Sunday, January 23, 2011

വര്‍ധിപ്പിച്ച പിഎഫ് പലിശ തടഞ്ഞുവയ്ക്കാന്‍ നീക്കം

എംപ്ളോയീസ് പ്രോവിഡന്റ് നിക്ഷേപകര്‍ക്ക് ഈ സാമ്പത്തികവര്‍ഷം വര്‍ധിപ്പിച്ച ഒരുശതമാനം പലിശ തടഞ്ഞുവയ്ക്കാന്‍ കേന്ദ്ര ധനമന്ത്രാലയത്തിന്റെ നീക്കം. 2010-11 വര്‍ഷത്തെ പലിശ നിരക്ക് എട്ടര ശതമാനത്തില്‍നിന്ന് ഒമ്പതരയാക്കിയുള്ള വിജ്ഞാപനം പുറപ്പെടുവിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. സെപ്തംബറില്‍ ചേര്‍ന്ന സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റീസ് (സിബിടി) യോഗമാണ് പലിശനിരക്ക് ഒമ്പതര ശതമാനമാക്കിയത്. സ്വകാര്യമേഖലയിലെ പിഎഫ് മാനേജ്മെന്റുകളുടെയും തൊഴിലുടമകളുടെയും സമ്മര്‍ദഫലമായാണ് പലിശ തടയാനുള്ള നീക്കം.
പലിശയിനത്തില്‍ വര്‍ഷങ്ങളായി ബാക്കിയുള്ള 1731 കോടി രൂപ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് പലിശനിരക്ക് ഒമ്പതര ശതമാനമായി ഉയര്‍ത്താന്‍ സിബിടി തീരുമാനിച്ചത്. ഇത് അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട സിബിടി ചെയര്‍മാന്‍കൂടിയായ തൊഴില്‍മന്ത്രി മല്ലികാര്‍ജുന്‍ ഖാര്‍ഗെ ധനമന്ത്രാലയത്തിന് കത്തെഴുതിയിരുന്നു. എന്നാല്‍, പലിശ വര്‍ധിപ്പിക്കാനുള്ള തീരുമാനം അംഗീകരിക്കാനാകില്ലെന്നായിരുന്നു ധനമന്ത്രാലയത്തിന്റെ നിലപാട്. ഇപിഎഫ്ഒ രൂപംകൊണ്ട 1952 മുതല്‍ പലിശ ഇനത്തില്‍ ബാക്കിയായ തുക സംബന്ധിച്ച് കൃത്യമായ കണക്കില്ലെന്ന സിഎജിയുടെ കണ്ടെത്തല്‍ ചൂണ്ടിക്കാട്ടിയാണ് ധനമന്ത്രാലയം തടസ്സംനിന്നത്. എന്നാല്‍, സിബിടി തീരുമാനത്തില്‍നിന്ന് പിന്നോട്ടുപോകില്ലെന്ന് തൊഴില്‍മന്ത്രാലയവും അറിയിച്ചു.

ഈ ഘട്ടത്തിലാണ് ഇപിഎഫ്ഒയുടെ അഞ്ചു ലക്ഷം കോടി രൂപയുടെ നിക്ഷേപത്തിന്റെ ഒരുഭാഗം ഓഹരിക്കമ്പോളത്തില്‍ നിക്ഷേപിക്കണമെന്ന് ആവശ്യപ്പെട്ട് ധനമന്ത്രാലയ സെക്രട്ടറി അശോക് ചാവ്ല തൊഴില്‍മന്ത്രാലയത്തിന് കത്തെഴുതിയത്. ഒമ്പതര ശതമാനം പലിശ അനുവദിക്കണമെങ്കില്‍ നിക്ഷേപത്തിന്റെ ഒരുഭാഗം ഓഹരിക്കമ്പോളത്തില്‍ നിക്ഷേപിക്കണമെന്ന വ്യവസ്ഥയാണ് ധനമന്ത്രാലയം മുന്നോട്ടുവച്ചത്. എന്നാല്‍, ട്രേഡ്യൂണിയനുകള്‍ ശക്തമായി എതിര്‍ത്തതോടെ സിബിടി ഇക്കാര്യത്തില്‍ ധനമന്ത്രാലയത്തിനു വഴങ്ങിയില്ല. ഇതിനിടെ പലിശ കൂട്ടുന്നതിനെതിരെ തൊഴിലുടമകളുടെ സംഘടനയായ ഓള്‍ ഇന്ത്യ ഓര്‍ഗനൈസേഷന്‍ ഓഫ് എംപ്ളോയേഴ്സ് (എഐഒഇ) ധനമന്ത്രാലയത്തിനു പരാതി നല്‍കിയിരുന്നു. സിബിടി അംഗംകൂടിയാണ് എഐഒഇ. ഇപിഎഫ്ഒ ഒമ്പതര ശതമാനം പലിശ നല്‍കുന്നതിനാല്‍ അത്രയും പലിശ നല്‍കാന്‍ സ്വകാര്യ പിഎഫ് കമ്പനികളും നിര്‍ബന്ധിതമാകും. അതൊഴിവാക്കാനുള്ള എളുപ്പമാര്‍ഗം വിജ്ഞാപനം പുറപ്പെടുവിക്കാതിരിക്കുകയാണ്.
(വി ബി പരമേശ്വരന്‍)

ദേശാഭിമാനി 230111

1 comment:

  1. എംപ്ളോയീസ് പ്രോവിഡന്റ് നിക്ഷേപകര്‍ക്ക് ഈ സാമ്പത്തികവര്‍ഷം വര്‍ധിപ്പിച്ച ഒരുശതമാനം പലിശ തടഞ്ഞുവയ്ക്കാന്‍ കേന്ദ്ര ധനമന്ത്രാലയത്തിന്റെ നീക്കം. 2010-11 വര്‍ഷത്തെ പലിശ നിരക്ക് എട്ടര ശതമാനത്തില്‍നിന്ന് ഒമ്പതരയാക്കിയുള്ള വിജ്ഞാപനം പുറപ്പെടുവിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. സെപ്തംബറില്‍ ചേര്‍ന്ന സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റീസ് (സിബിടി) യോഗമാണ് പലിശനിരക്ക് ഒമ്പതര ശതമാനമാക്കിയത്. സ്വകാര്യമേഖലയിലെ പിഎഫ് മാനേജ്മെന്റുകളുടെയും തൊഴിലുടമകളുടെയും സമ്മര്‍ദഫലമായാണ് പലിശ തടയാനുള്ള നീക്കം.

    ReplyDelete