കണ്ണൂർ> വോട്ടേഴ്‌സ് ലിസ്‌റ്റിൽ നിന്ന് നാല് ലക്ഷത്തിലധികം പേരുകള്‍ പ്രസിദ്ധീകരിച്ച് അവരെ കള്ള വോട്ടര്‍മാരായി ചിത്രീകരിച്ച പ്രതിപക്ഷനേതാവ് കേരളത്തെ ലോകത്തിന് മുന്നിൽ അപകീർത്തിപെടുത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലോകത്തിനു മുന്നില്‍ വ്യാജ വോട്ടര്‍മാരുടെ നാടാക്കി കേരളത്തെ അപമാനിച്ചു. ഒരേ പേരുള്ളവര്‍, സമാനമായ പേരുകള്‍ ഉള്ളവര്‍, ഇരട്ട സഹോദരങ്ങള്‍ ഇവരൊക്കെ അദ്ദേഹത്തിന് കള്ള വോട്ടര്‍മാരാണെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
രാജ്യത്ത് ഏറ്റവും സ്വതന്ത്രവും നീതിപൂര്‍വ്വകവുമായി തെരഞ്ഞെടുപ്പ് നടക്കുന്ന ഇടങ്ങളിലൊന്നാണ് നമ്മുടേത്. പരാജയ ഭീതിയുണ്ടാകുമ്പോൾ അതിനു മേല്‍ ചെളിവാരിയെറിയാന്‍ പ്രതിപക്ഷ നേതാവ് തന്നെ പുറപ്പെടാമോയെന്നും മുഖ്യമന്ത്രി ചോദിച്ചു.
ഇതേതുടർന്ന് ട്വിറ്ററിലും മറ്റും ദേശീയ തലത്തില്‍ തന്നെ കേരളത്തിനെതിരെ വലിയ അപവാദ പ്രചരണങ്ങളാണ് നടക്കുന്നത്. വലതുപക്ഷ വര്‍ഗ്ഗീയ ഹാന്‍ഡിലുകള്‍ അവ കേരളത്തിനെതിരെ ഉപയോഗിക്കുകയാണ്. 20 ലക്ഷം ബംഗ്ലാദേശികള്‍ കേരളത്തിലെ വോട്ടര്‍ പട്ടികയില്‍ ഇടം നേടിയെന്നാണ് അവര്‍ ആക്ഷേപിച്ചത്. തെറ്റായ ആരോപണങ്ങള്‍ കേരളത്തിനെതിരെയുള്ള ആയുധങ്ങളായാണ് കേരള വിരുദ്ധ ശക്തികള്‍ ഉപയോഗിക്കുന്നതെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
വോട്ട് ചേര്‍ക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷനാണ് ചെയ്യേണ്ടത്. അതിനുള്ള ഭരണഘടനാപരമായ അധികാരം തെരഞ്ഞെടുപ്പ് കമ്മീഷനാണുള്ളത്. അപാകതകള്‍ കണ്ടെത്തി തിരുത്തണം എന്ന നിലപാട് എല്‍ഡിഎഫ് ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്.പ്രാദേശിക തലത്തില്‍ അതിന് ശ്രമിക്കുന്നുമുണ്ട്. യുഡിഎഫ് ആ സാധ്യത വിനിയോഗിച്ചിട്ടുണ്ടോ എന്ന് പറയേണ്ടത് അവര്‍ തന്നെയാണ്. അതിനുപകരം പ്രതിപക്ഷ നേതാവ് മറ്റൊരു കാര്യമാണ് ചെയ്‌തത്.
പല തരത്തില്‍ ഇരട്ട വോട്ട് വരാറുണ്ട്. വിവാഹ ശേഷം ഭര്‍ത്താവിന്റെ നാട്ടില്‍ വോട്ടു ചേര്‍ക്കുന്നവരുണ്ട്. സാങ്കേതിക കാരണങ്ങളാല്‍ ആദ്യ ലിസ്റ്റില്‍ ആ പേര് തുടര്‍ന്നാല്‍ ആ പെണ്‍കുട്ടി വ്യാജ വോട്ടറാകുന്നതെങ്ങനെ. രണ്ടു സ്ഥലത്ത് വോട്ടു ചെയ്യാതെ നോക്കുകയാണ് വേണ്ടത്. അതിനാണ് തെരഞ്ഞെടുപ്പ് കമീഷന്‍. കമീഷനും കോടതിയും അത് വ്യക്തമാക്കിയിട്ടുമുണ്ട്. ഇവിടെ പ്രതിപക്ഷ നേതാവ് അതൊന്നുമല്ല കാണുന്നത്. സ്വന്തം വീട്ടിലെ ഇരട്ട വോട്ടു പോലും അദ്ദേഹം കണ്ടില്ല. പകരം കേരളത്തിലാകെ ഇരട്ട വോട്ടാണ് എന്ന പ്രഖ്യാപനമാണ് നടത്തിയത്.
പ്രതിപക്ഷ നേതാവ് പുറത്തു വിട്ട വിവരങ്ങളിലെ പൊരുത്തക്കേടുകള്‍ ഇതിനോടകം പലരും തെളിയിച്ചു. അതിലെ നൈതികതയെയും സ്വകാര്യതാ ലംഘനത്തെയും ചോദ്യം ചെയ്‌ത് നിരവധി ആളുകള്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. നിയമവിധേയമായ മാര്‍ഗങ്ങളിലൂടെ തന്നെയാണോ ഈ വിവരങ്ങള്‍ ശേഖരിച്ചത് എന്നും, ഇത് പ്രോസസ് ചെയ്തു പ്രസിദ്ധീകരിച്ചത് നിയമ വിധേയമായിരുന്നോ എന്നും സംശയമുണ്ട്.
കോഡിഡ് രോഗബാധ പ്രതിരോധിക്കാൻ കൃത്യമായ കണക്കുകള്‍ വിശകലനം ചെയ്ത് ആസൂത്രണം ചെയ്യാന്‍ സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങളെ 'ഡാറ്റാ കച്ചവടം' എന്നാണ് പ്രതിപക്ഷ നേതാവ് ആക്ഷേപിച്ചത്. അന്ന് ഡാറ്റാ സുരക്ഷിതത്വം, സ്വകാര്യത എന്നൊക്കെ വിളിച്ചു പറഞ്ഞവര്‍ അദ്ദേഹത്തിന്റെ ചുറ്റുമുണ്ട്. ഇപ്പോള്‍ പൗരന്മാരുടെ സ്വകാര്യ വിവരം പുറത്ത് കൊണ്ടുവന്നു എന്ന് മാത്രമല്ല; ശരിയായി ജീവിക്കുന്നവരെ അപകീര്‍ത്തിപ്പെടുത്തുന്ന സ്ഥിതിയുമുണ്ടായിരിക്കുന്നു. രേഖകള്‍ പ്രസിദ്ധീകരിച്ചത് ഇന്ത്യയില്‍ നിന്നല്ല എന്നും പറയുന്നു.
രാജ്യത്ത് ഏറ്റവും സ്വതന്ത്രവും നീതിപൂര്‍വ്വകവുമായി തെരഞ്ഞെടുപ്പ് നടക്കുന്ന ഇടങ്ങളിലൊന്നാണ് നമ്മുടെ നാട്. അതിനു മേല്‍ ചെളിവാരിയെറിയാന്‍ പ്രതിപക്ഷ നേതാവ് തന്നെ പുറപ്പെടാമോ. ഒരു വോട്ടുപോലും ഇരട്ടിക്കാന്‍ പാടില്ല എന്നതാണ് എൽഡിഎഫ് നിലപാട്. തെരഞ്ഞെടുപ്പ് കമീഷന്‍ അക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇരട്ടവോട്ടിൽപ്പെട്ട് കോൺഗ്രസ്
ഏറെ കൊട്ടിഘോഷിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുറത്തുവിട്ട ഇരട്ട വോട്ടു ആരോപണം ജില്ലയിലും കോൺഗ്രസിന് ബൂമറാങ്ങാകുന്നു. യഥാർഥ വോട്ടർമാരെ കള്ളവോട്ടർമാരാക്കി ചിത്രീകരിച്ചത് താഴേത്തട്ടിലെ യുഡിഎഫ് പ്രചാരണത്തിന് തിരിച്ചടിയാകുന്നു.
ഇരട്ട സഹോദരങ്ങളുടെ ഉൾപ്പെടെയുള്ള വോട്ട് കള്ളവോട്ടായി ചിത്രീകരിച്ച് രമേശ് ചെന്നിത്തല നടത്തിയ നീക്കത്തിൽ യൂത്ത്‌കോൺഗ്രസ്, കെഎസ്‌യു നേതാക്കളും പെട്ടു. ജില്ലയിൽ 11581 ഇരട്ടവോട്ടാണ് തെരഞ്ഞെടുപ്പ് കമീഷൻ കണ്ടെത്തിയത്. ഇരവിപുരത്താണ് കൂടുതൽ–- 1798. കുണ്ടറയിൽ–- 1740. ഏറ്റവും കുറവ് 351 വോട്ടുള്ള പുനലൂരിലാണ്. പത്തനാപുരം മണ്ഡലത്തിൽ 415, പുനലൂർ– 430, കുന്നത്തൂർ– 380 എന്നിങ്ങനെയും ഇരട്ടവോട്ട് കണ്ടെത്തി.
കെഎസ്‌യു പത്തനാപുരം മണ്ഡലം വൈസ് പ്രസിഡന്റ് മുഹമ്മദ് അബീൻ, യൂത്ത് കോൺഗ്രസ് കുണ്ടയം വാർഡ് പ്രസിഡന്റ് മുനീർ എന്നിവർക്ക് മണ്ഡലത്തിലെ 27–-ാം നമ്പർ ബൂത്തിൽ ഇരട്ടവോട്ടുണ്ട്. വീട്ടുനമ്പർ 13/228ൽ ചരുവിളവീട് എന്ന വിലാസത്തിൽ മുനീറിന്റെ പേര് മുനീർ ആർ ചരുവിയെന്നും മറ്റൊന്നിൽ മുനീർ ആർ എന്നുമാണുള്ളത്. മുഹമ്മദ് അബീന് ഒരേ വിലാസമാണ് രണ്ടു ക്രമനമ്പരിലായി രേഖപ്പെടുത്തിയിരിക്കുന്നത്.
കോവിഡ് സാഹചര്യത്തിൽ ബൂത്ത് ലെവൽ ഓഫീസർമാരുടെ നേരിട്ടുള്ള പരിശോധന കാര്യക്ഷമമായി നടക്കാത്തതാണ് ഇരട്ടവോട്ടിനു കാരണമായതെന്നാണ് തെരഞ്ഞെടുപ്പ് കമീഷന്റെ നിലപാട്. വോട്ട് ചേർക്കാനും മണ്ഡലം മാറ്റാനും ലഭിച്ചിരുന്ന അപേക്ഷ പലതും ഇത്തരത്തിൽ പരിഹരിക്കപ്പെടാത്തതാണ് ഇരട്ടിപ്പിന് കാരണമെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് ഇരട്ടവോട്ട് കണ്ടെത്തി പട്ടിക തയ്യാറാക്കാൻ ബിഎൽഒമാരോട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ നിർദേശം നൽകിയത്. ഇത്തരത്തിൽ കണ്ടെത്തുന്ന ഇരട്ടവോട്ട് അടയാളപ്പെടുത്തിയ വോട്ടർപട്ടികയാകും പ്രിസൈഡിങ് ഓഫീസർമാർക്കു കൈമാറുക. പട്ടികയുടെ പകർപ്പ് രാഷ്ട്രീയ പാർടികൾക്കും നൽകും. ഇരട്ടവോട്ട് കൂടുതലുള്ള ബൂത്തുകളിൽ വെബ്കാസ്റ്റിങ് ഏർപ്പെടുത്തും. ഇരട്ടവോട്ടുള്ളവരെ നിലവിൽ താമസിക്കുന്ന പ്രദേശത്തെ ബൂത്തിലെ വോട്ടു മാത്രമേ ചെയ്യാൻ അനുവദിക്കൂ.
ഇരട്ടകളും ചെന്നിത്തലയ്‌ക്ക് കള്ളവോട്ടർമാർ
കോൺഗ്രസ് നേതാവ് അടക്കമുള്ള ഇരട്ട സഹോദരങ്ങളെയും കള്ളവോട്ടർമാരാക്കി രമേശ് ചെന്നിത്തലയുടെ ‘ഓപറേഷൻ’. കോൺഗ്രസ് പഞ്ചായത്ത് അംഗവും മുൻ മണ്ഡലം പ്രസിഡന്റും സഹകരണ ബാങ്ക് മുൻ പ്രസിഡന്റുമായ ഇരട്ടസഹോദരനെ അടക്കമാണ് ചെന്നിത്തല കള്ളവോട്ടറാക്കിയത്.
പുനലൂർ മണ്ഡലത്തിലെ ബൂത്ത് നമ്പർ 13ൽ 389, 390 ക്രമനമ്പരുകളിലുള്ള ഇരട്ട സഹോദരങ്ങളായ റെജി കോശി, സജി കോശി എന്നിവരുടേത് കള്ളവോട്ടായാണ് ചെന്നിത്തല തയ്യാറാക്കിയ വെബ്‌സൈറ്റിൽ പറയുന്നത്. ഇടമുളയ്‌ക്കൽ പഞ്ചായത്തിലെ ചെമ്പകരാമനല്ലൂർ വാർഡ് അംഗമാണ് റെജി കോശി (രാജീവ് കോശി). ഇദ്ദേഹം കോൺഗ്രസ് മണ്ഡലം മുൻ പ്രസിഡന്റും ഇടമുളയ്‌ക്കൽ സഹകരണ ബാങ്ക് മുൻ പ്രസിഡന്റുമാണ്. മറ്റൊരു ഇരട്ടകളായ ഏറം പുത്തൻവിള വീട്ടിൽ എ എൽ ജിസ്ലി, എ എൽ ജിൻസി എന്നിവരുടേതും കള്ളവോട്ടാണെന്ന് വെബ്‌സൈറ്റ് പറയുന്നു.
പുനലൂർ മണ്ഡലം ബൂത്ത് നമ്പർ 52ൽ 80, 81 എന്ന ക്രമനമ്പരുകളിലാണ് ജിസ്ലിക്കും ജിൻസിക്കും വോട്ട്. ഇതാണ് ഇരട്ടവോട്ടുകളായി കാണിച്ച് കള്ളവോട്ടാക്കിയത്. ജിസ്ലിയുടെയും ജിൻസിയുടെയും പേര് കേട്ടാൽ സ്ത്രീകളാണോയെന്ന് സംശയം ഉണ്ടാകുമെന്നതിനാൽ ബിഎൽഒ അന്വേഷണം നടത്തിയിരുന്നു. തെരഞ്ഞെടുപ്പ് കമീഷൻ അന്തിമമായി ഇറക്കിയ വോട്ടർ പട്ടികയിൽ ക്രമക്കേട് ഇല്ലെന്നിരിക്കെയാണ് വോട്ടർമാരെ കള്ളവോട്ടർമാരാക്കിയത്. തെരഞ്ഞെടുപ്പ് കമീഷൻ പ്രസിദ്ധീകരിച്ച അന്തിമ വോട്ടർപട്ടികയിൽ ഇവരുടെ തിരിച്ചറിയൽ കാർഡ് നമ്പരുകൾ ഇരട്ടിച്ചിട്ടില്ല.
ബൂത്ത് 13ൽ ഇടമുളയ്ക്കൽ ഷൈലാ മൻസിലിൽ ക്രമനമ്പർ 1188 ബാനിസ ബി, ക്രമനമ്പർ 1189 ബാസിന ബി എന്നീ ഇരട്ട സഹോദരങ്ങളും ബൂത്ത് 52 ൽ ക്രമനമ്പർ 1233 എസ് ഷെഹന, 1246 എസ് ഷെഹീന എന്നിവരും ഇരട്ട സഹോദരങ്ങളാണ്. എന്നാൽ ഇവരും ഇരട്ടവോട്ടുള്ളവരാണെന്നാണ് ചെന്നിത്തല പറയുന്നത്.
ഇരട്ടവോട്ട് യുഡിഎഫിന് ബൂമറാങ്ങാവുന്നു; മലപ്പുറത്ത് കൂടുതലും ലീഗ്, കോൺഗ്രസ് പ്രവർത്തകർ
മലപ്പുറം > പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുറത്തുവിട്ട ഇരട്ടവോട്ട് വിവാദം യുഡിഎഫിന് ബൂമറാങ്ങാവുന്നു. ജില്ലയിൽ ഇരട്ടവോട്ടുള്ളവരിലേറെയും ലീഗ്, കോൺഗ്രസ് പ്രവർത്തകരാണ്. യുഡിഎഫ് നേതാക്കൾക്കും ജനപ്രതിനിധികൾക്കും ബന്ധുക്കൾക്കും ഇരട്ടവോട്ടുണ്ട്. ലീഗ് മുൻ ജനറൽ സെക്രട്ടറിയും തിരൂരങ്ങാടി മണ്ഡലം യുഡിഎഫ് സ്ഥാനാർഥിയുമായ കെ പി എ മജീദിന്റെ വീട് സ്ഥിതിചെയ്യുന്ന മങ്കടയിലെ 78ാം നമ്പർ ബൂത്തിൽമാത്രം 12 ഇരട്ടവോട്ടർമാരുണ്ട്. മജീദിന്റെ മകൾക്ക് ഇരട്ട വോട്ടുള്ളത് നേരത്തെ വിവാദമായിരുന്നു. വിവാഹംകഴിഞ്ഞ് 17 വർഷം പിന്നിട്ടിട്ടും കെ പി എ മജീദിന്റെ മകൾ കെ പി റുബീനക്ക് സ്വന്തം വീടുനിൽക്കുന്ന ബൂത്തിലും ഭർതൃവീടുള്ള ബൂത്തിലും വോട്ടുണ്ട്.
മുസ്ലിംലീഗ് തിരൂർ മുനിസിപ്പൽ പ്രസിഡന്റ് പഴങ്കുളങ്ങര കീഴേടത്ത് ഇബ്രാഹിം ഹാജിക്ക് ഇരട്ടവോട്ടുണ്ട്. തിരൂർ നഗരസഭയിലെ 62 –-ാം ബൂത്തിലെ ഒന്നാം ക്രമനമ്പറിലും 467 നമ്പറിലുമായാണ് വോട്ട്. കെപിസിസി ജനറൽ സെക്രട്ടറി ഇ മുഹമ്മദ്‌കുഞ്ഞിയുടെ മരുമകൻ കുന്നുമ്മൽപീടിക അബ്ദുൾ ഖാദറിന് വണ്ടൂർ പഞ്ചായത്തിലെ 54–-ാം ബൂത്തിൽ ഇരട്ടവോട്ടുണ്ട്. പൊന്നാനിയിൽ കോൺഗ്രസ് ഈഴുവത്തിരുത്തി മണ്ഡലം പ്രസിഡന്റ് നബീലിന് രണ്ട് ബൂത്തിൽ വോട്ടുണ്ട്. ന്യൂ യുപി സ്കൂളിലെ 36-ാം ബൂത്തിൽ 830-ാം നമ്പറായും കെഇഎഎൽപി സ്കൂളിലെ 40-ാം ബൂത്തിൽ 623ാം നമ്പറുമായാണ് വോട്ട്. വ്യത്യസ്‌ത വീട്ടുനമ്പറുകളിലായാണ് വോട്ട് ചേർത്തിട്ടുള്ളത്.
ബിജെപിയും കുരുക്കിൽ; എം ടി രമേശിനും ഇരട്ടവോട്ട്
കോഴിക്കോട് > കോൺഗ്രസ് നേതാക്കൾക്കുപിറകെ ബിജെപിയും ഇരട്ടവോട്ട് കുരുക്കിൽ. ബിജെപി. സംസ്ഥാന ജനറൽ സെക്രട്ടറിയും കോഴിക്കോട് നോർത്ത് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥിയുമായ എം ടി രമേശിന് രണ്ടിടത്ത് വോട്ടുണ്ടെന്നാണ് തെരഞ്ഞെടുപ്പ് കമീഷന്റെ രേഖകളിൽനിന്ന് വ്യക്തമാകുന്നത്. തിരുവനന്തപുരം മണ്ഡലത്തിലും കോഴിക്കോട് നോർത്ത് മണ്ഡലത്തിലുമാണ് രമേശിന് വോട്ട്.
തിരുവനന്തപുരം മണ്ഡലത്തിലെ തൈക്കാട് വാർഡിലെ 98നമ്പർ ബുത്തിലാണ് രമേശിന്റെ വോട്ട്. 21/2788 എന്ന വീട്ടുനമ്പറിലാണ് വോട്ട് ചേർത്തത്. അതേസമയം കോഴിക്കോട് നോർത്ത് മണ്ഡലത്തിലും വോട്ട് ചേർത്തു. നോർത്തിൽ 35–-ാം നമ്പർ ബൂത്തിലാണ് രമേശിന് വോട്ട്. നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായപ്പോൾ പോലും ഇരട്ട വോട്ട് ഒഴിവാക്കാൻ രമേശ് ശ്രമിച്ചില്ലെന്ന ആരോപണവുമുണ്ട്.
ഇരട്ടവോട്ട് ആരോപണത്തിൽ നേരത്തെ രമേശ് ചെന്നിത്തലയുടെ അമ്മ അടക്കമുള്ളവർ ഉൾപ്പെട്ടിരുന്നു. കോൺഗ്രസിന്റെ ആരോപണം ഏറ്റുപിടിച്ച ബിജെപി നേതാക്കളുടെയും ഇരട്ടവോട്ട് വിവരങ്ങൾ പുറത്തുവരികയാണ്. സംഭവത്തിൽ എം ടി രമേശ് ഇതുവരെ പ്രതികരിക്കാൻ തയ്യാറായിട്ടില്ല.
എം ടി രമേശിന് പിന്നാലെ പി കെ കൃഷ്‌ണദാസിനും ഇരട്ടവോട്ട്; മിണ്ടാട്ടമില്ലാതെ ബിജെപി
തിരുവനന്തപുരം > ഇരട്ടവോട്ടിൽ കോൺഗ്രസിന് പിന്നാലെ ബിജെപിയും കുരുങ്ങുന്നു. ബിജെപി ദേശീയ നിർവാഹക സമിതി അംഗവും കാട്ടാക്കടയിലെ സ്ഥാനാർഥിയുമായ പി കെ കൃഷ്‌ണദാസിനും ഇരട്ട വോട്ട് കണ്ടെത്തി. കാട്ടാക്കടയിലും തലശേരിയിലുമാണ് വോട്ട്. നേരത്തെ കോഴിക്കോട് നോർത്തിലെ എൻഡിഎ സ്ഥാനാർഥി എം ടി രമേശിനും ഇരട്ടവോട്ട് കണ്ടെത്തിതിരുന്നു.
കാട്ടാക്കടയിൽ 64–-ാം ബൂത്തിൽ 793–-മത് വോട്ടറാണ് പി കെ കൃഷ്‌ണദാസ്. വീട്ടുനമ്പർ 700 എ, കൈരളി എന്നാണ് വിലാസം. തലശേരി മണ്ഡലത്തിൽ 79–-ാം നമ്പർ ബൂത്തിൽ 322–-മതായി ചേർത്തിട്ടുള്ള വോട്ടിന് 40/65, നന്ദനം എന്ന വീട്ടുപേരാണ് നൽകിയിട്ടുള്ളത്. രണ്ടിടത്തും രക്ഷകർത്താവിന്റെ സ്ഥാനത്ത് അമ്മ പത്മിനിയുടെ പേരുണ്ട്. 57 വയസും രേഖപ്പെടുത്തി.
തലശ്ശേരിയിൽ വോട്ടുള്ളകാര്യം മറച്ചുവച്ചാണ് കാട്ടാക്കടയിലും വോട്ട് ചേർത്തിരിക്കുന്നതെന്ന് വ്യക്തമാണ്. നിരവധി ബിജെപി, കോൺഗ്രസ് സ്ഥാനാർഥികളുടെ പേരാണ് ഇരട്ടവോട്ട് വിവാദത്തിൽ പുറത്തുവരുന്നത്.
No comments:
Post a Comment