Thursday, November 12, 2009

നിയമസഭാ ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍ വ്യക്തമാക്കുന്നത്

കേരളത്തിലെ മൂന്ന് നിയമസഭാ മണ്ഡലത്തിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് ഉണ്ടായ വിജയം ഉയര്‍ത്തിക്കാട്ടി എല്‍ഡിഎഫ് ദുര്‍ബലമായിരിക്കുന്നു എന്ന പ്രചാരവേല നടത്താന്‍ ചിലര്‍ മത്സരിക്കുകയാണ്. യുഡിഎഫ് നേതാക്കളും അവരെ പിന്തുണയ്ക്കുന്ന ചില മാധ്യമങ്ങളും ഈ പ്രചാരണത്തിന് നേതൃത്വം നല്‍കുന്നു. യഥാര്‍ഥത്തില്‍ ഇവര്‍ മുന്നോട്ടുവയ്ക്കുന്ന കാഴ്ചപ്പാട് അര്‍ഥശൂന്യമാണെന്ന് തെരഞ്ഞെടുപ്പുഫലം വിശകലനം ചെയ്യുമ്പോള്‍ വ്യക്തമാകും.

പതിനഞ്ചാം ലോക്സഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പാണ് ഇതിന് തൊട്ടുമുമ്പത്തെ പ്രധാനപ്പെട്ട ജനവിധി. അതില്‍ വലിയ വിജയമാണ് യുഡിഎഫിനുണ്ടായത്. അതിന് നിരവധി കാരണങ്ങളുമുണ്ട്. എല്‍ഡിഎഫിന്റെ നയസമീപനങ്ങളെ വളച്ചൊടിച്ച് ജനങ്ങളുടെ മുമ്പില്‍ അവതരിപ്പിക്കുന്നതില്‍ ബഹുഭൂരിപക്ഷം മാധ്യമങ്ങളും മത്സരിച്ചു. കേരളത്തില്‍ ഒരിക്കലും ഉണ്ടാകാത്ത രീതിയില്‍ പണക്കൊഴുപ്പ് ഈ തെരഞ്ഞെടുപ്പുകളില്‍ ദൃശ്യമായി. തെറ്റായ പ്രചാരവേലകള്‍ ഒരു വിഭാഗം വോട്ടര്‍മാരെ ഇടതുപക്ഷത്തിനെതിരെ ചിന്തിപ്പിക്കുന്നതിന് ഇടയാക്കി. അതിന്റെ ഫലമായി എല്‍ഡിഎഫിനെ പിന്തുണച്ച ചില ജനവിഭാഗങ്ങള്‍ മുന്നണിയെ കൈയൊഴിയുന്ന നിലയുണ്ടായി. തെരഞ്ഞെടുപ്പുഫലം സ്വയം വിമര്‍ശനപരമായി വിശകലനം ചെയ്ത് സിപിഐ എം സംസ്ഥാന കമ്മിറ്റി ചില കാര്യങ്ങള്‍ ജനങ്ങളുടെ മുമ്പാകെ തുറന്നു പറഞ്ഞു. ഇടതുപക്ഷത്തിന്റെ അടിത്തറ ദുര്‍ബലപ്പെട്ടിട്ടില്ലെന്നും ചില തെറ്റായ പ്രചാരവേലകള്‍ ജനങ്ങളെ വഴിതെറ്റിക്കുകയാണ് ഉണ്ടായത് എന്നുമാണ് അതില്‍ ഒരുകാര്യം. പോരായ്മകള്‍ പരിശോധിച്ച് അവ തിരുത്തി ജനവിശ്വാസം ആര്‍ജിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും പാര്‍ടി വ്യക്തമാക്കി. അതിന് അനുസൃതമായ പ്രവര്‍ത്തന പദ്ധതികളാണ് സിപിഐ എമ്മും ഇടതുപക്ഷ ജനാധിപത്യമുന്നണിയും നടപ്പാക്കിയത്. പാര്‍ടി നടത്തിയ വിശകലനങ്ങളും തുടര്‍ന്ന് നടത്തിയ പ്രവര്‍ത്തനങ്ങളും ജനപിന്തുണ ഉറപ്പിക്കുന്നതിന് ഇടയാക്കിയിട്ടുണ്ട് എന്നാണ് ഉപതെരഞ്ഞെടുപ്പ് ഫലത്തിലെ സുപ്രധാനമായ കാര്യം. ലോക്സഭാ തെരഞ്ഞെടുപ്പിലെയും ഇപ്പോള്‍ നടന്ന ഉപതെരഞ്ഞെടുപ്പിലെയും വോട്ടിന്റെ കണക്കുകളുടെ താരതമ്യം ഈ യാഥാര്‍ഥ്യത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്.

കണ്ണൂര്‍ നിയമസഭാ മണ്ഡലത്തില്‍നിന്ന് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ലഭിച്ച ഭൂരിപക്ഷം 23,207 ആയിരുന്നു. അത് 12,043 ആയി കുറഞ്ഞു. എറണാകുളത്ത് 14,547 വോട്ടാണ് ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് എല്‍ഡിഎഫിനേക്കാള്‍ കൂടുതല്‍ ലഭിച്ചത്. അത് 8,630 ആയി കുറഞ്ഞു. ആലപ്പുഴ മണ്ഡലത്തിലാവട്ടെ 19,451 വോട്ട് ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് കൂടുതലായി നേടിയെങ്കില്‍ ഉപതെരഞ്ഞെടുപ്പിലെ ഭൂരിപക്ഷം 4745 ആയി കുറഞ്ഞു. കേരളത്തിന്റെ മൂന്ന് ഭാഗത്തു കിടക്കുന്ന യുഡിഎഫ് ശക്തികേന്ദ്രങ്ങളായ ഈ മണ്ഡലങ്ങളില്‍ പ്രത്യക്ഷപ്പെട്ട പ്രവണത കേരളത്തിന്റെ രാഷ്ട്രീയചിത്രമാണ് വ്യക്തമാക്കുന്നത്. ഈ പ്രവണത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദൃശ്യമായിരുന്നു എന്ന വസ്തുത കൂടി ഇവിടെ ചേര്‍ത്തുവായിക്കേണ്ടതാണ്.

തെരഞ്ഞെടുപ്പിനെ സംബന്ധിച്ച് വിശകലനം നടത്തുന്ന ആര്‍ക്കും ഈ കണക്കില്‍നിന്ന് വ്യക്തമാകുന്ന കാര്യം ലോക്സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ കൈയൊഴിഞ്ഞ ചില ജനവിഭാഗങ്ങള്‍ ഇന്ന് മുന്നണിയെ പിന്തുണയ്ക്കുന്നു എന്നതാണ്. അതായത്, ഇടതുപക്ഷത്തിന്റെ നഷ്ടപ്പെട്ട ജനപിന്തുണ ചുരുങ്ങിയ കാലയളവിനുള്ളില്‍ത്തന്നെ തിരിച്ചുപിടിക്കാനായി എന്നര്‍ഥം. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉണ്ടായ തിരിച്ചടിയോടെ ഇടതുപക്ഷം തകരുകയല്ല ചെയ്തത്. മറിച്ച്, അതിനെ അതിജീവിച്ച് കൂടുതല്‍ കരുത്താര്‍ജിച്ചു വരികയാണുണ്ടായത്.

ലോക്സഭ തെരഞ്ഞെടുപ്പ് ഘട്ടത്തിലുള്ള വോട്ടിങ് നില ഇന്ത്യയില്‍ പൊതുവില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ നിലനില്‍ക്കുമ്പോള്‍ കേരളത്തില്‍ വലിയ മാറ്റം വന്നിരിക്കുന്നു. ഈ രാഷ്ട്രീയ മാറ്റത്തിന് നിരവധി കാരണങ്ങളുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം യുപിഎ സര്‍ക്കാര്‍ സ്വീകരിച്ച നയസമീപനം ഇന്ത്യയുടെ പൊതുതാല്‍പ്പര്യത്തിനും വിശിഷ്യാ, കേരളത്തിന്റെ താല്‍പ്പര്യത്തിനും എതിരായിട്ടുള്ളതാണ്. ഇടതുപക്ഷം പിന്തുണയ്ക്കുന്ന ഘട്ടത്തില്‍ ഉണ്ടായിരുന്ന നയസമീപനങ്ങളില്‍നിന്ന് യുപിഎ സര്‍ക്കാര്‍ കൂടുതല്‍ പിറകോട്ടുപോകുന്നു എന്ന അനുഭവം ഇടതുപക്ഷത്തിന്റെ പ്രാധാന്യം ജനങ്ങളെ ബോധ്യപ്പെടുത്തുന്നതാണ്. കേരളത്തിന്റെ ആവശ്യങ്ങള്‍ ഉന്നയിച്ച് ജനകീയ പോരാട്ടങ്ങള്‍ ഇടതുപക്ഷം സംഘടിപ്പിക്കുമ്പോള്‍ കേരളത്തെ തകര്‍ക്കുന്ന ആസിയാന്‍ കരാറിനുപോലും പിന്തുണ നല്‍കുന്ന കോണ്‍ഗ്രസിന്റെ വഞ്ചനാപരമായ നിലപാട് ജനങ്ങള്‍ തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. ഇത് വരുംനാളുകളില്‍ കൂടുതല്‍ ശക്തിപ്രാപിക്കാന്‍ പോകുന്നു എന്നതാണ് ഈ തെരഞ്ഞെടുപ്പ് നല്‍കുന്ന മറ്റൊരു സന്ദേശം. ഇതിനെ മറികടക്കാന്‍ വര്‍ഗീയമായ പ്രചാരവേലകള്‍ നടത്തി മുന്നോട്ടുപോകാനാണ് വലതുപക്ഷ കേന്ദ്രങ്ങള്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. അതും അവരെ രക്ഷപ്പെടുത്തില്ല എന്നതിന്റെ സൂചനകള്‍ ഈ തെരഞ്ഞെടുപ്പിലെ വോട്ട് കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്.

ഇടതുപക്ഷ ജനാധിപത്യമുന്നണിക്കുള്ള ജനപിന്തുണ നഷ്ടപ്പെട്ടിരിക്കുന്നു എന്നും അതുകൊണ്ട് സര്‍ക്കാര്‍തന്നെ രാജിവയ്ക്കണമെന്ന പ്രസ്താവനകളും ചില കോണ്‍ഗ്രസ് നേതാക്കളുടെ ഭാഗത്തുനിന്ന് ഉണ്ടായി. ഉപതെരഞ്ഞെടുപ്പ് ഫലത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാരുകള്‍ രാജിവയ്ക്കുക എന്ന സ്ഥിതിയാണ് വേണ്ടതെങ്കില്‍ യുഡിഎഫ് സര്‍ക്കാര്‍ കേരളത്തില്‍ എത്ര തവണ രാജിവയ്ക്കേണ്ടിവരുമായിരുന്നു എന്ന് അവര്‍ ഓര്‍ക്കുന്നത് നന്ന്. എന്നാല്‍, അത്തരത്തിലുള്ള നിരീക്ഷണത്തിനുപോലും ഈ ഉപതെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രസക്തിയില്ലെന്ന് കാണാനാവും. കാരണം, കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 140 മണ്ഡലത്തില്‍ നൂറോളം സീറ്റില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി വിജയിക്കുകയുണ്ടായി. ആ ഘട്ടത്തില്‍ യുഡിഎഫിനെ വിജയിപ്പിച്ച മണ്ഡലങ്ങളാണ് ഇവ. ആ ചരിത്രവിജയത്തിന്റെ ഘട്ടത്തില്‍ ഈ മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് നേടിയ വോട്ടുകള്‍ നഷ്ടപ്പെട്ടില്ലെന്നു മാത്രമല്ല, വര്‍ധിക്കുകയാണ് ചെയ്തത്. അതുകൊണ്ട് സര്‍ക്കാരിന് പിന്തുണ കുറഞ്ഞു എന്ന വാദംതന്നെ അസ്ഥാനത്താണ്.

കണ്ണൂരില്‍ 2006ലെ അസംബ്ളി തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് 41,132 വോട്ടാണ് ലഭിച്ചത്. ഉപതെരഞ്ഞെടുപ്പില്‍ അത് 41,944 ആയി വര്‍ധിച്ചു. എറണാകുളത്ത് 2006ല്‍ ലഭിച്ച വോട്ട് 37,348 ആയിരുന്നെങ്കില്‍ ഈ തെരഞ്ഞെടുപ്പില്‍ 37,499 വോട്ടു ലഭിച്ചു. ആലപ്പുഴയില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ചത് 32,788 വോട്ടായിരുന്നുവെങ്കില്‍ ഉപതെരഞ്ഞെടുപ്പില്‍ അത് 38,029 ആയി വര്‍ധിക്കുകയാണ് ചെയ്തത്. ഈ കണക്ക് വ്യക്തമാക്കുന്നത്, എല്‍ഡിഎഫ് ചരിത്രവിജയം നേടിയ ഘട്ടത്തില്‍ വോട്ട് ചെയ്തവരേക്കാള്‍ കൂടുതല്‍പേര്‍ ഇടതുപക്ഷത്തെ ഇപ്പോള്‍ പിന്തുണയ്ക്കാന്‍ തയ്യാറായി എന്നാണ്. അടിത്തറ ദുര്‍ബലമാവുകയല്ല ശക്തിപ്പെടുകയാണ് ചെയ്യുന്നത്. ഇടതുപക്ഷ മുന്നണിക്കൊപ്പം ഉണ്ടായിരുന്ന ഒരു രാഷ്ട്രീയകക്ഷിയിലെ ഒരു വിഭാഗം യുഡിഎഫിലേക്ക് ചേക്കേറിയ ശേഷം നടക്കുന്ന തെരഞ്ഞെടുപ്പെന്ന പ്രത്യേകതയും ഉണ്ടായിരുന്നെങ്കിലും അവയൊന്നും ജനപിന്തുണയ്ക്ക് കോട്ടം വരുത്തിയില്ല. 2006 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 100 സീറ്റ് എല്‍ഡിഎഫ് നേടിയ ഘട്ടത്തിലുള്ള പിന്തുണ ഇപ്പോഴും ഉണ്ട് എന്നര്‍ഥം. സര്‍ക്കാരിനെതിരായുള്ള വികാരമല്ല പിന്തുണയാണ് തെരഞ്ഞെടുപ്പുഫലമെന്ന് ഇത് വ്യക്തമാക്കുന്നു.

ഈ തെരഞ്ഞെടുപ്പിലെ മറ്റൊരു പ്രധാനപ്പെട്ട പ്രചാരവേലയുണ്ടായത് വോട്ടേഴ്സ് ലിസ്റുമായി ബന്ധപ്പെട്ടും തെരഞ്ഞെടുപ്പില്‍ അവിഹിതമായി എല്‍ഡിഎഫ് ഇടപെടുന്നു എന്നാരോപിച്ചുള്ളതുമാണ്. ആറായിരത്തോളം വോട്ടര്‍മാരെ തള്ളിക്കളഞ്ഞ കാര്യവും ഇവര്‍ ഉന്നയിക്കുകയുണ്ടായി. എന്നാല്‍, തങ്ങളുടെ വോട്ട് തള്ളിക്കളഞ്ഞു എന്ന പരാതിയുമായി ആരും രംഗത്തുവന്നില്ല. വോട്ടേഴ്സ് ലിസ്റുമായി ബന്ധപ്പെട്ടു വന്ന ചില പരാതികള്‍ കോടതിയുടെ മുമ്പില്‍ കൊണ്ടുപോയപ്പോള്‍ കോടതി തന്നെ അത് തള്ളിയ സ്ഥിതിയുമുണ്ടായി. ഇത് കാണിക്കുന്നത് ഈ പ്രചാരവേലയും യാഥാര്‍ഥ്യവും തമ്മില്‍ ബന്ധമില്ലെന്നാണ്. തെരഞ്ഞെടുപ്പില്‍ തെറ്റായി ഇടപെട്ടു എന്ന് പ്രചരിപ്പിച്ച കോണ്‍ഗ്രസുകാര്‍ മറക്കാതിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. തെരഞ്ഞെടുപ്പ് കമീഷന്‍തന്നെ തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ലംഘിച്ചു എന്നതിന്റെ പേരില്‍ കേരളത്തിലെ ഒരു കേന്ദ്രമന്ത്രിക്കെതിരെ നടപടിയെടുത്തു കഴിഞ്ഞു. തങ്ങളുടെ സ്ഥാനാര്‍ഥിയെ പിന്‍വലിപ്പിച്ചു എന്ന് തെറ്റായി പ്രചരിപ്പിച്ചു എന്ന് യുഡിഎഫിനെതിരെ തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കിയത് യുഡിഎഫിനെ തുടര്‍ച്ചയായി പിന്തുണയ്ക്കുന്ന ഒരു വിഭാഗമാണ്.

ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്ന് മണ്ഡലത്തിന്റെയും രാഷ്ട്രീയ ചരിത്രവും കമ്യൂണിസ്റ്റ് വിരുദ്ധ തിമിരംകൊണ്ട് പലരും മറക്കുകയാണ്. 1957നുശേഷം കണ്ണൂര്‍ നിയമസഭാ മണ്ഡലത്തില്‍ ഒരിക്കല്‍പ്പോലും ഒരു കമ്യൂണിസ്റ്റുകാരന്‍ ജയിച്ചിട്ടില്ല. കൊല്ലത്തുകാരനായ ആര്‍ ശങ്കറിന് കോണ്‍ഗ്രസ് കണ്ടെത്തിയ സുരക്ഷിത മണ്ഡലമായിരുന്നു കണ്ണൂര്‍. ഈ പരമ്പരാഗത യുഡിഎഫ് മണ്ഡലത്തില്‍ ഏറ്റവും ഉയര്‍ന്ന വോട്ട് നേടാനായി എന്ന കാര്യം മറച്ചുവയ്ക്കാനാണ് പലര്‍ക്കും താല്‍പ്പര്യം. 1967 ല്‍ കേരള നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഒമ്പത് കോണ്‍ഗ്രസുകാരായിരുന്നു വിജയിച്ചത്. അതില്‍ ഒരാളെ സംഭാവന ചെയ്തത് എറണാകുളമായിരുന്നു. ഇത് കോണ്‍ഗ്രസിന്റെ പരമ്പരാഗത മണ്ഡലമാണ് ഇത് എന്ന് വ്യക്തമാക്കുന്നു. ആലപ്പുഴ മണ്ഡലമാവട്ടെ കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെല്ലാം വലിയ ഭൂരിപക്ഷത്തോടെ യുഡിഎഫിനെ വിജയിപ്പിച്ച മണ്ഡലമാണ്. എന്നാല്‍, അവിടെനിന്ന് കഷ്ടിച്ചാണ് യുഡിഎഫ് ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ചത്.

യുഡിഎഫ് ശക്തികേന്ദ്രങ്ങളായ മണ്ഡലങ്ങളിലും സജീവമായ തെരഞ്ഞെടുപ്പ് മത്സരംതന്നെയാണ് ഞങ്ങള്‍ പ്ളാന്‍ ചെയ്യാറുള്ളത്. ഇത്തവണ ഉപതെരഞ്ഞെടുപ്പായതുകൊണ്ട് അവിടങ്ങളില്‍ നല്ല നിലയ്ക്ക് കേന്ദ്രീകരിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു. അത് എത്രത്തോളം അങ്കലാപ്പാണ് യുഡിഎഫിനു സൃഷ്ടിച്ചതെന്ന് കേരളം കണ്ടതാണ്. അത്രയ്ക്കു ദുര്‍ബലമാണ് കേരളത്തില്‍ യുഡിഎഫ്. ഈ തെരഞ്ഞെടുപ്പുഫലം എല്‍ഡിഎഫിന് വന്‍ ആത്മവിശ്വാസമാണ് നല്‍കുന്നത്. ഉപതെരഞ്ഞെടുപ്പുകളില്‍ യുഡിഎഫിന് തുടര്‍ച്ചയായ പരാജയമാണ് ഉണ്ടാവാറുള്ളതെന്നും അത് മാറ്റിക്കുറിച്ചു എന്നുമാണ് ചിലരുടെ നിരീക്ഷണം. എന്നാല്‍, തിരുവല്ല നിയമസഭാ മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഈ അടുത്ത കാലത്തുതന്നെ യുഡിഎഫ് ആയിരുന്നു വിജയിച്ചത് എന്ന കാര്യം ഇവരാരും പരാമര്‍ശിച്ച് കാണുന്നില്ല. ഇതെല്ലാം കാണിക്കുന്നത് തെരഞ്ഞെടുപ്പ് ഫലത്തെ തെറ്റായി വിശകലനംചെയ്ത് കമ്യൂണിസ്റ്റ് വിരുദ്ധ വികാരം പ്രചരിപ്പിക്കാനാണ് ചിലര്‍ക്ക് താല്‍പ്പര്യമെന്നാണ്.

ബംഗാളിലെ ഉപതെരഞ്ഞെടുപ്പ് ഫലം ചൂണ്ടിക്കാണിച്ച് കമ്യൂണിസ്റ്റ് വിരുദ്ധ ചര്‍ച്ചയ്ക്ക് കോപ്പ് കൂട്ടാനും ഇതിന്റെ ഭാഗമായി ശ്രമമുണ്ട്. പശ്ചിമബംഗാളില്‍ കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസും, കോണ്‍ഗ്രസും പ്രത്യേകമായി മത്സരിച്ച ഘട്ടത്തില്‍ തന്നെ അവര്‍ വിജയിച്ച ഏഴ് സീറ്റില്‍ ഉള്‍പ്പെടെയാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ഇടതുതീവ്രവാദികളുടെ പിന്തുണയോടെ തെരഞ്ഞെടുപ്പിനെ നേരിട്ടിട്ടും അവരുടെ ഒരു സിറ്റിങ് സീറ്റ് തന്നെ നഷ്ടപ്പെടുക ഉണ്ടായി എന്ന യാഥാര്‍ഥ്യം പറയുന്നതിന് ചില മാധ്യമങ്ങള്‍ തയ്യാറാവുന്നേ ഇല്ല. ഇടതുപക്ഷ പ്രസ്ഥാനത്തിനെതിരെ ശക്തമായ പ്രചാരവേല അഴിച്ചുവിടുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കേരളത്തില്‍ കുറവ് വന്നിട്ടില്ലെന്ന് ഉപതെരഞ്ഞെടുപ്പ് ഫലങ്ങളെ സംബന്ധിച്ചുള്ള ചില മാധ്യമങ്ങളുടെ വിശകലനങ്ങള്‍ വ്യക്തമാക്കുന്നു. തുടര്‍ച്ചയായ സര്‍ക്കാര്‍ വിരുദ്ധ പ്രചാരവേലകളെയെല്ലാം അതിജീവിച്ചുകൊണ്ടാണ് ഈ ഉപതെരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ എല്‍ഡിഎഫിനെ പിന്തുണച്ചിട്ടുള്ളത്. ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസം നിലനിര്‍ത്തുന്നതിനും കൂടുതല്‍ ജനവിഭാഗങ്ങളെ അണിനിരത്തുന്നതിനും ഉള്ള പ്രവര്‍ത്തനങ്ങളില്‍ പാര്‍ടി മുഴുകുമെന്ന് ഉറപ്പ് നല്‍കുന്നു.

പിണറായി വിജയന്‍ ദേശാഭിമാനി 121109

9 comments:

  1. കേരളത്തിലെ മൂന്ന് നിയമസഭാ മണ്ഡലത്തിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് ഉണ്ടായ വിജയം ഉയര്‍ത്തിക്കാട്ടി എല്‍ഡിഎഫ് ദുര്‍ബലമായിരിക്കുന്നു എന്ന പ്രചാരവേല നടത്താന്‍ ചിലര്‍ മത്സരിക്കുകയാണ്. യുഡിഎഫ് നേതാക്കളും അവരെ പിന്തുണയ്ക്കുന്ന ചില മാധ്യമങ്ങളും ഈ പ്രചാരണത്തിന് നേതൃത്വം നല്‍കുന്നു. യഥാര്‍ഥത്തില്‍ ഇവര്‍ മുന്നോട്ടുവയ്ക്കുന്ന കാഴ്ചപ്പാട് അര്‍ഥശൂന്യമാണെന്ന് തെരഞ്ഞെടുപ്പുഫലം വിശകലനം ചെയ്യുമ്പോള്‍ വ്യക്തമാകും.

    ReplyDelete
  2. - - enthumaathram kashtappedunnu LDF-ne nyaayeekarikkan... Janangalenthaa pottanmaro.. Veruthe swayam komaali aakathe maashe... angayude post vaayichittu chiri varunnu....

    ReplyDelete
  3. ഈ ടൈപ്പ് വരട്ടു തത്വവാദങ്ങള്‍ 10 വര്‍ഷം മുമ്പ് ചിലവാകുമാരുന്നു. ഇന്ന് ലോകത്ത് നടക്കുന്ന മാറ്റങ്ങളെ കുറിച്ച് മലയാളി ബോധവാന്മാരാണ്.
    ഈ ടൈപ്പ് ആടിനെ പട്ടി ആക്കുന്ന വാദം ഇനി വില പോവില്ല.

    ReplyDelete
  4. നിയമസഭാ ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍ വ്യക്തമാക്കുന്നത്.....
    മതിയാശാനെ നിര്‍ത്ത് ,നിങ്ങളുടെ പാര്‍ട്ടി ജയിച്ചു.സമ്മതിച്ചു.വ്യക്തമായി മനസ്സിലായി !!!

    P M MANOJ | പി എം മനോജ് ബ്ലൊഗും പൂട്ടി പോയൊ?

    എനി ക്ലൂ?

    ReplyDelete
  5. അനിലേ, മലയാളി എന്നും ബോധവാനാണ്. ആടിനെ പട്ടിയാക്കുന്നൊന്നും ഇല്ല. മറ്റു പലരും ചേര്‍ന്ന് പട്ടിയാക്കിയ ആടിനെ ആട് തന്നെ ആക്കാനുള്ള ശ്രമം.

    അറിയില്ല പാഞ്ഞിരപാടം. ബ്ലോഗ് കിട്ടുന്നില്ല ഇപ്പോള്‍. സാങ്കേതികപ്രശ്നം ആയിരിക്കാം. ഒരു തെരഞ്ഞെടുപ്പ് ഫലം അവസാനവാക്കല്ലെന്ന് അറിയുന്നവരല്ലേ നാമൊക്കെ.

    ReplyDelete
  6. ഈ തെരഞ്ഞെടുപ്പ് ഫലം അവസാനവാക്കല്ല, 2011 ലെ തെരഞ്ഞെടുപ്പ് ചിലരുടെ ഒക്കെ അവസാന വക്കാകും.
    പിന്നെ പാര്‍ക്ക്‌ ഒക്കെ നടത്തി സുഘമായി ജീവിക്കാം. Bengalile സഘക്കന്മാരും ഉണ്ടാകും കൂട്ടിന്.

    ReplyDelete
  7. നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഈ ഉപതെരഞ്ഞടുപ്പ് വരെയുള്ള അഞ്ച് മാസക്കാലത്തിനിടയിൽ ജനരോഷം തണുപ്പിക്കാൻ സഹായിച്ച എന്ത് വികസന പ്രവർത്തനമാണ് അതിനിവിടെ ഇടതുപക്ഷ ഗവണ്മെന്റ് ചെയ്തത് ?

    ReplyDelete
  8. ഓ,പത്തു വര്ഷം കഴിഞ്ഞപ്പോ മലയാളി അങ്ങ് കേറി സായ്പ്‌ ആയില്ലേ.ഈ ടൈപ്പ് "വരട്ടുവാദം" മലയാളി മുണ്ടുടുക്കുവോളം,മനോരമ മാതൃഭൂമിയൊക്കെ മലയാളം എഡിഷന്‍ നിര്‍ത്തി ഇംഗ്ലീഷ്‌ എഡിഷന്‍ വരുവോളം തുടരും.

    ഒരുദാഹരണം പറയാം.ഓര്‍മ്മയുണ്ടോ പരിയാരം സഹകരണ മെഡിക്കല്‍ കോളേജ്‌ തെരഞ്ഞെടുപ്പ് ഒന്നര വര്ഷം മുമ്പ്‌. കൊണ്ഗ്രെസ്സിന്റെ,മനോരമ,മാതൃഭൂമി എന്നീ ചെറ്റ വലതു മുഖ്യധാരാമാധമങ്ങള്‍ ഒരു തെരഞ്ഞെടുപ്പ് ക്രമക്കേടിനെ ,സീപിഎമ്മിന്റെ 'ജനാധിപത്യ' ധ്വംസനത്തെ പറ്റി എത്രയോ ദിവസം തുടര്‍ച്ചയായി എഴുതിയിരുന്നു,ചാനല്‍ മുട്ടാളന്മാര്‍ അന്തിചര്‍ച്ച നടത്തിയിരുന്നു.പതിനായിരങ്ങള്‍ ഒന്നുമില്ല, വെറും 400വോട്ടര്‍മാര്‍.ആ "ക്രമക്കേട്" എന്തായി വലതുമൂരാച്ചികളേ, ഈ കമ്മുക്കള്‍ ഇത്രയും വലിയ "ക്രമക്കേട്" നടത്തുമ്പോ വെറും 400 വോട്ടര്‍മാരുള്ള ഒരു സഹകരണ സംഘം തെരഞ്ഞെടുപ്പില് "ക്രമക്കേട്" പിന്നെ "കള്ളവോട്ടു" കോടതിയെ ബോധ്യപ്പെടുത്തി ശിക്ഷ വാങ്ങിക്കൊടുക്കാന്‍ കഴിയുന്നില്ല. എന്തെ ഹൈക്കോടതിയും സുപ്രീം കോടതിയും കേസ് തള്ളി,ആ ജനാധിപത്യ "ധ്വംസകര്' ഇന്ന് അവിടെ ഭരിക്കുന്നു. എന്തെ ഓരോ "കള്ളവോട്ടും" എണ്ണി പറഞ്ഞു കോടതിയില്‍ തെളിയിക്കുന്നില്ല...അപ്പൊ സാധ്യതകള് ഇവയാണ്.

    1) ഈ പറയുന്ന ക്രമക്കേട്,'കള്ളവോട്ട്' ഒക്കെ ജനത്തെ പറ്റിക്കാന്‍,വലതു മാധ്യമങ്ങളെ ഉപയോഗിച്ചു കെട്ടിച്ചമക്കുന്നവയാണ് .(അല്ലെങ്കില്‍ ഇന്നേവരെ ഒരു ഇലക്ഷനില്‍ എങ്കിലും കോടതിയില്‍ തെളിയിച്ചു സീപിയെമ്മുകാര്‍ക്ക് ശിക്ഷ വാങ്ങി കൊടുക്കാന്‍ സാധിക്കുമായിരുന്നു)
    2)സീപിയെമ്മിന് എന്തോ മാന്ത്രിക ശക്തിയുണ്ട്. അതല്ലെങ്കില്‍ കൊണ്ഗ്രെസ്സുകള്‍ തലയില്‍ ആള് താമസമില്ലാത്ത പൊന്തന്‍മാടകള് ആണ് (മാന്ത്രിക ശക്തിയില്ലെന്കില്‍ സീപിയെമ്മുകാരെ ഇതിനുമെത്രയോ മുമ്പ്‌ "ക്രമക്കേട്" തെളിയിച്ചു അഴിയെണ്ണിക്കാന്‍ സാധിക്കുമായിരുന്നു)

    വീണ്ടും പറയട്ടെ,ഈ കണ്ണൂര്‍ "ക്രമക്കേടും' ഒരു ചുക്കും സംഭവിക്കാതെ, യു.ഡി.എഫ്‌ പൂട്ടിവെക്കും.പാവം മന്ധബുദ്ധികളെ പറ്റിക്കാന്‍ കോടതിയില്‍ ഒന്ന് കേറും, പിന്നെ സുധാകരന്റെ കുറെ ആക്ഷന്‍ ഡ്രാമയും.
    വീണ്ടും നാടകം അടുത്ത ഇലക്ഷന് പുറത്തെടുക്കും. അതിബുദ്ധിയുള്ള വലതു മാഫ്യങ്ങള് വീണ്ടും പഴയ ചര്ദ്ധി എടുത്തു വീശും. മന്ദബുദ്ധി ജനം വീണ്ടും ജനാധിപത്യം "സംരക്ഷിക്കും".

    ഒന്നുകൂടി-ഒരിക്കല്‍,ഒരിക്കല് മാത്രം ഇലക്ഷന്‍ പഴുതുമില്ലാതെ,ക്രമക്കേട് ഇല്ലാതെ കണ്ണൂരില്‍ നടന്നു എന്ന് ഡി.സിസി പ്രസിഡന്റും സുധാകരനും പത്രസമ്മേളനത്തില്‍ പറഞ്ഞു. അത് കൂത്തുപരംബ് ബൈ ഇലക്ഷനായിരുന്നു.സീപി എം 45,000 വോട്ടിനു അന്ന് അവിടെ ജയിച്ചു !!!!

    ReplyDelete