Friday, February 25, 2011

ഇടതുസര്‍ക്കാര്‍ ചെയ്തതും ചെയ്യുന്നതും 7

കേരളത്തിലെ പൊതുവിതരണ സമ്പ്രദായം ഏറ്റവും മികച്ചത്: മന്ത്രി ബേബി

കുന്നമംഗലം: കേരളത്തിലേതുപോലെ സുഭദ്രമായ പൊതുവിതരണ സമ്പ്രദായം ഇന്ത്യയിലെവിടെയുമില്ലെന്ന് മന്ത്രി എം എ ബേബി പറഞ്ഞു. സി ദിവാകരന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് വടക്കന്‍ മേഖലാ വികസന മുന്നേറ്റ ജാഥക്ക് പൂവ്വാട്ടുപറമ്പിലും രാമനാട്ടുകരയിലും നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കിയ ആശ്വാസ പദ്ധതികളുടെ ആനുകൂല്യങ്ങള്‍ ചെന്നെത്താത്ത ഒരു കുടുംബവും കേരളത്തിലുണ്ടാവില്ല. ജനങ്ങളില്‍നിന്ന് പഠിച്ച് ജനങ്ങളുടെ ആവശ്യങ്ങള്‍ നടപ്പിലാക്കുന്ന സര്‍ക്കാരാണിത്. യുഡിഎഫിന്റെ നയങ്ങള്‍ പ്രചരിപ്പിക്കാന്‍ കരാറെടുത്ത ഒരു പത്രം കേരളത്തിലുണ്ടെന്നും അത് ജനങ്ങള്‍ തിരിച്ചറിയുന്നുണ്ടെന്നും ബേബി പറഞ്ഞു.

കുംഭകോണങ്ങളുടെ കുംഭമേളയാണ് ഇപ്പോള്‍ നടക്കുന്നതെന്ന് സി ദിവാകരന്‍ പറഞ്ഞു. യുഡിഎഫിന്റെ അന്ത്യകൂദാശ നടത്താന്‍ ജനങ്ങളൊരുങ്ങുകയാണ്. കേരളത്തിലെ മൂന്നേകാല്‍ കോടി ജനങ്ങളെ ജനനംമുതല്‍ മരണംവരെ സാമൂഹ്യ സൂരക്ഷിതത്വത്തിന്റെ വലയിലാക്കുവാന്‍ എല്‍ഡിഎഫ് സര്‍ക്കാരിന് കഴിഞ്ഞു. പിറന്നുവീഴുന്ന കുഞ്ഞുങ്ങളെ 10,000 രൂപ ഡെപ്പോസിറ്റ് നല്‍കി സര്‍ക്കാര്‍ ഏറ്റുവാങ്ങുന്നു. ഞങ്ങള്‍ ഒന്നുമില്ലാതെയാണ് പടിയിറങ്ങുന്നത്. കിട്ടിയതെല്ലാം നിങ്ങള്‍ക്ക് തന്നിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു. ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി ഐസ്ക്രീമിനെ അശ്ളീലമാക്കി മാറ്റിയെന്ന് എന്‍സിപി നേതാവ് ഉഴവൂര്‍ വിജയന്‍ പറഞ്ഞു. കടകളില്‍ചെന്ന് ഐസ്ക്രീം ചോദിക്കാന്‍ ആളുകള്‍ ഇപ്പോള്‍ ഭയക്കുകയാണ്-അദ്ദേഹം പറഞ്ഞു.

രണ്ട് രൂപ അരി വിതരണം ഉടന്‍: ഐസക്

നടപടിക്രമങ്ങളിലെ കാലതാമസം ഒഴിവാക്കി കേരളത്തിലെ മുഴുവനാളുകള്‍ക്കും രണ്ട് രൂപയ്ക്ക് അരി നല്‍കാനുള്ള പദ്ധതിയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ആവിഷ്കരിച്ചിരിക്കുന്നതെന്ന് മന്ത്രി ടി എം തോമസ് ഐസക് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇത് അടിയന്തരമായി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. 25,000 രൂപ മാസവരുമാനമോ അഞ്ച് ഏക്കര്‍ കൃഷിഭൂമിയോ 2500 ചതുരശ്രയടി വിസ്തീര്‍ണമുള്ള കെട്ടിടമോ ഉള്ള കുടുംബങ്ങളെ മാത്രമേ പദ്ധതിയില്‍നിന്ന് ഒഴിവാക്കിയിട്ടുള്ളൂ. മേല്‍പ്പറഞ്ഞ നിബന്ധനകള്‍ ബാധകമല്ലാത്തവര്‍ സത്യവാങ്മൂലം എഴുതിനല്‍കിയാല്‍ ആനുകൂല്യം ലഭിക്കും. ഇതിനുള്ള പ്രത്യേക ഫോമുകള്‍ റേഷന്‍കടകള്‍ വഴി ലഭ്യമാക്കും.

രണ്ട് രൂപയ്ക്ക് അരി നല്‍കുന്ന പദ്ധതി കഴിഞ്ഞവര്‍ഷം ആരംഭിച്ചപ്പോള്‍ 35 ലക്ഷം പേര്‍ക്ക് നല്‍കാനാണ് ലക്ഷ്യമിട്ടത്. എന്നാല്‍, 28 ലക്ഷം പേര്‍ക്കേ ലഭിച്ചുള്ളൂവെന്ന് പരിശോധനയില്‍ മനസ്സിലായി. അര്‍ഹത തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ കഴിയാത്തതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്. ഇത് ഒഴിവാക്കാനാണ് സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തില്‍ അരി നല്‍കുന്നത്. രണ്ട് രൂപയ്ക്ക് എല്ലാവര്‍ക്കും അരി നല്‍കുന്ന പദ്ധതിക്ക് മൊത്തം 49 കോടി രൂപ സബ്സിഡി നല്‍കണം. ഈയിനത്തില്‍ സര്‍ക്കാരിന് 27 കോടി അധികബാധ്യതയുണ്ടാകും. എപിഎല്‍ , ബിപിഎല്‍ വിഭാഗങ്ങള്‍ക്ക് നിശ്ചിത തോതില്‍ അരി ലഭിക്കുന്നില്ലെന്ന പരാതി ഗൌരവപൂര്‍വം പരിശോധിക്കും.

60 ലക്ഷത്തിലധികം പേര്‍ക്ക് കുടിവെള്ളം നല്‍കി: മന്ത്രി പ്രേമചന്ദ്രന്‍

ചാത്തന്നൂര്‍: അഞ്ചുവര്‍ഷത്തിനുള്ളില്‍ 60 ലക്ഷത്തിലധികം പേര്‍ക്ക് പുതുതായി കുടിവെള്ളം നല്‍കാന്‍ എല്‍ഡിഎഫ് സര്‍ക്കാരിന് കഴിഞ്ഞുവെന്ന് ജലവിഭവമന്ത്രി എന്‍ കെ പ്രേമചന്ദ്രന്‍ പറഞ്ഞു. ജപ്പാന്‍ സഹായത്തോടെ നടപ്പാക്കുന്ന മീനാട് ശുദ്ധജലവിതരണപദ്ധതി സമര്‍പ്പണം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശുദ്ധജലപദ്ധതികളുടെ കാര്യത്തില്‍ സര്‍വകാല നേട്ടമാണ് കൈവരിക്കാനായത്. 146 പദ്ധതികള്‍ നിര്‍മാണ പുരോഗതിയിലാണ്. വരുന്ന രണ്ടുവര്‍ഷത്തിനുള്ളില്‍ ഈ പദ്ധതികളും പൂര്‍ത്തിയാകുന്നതോടെ കുടിവെള്ള വിതരണത്തില്‍ സമ്പൂര്‍ണത കൈവരിക്കാനാകും. കുടിവെള്ള പദ്ധതികള്‍ക്കായി ഇത്രയധികം മുതല്‍മുടക്കിയ കാലഘട്ടം ഉണ്ടാകില്ല. സംസ്ഥാനത്തെ പ്രധാനപ്പെട്ട അഞ്ച് കുടിവെള്ള പദ്ധതികളില്‍ തിരുവനന്തപുരവും മീനാടും കമീഷന്‍ ചെയ്തു. പട്ടുവം മാര്‍ച്ച് അഞ്ചിനും ചേര്‍ത്തല മാര്‍ച്ച് ഒന്നിനും കമീഷന്‍ ചെയ്യും. കോഴിക്കോട്ട് ചില സാങ്കേതിക കാരണങ്ങളാല്‍ കമീഷന്‍ ചെയ്യുന്നത് വൈകി. 2011 ഡിസംബറില്‍ കമീഷന്‍ ചെയ്യും. ഒന്നര വര്‍ഷംമുമ്പ് കമീഷന്‍ ചെയ്യാന്‍ കഴിയുമായിരുന്നതാണ് മീനാട് പദ്ധതി. കോണ്‍ട്രാക്ടറുടെ ചില വീഴ്ചകള്‍ കാലതാമസത്തിനിടയാക്കി. ഉടനെ ആയിരംപേര്‍ക്ക് കണക്ഷന്‍ നല്‍കാനാകും. ശുദ്ധജല വിതരണരംഗത്ത് അഭൂതപൂര്‍വമായ മുന്നേറ്റം കൈവരിച്ചു- അദ്ദേഹം പറഞ്ഞു.

2 രൂപയ്ക്ക് അരി 65 ലക്ഷം കുടുംബത്തിന്; എല്‍ഡിഎഫ് വീണ്ടും അധികാരത്തില്‍ വന്നാല്‍ ക്ഷേമപെന്‍ഷന്‍ അഞ്ഞൂറാക്കും: മന്ത്രി തോമസ് ഐസക്

കൊല്ലം: എല്‍ഡിഎഫ് വീണ്ടും അധികാരത്തില്‍ വന്നാല്‍ ആദ്യ ബജറ്റില്‍തന്നെ ക്ഷേമപെന്‍ഷന്‍ അഞ്ഞൂറാക്കി വര്‍ധിപ്പിക്കുമെന്ന് ധനമന്ത്രി ഡോ. ടി എം തോമസ് ഐസക് പറഞ്ഞു. രണ്ടു രൂപയ്ക്ക് അരി നല്‍കുന്ന പദ്ധതിയുടെ ഗുണം സംസ്ഥാനത്ത് 65 ലക്ഷം കുടുംബത്തിന് ലഭിക്കും. കടപ്പാക്കട സ്പോര്‍ട്സ് ക്ളബ്ബും സ്നേഹിത വനിതാവേദിയും സംയുക്തമായി സംഘടിപ്പിച്ച കേരള ബജറ്റ് ഓപ്പണ്‍ഫോറത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍വന്ന ശേഷം ക്ഷേമപെന്‍ഷന്‍ നൂറില്‍നിന്ന് ഘട്ടംഘട്ടമായി വര്‍ധിപ്പിച്ചു. കഴിഞ്ഞ ബജറ്റില്‍ നാനൂറാക്കി. പാവപ്പെട്ടവര്‍ക്കുള്ള ക്ഷേമ പെന്‍ഷനുകള്‍ സമയബന്ധിതമായി വര്‍ധിപ്പിച്ചു നല്‍കുകയാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ നയം. രണ്ടുരൂപയ്ക്ക് അരി 35 ലക്ഷം കുടുംബത്തിന് നല്‍കാനാണ് കഴിഞ്ഞവര്‍ഷം തീരുമാനിച്ചത്. രണ്ടര ഏക്കറിലധികം ഭൂമിയും ഇരുപത്തയ്യായിരത്തിനു മുകളില്‍ മാസവരുമാനവും 2500 ചതുരശ്ര അടി വീടും ഉള്ളവരെ മാത്രമാണ് ഇപ്പോള്‍ പദ്ധതിയില്‍നിന്ന് ഒഴിവാക്കിയത്. ഇതൊന്നുമില്ലെന്ന് സ്വയം സാക്ഷ്യപ്പെടുത്തിയ അപേക്ഷ നല്‍കിയാല്‍ മാത്രംമതി. സര്‍ക്കാര്‍ 600 കോടിയാണ് പദ്ധതിക്കായി ചെലവാക്കുന്നത്.

അഞ്ചുവര്‍ഷത്തെ ഭരണത്തില്‍ സാധാരണക്കാരന്റെ സാമൂഹിക സുരക്ഷ ഉറപ്പാക്കാനായത് വലിയ നേട്ടമാണ്. ജനനം മുതല്‍ മരണംവരെ സമ്പൂര്‍ണ സാമൂഹിക സുരക്ഷിത്വം എന്നതാണ് ലക്ഷ്യം. നികുതി വരുമാനം 6900 കോടിയായിരുന്നത് ഇപ്പോള്‍ 15,000 കോടിയായി. സാധാരണക്കാരന്റെ മേല്‍ അധികഭാരം അടിച്ചേല്‍പ്പിക്കാതെ വികസനത്തിന്റെ പുതിയ പാത വെട്ടിത്തുറന്നു എന്നതാണ് അഞ്ചുവര്‍ഷത്തെ എല്‍ഡിഎഫ് ഭരണനേട്ടം. ചെയ്ത കാര്യങ്ങള്‍ ജനസമക്ഷം നിരത്തിയാണ് എല്‍ഡിഎഫ് സധൈര്യം തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും ഡോ. ടി എം തോമസ് ഐസക് പറഞ്ഞു.

സദസ്യരുടെ ചോദ്യങ്ങള്‍ക്ക് മന്ത്രി മറുപടി പറഞ്ഞു. പാചകത്തൊഴിലാളികള്‍ക്ക് ക്ഷേമപദ്ധതി ഏര്‍പ്പെടത്തിയതിന്റെ ആഹ്ളാദസൂചകമായി പാചകത്തൊഴിലാളിയായ ഉഷ പായസം നല്‍കി മന്ത്രിയെ സ്വീകരിച്ചു. കശുവണ്ടിത്തൊഴിലാളി സ്ത്രീകള്‍ മന്ത്രിയെ കശുവണ്ടിമാല അണിയിച്ചു.

മണ്‍പാത്ര നിര്‍മാണത്തൊഴിലാളികള്‍ക്കും ക്ഷേമപദ്ധതി: മന്ത്രി ഗുരുദാസന്‍

കൊല്ലം: മണ്‍പാത്ര നിര്‍മാണത്തൊഴിലാളികള്‍, പാചക-ഗാര്‍ഹിക തൊഴിലാളികള്‍ എന്നീ വിഭാഗങ്ങളെക്കൂടി മാര്‍ച്ചിനകം ക്ഷേമപദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് മന്ത്രി പി കെ ഗുരുദാസന്‍ പറഞ്ഞു. കേരള കൈത്തൊഴിലാളി വിദഗ്ധ തൊഴിലാളി ക്ഷേമപദ്ധതിയില്‍ അംഗങ്ങളായവരുടെ വിവിധ ആനുകൂല്യ വിതരണം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

 പെന്‍ഷന്‍തുക 300ല്‍നിന്ന് 400 രൂപയായി വര്‍ധിപ്പിച്ചു. മാത്രമല്ല എല്‍ഡിഎഫ് സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നാല്‍ എല്ലാവര്‍ക്കും പെന്‍ഷന്‍ നല്‍കും. ഇപ്പോള്‍ത്തന്നെ കേരളത്തില്‍ ഈ സര്‍ക്കാരിന്റെ കാലത്ത് ജനസംഖ്യയുടെ പകുതിയിലധികം പേര്‍ക്ക് ഇഎസ്ഐ വഴിയും ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിവഴിയും ചികിത്സ ലഭിക്കുന്നു. 25 ലക്ഷം കുടുംബങ്ങള്‍ സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേര്‍ന്നു. 10 ലക്ഷം കൂടി ചേര്‍ത്ത് 35 ലക്ഷമാക്കുമെന്നും കേരളത്തിലെ എല്ലാ കുടുംബങ്ങള്‍ക്കും എപിഎല്‍, ബിപിഎല്‍ ഭേദമില്ലാതെ രണ്ടുരൂപയ്ക്ക് അരി നല്‍കുമെന്നും മന്ത്രി പറഞ്ഞു. ടി എം വര്‍ഗീസ് സ്മാരകഹാളില്‍ ചേര്‍ന്ന ആനുകൂല്യവിതരണ യോഗത്തില്‍ ക്ഷേമപദ്ധതി ചെയര്‍പേഴ്സണ്‍ ജി രാജമ്മ അധ്യക്ഷയായി.

സഞ്ചരിക്കുന്ന മാവേലി സ്റ്റോര്‍ ഗ്രാമങ്ങളില്‍ ആഹ്ളാദം

കുറ്റ്യാടി: എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഗ്രാമങ്ങളില്‍ പുത്തനുണര്‍വ് പകരുന്നു. കേന്ദ്ര സര്‍ക്കാര്‍ പൊതുവിതരണ സംവിധാനം തകര്‍ക്കുമ്പോള്‍ എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും രണ്ട് രൂപക്ക് അരി നല്‍കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തെ ആഹ്ളാദപൂര്‍വമാണ് ജനങ്ങള്‍ കാണുന്നത്.

പഞ്ചായത്തുകള്‍ തോറും മാവേലി സപ്ളൈകോ സ്റ്റാളുകള്‍ അനുവദിക്കുക വഴി പൊതുവിപണിയിലെ വിലക്കയറ്റം തടയാന്‍ കഴിഞ്ഞതായി ഏവരും സമ്മതിക്കുന്നുണ്ട്. വിപണിയിലെ പൊള്ളുന്ന വില തടയാന്‍ സപ്ളൈകോയുടെ സഞ്ചരിക്കുന്ന മാവേലി സ്റ്റോര്‍ ഇനി നാട്ടിന്‍പുറങ്ങളിലും. അവശ്യസാധനങ്ങള്‍ കുറഞ്ഞ നിരക്കില്‍ വിതരണം ചെയ്യുന്ന മാവേലി സ്റ്റോള്‍ എത്തിയതിന്റെ ആഹ്ളാദത്തിലാണ് മലയോര ഗ്രാമങ്ങള്‍. ആഴ്ചയില്‍ ഒരു ദിവസം പഞ്ചായത്ത് അടിസ്ഥാനത്തില്‍ സഞ്ചരിക്കുന്ന മാവേലി സ്റ്റോര്‍ വഴി വിപണനം നടത്തും. വടകര താലൂക്ക് തല ഉദ്ഘാടനം ബുധനാഴ്ച കുണ്ടുതോടില്‍ മന്ത്രി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്തു. കാവിലുംപാറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിസിലി കരിമ്പാച്ചേരി അധ്യക്ഷയായി. മൊയ്തീന്‍കുഞ്ഞ്, മായ പുല്ലാട്ട്, ജോസഫ് കാഞ്ഞിരത്തിങ്കല്‍, മണലില്‍ രമേശന്‍, എം കെ ചന്ദ്രന്‍, എ എം റഷീദ് എന്നിവര്‍ സംസാരിച്ചു.

1143 പേര്‍ക്ക്കൂടി കടാശ്വാസം: 1.65 കോടി വിതരണം ഇന്ന്

കല്‍പ്പറ്റ: കര്‍ഷക കടാശ്വാസ കമീഷന്‍ ജില്ലയിലെ കര്‍ഷകര്‍ക്ക് അനുവദിച്ച കടാശ്വാസ വിതരണവും പട്ടികജാതി-വര്‍ഗ, പരിവര്‍ത്തിത വിഭാഗങ്ങള്‍ക്കുള്ള കടാശ്വാസ വിതരണവും വെള്ളിയാഴ്ച വിതരണംചെയ്യും. 325 പേര്‍ക്കായി 70,60,341 രൂപയും പട്ടികജാതി-വര്‍ഗ, പരിവര്‍ത്തിത ക്രൈസ്തവ വിഭാഗങ്ങളിലായി 818 പേരുടെ 94,48,923 രൂപയുമാണ് വിതരണം ചെയ്യുക. ബത്തേരി വ്യാപാരഭവന്‍ ഹാളില്‍ രാവിലെ 10.30ന് നടക്കുന്ന ചടങ്ങ് പി കൃഷ്ണപ്രസാദ് എംഎല്‍എ ഉദ്ഘാടനംചെയ്യും. വിവിധ പദ്ധതികളിലായി 20 സഹകരണബാങ്കുകളിലെ 71 ലക്ഷത്തോളം രൂപയും പട്ടികജാതി-വര്‍ഗ-ക്രൈസ്തവ വിഭാഗങ്ങളുടെ 95 ലക്ഷത്തോളം രൂപയുമാണ് വെള്ളിയാഴ്ച പി കൃഷ്ണപ്രസാദ് എംഎല്‍എ വിതരണം ചെയ്യുക. ഇതില്‍ മുള്ളന്‍കൊല്ലി സര്‍വീസ് സഹകരണ ബാങ്കിലാണ് കൂടുതല്‍-77 പേരുടേത്. വൈത്തിരി കാര്‍ഷിക വികസന ബാങ്കില്‍നിന്ന് വായ്പയെടുത്ത 59 പേര്‍ക്ക് സഹായം നല്‍കും. ഇതോടെ ജില്ലയില്‍ കടാശ്വാസ കമീഷന്റെ ആനുകൂല്യം ലഭിച്ചവരുടെ എണ്ണം 5858 ആകും. 8.3 കോടി തുകയുമാകും. സഹകരണ വകുപ്പ് മുഖാന്തിരമാണ് വിതരണം.

കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് ജില്ലയില്‍ കടക്കെണിയിലായ കര്‍ഷകര്‍ കൂട്ടത്തോടെ ആത്മഹത്യചെയ്യുന്ന സ്ഥിതിയായിരുന്നു. കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളണമെന്ന് ആവശ്യപ്പെട്ട് ഉജ്ജ്വലസമരങ്ങള്‍ വയനാട്ടിലെങ്ങും ഉയര്‍ന്നുവന്നുവെങ്കിലും അന്നത്തെ സര്‍ക്കാര്‍ അത് അവഗണിച്ചു. എല്‍ഡിഎഫ് അധികാരത്തിലെത്തിയതിനെത്തുടര്‍ന്നാണ് കര്‍ഷകസമാശ്വാസ നടപടികള്‍ ഉണ്ടായത്. ജസ്റ്റിസ് കെ എ അബ്ദുള്‍ഗഫൂര്‍ ചെയര്‍മാനായി കടാശ്വാസ കമീഷന്‍ രൂപീകരിച്ചു. കമീഷന്‍ വയനാട്ടിലും മറ്റ് ജില്ലകളിലും തുടര്‍ച്ചയായി സിറ്റിങ്ങുകള്‍ നടത്തി. കര്‍ഷകരില്‍നിന്നുള്ള അപേക്ഷകളും പരാതികളും സ്വീകരിച്ച് ബാങ്കുകളിലുള്ള വായ്പ സംബന്ധിച്ച് നടപടികളുമെടുത്തു. സംസ്ഥാന സര്‍ക്കാരിന്റെ നയമനുസരിച്ച് അര്‍ഹരായവരുടെ കടങ്ങള്‍ എഴുതിത്തള്ളാന്‍ തീരുമാനമായി. കടാശ്വാസ കമീഷനിലൂടെ കടങ്ങള്‍ എഴുതിത്തള്ളുന്നത് വയനാട്ടിലെ കര്‍ഷകര്‍ക്ക് ആശ്വാസത്തിന്റെ തണല്‍ നല്‍കുന്നതായി. സര്‍ക്കാരിന്റെ കര്‍ഷകപ്രതിബദ്ധതിയിലൂന്നിയ നയമാണ് ജില്ലയെ വന്‍പ്രതിസന്ധിയില്‍നിന്ന് രക്ഷിച്ചത്.

പീരുമേട് മോഡല്‍ സ്കൂള്‍ ശ്രദ്ധേയമാകുന്നു

സ്വന്തം ലേഖകന്‍ കുമളി: കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിന് അഭിമാനമായി പീരുമേട് തമിഴ് മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂള്‍ മാറുന്നു. സംസ്ഥാനത്ത് ആദ്യമായാണ് തമിഴ് ഭാഷാ ന്യൂനപക്ഷത്തിനായി മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂള്‍ സര്‍ക്കാര്‍ ആരംഭിക്കുന്നത്. പീരുമേട് നിയോജകമണ്ഡലത്തില്‍ സ്ഥാപിതമായ ഈ സ്കൂള്‍ എല്‍ഡിഎഫ് ഭരണനേട്ടങ്ങളില്‍ തിലകക്കുറിയാകുന്നു. തമിഴ് പിന്നോക്ക ജനതയുടെ ഉന്നമനം ലക്ഷ്യമിട്ട് 2001ല്‍ നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് സ്ഥാപിച്ച സ്കൂളിന് പുതിയ കെട്ടിടം അനുവദിച്ചതും പൂര്‍ത്തിയാക്കിയതും വി എസ് സര്‍ക്കാരിന്റെ കാലത്താണ്. ഇടക്കാലത്ത് അഞ്ച് വര്‍ഷം ഭരിച്ച യുഡിഎഫ് സ്കൂളിനായി ചെറുവിരല്‍ പോലും അനക്കിയില്ല. വീണ്ടും എല്‍ഡിഎഫ് അധികാരത്തില്‍ വന്നതോടെ തുടര്‍ നടപടികളായി.

സമൂഹത്തില്‍ പിന്നോക്കം നില്‍ക്കുന്ന പാവപ്പെട്ട കുട്ടികള്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം നല്‍കി, ഇവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനാണ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍ ആരംഭിച്ചത്. 2001ല്‍ പീരുമേട്ടില്‍ താത്കാലിക കെട്ടിടത്തിലാണ് സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചത്. തുടക്കത്തില്‍ അഞ്ചാംതരം മാത്രമാണ് ഉണ്ടായിരുന്നത്. ഇപ്പോള്‍ എട്ട്, ഒന്‍പത്, 10 ക്ളാസുകളിലായി 115 ഓളം കുട്ടികള്‍ പഠിക്കുന്നു. പഠന-പാഠ്യേതര പ്രവര്‍ത്തനങ്ങളിലൂടെ സംസ്ഥാനത്തുതന്നെ ശ്രദ്ധേയമായ സ്കൂളുകളിലൊന്നായി ഇതു മാറിയിട്ടുണ്ട്. 2006ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റതിനെ തുടര്‍ന്ന് സ്കൂള്‍ കെട്ടിടം നിര്‍മിക്കുന്നതിന് റവന്യൂ വകുപ്പില്‍ നിന്നും 8.78 ഏക്കര്‍ ഭൂമി വിട്ടുനല്‍കി. കെട്ടിട നിര്‍മാണത്തിന് പട്ടിക ജാതി വികസന വകുപ്പ് 6.8 കോടി രൂപ അനുവദിച്ചു. തുടര്‍ന്ന് മരാമത്ത് വകുപ്പ് ടെണ്ടര്‍ നടപടി പൂര്‍ത്തിയാക്കി കേരള കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷനെ കരാര്‍ ഏല്‍പിച്ചു. 2009 മാര്‍ച്ചില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച് റെക്കോര്‍ഡ് വേഗത്തില്‍ പൂര്‍ത്തിയാക്കി. തുടര്‍ന്ന് ജീവനക്കാര്‍ക്ക് ക്വാര്‍ട്ടേഴ്സ് നിര്‍മിക്കുന്നതിന് 2.27 കോടിയും, ചുറ്റുമതില്‍ നിര്‍മാണത്തിന് 1.45 കോടിയും അനുവദിച്ചു.

2001ല്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അനുവദിച്ച സ്കൂളിന് കെട്ടിടവും ഭൂമിയും അനുവദിക്കുകയും നിര്‍മാണ പ്രവര്‍ത്തനം പൂര്‍ത്തീകരിക്കുകയും ചെയ്തത് ഇപ്പോഴത്തെ സര്‍ക്കാരാണ്. പട്ടിജാതി വിഭാഗത്തില്‍പ്പെട്ട തോട്ടം തൊഴിലാളികളുടെ മക്കളാണ് ഇവിടെ പഠിക്കുന്ന കുട്ടികളിലേറെയും. കഴിഞ്ഞ സെപ്തംബര്‍ 11ന് സ്പീക്കര്‍ കെ രാധാകൃഷ്ണനാണ് സ്കൂളിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. കെ രാധാകൃഷ്ണന്‍ 1996ല്‍ പട്ടിക വികസന വകുപ്പ് മന്ത്രി ആയിരിക്കെയാണ് സ്കൂള്‍ അനുവദിച്ചത്. തിരുവിതാംകൂറിന്റെ ഭരണ സിരാകേന്ദ്രമായ കുട്ടിക്കാനത്തെ അമ്മച്ചികൊട്ടാരത്തിനും, പീരുമേടെന്ന പേര് ലഭിക്കുന്നതിന് ഇടയായ പീരുമുഹമ്മദിന്റെ ഖബര്‍സ്ഥാനും സമീപത്താണ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍. ഈ മണ്ഡലത്തിലെ ഭാവി തലമുറയുടെ മെച്ചപ്പെട്ട പഠനസൌകര്യങ്ങളാണ് ഈ സ്കൂളിലൂടെ എല്‍ഡിഎഫ് സര്‍ക്കാര്‍ ഉറപ്പാക്കുന്നത്.

കറ്റാനം 33 കെവി സബ്സ്റ്റേഷന്‍ ഉദ്ഘാടനം ഇന്ന്

മാവേലിക്കര: ഭരണിക്കാവ്, ചുനക്കര, നൂറനാട്, പാലമേല്‍, താമരക്കുളം, തെക്കേക്കര, വള്ളികുന്നം, കൃഷ്ണപുരം എന്നീ പഞ്ചായത്തുകള്‍ക്കുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ നവവത്സര സമ്മാനമായ കറ്റാനം 33 കെവി സബ്സ്റ്റേഷന്‍ വെള്ളിയാഴ്ച വൈകിട്ട് ആറിന് വൈദ്യുതിമന്ത്രി എ കെ ബാലന്‍ നാടിന് സമര്‍പ്പിക്കും. ഈ പ്രദേശത്തെ വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കാനും ഇടക്കിടെ വൈദ്യുതിപോകുന്നത് അവസാനിപ്പിക്കാനും പുതിയ പദ്ധതിക്ക് കഴിയും. എട്ട് പഞ്ചായത്തുകളിലെയും ചെറുകിട വ്യവസായങ്ങള്‍ക്ക് പദ്ധതി മുതല്‍ക്കൂട്ടാവും. ഇഷ്ടിക, മെറ്റല്‍ക്രഷര്‍, റബര്‍, ഹോളോബ്രിക്സ്, ഫര്‍ണിച്ചര്‍, വിവിധതരം മില്ലുകള്‍ തുടങ്ങിയ ചെറുകിട വ്യവസായങ്ങളുടെ വളര്‍ച്ചയ്ക്ക് കറ്റാനം 33 കെവി സബ്സ്റ്റേഷന്‍ ഏറെ പ്രയോജനപ്പെടും. കെ പി റോഡില്‍ കറ്റാനം അഞ്ചാം കുറ്റി ജങ്ഷന് കിഴക്കുവശം റോഡ് സൈഡില്‍ സര്‍ക്കാര്‍ പൊന്നുവിലക്കെടുത്ത 117 സെന്റ് സ്ഥലത്താണ് സബ്സ്റ്റേഷന്‍. സബ്സ്റ്റേഷന്‍ അങ്കണത്തില്‍ ചേരുന്ന സമ്മേളനത്തില്‍ എം മുരളി എംഎല്‍എ അധ്യക്ഷനാകും. കേന്ദ്രഊര്‍ജ സഹമന്ത്രി കെ സി വേണുഗോപാല്‍ മുഖ്യാതിഥിയാകും. കെഎസ്ഇബി ട്രാന്‍സ്മിഷന്‍ (സൌത്ത്) ചീഫ് എന്‍ജിനിയര്‍ എന്‍ എം ബാബുക്കുട്ടന്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും.

മട്ടന്നൂര്‍ വ്യവസായ പാര്‍ക്കിന് മാര്‍ച്ച് 1 ന് ശിലയിടും

മട്ടന്നൂര്‍: വെള്ളിയാംപറമ്പിലെ മട്ടന്നൂര്‍ വ്യവസായപാര്‍ക്കിന് മാര്‍ച്ച് ഒന്നിന് രാവിലെ പത്തിന് വ്യവസായ മന്ത്രി എളമരം കരീം തറക്കല്ലിടും. കണ്ണൂര്‍ വിമാനത്താവളം യാഥാര്‍ഥ്യമാകുന്നതോടൊപ്പം വ്യവസായരംഗത്ത് അനുബന്ധസൌകര്യമൊരുക്കുന്നതിന് 150 ഏക്കറിലാണ് വ്യവസായ പാര്‍ക്ക് സ്ഥാപിക്കുന്നത്. ഭൂമി ഏറ്റെടുക്കല്‍ നടപടി അന്തിമഘട്ടത്തിലാണ്. വിമാനത്താവള പദ്ധതിപ്രദേശത്തോടു ചേര്‍ന്ന് മട്ടന്നൂര്‍ നഗരത്തിന് തൊട്ടടുത്തായാണ് ആധുനികസൌകര്യങ്ങളുള്ള പാര്‍ക്ക് സ്ഥാപിക്കുന്നത്. പാര്‍ക്ക് യാഥാര്‍ഥ്യമാകുന്നതോടെ മട്ടന്നൂര്‍ ജില്ലയിലെ പ്രധാന വ്യവസായ നഗരമായി മാറും. ഉദ്ഘാടനച്ചടങ്ങ് നാടിന്റെ ഉത്സവമാക്കുന്നതിന് വെള്ളിയാഴ്ച സംഘാടകസമിതി രൂപീകരിക്കും. രാവിലെ 9.30ന് മട്ടന്നൂര്‍ ഗസ്റ്റ്ഹൌസിലാണ് യോഗം. മുഴവന്‍ വികസന സ്നേഹികളും യോഗത്തില്‍ പങ്കെടുക്കണമെന്ന് കെ കെ ശൈലജ എംഎല്‍എ അഭ്യര്‍ഥിച്ചു.

സ്വപ്നപദ്ധതിക്കായുള്ള കാത്തിരിപ്പിന് വിരാമമാകുന്നു

മാവേലിക്കര: ശനിയാഴ്ച കമീഷന്‍ ചെയ്യുന്ന ചെട്ടികുളങ്ങര ഭൂഗര്‍ഭകേബിള്‍ പദ്ധതിയുടെ നിര്‍മാണം അവസാനഘട്ടത്തില്‍. നാടിന്റെ സ്വപ്നപദ്ധതിക്കായുള്ള കാത്തിരിപ്പിന് ഇനി ഒരുദിവസം കൂടി മാത്രം. പദ്ധതിയിലെ അവസാനഘട്ടമായ എബിസി (ഏരിയല്‍ ബഞ്ചഡ് കേബിള്‍) സ്ഥാപിക്കുന്ന പ്രവര്‍ത്തനവും അവസാനഘട്ടത്തിലായി. അഞ്ച് കേബിളുകള്‍ ചേര്‍ന്ന എബിസി റോഡിന് ഇരുവശവും സ്ഥാപിക്കും. എബിസിയുടെ പ്രവര്‍ത്തികള്‍ തട്ടാരമ്പലം ഏരിയയില്‍ ടൈക്കോ എന്ന കമ്പനിയും കായംകുളം ഏരിയയില്‍ നെറ്റ് കമ്യൂണിക്കേഷന്‍ എന്ന കമ്പനിയുമാണ് ഏറ്റെടുത്തിട്ടുള്ളത്. ബംഗളൂരു ആസ്ഥാനമായുള്ള കമ്പനിയുടെ വിദഗ്ധ തൊഴിലാളികളാണ് ഇതിന്റെ പ്രവര്‍ത്തനം നടത്തുന്നത്. 16 കിലോമീറ്റര്‍ നീളത്തിലാണ് എബിസി സ്ഥാപിക്കുന്നത്.

ചെട്ടികുളങ്ങരയിലെ 13 കരകളിലും 11 കെവി ലൈനുകളുടെ നിര്‍മാണവും 100 കെവിഎ ട്രാന്‍സ്ഫോര്‍മറുകള്‍ സ്ഥാപിക്കുകയും ആദ്യഘട്ടത്തില്‍തന്നെ പൂര്‍ത്തിയായി. ഇക്കഴിഞ്ഞ സെപ്തംബര്‍ ആദ്യവാരത്തിലാണ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. മാവേലിക്കര 110 കെവി സബ്സ്റ്റേഷനില്‍ നിന്നും പനച്ചിമൂട് ഭാഗം വരെയുള്ള 11 കെവി ലൈനായ പത്തിയൂര്‍, തട്ടാരമ്പലം ഡബിള്‍ സര്‍ക്യൂട്ട് ലൈനിലുള്ള തടി പോസ്റ്റുകള്‍ മാറ്റി എ ടൈപ്പ് പോസ്റ്റുകള്‍ സ്ഥാപിക്കുകയും പുതിയ കണ്ടക്ടിങ് ലൈന്‍ സ്ഥാപിക്കുകയും ചെയ്യുന്ന പ്രവര്‍ത്തനവും പൂര്‍ത്തിയായി. റോഡുകളുടെ ഇരുവശങ്ങളിലുമുള്ള പോസ്റ്ററുകള്‍ മാറ്റി സ്ഥാപിക്കുന്ന ജോലിയും പൂര്‍ത്തിയായി. ഹെഡ്മാസ്റ്റ് ലാബ് സ്ഥാപിക്കുന്ന പ്രവര്‍ത്തനവും അവസാനഘട്ടത്തിലായി. കെഎസ്ഇബി ഉന്നത ഉദ്യോഗസ്ഥര്‍ ചെട്ടികുളങ്ങരയില്‍ ക്യാമ്പ് ചെയ്താണ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.

ശമ്പളപരിഷ്കരണത്തിന് 150 കോടി കൂടി അനുവദിക്കും: മന്ത്രി തോമസ് ഐസക്

കൊല്ലം: സംസ്ഥാന ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും പ്രഖ്യാപിച്ച ശമ്പളപരിഷ്കരണത്തിലെ ചില അപാകതകള്‍ പരിഹരിക്കാന്‍ 150 കോടി രൂപ കൂടി അനുവദിക്കുമെന്ന് മന്ത്രി തോമസ് ഐസക് പറഞ്ഞു. കൊല്ലം വാണിജ്യനികുതി കെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്ന മന്ത്രി.

1950 കോടി രൂപയാണ് ശമ്പളപരിഷ്കരണം നടപ്പാക്കുമ്പോള്‍ സര്‍ക്കാരിനുണ്ടാകുന്ന അധിക ബാധ്യത. അപാകത പരിഹരിക്കുമ്പോള്‍ 150 കോടി രൂപ കൂടി വേണ്ടിവരും. സംസ്ഥാനത്തെ ട്രഷറികള്‍ ബാങ്കുകളുടെ നിലവാരത്തിലേക്കുയര്‍ന്ന സാഹചര്യമാണ് ഇപ്പോള്‍. നികുതിവകുപ്പില്‍ കംപ്യൂട്ടര്‍വല്‍ക്കരണം നടപ്പാക്കിയതില്‍ ഇന്ത്യയില്‍ ഏറ്റവുമധികം മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. ചെക്ക്പോസ്റുകളിലും കംപ്യൂട്ടര്‍വല്‍ക്കരണം പൂര്‍ണതോതിലാകുന്നത് നികുതിവകുപ്പിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കും.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഒരുദിവസം പോലും ട്രഷറി പൂട്ടേണ്ട അവസ്ഥ ഉണ്ടാകാതിരുന്നത് നികുതിവരുമാനം വര്‍ധിപ്പിക്കാന്‍ കഴിഞ്ഞതുമൂലമാണ്. സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന ക്ഷേമപദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കാമെന്ന ആത്മവിശ്വാസം ഉദ്യോഗസ്ഥവൃന്ദത്തിനുണ്ട്. റവന്യൂവരുമാനത്തിലെ വര്‍ധനയാണ് ആത്മവിശ്വാസത്തിന് അടിത്തറ. നാം പുറകോട്ട് ഇന്ത്യ മുന്നോട്ട് എന്ന കേരളത്തിന്റെ പഴയ അവസ്ഥ നാം മുന്നോട്ട് എന്ന നിലയിലേക്ക് മാറി. ഈ അവസ്ഥ തുടര്‍ന്നാല്‍ ഇന്ത്യയില്‍ ഏറ്റവുമധികം പുരോഗതി കൈവരിക്കുന്ന സംസ്ഥാനമായി പത്തുവര്‍ഷത്തിനകം കേരളം മാറും. ക്ഷേമപൈതൃകം നിലനിര്‍ത്തി വികസനം ഉറപ്പുവരുത്തുന്ന സംസ്ഥാനമായി കേരളത്തെ മാറ്റാന്‍ കഴിയണം- മന്ത്രി പറഞ്ഞു. മന്ത്രി പി കെ ഗുരുദാസന്‍ അധ്യക്ഷനായി.

കയര്‍സംഘം ജീവനക്കാരുടെ കുറഞ്ഞ ശമ്പളം 5000 രൂപയാക്കും: മന്ത്രി സുധാകരന്‍

കേരള കോ-ഓപ്പറേറ്റീവ് എംപ്ളോയീസ് യൂണിയന്റെ അഞ്ചാമത് സംസ്ഥാന സമ്മേളനം മന്ത്രി ജി സുധാകരന്‍ ഉദ്ഘാടനംചെയ്തു. ജീവനക്കാരുടെ കുറഞ്ഞ പ്രതിമാസ വേതനം 5000 രൂപയാക്കുമെന്നും ഇന്‍ഷുറന്‍സ് കമ്പനികളുമായി ചേര്‍ന്ന് ജീവനക്കാരുടെ ഗ്രാറ്റുവിറ്റിയും പെന്‍ഷനും നല്‍കുന്നതിനുള്ള സഹായം സര്‍ക്കാര്‍ ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

സംഘങ്ങളുടെ ചെലവുകള്‍ക്ക് നിശ്ചിതശതമാനം തുക മാനേജിരിയല്‍ ഗ്രാന്‍ഡ് നല്‍കും. വിരമിച്ച ജീവനക്കാര്‍ക്ക് ആശ്വാസമായി പെന്‍ഷന്‍ നല്‍കാന്‍ നടപടി സ്വീകരിക്കും. തൊഴിലാളിയുടെ ദിവസവേതനം 200 രൂപയാക്കുമ്പോള്‍ സ്ഥാപനങ്ങള്‍ക്ക് ഉണ്ടാകുന്ന നഷ്ടം അതത് കാലയളവില്‍ നികത്തി കൂലി ഉറപ്പാക്കും. ഇതിനായി 20 കോടി രൂപ നീക്കിവച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കയര്‍ കമീഷന്‍ ചെയര്‍മാന്‍ ആനത്തലവട്ടം ആനന്ദന്‍, പ്രതിപക്ഷ ഉപനേതാവ് ജി കാര്‍ത്തികേയന്‍, ട്രേഡ് യൂണിയന്‍ നേതാക്കളായ അഡ്വ. സായികുമാര്‍, കുരീപ്പുഴ മോഹനന്‍, ടി കെ ബാലചന്ദ്രന്‍, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ ജെ നിസാമുദീന്‍, ജനറല്‍സെക്രട്ടറി പി അശോകന്‍, കാന്തിലാല്‍ എന്നിവര്‍ സംസാരിച്ചു. യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് ബി സുഭാഷ് ചന്ദ്രന്‍ അധ്യക്ഷനായി.

ദേശാഭിമാനി 250211

2 comments:

  1. കേരളത്തിലേതുപോലെ സുഭദ്രമായ പൊതുവിതരണ സമ്പ്രദായം ഇന്ത്യയിലെവിടെയുമില്ലെന്ന് മന്ത്രി എം എ ബേബി പറഞ്ഞു. സി ദിവാകരന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് വടക്കന്‍ മേഖലാ വികസന മുന്നേറ്റ ജാഥക്ക് പൂവ്വാട്ടുപറമ്പിലും രാമനാട്ടുകരയിലും നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

    എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കിയ ആശ്വാസ പദ്ധതികളുടെ ആനുകൂല്യങ്ങള്‍ ചെന്നെത്താത്ത ഒരു കുടുംബവും കേരളത്തിലുണ്ടാവില്ല. ജനങ്ങളില്‍നിന്ന് പഠിച്ച് ജനങ്ങളുടെ ആവശ്യങ്ങള്‍ നടപ്പിലാക്കുന്ന സര്‍ക്കാരാണിത്. യുഡിഎഫിന്റെ നയങ്ങള്‍ പ്രചരിപ്പിക്കാന്‍ കരാറെടുത്ത ഒരു പത്രം കേരളത്തിലുണ്ടെന്നും അത് ജനങ്ങള്‍ തിരിച്ചറിയുന്നുണ്ടെന്നും ബേബി പറഞ്ഞു.

    ReplyDelete
  2. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച 10 പൊതുമേഖലാ സ്ഥാപനങ്ങളില്‍ എട്ടെണ്ണം ഇതിനകം കമീഷന്‍ ചെയ്തതായി വ്യവസായ മന്ത്രി എളമരം കരീം പറഞ്ഞു. എട്ടാമത്തേതായി കളമശേരിയിലെ കണ്ടെയ്നര്‍ ഫ്രയ്റ്റ് സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പിണറായി ഹൈടെക് വീവിങ് മില്‍, കോഴിക്കോട് നല്ലളം ബാംബൂ ടൈല്‍ ഫാക്ടറി എന്നിവ ഉടന്‍ കമീഷന്‍ചെയ്യുമെന്ന് മന്ത്രി അറിയിച്ചു. ഷൊര്‍ണ്ണൂരിലെ എസ്ഐഎഫ്എല്‍ ഫോര്‍ജിങ് യൂണിറ്റ്, പിണറായി വയറിങ് കേബിള്‍ യൂണിറ്റ്, പാലക്കാട് യുണൈറ്റഡ് ഇലക്ട്രിക്കല്‍സ് മീറ്റര്‍ ഫാക്ടറി, കാസര്‍കോട് ഉദുമ ടെക്സ്റ്റൈല്‍ മില്‍, ആലപ്പുഴ കോമളപുരം സ്പിന്നിങ് ആന്‍ഡ് വീവിങ് മില്‍, കോഴിക്കോട് ഒളവണ്ണ ടൂള്‍ റൂം കം ട്രെയ്നിങ് സെന്റര്‍, മലപ്പുറം തവനൂര്‍ കെല്‍ട്രോ ടൂള്‍ റൂം എന്നിവയാണ് ഇതിനകം കമീഷന്‍ചെയ്ത സ്ഥാപനങ്ങള്‍.

    ReplyDelete