Sunday, April 4, 2021

വൈദ്യുതി കരാര്‍ ആരോപണം: പ്രതിപക്ഷനേതാവിനോട് മുഖ്യമന്ത്രിയുടെ 10 ചോദ്യങ്ങൾ

കണ്ണൂർ > വൈദ്യുതി കരാറുമായി ബന്ധപ്പെട്ട വ്യാജ ആരോപണങ്ങളിൽ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തലയോട്‌ പത്ത്‌ ചോദ്യങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വോട്ടെടുപ്പു ദിവസം മുതൽ പ്രതിപക്ഷം തന്നെ നിർത്താൻ പോകുന്ന, ഒരു കാമ്പുമില്ലാത്ത ആരോപണമാണ് പ്രതിപക്ഷനേതാവ് ഇപ്പോൾ ആരോപിച്ചുകൊണ്ടിരിക്കുന്നതെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു. ആദ്യദിവസങ്ങളിൽ ഉന്നയിച്ച വാദങ്ങളിൽ നിന്നൊക്കെ അദ്ദേഹം പിന്നാക്കം പോവുകയും ചെയ്‌തു‌. അദ്ദേഹം ചില ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ബാദ്ധ്യസ്ഥനാണ്. പ്രതിപക്ഷത്തിന് അല്പമാത്രമെങ്കിലും രാഷ്ട്രീയധാർമികതയുണ്ടെങ്കിൽ ഈ ചോദ്യങ്ങൾക്കു മറുപടി പറയാനുള്ള ആർജവം കാണിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചോദ്യങ്ങൾ:

1. കെഎസ്ഇബിയുടെ യൂണിറ്റിന് 2.80 രൂപ നിരക്കില്‍ കാറ്റാടി വൈദ്യുതി ലഭിക്കുന്ന കരാറിലൂടെ 1000 കോടി രൂപയുടെ നഷ്ടം അരോപിക്കുന്ന അങ്ങ് പഞ്ചാബിലെ കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ യൂണിറ്റിന് 5.67 രൂപ നിരക്കില്‍ കാറ്റാടി വൈദ്യുതിയും 7.25 നിരക്കില്‍ സോളാര്‍ വൈദ്യുതിയും വാങ്ങുന്ന കരാറുകള്‍ വഴിയുള്ള നഷ്ടം വെളിപ്പെടുത്തുമോ?

2. രാജസ്ഥാനിലെ കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ കാറ്റാടി വൈദ്യുതി യൂണിറ്റിന് 5.02 രൂപയ്ക്കും സോളാര്‍ വൈദ്യുതി യൂണിറ്റിന് 4.29 രൂപയ്ക്കും വാങ്ങുന്നതു വഴിയുള്ള നഷ്ടം അങ്ങ് കണക്കാക്കിയിട്ടുണ്ടോ?

3. യൂണിറ്റിന് 2.80 രൂപ തോതില്‍ കെഎസ്ഇബി ഏര്‍പ്പെട്ട ദീര്‍ഘകാലകരാറിനെ എതിര്‍ക്കുന്ന അങ്ങ് കഴിഞ്ഞ യുഡിഎഫ് ഗവണ്‍മെന്റിന്റെ കാലത്ത് ഏര്‍പ്പെട്ട 1565 മെഗാവാട്ടിന്റെ 11 ദീര്‍ഘകാലകരാറുകള്‍ യൂണിറ്റിന് 3.91 മുതല്‍ 5.42 രൂപ വരെ നിരക്കില്‍ ഏര്‍പ്പെട്ടതിനെ എതിര്‍ത്തിരുന്നോ?

4. യുഡിഎഫ് ഗവണ്‍മെന്റ് യൂണിറ്റിന് 3.91 മുതല്‍ 5.42 രൂപ വരെ നിരക്കില്‍ ഏര്‍പ്പെട്ട ദീര്‍ഘകാലകരാറുകള്‍ വഴി കേരളത്തിനുണ്ടാകുന്ന നഷ്ടം അങ്ങ് കണക്കാക്കിയിട്ടുണ്ടോ?

5. കെഎസ്ഇബി ചുരുങ്ങിയ നിരക്കില്‍ വൈദ്യുതി വാങ്ങല്‍ കരാറുകളില്‍ ഏര്‍പ്പെടുന്നതു ഭാവിയില്‍ തങ്ങള്‍ക്ക് ദോഷകരമായേക്കാം എന്ന യുഡിഎഫ് കാലത്തെ ദീര്‍ഘകാലകരാറുകാരുടെ ആശങ്കയാണോ അങ്ങയുടെ അക്ഷേപങ്ങള്‍ക്ക് പിന്നില്‍?

6. വേനല്‍ക്കാലത്തെ വര്‍ദ്ധിച്ച ഉപയോഗം നിറവേറ്റാന്‍ യൂനിറ്റിന് 3.04 നിരക്കില്‍ 2 മാസത്തേക്ക് വൈദ്യുതി വാങ്ങുന്നതിനെ ആക്ഷേപിക്കുന്ന അങ്ങ് യുഡിഎഫ് കാലത്ത് യൂണിറ്റിന് 7.45 രൂപ നിരക്കില്‍ വരെ വൈദ്യുതി കരാറാക്കിയതിനെക്കുറിച്ച് എതിര്‍പ്പറിയിച്ചിരുന്നോ?

7. പുനഃരുപയോഗ ഊര്‍ജം നിശ്ചിത അളവില്‍ കെഎസ്ഇബി വാങ്ങാതിരുന്നതിനെ തുടര്‍ന്ന് യുഡിഎഫ് സര്‍ക്കാര്‍ നിയോഗിച്ച റഗുലേറ്ററി കമ്മീഷന്‍ 125 കോടി രൂപ കെഎസ്ഇബിക്ക് പിഴയിട്ടപ്പോള്‍ താങ്കള്‍ എന്തു പരിഹാരനടപടിയാണ് സ്വീകരിച്ചത്?

8. യൂണിറ്റിന് 2.80 രൂപ നിരക്കില്‍ കാറ്റാടി വൈദ്യുതി ലഭിക്കുന്ന കരാര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട താങ്കള്‍ പഞ്ചാബിലെ കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ യൂണിറ്റിന് 5.67 രൂപ നിരക്കില്‍ കാറ്റാടി വൈദ്യുതിയും 7.25 നിരക്കില്‍ സോളാര്‍ വൈദ്യുതിയും വാങ്ങുന്ന കരാറുകള്‍ റദ്ദാക്കാന്‍ ആവശ്യപ്പെടുമോ?

9. രാജസ്ഥാനിലെ കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ യൂണിറ്റിന് 5.02 നിരക്കില്‍ കാറ്റാടി വൈദ്യുതി വാങ്ങുന്നതിനും യൂണിറ്റിന് 4.29 രൂപ നിരക്കില്‍ സോളാര്‍ വൈദ്യുതി വാങ്ങുന്നതിനുമുള്ള കരാറുകള്‍ റദ്ദാക്കാന്‍ ആവശ്യപ്പെടുമോ?

10. നേരം പുലരുമ്പോള്‍ കുറെ ആരോപണങ്ങള്‍ വായിക്കുക: അവയ്ക്ക് മറുപടി കിട്ടുമ്പോള്‍ അടുത്ത ദിവസം പുതിയത് വായിക്കുക - ഇതാണ് പ്രതിപക്ഷധര്‍മ്മമെന്ന് പ്രതിപക്ഷനേതാവ് കരുതിയിട്ടുണ്ട്. പ്രതിപക്ഷനേതാവ് ആരെയാണ് പറ്റിക്കാന്‍ ശ്രമിക്കുന്നത്? അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ നിരന്തരം വിളിച്ചു പറയുകയും അത് ചില മാധ്യമങ്ങളിലൂടെ അമിതപ്രാധാന്യം നല്‍കി പ്രചരിപ്പിക്കുകയും ചെയ്താല്‍ ഇല്ലാതാകുന്നതാണോ ഈ കണക്കുകള്‍?.

No comments:

Post a Comment