യൂറോപ്യന്‍ യൂണിയനുമായി കേന്ദ്രസര്‍ക്കാര്‍ ഒപ്പിടാനൊരുങ്ങുന്ന സ്വതന്ത്ര വ്യാപാര കരാറിനെതിരെ പ്രതിഷേധം ശക്തമാകുന്നു. പാര്‍ലമെന്റിനെ മറികടന്ന് കരാറുമായി മുന്നോട്ടു പോകാനുള്ള നീക്കത്തിനെതിരെ സിപിഐ എം പ്രതിഷേധം രേഖപ്പെടുത്തിയതിന് പിന്നാലെ ബിജെപിയും രംഗത്തെത്തി. 22ന് ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തില്‍ നിര്‍ദിഷ്ട കരാറിനെക്കുറിച്ച് വിശദമായ ചര്‍ച്ചവേണമെന്ന് ബിജെപി നേതാവ് മുരളി മനോഹര്‍ ജോഷി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. യൂറോപ്യന്‍ യൂണിയനുമായി കരാറുണ്ടാക്കുന്നത് ഇന്ത്യക്ക് തിരിച്ചടിയാകുമെന്ന് ജോഷി പറഞ്ഞു.
ഇപ്പോള്‍ത്തന്നെ ഇന്ത്യയില്‍നിന്ന് യൂറോപ്പിലേക്ക് കയറ്റുമതി ചെയ്യുന്ന കാര്‍ഷികോല്‍പ്പന്നങ്ങളില്‍ 69 ശതമാനത്തിനും നികുതിയില്ല. കാര്‍ഷികേതര ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയില്‍ 65 ശതമാനത്തിനും നികുതിയില്ല. കരാര്‍ ഒപ്പിടുന്നപക്ഷം നികുതിരഹിത കയറ്റുമതിയില്‍ വലിയ വര്‍ധന വരില്ല. കരാര്‍ നിലവില്‍വന്നാല്‍ ഇന്ത്യ 90 ശതമാനം ഇറക്കുമതി നികുതി എടുത്തുകളയേണ്ടിവരും. സ്വാഭാവികമായും ഇന്ത്യന്‍ വിപണി യൂറോപ്യന്‍ യൂണിയന്‍ കൈയടക്കുന്ന സ്ഥിതിയാണുണ്ടാവുക. പാല്‍, കോഴിയിറച്ചി, പഞ്ചസാര, ഗോതമ്പ്, എണ്ണക്കുരുക്കള്‍, പ്ലാന്റേഷന്‍ ഉല്‍പ്പന്നങ്ങള്‍, മത്സ്യ ഉല്‍പ്പന്നങ്ങള്‍ എന്നിവ യൂറോപ്പില്‍നിന്ന് വന്‍തോതില്‍ ഇന്ത്യയിലെത്തും. ഇന്ത്യയുടെ കാര്‍ഷിക സ്വയംപര്യാപ്തതയ്ക്കും ഭക്ഷ്യസുരക്ഷയ്ക്കും കരാര്‍ ഭീഷണിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കരാര്‍ അനുസരിച്ച് ഇന്ത്യയുടെ ചെറുകിട വ്യവസായമേഖല യൂറോപ്യന്‍ കുത്തകകള്‍ക്ക് തുറന്നുകൊടുക്കേണ്ടി വരും. ഇതിലൂടെ വലിയൊരു വിഭാഗം സ്ത്രീകളുടെയും താഴെത്തട്ടിലുള്ളവരുടെയും ജീവിതമാര്‍ഗം അടയും. രാജ്യത്തെ ചെറുകിട വ്യാപാര സ്ഥാപനങ്ങള്‍ക്ക് ഒരിക്കലും ബഹുരാഷ്ട്ര കുത്തകകളുമായി മത്സരിക്കാന്‍ കഴിയില്ല എന്നിരിക്കെ കരാര്‍ ഒപ്പിടാനുള്ള നീക്കം ജനങ്ങള്‍ക്കെതിരാണെന്നും ജോഷി പറഞ്ഞു.
കരാര്‍ നിലവില്‍ വരുന്നതോടെ ഇന്ത്യയുടെ ധനകമ്മിയും വ്യാപാര കമ്മിയും വീണ്ടും ഉയരുമെന്ന് സിപിഐ എം നേരത്തെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കരാര്‍ പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ പരിശോധനയിലാണ്. സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുംമുമ്പ് കരാര്‍ ഒപ്പിടരുതെന്ന് സിപിഐ എം ആവശ്യപ്പെട്ടു. യൂറോപ്യന്‍ യൂണിയനുമായി ഈ മാസംതന്നെ കരാറില്‍ ഒപ്പിടാനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം. കരാറിന് അന്തിമരൂപം നല്‍കാന്‍ കൂടിയാണ് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ഇപ്പോള്‍ ജര്‍മനി സന്ദര്‍ശിക്കുന്നത്.
deshabhimani
No comments:
Post a Comment