Friday, April 2, 2021

ഒരേപേരുകാരെയും ഇരട്ടകളെയും കള്ളവോട്ടറന്മാരാക്കി ചെന്നിത്തല; വെബ്‌സൈറ്റിലെ പട്ടിക നിറയെ അബദ്ധം

കൊച്ചി> ഇരട്ട വോട്ടുകളുടെ 'ഞെട്ടിയ്ക്കുന്ന' വിവരങ്ങളുമായി  രമേശ് ചെന്നിത്തല പുറത്തുവിട്ട പട്ടികയിൽ അബദ്ധങ്ങളുടെ നീണ്ടനിര. കേരളത്തിലെ മുഴുവൻ ഇരട്ടകളെയും കള്ളവോട്ടുകാരാക്കിയ ചെന്നിത്തല ഒരേ പേരുള്ള ആരെയും വെറുതെ വിട്ടിട്ടില്ല. നിരവധിപ്പേർ സോഷ്യൽ മീഡിയയിലൂടെ തന്നെ ഇതിനകം പ്രതികരിച്ചുകഴിഞ്ഞു. തങ്ങളെ കള്ളന്മാരാക്കിയ ചെന്നിത്തലയ്‌ക്കെതിരെ നിയമ നടപടി സ്വീകരിയ്ക്കുമെന്നു ചിലർ മുന്നറിയിപ്പ് നൽകുന്നു. യുഡിഎഫ്‌ സ്ഥാനാർത്ഥികളുടെയും നേതാക്കളുടെയും ഇരട്ടവോട്ടുകളും ചെന്നിത്തലയുടെ അമ്മ ദേവകിയമ്മയുടെ ഇരട്ടവോട്ടും ഒഴിവാക്കിയാണ്‌ പട്ടിക സൈറ്റിൽ കൊടുത്തിരിക്കുന്നത്‌.

 ഇരട്ട സഹോദരന്മാരും സഹോദരിമാരും പടം ഒരേപോലെ ഇരിക്കുന്നതിനാൽ ലിസ്റ്റിൽ പെട്ടു. അവർ രണ്ടുപേരിൽ വോട്ടുചേർത്ത കള്ളവോട്ടുകാരാണെന്നു ചെന്നിത്തല 'കണ്ടെത്തു'ന്നു.അതുപോലെ പരീദിന്റെ മകൻ സുധീറും ശങ്കരനാരായണന്റെ മകൻ സുധീറും ഒരേപേരുകാരായതിനാൽ ‘കള്ള’ന്മാരായി.

 ചെന്നിത്തലയുടെ കണക്കിലെ എണ്ണപ്പിശകും സ്വകാര്യതാ ലംഘനവും പലരും ചൂണ്ടിക്കാട്ടുന്നു.

 സോഷ്യൽ മീഡിയയിൽ വന്ന ചിലപ്രതികരണങ്ങളുടെ  പ്രസക്ത ഭാഗങ്ങൾ താഴെ:

സന്ദീപ്‌ ബാലസുധ എഴുതുന്നു:

എന്നാൽപ്പിന്നെ കമ്മികൾ ഇറക്കുന്നു

"ഓപ്പറേഷൻ സയാമീസ് ട്വിൻസ്"

--------------------------------------------------------

രണ്ട് ദിവസം മുൻപെ‌ പറഞ്ഞത് ഓർക്കുന്നുണ്ടോ?

കള്ളന്റെ പിന്നാലെ ഓടാൻ ബുദ്ധിമുട്ടാണ്.. കാരണം കള്ളന് ഏത് വഴിയും‌ ഓടാം. പ? പിന്നാലെ ഉള്ളവർ കള്ളന് പുറകെ തന്നെ ഓടണം. അന്നത് പറഞ്ഞത് ഉമ്മൻ ചാണ്ടിയെക്കുറിച്ചായിരുന്നെങ്കിൽ ഇന്നത് ചെന്നിത്തലയെക്കുറിച്ചാണ്.

 ചെന്നിത്തല ലക്ഷക്കണക്കിന് മലയാളികളെ കളളവോട്ടുകാരാക്കിയിട്ട് 24 മണിക്കൂറ് ആയിട്ടില്ല. തങ്ങളുടേതല്ലാത്ത കാരണങ്ങളാൽ ഇരട്ട വോട്ട് വന്നവരും ഒരേ വിട്ടിലെ സുമേഷ് സുജേഷ്, അനു മനു പോലുള്ള‌ സമാന പേരുകാരും‌ ഒക്കെ ഒറ്റ രാത്രികൊണ്ട് കള്ളവോട്ടെന്ന‌ ക്രിമിനൽ കുറ്റാരോപിതരായി. പതിവുപോലെ ഉഡായിപ്പ് തപ്പി ഇറങ്ങിയപ്പോഴാണ് അനിവർ അരവിന്ദ് ഒരു ക്ലൂ തന്നത്.

 ആദ്യത്തെ സാമ്പിൾ നോക്കി. ശരിയാണ്. കള്ളക്കളി.

രണ്ടാമത്തേത് നോക്കി. വീണ്ടും അതാ കള്ളക്കളി.

മൂന്നും നാലും അഞ്ചും അങ്ങനെ നോക്കിയതെല്ലാം കള്ളക്കളി.

 മണ്ഡലം മാറ്റി നോക്കി. കോഴിക്കോട് സൗത്ത് വൈപ്പിൻ പേരാമ്പ്ര അങ്ങനെ നോക്കുന്നിടത്തെല്ലാം ഒരേ പാറ്റേണിൽ കള്ളക്കളി. ഇത്രയും കേൾക്കുമ്പോൾ നിങ്ങൾക്കെല്ലാം ആകാംഷ കാണും. എന്താണത്?

സിമ്പിളാണ്.

ഉദാഹരണത്തിന്

അനൂപ് കുമാർ... ഐഡി നമ്പർ 12345 എന്ന വോട്ടേഴ്സ് ഐഡിക്കാരനും

അനൂപ് കെ .... ഐഡി നമ്പർ 678910 കാരനും ഒരാളാണ് എന്നു കരുതൂ.

ഈ ലിസ്റ്റിൽ ക്രമ നമ്പർ ഇട്ട്

അനൂപ് കുമാർ 12345 ... ..അനൂപ് കെ 678910

എന്ന് ആദ്യത്തെ എന്റ്രി വരുന്നു.

കുറച്ച് താഴെയായി

അനൂപ് കെ 678910...... അനൂപ് കുമാർ 12345

എന്ന് വീണ്ടും ഒരു എന്റ്രികൂടി വരുന്നു..

ചുരുക്കത്തിൽ ഇടത്തുള്ളത് വലത്തും വലത്തുള്ളത് ഇടത്തുമായി മാറ്റി‌മാറ്റി എഴുതി രണ്ട് ജോഡി വോട്ടുകൾ ഉള്ളതായി കാണിക്കുന്നു. ലിസ്റ്റിൽ എല്ലാ എന്റ്രികളിലും ഇത് കാണാം.

ഈ ഇരട്ടിപ്പ് ഒഴിവാക്കിയാൽ ചുരുക്കത്തിൽ 4 ലക്ഷം ഇരട്ടവോട്ടുകൾ എന്നത് ഒറ്റയടിക്ക് 2 ലക്ഷം ആവുന്നു.

ഇനി അതിൽ തന്നെ മുകളിൽ പറഞ്ഞ് പോലെ സഹോദരങ്ങൾ സമാനപേരുകാർ തുടങ്ങിയ തെറ്റുകൾ കൂടി പരിഹരിച്ചാൽ ഇലക്ഷൻ കമ്മീഷൻ കണ്ടെത്തിയ ഏകദേശം 36,000 എന്ന സംഖ്യയിലേക്ക് ചുരുങ്ങും.

ഇതാണ് മാസങ്ങൾ റിസർച്ച് ചെയ്ത് കണ്ടുപിടിച്ചെന്നും പറഞ്ഞ് കൊട്ടിഘോഷിച്ചത്. സത്യത്തിൽ ഇലക്ഷൻ തോറ്റാൽ പറയാനുള്ള ജാമ്യമായിരുന്നു.

വിശ്വാസം ഇല്ലാത്തവർ സ്വയം പരിശോധിച്ച് ബോധ്യപ്പെടുക. ഇലക്ഷൻ ജയിക്കാനായി സാധാരണ മനുഷ്യരെ കള്ളനാക്കുന്ന പ്രതിപക്ഷത്തെ തുറന്ന് കാട്ടുക.

വൈപ്പിനിലേയും കോഴിക്കോട് സൗത്തിലേയും കുറച്ച് ഉദാഹരണങ്ങൾ താഴെ ചേർക്കുന്നു.




 (എങ്ങനെയാണ് ഡബിൾ എന്റ്രി വരുന്നതെന്ന് കളർ ഉപയോഗിച്ച് ആദ്യം മാർക്ക് ചെയ്തിട്ടുണ്ട്. അതേ പാറ്റേൺ താഴേക്ക് നോക്കിയാൽ മതി. ആദ്യത്തെ ലിസ്റ്റുകൾ വൈപ്പിനും പിന്നീട് കോഴിക്കോട് സൗത്തുമാണ്. എല്ലാ മണ്ഢലത്തിലും ഇതാണ് അവസ്ഥ)

 vineeth rajan എഴുതുന്നു.

 ഓപ്പറേഷന്‍ ട്വിന്‍സ് എന്ന വെബ്സൈറ്റിലെ ഡാറ്റ വെറുതെ ഒന്ന് പരിശോധിച്ചു. ബഹുമാനപ്പെട്ട പ്രതിപക്ഷനേതാവ് പറഞ്ഞ പോലെ ലക്ഷക്കണക്കിന് വരുന്ന വോട്ടര്‍മാരുടെ ഇരട്ടിപ്പും കണ്ടു. ഒരു കൗതുകത്തിന് ചില റാന്‍ഡം ഡാറ്റകളെടുത്ത് ഒന്ന് ചുമ്മാ നോക്കിയപ്പോള്‍ അതിന്റെ വിശ്വാസ്യത എത്രമാത്രമുണ്ട് എന്നതില്‍ നല്ല സംശയമുണ്ട്.തെരെഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കപ്പോള്‍ ശരിയാണോ എന്നും തോന്നുന്നു.

ഒരു ഉദാഹരണം ചിത്രത്തില്‍ കൊടുക്കുന്നു. സുധീര്‍ എന്ന പേരില്‍ രണ്ട് വോട്ട്, രണ്ടാമത്തെ വോട്ട് തൊട്ടടുത്ത മണ്ഡലത്തില്‍ തന്നെയാണ്. വോട്ടേഴ്സ് ലിസ്റ്റ് വച്ച് പരിശോധിച്ചു. സംഭവം ശരിയാണ്. സുധീറിന് രണ്ട് വോട്ടുണ്ട്. പക്ഷേ ഒന്ന് സുധീര്‍ സണ്‍ ഓഫ് പരീദും, രണ്ടാമത്തെ സുധീര്‍ സണ്‍ ഓഫ് ശങ്കരനാരായണനുമാണ്.

ഇതുപോലെ അനവധി പേരുകളാണ് ആ ലിസ്റ്റിലുള്ളത്. ഒരു ഡാറ്റ സെറ്റ് കിട്ടിയാല്‍ ചെയ്യേണ്ട കാര്യങ്ങള്‍ പോലും ചെയ്യാനറിയാത്ത ആരോ ആണ് ഇത് തയ്യാറാക്കിയതെന്ന് തോന്നുന്നു. ഡാറ്റ പ്രൊഫൈലിങ്ങ് മാത്രം ചെയ്ത് വച്ചിട്ടുണ്ട്. വാലിഡേഷനും, ക്ലെന്‍സിങ്ങും ഒന്നും ചെയ്യാതെ നേരെ എടുത്ത് വന്ന് പ്രസിദ്ധീകരിച്ചിരിക്കുന്നു. എക്സലില്‍ ഇട്ട് പേരിനും വയസിനും വി ലുക്കപ്പിട്ടതാണോ എന്തോ... ഫില്‍ട്ടറില്‍ മണ്ഡലവും പരിഗണിച്ചിട്ടുണ്ട്. വല്ലാത്തൊരോപ്പറേഷനായിപ്പോയി!!!

എന്‍.ബി: റാന്‍ഡം ഡാറ്റകള്‍ മാത്രമേ പരിശോധിച്ചിട്ടുള്ളൂ, ഡാറ്റ ക്വാളിറ്റിയെക്കുറിച്ച് മാത്രമാണിവിടെ സൂചിപ്പിക്കുന്നതും.

Sreehari Tharayil എഴുതുന്നു:

ഇവർ വന്ത് രണ്ട് ആള് സാർ...

ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല ഇന്നലെ രാത്രി പുറത്തുവിട്ട കേരളത്തിലെ ഇരട്ടവോട്ടിന്റെ ഞെട്ടിപ്പിക്കുന്ന കണക്കിൽ ഇടംപിടിക്കാൻ ഭാഗ്യം ലഭിച്ച പ്രിയപ്പെട്ടവരെ പരിചയപ്പെടുത്തുന്നു.

തൃശൂർ ജില്ലയിലെ കയ്പമംഗലം നിയോജകമണ്ഡലത്തിൽ ബൂത്ത്‌ നമ്പർ 39ൽ ക്രമ. നമ്പർ 189 അഭയ് ടി. എസിന് അതേ ബൂത്തിലെ ക്രമ നമ്പർ 190ൽ വേറെ വോട്ട് ഉണ്ടെന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്.ക്രമ നമ്പർ 190ലെ അമൽ ടി.എസിനും 189ൽ വേറെ വോട്ടുണ്ടത്രേ!

 ഇന്നലെ വൈകുന്നേരം അഞ്ച് മണിക്ക് നേരിൽ കാണുന്നത് വരെ ഇവർ രണ്ടും രണ്ട് പേരാണ്,ഇരട്ടകളാണ്. അതിന് ശേഷം മാറ്റം വന്നിട്ടുണ്ടെങ്കിലേ ഒള്ളൂ..

 ഇരട്ടകളിൽ രണ്ട് പേർക്കും വോട്ട് ഉണ്ടാകുന്നതിനെയാണോ സാർ ഇരട്ടവോട്ട് എന്ന് പറയുന്നത് ?

അല്ലെങ്കിൽ പിന്നെ ഇരട്ടകളിൽ ഒരാൾ മാത്രമേ വോട്ട് ചെയ്യാവൂ എന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി കൊടുക്കണം.

 ഒരേ ബൂത്തിൽ തൊട്ടടുത്ത ക്രമ നമ്പറിൽ വ്യത്യസ്ത പേരുകളിൽ രണ്ട് വോട്ടേഴ്‌സ് ഐ.ഡികളിൽ വരുന്ന രണ്ട് വോട്ടുകൾ ഇരട്ടകളുടേതാണോ ഇരട്ടവോട്ടാണോയെന്ന് തിരിച്ചറിയാൻ പാകത്തിൽ കോമൺസെൻസ് ഇല്ലാത്ത സർ പ്രതിപക്ഷ നേതാവായി തുടരുന്നത് തന്നെയാണ് നല്ലത്.

 


Vinod Aduthila എഴുതുന്നു:

 പയ്യന്നൂർ മണ്ഡലം കരിവെള്ളൂർ പെരളം പഞ്ചായത്തിലെ പതിനാറാം നമ്പർ ബൂത്തിലെ ഇരട്ട വോട്ടായി ചെന്നിത്തല ചൂണ്ടിക്കാട്ടിയ ക്രമനമ്പറുകൾ

402,403 സുജിത്ത്, സുമിത്ത്

.കള്ള വോട്ട് ചെയ്യാൻ ഇടതുപക്ഷമുണ്ടാക്കിയതാണെന്ന് വാദിക്കും മുമ്പേ ഉസ്മാനെ വിളിക്കുന്ന ഫോൺ ഞെക്കി കുത്തി പെരളത്തെ ഏതെങ്കിലു കോൺഗ്രസ് അനുഭാവിയെ ഒന്ന് വിളിക്കാമായിരുന്നു.( അധികം പ്രവർത്തകരൊന്നുമില്ല പെരളത്ത് )


സുജിത്തും സുമിത്തും ഇരട്ടകളാണ് ഒന്നിച്ചു പിറന്നവർ .

ഇരട്ടകളിൽ ഒരാൾ മാത്രമേ വോട്ടു ചെയ്യാവൂ എന്ന് നിയമമുണ്ടോ..

 

സോഫ്റ്റ്വയറിൽ അല്ല നാട്ടിലെ പ്രവർത്തകരിലാണ് വിശ്വാസമർപ്പിക്കേണ്ടത്

കള്ളവോട്ടുകാരെന്ന് വിളിച്ച് അപമാനിച്ചതിന്

ചെന്നിത്തല മാപ്പു പറയേണ്ടി വരും.

Rajeevan Kannur എഴുതുന്നു

രമേശ്‌ ചെന്നിത്തലയും യുഡിഎഫും മാപ്പ് പറയുക .

വോട്ടവകാശം വിനിയോഗിക്കുവാനുള്ള പൗരൻ്റെ അകാശത്തെ ചോദ്യം ചെയ്യുന്നത് അംഗീകരിക്കാൻ കഴിയില്ല.

എൻ്റെ സഹോദരീ സഹോദരങ്ങളുടെ വോട്ട് അവരുടെ അവകാശം

ഓപ്പറേഷൻ twins എന്ന പേരിൽ  രമേശ് ചെന്നിത്തല  വെബ്സൈറ്റ് വഴി സംസ്ഥാനത്തെ നിയോജക മണ്ഡലങ്ങളിലെ കള്ളവോട്ടുകളുടെ വിവരം പുറത്തു വിട്ടിട്ടുണ്ട് .

അതിൽ നിന്നും കണ്ണൂർ നിയോജക മണ്ഡലത്തിൽ 138 ബൂത്തിലെ ക്രമനമ്പർ 44, 45 എന്നിങ്ങനെ എൻ്റെ നാട്ടിലെ ഇരട്ട സഹോദരിമാരുടെ അതേ ബൂത്തിലെ 1150, 1160 ഇരട്ട സഹോദരിമാരുടെ ഇരട്ട വോട്ടായും അതുപോലെ 1101, 1127 നമ്പറുകളിലുള്ളതിൽ നിന്നും ഒരു വോട്ട് അന്തിമ പട്ടികയിൽ നിന്നും നീക്കം ചെയ്താണ് പ്രസിദ്ധീകരിച്ചിരിക്കുന്നത് ഈ വോട്ടും കള്ളവോട്ട് /വോട്ട് ഇരട്ടിപ്പ് ആയിട്ടാണ് hഎന്ന വെബ്സൈറ്റിൽ നൽകിയിരിക്കുന്നത് .


തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ച അന്തിമ വോട്ടർ പട്ടികയിൽ എൻ്റെ സഹോദരങ്ങളുടെ തിരിച്ചറിയൽ കാർഡ് നമ്പറുകളിൽ ഇരട്ടിപ്പ് ഇല്ലാതിരിക്കെ എന്ത് അടിസ്ഥാനത്തിൽ ആണ് താങ്കളും താങ്കളുടെ പാർട്ടിയും ഇത്തരത്തിൽ ഒരു ഇരട്ടിപ്പ്/വ്യാജ ആരോപണം ഉന്നയിച്ചത്.

 വ്യക്തിയുടെ ആത്മാഭിമാനത്തെ വരെ ചോദ്യം ചോദ്യം ചെയ്യുന്ന ഈ തരം താണ നടപടിയിൽ താങ്കളും താങ്കളുടെ മുന്നണിയും മാപ്പ് പറഞ്ഞ് തെറ്റായ വിവരം  സൈറ്റിൽ നിന്നും നീക്കം ചെയ്യുകയും ചെയ്തില്ലെങ്കിൽ മറ്റു നടപടികളുമായി മുന്നോട്ട് പോകേണ്ടി വരും.

 Jinu K P Sreekandapuram എഴുതുന്നു:



എന്നാലും എൻ്റെ ചെന്നിത്തലെ നിങ്ങൾ കൊടുത്ത ഇരട്ട വോട്ടിൽ ഇരിക്കൂർ മണ്ഡലത്തിലെ 69 നമ്പർ ബൂത്തിൽ 297,298 ക്രമനമ്പർ വോട്ട് ഇരട്ട വോട്ടല്ല അവർ ഇരട്ടകളാണ് അതും ചെങ്ങളായി ലെ കോൺഗ്രസ്സ് നേതാവിൻ്റെ മക്കളാണ് നല്ല ആളുകൾ അവർക്ക് അവരുടെ വോട്ട് ചെയ്യാൻ പാടില്ലെന്നാണോ ചെന്നിത്തല പറയുന്നത് എന്തിനാണ് ഇമ്മാതിരി ഉടായിപ്പും കൊണ്ട് ഇറങ്ങുന്നത് ഇവരെപ്പോലുള്ള കോൺഗ്രസ്സ് കാരെ വേദനിപ്പിക്കാനാണോ

എന്തായാലും നിങ്ങളുടെ ഇരട്ട വോട്ട് കാരണം സ്വന്തം അമ്മ പോലും നാറി ഇത്രയും കഴിവ് കെട്ട ഒരു പ്രതിപക്ഷ നേതാവ് കഷ്ടം.

 saswath എഴുതുന്നു:

 രമേശ് ചെന്നിത്തലയുടെ ലിസ്റ്റ് വെറുതെ ഒന്ന് നോക്കി. നമ്മുടെ മണ്ഡലത്തിൽ നമുക്ക് അറിയുന്ന ആരെങ്കിലും ഒക്കെ കാണുമല്ലോ എന്ന ധാരണയോടെ. അബദ്ധപ്പഞ്ചാംഗം എന്ന് പറഞ്ഞാൽ പോര ഈ ലിസ്റ്റിനെ. ഇതിപ്പോ എന്താ? എക്സൽ ഷീറ്റിൽ നല്ലൊരു സ്ക്രിപ്റ്റ് റൺ ചെയ്ത് ഏതാണ്ടൊക്കെ മാച്ചിംഗ് ആയി വരുന്ന പേരുകൾ നോക്കി ലിസ്റ്റ് ചെയ്തിരിക്കുന്നു.

1. രസ്ന നെല്ലിയാടൻ, ലസ്ന നെല്ലിയാടൻ - ചേച്ചീം അനിയത്തീം ആണ്.

2. ചോടോൻ സുരേഷ് ബാബു, ചോടോൻ ഉദയകുമാർ

3. അനഘ എൻ, ആതിര എൻ

4. തൻസീറ ടി പി, സാജിറ‌ ടി പി

5. ഷംന ടി കെ, ഷിംന

6. ജസീല എൻ, സെറീന എൻ

ഇതൊന്നും കള്ളവോട്ടോ ഇരട്ടവോട്ടോ അല്ല. 5 ലെറ്റർ മാച്ചിംഗ് ആയി വന്നാൽ ഈ സ്ക്രിപ്റ്റ് അത് ഒരു പെയർ ആക്കി ഷോർട്ട്ലിസ്റ്റ് ചെയ്യും. ഇവരിൽ ചേച്ചിയും അനിയത്തിയും കസിൻസും, അതേ പോലെ യാതൊരു വിധ ബന്ധവും ഇല്ലാത്തവരും ഒക്കെ ഉണ്ട്.

ഞാൻ ഇരവിപുരവും, ഒപ്പം കൊല്ലം, തലശ്ശേരി, കോഴിക്കോട്, മട്ടന്നൂർ, കൂത്തുപറമ്പ്, കണ്ണൂർ, പേരാമ്പ്ര, പട്ടാമ്പി, പാലക്കാട് ഒക്കെ നോക്കിയിരുന്നു. എല്ലായിടത്തും ഇത് തന്നെ അവസ്ഥ. ഒറ്റ പെയർ തന്നെ ഡബിൾ എൻട്രി വരുന്നുണ്ട് ലിസ്റ്റിൽ. അവിടെ തന്നെ ഈ 4 ലക്ഷം എന്നത് 2 ലക്ഷം ആയി. ബൂത്തിലെ സീരിയൽ നമ്പർ അനുസരിച്ച് ആണ് ഡാറ്റ സോർട്ട് ചെയ്തിരിക്കുന്നത്‌. ഒരു മണ്ഡലത്തിൽ അമൽ എ എന്ന് പേരുള്ള 3 പേർ ഉണ്ട് എന്ന് കരുതുക. ആദ്യത്തെ അമൽ എ യെ മറ്റ് 2 പേരുമായും മാച്ച് ചെയ്യും. 2 പെയർ. ഇതൊക്കെ ‌മറ്റ് അമൽ എ മാരുടെ ബൂത്ത് വരുന്നിടത്തും റിപ്പീറ്റ് ചെയ്യും. ചെന്നിത്തലയ്ക്ക് 6 പെയർ കള്ളവോട്ടുകൾ. മൂന്ന് അമൽ എ മാർക്കും പബ്ലിക് ഹ്യുമിലിയേഷൻ.

രമേശ് ചെന്നിത്തലയുടെ സ്റ്റാഫ് ചെയ്തത്; ബിഗ് ഡാറ്റയിൽ സാദാ ബെയ്സിക് സ്ക്രിപ്റ്റ് റൺ ചെയ്യാൻ അറിയുന്ന ആർക്കോ ഇത് ഔട്ട്സോഴ്സ് ചെയ്യലാണ്. മാന്വൽ ആയ യാതൊരു വാലിഡേഷനും ഇതിന് പിന്നിൽ നടന്നിട്ടില്ല. 6 മാസം ഇതിന് പിന്നാലെ അവർ ചെലവഴിച്ചു എന്ന തള്ളൊക്കെ എവിടെ നിന്ന് വന്നു എന്ന് മനസ്സിലാകുന്നില്ല.

4 ലക്ഷം കള്ളവോട്ട് (സോറി; ധർമ്മടത്ത് 1600 'കള്ള'വോട്ടും, അതേ സമയം ഹരിപ്പാട് 2800 'ഇരട്ട'വോട്ടും ആണ് മാദ്ധ്യമങ്ങൾക്ക്) എന്ന ആരോപണം ഒക്കെയായി ഈ അവസാന നിമിഷം പ്രതിപക്ഷനേതാവ് ഇറങ്ങിയത് യാതൊരു ഗൃഹപാഠവും ചെയ്യാതെ ആണെന്ന് വ്യക്തം.

ഇനി, ഈ 2 ലക്ഷം പെയറുകളെ പൊതുസമക്ഷം കള്ളന്മാർ ആക്കിയതിന് ആര് സമാധാനം പറയും? ഈ ലിസ്റ്റിലെ ഒരു പ്രത്യേകത ചൂണ്ടിക്കാണിക്കാം. ഞാൻ നോക്കിയ മണ്ഡലങ്ങളിൽ മിക്കതിലും ഒരേ‌ ബൂത്തിലെ അടുത്തടുത്ത സീരിയൽ നമ്പരിൽ (eg: 922, 923) ഒരേ പേര് വന്നിരിക്കുന്നു. എന്ന് വെച്ചാൽ അത് ഇലക്ഷൻ കമ്മീഷൻ ഡാറ്റ എന്റർ ചെയ്തപ്പോൾ അടുത്തടുത്ത റോയിൽ വന്ന ഡബിൾ എൻട്രി ആണ്. അത് കൊണ്ട് ഒരു രീതിയിലും കള്ളവോട്ട് നടക്കില്ല എന്ന് വ്യക്തം. മനസാവാചാകർമ്മണാ അറിയാത്ത, ആരുടെയോ പിഴവ് കാരണം ഡബിൾ എൻട്രി വന്ന ഇവരെ ഒക്കെ പേരും ഇലക്ടറൽ ഐഡി നമ്പരും പബ്ലിക് ആക്കി, കള്ളവോട്ടുകാർ എന്ന് ചാപ്പ കുത്തുന്നത് എന്ത് അനീതിയാണ്?

കൂടുതൽ പ്രതികരണങ്ങൾ ഈ പോസ്‌റ്റിൽ

No comments:

Post a Comment