Monday, January 7, 2013

ഓര്‍മയില്‍ നിറയുന്നത് 2002 ലെ ഐതിഹാസിക പോരാട്ടം


പങ്കാളിത്തപെന്‍ഷന്‍: ജീവനക്കാരുടെയും അധ്യാപകരുടെയും പണിമുടക്ക് ഇന്ന് അര്‍ധരാത്രിമുതല്‍

പങ്കാളിത്ത പെന്‍ഷന്‍ അടിച്ചേല്‍പ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച അര്‍ധരാത്രി മുതല്‍ സംസ്ഥാന ജീവനക്കാരും അധ്യാപകരും അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കും. ആക്ഷന്‍ കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആന്‍ഡ് ടീച്ചേഴ്സ്, അധ്യാപക സര്‍വീസ് സംഘടനാ സമരസമിതി, ഐക്യവേദി, ഫെഡറേഷന്‍ ഓഫ് എംപ്ലോയീസ് ആന്‍ഡ് ടീച്ചേഴ്സ് ഓര്‍ഗനൈസേഷന്‍ തുടങ്ങിയ അധ്യാപക- സര്‍വീസ് സംഘടനാ മുന്നണികളെല്ലാം സമരത്തില്‍ പങ്കെടുക്കും. പ്രക്ഷോഭത്തിന് അനുഭാവം പ്രകടിപ്പിച്ച് കെഎസ്ആര്‍ടിസി- കെഎസ്ഇബി ജീവനക്കാരും ചൊവ്വാഴ്ച പണിമുടക്കും. സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ നിലനിര്‍ത്തണമെന്നതാണ് പണിമുടക്കിന്റെ പ്രധാന ആവശ്യം. സംസ്ഥാനത്തിന്റെ സാമ്പത്തികപ്രയാസങ്ങള്‍ പരിഹരിക്കാനെന്ന വാദം ഉയര്‍ത്തി പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി അടിച്ചേല്‍പ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമം. പെന്‍ഷന്റെ ഒരുഭാഗംകൂടി അടയ്ക്കേണ്ടി വരുന്നതിനാല്‍ സര്‍ക്കാരിന്റെ സാമ്പത്തികബാധ്യത വര്‍ധിക്കുകയാണ് ചെയ്യുന്നത്. ജീവനക്കാരുടെ ശമ്പളത്തില്‍ പത്തു ശതമാനം കുറവുണ്ടാകും. യഥാര്‍ഥത്തില്‍ കൂലി വെട്ടിക്കുറയ്ക്കലാണിത്. പെന്‍ഷന്‍ ഫണ്ട് കൈകാര്യംചെയ്യുന്ന കോര്‍പറേറ്റുകള്‍മാത്രമാണ് പദ്ധതിയുടെ യഥാര്‍ഥ ഗുണഭോക്താക്കള്‍. ഇതിനെതിരെയാണ് ജീവനക്കാരുടെ സമരം. ആഗസ്ത് 21ന് ജീവനക്കാര്‍ സൂചനാപണിമുടക്ക് നടത്തിയിരുന്നു. നാലരമാസത്തിനുശേഷമാണ് പണിമുടക്ക്. പ്രശ്നപരിഹാരത്തിനുള്ള ശ്രമം സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ല.

ഓര്‍മയില്‍ നിറയുന്നത് 2002 ലെ ഐതിഹാസിക പോരാട്ടം

പൊതുസര്‍വീസിനെ സംരക്ഷിക്കാനും സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ പദ്ധതി സംരക്ഷിക്കാനുമായി സംസ്ഥാന ജീവനക്കാരും അധ്യാപകരും വീണ്ടും സമരമുഖത്തേക്ക് ഇറങ്ങുമ്പോള്‍, വ്യാപകശ്രദ്ധ ആകര്‍ഷിച്ച മറ്റൊരു ഐതിഹാസിക പോരാട്ടത്തിന്റെ ഓര്‍മ പുതുക്കുകയാണ് കേരളം. 2002 ഫെബ്രുവരി ആറിന് ആരംഭിച്ച 32 ദിവസം നീണ്ടുനിന്ന പണിമുടക്കായിരുന്നു അത്. ഭരണാധികാരികളുടെ ഭീഷണികള്‍ക്ക് മുന്നില്‍ മുട്ടുമടക്കാന്‍ തയ്യാറല്ലെന്ന് കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും തെളിയിച്ച പ്രക്ഷോഭം. വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ സേവനമേഖലകളില്‍നിന്ന് സര്‍ക്കാര്‍ പിന്മാറുന്നതിനെതിരെയും കേരളത്തില്‍ നിലവിലുള്ള കൂലിവ്യവസ്ഥ, പെന്‍ഷന്‍സമ്പ്രദായം എന്നിവ അട്ടിമറിക്കുന്നതിനെതിരെയും സംഘടിക്കാനുള്ള സ്വാതന്ത്ര്യം പൊളിച്ചടുക്കാനുള്ള ഗൂഢനീക്കത്തിനെതിരെയുള്ള സംഘടിതപോരാട്ടമായിരുന്നു അത്.

അന്നും പൊതുസമൂഹത്തെ ജീവനക്കാര്‍ക്കെതിരെ തിരിക്കാനുള്ള പ്രചണ്ഡമായ പ്രചാരണം ഭരണക്കാരും ഒരുവിഭാഗം മാധ്യമങ്ങളും നടത്തി. യുഡിഎഫിന്റെയും അവര്‍ക്ക് പിന്നില്‍ ചരടുവലി നടത്തിയ അന്താരാഷ്ട്രമൂലധനശക്തികളുടെയും കണക്കുകൂട്ടലുകള്‍ തെറ്റിച്ചുകൊണ്ടായിരുന്നു ജീവനക്കാരുടെയും അധ്യാപകരുടെയും പണിമുടക്ക് ചരിത്രം സൃഷ്ടിച്ച് മുന്നേറിയത്. കേരളം ഒന്നടങ്കം ഈ പണിമുടക്കിനു പിന്നില്‍ അണിനിരന്നു. ജീവനക്കാരുടെ ശമ്പളത്തിലും പെന്‍ഷനിലും മറ്റാനുകൂല്യങ്ങളിലും കുറവുവരുത്തിയാല്‍ അത് മറ്റു തൊഴിലാളിവിഭാഗങ്ങളുടെ കൂലിയിലും ആനുകൂല്യങ്ങളിലും പ്രതിഫലിക്കുമെന്ന ബോധമായിരുന്നു കാരണം. വനിതാ ജീവനക്കാരെയടക്കം രാത്രിയില്‍പോലും വീടുകളില്‍നിന്ന് അറസ്റ്റുചെയ്ത് തുറങ്കലില്‍ അടച്ചിട്ടും എ കെ ആന്റണിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാരിന് സംഘശക്തിക്കുമുന്നില്‍ മുട്ടുമടക്കേണ്ടിവന്നു. എസ്മയടക്കമുള്ള കരിനിയമങ്ങളെ അതിജീവിച്ചാണ് അന്ന് ജീവനക്കാരും അധ്യാപകരും തങ്ങളുടെ ആവശ്യങ്ങള്‍ നേടിയെടുത്തത്. കക്ഷിരാഷ്ട്രീയത്തിന്റെയും സംഘടനാഭേദത്തിന്റെയും വേലിക്കെട്ടുകള്‍ പൊളിച്ചുള്ള മഹാമുന്നേറ്റമായിരുന്നു അന്ന് ദൃശ്യമായത്.

ജാതിമത പിന്തിരിപ്പന്‍ ശക്തികളെയും സാമൂഹ്യവിരുദ്ധരെയും അണിനിരത്തി പണിമുടക്ക് പൊളിക്കാനായിരുന്നു യുഡിഎഫ് ശ്രമിച്ചത്. പണിമുടക്കിയ ജീവനക്കാരെയോ അതിനുകൂലമായി രംഗത്തെത്തിയ പൊതുസമൂഹത്തെയോ ഭിന്നിപ്പിക്കാന്‍ ഇതുകൊണ്ടൊന്നും ആകില്ലെന്ന് സമരചരിത്രം തെളിയിച്ചു. അതേ സാഹചര്യത്തിലാണ് ഇന്ന് ജീവനക്കാരും അധ്യാപകരും വീണ്ടും പ്രക്ഷോഭത്തിലേക്ക് കടക്കുന്നത്. ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ തസ്തികകള്‍ വെട്ടിക്കുറയ്ക്കാനും നിയമനിരോധനത്തിനുമുള്ള കുറക്കുവഴികള്‍ തേടുമ്പോള്‍തന്നെ ജീവനക്കാരുടെ പെന്‍ഷന്‍ പദ്ധതിയും അട്ടിമറിക്കുന്നു. തിങ്കളാഴ്ച അര്‍ധരാത്രി മുതല്‍ അനിശ്ചിതകാലത്തേക്കാണ് സമരം പ്രഖ്യാപിച്ചത്്. ഡയസ്നോണ്‍ അടക്കമുള്ള അച്ചടക്കനടപടികളും മറ്റ് ശിക്ഷണ നടപടികളുമൊക്കെ പ്രഖ്യാപിച്ച് സമരത്തെ നേരിടാമെന്ന സര്‍ക്കാരിന്റെ സ്വപ്നം വ്യാമോഹം മാത്രമാണെന്ന് സമര സമിതി ഭാരവാഹികള്‍ പറഞ്ഞു.

പങ്കാളിത്ത പെന്‍ഷന്‍: മുഖ്യമന്ത്രി തെറ്റിദ്ധാരണ പരത്തുന്നു: കെജിഒഎ

പങ്കാളിത്ത പെന്‍ഷന്‍പദ്ധതി നടപ്പാക്കാനുള്ള തീരുമാനത്തില്‍ മാറ്റമില്ലെന്ന മന്ത്രിസഭാ തീരുമാനം ജീവനക്കാരോടുള്ള വെല്ലുവിളിയാണെന്ന് കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു. പാര്‍ലമെന്റിന്റെ പരിഗണനയിലുള്ള പിഎഫ്ആര്‍ഡിഎ ബില്‍ പാസാവുന്നതോടെ ഏത് പെന്‍ഷന്‍പദ്ധതിയെയും നോട്ടിഫിക്കേഷനിലൂടെ സര്‍ക്കാരിന് പങ്കാളിത്ത പെന്‍ഷനിലേക്ക് മാറ്റാന്‍ കഴിയും. മാത്രമല്ല, മിനിമം പെന്‍ഷന്‍ ഉറപ്പാക്കണമെന്നും പെന്‍ഷന്‍ ഫണ്ടില്‍ വിദേശ പ്രത്യക്ഷ നിക്ഷേപം അനുവദിക്കരുതെന്നുമുള്ള പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ പൂര്‍ണമായും തള്ളിക്കളഞ്ഞിട്ടുള്ളതാണ്. ദേശീയ പെന്‍ഷന്‍പദ്ധതി നിലവില്‍ വരുന്നതോടെ ജനറല്‍ പ്രോവിഡന്റ് ഫണ്ട് ഇല്ലാതാവുമെന്ന് പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നടപ്പാക്കിക്കൊണ്ടുള്ള കേന്ദ്രസര്‍ക്കാരിന്റെ ഓര്‍ഡിനന്‍സില്‍തന്നെ അര്‍ഥശങ്കയ്ക്കിടയില്ലാതെ വ്യക്തമാക്കിയിട്ടുമുണ്ട്. അതുകൊണ്ടുതന്നെ നിലവിലുള്ളവരെ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നടപ്പാക്കിക്കൊണ്ടുള്ള തീരുമാനം ബാധിക്കില്ലെന്ന മുഖ്യമന്ത്രിയുടെ വാദം ജീവനക്കാരെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് പ്രസ്താവനയില്‍ പറഞ്ഞു.

ജീവനക്കാരുടെ പണിമുടക്ക് വിജയിപ്പിക്കുക: ബെഫി

കൊച്ചി: സ്റ്റാറ്റ്യൂട്ടറിപെന്‍ഷന്‍ നിഷേധിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ ജീവനക്കാര്‍ നടത്തുന്ന പണിമുടക്ക് വിജയിപ്പിക്കാന്‍ എറണാകുളത്തു ചേര്‍ന്ന ബിഇഎഫ്ഐ സംസ്ഥാന കമ്മിറ്റി യോഗം അഭ്യര്‍ഥിച്ചു. സര്‍ക്കാര്‍ ബാധ്യത ഏറ്റെടുക്കാതെ ജീവനക്കാരില്‍നിന്ന് കൃത്യമായി ശമ്പളവിഹിതംപിരിച്ച് സ്വകാര്യഫണ്ട് മാനേജര്‍മാരെ ദീര്‍ഘകാലത്തേക്ക് ഏല്‍പ്പിക്കുന്ന പുതിയ പെന്‍ഷന്‍പദ്ധതി വഞ്ചനയാണ്. വിരമിക്കുന്ന ജീവനക്കാര്‍ക്ക് എത്ര തുക പെന്‍ഷന്‍ കിട്ടുമെന്ന് ഉറപ്പുപറയാന്‍ സര്‍ക്കാരിന് കഴിയുന്നില്ല. ലക്ഷക്കണക്കിന് ജീവനക്കാരുടെ കോടിക്കണക്കിന് രൂപയുടെ സമ്പാദ്യമെടുത്ത് ചൂതുകളിക്കാന്‍ സ്വകാര്യ ഏജന്‍സികള്‍ക്കു ലൈസന്‍സ് കൊടുക്കുമ്പോള്‍ സര്‍ക്കാര്‍ പൂര്‍ണ ഉത്തരവാദിത്വം ഏല്‍ക്കേണ്ടതാണ്. സമരത്തിനു പിന്തുണ പ്രഖ്യാപിച്ച് തിങ്കളാഴ്ച ജില്ലാ കേന്ദ്രങ്ങളില്‍ പ്രകടനം നടത്താന്‍ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.

യോഗത്തില്‍ പി വി ജോസ് അധ്യക്ഷനായി. പി സദാശിവന്‍പിള്ള ഉദ്ഘാടനംചെയ്തു. ജനറല്‍ സെക്രട്ടറി കെ വി ജോര്‍ജ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എ കെ രമേഷ്, സി ജെ നന്ദകുമാര്‍, എല്‍ കുഞ്ഞിക്കൃഷ്ണന്‍, കെ ജി മദനന്‍ എന്നിവര്‍ സംസാരിച്ചു.

deshabhimani 070113

No comments:

Post a Comment