Tuesday, January 3, 2012

മനുഷ്യന്‍ - എത്ര മനോഹരമായ പദം!

''മനുഷ്യന്‍ ഹാ, എത്ര മനോഹരമായ പദം'' എന്നു പറഞ്ഞത് മാക്‌സിം ഗോര്‍ക്കിയാണ്. എത്ര തവണ കേട്ടാലും പറഞ്ഞാലും ആ വാചകത്തിന്റെ മനോഹാരിത കുറയുകയില്ല. കാരണം അതിലടങ്ങിയിരിക്കുന്നത് മനുഷ്യത്വത്തിന്റെ മഹിതമായ മനോഹാരിത തന്നെയാണ്. ജീവിതത്തിന്റെ കറുപ്പും കാഠിന്യങ്ങളും എത്രയാണെങ്കിലും മനുഷ്യനെ മുന്നോട്ടുനയിക്കുന്നത് മനോഹരമായ അവന്റെ നന്മകളിലുള്ള പ്രതീക്ഷയും വിശ്വാസവും ആണ്. സഹജീവികളോടുള്ള കരുതലും സ്‌നേഹവും ആ നന്മയുടെ ഭാഗമാണ്. അതു വറ്റിതീര്‍ന്നാല്‍ മനുഷ്യന്‍ എത്രയും ഭീകരനായ മൃഗമായിതീരും. അപ്പോള്‍ മനുഷ്യന്‍ എന്ന പദം ഏറ്റവും ബീഭത്സമായ പദമായി പരിണമിക്കും. പണത്തിനുവേണ്ടിയുള്ള അത്യാര്‍ത്തിമൂത്ത് ചിലയാളുകളുടെ പ്രവൃത്തികള്‍ മനുഷ്യവംശത്തിനു മുഴുവന്‍ നാണക്കേട് ഉണ്ടാക്കുമ്പോള്‍ സമൂഹത്തിന്റെ നീതിബോധം അതിനെതിരെ ഒറ്റക്കെട്ടായി സടകുടഞ്ഞെഴുന്നേറ്റേതീരൂ. അല്ലാത്തപക്ഷം എന്തിനെയൊക്കെച്ചൊല്ലിയാണോ മനുഷ്യന്‍ ഊറ്റംകൊള്ളുന്നത് അതെല്ലാം ഈ മണ്ണില്‍ തലയറ്റു വീഴുന്നത് നമുക്കു കാണേണ്ടിവരും.

തൃശൂര്‍ അവണൂര്‍ പഞ്ചായത്തിലെ കാരോറില്‍നിന്നുള്ള വാര്‍ത്ത മനുഷ്യത്വമുള്ള എല്ലാവരെയും നടുക്കുന്നതും ഇരുത്തിച്ചിന്തിപ്പിക്കുന്നതുമാണ്. അവിടെ മാനസികാരോഗ്യകേന്ദ്രം എന്ന പേരില്‍ ഒരു സ്ഥാപനം പ്രവര്‍ത്തിച്ചുവന്നിരുന്നു. മനസിന്റെ സമനിലതെറ്റിയ നിരാലംബര്‍ക്കുള്ള അഭയകേന്ദ്രം എന്ന മുഖംമൂടിയാണ് ആ സ്ഥാപനം സ്വയം വച്ചുകെട്ടിയത്. മനുഷ്യകാരുണ്യത്തിന്റെ മേല്‍വിലാസത്തില്‍ ഫണ്ടുകള്‍ തരപ്പെടുത്താനും സംഭാവനകള്‍ സ്വീകരിക്കുവാനും അതിന്റെ നടത്തിപ്പുകാരായ മാന്യദമ്പതികള്‍ സദാ ഉത്സുകരായിരുന്നുവത്രെ. അത്തരം ഫണ്ടുകളെല്ലാം അവരുടെ സുഖസൗകര്യങ്ങള്‍ക്കും ആരോഗ്യകാര്യങ്ങള്‍ക്കുമായി ഒഴുകിപ്പോയതല്ലാതെ മാനസിക രോഗികളുടെ ആരോഗ്യത്തിനുവേണ്ടി ഉതകിയിട്ടില്ല. എങ്കിലും ഈ കേന്ദ്രത്തിന് ഇമ്പമേറിയ പേരു നല്‍കാനുള്ള സാമര്‍ഥ്യം അവര്‍ കാണിച്ചിരുന്നു- ശാന്തിഭവന്‍ എന്ന പേര്. ഈ ക്രൂരമായ കൊള്ളയ്ക്കുവേണ്ടി അവര്‍ സ്ഥാപിച്ച സ്ഥാപനത്തിന്റെ പേരും കേള്‍ക്കുക- സര്‍വോദയ പങ്കുവയ്ക്കല്‍ ചാരിറ്റബിള്‍ സൊസൈറ്റി!

'സര്‍വോദയ പങ്കുവയ്ക്കലി'ന്റെ തനിനിറം ലോകമറിഞ്ഞത് പരിസരത്തുള്ള നല്ല മനുഷ്യരുടെ ഇടപെടല്‍ മൂലമാണ്. അവരുടെ പരാതിയെതുടര്‍ന്ന് ഡിസംബര്‍ 23ന് ആരോഗ്യവകുപ്പ് അധികൃതല്‍ നടത്തിയ പരിശോധനയില്‍ തെളിഞ്ഞത് ഇതൊരു അനധികൃത തട്ടിപ്പുകേന്ദ്രമാണെന്നാണ്. അവിടെ മനോരോഗികള്‍ക്കു യാതൊരുവിധ പരിചരണവും ലഭിച്ചിരുന്നില്ല. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ തൃശൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ടിന് നല്‍കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് തിങ്കളാഴ്ച നടന്ന റെയ്ഡില്‍ കണ്ടെത്തിയ കാര്യങ്ങള്‍ കേരളത്തിന് ഒട്ടും ഭൂഷണമല്ല.

മേല്‍ക്കൂര പോലുമില്ലാത്ത കെട്ടിടങ്ങളില്‍ മനസിന്റെ സമനിലതെറ്റിയ മനുഷ്യരെ പൂട്ടിയിട്ടു പീഡിപ്പിക്കുന്ന അനാരോഗ്യകേന്ദ്രമാണത്. പഴകിയ ഭക്ഷണവും മനുഷ്യവിസര്‍ജ്യങ്ങളും എല്ലാം ചേര്‍ന്ന ദുര്‍ഗന്ധത്തിനു നടുവിലാണ് അവിടെ മനുഷ്യര്‍ മൃഗങ്ങളെക്കാള്‍ കഷ്ടത്തില്‍ ജീവിക്കേണ്ടിവന്നത്. സ്വന്തം വീട്ടുകാര്‍ അവിടേയ്ക്കു വലിച്ചെറിഞ്ഞവരും തെരുവുകളില്‍ നിന്ന് കാരുണ്യത്തിന്റെ പേരില്‍ നടത്തിപ്പുകാര്‍ കൈയ്ക്കലാക്കിയവരും ഇവിടത്തെ പീഡാനുഭവങ്ങളുടെ ഇരകളാണ്. ഈ അനധികൃത കേന്ദ്രത്തിലേക്ക് പൊലീസും ആളുകളെ എത്തിച്ചിരുന്നുവെന്നതും പരിശോധിക്കപ്പെടേണ്ടതാണ്.

ആരോഗ്യവകുപ്പ് അധികൃതര്‍ 41 പേരെ ഈ (അ)ശാന്തിഭവനില്‍ നിന്നു മോചിപ്പിച്ച് സര്‍ക്കാരിന്റെ മാനസികാരോഗ്യകേന്ദ്രത്തില്‍ എത്തിച്ചുവെന്നത് നല്ലതുതന്നെ. എന്നാല്‍ അധികൃതര്‍ അവരുടെ ചുമതല നിറവേറ്റി എന്നു കരുതി കൈകെട്ടിയിരിക്കരുത്. മോചിതരായ രോഗികളില്‍ പത്തിലേറെപ്പേരുടെ ശരീരത്ത് ശസ്ത്രക്രിയ ചെയ്തതിന്റെ വടുക്കള്‍ കാണപ്പെട്ടത് നിസാരമായി അവഗണിക്കരുത്. ഇവരുടെ വൃക്കകള്‍ നഷ്ടപ്പെട്ടുവോ എന്ന സംശയമാണുയരുന്നത്. അങ്ങനെയെങ്കില്‍ സേവനത്തിന്റെ മറവില്‍ നടക്കുന്ന ഭീകരമായ കൊള്ളയുടെ കഥകളായിരിക്കും അനാവൃതമാകുന്നത്. എങ്കില്‍ മെന്റല്‍ ഹെല്‍ത്ത് ആക്ടി(1987)ന് വിരുദ്ധമായി കേന്ദ്രം പ്രവര്‍ത്തിപ്പിച്ചതിനേക്കാള്‍ ഭീകരമായിരിക്കും ഇതിനോടു ബന്ധപ്പെട്ട കുറ്റകൃത്യശൃംഖല.

ഗവണ്‍മെന്റ് ഉണര്‍ന്നുപ്രവര്‍ത്തിക്കേണ്ട വിഷയമാണിത്. സേവനകേന്ദ്രങ്ങളുടെ പേരില്‍ സംസ്ഥാനത്ത് നടക്കുന്ന കൊടിയചൂഷണത്തെപ്പറ്റി നേരത്തെയും വാര്‍ത്തകള്‍ ഉണ്ടായിട്ടുണ്ട്. ലാഭമോഹികളായ മനുഷ്യാധമന്മാര്‍ ഈ ചൂഷണത്തോടൊപ്പം നടത്തുന്ന ക്രിമിനല്‍ പ്രവര്‍ത്തികളിലേക്ക് അധികൃതരുടെ പരിശോധന നീണ്ടു ചെല്ലണം. പണമുണ്ടാക്കാനള്ള തത്രപ്പാടില്‍ എന്തും ചെയ്യാന്‍ മടിക്കാത്തവര്‍ക്ക് സമൂഹത്തില്‍ ഉണ്ടാക്കിയെടുക്കാന്‍ കഴിയുന്ന മാന്യതയുടെ പൊയ്മുഖങ്ങള്‍ പിച്ചിച്ചീന്തപ്പെടട്ടെ. ഔദ്യോഗിക-രാഷ്ട്രീയ-ഭരണതലങ്ങളില്‍ അത്തരക്കാര്‍ക്ക് കുടപിടിക്കുന്നവരുണ്ട്. ആ ദൂഷിതവലയമാണ് തകര്‍ക്കപപ്പെടേണ്ടത്. അതിനായി മുന്നിട്ടിറങ്ങാന്‍ എല്ലാ മനുഷ്യസ്‌നേഹിപ്രസ്ഥാനങ്ങളും കൈകോര്‍ത്തുപിടിക്കേണ്ടത് ഇപ്പോഴാണ്.

janayugom editorial 040112

1 comment:

  1. തൃശൂര്‍ അവണൂര്‍ പഞ്ചായത്തിലെ കാരോറില്‍നിന്നുള്ള വാര്‍ത്ത മനുഷ്യത്വമുള്ള എല്ലാവരെയും നടുക്കുന്നതും ഇരുത്തിച്ചിന്തിപ്പിക്കുന്നതുമാണ്. അവിടെ മാനസികാരോഗ്യകേന്ദ്രം എന്ന പേരില്‍ ഒരു സ്ഥാപനം പ്രവര്‍ത്തിച്ചുവന്നിരുന്നു. മനസിന്റെ സമനിലതെറ്റിയ നിരാലംബര്‍ക്കുള്ള അഭയകേന്ദ്രം എന്ന മുഖംമൂടിയാണ് ആ സ്ഥാപനം സ്വയം വച്ചുകെട്ടിയത്. മനുഷ്യകാരുണ്യത്തിന്റെ മേല്‍വിലാസത്തില്‍ ഫണ്ടുകള്‍ തരപ്പെടുത്താനും സംഭാവനകള്‍ സ്വീകരിക്കുവാനും അതിന്റെ നടത്തിപ്പുകാരായ മാന്യദമ്പതികള്‍ സദാ ഉത്സുകരായിരുന്നുവത്രെ. അത്തരം ഫണ്ടുകളെല്ലാം അവരുടെ സുഖസൗകര്യങ്ങള്‍ക്കും ആരോഗ്യകാര്യങ്ങള്‍ക്കുമായി ഒഴുകിപ്പോയതല്ലാതെ മാനസിക രോഗികളുടെ ആരോഗ്യത്തിനുവേണ്ടി ഉതകിയിട്ടില്ല. എങ്കിലും ഈ കേന്ദ്രത്തിന് ഇമ്പമേറിയ പേരു നല്‍കാനുള്ള സാമര്‍ഥ്യം അവര്‍ കാണിച്ചിരുന്നു- ശാന്തിഭവന്‍ എന്ന പേര്. ഈ ക്രൂരമായ കൊള്ളയ്ക്കുവേണ്ടി അവര്‍ സ്ഥാപിച്ച സ്ഥാപനത്തിന്റെ പേരും കേള്‍ക്കുക- സര്‍വോദയ പങ്കുവയ്ക്കല്‍ ചാരിറ്റബിള്‍ സൊസൈറ്റി!

    ReplyDelete