നൂറ്റമ്പതിലേറെ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര മനുഷ്യാവകാശസംഘടനയായ ആംനെസ്‌റ്റി ഇന്റർനാഷണലിനെ ഇന്ത്യയില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ പുറത്താക്കി. എല്ലാ ബാങ്ക് അക്കൗണ്ടും മരവിപ്പിച്ചതോടെ സംഘടന ഇന്ത്യയിലെ പ്രവർത്തനം നിർത്തി. സമാധാന നൊബേൽ നേടിയ സംഘടനയ്ക്കെതിരായ നീക്കം രാജ്യാന്തരതലത്തിൽ ഇന്ത്യക്ക് നാണക്കേടായി.
സിബിഐ, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇഡി), ആദായനികുതി വകുപ്പ് എന്നിവയെ ഉപയോഗിച്ചാണ് ആംനെസ്റ്റി ഇന്ത്യയെ ശ്വാസംമുട്ടിച്ചത്. വിദേശസംഭാവന നിയന്ത്രണനിയമം ലംഘിച്ചെന്ന് ആരോപിച്ച് സിബിഐയും കള്ളപ്പണം വെളുപ്പിച്ചെന്ന പേരില്‍ ഇഡിയും കേസെടുത്തു.
ജമ്മു കശ്‌മീർ, ഡൽഹി കലാപം എന്നിവയില്‍ മോഡിസര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി ആഗസ്‌തിൽ ആംനെസ്റ്റി റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. സെപ്‌തംബറിൽ സംഘടനയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. "ലക്ഷത്തോളം ഇന്ത്യക്കാരിൽനിന്ന് നിയമപരമായി സംഭാവന സ്വീകരിച്ചാണ് പ്രവർത്തിക്കുന്നത്. മനുഷ്യാവകാശ സംഘടനകളെ ക്രിമിനൽ സംഘങ്ങളായി കേന്ദ്രം കാണുന്നു. രണ്ട് വർഷമായി വേട്ടയാടുന്നു.
രാജ്യത്ത് ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുകയാണ്'–-ആംനെസ്‌റ്റി ഇന്ത്യ എക്‌സിക്യൂട്ടീവ് ഡയറക്ടർ അവിനാഷ് കുമാർ പറഞ്ഞു. ഇന്ത്യയിൽ അഞ്ച് പ്രാവശ്യം ആംനെസ്‌റ്റിക്ക് പ്രവർത്തനസ്വാതന്ത്ര്യം നിഷേധിച്ചിട്ടുണ്ട്. 50 വർഷം മുമ്പായിരുന്നു ഇതിൽ ആദ്യത്തേതെന്നും മുൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ ആകാർ പട്ടേൽ പറഞ്ഞു.
മനുഷ്യാവകാശത്തിന്റെ ശബ്ദം
രാജ്യാന്തരതലത്തില്‍ ഏറ്റവും ബഹുമാനിക്കപ്പെടുന്ന മനുഷ്യാവകാശസംഘടന. ലണ്ടൻ ആസ്ഥാനം. 150ലേറെ രാജ്യത്ത് സാന്നിധ്യം. 80ലക്ഷത്തോളം അംഗങ്ങള്‍. തടവറകളിലെ പീഡനം, സർക്കാരുകളുടെയും ബഹുരാഷ്ട്ര കോർപറേഷനുകളുടെയും മനുഷ്യാവകാശലംഘനം തുടങ്ങിയവ വെളിച്ചത്തുകൊണ്ടുവരുന്നു. 1977ല്‍ സമാധാന നൊബേല്‍.
No comments:
Post a Comment