സ്വാതന്ത്ര്യദിനത്തലേന്നാണ് ധനമന്ത്രാലയം ബാങ്കിങ് മേഖലാ പരിഷ്‌കാരത്തിനായി ഒരു പുതിയ പദ്ധതി പ്രഖ്യാപിക്കുന്നത് - 'ഇന്ദ്രധനുഷ്'! മലയാളത്തില്‍ പറഞ്ഞാല്‍ മഴവില്ല്. മഴവില്ലിന് ഏഴാണല്ലോ നിറം. ഈ ഇന്ദ്രധനുഷിനും ഏഴാണത്ര ഇനങ്ങള്‍. പ്രഖ്യാപനമറിയിച്ചുകൊണ്ടുള്ള മന്ത്രാലയത്തിന്റെ പത്രക്കുറിപ്പിനും ഏഴധ്യായം. അതിനാകട്ടെ മഴവില്ലിന്റെ നിറവും ! അതു തന്നെയാണ് മഴവില്ലും പദ്ധതിയും തമ്മിലുള്ള ബന്ധവും! എസ്.കെ. പൊറ്റക്കാടിന്റെ കഥാപാത്രമായ മലയാളം മുന്‍ഷി മക്കള്‍ക്ക് പേരിട്ടത് പോലെ അ ആ ഇ ഈ എന്ന മട്ടില്‍ എ.ബി.സി.ഡി.ഇ.എഫ്.ജി എന്ന അക്ഷരങ്ങളില്‍ തുടങ്ങുന്നവയാണ് ഏഴധ്യായങ്ങള്‍. ഒന്നാം അധ്യായം എ യില്‍ തുടങ്ങുന്നു എംപ്ലോയ്‌മെന്റ്. പിന്നെ ബി. ബാങ്ക് ബോര്‍ഡ് ബ്യൂറോ, അതു കഴിഞ്ഞ് സി, ക്യാപിറ്റലൈസേഷന്‍. പിന്നെ ഡി, ഡിസ്ട്രസ്സിങ്ങ്. ഇ എംപവര്‍മെന്റ്, എഫിന് ഫ്രെയിം വര്‍ക്ക് ഓഫ് അക്കൗണ്ടബിലിറ്റി, ഏഴാമത്തേത് ജി ഗവര്‍ണന്‍സ്. ചെരിപ്പിനൊത്ത് കാല് മുറിക്കുന്നതുപോലെ തുടങ്ങേണ്ട അക്ഷരത്തിന്റെ പേരില്‍ വിഷയം കണ്ടെത്തുകയാണ്.
ഇത്രയും കേട്ടപ്പോള്‍ തന്നെ എത്ര ബാലിശമായാണ് ഈ രേഖ തയ്യാറാക്കിയതെന്ന് മനസ്സിലായല്ലൊ. പത്രക്കുറിപ്പിന്റെ അവസാന വരികൂടി കേള്‍ക്കുക; ''1970 ലെ ബാങ്ക് ദേശസാല്‍ക്കരണത്തിന് ശേഷം നടന്ന ഏറ്റവും സമഗ്രമായ ബാങ്കിങ് പരിഷ്‌കാരമാണ് ഇത്''. തെറ്റി- 1969 ലാണ് ബാങ്കുകള്‍ ദേശസാല്‍ക്കരിച്ചത്. ഇക്കാര്യം ധനമന്ത്രാലയത്തിന് അറിയാത്തതാണോ? പക്ഷേ നേരാണ് കാര്യം. ദേശസാല്‍കൃത ബാങ്കിങ്ങിനെ സമഗ്രമായി പൊളിച്ചടക്കുക തന്നെയാണ് ലക്ഷ്യം. പരിഷ്‌കാരങ്ങള്‍ക്ക് വേഗത പോരാ എന്നതായിരുന്നല്ലോ മന്‍മോഹന്‍സിങ്ങിനെതിരെയുള്ള വിദേശ മൂലധന നാഥന്മാരുടെ ആരോപണം. ഇപ്പോഴിതാ ശീഘ്രഗതിയില്‍ നടത്തിത്തുടങ്ങങ്ങുകയാണ് ധന മേഖലാ പരിഷ്‌ക്കാരങ്ങള്‍ - സായിപ്പിനെ പിണക്കരുതല്ലോ!.
ഇന്ദ്രധനുഷ് എന്ന ഈ പദ്ധതിയുടെ പേര് പോലും ആരാനോട് കടം കൊണ്ടതാണ്. ഇക്കഴിഞ്ഞ ക്രിസ്തുമസ്സ് ദിനത്തില്‍ മോഡി സര്‍ക്കാര്‍ തന്നെ മറ്റൊരു 'ഇന്ദ്രധനുഷ്' പ്രഖ്യാപിച്ചിരുന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ വക. ഏഴ് തരം രോഗങ്ങള്‍ക്കുള്ള പ്രതിരോധ കുത്തിവെപ്പ് പദ്ധതിക്ക് നല്‍കിയ പേരും ഇന്ദ്രധനുഷ് എന്നായിരുന്നു. കാനാടിചാത്തനും സാക്ഷാല്‍ കാനാടിചാത്തനും തമ്മിലുള്ള മത്സരം പോലെ, ഇപ്പോള്‍ ജയ്റ്റിലുടെ സാക്ഷാല്‍ ഇന്ദ്രധനുഷ് വിജിയിച്ച് നില്‍ക്കുകയാണ്.
എന്നാല്‍ ആ ഇന്ദ്രധനുഷിനും മുമ്പ് തന്നെ ഏറെ പ്രചാരം നേടിയ മറ്റൊരു ഇന്ദ്രധനുഷുണ്ട്. അതൊരു ടി.വി സീരിയല്‍ ആയിരുന്നു. കുട്ടികള്‍ക്കുള്ള ടി.വി. സീരിയല്‍. അതിലൊരു യാത്രായന്ത്രമുണ്ട്. അതില്‍ കയറി കുട്ടികള്‍ക്ക് ഭൂതകാലത്തേക്ക് ഓടിച്ചുപോകാം. ആ യാത്രാ യന്ത്രത്തിലേതു പോലെ ബാങ്കിങ്ങിനെ അതിന്റെ പഴയ കാലത്തേക്ക് നയിക്കാനുള്ള നടപടികളാണ് ഈ പുതിയ ഇന്ദ്രധനുഷില്‍!
ഇന്ദ്രധനുഷിന്റെ ഒന്നാം അധ്യായം എ ഫോര്‍ അപ്പോയ്‌മെന്റ്. അക്കാര്യത്തില്‍ പദ്ധതി പ്രഖ്യാപനവും നടപ്പിലാക്കലും ഒന്നിച്ചു കഴിച്ചിരിക്കുകയാണ്. ഇനിമേല്‍ പൊതുമേഖലാ ബാങ്കുകളെ സ്വകാര്യ മേഖല നയിക്കും എന്ന പ്രഖ്യാപനമാണതില്‍. പ്രൈമറി സ്‌കൂള്‍ മാഷെ വൈസ് ചാന്‍സലറാക്കി നിയമിക്കുമ്പോലെയുള്ള തീരുമാനമാണ് പ്രഖ്യാപിക്കപ്പെട്ടത്! 400 ശാഖകളും 38802 കോടി ബിസിനസ്സും മാത്രമുള്ള ലക്ഷ്മിവിലാസ് എന്ന ഒരു കൊച്ചു സ്വകാര്യ ബാങ്കിന്റെ തലവനെയാണ് 5708 ശാഖകളും 8 ലക്ഷം കോടിയോളം ബിസിനസ്സുമുള്ള കനറാ ബാങ്ക് എം.ഡി.യായി നിയമിച്ചിരിക്കുന്നത്! ലക്ഷ്മി വിലാസ് ബാങ്കില്‍ 27 ലക്ഷം ഇടപാടുകാര്‍! കനറാബാങ്കില്‍ ഇത് 6.75 കോടിയും! രാജ്യത്താകെ 18000 വീട് നിര്‍മ്മിക്കാന്‍ പദ്ധതിയിടുന്ന വി.വി.സി.എച്ച്.സി എന്ന സ്വകാര്യ റിയല്‍ എസ്റ്റേറ്റ് സ്ഥാപനത്തിന്റെ എം.ഡി. യെയാണ് 25 രാജ്യങ്ങളിലായി 10 ലക്ഷം കോടിയിലേറെ ബിസിനസ്സുള്ള ബാങ്ക് ഓഫ് ബറോഡയുടെ തലവനായി നിയമിക്കുന്നത്.!
ഇത്‌കൊണ്ടും തീരുന്നില്ല. റിസര്‍വ്വ് ബാങ്ക് ഗവര്‍ണറാവുന്നതിന് മുമ്പ് രഘുരാം രാജന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സ്വകാര്യമൂലധനത്തിന് അനിയന്ത്രിതമായ പ്രവേശനവും എല്ലാതരം മേല്‍നോട്ടങ്ങളില്‍ നിന്നുമുള്ള വിടുതിയും വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. സി.വി.സി, സി.എ.ജി, സി.ബി.ഐ എന്നിവയില്‍ നിന്നു മാത്രമല്ല, റൈറ്റ് റ്റു ഇന്‍ഫോര്‍മേഷന്‍ ആക്ടിന്റെ പരിധിയില്‍ നിന്നു കൂടി ബാങ്കുകളെ രക്ഷിക്കേണ്ടതുണ്ട് എന്നാണ് തുടര്‍ന്ന് നിയമിതനായ നായിക് കമ്മിറ്റി ആവശ്യപ്പെട്ടത്. അതിന് സര്‍ക്കാര്‍ ഉടമസ്ഥത 49 ശതമാനമാക്കി ചുരുക്കണം. സ്വകാര്യ മൂലധനത്തിന് ബാങ്കിങ്ങ് മേഖലയില്‍ സമ്പൂര്‍ണ്ണ സ്വാതന്ത്ര്യവും! ഇപ്പോഴുള്ള സര്‍ക്കാര്‍ ഉടമസ്ഥതയാകെ ഒരു ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിക്ക് വിടണം. അത് നോക്കി നടത്താനായി ഒരു ബാങ്ക് ബോര്‍ഡ് ബ്യൂറോവും. ഉന്നത സ്ഥാനങ്ങളിലേക്ക് സര്‍ക്കാര്‍ നേരിട്ട് നിയമനം നടത്തുന്നത് വേണ്ടെന്ന് വെക്കണം. അതൊക്കെ നടത്താന്‍ ബാങ്ക് ബോര്‍ഡ് ബ്യൂറോ. ആ സമിതിയില്‍ ചെയര്‍മാന് പുറമെ 6 അംഗങ്ങള്‍. അതില്‍ മൂന്ന് പേര്‍ വിദഗ്ധര്‍. ദില്ലി ഐ.ഐ.ടിയിലേക്ക് സര്‍ക്കാര്‍ അയച്ച ഒരു വിദഗ്ധനെപ്പറ്റി ഈയിടെ വാര്‍ത്ത വന്നതാണല്ലോ. സാക്ഷാല്‍ ബാബാ രാംദേവ്. അത്തരം മൂന്ന് വിദഗ്ധരെക്കൂടി ഉള്‍പ്പെടുത്തിയ ഒരു ബോര്‍ഡ് എന്ത് തീരുമാനമാണെടുക്കുക എന്ന് പറയേണ്ടതില്ലല്ലോ. പെട്രോളിയം ഉല്‍പ്പന്ന വിലയുടെ കാര്യത്തില്‍ കണ്ടതു പോലെ, തങ്ങളല്ല തീരുമാനിച്ചത് എന്ന് പറഞ്ഞ് സര്‍ക്കാരിന് കൈകഴുകാന്‍ എളുപ്പവുമായി.
ഇതും പോരെങ്കില്‍, മൂന്നാം അധ്യായത്തില്‍ ക്യാപിറ്റലൈസേഷനെക്കുറിച്ച് നടത്തുന്ന നിര്‍ദ്ദേശങ്ങള്‍ കൂടിവായിച്ചാല്‍ ഈ പരിഷ്‌കാരങ്ങള്‍ എങ്ങോട്ടേക്കാണ് ബാങ്കിങ്ങ് മേഖലയെ നയിക്കുന്നത് എന്ന് വ്യക്തമാവും. ഇന്ത്യന്‍ ബാങ്കുകള്‍ക്ക് ഇപ്പോള്‍ ബാസില്‍ III മാനദണ്ഡമനുസരിച്ചുള്ള മതിയായ മൂലധനമുണ്ട് എന്ന് സമ്മതിച്ച ശേഷം പറയുകയാണ്, എന്നാലും ഒരു 'കൂടുതല്‍ കരുതലിനായി' 1,80,000 കോടി കൂടി അധികമൂലധനമായി കണ്ടെത്തണമെന്ന്! അതില്‍ ഘട്ടംഘട്ടമായി സര്‍ക്കാര്‍ 70000 കോടി കൊടുക്കുമത്രെ. ബാക്കി 1,10,000 കോടി രൂപ മാര്‍ക്കറ്റില്‍ നിന്ന് കണ്ടെത്തണം! എന്നു വെച്ചാല്‍, ഷെയര്‍ വിറ്റ് കാശുണ്ടാക്കണമെന്ന്! ആവശ്യമില്ലാത്ത അധികം മൂലധനം കണ്ടെത്തണം എന്നു പറയുക. അതിന് സ്വകാര്യമൂലധനത്തെ ആശ്രയിക്കണമെന്ന് നിര്‍ദ്ദേശിക്കുക- ഉദ്ദേശം വ്യക്തം. പൊളിച്ചടക്കി സ്വകാര്യ കുത്തകകള്‍ക്ക് മുമ്പില്‍ ഈ മേഖലയാകെ അടിയറവ് വെക്കുക!
എ.ബി.സി.ഡി. ഒപ്പിക്കാനായി മാത്രമാണ് മറ്റധ്യായങ്ങള്‍ക്ക് ഓരോ തലക്കെട്ട് നല്‍കിയിരിക്കുന്നത്. ലക്ഷ്യം ഒന്ന് മാത്രം. ഇന്ത്യന്‍ ബാങ്കിങ്ങ് മേഖല സ്വകാര്യ മൂലധനത്തിന് മുമ്പില്‍ അടിയറവ് വെക്കുക. നിയന്ത്രണങ്ങളുടെ ചരടുകളെല്ലാം അറുത്തെറിഞ്ഞുകൊണ്ട് അവയെ സ്വതന്ത്രമായങ്ങനെ നിര്‍ബാധം ലാഭം കൊയ്യാന്‍ വിടുക !
ഈ മഴവില്‍ ഒരു കൊടും വരള്‍ച്ചയുടെ സൂചനയാണ്. അമേരിക്കന്‍ ബാങ്ക് തകര്‍ച്ചയില്‍ നിന്നും പാഠം പഠിക്കാതെ സര്‍വ്വതന്ത്ര സ്വതന്ത്രമായി സ്വകാര്യ മൂലധനത്തിനെ കയറൂരി വിടാനാണ് നീക്കം. ഈ മേഖലയെ സമ്പൂര്‍ണ്ണ നാശത്തിലേക്ക് നയിക്കുന്ന തലതിരിഞ്ഞ പരിഷ്‌കാരങ്ങളാണ് വളരെ അലസമായ രീതിയില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ആഗോള ധനമൂലധനത്തിന്റെ കൈയ്യടി നേടാനായി നടത്തുന്ന ഈ പരിഷ്‌ക്കാര നടപടികള്‍ വഴി ഇന്ത്യന്‍ പൊതുമേഖലാ ബാങ്കിങ്ങിന്റെ മരണമണിയാണ് സര്‍ക്കാര്‍ മുഴക്കുന്നത്.
*
എ.കെ. രമേശ്
കടപ്പാട്: ബെഫി ട്രിവാന്‍ഡ്രം
No comments:
Post a Comment