Saturday, November 14, 2009

ഗലീലിയോ അരങ്ങില്‍

1610 ജനുവരി 10 മാനവചരിത്രത്തിലെ അതിമഹത്തായ ദിവസങ്ങളിലൊന്നാണ്. അന്നാണ് ഗലീലിയോഗലീലി എന്ന മഹാശാസ്ത്രകാരന്‍ തന്റെ ദൂരദര്‍ശിനിയിലൂടെ അനന്തവിഹായസ്സിലെ വിസ്മയങ്ങള്‍ ആദ്യമായി കണ്ടത്. അദ്ദേഹം ചന്ദ്രനിലെ കുഴികളും കുന്നുകളും കണ്ടു. സൂര്യമുഖത്തെ കളങ്കങ്ങള്‍ കണ്ടു. വ്യാഴത്തിനുചുറ്റും കറങ്ങുന്ന നാല് ഉപഗ്രഹത്തെയും ആകാശഗംഗയിലെ അനേകായിരം നക്ഷത്രങ്ങളെയും കണ്ടു. ചന്ദ്രന്റെയും ബുധന്റെയും ശുക്രന്റെയും വൃദ്ധിക്ഷയങ്ങള്‍ മനസ്സിലാക്കി. ഗ്രഹങ്ങള്‍ സൂര്യനെ ചുറ്റുകയാണെന്നും ഭൂമി അവയിലൊരു ഗ്രഹം മാത്രമാണെന്നും കണ്ടെത്തി. അരനൂറ്റാണ്ടിനുമുമ്പ് കോപ്പര്‍ നിക്കസ് പറഞ്ഞത് തെളിവുകളിലൂടെ അദ്ദേഹം സമര്‍ഥിച്ചു. ഇത് ക്രിസ്തീയ സഭയുടെ പ്രപഞ്ചവീക്ഷണത്തിന് എതിരായിരുന്നു. ദൈവത്തിന്റെ പരമോന്നതസൃഷ്ടികളായ മനുഷ്യനും ഭൂമിയും പ്രപഞ്ചകേന്ദ്രത്തില്‍, സമ്പൂര്‍ണതയുള്ള സ്വര്‍ഗം ആകാശത്തില്‍, നരകം ഭൂമിക്കുള്ളിലും-ഈ സഭാവിശ്വാസത്തെയാണ് ഗലീലിയോ തകര്‍ത്തത്. തന്റെ ചെറുകുഴലിലൂടെ അദ്ദേഹം സ്വര്‍ഗത്തെ ഉന്മൂലനംചെയ്തു. ഗലീലിയോവിന് സമൂഹത്തിലുണ്ടായിരുന്ന വമ്പിച്ച അംഗീകാരവും ആദരവും കാരണം ആദ്യം സഭ മടിച്ചുനിന്നു. ബ്രൂണോയെ ചുട്ടുകൊന്നതിന്റെ പേരുദോഷം അപ്പോഴും സഭയെ പിന്‍തുടരുന്നുണ്ടായിരുന്നു. പക്ഷേ, മതവിചാരണക്കാര്‍ വിട്ടില്ല. അവര്‍ ചോദിച്ചു
"ദൈവരാജ്യം ഇല്ല എന്നാണല്ലോ ഇയാള്‍ പറഞ്ഞു കൊണ്ടുവരുന്നത്. ജനങ്ങള്‍ അത് വിശ്വസിക്കാന്‍ തുടങ്ങിയാല്‍ പിന്നെ ഈ സഭയ്ക്ക് എന്താണ് പ്രസക്തി. സഭയ്ക്ക് പ്രസക്തിയില്ലെങ്കില്‍ പിന്നെ പുരോഹിതനും മാര്‍പാപ്പയ്ക്കും വത്തിക്കാനും എന്താണ് പ്രസക്തി?''

ഈ ചോദ്യം സഭാധികാരികളെ വിറളി പിടിപ്പിച്ചു. അവര്‍ അദ്ദേഹത്തെ കുറ്റവിചാരണ നടത്തി. ഏകാന്തത്തടവ് വിധിച്ചു. അദ്ദേഹത്തിന്റെ പുസ്തകം നിരോധിച്ചു. മരിച്ചപ്പോള്‍ തെമ്മാടിക്കുഴി വിധിച്ചു.

പതിനേഴാം നൂറ്റാണ്ടിലെ ഏറ്റവും മഹാനായ ഈ ശാസ്ത്രജ്ഞന്റെ ജീവിതകഥ 20-ാം നൂറ്റാണ്ടിലെ ഏറ്റവും മഹാനായ നാടകകൃത്ത് ബെര്‍ത്തോള്‍ട് ബ്രഹ്റ്റ് നാടകരൂപത്തില്‍ ആവിഷ്കരിച്ചു. ആറ് പതിറ്റാണ്ടിന് ശേഷം കേരളത്തിന്റെ വര്‍ത്തമാനകാല പരിസരത്തു നിന്നുകൊണ്ടു കേരളശാസ്ത്രസാഹിത്യ പരിഷത്ത് ഗലീലിയോയുടെ ജീവിതകഥ അരങ്ങിലെത്തിക്കുകയാണ്. ബ്രഹ്റ്റിന്റെ നാടകത്തിന്റെ സ്വതന്ത്രപുനരാവിഷ്കാരം നിര്‍വഹിച്ചിരിക്കുന്നത് പ്രശസ്ത നാടകപ്രവര്‍ത്തകനായ പ്രൊഫ. പി ഗംഗാധരനാണ്. സമൂഹത്തില്‍ ശാസ്ത്രബോധം പ്രചരിപ്പിക്കാനും ശാസ്ത്രസംസ്കാരം വളര്‍ത്താനുംവേണ്ടി ശാസ്ത്രവര്‍ഷത്തില്‍ പരിഷത്ത് നടത്തിവരുന്ന വിവിധ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ഈ നാടകയാത്ര.
നാലുനൂറ്റാണ്ടുമുമ്പാണ് ഗലീലിയോ ജീവിച്ചതെങ്കിലും അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങള്‍ക്ക് അത്യന്തം പ്രസക്തി കേരള സമൂഹത്തില്‍ ഇന്നുണ്ട്. ജാതിമതശക്തികളുടെ രാഷ്ട്രീയ ഇടപെടല്‍ ശക്തമാണ്. സമൂഹത്തില്‍ അസഹിഷ്ണുത വര്‍ധിച്ചു വരികയാണ്. കമ്പോളത്തിന്റെ പിന്‍ബലത്തോടെ പുതിയ ആചാരങ്ങളും വിശ്വാസങ്ങളും നാടെങ്ങും പടരുകയാണ്. സാമൂഹ്യ നീതിയും അവസരസമത്വവും എല്ലാ രംഗത്തും തിരസ്കരിക്കപ്പെടുന്നു. കേരളം എന്നും കാത്തു സംരക്ഷിച്ചുപോന്ന മതനിരപേക്ഷതയ്ക്ക് ഭംഗമേല്‍പ്പിക്കുന്ന പ്രസ്താവനകളും ആഹ്വാനങ്ങളും മതപുരോഹിതന്മാര്‍ മത്സരിച്ചു നടത്തുന്നു. സ്വന്തം കഴിവിലുള്ള വിശ്വാസത്തില്‍നിന്ന് അവിശ്വാസത്തിലേക്കും അതില്‍നിന്ന് അന്ധവിശ്വാസത്തിലേക്കും മനുഷ്യര്‍ വഴുതി വീണുകൊണ്ടിരിക്കുന്ന കാലഘട്ടമാണിത്. സമൂഹത്തില്‍ ശുഭാപ്തിവിശ്വാസം പ്രസരിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് ഇന്ന് അത്യാവശ്യമായിട്ടുള്ളത്. അതിന് സഹായകമാണ് അറിവിന്റെ ശാസ്ത്രത്തിന്റെ അന്തിമവിജയത്തില്‍ ഉറച്ചുവിശ്വസിച്ചിരുന്ന ഗലീലിയോഗലീലിയുടെ ജീവിതകഥ. ഈ നാടകയാത്ര ശക്തമായ ഒരു ശാസ്ത്ര പ്രവര്‍ത്തനമാണ്, സാംസ്കാരിക ഇടപെടലാണ്. ഒരു മതനിരപേക്ഷ ജനാധിപത്യ സമൂഹം രൂപപ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ക്ക് ഇത് ഊര്‍ജം പകരും.

ഡോ. കാവുമ്പായി ബാലകൃഷ്ണന്‍

2 comments:

  1. 1610 ജനുവരി 10 മാനവചരിത്രത്തിലെ അതിമഹത്തായ ദിവസങ്ങളിലൊന്നാണ്. അന്നാണ് ഗലീലിയോഗലീലി എന്ന മഹാശാസ്ത്രകാരന്‍ തന്റെ ദൂരദര്‍ശിനിയിലൂടെ അനന്തവിഹായസ്സിലെ വിസ്മയങ്ങള്‍ ആദ്യമായി കണ്ടത്. അദ്ദേഹം ചന്ദ്രനിലെ കുഴികളും കുന്നുകളും കണ്ടു. സൂര്യമുഖത്തെ കളങ്കങ്ങള്‍ കണ്ടു. വ്യാഴത്തിനുചുറ്റും കറങ്ങുന്ന നാല് ഉപഗ്രഹത്തെയും ആകാശഗംഗയിലെ അനേകായിരം നക്ഷത്രങ്ങളെയും കണ്ടു. ചന്ദ്രന്റെയും ബുധന്റെയും ശുക്രന്റെയും വൃദ്ധിക്ഷയങ്ങള്‍ മനസ്സിലാക്കി. ഗ്രഹങ്ങള്‍ സൂര്യനെ ചുറ്റുകയാണെന്നും ഭൂമി അവയിലൊരു ഗ്രഹം മാത്രമാണെന്നും കണ്ടെത്തി. അരനൂറ്റാണ്ടിനുമുമ്പ് കോപ്പര്‍ നിക്കസ് പറഞ്ഞത് തെളിവുകളിലൂടെ അദ്ദേഹം സമര്‍ഥിച്ചു. ഇത് ക്രിസ്തീയ സഭയുടെ പ്രപഞ്ചവീക്ഷണത്തിന് എതിരായിരുന്നു. ദൈവത്തിന്റെ പരമോന്നതസൃഷ്ടികളായ മനുഷ്യനും ഭൂമിയും പ്രപഞ്ചകേന്ദ്രത്തില്‍, സമ്പൂര്‍ണതയുള്ള സ്വര്‍ഗം ആകാശത്തില്‍, നരകം ഭൂമിക്കുള്ളിലും-ഈ സഭാവിശ്വാസത്തെയാണ് ഗലീലിയോ തകര്‍ത്തത്. തന്റെ ചെറുകുഴലിലൂടെ അദ്ദേഹം സ്വര്‍ഗത്തെ ഉന്മൂലനംചെയ്തു.

    ReplyDelete
  2. ആയിരം വിപ്ലവ പുഷ്പ്പങ്ങള്‍ .....വിരിയട്ടെ .......
    നന്‍മകള്‍ നേരുന്നു
    നന്ദന

    ReplyDelete