Friday, April 23, 2010

കേരളത്തിന് ഒന്നാംസ്ഥാനം

പഞ്ചായത്ത് പ്രവര്‍ത്തനത്തില്‍ കേരളത്തിന് ഒന്നാംസ്ഥാനം

തിരു: പഞ്ചായത്തുകളുടെ ശാക്തീകരണത്തില്‍ കേരളത്തിന് ഒന്നാംസ്ഥാനം. കേന്ദ്ര പഞ്ചാത്തീരാജ് വകുപ്പാണ് പ്രവര്‍ത്തന അവലോകനത്തിലൂടെ 2009-10 സാമ്പത്തികവര്‍ഷം മികച്ച സംസ്ഥാനമായി കേരളത്തെ തെരഞ്ഞെടുത്തത്. 24ന് ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങില്‍നിന്ന് മന്ത്രി പാലോളി മുഹമ്മദ്കുട്ടി അവാര്‍ഡ് ഏറ്റുവാങ്ങും. മുന്‍ സാമ്പത്തികവര്‍ഷം നാലാംസ്ഥാനത്തായിരുന്ന കേരളം ഇത്തവണ 74.74 പോയിന്റ് നേടിയാണ് ഒന്നാമതെത്തിയത്. 69.45 പോയിന്റ് നേടിയ കര്‍ണാടകം രണ്ടും 67.06 പോയിന്റ് നേടിയ തമിഴ്നാട് മൂന്നും സ്ഥാനത്താണ്. പശ്ചിമ ബംഗാളിനാണ് നാലാം സ്ഥാനം.

നാല് പ്രവര്‍ത്തനമേഖലകള്‍ തരംതിരിച്ചാണ് പഞ്ചായത്തുകളുടെ പ്രവര്‍ത്തനം കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയത്തിനുവേണ്ടി ഡല്‍ഹിയിലെ ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് പബ്ളിക് അഡ്മിനിസ്ട്രേഷന്‍ വിലയിരുത്തിയത്. ഇതില്‍ ധനവിഭാഗത്തില്‍ കേരളം ഏറ്റവും മുന്നിലെത്തി. മറ്റു സംസ്ഥാനങ്ങള്‍ ഈ വിഭാഗത്തില്‍ ഏറെ പിന്നിലാണ്. പഞ്ചായത്തുകള്‍ക്ക് അധികാരം കൈമാറിയെങ്കിലും കേരളമൊഴികെയുള്ള സംസ്ഥാനങ്ങള്‍ സാമ്പത്തിക അധികാരം നല്‍കിയിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ വിലയിരുത്തി. പഞ്ചായത്തിന്റെ പ്രതിബദ്ധത സംബന്ധിച്ച വിഭാഗത്തില്‍ കേരളത്തിന് രണ്ടാംസ്ഥാനമാണുള്ളത്. ഒന്നാംസ്ഥാനത്തുള്ള കര്‍ണാടകത്തിന് 61.42 പോയിന്റ് ലഭിച്ചപ്പോള്‍ കേരളത്തിന് 61.25 പോയിന്റാണ് കിട്ടിയത്. കൈമാറിക്കിട്ടിയ സ്ഥാപനങ്ങളും അവയുടെ പ്രവര്‍ത്തനങ്ങളുമാണ് ഈ വിഭാഗത്തില്‍ വിലയിരുത്തിയത്. സ്കൂളുകള്‍, ആശുപത്രികള്‍ തുടങ്ങിയ സ്ഥാപനങ്ങളുടെ മേല്‍ പഞ്ചായത്തുകള്‍ക്കുള്ള നിയന്ത്രണം ഇതില്‍ സൂക്ഷ്മമായി പരിശോധിച്ചു. പ്രവര്‍ത്തന സുതാര്യത, ഗ്രാമസഭകളുടെ പുരോഗതി, വ്യത്യസ്ത പദ്ധതികളുടെ നടത്തിപ്പില്‍ പഞ്ചായത്തുകളുടെ പങ്കാളിത്തം തുടങ്ങിയവ വിലയിരുത്തപ്പെട്ട 'ചുമതല' വിഭാഗത്തിലും കേരളത്തിന് രണ്ടാംസ്ഥാനമുണ്ട്. തമിഴ്നാടാണ് ഈ വിഭാഗത്തില്‍ ഒന്നാമത്. സംസ്ഥാന തെരഞ്ഞെടുപ്പു കമീഷനുകളെ നിയമിക്കല്‍, തെരഞ്ഞെടുപ്പ് നടത്തിപ്പിലെ കൃത്യത, സംസ്ഥാന ധനകമീഷനുകള്‍, ജില്ലാ ആസൂത്രണ സമിതി രൂപീകരിക്കല്‍ തുടങ്ങിയവയാണ് 'ചട്ടക്കൂട്' വിഭാഗത്തില്‍ വിലയിരുത്തിയത്. പശ്ചിമ ബംഗാള്‍, കര്‍ണാടകം എന്നീ സംസ്ഥാനങ്ങള്‍ക്കു പിന്നിലായി കേരളം ഇതില്‍ മൂന്നാംസ്ഥാനം നേടി.
(ആര്‍ സാംബന്‍)

25 കര്‍ഷകര്‍ ചേരും; ഗ്രാമം തോറും തോട്ടം

തൃപ്പൂണിത്തുറ: കാര്‍ഷിക കൂട്ടായ്മയിലൂടെ പച്ചക്കറി ഉല്‍പാദനത്തില്‍ സ്വാശ്രയത്വം കൈവരിക്കാന്‍ കര്‍ഷകസംഘം സംസ്ഥാന കമ്മിറ്റി നടപ്പാക്കുന്ന ജൈവപച്ചക്കറിത്തോട്ടം പദ്ധതി കേരളത്തെ ഹരിതാഭമാക്കും. കര്‍ഷക കൂട്ടായ്മയിലൂടെ ഓരോ വില്ലേജിലും ജൈവകൃഷിരീതിയില്‍ ആവശ്യമായ പച്ചക്കറി ഉല്‍പ്പാദനമാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഇതിനായി ഓരോ വില്ലേജിലും പരമാവധി 25 കര്‍ഷകരെ പങ്കാളികളാക്കി ജൈവ പച്ചക്കറി സംഘം രജിസ്റ്റര്‍ ചെയ്യും. വിത്തുകളും നടീല്‍ വസ്തുക്കളും കാര്‍ഷിക സര്‍വകലാശാല, കാര്‍ഷിക ഗവേഷണ സ്ഥാപനങ്ങള്‍, ത്രിതല പഞ്ചായത്തുകള്‍ എന്നിവ വഴി ലഭ്യമാക്കും. ശാസ്ത്രീയ കൃഷിക്കായി പരിശീലന ക്ളാസ് കൃഷിഭവന്‍, വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രമോഷന്‍ കൌസില്‍ മുഖേന നല്‍കും..കര്‍ഷകസംഘം പച്ചക്കറിത്തോട്ടം എന്ന ആലേഖനം ചെയ്ത ബോര്‍ഡ് തോട്ടത്തില്‍ സ്ഥാപിക്കും. ജൈവ കീടനാശിനി ഉണ്ടാക്കാനും അവ ഉപയോഗിച്ച് വിള പരിപാലിക്കാനും പരിശീലനം നല്‍കും. വിളവെടുത്താല്‍ ആവശ്യക്കാര്‍ക്ക് ലഭ്യമാക്കാന്‍ ആഴ്ചച്ചന്തകളും ഇടനിലക്കാരില്ലാത്ത വിപണന രീതികളും നടപ്പാക്കും. പദ്ധതി വിപുലമാകുന്നതോടെ സംസ്ഥാനതലത്തില്‍ പച്ചക്കറി കര്‍ഷകരുടെ സഹകരണസംഘം രൂപീകരിച്ച് ഉല്‍പ്പാദനത്തെയും വിപണനത്തെയും സഹായിക്കുന്നതിനുള്ള ബൃഹത് സംവിധാനവും സംസ്കരണവും ഒരുക്കും. പ്രതിവര്‍ഷം 25 ലക്ഷം ട പച്ചക്കറിയാണ് കേരളത്തിന് ആവശ്യമായിട്ടുള്ളത്. ഇതില്‍ അഞ്ചുലക്ഷംമാത്രമാണ് ഉല്‍പ്പാദിപ്പിക്കുന്നത്. ആയിരം കോടിയിലധികം രൂപ വിലവരുന്ന പച്ചക്കറി അന്യസംസ്ഥാനങ്ങളില്‍നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. ആഗോളവല്‍ക്കരണം കൃഷി ലാഭകരമല്ലാതാക്കി ദരിദ്രരും ഇടത്തരക്കാരുമായ കര്‍ഷകരെ കൃഷിയില്‍നിന്ന് അകറ്റി. കാര്‍ഷികോല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദനം കുറഞ്ഞത് ഭക്ഷ്യപ്രതിസന്ധിക്ക് കാരണമായി. ഈ സാഹചര്യത്തിലാണ് കര്‍ഷകസംഘം ജൈവകൃഷിരീതിയില്‍ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനുള്ള പദ്ധതി വിഭാവനം ചെയ്തത്.

ജൈവ പച്ചക്കറിത്തോട്ടം പദ്ധതിക്ക് തൃപ്പൂണിത്തുറയില്‍ തുടക്കം

തൃപ്പൂണിത്തുറ: ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനും പച്ചക്കറി ഉല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കാനും കേരള കര്‍ഷകസംഘം നടപ്പാക്കുന്ന ജൈവ പച്ചക്കറിത്തോട്ടം പദ്ധതി തുടങ്ങി. സംസ്ഥാനതല ഉദ്ഘാടനം ആസാദ് മൈതാനിയില്‍ അഖിലേന്ത്യാ കിസാന്‍സഭ പ്രസിഡന്റ് എസ് രാമചന്ദ്രന്‍പിള്ള നിര്‍വഹിച്ചു. കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് ന്യായവില ഉറപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് എസ് ആര്‍ പി ആവശ്യപ്പെട്ടു. കേന്ദ്ര സഹായമില്ലാത്തതിനാല്‍ രാജ്യത്തെ കാര്‍ഷികമേഖല പ്രതിസന്ധിയിലാണ്. ഉല്‍പ്പാദനവും ഉല്‍പ്പാദനക്ഷമതയും വര്‍ധിപ്പിക്കാന്‍ സഹായം കൂടിയേതീരൂ. രാജ്യത്തെ തൊഴിലില്ലായ്മ ഇല്ലാതാക്കാന്‍ ഇതു സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ മേയര്‍ മേഴ്സി വില്യംസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി എസ് ഷൈല എന്നിവര്‍ക്ക് 13 ഇനം വിത്തുകള്‍ അടങ്ങിയ പായ്ക്കറ്റ് എസ് ആര്‍ പി നല്‍കി. സംസ്ഥാന ട്രഷറര്‍ ഗോപി കോട്ടമുറിക്കല്‍ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി കെ വി രാമകൃഷ്ണന്‍ സംസാരിച്ചു. ടി കെ മോഹനന്‍ സ്വാഗതവും എം സി സുരേന്ദ്രന്‍ നന്ദിയും പറഞ്ഞു. വെണ്ട, പയര്‍, വഴുതന, മത്തന്‍, പാവല്‍, ചീര, പീച്ചില്‍ തുടങ്ങി 13 ഇനം വിത്തുകളുടെ കിറ്റ് കര്‍ഷകര്‍ക്ക് ചടങ്ങില്‍ വിതരണംചെയ്തു. ടി കെയുടെ സ്മൃതിമണ്ഡപത്തില്‍ എസ് ആര്‍ പി പുഷ്പചക്രം അര്‍പ്പിച്ചു. ടി കെയുടെ വീടും സന്ദര്‍ശിച്ചു.

1 comment:

  1. പഞ്ചായത്തുകളുടെ ശാക്തീകരണത്തില്‍ കേരളത്തിന് ഒന്നാംസ്ഥാനം. കേന്ദ്ര പഞ്ചാത്തീരാജ് വകുപ്പാണ് പ്രവര്‍ത്തന അവലോകനത്തിലൂടെ 2009-10 സാമ്പത്തികവര്‍ഷം മികച്ച സംസ്ഥാനമായി കേരളത്തെ തെരഞ്ഞെടുത്തത്. 24ന് ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങില്‍നിന്ന് മന്ത്രി പാലോളി മുഹമ്മദ്കുട്ടി അവാര്‍ഡ് ഏറ്റുവാങ്ങും. മുന്‍ സാമ്പത്തികവര്‍ഷം നാലാംസ്ഥാനത്തായിരുന്ന കേരളം ഇത്തവണ 74.74 പോയിന്റ് നേടിയാണ് ഒന്നാമതെത്തിയത്. 69.45 പോയിന്റ് നേടിയ കര്‍ണാടകം രണ്ടും 67.06 പോയിന്റ് നേടിയ തമിഴ്നാട് മൂന്നും സ്ഥാനത്താണ്. പശ്ചിമ ബംഗാളിനാണ് നാലാം സ്ഥാനം.

    ReplyDelete