Saturday, May 29, 2021

900 മെഗാവാട്ട്‌ സൗരോർജശേഷികൂടി ; ആഭ്യന്തര ഉൽപ്പാദനശേഷി കൂട്ടും

അടുത്ത രണ്ട്‌ വർഷത്തിനുള്ളിൽ 900 മെഗാവാട്ട്‌ സൗരോർജശേഷികൂടി കൈവരിക്കും. ആഭ്യന്തര ഉൽപ്പാദനശേഷി വർധിപ്പിക്കും. 170 മെഗാവാട്ട്‌ ഉൽപ്പാദനശേഷിയുള്ള ജലവൈദ്യുത പദ്ധതികൾ കമീഷൻ ചെയ്യും. 10,000 കോടി രൂപയുടെ വിഹിതമുള്ള ട്രാൻസ്‌ഗ്രിഡ്‌ 2.0 പദ്ധതി  സൗകര്യങ്ങളെ അടുത്ത രണ്ട്‌ ദശകകാലത്തേക്ക്‌ സംസ്ഥാനത്തിന്റെ വൈദ്യുതി ആവശ്യം നിറവേറ്റുന്ന തരത്തിൽ മാറ്റും.


ഭാവിയിലും പവർക്കട്ടില്ല

വയനാട്‌, കാസർകോട്‌ എന്നിവിടങ്ങളിലെ 400 കെവി സബ്‌സ്‌റ്റേഷനുകൾ, കോഴിക്കോടുമുതൽ ഉടുപ്പിവരെയുള്ള ലൈൻ, സംസ്ഥാനത്തിന്റ 400 കെവി ട്രാൻസ്‌മിഷൻ ഇടനാഴി എന്നിവ പൂർത്തിയാക്കും. ഇത്‌ ഭാവിയിൽ പവർക്കട്ട്‌ ഇല്ലാതാക്കും.  

മിതമായ നിരക്കിൽ വൈദ്യുതി

ദരിദ്രരിൽ ദരിദ്രരായവർക്ക്‌ മിതമായ നിരക്കിൽ വൈദ്യുതി ലഭ്യമാക്കും. വിതരണശൃംഖലയുടെ പരിധിയിൽ വരാത്ത വിദൂര പ്രദേശങ്ങളിൽ ഉചിതമായ സാങ്കേതികവിദ്യയിലൂടെ വൈദ്യുതി കണക്‌ഷൻ നൽകും. കർഷകർക്ക്‌ പിന്തുണ നൽകൻ പിഎം കെയുഎസ്‌യുഎമ്മിനു കീഴിൽ പദ്ധതികൾ വികസിപ്പിക്കും.

ഇടുക്കിയിൽ രണ്ടാംനിലയം

780 മെഗാവാട്ട്‌ ഉൽപ്പാദനശേഷിയുള്ള ഇടുക്കി പദ്ധതിയുടെ രണ്ടാംഘട്ടം 7000 കോടി രൂപ മുതൽമുടക്കിൽ ആരംഭിക്കും. വൈദ്യുതി വാങ്ങൽ കരാറുകൾ പുനഃപരിശോധിക്കും.

സമഗ്രാരോഗ്യ പാക്കേജ്‌

പൊതു ആരോഗ്യ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും മഹാമാരിയെ നേരിടാൻ സംസ്ഥാനത്തെ സജ്ജമാക്കുന്നതിനും ഊന്നൽ നൽകി 1000 കോടി രൂപയുടെ സമഗ്ര ആരോഗ്യ പാക്കേജ്‌ നടപ്പാക്കും.

വെർച്വൽ ട്രൈബൽ 
എംപ്ലോയ്‌മെന്റ്‌ എക്‌ചേഞ്ച്‌

ഗോത്രയുവജനങ്ങൾക്ക്‌ സ്വകാര്യ–- പൊതു മേഖലകളിൽ തൊഴിൽ ഉറപ്പാക്കാൻ വെർച്വൽ ട്രൈബൽ എംപ്ലോയ്‌മെന്റ്‌ എക്‌ചേഞ്ച്‌. കുറഞ്ഞത്‌ 15,000 ഗോത്രയുവജനങ്ങൾക്ക്‌ അക്കാദമിക്‌ മികവ്‌ നേടാൻ 500 കമ്യൂണിറ്റി പഠനകേന്ദ്രം. നിർമാണ വ്യവസായവുമായി ബന്ധപ്പെട്ട്‌ 2000പേർക്ക്‌ ഗോത്രജീവികയിലൂടെ പരിശീലനം. ഗോത്രഉൽപ്പന്നങ്ങളുടെ വിപണനത്തിന്‌ ട്രൈബൽ വില്ലേജ്‌ മാർക്കറ്റ്‌. ട്രൈബൽ സ്‌റ്റാർട്ടപ്പുകളെ പിന്തുണയ്‌ക്കാൻ പ്രത്യേക പദ്ധതി.

ഇന്റർനെറ്റും വീടും

മുഴുവൻ ആദിവാസി ഗ്രാമത്തിലും ഇന്റർനെറ്റ്‌ കണക്റ്റിവിറ്റി. 2021–- 22ൽ ലൈഫ്‌മിഷനിലൂടെ 4000 വീട് നിർമിക്കും. ഗോത്രവാത്സല്യനിധി വഴി 1000 പെൺകുട്ടികൾക്ക്‌ ഇൻഷുറൻസ്‌ പരിരക്ഷ. പട്ടികജാതിക്കാർക്കായുള്ള ഡോ. അംബേദ്‌കർ ഗ്രാമവികസന പദ്ധതി, വിദേശ തൊഴിൽ സബ്‌സിഡി തുടങ്ങിയവ തുടരും. പാലക്കാട്‌ ഇന്റഗ്രേറ്റഡ്‌ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ മെഡിക്കൽ സയൻസ്‌ പൂർണമായി പ്രവർത്തനസജ്ജമാക്കും.

ടൂറിസം പുനരുജ്ജീവനം

കേരള പുനരധിവാസത്തെ പുനരുജ്ജീവിപ്പിക്കാൻ പ്രത്യേക വിപണന പ്രചാരണം നടത്തും. ഉത്തരവാദിത്ത ടൂറിസം സംസ്ഥാനമാകെ വ്യാപിപ്പിക്കും. തെരഞ്ഞെടുത്ത ടൂറിസം കേന്ദ്രങ്ങളിൽ ലോകോത്തര നിലവാരത്തിൽ ടോയ്‌ലെറ്റ് പദ്ധതികൾ ആരംഭിക്കും. മലനാട്‌ മലബാർ റിവർ ക്രൂസ്‌, മിയാവാക്കി മോഡൽ വനവൽക്കരണം, ടൂറിസം കേന്ദ്രങ്ങളിൽ മാലിന്യ സംസ്‌കരണം, തലശേരി പൈതൃക‌ പദ്ധതി രണ്ടാംഘട്ടം, വേളി, ശംഖുംമുഖം, കോവളം പദ്ധതികൾ, മുസിരിസ്‌ പൈതൃക‌ പദ്ധതി രണ്ടാംഘട്ടം, ട്രാവൻകൂർ പൈതൃക‌ പദ്ധതി, ട്രാവൻകൂർ–-അഞ്ചുതെങ്ങ്‌ പൈതൃക‌ ഇടനാഴി, തിരുവനന്തപുരം വിനോദസഞ്ചാര ഭവൻ എന്നിവ സമയബന്ധിതമായി പൂർത്തിയാക്കും.

നെല്ല്‌ സംഭരണം കർഷക കേന്ദ്രീകൃതം

സംസ്ഥാനത്തെ നെല്ല്‌ സംഭരണം കൂടുതൽ കർഷക കേന്ദ്രീകൃതമാക്കും. കേരളത്തിലെ കാർഷിക ഉൽപ്പന്നങ്ങൾ പ്രത്യേകിച്ചും ഭക്ഷ്യയോഗ്യമായ നാണ്യവിളകൾ മൂല്യവർധിത ഉൽപ്പന്നങ്ങളാക്കി സപ്ലൈകോ വിപണന കേന്ദ്രം വഴി സംഭരിച്ച്‌ വിപണനം നടത്തും. സപ്ലൈകോയുടെ  ഹോം ഡെലിവറി ശൃംഖല ശക്തിപ്പെടുത്താനും പദ്ധതിയുണ്ട്‌.

ലീഗൽ മെട്രോളജിക്ക്‌ 
സാങ്കേതിക ലാബ്‌

ലീഗൽ മെട്രോളജി വകുപ്പിന്‌ പുതിയ സാങ്കേതിക ലാബ്‌ സജ്ജമാക്കും. വകുപ്പിനെ കൂടുതൽ ജന–-ബിസിനസ്‌ സൗഹൃദവുമാക്കും. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്‌ എന്നിവിടങ്ങളിൽ സ്വർണത്തിന്റെ മാറ്റ്‌ നോക്കാൻ പരിശോധനാ ലാബ്‌ സ്ഥാപിക്കും.

ജലപാതകളുടെ നിലവാരം ഉയർത്തും

സംസ്ഥാനത്തെ ജലപാതകളുടെ നിലവാരം ഉയർത്തും. വെസ്‌റ്റ്‌ കോസ്‌റ്റ്‌ കനാലിന്റെ വികസനവും നിർദിഷ്‌ട പുതിയ കനാലിന്റെ രൂപീകരണവും മൂന്ന്‌ ഘട്ടമായി വിഭാവനം ചെയ്‌തിട്ടുണ്ട്‌. അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തി ദേശീയ ജലപാതയ്‌ക്ക്‌ സമാനമായി സംസ്ഥാന ജലപാതകളുടെ നിലവാരം ഉയർത്തും.  500 ടൺ വരെ ചരക്കുഗതാഗതത്തിനുള്ള സൗകര്യം ഒരുക്കും.

No comments:

Post a Comment