Saturday, November 7, 2009

പിറന്ന നാടിനെ ഒറ്റുകൊടുക്കുന്ന കൂട്ടിക്കൊടുപ്പ് രാഷ്ട്രീയം

"നെഹ്റു കുടുംബത്തില്‍ പേറ് നിലച്ചാല്‍ എന്തുചെയ്യും?'' വി കെ എന്‍ ഒരിക്കല്‍ ചോദിച്ചു! തൊണ്ണൂറുകളുടെ തുടക്കത്തില്‍ തിരുവില്വാമലയിലെ വീട്ടില്‍ തന്നെ കാണാനെത്തിയ ദല്‍ഹിയിലെ മുതിര്‍ന്ന പത്രപ്രവര്‍ത്തകന്റെ സാന്നിദ്ധ്യത്തില്‍ ഒരു കോണ്‍ഗ്രസ് നേതാവിനോടായിരുന്നു ചോദ്യം.

'നാണ്വാര്' പിന്നെയും ചിലതു മൊഴിഞ്ഞു; മുമ്പും പിമ്പും. അതെല്ലാം മൊഴിമുത്തുകളായിരുന്നു. പലതും സഞ്ജയന്റെ വാക്യങ്ങളോട് ചേര്‍ന്നുനില്‍ക്കും. അദ്ദേഹത്തിന്റെ കഥകളിലും നര്‍മംതുളുമ്പുന്ന ഇതര കൃതികളിലും താളുകള്‍ മറിക്കുമ്പോള്‍ അത് തെളിഞ്ഞുകാണാം; സുവര്‍ണ്ണ മുദ്രയായി. കോണ്‍ഗ്രസിന്റെ പാരമ്പര്യം കുടുംബവാഴ്ചയിലൊതുങ്ങിയതിന്റെ വേദനയും പരിഹാസവുമാണ് വി കെ എന്‍ ന്റെ വാക്കുകളില്‍ നിറഞ്ഞുനിന്നത്.

നെഹ്റുവിനുശേഷം ഇന്ദിരയുടെ കാലവും ജനങ്ങള്‍ സഹിച്ചു; ഒരിക്കല്‍കൂടി സഹിച്ചു പൊറുത്തു-രാജീവിന്റെ കാലം! നെഹ്റുപോലും വിചാരിച്ചതല്ല, തന്റെ ചെറുമകന്റെ ഇറ്റലിക്കാരിയായ ഭാര്യ സോണിയ പാര്‍ടിയെയും സര്‍ക്കാരിനെയും കൈപ്പിടിയിലൊതുക്കുമെന്ന്. ഇപ്പോള്‍ സോണിയയുടെയും മക്കളുടെയും ഇംഗിതത്തിനനുസരിച്ച് രഥമുരുട്ടുന്ന 'കൊട്ടാരം സേവക'രുടെയും പാട്ടുകാരുടെയും ജല്‍പനങ്ങളാണ് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ധൂമഹേതുവായി മാലിന്യം പരത്തുന്നത്. അമേരിക്കയെന്നല്ല, ഏതൊരു സാമ്രാജ്യത്വ ശക്തിക്കും വിലസാന്‍ ഇതിലേറെ യോജിച്ച സന്ദര്‍ഭം വേറെ എന്തുണ്ട്?

കൊട്ടാരം പാട്ടുകാര്‍ക്ക് പിന്നെയും ഒരു സ്ഥാനമുണ്ടെന്ന് കരുതാം. ഉച്ചനീചത്വം കൊടികുത്തിവാണ കാലത്തെ 'പാണരേ'ക്കാളും അടിയാളന്മാരുടെ അവസ്ഥയിലേക്ക് എത്തിയിരിക്കുന്നു, ഇവര്‍ക്ക് ദാസ്യവേലചെയ്യുന്ന ചില മാധ്യമങ്ങള്‍. പാണരെപ്പോലെ അവരും കൊട്ടിപ്പാടുന്നു. ഇതിലെന്തിന് നാം അതിശയിക്കണം? ഇന്ത്യയിലെ ജനങ്ങള്‍ക്കും രാഷ്ട്രത്തിനും ഭീഷണിയാകുന്ന സാമ്രാജ്യത്വത്തിന് കീഴ്പ്പെട്ടഭരണവും അവര്‍ക്ക് ദല്ലാള്‍പ്പണി നടത്തുന്ന ഒരു വിഭാഗം കോര്‍പ്പറേറ്റ് മാധ്യമങ്ങളും ദേശാഭിമാനത്തെയും സംസ്കാരത്തെയുമാണ് വെല്ലുവിളിക്കുന്നത്. പിറന്ന നാടിനെയും സംസ്കാരത്തെയും ഒറ്റുകൊടുക്കുന്ന 'കൂട്ടിക്കൊടുപ്പ്' രാഷ്ട്രീയത്തിന് ആളെ തടുത്തുകൂട്ടുന്നതുകണ്ട് 'മൂല്യച്യുതി'യുടെ നാനാര്‍ഥങ്ങള്‍ തേടേണ്ടതില്ല.

വീണ്ടും ഒരു ഭേദഗതിയോടെ വി കെ എന്‍ന്റെ ചോദ്യത്തിലേക്ക്: സോണിയയുടെ കുടുംബത്തില്‍ പേറ്നിലച്ചാല്‍ എന്തുചെയ്യും? (തലയ്ക്കുമേല്‍ നില്‍ക്കുന്ന നാണ്വാര് ക്ഷമിക്കണം.) ഇപ്പോള്‍ ഇതിനുത്തരം നല്‍കേണ്ടത് കേരളത്തിലെ കോണ്‍ഗ്രസുകാരും മനോരമ, മാതൃഭൂമി തുടങ്ങിയ പത്രങ്ങളും ഏഷ്യാനെറ്റ്, ഇന്ത്യാവിഷന്‍ എന്നിങ്ങനെയുള്ള ചാനലുകളുമാണ്. അമേരിക്കയയ്ക്കും സഖ്യരാഷ്ട്രങ്ങള്‍ക്കും പ്രിയങ്കരനായ 'മര്‍ഡോക്കി'ന്റെ ചാനലായ ഏഷ്യാനെറ്റും മുനീര്‍രാഷ്ട്രീയവും 'കാണാച്ചരടുകള്‍' ഏറെയുള്ള യജമാനന്മാരും നയിക്കുന്ന ഇന്ത്യാവിഷനും ഈ പത്രങ്ങളും സിപിഐ (എം)നെയും അത് നയിക്കുന്ന ഇടതുപക്ഷ-പുരോഗമന പ്രസ്ഥാനങ്ങളെയും തകര്‍ക്കാന്‍ തുറന്ന പോരിന് ഇറങ്ങിത്തിരിച്ചിരിക്കുന്നു.

മലയാളമനോരമയ്ക്ക് സിപിഐ (എം)ന്റെ സംഘടനാ സംവിധാനത്തിലും പാര്‍ടി ജനാധിപത്യ പ്രക്രിയയിലും വലിയ ഉല്‍ക്കണ്ഠയാണത്രെ. പാര്‍ടി ചര്‍ച്ചചെയ്തു രൂപപ്പെടുത്തുന്ന "തെറ്റുതിരുത്തല്‍ രേഖ''യിലെ 'കാണാപ്പുറങ്ങ'ളെക്കുറിച്ച് കഥകള്‍ ചമയ്ക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. ഈയിടെ മൂന്നുനാളത്തെ സിപിഐ (എം) കേന്ദ്ര കമ്മിറ്റിയോഗം കഴിഞ്ഞ് ജനറല്‍സെക്രട്ടറി പ്രകാശ് കാരാട്ട് നടത്തിയ പത്രസമ്മേളനത്തില്‍ പറയാത്ത കാര്യങ്ങളുടെ വിശകലനവുമായി ഒക്ടോബര്‍ 26നും 27നും മനോരമ പ്രസിദ്ധീകരിച്ച ലീഡ് വാര്‍ത്ത ആ പത്രത്തിന്റെ മൂല്യച്യുതിയും സാംസ്കാരിക അധ:പതനവും തെളിയിക്കുന്നു. വിവേചനബുദ്ധിയുള്ള ഏതൊരു രാഷ്ട്രീയ-സാംസ്കാരിക പ്രവര്‍ത്തകനും രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് ചിന്തിക്കുന്ന സാമാന്യജനങ്ങളും ചര്‍ച്ചാവിഷയമാക്കേണ്ട ഒന്നാണിത്. 'നിഷ്പക്ഷമാധ്യമ'ത്തിന്റെ മൂടുപടമണിഞ്ഞ്, ജനങ്ങളില്‍നിന്ന് 'വരിപ്പണം' വാങ്ങി, അവരെയും നാടിനെയും വില്‍ക്കുന്ന സാമ്രാജ്യത്വ ദാസ്യവേലയാണ് മനോരമ ചെയ്യുന്നത്.

സിപിഐ (എം) കേന്ദ്രകമ്മിറ്റിയും അതിനുമുമ്പ് ചേര്‍ന്ന പൊളിറ്റ്ബ്യൂറോയും നിരന്തരം ചര്‍ച്ചചെയ്തത്, കേരളത്തിലെ പാര്‍ടി സെക്രട്ടറി 'പിണറായി വിജയന്റെ കാലാവധി' എത്രയെന്ന് നിശ്ചയിക്കുന്ന വിഷയം ആണെന്ന നിലയിലാണ് തലക്കെട്ടും വാര്‍ത്തയുടെ ഉള്ളടക്കവും. ആദ്യദിവസത്തേത്, "പിണറായിക്ക് ഇനി പരമാവധി 2 വര്‍ഷം''. ഈ തല വാചകത്തിനുമുകളില്‍ മറ്റൊരു ചെറുതൊപ്പി തിരുകിക്കയറ്റി: "സിപിഐ (എം) ഭരണഘടന ഭേദഗതി ചെയ്യുന്നു''. 1996ലെ തെറ്റ്തിരുത്തല്‍ രേഖ ചര്‍ച്ചചെയ്തപ്പോള്‍ ജനപ്രതിനിധികള്‍ക്കും പാര്‍ടി നേതാക്കള്‍ക്കും പെരുമാറ്റ ചട്ടം വ്യവസ്ഥചെയ്തിരുന്നെങ്കിലും ഫലമുണ്ടായില്ല. ജനപ്രതിനിധികള്‍ക്കും പാര്‍ടി നേതാക്കള്‍ക്കും ആദ്യ തെറ്റ് തിരുത്തല്‍ രേഖയില്‍ വ്യവസ്ഥചെയ്തിരുന്ന പെരുമാറ്റചട്ടവും ഫലം കണ്ടില്ല-ഇതാണ് മനോരമാ വ്യാഖ്യാനത്തിന്റെ ചുരുക്കം. മറ്റൊരു രോഷപ്രകടന വിശദീകരണവുമുണ്ട്: കണ്ണൂര്‍, മലപ്പുറം, കോട്ടയം സമ്മേളനങ്ങളില്‍ തുടര്‍ച്ചയായി പിണറായി വിജയനെ തെരഞ്ഞെടുത്തതുസംബന്ധിച്ചാണത്. പാര്‍ടി ജനറല്‍സെക്രട്ടറി കാരാട്ട് പറയാത്ത കാര്യങ്ങള്‍ വ്യാഖ്യാനംചെയ്ത മനോരമാ ഉള്‍പ്പേജില്‍ സിങ്കിള്‍കോളം വാര്‍ത്തയായി പത്രസമ്മേളനത്തിലെ പരാമര്‍ശം കൊടുത്തിട്ടുമുണ്ട്; മനോരമ സ്റ്റൈലില്‍തന്നെ: 'സംഘടനാപരവും പ്രത്യയശാത്രപരവുമായി ദുഷ്പ്രവണതകളെ മറികടക്കാനാണ് സി പി എമ്മില്‍ തെറ്റ് തിരുത്തല്‍ നടപ്പാക്കുന്നതെന്ന് പാര്‍ടി ജനറല്‍സെക്രട്ടറി പ്രകാശ്കാരാട്ട് പറഞ്ഞു''. പാര്‍ടി ജനറല്‍സെക്രട്ടറി പറയാത്ത കാര്യങ്ങള്‍ മനോരമ ദുര്‍വ്യാഖ്യാനംചെയ്ത "1996ല്‍ അംഗീകരിച്ച തെറ്റുതിരുത്തല്‍ റിപ്പോര്‍ട്ട് പന്ത്രണ്ടുവര്‍ഷത്തെ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ പുതുക്കുകയാണു ചെയ്തത്'' എന്ന് കാരാട്ട് പറഞ്ഞത് മറ്റു പത്രങ്ങളില്‍ വന്നിട്ടുണ്ട്. "1996ലെ രേഖ അട്ടത്തുവെച്ചു; ഫലം ചെയ്തില്ല'' എന്ന മനോരമ വ്യാഖ്യാനത്തിനും അപ്പുറമാണ് കാര്യങ്ങള്‍ എന്ന് മറ്റ് മാധ്യമങ്ങളില്‍നിന്ന് ജനം തിരിച്ചറിയണം!

വിലക്കയറ്റത്തിനെതിരെയുള്ള പ്രക്ഷോഭം, സമ്പന്നരെ സഹായിക്കുന്ന യുപിഎ ഗവണ്‍മെന്റ് നയം തിരുത്താനുള്ള ക്യാമ്പയിന്‍, ആണവ ബാധ്യതാനിയമത്തെ ചെറുക്കാനുള്ള ആഹ്വാനം, നിര്‍ദ്ദിഷ്ട പ്രത്യക്ഷ നികുതി ചട്ടബില്‍ കോര്‍പ്പറേറ്റ് മേഖലയ്ക്ക് വന്‍ സൌജന്യങ്ങള്‍ അനുവദിച്ചതിനെതിരെയുള്ള പോരാട്ടം ഇതൊക്കെ സിപിഐ (എം) ജനറല്‍സെക്രട്ടറി പത്രസമ്മേളനത്തില്‍ വിശദീകരിക്കുന്നത് മനോരമയ്ക്ക് വാര്‍ത്തയല്ല; ആകെ പ്രാധാന്യം കിട്ടുന്ന ഒരു കാര്യമായി കണ്ടെത്തിയത്, ഒമ്പത് വര്‍ഷ കാലാവധിയുടെ പരിധിയില്‍ വരുന്നവരുടെ പട്ടികയാണ്. ആദ്യം പിണറായി; പിന്നെ രണ്ടാം നാളില്‍ പ്രസിദ്ധീകരിച്ച ലീഡ് വാര്‍ത്തയില്‍ അഞ്ച് ജില്ലാ സെക്രട്ടറിമാരും!

കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ വര്‍ക്കിംഗ് കമ്മിറ്റി (എഐസിസി) സിപിഐ (എം) കേന്ദ്രകമ്മിറ്റിക്ക് സമാനമായ ബോഡിയാണ്. ഉന്നതാധികാരസമിതി (ഹൈക്കമാണ്ട്) പൊളിറ്റ്ബ്യൂറോപോലെ അധികാരമുള്ള ഹൈപവര്‍ബോഡിയും. രാജ്യം ഏറെ പ്രതിസന്ധികളെ നേരിടുമ്പോഴും വിദേശ ഭീഷണിയും വര്‍ഗീയ കലാപങ്ങളും ഉണ്ടാകുമ്പോഴും കോണ്‍ഗ്രസ് കമ്മിറ്റികളില്‍ ഗൌരവമായ ചര്‍ച്ചകളോ വ്യക്തതയുള്ള രാഷ്ട്രീയ തീരുമാനങ്ങളോ പ്രമേയങ്ങളോ ഉണ്ടാകാറില്ല. മാധ്യമങ്ങളില്‍ നിറയുന്നത്, സോണിയയുടെയും രാഹുലിന്റെയും 'താരപരിവേഷ'കഥകള്‍ ചമയ്ക്കുന്ന വാര്‍ത്തകളും! എഐസിസിയോ ഉന്നതാധികാര സമിതിയോ ചേരുമ്പോള്‍ ഓരോ സംസ്ഥാനത്തെയും പ്രതിനിധീകരിക്കുന്നവര്‍ നടത്തുന്ന 'മംഗളപത്ര' സമാനമായ പ്രസംഗങ്ങള്‍ ഉളുപ്പില്ലാതെ ഈ പത്രങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്നുമുണ്ട്. ദോഷംപറയരുതല്ലോ? ചില ഘട്ടങ്ങളില്‍ വിദേശകാര്യ-പൊളിറ്റിക്കല്‍ സെക്രട്ടറിമാരും നയതന്ത്രജ്ഞരും ആഭ്യന്തര-വിദേശനയങ്ങളെ വിലയിരുത്തി എത്തിച്ചേരുന്ന നിഗമനങ്ങളുടെ അച്ചടിരൂപം ഈ സമ്മേളനങ്ങളിലും ഒടുവില്‍ ഇടംതേടും. പക്ഷേ, ഇവിടെ മുഴച്ചുനില്‍ക്കുന്നത് 'മംഗളപത്ര'പ്രസംഗംതന്നെ. സിപിഐ (എം) ഉള്‍പ്പെടെയുള്ള ഇടതുപക്ഷ-മതനിരപേക്ഷ പാര്‍ടികളെ പുലഭ്യംപറയുന്ന പ്രസംഗങ്ങള്‍ക്കും പ്രാധാന്യം കിട്ടാറുണ്ട്. പ്രമേയം അവതരിപ്പിക്കാത്ത താമസം, ചര്‍ച്ചകൂടാതെ ചൂടപ്പംപോലെ പാസാക്കാം!

സിപിഐ (എം) ന്റെ പൊളിറ്റ്ബ്യൂറോയും കേന്ദ്രകമ്മിറ്റിയും തുടര്‍ച്ചയായി ചേരുന്നതും സംസ്ഥാനകമ്മിറ്റികളും തൊട്ടുതാഴെയുള്ള ഘടകങ്ങളിലെ കമ്മിറ്റികളും കൂടുന്നതും രാജ്യത്തെയും ജനങ്ങളെയും ബാധിക്കുന്ന പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാനാണ്. ഈ യോഗങ്ങള്‍ ചര്‍ച്ച ചെയ്ത് നടപ്പാക്കുന്ന പ്രക്ഷോഭ പരിപാടികളും സംഘടനാ ചര്‍ച്ചയിലൂടെ ക്രമപ്പെടുത്തുന്ന തെറ്റ് തിരുത്തല്‍ രേഖയും ഒക്കെ എന്തിനാണെന്ന് പാര്‍ടി ജനറല്‍സെക്രട്ടറി വിശദീകരിച്ചിട്ടുണ്ട്. ഇത്തരം വിഷയങ്ങളില്‍ എന്തെങ്കിലും ഉല്‍ക്കണ്ഠ കോണ്‍ഗ്രസിനുണ്ടോ? മനോരമാദി മാധ്യമങ്ങള്‍ക്കുണ്ടോ? അവര്‍ മറ്റൊരു മംഗളപത്രം ഇറക്കി 'രാജാവിനേക്കാള്‍ വലിയ ഭക്തി' കാട്ടുന്നു. രാജ്യത്തെ പുരോഗമന പ്രസ്ഥാനങ്ങളെയും ജനങ്ങളെയും വെല്ലുവിളിക്കുകയാണവര്‍.

കേരളത്തിലെ മൂന്ന് നിയമസഭാ മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പായതോടെ സിപിഐ (എം)നെയും അതിന്റെ നേതൃനിരയിലുള്ളവരെയും കള്ളക്കഥകളിലൂടെ കടന്നാക്രമിക്കുന്നു; വ്യക്തിഹത്യ എന്ന 'തിരുകര്‍മ്മം' പരിധിവിടുകയും ചെയ്യുന്നു. സ്ത്രീത്വത്തെപോലും അപമാനിക്കുന്ന പരാമര്‍ശങ്ങള്‍ യുഡിഎഫ് നേതൃത്വവും ചില ചാനല്‍ അവതാരകരും വിളമ്പുന്നത് ലജ്ജകൂടാതെ ഏറ്റെടുത്ത് പ്രചരിപ്പിക്കുന്നത്, 'പാണരുടെ പാട്ട്'പോലെയാണ്. ഏഷ്യാനെറ്റിലെ 'കവര്‍സ്റ്റോറി' അവതാരക ഒരു 'അവിവാഹിത' താമസിക്കുന്ന മുറിയില്‍ എത്ര പുരുഷന്മാര്‍ക്ക് കഴിയാമെന്നതിന്റെ ശാസ്ത്രീയകണക്ക് വിശദീകരിക്കുന്നു. കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അബ്ദുള്ളക്കുട്ടി ഒരു ചാനല്‍ചര്‍ച്ചയില്‍ അവതാരകയുടെ ശൈലിയില്‍തന്നെ അത് ആവര്‍ത്തിക്കുന്നു! ദേശാഭിമാനി ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന 17 പേര്‍ വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കാന്‍ അപേക്ഷ നല്‍കിയതിന്റെ വ്യാഖ്യാനമാണ് മേലുദ്ധരിച്ചത്. ഈ പത്രസ്ഥാപനത്തില്‍ നൂറോളം ജീവനക്കാരുണ്ട്. അതില്‍ വിവിധ ജില്ലകളില്‍നിന്നെത്തിയ 17 പേരാണ് വോട്ടുമാറ്റിക്കിട്ടാന്‍ അപേക്ഷനല്‍കിയത്. ഇതില്‍ 15 പേരുടെ അപേക്ഷ അംഗീകരിച്ചു പട്ടികയില്‍ ഇടംനല്‍കി. കൊച്ചി മാതൃഭൂമി യൂണിറ്റില്‍ ഏതാനും വര്‍ഷംമുമ്പ് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂര്‍ ജില്ലകളില്‍നിന്ന് വന്നു ജോലിചെയ്തിരുന്ന കുറെപ്പേര്‍ താമസിച്ചിരുന്നത് കലൂരിലെ സ്വകാര്യ ലോഡ്ജിലായിരുന്നു. ലോഡ്ജിലെ ക്രമനമ്പരില്‍ വോട്ടുള്ള അനേകംപേര്‍ കലൂരിലെ ഒരു സ്കൂള്‍ ബൂത്തില്‍ വോട്ട് ചെയ്തിട്ടുണ്ട്. ദേശാഭിമാനിയില്‍ ജോലിനോക്കുന്നവര്‍ക്ക് ഈ ജനാധിപത്യ അവകാശം അനുവദിക്കാനാവില്ലെന്ന് ചാനല്‍ അവതാരകയും യുഡിഎഫ് നേതൃത്വവും പറയുന്നു. ഇതിന്റെപേരില്‍ സ്ത്രീത്വത്തിന് അപമാനമായ പരാമര്‍ശം നടത്തിയ അവതാരക, അതിന് തെല്ലും വില കല്‍പിക്കാത്ത 'ധീരവനിത'യാണെന്ന് സ്വയം വെളിപ്പെടുത്തുന്നു.

സിപിഐ (എം)നെയും അതിന്റെ നേതൃനിരയിലുള്ളവരെയും എതിര്‍ക്കാന്‍ എത്ര അതിരുകവിഞ്ഞ വിവരക്കേടും എഴുന്നള്ളിക്കുന്നവര്‍ ഈ പാര്‍ടിയുടെ സംഘടനാ സംവിധാനങ്ങളിലും അതുള്‍ക്കൊള്ളുന്ന രാഷ്ട്രീയ പ്രതിബദ്ധതയിലും അജ്ഞരാണ്. മൂന്നുവര്‍ഷത്തിലൊരിക്കല്‍ ചേരുന്നതാണ് പാര്‍ടി കോണ്‍ഗ്രസിന്റെ ഭാഗമായി ബ്രാഞ്ചുമുതല്‍ കേന്ദ്രകമ്മിറ്റിതലംവരെയുള്ള സമ്മേളനങ്ങള്‍. അതുള്‍ക്കൊള്ളുന്ന രാഷ്ട്രീയ-സംഘടനാ തീരുമാനങ്ങളില്‍ പത്തുലക്ഷത്തിലേറെ അംഗസംഖ്യയുള്ള പാര്‍ടിയുടെ ഓരോ അംഗത്തിന്റെയും പ്രാതിനിധ്യമുണ്ട്; അഭിപ്രായങ്ങളുണ്ട്. പ്രാദേശിക പ്രശ്നങ്ങള്‍, പ്രക്ഷോഭങ്ങള്‍, പാര്‍ടിയുടെയും വര്‍ഗ-ബഹുജന സംഘടനകളുടെയും വളര്‍ച്ചയും തളര്‍ച്ചയും - ഇതെല്ലാം വിലയിരുത്തും. ഉദ്ഘാടന പ്രസംഗത്തിലെ രാഷ്ട്രീയ പരാമര്‍ശങ്ങള്‍ മുതല്‍ സംഘടനാ കാര്യങ്ങള്‍വരെ ചര്‍ച്ചയില്‍ ഉരുത്തിരിയും. ഡസനോളം വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്ന അജണ്ടയിലെ പത്താമത്തെ ഇനമായ കമ്മിറ്റി തെരഞ്ഞെടുപ്പാണ് മുഖ്യമെന്ന് ചില മാധ്യമങ്ങള്‍ കരുതുന്നു. അതേച്ചൊല്ലിയുള്ള വിവാദം കൊഴുപ്പിക്കുന്നു; ഈ പാര്‍ടിയെക്കുറിച്ച് ഇവര്‍ക്ക് എന്തറിയാം?

കോണ്‍ഗ്രസില്‍ ഇങ്ങനെ എന്തെങ്കിലും നടക്കുന്നുണ്ടോ? പല പതിറ്റാണ്ടിലേറെയായി സംഘടനാ തെരഞ്ഞെടുപ്പ് നടത്തിയിട്ട്. സോണിയയും രാഹുലും നോമിനേറ്റ്ചെയ്യുന്നു; നിയമിതരായെത്തുന്നവര്‍ ആഘോഷിക്കപ്പെടുന്നു! എന്നിട്ടും പൊല്ലാപ്പുകള്‍. ഈയിടെ അടുത്തടുത്ത് രണ്ടുപേരെ മാറിയും മാറ്റിയും നിയമിച്ചതിന്റെ വിവാദവും സംഘട്ടനങ്ങളും യൂത്തുകോണ്‍ഗ്രസില്‍ കൊഴുക്കുകയാണ്. ഇതൊക്കെയാണ് മനോരമാദിമാധ്യമങ്ങള്‍ കാണുന്ന ജനാധിപത്യ പാര്‍ടി! പണ്ടത്തെ 'കൊട്ടാരം പാട്ടുകാരി'ല്‍ ചിലര്‍ക്കെങ്കിലും ആത്മാഭിമാനം സടകുടഞ്ഞെഴുന്നേറ്റ ഘട്ടമുണ്ട്; സ്വാതന്ത്ര്യസമരകാലത്ത്. അന്നും സൂര്യനസ്തമിക്കാത്തതെന്ന് വിശേഷിപ്പിച്ച ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ ഇന്ത്യയില്‍ അരക്കിട്ടുറപ്പിക്കാന്‍ വിടുപണിചെയ്ത പരിഷകള്‍ക്ക് ജനാധിപത്യമൂല്യങ്ങള്‍ അജ്ഞാതം.

പി വി പങ്കജാക്ഷന്‍ ചിന്ത വാരിക

1 comment:

  1. "നെഹ്റു കുടുംബത്തില്‍ പേറ് നിലച്ചാല്‍ എന്തുചെയ്യും?'' വി കെ എന്‍ ഒരിക്കല്‍ ചോദിച്ചു! തൊണ്ണൂറുകളുടെ തുടക്കത്തില്‍ തിരുവില്വാമലയിലെ വീട്ടില്‍ തന്നെ കാണാനെത്തിയ ദല്‍ഹിയിലെ മുതിര്‍ന്ന പത്രപ്രവര്‍ത്തകന്റെ സാന്നിദ്ധ്യത്തില്‍ ഒരു കോണ്‍ഗ്രസ് നേതാവിനോടായിരുന്നു ചോദ്യം.

    'നാണ്വാര്' പിന്നെയും ചിലതു മൊഴിഞ്ഞു; മുമ്പും പിമ്പും. അതെല്ലാം മൊഴിമുത്തുകളായിരുന്നു. പലതും സഞ്ജയന്റെ വാക്യങ്ങളോട് ചേര്‍ന്നുനില്‍ക്കും. അദ്ദേഹത്തിന്റെ കഥകളിലും നര്‍മംതുളുമ്പുന്ന ഇതര കൃതികളിലും താളുകള്‍ മറിക്കുമ്പോള്‍ അത് തെളിഞ്ഞുകാണാം; സുവര്‍ണ്ണ മുദ്രയായി. കോണ്‍ഗ്രസിന്റെ പാരമ്പര്യം കുടുംബവാഴ്ചയിലൊതുങ്ങിയതിന്റെ വേദനയും പരിഹാസവുമാണ് വി കെ എന്‍ ന്റെ വാക്കുകളില്‍ നിറഞ്ഞുനിന്നത്.

    ReplyDelete