ശ്രദ്ധിച്ചുകൊണ്ട്‌ സൃഷ്ടിക്കപ്പെടുന്ന ഒരു സോഫ്‌റ്റ്‌വെയർ ആണ്. അതിന്‌ കൃത്യമായ ഒരു ലക്ഷ്യമുണ്ട്.  സ്‌പ്രിങ്ക്‌ളറിനു സമാനമായ ഏതെങ്കിലും പ്ലാറ്റ്‌ഫോം ഉള്ള കമ്പനി കേരളത്തിൽ ഉണ്ടെങ്കിൽ, അവർ സർക്കാരിന് സേവനം ഓഫർ ചെയ്യാൻ മുന്നോട്ട് വന്നോ? അങ്ങനെ ഒന്ന് ഉണ്ടായിരുന്നു എങ്കിൽ ഈ വിവാദം ഉണ്ടായതിനുശേഷം എങ്കിലും മുമ്പോട്ട് വരില്ലായിരുന്നോ?. ഒരു ദിവസംപോലും വർക് ഫ്രം ഹോം പോളിസി അനുവദിക്കാത്ത കമ്പനികൾ, സൂംപോലെ, സ്‌കൈപ്പുപോലെ  ഉള്ള സോഫ്റ്റ് വെയറുകൾ ഇൻസ്റ്റാൾ ചെയ്യാൻ അനുവദിക്കാത്ത കമ്പനികൾ ലോക്ക്ഡൗൺ വന്നതോടെ വർക്ക്ഫ്രം ഹോം അനുവദിച്ചു. അതാണ് ദുരന്തസമയത്തുള്ള തീരുമാനങ്ങളുടെ പ്രസക്തി. കോവിഡ്‌–- 19ന്റെ വ്യാപ്തിയും സങ്കീർണതയും പ്രത്യേകതകളും ഡാറ്റാ പാറ്റേണും മനസ്സിലാക്കിയ ഒരു രാജ്യവും ലോകത്തില്ല. എല്ലാവരും ഇതുപോലെയുള്ള സേവനദാതാക്കളെ ആശ്രയിക്കുകയാണ്.

ചോദ്യം: കോവിഡ് നിരീക്ഷണത്തിലുള്ള ആളുകളുടെ വിവരം ശേഖരിക്കപ്പെടുമ്പോൾ, ഈ ഡാറ്റ സ്‌പ്രിങ്ക്‌ളർ മറ്റാർക്കെങ്കിലും മറിച്ചുകൊടുക്കാൻ സാധ്യതയുണ്ടോ

ഉത്തരം: എട്ട്‌ ബില്യൺ ഡോളർ വാല്യൂവേഷനുള്ള, 300 മില്യൺ ഡോളർ വരുമാനം ഉള്ള ഒരു മൾട്ടി നാഷണൽ കമ്പനിയാണ്  സ്‌പ്രിങ്ക്‌ളർ. അത് ഈ നിലയിലേക്ക് വളർന്നെത്തിയത് ഒരുപാട് കടമ്പകൾ കടന്നാണ്. ലോകത്തിലെ മുന്തിയ അക്കൗണ്ടിങ് കമ്പനികളാൽ ഓഡിറ്റ് ചെയ്യപ്പെടുന്നു എന്നതും വിശ്വാസ്യതയ്ക്ക് ഒരു സുപ്രധാനഘടകമാണ്. അതിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള മാസ്റ്റർ സർവീസ് എഗ്രിമെന്റിൽ സ്‌പ്രിങ്ക്‌ളർ പ്ലാറ്റ്ഫോമിലെ ഡാറ്റ എന്തുചെയ്യും, ചെയ്യില്ല എന്ന്‌ കൃത്യമായി വ്യക്തമാക്കിയിട്ടുണ്ട്. ഇടപാടുകാർക്ക്‌ സ്‌പ്രിങ്ക്‌ളറിന്റെ പ്ലാറ്റ്ഫോം ഓഡിറ്റ് ചെയ്യാവുന്നതുമാണ്. ഇത് നിയമവിധേയമായ, പ്രതിജ്ഞാബദ്ധമായ ഒരു രേഖയാണ്. ഇതിൽനിന്ന്‌ വ്യതിചലിക്കുക എന്നത് അവരെ സംബന്ധിച്ചിടത്തോളം ആത്മഹത്യാപരവുമാണ്.  കേരള സർക്കാരിന്റെ ഡാറ്റാ കലക്‌ഷൻപോർട്ടലായ  https://housevisit.kerala.gov.in ൽ സർക്കാർ നിർബന്ധിതമാക്കിയിരിക്കുന്ന ചില നിബന്ധനകൾ ഉണ്ട് . അതിൽ സർക്കാർ ഈ ഡാറ്റ, വളരെ കൃത്യമായ, നിയതമായ ലക്ഷ്യങ്ങൾക്കുമാത്രമേ ഉപയോഗിക്കൂ എന്നും,  പ്രൈവസി പോളിസിയിൽ പറഞ്ഞിരിക്കുന്നവരുമായി അല്ലാതെ മറ്റാർക്കും പങ്കുവയ്‌ക്കില്ല എന്നും പറയുന്നുണ്ട്. സ്‌പ്രിങ്ക്‌ളറിന്‌ ഒരു കാരണവശാലും ഡാറ്റയിൻമേൽ അവകാശം  ഉണ്ടായിരിക്കുന്നതല്ല എന്നു പറഞ്ഞിട്ടുണ്ട്.

ചോദ്യം: കേരള സർക്കാർ സ്‌പ്രിങ്ക്‌ളറിന്റെ സോഫ്റ്റ്‌വെയർ പ്ലാറ്റ്ഫോം, ഡാറ്റ ഹോസ്റ്റ് ചെയ്തിരിക്കുന്നത് ഇന്ത്യയിലെ സർവറുകളിൽ ആണെന്ന് ആദ്യം പറഞ്ഞു . പിന്നീട് ആമസോൺ ക്ലൗഡിൽ ആണെന്നു പറഞ്ഞു. ഇതിൽ വൈരുധ്യമില്ലേ?

ഉത്തരം: വൈരുധ്യമില്ല. ആമസോൺ ക്ലൗഡ് ഇന്ത്യയിൽ ഉള്ളത് മുംബൈ മേഖലയിലാണ്. അവിടെ മൂന്ന്‌ അവയബിലിറ്റി സോണുകളാണുള്ളത്. ഓരോ സോണുകൾ പ്രത്യേകം ഡാറ്റ സെന്ററുകൾ ആണെന്ന് സങ്കൽപ്പിക്കുക. ഒരു ആപ്ലിക്കേഷൻ ഒരിക്കലും ഡൗണായി പോകാതെ (ആപ്ലിക്കേഷൻ കിട്ടാതെ ) ഇരിക്കാനായി ഒന്നിലധികം സെർവറുകൾ സമാന്തരമായി ചെയ്യുകയാണ്‌. മുംബൈയിലുള്ള മുഴുവൻ സെർവറുകളും ഇവയെ എല്ലാം ബന്ധിപ്പിക്കുന്ന നെറ്റ്‌വർക്ക്  ഇന്റർകണക്ടുകളും ഈ മൂന്ന് മേഖലകളിലായി പരന്നുകിടക്കുന്നു. ഇവിടെ ഡാറ്റ സൂക്ഷിക്കുന്നു എന്നുവച്ചാൽ ഇന്ത്യയിൽ സൂക്ഷിക്കുന്നുവെന്നർഥം. ഉപയോക്താവായ സർക്കാർ ആ സേവനം അഥവാ സോഫ്റ്റ്‌വെയർ ആസ്എ സർവീസുമാത്രം ഉപയോഗിക്കുന്നു. ഇത്‌ ഒരു സേവന നിലവാര നിബന്ധന കരാറാണ്‌. സ്‌പ്രിങ്ക്‌ളറിന് അതിന്റെ ആപ്ലിക്കേഷൻ കോഡ്, പിന്നിലുള്ള സർവറുകൾ, സ്റ്റോറേജ് എന്നിവയിൽ ഒക്കെ നിയന്ത്രണം ഉണ്ടെങ്കിലും അതിൽ ഡാറ്റ എന്റർ ചെയ്യുന്ന ആൾക്കാരുടെ മേലും ഡാറ്റയുടെ മേലും ഉള്ള നിയന്ത്രണം പൂർണമായും സർക്കാരിനാണ്. സ്‌പ്രിങ്ക്‌ളറിന്റെ ഉപയോക്താവിന് ഈ ഡാറ്റ എങ്ങോട്ട് കൊണ്ടുപോകണം എന്ന്‌ തീരുമാനിക്കാനുള്ള പൂർണ അവകാശമുണ്ട്. ആമസോണിനോ സ്‌പ്രിങ്ക്‌ളറിനോ ഒരു അവകാശവുമില്ല.

ചോദ്യം: പബ്ലിക് ക്ലൗഡ് എന്നാൽ “പൊതുവായ ക്ലൗഡ്’ എന്നല്ലേ അർഥം? അങ്ങനെ ഒരിടത്ത്‌ വിവരങ്ങൾ ശേഖരിക്കുകയും സൂക്ഷിക്കുകയും ചെയ്യാമോ ?

ഉത്തരം: പബ്ലിക് ക്ലൗഡ് എന്നാൽ ലോകത്തെ ആർക്കും സ്വന്തമായി എന്നാൽ സ്വകാര്യമായി സെർവർ, നെറ്റ്‌വർക്ക്, സ്റ്റോറേജ്, പ്ലാറ്റ്ഫോം, ആസ്എ സർവീസ് തുടങ്ങി അനേകം സേവനങ്ങളാണ്‌. വളരെ ചെറിയ സെർവർമുതൽ ഭീമൻ കപ്പാസിറ്റിയുള്ള സെർവറുകൾ ഒക്കെ  ആവശ്യമുള്ള കാലത്തേക്കുമാത്രം  ഉപയോഗിക്കാം.  പബ്ലിക് ക്ലൗഡ് കമ്പനികൾ ഇത്തരം സേവനങ്ങൾ നൽകുന്നതിനായി വളരെ വലിയ ഡാറ്റ സെന്ററുകൾ ഓരോ രാജ്യത്ത്‌ ഉണ്ടാക്കുകയും സേവനസൗകര്യം നല്കുകയും ചെയ്യുന്നു. അതിനുള്ളിലേക്ക് പബ്ലിക് ക്ലൗഡ് ഉടമസ്ഥനായ ആമസോണിനുപോലും പ്രവേശനം ഇല്ല. പബ്ലിക് ക്ലൗഡ് എന്നാൽ ഒരു മ്യൂസിയംപോലെയോ ബസ്‌സ്‌റ്റാൻഡുപോലെയോ അല്ല. “എല്ലാവർക്കും സ്വന്തമാക്കാവുന്ന ഡാറ്റ സെന്റർ സേവനങ്ങൾ’ എന്നുമാത്രമേയുള്ളൂ.

ചോദ്യം: വ്യക്തിഗത വിവരങ്ങൾക്ക്‌ വിലയുണ്ടോ?

ഉത്തരം: ഉണ്ട്. വിലയുണ്ട്. എന്തു തരത്തിലുള്ള വിവരമാണ് എന്നതിനനുസരിച്ചാണ് വില നിശ്ചയിക്കപ്പെടുന്നത്. ഒരു ഉദാഹരണത്തിന് ഒരു ഫെയ്‌സ്ബുക്ക് പ്രൊഫൈലിലുള്ള ഒരു അമേരിക്കൻ പൗരന്റെ വിവരത്തിന്റെ മാർക്കറ്റ് വില ഏകദേശം 40 സെന്റ്‌ അതായത് 0.4 ഡോളർ (31 രൂപ) ആണെന്ന്‌ പറയപ്പെടുന്നു. അതിൽ പേരും ഫോൺനമ്പരും റേഷൻകാർഡുമൊന്നുമല്ല പ്രധാനം.  നമ്മൾ ഫ്രീയായി ഫെയ്‌സ്ബുക്ക് ഉപയോഗിക്കുമ്പോൾ ഫെയ്‌സ്ബുക്ക് ഇത്തരം ചില വിവരങ്ങളും ഘടകങ്ങളും ഉപയോഗപ്പെടുത്തുന്നുണ്ട്.

ചോദ്യം: സ്‌പ്രിങ്ക്‌ളർവഴി വ്യക്തിഗത വിവരങ്ങൾ വിൽക്കപ്പെടുന്നുണ്ടോ. 200 കോടി രൂപയുടെ ഡാറ്റ കച്ചവടം ചെയ്തു എന്ന പ്രതിപക്ഷനേതാവിന്റെ ആരോപണത്തിനു പിന്നിൽ എന്താണ്?

ഉത്തരം: ഇത് ഡാറ്റ ആർക്കെങ്കിലും വിറ്റ് കാശാക്കാനുള്ള ഒരു സംരംഭമല്ല. കോവിഡ് നിരീക്ഷണത്തിൽ ഉള്ളവരുടെ വിവരങ്ങൾ ശേഖരിക്കുകയും അവരുടെ നീക്കങ്ങൾ അവർ ബന്ധപ്പെടുന്നത് ആരൊക്കെ തുടങ്ങിയ കോവിഡ് വ്യാപിക്കാൻ സാധ്യതയുള്ള മാർഗങ്ങൾ ഒക്കെ തിരിച്ചറിയാനും അതുവഴി ലഭ്യമാകുന്ന നിഗമനംവഴി നയപരമായ തീരുമാനങ്ങൾ വളരെ മുൻകൂറായി എടുത്ത് രോഗവ്യാപനത്തെ തടയാനും വേണ്ടിയാണ് ഈ പ്ലാറ്റ്ഫോം പ്രയോജനപ്പെടുത്തുന്നത്. ഈ വിവരത്തിന് ആളൊന്നിന്‌ ‘എന്ത്‌ വില’യുണ്ടെന്ന് അറിയില്ല. ആരോപണം ഉന്നയിച്ച രമേശ്‌ ചെന്നിത്തലയ്‌ക്ക് അറിയുമായിരിക്കണം. 200 കോടി രൂപയുടെ അഴിമതിയെക്കുറിച്ചും ഇന്ന് അദ്ദേഹത്തിനുമാത്രമേ (എന്തെങ്കിലും അറിയാമെങ്കിൽ) പറയാൻ കഴിയൂ.

ചോദ്യം: എന്താണ്‌ സ്‌പ്രിങ്ക്‌ളർ പ്ലാറ്റ്‌ഫോം ,അതുകൊണ്ടുള്ള പ്രയോജനം എന്താണ് ?

ഉത്തരം: സ്‌പ്രിങ്ക്‌ളർ എന്നത് കസ്റ്റമർ എക്‌സ്‌പീരിയൻസ്‌ മാനേജ്‌മെന്റ്‌ പ്ലാറ്റ്‌ഫോം ആണ്, ഉപയോക്താക്കളുടെ വിവരങ്ങൾ, അവർ നേരിട്ടു നൽകുന്ന വഴിയിലൂടെയോ  (ഉദാ: കേരള സർക്കാർ പോർട്ടലിലൂടെ) ശേഖരിക്കുക. ശേഖരിക്കുന്ന വിവരങ്ങൾ കൂട്ടിച്ചേർത്ത്‌ തീരുമാനങ്ങൾ നേരത്തെ എടുക്കാൻ സഹായിക്കുന്ന സോഫ്റ്റ്‌വെയർമാത്രം ആണത്‌.

Tuesday, April 21, 2020

സ്‌പ്രിങ്ക്‌ളർ വിവാദം: ആരോപണങ്ങളും വസ്‌തുതകളും; ജതിൻ ദാസ് വിശദീകരിക്കുന്നു

എന്താണ് സ്‌പ്രിങ്ക്‌ളർ? എവിടെയാണ് സർക്കാർ ശേഖരിക്കുന്ന വിവരങ്ങൾ സൂക്ഷിക്കുന്നത്? ഈ വിവരങ്ങൾ ദുരുപയോഗം ചെയ്യപ്പെടുമോ ? കുറച്ചുദിവസങ്ങളായി കേരളത്തിൽ ഉയരുന്ന ചർച്ച ഇതാണ്. ഈ വിഷയങ്ങളിൽ സാധാരണ ജനങ്ങൾക്ക് മനസിലാകുന്ന വിധം വിശദീകരിക്കുകയാണ് ഐടി സെക്യൂരിറ്റി ആൻഡ് ജിആർസി വിദ‌ഗ്‌ധൻ ജതിൻ ദാസ്. ടെക് കൊമ്രേഡ്‌‌സ് എന്ന ഫെയ്‌‌സ്‌ബുക്ക് പേജിലൂടെയാണ് ജതിൻ വിശദീകരണം നൽകുന്നത്. ഓരോ പ്രധാന ചോദ്യങ്ങളും അതിന്റെ മറുപടിയുടെ ലിങ്കുകയും ചുവടെ;

ഭാഗം 1: എന്താണ് സ്പ്രിംഗ്‌ളർ? എന്താണ് കേരളവുമായുള്ള ബന്ധം?എന്തൊക്കെ സേവനങ്ങളാണ് അവർ നൽകുന്നത്? അതിന്റെ ആവശ്യമെന്താണ്?

https://tinyurl.com/y9eyq5qc

ഭാഗം 2: എവിടെയാണ് സർക്കാർ ശേഖരിക്കുന്ന വിവരങ്ങൾ സൂക്ഷിക്കുന്നത്? എവിടെയാണ് സ്പ്രിംഗ്‌ളർ ആപ്ലിക്കേഷൻ വിന്യസിച്ചിരിക്കുന്നത്? അത് എത്രമാത്രം സുരക്ഷിതമാണ്?

https://tinyurl.com/ybxutpeg

ഭാഗം 3: സർക്കാർ ശേഖരിക്കുന്ന വിവരങ്ങൾ സ്പ്രിംഗ്‌ളർക്ക് കൈമാറുന്നുണ്ടോ? അവർ ഈ വിവരങ്ങൾ മോഷ്ടിച്ച് കൊണ്ടു പോകുവാനോ ദുരുപയോഗം ചെയ്യുവാനോ സാധ്യതയുണ്ടോ?

https://tinyurl.com/y8eaaeqb

ഭാഗം 4: സ്പ്രിംഗ്‌ളർ ഡാറ്റാ മോഷണത്തിന് അമേരിക്കയിൽ നിയമ നടപടികൾ നേരിടുന്ന കമ്പനി അല്ലേ?

https://tinyurl.com/yd6h9cfl

ഭാഗം 5: എന്ത് കൊണ്ട് C-DITന് ഇത് ചെയ്തു കൂടാ?

https://tinyurl.com/y8dxea4c

ഭാഗം 6: ഇത്തരം ടൂളുകൾ ഉപയോഗിക്കുന്ന മറ്റ് സംസ്ഥാനങ്ങളും സംഘടനകളും ഏതൊക്കെയാണ്?

https://tinyurl.com/ya9dkwoh

സ്‌പ്രിങ്ക്‌ളറിന്റെ സേവനം പ്രയോജനപ്പെടുത്തൽ നയവിരുദ്ധമല്ല: എസ്‌ ആർ പി


കോവിഡ്‌–-19 ന്റെ അടിയന്തര സാഹചര്യത്തിൽ സ്‌പ്രിങ്ക്‌ളറിന്റെ സേവനം പ്രയോജനപ്പെടുത്താൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്‌ സിപിഐ എമ്മിന്റെ പൊതു നയപരിധിക്കകത്തുനിന്നാണെന്ന്‌ പൊളിറ്റ്‌ബ്യൂറോ അംഗം എസ്‌ രാമചന്ദ്രൻപിള്ള പറഞ്ഞു. സിപിഐ എം കൊല്ലം ജില്ലാ കമ്മിറ്റിയുടെ ഫെയ്‌സ്‌ബുക്ക്‌ ലൈവ്‌ പേജിൽ ചോദ്യങ്ങൾക്ക്‌ മറുപടി പറയുകയായിരുന്നു അദ്ദേഹം.

ഇത്‌ ശ്ലാഘനീയമാണ്‌. ഇക്കാര്യത്തിൽ സിപിഐ എം കേരള ഘടകത്തിന്റെ വിശദീകരണം കേന്ദ്രനേതൃത്വം തള്ളിയെന്ന വാർത്തകൾ അടിസ്ഥാനരഹിതവും അസംബന്ധവുമാണ്‌.  പ്രതിപക്ഷം  സ്‌പ്രിങ്ക്‌ളറിന്റെ പേരിൽ തെറ്റിദ്ധാരണ പരത്തുകയാണ്‌.

ലോകാരോഗ്യ സംഘടന അംഗീകരിച്ച സ്ഥാപനമാണത്‌. സർക്കാരും ജനങ്ങളും കൈകോർത്ത്‌ നടത്തുന്ന കോവിഡ്‌ പ്രതിരോധ പ്രവർത്തനങ്ങളെ അട്ടിമറിക്കലാണ്‌ പ്രതിപക്ഷ ലക്ഷ്യം. ആളുകൾ മരിച്ചാലും വേണ്ടില്ല; സിപിഐ എമ്മിനെയും സർക്കാരിനെയും ചെളിവാരിയെറിയാനാണ്‌ പ്രതിപക്ഷ നീക്കം.

ഇത്‌ ജനങ്ങൾ തിരിച്ചറിയും. കൊവിഡ്‌ പ്രതിസന്ധി മാസങ്ങളോ വർഷങ്ങളോ നീണ്ടേക്കാം. ഈ പശ്ചാത്തലത്തിൽ സിപിഐ എം പ്രവർത്തനരീതികളിലും കാലോചിതമായ മാറ്റങ്ങൾ വേണ്ടിവരും. സാമൂഹ്യമാധ്യമങ്ങളുടെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തണം–- എസ്‌ആർപി പറഞ്ഞു.

മനോരമവായിക്കുന്നവരോട്‌ ; നുണ വൈറസുണ്ട്, സൂക്ഷിക്കുക ; വ്യാജവാര്‍ത്ത അച്ചടി സജീവമാക്കി മലയാള മനോരമ പത്രം.

കേരളത്തിലെ ഇടതുപക്ഷ സർക്കാരിന്റെ കോവിഡ്‌ പ്രതിരോധപ്രവർത്തനങ്ങൾ ആഗോളതലത്തിൽ  ശ്രദ്ധിക്കപ്പെട്ടതോടെ, പാരമ്പര്യത്തില്‍ മുറുകെപിടിച്ച് വ്യാജവാര്‍ത്ത അച്ചടി സജീവമാക്കി മലയാള മനോരമ പത്രം.  കോവിഡ്കാലത്ത്  മാധ്യമങ്ങൾ അങ്ങേയറ്റം ജാഗ്രത പുലർത്തണമെന്നും സ്ഥിരീകരണം ഉറപ്പാക്കണമെന്നുമുള്ള സുപ്രീംകോടതി ഉത്തരവും കേന്ദ്രനിര്‍ദേശവുമൊന്നും വിലങ്ങുതടിയല്ല.

കോവിഡ്‌ പ്രതിരോധത്തിനായി നൂതന സാങ്കേതികത ലഭ്യമാക്കാൻ വിദേശ മലയാളി മുന്നോട്ടുവച്ച സൗജന്യ സേവനവാഗ്‌ദാനത്തോട്‌ കേരള സർക്കാർ സ്വീകരിച്ച സമീപനത്തെ സിപിഐ എം  കേന്ദ്രനേതൃത്വം തള്ളിയെന്നാണ് പുതിയ നുണകഥ. പൊളിറ്റ്‌ബ്യൂറോ നിരാകരിച്ചതോടെ വ്യാജവാർത്തയുടെ ആയുസ്സറ്റെങ്കിലും ലവലേശമില്ല മനോരമയ്‌ക്ക്‌ ഖേദം. വ്യാജവാർത്ത പത്രത്തിലും വെബ്സൈറ്റിലും പ്രാമുഖ്യത്തോടെ പ്രസിദ്ധപ്പെടുത്തിയവർ പിബിയുടെ പ്രസ്‌താവന കണ്ടില്ലെന്ന നാട്യത്തില്‍. തിങ്കളാഴ്‌ച രാവിലെ ഇറക്കിയ പിബി പ്രസ്താവന വെബ്സൈറ്റില്‍ നല്‍കാന്‍ പത്രം തയ്യാറായില്ല. വ്യാജവാർത്തയിൽ ആരെങ്കിലും തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ടെങ്കിൽ അതങ്ങനെ തുടരട്ടെയെന്നാണ്‌ വക്രബുദ്ധി. കേരളത്തിന്റെ കോവിഡ്‌ പ്രതിരോധപ്രവർത്തനത്തിന് ആ​ഗോളസ്വീകാര്യത കൈവന്നതോടെ കോൺഗ്രസും മനോരമയും അസ്വസ്ഥരാണ്‌.

ഒന്നും കിട്ടാതെവന്നപ്പോഴാണ് വിദേശമലയാളിയുടെ ഐടി സേവനവാഗ്‌ദാനം ശ്രദ്ധയിൽവന്നത്‌.  കോൺഗ്രസ്‌ ഭരിക്കുന്ന പഞ്ചാബ്‌, രാജസ്ഥാൻ, മഹാരാഷ്ട്ര സർക്കാരുകളും കേന്ദ്രസര്‍ക്കാരും കോവിഡ്‌ വ്യാപനം തടയാന്‍  നൂതനസാങ്കേതികതവിദ്യയ്ക്കായി സ്വകാര്യ–- വിദേശ കമ്പനികളുടെ സേവനം തേടിയിട്ടുണ്ട്.  ഇതെല്ലാം മറച്ചുവച്ചാണ് മനോരമയുടെയും പ്രതിപക്ഷത്തിന്റെയും പ്രചാരണം.

“കേരളഘടകത്തിന്റെ നിലപാട്‌ കേന്ദ്രനേതൃത്വം തള്ളി’യെന്നാണ്‌ തലക്കെട്ടിൽ മനോരമ അസന്ദിഗ്‌ധമായി പറയുന്നത്‌. എന്നാൽ, വാർത്തയിലേക്ക്‌‌ കടക്കുമ്പോൾ അതുവെറും “സൂചന’യായി പരിവർത്തനപ്പെട്ടു. “അറിയുന്നു’, “അത്രെ’ അങ്ങനെപോകുന്നു ലേഖകന്റെ ബോധ്യം.

മനോരമയുടെ വ്യാജവാർത്താ വിഭാഗത്തിലെ നിർണായക കണ്ണിയായ ഡൽഹി ലേഖകന്റെ പേരിലാണ് വാര്‍ത്ത. ഇയാളുടെ നിരവധി കള്ളവാർത്തകൾ മുമ്പും പിബി തള്ളിയിട്ടുണ്ട്. എന്നാൽ, അതിന്‌ ശേഷവും മാന്യത ലവലേശമില്ലാതെ വ്യാജവാർത്താസൃഷ്ടി തുടരുന്നു.

കോവിഡ്‌  പശ്‌ചാത്തലത്തിൽ വാർത്തകൾ കൈകാര്യംചെയ്യുമ്പോൾ മാധ്യമങ്ങൾ അങ്ങേയറ്റം ജാഗ്രത പുലർത്തണമെന്നും സ്ഥിരീകരിക്കാത്തതും വ്യാജവുമായ വാർത്തകൾ പ്രസിദ്ധീകരിക്കരുതെന്നും മാർച്ച്‌ 31 നാണ് സുപ്രീംകോടതി നിർദേശിച്ചത്. വ്യാജവാർത്ത പ്രചരിക്കുന്നത്‌ തടയാൻ സംസ്ഥാനങ്ങൾ നടപടികൾ സ്വീകരിക്കണമെന്ന്‌ പിന്നാലെ കേന്ദ്രസർക്കാർ നിര്‍ദേശിക്കുകയും ചെയ്തിരുന്നു.

ടെലി മെഡിസിനെതിരെയും നുണ ; ബിനാമി കമ്പനിയെന്ന് യുഡിഎഫ്‌ ആക്ഷേപം

രോഗികൾക്ക്‌ വീട്ടിലിരുന്ന്‌ ഡോക്ടറുടെ സേവനം ലഭ്യമാക്കുന്നതിന്‌ സംസ്ഥാന സർക്കാർ ഒരുക്കിയ ടെലി മെഡിസിൻ സംവിധാനത്തെയും ആക്ഷേപിച്ച്‌ യുഡിഎഫ്‌. ലോക്‌ഡൗൺ സാഹചര്യത്തിൽ വീഡിയോവഴി ഡോക്ടറെ കാണാൻ  സൗകര്യമൊരുക്കിയതിന്‌ എതിരെയാണ്‌ കോൺഗ്രസ്‌ നേതാക്കളുടെ പുതിയ ആരോപണം. സംസ്ഥാന സർക്കാർ സംരംഭമായ കേരള സ്‌റ്റാർട്ടപ്‌ മിഷനു (കെഎസ്‌യുഎം) കീഴിലുള്ള സ്‌റ്റാർട്ടപ്പായ  ക്വിക്‌ ഡോക്ടർ കമ്പനിയാണ്‌ പദ്ധതിക്ക്‌ സാങ്കേതിക സഹായം സൗജന്യമായി നൽകുന്നത്‌. ഈ സംരംഭം ബിനാമി കമ്പനിയെന്നാണ്‌ യുഡിഎഫ്‌ ആക്ഷേപം.

കോവിഡ്‌ വ്യാപിച്ചതോടെ മറ്റ്‌ അസുഖങ്ങളുള്ളവർ ആശുപത്രികളിൽ പോകുമ്പോഴുള്ള രോഗവ്യാപന സാഹചര്യം തടയാനാണ്‌  ടെലി മെഡിസിൻ സംവിധാനം ഒരുക്കിയത്‌. ഡോക്ടർമാരുടെ സേവനം സൗജന്യമായി നൽകാൻ ഐഎംഎ  തയ്യാറായി. തുടർന്നാണ്‌ പദ്ധതി നടപ്പാക്കാൻ സംസ്ഥാന ഐടി മിഷനെ ചുമതലപ്പെടുത്തിയത്‌.

മേഖലയിൽ വൈദഗ്‌ധ്യമുള്ളതും സൗജന്യ സേവനം നൽകാൻ സന്നദ്ധതയുമറിയിച്ച രണ്ട്‌ സ്‌റ്റാർട്ടപ്പുകളെയാണ്‌ കെഎസ്‌യുഎം കണ്ടെത്തിയത്‌. ആരോഗ്യവകുപ്പ്, ഐടി മിഷൻ, സംസ്ഥാന ഇ- മിഷൻ ടീം (എസ്ഇഎംടി), സ്റ്റാർട്ടപ്‌ മിഷൻ എന്നിവയുടെ പ്രതിനിധികളടങ്ങുന്ന മൂല്യനിർണയ സമിതി പരിശോധിച്ചാണ്‌ ഇതിൽനിന്ന്‌ ക്വിക്‌ ഡോക്ടർ കമ്പനിയെ തെരഞ്ഞെടുത്തത്‌. ഈ കമ്പനിയുടെ മാതൃകമ്പനിയായ ട്രാൻസ്മിയോ ഐടി സൊല്യൂഷൻസ് സ്‌റ്റാർട്ടപ് ഇന്ത്യയിലും കേരള സ്റ്റാർട്ടപ് മിഷനിലും രജിസ്റ്റർചെയ്തത്‌ 2017 ജൂൺ 20നാണ്‌. ക്വിക്‌ ഡോക്ടറിനെ കേരള സ്റ്റാർട്ടപ് മിഷൻ 2018 ജനുവരിയിൽ സ്കെയിൽഅപ് ഗ്രാൻഡിനായി തെരഞ്ഞെടുത്തു.

വിവരം സംസ്ഥാന ഡാറ്റാ സെന്ററിൽ

സംസ്ഥാന സർക്കാരിന്റെ സ്റ്റേറ്റ് ഡാറ്റാ സെന്ററിലെ സെർവറുകളിലാണ്‌ മുഴുവൻ വിവരവും ശേഖരിക്കുന്നത്‌. ടെലിമെഡിസിൻ ആപ്ലിക്കേഷനുമായി ബന്ധപ്പെട്ട ഡാറ്റാബേസും എല്ലാ ഇടപാടുകളും എൻക്രിപ്റ്റ് ചെയ്തിട്ടുണ്ടെന്നും ഡാറ്റാ സ്വകാര്യതയും വ്യക്തിഗത തിരിച്ചറിയൽ വിവരങ്ങളുടെ പരിരക്ഷയും ഉറപ്പുവരുത്തുന്ന ഡാറ്റാ അനോണിമൈസേഷൻ നടപ്പാക്കിയിട്ടുമുണ്ട്‌. ഡോക്ടർ രോഗിയെ പരിശോധിക്കുന്ന വീഡിയോ റെക്കോഡ് ചെയ്യുന്നുമില്ല. എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽമാത്രം ടോൾ ഫ്രീ നമ്പരിൽ വിളിക്കണം. ഐഎംഎ വളന്റിയേഴ്‌സാണ് ഈ സേവനം നൽകുന്നത്‌.

പ്രവീൺ ചക്രവർത്തിക്ക് എന്താണ് കോണ്‍​ഗ്രസില്‍ കാര്യം ;ചക്രവർത്തിയെ കോൺഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധിയുടെ കൂടിയാലോചന സമിതിയിൽ ഉൾപ്പെടുത്തിയത്‌ വിവാദത്തിൽ

വിവരമോഷണ കേസിൽ അമേരിക്കൻ കോടതി ശിക്ഷിച്ച പ്രവീൺ ചക്രവർത്തിയെ കോൺഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധിയുടെ കൂടിയാലോചന സമിതിയിൽ ഉൾപ്പെടുത്തിയത്‌ വിവാദത്തിൽ. മുതിർന്ന നേതാക്കളിൽ പലർക്കും ഇടംനൽകാതെ രണ്ട്‌ ദിവസംമുമ്പാണ്‌ സമിതി രൂപീകരിച്ചത്‌. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്‌ പ്രചാരണം അണിയറയിൽ നിയന്ത്രിച്ചത്‌ ചക്രവർത്തിയാണ്‌. കോണ്‍​ഗ്രസ് ദയനീയമായി തോറ്റെങ്കിലും ചക്രവർത്തിക്ക്‌ ഹൈക്കമാൻഡിൽ ശക്തമായ സ്വാധീനമാണുള്ളത്. കോൺഗ്രസിനുവേണ്ടി ദേശീയമാധ്യമങ്ങളിൽ സ്ഥിരമായി എഴുതാറുണ്ട്.

എഐസിസി വിവരവിശകലന വിഭാഗം തലവന്‍കൂടിയായ ചക്രവർത്തി വിവാദങ്ങളിൽനിറഞ്ഞ വ്യക്തിയാണ്‌. അമേരിക്കൻ ബാങ്കിങ്‌ സ്ഥാപനമായ തോമസ്‌ വീസൽസിന്റെ ഇന്ത്യയിലെ ഗവേഷണവിഭാഗം തലവനായിരുന്നു. 2007ൽ ഫ്രഞ്ച്‌ ബാങ്ക്‌ പിഎൻബി പാരിബയുടെ ഏഷ്യൻ രാജ്യങ്ങളിലെ ചുമതലക്കാരനായി മുംബൈയിൽ സ്ഥാനമേറ്റു. വീസൽസിന്റെ 18 ജീവനക്കാരും ചക്രവർത്തിയോടൊപ്പം പാരിബയിലെത്തി. വ്യാപാരരഹസ്യവും ഇടപാടുകാരുടെ വിവരവും ചക്രവർത്തി ചോർത്തിയെന്ന് വീസൽസ്‌ കാലിഫോർണിയ കോടതിയിൽ കേസ് നൽകി‌. വിവരമോഷണം നടന്നുവെന്ന്‌ രണ്ടുവർഷം നീണ്ട നിയമപോരാട്ടത്തിൽ തെളിഞ്ഞു. പാരിബ വൻ തുക പിഴയൊടുക്കി.

പിന്നീട്‌‌ ചക്രവർത്തി‌ നന്ദൻ നിലേക്കനി നയിച്ച ആധാർ ടീമിലെ പ്രധാനിയായി‌. കോൺഗ്രസ്‌ നേതൃത്വത്തിന്റെ പ്രത്യേക താൽപ്പര്യപ്രകാരമായിരുന്നു ഇത്. അതിനിടെ ആധാർവിവരങ്ങൾ ചോരുന്നതായി വാർത്തകള്‍ നിരന്തരം വന്നു. 2018ൽ എഐസിസി വിവരവിശകലനവിഭാഗം തലവനായപ്പോഴാണ് കോൺഗ്രസിനുവേണ്ടി ‘ശക്തി ആപ്‌’ തയ്യാറാക്കിയത്‌. ആപ്‌ ദുരുപയോഗം ചെയ്യപ്പെടുന്നതായി കോണ്‍​ഗ്രസിനുള്ളില്‍ വ്യാപക പരാതി ഉയർന്നു. ലോക്‌സഭാ തോല്‍വിക്കു പിന്നാലെ ചക്രവർത്തിക്കെതിരെ നിരവധി നേതാക്കള്‍ പരാതിയുയര്‍ത്തി. എന്നിട്ടും ഉന്നതതല സമിതിയിൽ ചക്രവര്‍ത്തി കയറിക്കൂടി. ചക്രവർത്തി ഉൾപ്പെട്ട കേസും സാമൂഹ്യമാധ്യമങ്ങളിൽ ഉയരുന്നു.

അനലറ്റിക്ക–-കോൺഗ്രസ്‌ ബന്ധം ചർച്ചയാകുന്നു

വിവരമോഷണത്തിന്‌ ആഗോള കുപ്രസിദ്ധി നേടിയ ബ്രിട്ടീഷ്‌ കമ്പനി കേംബ്രിഡ്‌ജ്‌ അനലറ്റിക്ക(സിഎ) ഇന്ത്യയില്‍ വിവരങ്ങള്‍ ചോര്‍ത്തി വിറ്റത് കോണ്‍​ഗ്രസിന്. വിവരങ്ങൾ മോഷ്ടിച്ചുനൽകുന്ന സേവനത്തിന്‌ ഇന്ത്യയിൽ സിഎയുടെ ഉപഭോക്താവ്‌ കോണ്‍​​ഗ്രസ് ആണെന്ന തട്ടിപ്പ് പുറത്തുകൊണ്ടുവന്ന മുന്‍ ജീവനക്കാരന്‍ ക്രിസ്‌റ്റഫർ വൈലീയുടെ വെളിപ്പെടുത്താനല്‍ സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയായി.

സിഎയിൽ ഗവേഷണവിഭാഗം തലവനായിരുന്ന വൈലീ ബ്രിട്ടീഷ്‌ പാർലമെന്ററി സെലക്ട്‌ കമ്മിറ്റി നൽകിയ മൊഴിയിലാണ്‌  വെളിപ്പെടുത്തൽ നടത്തിയത്‌. അമേരിക്കയിൽ സിഎ അഞ്ച്‌ കോടി ഫെയ്‌സ്‌ബുക്ക്‌ ഇടപാടുകാരുടെ വിവരങ്ങൾ ചോർത്തിയെന്ന കേസിനെ തുടർന്നാണ്‌ ബ്രിട്ടീഷ്‌ പാർലമന്ററി സമിതി അന്വേഷണം നടത്തിയത്‌. ഇന്ത്യയിൽ സിഎയ്‌ക്ക്‌ ഓഫീസുകളുണ്ടെന്നും കോൺഗ്രസ്‌ ഇവരുടെ ഗുണഭോക്താവ്‌ ആയിരുന്നെന്നും വൈലി മൊഴിയിൽ പറഞ്ഞു.

ഫെയ്‌സ്ബുക്കിലെയും ട്വിറ്ററിലെയും വിവരങ്ങൾ ചോർത്തി വോട്ടർമാരെ സ്വാധീനിക്കാനുള്ള പദ്ധതിക്ക്‌ 2019ലും രൂപം നൽകി. സിഎ മേധാവിയായിരുന്ന അലക്‌സാണ്ടർ നിക്‌സ്‌ കോൺഗ്രസ്‌ നേതാക്കളുമായി കൂടിക്കാഴ്‌ച  നടത്തി. എന്നാൽ, 2016ലെ അമേരിക്കൻ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ ട്രംപിനെ വിജയിപ്പിക്കാൻ സിഎ ഇടപെട്ടത്‌ വിവാദമായതോടെ കോൺഗ്രസ്‌ പിന്മാറി.അഞ്ച്‌ കോടി ഫെയ്‌സ്‌ബുക്ക്‌ ഇടപാടുകാരുടെ വിവരങ്ങൾ സിഎ ചോർത്തിയെന്ന്‌ അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്‌തു. മൂന്ന്‌ കോടിപേരുടെ വിവരങ്ങൾ കൈക്കലാക്കിയെന്ന്‌ സിഎ സമ്മതിച്ചു.

Monday, April 20, 2020

ജനങ്ങളുണ്ടെങ്കിലേ പ്രതിപക്ഷവുമുള്ളൂ

രാജ്യത്ത്‌ കോവിഡ്‌–-19 രോഗം ആദ്യം റിപ്പോർട്ട്‌ ചെയ്‌ത സംസ്ഥാനമാണ്‌ കേരളം. ആദ്യഘട്ടത്തിൽ ഏറ്റവും കൂടുതൽ രോഗികളും കേരളത്തിലായിരുന്നു. അതേസമയം, ലോകമെമ്പാടും പ്രത്യേകിച്ചും യൂറോപ്പിലും അമേരിക്കയിലും ഈ മഹാമാരി കൊടുങ്കാറ്റുപോലെ പടർന്നുപിടിക്കുകയായിരുന്നു. ഈ രാജ്യങ്ങളിലൊക്കെ മലയാളികൾ ഏറെയുണ്ട്‌. അവർ നാട്ടിലേക്ക്‌  മടങ്ങിവരാനുള്ള സാധ്യതയുമുണ്ട്‌. മാത്രമല്ല, ജനസാന്ദ്രത ഏറെയുള്ള സംസ്ഥാനംകൂടിയാണ്‌ കേരളം. അതുകൊണ്ടുതന്നെ രോഗവ്യാപനസാധ്യത വളരെ കൂടുതലായിരുന്നു.  അമേരിക്കയിലെ ജോൺ ഹോപ്‌കിൻ സർവകലാശാല നൽകിയ മുന്നറിയിപ്പ്‌ സംസ്ഥാനത്തെ 40 ശതമാനത്തിന്‌ രോഗബാധയുണ്ടാകാനുള്ള സാധ്യത ഉണ്ടെന്നായിരുന്നു. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നൽകിയ മുന്നറിയിപ്പ്‌ 80 ലക്ഷം പേർക്ക്‌ ഇൻഫ്‌ളുവൻസ വരാമെന്നാണ്‌. അതിൽ 10 ശതമാനം പേരെയെങ്കിലും  ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടിവരുമെന്ന സാധ്യതയും അവർ ചൂണ്ടിക്കാട്ടി.  രോഗത്തിനാണെങ്കിൽ മരുന്ന്‌ കണ്ടെത്തിയിട്ടുമില്ല. തീർത്തും അസാധാരണ സാഹചര്യമാണ്‌ മുന്നിലുണ്ടായിരുന്നത്‌. അപ്പോൾ ജനങ്ങളുടെ ജീവനിലും സുരക്ഷയിലും ആകാംക്ഷയുള്ള സർക്കാർ ചെയ്യേണ്ടത്‌ എന്താണ്‌? എന്തുവിലകൊടുത്തും മഹാമാരിയിൽനിന്ന്‌ ജനങ്ങളെ രക്ഷിക്കുക. മനുഷ്യത്വത്തിലും മാനവമോചനത്തിലും വിശ്വാസമർപ്പിച്ച ഒരു രാഷ്ട്രീയപ്രസ്ഥാനത്തിനും ഗവൺമെന്റിനും സാങ്കേതികത്വത്തിൽ കടിച്ചുതൂങ്ങാതെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്‌ മാത്രമേ മുൻഗണന നൽകാൻ കഴിയുമായിരുന്നുള്ളൂ. അതാണ്‌ പിണറായി വിജയൻ സർക്കാരും ചെയ്‌തത്‌.

ഒരുനൂറ്റാണ്ടുമുമ്പുള്ള സ്‌പാനിഷ്‌ ഫ്‌ളൂവിനുശേഷം ആദ്യമായാണ്‌ ഒരു മഹാമാരിയെ നാം നേരിടുന്നത്‌.  അസാധാരണമായ സാഹചര്യമാണിത്‌. അത്‌ നേരിടാൻ അസാധാരണമായി പ്രതികരിക്കേണ്ടിവരും. അടച്ചൂപൂട്ടൽതന്നെ അതിനുള്ള ഉദാഹരണമാണ്‌. പൗരന്റെ എല്ലാ മൗലികാവകാശങ്ങളും നിരാകരിക്കുന്നതല്ലേ ലോകരാജ്യങ്ങളും ഇന്ത്യയും  സ്വീകരിച്ച അടച്ചുപൂട്ടൽ. കൃഷിചെയ്യാൻ പാടില്ലെന്ന്‌ പറഞ്ഞു. വ്യവസായങ്ങൾ അടച്ചുപൂട്ടി. വിദ്യാഭ്യാസം മുടങ്ങി. ചരിത്രത്തിലാദ്യമായി റെയിൽവേഗതാഗതം നിശ്‌ചലമായി. ആകാശയാത്രയും മുടങ്ങി. പലരുടെയും ജീവിതം തകർത്തെറിഞ്ഞ നടപടിയാണിതെങ്കിലും ജനങ്ങൾ പൊതുവെ അതുമായി സഹകരിച്ചത്‌ മഹാമാരി മറികടക്കുന്നതിനായിരുന്നു.

കോവിഡിനെ നേരിടണമെങ്കിൽ വിപുലമായ വിവരശേഖരണവും അതിന്റെ വിശകലനവും ആവശ്യമായിരുന്നു. സംസ്ഥാനങ്ങളിലേക്ക്‌ കരമാർഗവും ആകാശമാർഗവും വന്നവരുടെ എല്ലാ വിവരങ്ങളും ശേഖരിക്കണമായിരുന്നു. അതിൽത്തന്നെ വിദേശയാത്ര നടത്തിയവർ, ഇതര സംസ്ഥാനങ്ങളിൽനിന്ന്‌ വന്നവർ, രോഗപ്രതിരോധശേഷി കുറഞ്ഞവർ, രോഗം കൂടുതൽ മോശമായി ബാധിക്കുന്ന പ്രായമായവരെക്കുറിച്ചുള്ള വിവരങ്ങൾ എന്നിവ ശേഖരിക്കുകയും അവ വിശകലനംചെയ്‌ത്‌‌ അവർക്കാവശ്യമായ മരുന്നും ഭക്ഷണവും മറ്റും എത്തിക്കണമായിരുന്നു. നേരത്തേ പറഞ്ഞതുപോലെ രോഗികളുടെ എണ്ണം ലക്ഷത്തിലേക്ക്‌ ഉയരുന്നപക്ഷം അവ കൈകാര്യം ചെയ്യുന്നതിന്‌ പ്രൊഫഷണലായ ഐടി സംവിധാനം അനിവാര്യമാണ്‌. വിപുലമായ വിവരങ്ങൾ അഥവാ  ബിഗ്‌ഡാറ്റയാണ്‌ കൈകാര്യം ചെയ്യേണ്ടത്‌. അതിന്‌ തയ്യാറായി സൗജന്യസേവനം വാഗ്‌ദാനംചെയ്‌ത്‌ ഒരു മലയാളി രംഗപ്രവേശം ചെയ്‌തപ്പോൾ ഐടി വകുപ്പ്‌ അത്‌ സ്വീകരിച്ചു. ഈ രംഗത്ത്‌ പരിചയമില്ലാത്ത കമ്പനിയെയല്ല, മറിച്ച്‌ ആരോഗ്യരംഗത്ത്‌ പ്രവർത്തിക്കുന്ന ലോകത്തിലെ ഏറ്റവും പ്രധാന സംഘടനയായ ലോകാരോഗ്യ സംഘടനവരെ സേവനം സ്വീകരിക്കുന്ന സ്‌പ്രിങ്ക്‌ളർ എന്ന കമ്പനിയെയാണ്‌ തെരഞ്ഞെടുത്തത്‌. മാത്രമല്ല, പ്രതിപക്ഷം സംശയം ഉന്നയിച്ച ഘട്ടത്തിൽത്തന്നെ കരാർ സംബന്ധിച്ച എല്ലാ വിവരങ്ങളും സർക്കാർ പുറത്തുവിട്ടു. വിവരച്ചോർച്ച ഉണ്ടാകില്ലെന്ന്‌ ഉറപ്പ്‌ നൽകി. ഡാറ്റകൾ സർക്കാർ നിയന്ത്രിത സെർവറിലേക്ക്‌ മാറ്റുകയും ചെയ്‌തു. എന്തെങ്കിലും ഒളിപ്പിക്കാനുണ്ടെങ്കിൽ സർക്കാർ രേഖകൾ പുറത്തുവിടാൻ തയ്യാറാകുമായിരുന്നോ? സുതാര്യമായാണ്‌ സർക്കാർ കരാറിൽ ഏർപ്പെട്ടത്‌ എന്നതിന്റെ വിളംബരമാണ്‌ രേഖകൾ പുറത്തുവിട്ട നടപടി.

എല്ലാ അർഥത്തിലും മികച്ച പ്രവർത്തനമാണ്‌ പിണറായി വിജയൻ സർക്കാർ നടത്തിയത്‌. ലോകധ്രുവനായകനായ അമേരിക്കപോലും മഹാമാരിയെ എങ്ങനെ തടയണമെന്നറിയാതെ‌ പകച്ചുനിൽക്കുമ്പോൾ കേരളമെന്ന കൊച്ചുസംസ്ഥാനം രോഗവ്യാപനത്തെ തടയുന്നതിൽ ഒരു പരിധിവരെ വിജയിച്ചു. ഇതോടെ ലോകത്തിന്റെ ശ്രദ്ധ മുഴുവൻ കേരളത്തിലേക്കായി. ഇവർക്ക്‌ ഇതെങ്ങനെ സാധിക്കുന്നുവെന്ന്‌ അവർ താൽപ്പര്യത്തോടെ ചോദിക്കാനാരംഭിച്ചു. ഇതോടെ കേരളത്തിലെ പ്രതിപക്ഷത്തിന്‌ ഉറക്കം നഷ്ടമായി. തുടക്കംമുതൽ സംസ്ഥാനത്തിന്റെ പ്രതിരോധത്തെ ദുർബലമാക്കാൻ അവർ രംഗത്തിറങ്ങിയിരുന്നു. ശാസ്‌ത്രത്തെ വകവയ്‌ക്കാത്ത തീവ്രവലതുപക്ഷ നേതാക്കളായ ട്രംപിന്റെയും ബൊൾസൊനാരോയുടെയും ഭാഷയിൽ ഇത്‌ വെറും പനിയാണെന്ന്‌ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു. തുടക്കത്തിൽ സർക്കാർ ചെയ്യുന്ന കാര്യങ്ങൾ ജനങ്ങളെ അറിയിക്കാനും സ്വീകരിക്കേണ്ട  പ്രതിരോധപ്രവർത്തനങ്ങളെക്കുറിച്ച്‌ ജനങ്ങളെ ബോധ്യപ്പെടുത്താനും ആരോഗ്യമന്ത്രി വാർത്താസമ്മേളനം നടത്തിയപ്പോൾ അവർക്ക്‌ മീഡിയാമാനിയ എന്ന്‌ ആക്ഷേപിച്ച്‌  പ്രതിപക്ഷനേതാവ്‌ രംഗത്തെത്തി. നിയമസഭയിൽ പ്രതിപക്ഷനേതാവ്‌ സർക്കാരിനെ ഉപദേശിച്ചത്‌ അമേരിക്കൻ മോഡൽ സ്വീകരിക്കണമെന്നാണ്‌. അതേ പ്രതിപക്ഷത്തിന്റെ മനസ്സിലിരിപ്പ്‌ അമേരിക്കൻ രീതിയിൽ രോഗത്തെ നേരിടണമെന്നായിരുന്നു.

കോർപറേറ്റുകളുടെ ലാഭത്തിൽമാത്രം കണ്ണുനട്ട്‌ അടച്ചുപൂട്ടലിന്‌ തയ്യാറാകാതെ ഒരു പ്രതിരോധപ്രവർത്തനവും നടത്താതെ ഈയാംപാറ്റകളെപ്പോലെ ജനങ്ങളെ മരണത്തിന്‌ വിട്ടുകൊടുത്ത അമേരിക്കൻ മാതൃകയാണ്‌ സ്വീകരിച്ചതെങ്കിൽ കേരളത്തിന്റെ അവസ്ഥ എന്താകുമായിരുന്നു?  പതിനായിരങ്ങളല്ലേ മരിച്ചുവീഴുക. അപ്പോൾ പിണറായി സർക്കാരിനെ കുരിശിലേറ്റുകയുമാകാം. മകൻ മരിച്ചാലും പ്രശ്‌നമില്ല മരുമകളുടെ കണ്ണീര്‌ കണ്ടാൽമതിയെന്ന പ്രതിപക്ഷസ്വപ്‌നമാണ്‌ നടക്കാതെപോയത്‌. അതിലുള്ള വിഷമവും കുശുമ്പുമാണ്‌ ഇപ്പോഴത്തെ വിവാദത്തിന്‌ അടിസ്ഥാനം. ഈ നാട്ടിൽ മനുഷ്യരുണ്ടെങ്കിലേ പ്രതിപക്ഷനേതാവും നിയമസഭാ സാമാജികരും ഉള്ളൂവെന്ന കാര്യം ആരും മറന്നുപോകരുത്‌. എന്തുവിലകൊടുത്തും ജീവൻ രക്ഷിക്കാനുള്ള വിശ്രമരഹിതമായ പ്രവർത്തനമാണ്‌ സർക്കാരും അവരുടെ സംവിധാനങ്ങളും കാഴ്‌ചവച്ചത്‌. അതുകൊണ്ടുതന്നെ ഈ വിവാദത്തെ കേരളത്തിലെ പ്രബുദ്ധരായ ജനങ്ങൾ തള്ളിക്കളയുകതന്നെ ചെയ്യും.

deshabhimani editorial 20.04.2020

സ്‌പ്രിങ്ക്‌ളർ സേവനം സൗജന്യം; ചോർച്ചയ്‌ക്ക്‌ പഴുതില്ല: ഐടി സെക്രട്ടറി

തിരുവനന്തപുരം> കോവിഡ്‌ പ്രതിരോധത്തിന്‌ സ്‌പ്രിങ്ക്‌ളർ കമ്പനിയുടെ സേവനം സൗജന്യമാണെന്നും ജനങ്ങളുടെ വിവരങ്ങൾ ചോർത്താൻ‌ പഴുതില്ലെന്ന്‌  ഉറപ്പുവരുത്തിയിരുന്നതായും ഐടി സെക്രട്ടറി എം ശിവശങ്കർ വ്യക്തമാക്കി. വികസിത രാജ്യങ്ങളിൽ പോലും മരണനിരക്ക്‌ വർധിച്ചതോടെ ഏത്‌ സാഹചര്യവും നേരിടാനുള്ള കർമ്മ പദ്ധതിയും അതിന് യോജിച്ച‌  ഐടി സംവിധാനവും തെരഞ്ഞെടുക്കുകയായിരുന്നെന്നും  അദ്ദേഹം ‘ദേശാഭിമാനി’യോടു പറഞ്ഞു.

ശ്രേണീകൃതമായ വിവര ശേഖരണത്തിന്‌ വെബ് ഫോമുകൾ, അനലിറ്റിക് ടൂളുകൾ എന്നിവ തയ്യാറാക്കണമായിരുന്നു. ലോക്ക്ഡൗൺ പ്രഖ്യാപിക്കുംമുൻപ് വിമാനം,  ട്രെയിൻ, മറ്റു വാഹനങ്ങൾ എന്നിവയിൽ വന്നവരുടെ വിവരങ്ങൾ ക്രോഡീകരിച്ച് ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക്‌ നൽകുക പ്രധാനമാണ്.

ദിവസങ്ങൾക്കുള്ളിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ രോഗം റിപ്പോർട്ട് ചെയ്‌ത സംസ്ഥാനമായി കേരളം മാറി.  ഏതു സാഹചര്യവും നേരിടാനുള്ള  ഐടി സംവിധാനം  ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ഒരുക്കാൻ ഐടി മിഷൻ, സി-ഡിറ്റ്, എൻഐസി  തുടങ്ങി സ്ഥാപനങ്ങൾക്ക് സാധിക്കില്ല.

അന്താരാഷ്ട്ര യാത്ര നടത്തിയവർ, അന്തർ സംസ്ഥാന യാത്ര നടത്തിയവർ,  രോഗപ്രതിരോധ ശേഷി കുറഞ്ഞവരും  പ്രായമായവരും, ആരോഗ്യപ്രവർത്തകർ എന്നീ നാല്‌ തരത്തിലാണ്‌ വിവരം ശേഖരിച്ചത്‌. സർക്കാരിന്റെ  കൈവശമുള്ള മറ്റു ഡാറ്റകളുമായി  ഇത്‌ താരതമ്യം ചെയ്യുകയും അതിന്റെ  ഫലം ലഭ്യമാക്കി അവരുമായി നിരന്തരം സമ്പർക്കത്തിലേർപ്പെടുന്നതും പ്രധാനമാണ്.

സമ്പർക്കവിലക്കിലുള്ളവർക്ക്‌  ലക്ഷണങ്ങൾ ഉണ്ടോ, സമ്പർക്കത്തിൽ വയോജനങ്ങളുണ്ടോ, അവർക്കെല്ലാം ഭക്ഷണം, മരുന്ന് എന്നിവ ലഭിക്കുന്നുണ്ടോ എന്നതും ഉറപ്പിക്കണം.   വിവരം ശേഖരിക്കുക, ക്രോഡീകരിക്കുക, അർഹർക്ക് ആവശ്യ സേവനം നൽകുക, ചികിത്സ ലഭ്യമാക്കുക തുടങ്ങിയവയ്‌ക്ക്‌  ഡാറ്റ ഉപയുക്തമാക്കണം. കുറഞ്ഞ സമയത്തിനുള്ളിൽ ഇങ്ങനെ വിവിധ കാര്യങ്ങൾക്കുള്ള പരിഹാരം എന്ന രീതിയിലാണ് സ്പ്രിങ്ക്ളർ കമ്പനി പരിഗണനയിലെത്തിയത്‌.
സദുദ്ദേശത്തോടെയും നിയമങ്ങൾ പാലിച്ചും സർക്കാരിന് ഒരു രൂപ പോലും ചെലവു വരാത്ത തരത്തിലാണ്‌ ഐടി വകുപ്പ് ഈ സംവിധാനം ജനങ്ങൾക്ക് ലഭ്യമാക്കാൻ ശ്രമിച്ചത്‌. നേരത്തെ  സ്വകാര്യത  ഉറപ്പാക്കിയിരുന്നെങ്കിലും പ്രതിപക്ഷം ആശങ്ക അറിയിച്ചപ്പോൾ സർക്കാർ നിയന്ത്രണത്തിലുള്ള സെർവറുകളിലേക്ക് ഡാറ്റ മാറ്റി.  ആർക്കും സംശയമുണ്ടാകാൻ പാടില്ല എന്നതിനാലാണ് ഡാറ്റ മാറ്റിയത്. ഇതിന്റെ  രേഖകൾ പരസ്യപ്പെടുത്തി.

ലോകാരോഗ്യ സംഘടനവരെ സേവനം സ്വീകരിക്കുന്ന കമ്പനിയെ തികഞ്ഞ ഉത്തരവാദിത്തബോധത്തോടെയാണ്‌ തെരഞ്ഞെടുത്തത്‌. ശേഖരിച്ച വിവരം ദുരുപയോഗപ്പെടുത്തുമോയെന്ന ചോദ്യം  അറിവില്ലായ്‌മയിൽ നിന്നാണ്‌. അല്ലെങ്കിൽ മന:പ്പൂർവം തെറ്റിദ്ധാരണ പരത്താനുള്ള ലക്ഷ്യത്തോടെയാകാമെന്നും എം ശിവശങ്കർ പറഞ്ഞു.

സൗജന്യ സേവനത്തിന്‌ ടെണ്ടർ വേണ്ട ; തീരുമാനം ഉമ്മൻചാണ്ടി സർക്കാരിന്റേത്‌

സ്‌പ്രിങ്ക്‌ളർ സേവനത്തിന്‌ ടെൻഡറില്ലാതെ നടപടി സ്വീകരിക്കാൻ ഐടി സെക്രട്ടറിക്ക്‌ വിവേചനാധികാരം നൽകിയത്‌ ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരിക്കെ 2013ൽ സ്‌റ്റോർ പർച്ചേസ്‌ മാനുവലിൽ വരുത്തിയ ഭേദഗതി. പർച്ചേസ്‌ ചെയ്യേണ്ട ഉൽപ്പന്നത്തിന്റെയോ സേവനത്തിന്റെയോ വില 15,000 രൂപയിൽ താഴെയാണെങ്കിൽ വകുപ്പ്‌ മേധാവിക്ക്‌ ടെൻഡർ ക്ഷണിക്കാതെ നടപടി എടുക്കാമെന്നാണ്‌ ഈ വ്യവസ്ഥ. സ്‌പ്രിങ്ക്‌ളർ സേവനത്തിന്‌ ഒരു രൂപപോലും പ്രതിഫലമില്ലെന്ന്‌ കരാറിൽ വ്യക്തമാക്കിയതിനാൽ ടെൻഡർ വേണ്ട.

ദേശീയ ദുരന്തമായോ സംസ്ഥാന ദുരന്തമായോ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ടെങ്കിൽ അത്‌ നേരിടാൻ എന്ത്‌ നടപടി സ്വീകരിക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‌ അധികാരമുണ്ട്‌. ദുരന്ത നിവരാണ അതോറിറ്റി നിയമത്തിലാണ്‌ ഈ വ്യവസ്ഥ. 2020 മാർച്ച്‌ 19ന്‌ കോവിഡ്‌ ബാധ സംസ്ഥാന ദുരന്തമായി വിജ്ഞാപനം ചെയ്‌തിട്ടുമുണ്ട്‌.

കോവിഡിനെതിരായ യുദ്ധം : ക്ലൗഡ്‌ കംപ്യൂട്ടിങ് അനിവാര്യമായ ആയുധം
എം പ്രശാന്ത‌്

കോവിഡ്‌ മ​ഹാമാരിയെ ചെറുക്കാനുള്ള യുദ്ധത്തില്‍ നിര്‍മിതബുദ്ധിയും (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, എഐ), ബിഗ്‌ ഡാറ്റാ അനാലിസിസും ഉപയോ​ഗപ്പെടുത്തിയുള്ള  ക്ലൗഡ്‌ കംപ്യൂട്ടിങ് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തേണ്ടത് അനിവാര്യമാണെന്ന്  നിതി ആയോഗിന്റെ  ഐടി വിഭാ​ഗം ചുമതലക്കാരനായ അർണബ്‌ കുമാർ. നിലവിൽ ഇന്ത്യയിൽ ഈ സംവിധാനമില്ല. ഐരാവത്‌ എന്ന പേരിൽ  എഐ ക്ലൗഡ്‌ കംപ്യൂട്ടിങ്‌ സംവിധാനം ആലോചനാഘട്ടത്തിലാണ്. ഈ സാഹചര്യത്തിലാണ് രാജ്യത്ത് മഹാമാരിയുടെ വ്യാപനം ചെറുക്കാന്‍ ഐടിവിദ​ഗ്ധരായ സ്വകാര്യവ്യക്തികളുടെ സഹായത്തോടെ ‘ആരോഗ്യസേതു’ എന്ന ആപ്പ് തയ്യാറാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് പ്രതിരോധത്തില്‍ ബഹുദൂരം മുന്നേറിയ കേരളം ക്ലൗഡ് കംപ്യൂട്ടിങ് സാങ്കേതിവിദ്യ അടിസ്ഥാനമാക്കി വിവരശേഖരണം നടത്തിയതിന്റെ കാരണവും അനിവാര്യതയും വെളിപ്പെടുത്തുന്നതാണ് നിതി ആയോഗിന്റെ  ഐടി മേധാവിയുടെ വാക്കുകള്‍.

ഇന്ത്യ സ്വന്തമായി ക്ലൗഡ് കംപ്യൂട്ടിങ് സംവിധാനം വികസിപ്പിക്കാത്തിടത്തോളം ഈ പരിമിതി തുടരുമെന്ന്‌ ഐടി വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു. എപ്പോഴും ആരിലേക്കും പടരാവുന്ന മഹാമാരിയുടെ സാഹചര്യത്തിൽ ​ബിഗ്‌ ഡാറ്റാ അനാലിസിസ് ഒഴിവാക്കാനുമാകില്ല. കോവിഡ്‌ ബാധിതമായ മറ്റ്‌ രാജ്യങ്ങളും ബിഗ്‌ ഡാറ്റാ അനലറ്റിക്‌സിനായി ആപ്പുകളെയും സ്വകാര്യസോഫ്‌റ്റ്‌വെയറുകളെയുമാണ് ആശ്രയിക്കുന്നത്.

ആരോ​​ഗ്യസേതു ആപ്പ്

രാജ്യത്ത് ദിവസങ്ങള്‍ക്കിടയില്‍  അഞ്ചുകോടിയിലേറെ പേർ ഇൻസ്‌റ്റാൾ ചെയ്‌ത ആരോഗ്യസേതു ആപ്പിലെ വിവരങ്ങള്‍ സ്വകാര്യ ക്ലൗഡ്‌ സെർവറിലാണ്‌ ശേഖരിക്കപ്പെടുകയെന്ന് കേന്ദ്രം സമ്മതിച്ചിട്ടുണ്ട്. രോഗികളെയും സമ്പർക്ക സാധ്യതയുള്ളവരെയും നിരീക്ഷണത്തിൽ നിർത്തി ഹോട്‌സ്‌പോട്ടുകളും ക്ലസ്‌റ്ററുകളും നിർണയിക്കുകയാണ്‌ ആപ്പിന്റെ ലക്ഷ്യം. ജിപിസി, ബ്ലൂടൂത്ത്‌ സംവിധാനങ്ങൾ ഉപയോഗിച്ചാണ്‌ നിരീക്ഷിക്കുന്നത്‌. പേര്‌, പ്രായം, ഫോൺനമ്പർ, ലിംഗം, തൊഴിൽ, സന്ദർശിച്ച രാജ്യങ്ങൾ, രോഗലക്ഷണങ്ങൾ, മറ്റ്‌ ആരോഗ്യവിവരങ്ങൾ തുടങ്ങിയവ ആപ്പിലൂടെ ശേഖരിക്കപ്പെടും. ആപ്പ്‌ ഉപയോഗിക്കുന്ന വ്യക്തി എവിടെയാണെന്നത്‌ ഓരോ 15 മിനിറ്റ്‌ ഇടവേളയിൽ ശേഖരിക്കും.

മൊബൈലിൽ ആപ്പ്‌ തുടരുന്നിടത്തോളം വ്യക്തിവിവരങ്ങൾ സെർവറിൽ സൂക്ഷിക്കപ്പെടും.  അസാധാരണ ഘട്ടങ്ങളിൽ ഇത്തരം സാങ്കേതികസംവിധാനം അനിവാര്യമായിവരും.‘ഒരു താൽക്കാലിക പ്രശ്‌നത്തിന്‌ താൽക്കാലിക പരിഹാരമാണ്‌ ലക്ഷ്യമിടുന്നത്‌’–-  അർണബ്‌ പറഞ്ഞു.

വിവരവിശകലനം ജീവൻ രക്ഷിക്കാൻ: എസ്‌ ആർ പി

കോവിഡ്‌–- 19  രോഗവ്യാപനവും മരണവും തടയുന്നതിനുള്ള അടിയന്തരനടപടി എന്ന നിലയിലാണ്‌ വിവരവിശകലനത്തിന്‌ സ്‌പ്രിങ്ക്‌ളറുമായി സർക്കാർ ധാരണയുണ്ടാക്കിയതെന്ന്‌ സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം എസ്‌ രാമചന്ദ്രൻപിള്ള. കോവിഡിനുമുമ്പിൽ ലോകം പകച്ചുനിൽക്കുമ്പോൾ ജനങ്ങളെ രക്ഷിക്കാൻ  സാധ്യമായതെല്ലാം ചെയ്യുകയെന്നതാണ്‌ ഒരു സർക്കാരിന്റെ കടമ.

അസാധാരണ സ്ഥിതിവിശേഷം നേരിടാനുള്ള അസാധാരണ നടപടിയായി കണ്ടാൽമതി. അതിനെ ആക്ഷേപിക്കുന്നതിന്‌ പകരം മഹാമാരി തടയുന്നതിന്‌ സർക്കാർ എടുത്ത നടപടിക്കൊപ്പം  നിൽക്കുകയാണ്‌ പ്രതിപക്ഷം ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ്‌ രോഗംമൂലമുള്ള മരണം ഒന്നരലക്ഷം കടന്നു. ലോകമാകെ  പകച്ചു നിൽക്കുകയാണ്‌. എല്ലാ രാജ്യങ്ങളും രോഗം തടയാൻ അസാധാരണ നടപടി സ്വീകരിക്കുകയാണ്‌. നമ്മുടെ രാജ്യവും അടച്ചിട്ടിരിക്കുകയാണ്‌.  ഭരണഘടന ഉറപ്പ്‌ നൽകുന്ന മൗലികാവകാശങ്ങൾപോലും രോഗം പടരാതിരിക്കാൻ ഫലത്തിൽ മരവിപ്പിച്ചു.  കേരളത്തിൽ അതിവേഗമാണ്‌ രോഗവ്യാപനം വന്നത്‌. മരണവും തുടങ്ങി. എന്നാൽ,  തുടക്കംമുതൽ രോഗവ്യാപനം തടയുന്നതിനും ചികിത്സയ്‌ക്കും സർക്കാർ നടപടി സ്വീകരിച്ചു.  ലോകത്തിന്‌ തന്നെ മാതൃകയായി കേരളം. അടച്ചൂപൂട്ടൽ കാരണമുള്ള പ്രയാസങ്ങൾ ലഘൂകരിക്കാൻ ഒട്ടേറെ നടപടികൾ സർക്കാർ സ്വീകരിച്ചു.

ഈ രോഗവുമായി ബന്ധപ്പെട്ട വിവരങ്ങളുടെ ശേഖരണവും വിശകലനവും നടത്തി അടിസ്ഥാനപരമായ നടപടി എന്തെന്ന തീരുമാനത്തിൽ എത്തിച്ചേരേണ്ടതുണ്ട്‌. ഇതിന്‌ സർക്കാരിനെ സമീപിച്ച ഒരു സ്ഥാപനത്തെയാണ്‌ ചുമതലപ്പെടുത്തിയത്‌. സാധാരണ നില പുനഃസ്ഥാപിച്ചാൽ അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ വിലയിരുത്തലുണ്ടാകും. കോവിഡ്‌ ഭീഷണി മാറിയിട്ടില്ല. സമ്പർക്കം ഇല്ലാത്തതിനാൽ രോഗവ്യാപനം തടയാൻ കഴിഞ്ഞിട്ടുണ്ട്‌. നാളെ ഏത്‌ സാഹചര്യവും വരാം. അതിനാൽ സർക്കാരിന്റെ നടപടികളെ സഹായിക്കുന്ന നിലപാടാണ്‌ പ്രതിപക്ഷം സ്വീകരിക്കേണ്ടത്‌–-എസ്‌ രാമചന്ദ്രൻപിള്ള പറഞ്ഞു.


സ്‌പ്രിങ്ക്‌ളർ ഡബ്ല്യുഎച്ച്‌ഒയുടെ സാങ്കേതികവിദ്യാ പങ്കാളി
ലെനി ജോസഫ്‌

കോട്ടയം: കോവിഡ്‌ രോഗം സംബന്ധിച്ച  വിവരശേഖരണത്തിനും വിതരണത്തിനും  ലോകാരോഗ്യസംഘടന ( ഡബ്ല്യുഎച്ച്‌ഒ) ആശ്രയിക്കുന്നത്‌ മലയാളി സംരംഭകന്റെ ഉടമസ്ഥതയിലുള്ള സ്‌പ്രിങ്ക്‌ളർ കമ്പനിയെ.  വിശ്വസനീയമായ ഡാറ്റ  കൃത്യമായും വേഗത്തിലും  ലഭിക്കാനുള്ള സംവിധാനം സ്‌പ്രിങ്ക്‌ളറുമായി ചേർന്ന്‌  അപ്‌ഡേറ്റ്‌ ചെയ്‌തെന്ന്‌ ഡബ്ല്യുഎച്ച്‌ഒയുടെ വെബ്‌സൈറ്റിലുണ്ട്‌. ഏപ്രിൽ 14ന്‌ പ്രസിദ്ധീകരിച്ച ന്യൂസ്‌ ലെറ്ററിൽ സ്‌പ്രിങ്ക്‌ളറിനെ  ‘പ്രോ ബോണോ' (പ്രതിഫലം വാങ്ങാതെ സന്നദ്ധപ്രവർത്തനം നടത്തുന്ന) കമ്പനിയെന്നാണ്‌ വിശേഷിപ്പിച്ചത്‌.

ടെക്‌നോളജി ഫോർ കോവിഡ്‌–-19ന്റെ മുൻകൈയിൽ സ്‌പ്രിങ്ക്‌ളറിന്റെ സഹായത്തോടെ നടത്തിയ പരിഷ്‌കാരത്തിന്റെ പ്രധാനപ്പെട്ട പ്രത്യേകത അതിന്റെ മൊബൈൽ സൗഹൃദ സംവിധാനമാണ്‌.  കുറഞ്ഞ സമയത്തിനുള്ളിൽ ഇത്തരമൊരു പ്ലാറ്റ്‌ഫോം വികസിപ്പിച്ച  ഡബ്ല്യുഎച്ച്‌ഒ ടീമിനെയും സാങ്കേതികവിദ്യാ പങ്കാളി സ്‌പ്രിങ്ക്ള‌റിനെയും ഡബ്ല്യുഎച്ച്‌ഒ ഡിജിറ്റൽ ഹെൽത്ത്‌ ആൻഡ്‌ ഇന്നവേഷൻ ഡയറക്ടർ ബെർണാർഡോ മരിയാനോ ജൂനിയർ  അഭിനന്ദിച്ചു.

കോവിഡിനെക്കുറിച്ചുള്ള തെറ്റായ വിവരങ്ങളുടെ പ്രചാരണം ചെറുക്കാൻ  സ്‌പ്രിങ്ക്‌ളറുമായി സഹകരിച്ച്‌  ഫെയ്‌സ്‌ബുക്ക്‌ മെസഞ്ചറിൽ ചാറ്റ്‌ ബോക്സും  ആരംഭിച്ചു. ഡബ്ല്യുഎച്ച്‌ഒയുടെ ഔദ്യോഗിക ഫെയ്‌സ്‌ബുക്ക്‌ പേജിൽ ‘സെൻഡ്‌ മെസേജി’ൽ പോയാലും ‘ ഡെഡിക്കേറ്റഡ്‌ മെസഞ്ചർ ലിങ്ക്‌’വഴിയും വിവരങ്ങൾ കിട്ടും.

പ്രതിപക്ഷം തുരങ്കം വയ്‌ക്കുന്നത്‌ കേരളത്തിന്റെ ഭാവിയെ ; സ്‌പ്രിങ്ക്‌ളറിന്റേത്‌ രോഗപ്രതിരോധത്തിനും ആരോഗ്യ ദൗത്യങ്ങൾക്കും നിർണായകമാകുന്ന ഇടപെടൽ

രാഷ്ട്രീയ ദുരുദ്ദേശ്യത്തോടെയുള്ള ആരോപണങ്ങളിലൂടെ കേരളത്തിന്റെ ഭാവി ആരോഗ്യദൗത്യങ്ങൾക്കും രോഗപ്രതിരോധ സംവിധാനങ്ങൾക്കും മുതൽക്കൂട്ടാകുന്ന ചുവടുവയ്‌പിനെ തകർക്കാനുള്ള ശ്രമത്തിലാണ്‌ പ്രതിപക്ഷം. ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി രോഗസാധ്യതകൾ മുൻകൂട്ടി അറിയാനും അതിനെ പ്രതിരോധിക്കാനുമാണ്‌ സ്‌പ്രിങ്ക്‌ളർ കമ്പനിയുമായി സംസ്ഥാനം കരാറിൽ ഏർപ്പെട്ടത്‌.

നിലവിൽ രോഗികളെയും രോഗാവസ്ഥയെയും പറ്റിയുള്ള വിവരങ്ങൾ മാത്രമാണ്‌ ലഭ്യമായിട്ടുള്ളത്‌. അതിൽനിന്ന്‌ വ്യത്യസ്തമായി ഫെയ്‌സ്ബുക്ക്, ട്വിറ്റർ, വാട്ട്സാപ്, ഇ മെയിൽ, ഫോൺ കോളുകൾ എന്നിവയിൽനിന്നും ആരോഗ്യപ്രവർത്തകർ നേരിട്ടും ശേഖരിച്ച വിവരങ്ങൾ വളരെവേഗം വിശകലനംചെയ്ത് ആവശ്യമുള്ള വിവരവിശകലനം ലഭ്യമാക്കുക എന്ന ദൗത്യമാണ്‌ സ്‌പ്രിങ്ക്‌ളർ നിർവഹിക്കുക.

വിപുലമായ വിവരശേഖരങ്ങളുടെ വിശകലനം നിലവിൽ സംസ്ഥാനത്തിനോ രാജ്യത്തിനോ സാധ്യമാകാത്ത സാഹചര്യത്തിലാണ്‌ സൗജന്യമായി ആ സംവിധാനം നൽകാമെന്നേറ്റ കമ്പനിയുമായി സർക്കാർ ധാരണയിലെത്തിയത്‌.  കോവിഡ്‌, നിപാപോലുള്ള രോഗങ്ങളുണ്ടായാൽ അതിനെ പ്രതിരോധിക്കാൻ ഇപ്പോൾ ശേഖരിക്കുന്ന വിവരം ഗുണം ചെയ്യും. ലോകത്ത്‌ ഏതെങ്കിലും ഒരു കോണിൽ പകർച്ചവ്യാധിയോ വൈറസ്‌ ബാധയോ ഉണ്ടായാൽ അത്‌ അപഗ്രഥിച്ച്‌ കൈവശമുള്ള ഡാറ്റകൾ വിശകലനം നടത്തി കേരളത്തിൽ രോഗം എത്താൻ സാധ്യതയുണ്ടോ എന്ന്‌ പ്രവചിക്കാനാകും. ഏതൊക്കെ സാഹചര്യത്തിലാണ്‌ രോഗം വരുന്നത്‌, ഏത്‌ പ്രായത്തിലുള്ളവരെ ബാധിക്കും, എത്രത്തോളം വ്യാപ്തിയുണ്ടാകും എന്തൊക്കെ ഒരുക്കങ്ങളാണ് നടത്തേണ്ടത്, അതിന് വേണ്ടിവരുന്ന വിഭവശേഷി എന്നിങ്ങനെയുള്ള വിവരങ്ങളും മുൻകൂട്ടി അറിയിക്കാനാകും.

വിവരചോർച്ചയ്‌ക്കുള്ള അവസാന സാധ്യതയും അടച്ചു

ശേഖരിക്കുന്ന വിവരങ്ങൾ പൂർണമായും സംസ്ഥാന സർക്കാരിന്‌ കീഴിലുള്ള സി–-ഡിറ്റിനായിരിക്കുമെന്ന്‌ ഇതിനകം സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്‌. വിവരശേഖരണത്തിനും സംഭരണത്തിനും വിശകലനത്തിനും ഉപയോഗിക്കുന്ന എല്ലാ സോഫ്‌റ്റ്‌വെയറുകളും സിഡിറ്റ്‌ ഒരുക്കുന്ന ആമസോൺ ക്ലൗഡ്‌ പശ്‌ചാത്തല സൗകര്യത്തിനുള്ളിലാകും വിന്യസിക്കുക. സ്‌പ്രിങ്ക്‌ളർ സൗജന്യമായി നൽകുന്ന സാസ്‌ ആപ്ലിക്കേഷനും ഈ രീതിയിലാണ്‌ വിന്യസിക്കുക എന്നിരിക്കെ സ്‌പ്രിങ്ക്‌ളറുടെ ഭാഗത്തുനിന്നുള്ള വിവരച്ചോർച്ചയ്‌ക്കുള്ള അവസാന സാധ്യതയും അടയും. വിവരങ്ങൾ വിശകലനംചെയ്ത്‌ ഡാഷ് ബോർഡുകളും ടേബിളുകളും തയ്യാറാക്കി നൽകുന്ന ചുമതല മാത്രമാണ്‌ സ്‌പ്രിങ്ക്‌ളറിനുള്ളത്‌.

പ്രതിപക്ഷം കേരളത്തെ അപമാനിക്കുന്നു ; വിവാദങ്ങൾ രാഷ്ട്രീയ മുതലെടുപ്പെന്ന് എ വിജയരാഘവൻ

അനാവശ്യവിവാദങ്ങളുയർത്തി  പ്രതിപക്ഷം കേരളത്തെയും ജനങ്ങളെയും കരിവാരിത്തേക്കുകയാണെന്ന് എൽഡിഎഫ് കൺവീനർ എ  വിജയരാഘവൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മഹാമാരിയിൽനിന്ന് ജനങ്ങളെ രക്ഷിക്കാനല്ല കോൺഗ്രസ് നേതാക്കൾക്കും പ്രതിപക്ഷത്തിനും താൽപ്പര്യം. വിമോചന സമരത്തിന്റെ രാഷ്ട്രീയ അപസ്മാരം  കോൺഗ്രസ് നേതാക്കൾക്ക് വിട്ടുപോയിട്ടില്ല.

കോവിഡ് പ്രതിരോധത്തിൽ കേരളം കാണിച്ച മികവിനെ ലോകത്തെമ്പാടും ആരോഗ്യപ്രവർത്തകരും സാമൂഹ്യശാസ്ത്രജ്ഞരും പ്രകീർത്തിച്ചു. കേരളജനതയെ ഒറ്റക്കെട്ടായി അണിനിരത്തുന്നതിൽ സർക്കാർ മികവു കാട്ടി. ഈ ഒരുമയെ  അസഹിഷ്ണുതയോടെയാണ് പ്രതിപക്ഷം കാണുന്നത്. മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളെപ്പോലും ഇതിലേക്ക് വലിച്ചിഴയ്ക്കുന്നത്  വികലമാണ്.

മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയും മന്ത്രിമാരും കോൺഗ്രസ് നേതാക്കളുമെല്ലാം സോളാർ കമീഷനുമുന്നിൽ ഹാജരായിരുന്ന കാലം ഓർമയില്ലേ ? അന്നും അവരുടെ കുടുംബാംഗങ്ങളെ വിവാദങ്ങളിലേക്ക് വലിച്ചിഴച്ചിട്ടില്ല. ഓഖിയും പ്രളയവും നിപ്പയുംമുതൽ കോവിഡ്വരെയുള്ള വെല്ലുവിളികളെ എൽഡിഎഫ് സർക്കാർ ജനകീയ ഐക്യത്തോടെയാണ് നേരിട്ടത്.  സ്പ്രിങ്ക്ളറുമായുള്ള ഇടപാട്  മികച്ച സാങ്കേതിക വിദ്യകളെ പ്രയോജനപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ്. ഇതിൽ അഴിമതിയോ ഡാറ്റചോർച്ചയോ ഒന്നുമില്ല. ഇതുസംബന്ധിച്ച്  മുഖ്യമന്ത്രിമുതൽ ഐടി സെക്രട്ടറിവരെ മറുപടി പറഞ്ഞിട്ടുണ്ട്.  എന്നിട്ടും പത്രസമ്മേളനപരമ്പര നടത്തുകയാണ് പ്രതിപക്ഷ നേതാവും സംഘവും. പ്രതിപക്ഷകാപട്യം തിരിച്ചറിഞ്ഞ് ജനം സർക്കാരുമായി സഹകരിച്ചു മുന്നോട്ടുപോകണം.  ഭരണപരമായ കാര്യങ്ങളിൽ എൽഡിഎഫുമായി ചർച്ചചെയ്താണ് സർക്കാർ മുന്നോട്ടുപോകുന്നതെന്നും വിജയരാഘവൻ പറഞ്ഞു. സിപിഐ എം ജില്ലാ സെക്രട്ടറി എം എം വർഗീസും പങ്കെടുത്തു.

കോൺഗ്രസ്‌ നേതാക്കളുടേത്‌ തുരങ്കംവയ്‌പ്‌ രാഷ്‌ട്രീയം: എ വിജയരാഘവൻ

കേരളത്തിൽ മികച്ച രീതിയിൽ നടക്കുന്ന കോവിഡ്‌ പ്രതിരോധപ്രവർത്തനങ്ങളെ വിവാദം സൃഷ്‌ടിച്ച്‌ തുരങ്കം വയ്‌ക്കാനാണ്‌ കോൺഗ്രസ്‌ നേതാക്കൾ ശ്രമിക്കുന്നതെന്ന്‌ എൽഡിഎഫ്‌ കൺവീനർ എ വിജയരാഘവൻ പ്രസ്‌താവനയിൽ പറഞ്ഞു. കോവിഡ്‌ വ്യാപനം ചെറുക്കാനും അടച്ചുപൂട്ടലിൽ ബുദ്ധിമുട്ടിലായ ജനങ്ങളെ സഹായിക്കാനും ഏറ്റവും സുതാര്യമായ നിലയിലാണ്‌ സർക്കാർ സംവിധാനം പ്രവർത്തിക്കുന്നത്‌. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ മാതൃകാപ്രവർത്തനമാണ്‌ നടക്കുന്നതെന്ന്‌ രാജ്യമാകെ വിലയിരുത്തുമ്പോഴാണ്‌ കുത്തിത്തിരിപ്പിന്‌ പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും ഉമ്മൻചാണ്ടിയും സംയുക്തമായി ശ്രമിക്കുന്നത്‌.

ഇത്തരമൊരു ദുരന്തത്തെ അഭിമുഖീകരിക്കുമ്പോഴെങ്കിലും രാഷ്‌ട്രീയം മാറ്റിവച്ച്‌ സഹകരിക്കുന്നതിനുപകരം ലോകത്തിന്‌ മുമ്പിൽ കേരളത്തിന്റെ ഒരുമയെ ഇകഴ്‌ത്താനാണ്‌ പ്രതിപക്ഷനേതാവിന്റെ ശ്രമം. സാലറി ചലഞ്ചിന്റെ പേരിലും ഇരട്ടത്താപ്പ്‌ നയമാണ്‌ കോൺഗ്രസിന്‌. കോവിഡ്‌ പ്രതിരോധത്തിന്‌ അമേരിക്കൻ മോഡൽ സ്വീകരിക്കണമെന്ന്‌ നിയമസഭയിൽ ഉളുപ്പില്ലാതെ  പ്രസംഗിച്ചയാളാണ്‌ പ്രതിപക്ഷനേതാവ്‌. അത്‌ സ്വീകരിച്ചിരുന്നെങ്കിൽ കേരളത്തിന്റെ അവസ്ഥ എന്താകുമായിരുന്നെന്ന്‌ അദ്ദേഹം സ്വയം ആലോചിക്കണം.

കേരളം സ്വീകരിച്ചതുപോലുള്ള ഒരു നടപടിയും കോൺഗ്രസ്‌ ഭരിക്കുന്ന സംസ്ഥാനങ്ങളിൽപോലും ഉണ്ടായിട്ടില്ല. ജനങ്ങളിൽ സർക്കാരിന്‌ കിട്ടിയ സ്വീകാര്യതയാണ്‌ നേതാക്കളുടെ ഉറക്കം കെടുത്തുന്നത്‌. ഇതിൽ വിറളി പൂണ്ടാണ്‌ വസ്‌തുതാവിരുദ്ധ ആക്ഷേപങ്ങളുമായി വന്നിരിക്കുന്നത്‌. ഈ സമീപനം തിരുത്തി ജനങ്ങൾക്കൊപ്പം നിന്നില്ലെങ്കിൽ കോൺഗ്രസ്‌ നേതൃത്വം സ്വയം അപഹാസ്യരാകുമെന്ന്‌ വിജയരാഘവൻ പറഞ്ഞു.