Tuesday, July 2, 2013

108 ആംബുലന്‍സ് അഴിമതി അന്വേഷിക്കണം: വിഎസ്

സംസ്ഥാനത്ത് പ്രവര്‍ത്തനം നടത്തുന്ന ജീവന്‍രക്ഷാ ആംബുലന്‍സ് സര്‍വ്വീസിന്റെ മറവില്‍ നടക്കുന്ന വന്‍ തട്ടിപ്പ് പുറത്തുകൊണ്ടുവരണമെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. 108 ആംബുലന്‍സ് സര്‍വ്വീസിലെ നഴ്സുമാര്‍ സമരത്തിലാണ്. യോഗ്യരായ നഴ്സുമാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും അയ്യായിരം രൂപ മാത്രമാണ് ഈ കമ്പനി ശമ്പളം നല്‍കുന്നത്. അവര്‍ക്ക് മിനിമം വേതനം ലഭിക്കുന്നില്ലെന്നതാണ് അവരുടെ പരാതി. ഈ പരാതിയോട് മുഖംതിരിച്ചു നില്‍ക്കുന്ന സര്‍ക്കാര്‍ ഈ ജീവന്‍രക്ഷാ ആംബുലന്‍സുകള്‍ വെച്ച് വന്‍ തട്ടിപ്പ് നടത്തുന്ന കമ്പനിയുടെ കൊള്ളരുതായ്മകള്‍ക്ക് കൂട്ടുനില്‍ക്കുകയാണ്.

നാഷണല്‍ റൂറല്‍ ഹെല്‍ത്ത് മിഷന്‍ 35 ലക്ഷം രൂപവീതം വിലവരുന്ന 45 ആംബുലന്‍സുകള്‍ കേരള സര്‍ക്കാരിന് നല്‍കിയതാണ്. അന്നത്തെ അവസ്ഥയില്‍ ഇത്തരമൊരു സര്‍വ്വീസ് നടത്താനുള്ള സംവിധാനം കേരള സര്‍ക്കാരിനില്ലാത്തതു കാരണം സികിത്സ ഹെല്‍ത് കെയര്‍ ലിമിറ്റഡ് എന്ന ബോംബെ കമ്പനിക്ക് ആംബുലന്‍സുകളുടെ നടത്തിപ്പവകാശം നല്‍കുകയുണ്ടായി. കമ്പനിയുമായുണ്ടാക്കിയ കരാറനുസരിച്ച് ഓരോ ആംബുലന്‍സും പ്രതിമാസം 2000 കിലോമീറ്ററാണ് ഓടേണ്ടത്. ഇതിന് സര്‍ക്കാര്‍ കമ്പനിക്ക് 1,06,000 രൂപ നല്‍കും. അധികമായി ഓടുന്ന ഓരോ കിലോമീറ്ററിനും 53 രൂപവീതം അധികം നല്‍കും. ഈ വ്യവസ്ഥ മുതലെടുത്ത് കമ്പനി വന്‍ തട്ടിപ്പ് നടത്തുന്നതിന്റെ വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നു. 2000 കിലോമീറ്ററിന് പുറമെ ആറായിരം കിലോമീറ്റര്‍ വരെ അധികം ഓടിക്കുന്നതായി കള്ളക്കണക്കുണ്ടാക്കി കോടിക്കണക്കിന് രൂപ എഴുതിവാങ്ങുകയാണ് ചെയ്യുന്നത്. ഈ വിവരം പുറത്തുവന്ന ഉടനെ കമ്പനി അധികൃതര്‍ ആംബുലന്‍സുകളില്‍ സൂക്ഷിക്കുന്ന ലോഗ് ബുക്കുകള്‍ നീക്കം ചെയ്തു. വാര്‍ത്ത പുറത്തുവന്നതിന്റെ പേരില്‍ ആംബുലന്‍സ് ജീവക്കാര്‍ക്കെതിരെ നിയമനടപടികളാരംഭിച്ചതായും വാര്‍ത്ത വന്നിരിക്കുന്നു.

മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഷാഫി മേത്തര്‍, കേന്ദ്രമന്ത്രി വയലാര്‍ രവിയുടെ മകന്‍ രവികൃഷ്ണ, കേന്ദ്ര ധനമന്ത്രി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരം എന്നിവര്‍ ചേര്‍ന്ന് നടത്തുന്ന കമ്പനിയായതിനാല്‍ ഇവര്‍ക്ക് വഴിവിട്ട് സഹായം നല്‍കുകയാണ് സര്‍ക്കാര്‍. ഇന്ത്യയില്‍ 11 സംസ്ഥാനങ്ങളില്‍ ആംബുലന്‍സ് സര്‍വ്വീസ് നടത്താന്‍ ചുമതലപ്പെടുത്തിയത് ഈ കമ്പനിയെയായിരുന്നു. കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് അഴിമതിയാരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ നാല് സംസ്ഥാനങ്ങളില്‍ ഒഴികെ മറ്റ് സംസ്ഥാനങ്ങള്‍ ഈ കമ്പനിയെ ഒഴിവാക്കിയിട്ടുണ്ട് എന്നാണ് മനസ്സിലാക്കുന്നത്.

സംഭവം വിവാദമായപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നത് ഷാഫി മേത്തര്‍ ഈ കമ്പനിയുടെ ഡയറക്റ്ററല്ല എന്നാണ്. ഈ വാദം കളവാണെന്നുള്ള തെളിവുകള്‍ പുറത്തുവന്നിട്ടുണ്ട്. മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന തട്ടിപ്പു സംഘങ്ങളെ സംബന്ധിച്ച് ദിനംപ്രതി വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുകയാണ്. കുറ്റക്കാര്‍ക്കെതിരെ മുഖംനോക്കാതെ നടപടിയെടുക്കും എന്ന് ആവര്‍ത്തിച്ചുകൊണ്ട് കേരള ജനതയെ മണ്ടന്‍മാരാക്കുകയാണ് മുഖ്യമന്ത്രിയും കൂട്ടരും. ആംബുലന്‍സ് സര്‍വ്വീസിന്റെ മറപറ്റി സംസ്ഥാനത്തിന്റെ കോടിക്കണക്കിന് രൂപ തട്ടിയെടുക്കുന്ന ഈ കമ്പനിയെക്കുറിച്ച് സര്‍ക്കാര്‍ ഉന്നതതല അന്വേഷണം നടത്തണം. ആംബുലന്‍സിലെ ജീവക്കാരുടെ പരാതികള്‍ പരിഹരിക്കണമെന്നും വിഎസ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

an old news on the issue

"കെംപ്" ആംബുലന്‍സുകള്‍ പിന്‍വലിക്കുന്നത് കേന്ദ്രമന്ത്രിയുടെ മകന്റെ കമ്പനിക്ക് വേണ്ടി


തെളിവുകള്‍ നശിപ്പിച്ചത് തിരുവഞ്ചൂര്‍ തന്നെ: വി എസ്

തിരു: സോളാര്‍ തട്ടിപ്പില്‍ ശാലുമേനോനെതിരായ തെളിവുകള്‍ നശിപ്പിച്ചത് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. ശാലുമേനോന്റെ വീട്ടിന്റെ പാലുക്കാച്ചലിന്റെ ഫോട്ടോസടക്കം നശിപ്പിച്ചു. സോളാര്‍ തട്ടിപ്പ്പ്രതി സരിത തിരുവഞ്ചൂരിനെ വിളിച്ചത് എന്തിനാണെന്ന് വ്യക്തമാക്കണം.

തട്ടിപ്പിന് കൂട്ടുനിന്ന മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും രാജിവെച്ച് ജനവിധിതേടണമെന്നും വി എസ് ആവശ്യപ്പെട്ടു. വൈദ്യുതി ക്ഷാമത്തിന്റെ പേരില്‍ യുഡിഎഫ് സര്‍ക്കാര്‍ കേരളത്തില്‍ കള്ള കമ്പനികളെ വളര്‍ത്തിയെന്നും വി എസ് പറഞ്ഞു.

deshabhimani

പരാതി തിരുത്തിയത് ശ്രീധരന്‍നായരുടെ നിര്‍ദേശപ്രകാരം

സോളാര്‍ തട്ടിപ്പ്  കേസില്‍ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ  മുന്‍ പി എ ജോപ്പനെതിരെ ശ്രീധരന്‍ നായര്‍ നല്‍കിയ പരാതിയില്‍ മുഖ്യമന്ത്രിയുടെ പേര് കൂട്ടിചേര്‍ത്തത് അദ്ദേഹത്തിന്റെ തന്നെ നിര്‍ദേശപ്രകാരമെന്ന് വ്യക്തമായി. ശ്രീധരന്‍ നായരുടെ അഭിഭാഷകന്‍ സോണി പി ഭാസ്ക്കറിന്റെ ഗുമസ്തനാണ് ശ്രീധരന്‍ നായര്‍ പറഞ്ഞതനുസരിച്ച് മുഖ്യമന്ത്രിയുടെ പേര്‍ ചേര്‍ത്തത്. ഇത് ഗുമസ്തനും അഭിഭാഷകന്റെ ഓഫീസും സ്ഥിരീകരിച്ചു. പൊലീസ് സ്റ്റേഷനിലാണ് പരാതി തിരുത്തിയതെന്ന വാദം ഇതോടെ പൊളിഞ്ഞു. ശ്രീധരന്‍ നായര്‍ നേരിട്ട് കോടതിക്ക് നല്‍കിയ പരാതിയില്‍ മുഖ്യമന്ത്രിയുടെ പേര് അദ്ദേഹത്തിന്റെ അറിവോടെ എഴുതിചേര്‍ക്കുകയായിരുന്നുവെന്നുമാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്.

ശ്രീധരന്‍നായര്‍ പറഞ്ഞ പരാതിയനുസരിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നും അഭിഭാഷകന്‍ സോണി അറിയിച്ചു. മുഖ്യമന്ത്രിയോട് ശ്രീധരന്‍ നായര്‍ സംസാരിച്ചതായി ഹര്‍ജിയിലുണ്ട്. എന്നാല്‍ ശ്രീധരന്‍ നായര്‍ നല്‍കിയ വിശദീകരണ കുറിപ്പിനെ കുറിച്ച് അറിയില്ല. താന്‍ പറഞ്ഞതനുസരിച്ചാണ് ഗുമസ്തന്‍ ഹര്‍ജി തയ്യാറാക്കിയത്. ഇതേകുറിച്ച് ഗുമസ്തന്‍ പൊലീസിന് കത്ത് നല്‍കിയിട്ടില്ലെന്നും സോണി അറിയിച്ചു. സരിതയേയും ബിജുരാധാകൃഷ്ണനേയും ജോപ്പനേയും മുഖ്യമന്ത്രിയുടെ ഓഫീസില്‍ വെച്ച് കണ്ട ശ്രീധരന്‍ നായര്‍ അന്ന് തന്നെ മുഖ്യമന്ത്രിയേയും കണ്ടിട്ടുണ്ടെന്നാണ് വ്യക്തമാകുന്നത്.

കൂടികാഴ്ച നടന്ന 2012 മെയ് ഒമ്പതിലാണ് ഇടപാടിനെ കുറിച്ച് ശ്രീധരന്‍ നായര്‍ കുടുതല്‍ ഉറപ്പുവരുത്തുന്നത്. അത് മുഖ്യമന്ത്രിയുമായുള്ള കൂടികാഴ്ചയിലൂടെ ആണെന്ന് വ്യക്തമാക്കാനാണ് പരാതിയില്‍ ഇത്കൂടി എഴുതിചേര്‍പ്പിച്ചത്. ഇത് തട്ടിപ്പില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കുള്ള നേരിട്ടുള്ള പങ്കാണ് വെളിവാക്കുന്നത്. എന്നാല്‍ പരാതി കോളിളക്കമായതോടെ തിരുത്തിയത് തന്റെ നിര്‍ദേശപ്രകാരമല്ലെന്ന് ശ്രീധരന്‍നായരുടേതായി ഒരു പത്രക്കുറിപ്പിറങ്ങിയിരുന്നു. ആ വാദമാണ് ഗുമസ്തന്റെ വെളിപ്പെടുത്തലിലൂടെ പൊളിഞ്ഞത്. എന്നാല്‍ ഗുമസ്തന്റെ പേരില്‍ കുറ്റംചാരി രക്ഷപെടാനുള്ള ശ്രമമുണ്ട് . ഗുമസ്തനെ കാണാനില്ലന്നും പറയുന്നു.

deshabhimani

തെളിവ് പുറത്ത്; തിരുവഞ്ചൂരിനും സരിതബന്ധം

സോളാര്‍ തട്ടിപ്പ്കേസില്‍ പിടിയിലായ സരിത എസ് നായര്‍ക്ക് ആഭ്യന്തരമന്ത്രി തിരുവഞ്ചൂരുമായും ബന്ധമുണ്ടെന്ന തെളിവുകള്‍ പുറത്തുവന്നു. നിരവധി തവണ സരിത തിരുവഞ്ചൂരിനെ ഫോണില്‍ വിളിച്ചതിന്റെ രേഖകള്‍ റിപ്പോര്‍ട്ടര്‍ ചാനലാണ് പുറത്തുവിട്ടത്. ഇതോടെ സരിതയേയും ബിജു രാധാകൃഷ്ണനേയും അറിയില്ലെന്ന തിരുവഞ്ചൂരിന്റെ വാദങ്ങളാണ് പൊളിഞ്ഞത്.

ജനുവരിയില്‍ മാത്രം സരിതയുടെ 8606161700 എന്ന നമ്പറില്‍നിന്ന് ആഭ്യന്തരമന്ത്രിയുടെ 9447018116 എന്ന നമ്പറിലേക്ക് നാലുതവണ വിളിച്ചു. ജനുവരി 23, 24,25 തിയതികളിലാണ് ഫോണ്‍ വിളിച്ചിട്ടുള്ളത്. 24 ന് രണ്ടു തവണ വിളിച്ച് ദീര്‍ഘനേരം സംസാരിച്ചിട്ടുണ്ട്. തനിക്കുവരുന്ന ഫോണുകളെല്ലാം ആഭ്യന്തര മന്ത്രി നേരിട്ടാണ് എടുക്കാറുള്ളത്്. ഇത് സരിതക്ക് മുഖ്യമന്ത്രിയുടെ സ്റ്റാഫ് മാത്രമായല്ല മന്ത്രിമാരുമായും നേരിട്ട് ബന്ധമുണ്ടെന്നതിന് തെളിവാണ്. അതിനാല്‍ മുഖ്യമന്ത്രിയുടെ സ്റ്റാഫിനെ സരിത വിളിച്ചിരുന്നതും മുഖ്യമന്ത്രിയെ കിട്ടുവാനായി തന്നെയാണെന്നും തെളിയുകയാണ്.

സോളാര്‍ തട്ടിപ്പ് വിവാദമായപ്പോള്‍ സരിതയെ പരിചയമുണ്ടെന്ന് കേന്ദ്ര സഹമന്ത്രി കെ സി വേണുഗോപാല്‍ അടക്കം വെളിപ്പെടുത്തിയിരുന്നു. മറ്റ് പലരും സരിത തങ്ങളെ വിളിച്ചിരുന്നു എന്നും പറഞ്ഞിരുന്നു. എന്നാല്‍ ഇതുവരെ സരിത തന്നെ വിളിച്ച കാര്യം തിരുവഞ്ചൂര്‍ പറഞ്ഞിരുന്നില്ല. കൂടാതെ കേസിലെ മറ്റൊരുപ്രതി ബിജു രാധാകൃഷ്ണനെ രക്ഷപ്പെടാന്‍ സഹായിച്ച ശാലുമേനോന്റെ വീടിന്റെ പാലുകാച്ചലിന് പോയതിനെ കുറിച്ചും പരസ്പര വിരുദ്ധമായാണ് തിരുവഞ്ചൂര്‍ സംസാരിക്കുന്നത്. ജനുവരിയില്‍ മാത്രം വിളിച്ച ഫോണ്‍കോള്‍ ലിസ്റ്റാണ് പുറത്ത് വന്നിട്ടുള്ളത്.

deshabhimani

തട്ടിപ്പ് ഒതുക്കാന്‍ അഹമ്മദിന്റെ നേതൃത്വത്തില്‍ രഹസ്യയോഗം

അനധികൃതമായി പാസ്പോര്‍ട്ട് കൈവശപ്പെടുത്തിയവര്‍ക്കെതിരെയുള്ള നിയമനടപടി ഒഴിവാക്കാന്‍ മലപ്പുറത്തെ ലീഗ് കേന്ദ്രത്തില്‍ ആറുമാസം മുമ്പ് കേന്ദ്രമന്ത്രി ഇ അഹമ്മദിന്റെ നേതൃത്വത്തില്‍ രഹസ്യയോഗം ചേര്‍ന്നു. നടപടി ഒഴിവാക്കാന്‍ വിദേശകാര്യ ജോയിന്റ്സെക്രട്ടറിയായ ചീഫ് പാസ്പോര്‍ട്ട് ഓഫീസര്‍ ഉത്തരവ് ഇറക്കുന്നതിനുമുമ്പായിരുന്നു ഇത്. ചീഫ് പാസ്പോര്‍ട്ട് ഓഫീസറും മലപ്പുറം, കോഴിക്കോട് റീജണല്‍ പാസ്പോര്‍ട്ട് ഓഫീസര്‍മാരും യോഗത്തില്‍ പങ്കെടുത്തു. ചില പാസ്പോര്‍ട്ട് കേസുകളില്‍ പിടിയിലായവരില്‍നിന്ന് പണവും മദ്യവും കൈക്കൂലി വാങ്ങിയ ഡിവൈഎസ്പിയെയും യോഗത്തിലേക്ക് വിളിപ്പിച്ചതായും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

2012 ഡിസംബര്‍ 12നാണ് മലപ്പുറത്ത് യോഗം വിളിച്ച് നിയമവിരുദ്ധ ഉത്തരവ് ഇറക്കിയത്. വ്യാജ പാസ്പോര്‍ട്ട് പിടിച്ച സംഭവത്തില്‍ നടപടിയൊഴിവാക്കാന്‍ നിയമം ലംഘിച്ച് ചീഫ് പാസ്പോര്‍ട്ട് ഓഫീസര്‍ മുക്തേഷ്കുമാര്‍ പര്‍ദേശി ഇറക്കിയ ഉത്തരവ് കേസന്വേഷിക്കുന്ന സിബിഐ സംഘത്തിനു ലഭിച്ചിരുന്നു. ഉത്തരവ് വിദേശകാര്യ സഹമന്ത്രി ഇ അഹമ്മദിന്റെ ഒത്താശയോടെയാണെന്നും സൂചനയുണ്ടായിരുന്നു. കേസില്‍ ചീഫ് പാസ്പോര്‍ട്ട് ഓഫീസറും പ്രതിയാകുമെന്ന് സിബിഐ വൃത്തങ്ങള്‍ സൂചിപ്പിച്ചു. വ്യാപകമായി മനുഷ്യക്കടത്ത് നടക്കുന്നതായുള്ള വിവരങ്ങള്‍ പുറത്തുവരുന്നതിനിടെയാണ് വ്യാജ പാസ്പോര്‍ട്ടുകള്‍ തിരികെ നല്‍കാന്‍ നടപടിയായത്. മലപ്പുറത്തെ പാസ്പോര്‍ട്ട് ഓഫീസര്‍ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുടെ മുന്‍ ഗണ്‍മാന്‍ അബ്ദുള്‍ റഷീദിനെതിരെ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡിലാണ് വ്യാജ പാസ്പോര്‍ട്ട് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്

പാസ്പോര്‍ട്ട് ഓഫീസര്‍ക്ക് മലപ്പുറത്ത് 18 ബാങ്ക് അക്കൗണ്ട്

കൊച്ചി: മലപ്പുറം പാസ്പോര്‍ട്ട് ഓഫീസര്‍ കെ അബ്ദുള്‍റഷീദിന് മലപ്പുറം മേഖലയില്‍ 18 ബാങ്ക് അക്കൗണ്ടുകള്‍. ഈ അക്കൗണ്ടുകള്‍ മുഴുവന്‍ സിബിഐ നിര്‍ദേശപ്രകാരം മരവിപ്പിച്ചു. ദുരൂഹമായ പല ഇടപാടുകളും ഇവയില്‍ നടന്നതായാണ് സൂചന. ഇതുസംബന്ധിച്ച് പരിശോധന നടക്കുകയാണെന്നും അന്വേഷണസംഘം വ്യക്തമാക്കി. അതേസമയം യോഗ്യതകുറഞ്ഞ ഇദ്ദേഹത്തിന് എങ്ങിനെ പാസ്പോര്‍ട്ട് ഓഫീസറായി നിയമനം ലഭിച്ചു എന്നതില്‍ വ്യക്തതവരുത്താന്‍ കേന്ദ്രസര്‍ക്കാരിനെ സമീപിക്കാനും സിബിഐ തീരുമാനിച്ചു.

വ്യവസായമന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുടെ മുന്‍ ഗണ്‍മാനാണ് അബ്ദുള്‍റഷീദ്. അണ്ടര്‍ സെക്രട്ടറി പദവിയിലുള്ളവരെയാണ് പാസ്പോര്‍ട്ട് ഓഫീസര്‍മാരാക്കുക എന്നിരിക്കെ ഡിവൈഎസ്പി റാങ്കിലുള്ള റഷീദിന്റെ നിയമനം സംബന്ധിച്ച് വ്യക്തതവരുത്തുന്നതിന് വിദേശ മന്ത്രാലയത്തിന് സിബിഐ കത്തയക്കും. രാജ്യത്ത് മറ്റെങ്ങും ഇത്തരത്തില്‍ നിയമനം നടത്തിയിട്ടില്ലാത്ത സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ മറുപടിക്ക് ഏറെ പ്രസക്തിയുണ്ട്. നിയമനത്തില്‍ വിദേശ സഹമന്ത്രി ഇ അഹമ്മദിന്റെ ഇടപെടല്‍ ഉണ്ടായതായി ആക്ഷേപവുമുണ്ട്. കരിപ്പൂര്‍ വിമാനത്താവളത്തിലെ എമിഗ്രേഷന്‍വിഭാഗം പാസ്പോര്‍ട്ടില്‍ ക്രമക്കേട് കണ്ടെത്തിയിട്ടും ഇതില്‍ തുടര്‍നടപടി സ്വീകരിക്കാതെ ഉടമകള്‍ക്ക് പാസ്പോര്‍ട്ട് തിരികെ നല്‍കിയെന്ന പരാതിയെത്തുടര്‍ന്ന് പാസ്പോര്‍ട്ട് ഓഫീസില്‍ നടത്തിയ റെയ്ഡില്‍ വന്‍ ക്രമക്കേടുകളാണ് അന്വേഷണസംഘം കണ്ടെത്തിയത്. 2,35,000 രൂപയും കണ്ടെത്തിയിരുന്നു.

deshabhimani

സാമൂഹ്യനീതി ഉറപ്പാക്കാന്‍ ഇടതുപക്ഷ ബദല്‍നയം

ഇടതുപക്ഷപാര്‍ടികള്‍ മുന്നോട്ടുവച്ച ബദല്‍നയത്തിന്റെ കാതല്‍ പത്ത് വിഷയങ്ങള്‍. സാമ്പത്തിക-സാമൂഹ്യ-രാഷ്ട്രീയ വിഷയങ്ങളാണ് ബദല്‍നയത്തിലുള്ളത്. ഈ വിഷയങ്ങളിലാണ് ഇടതുപക്ഷം ജനാധിപത്യ- മതനിരപേക്ഷ കക്ഷികളുടെ പിന്തുണ തേടുന്നത്.

1. ഭൂപരിഷ്കരണം നടപ്പാക്കുക. മിച്ചഭൂമി ഭൂരഹിതര്‍ക്ക് നല്‍കുക. എല്ലാവര്‍ക്കും വീടുവയ്ക്കാനുള്ള ഭൂമി നല്‍കുക. ബലംപ്രയോഗിച്ചുള്ള ഭൂമി ഏറ്റെടുക്കല്‍ അവസാനിപ്പിക്കുക. സ്വാമിനാഥന്‍ കമീഷന്‍ ശുപാര്‍ശപ്രകാരം കര്‍ഷകര്‍ക്ക് ന്യായവില നല്‍കുക. കുറഞ്ഞ പലിശയ്ക്ക് വായ്പ ലഭ്യമാക്കുക.

2. പശ്ചാത്തലസൗകര്യ വികസനം വര്‍ധിപ്പിക്കുക. കൂടുതല്‍ തൊഴില്‍ ലഭ്യമാക്കുന്ന നിര്‍മാണ വ്യവസായങ്ങളും മറ്റും പ്രോത്സാഹിപ്പിക്കുക. ഖനിജ- എണ്ണ വിഭവങ്ങള്‍ ദേശസാല്‍ക്കരിക്കുക.

3. നികുതിപിരിവിലെ പഴുതടച്ച് ന്യായമായ എല്ലാ നികുതിയും പിരിച്ചെടുക്കുക. ഊഹാധിഷ്ഠിത ധനമൊഴുക്കിന് നിയന്ത്രണം ഏര്‍പ്പെടുത്തുക. ധനമേഖല വിദേശനിക്ഷേപത്തിന് തുറന്നുകൊടുക്കാതിരിക്കുക. ചില്ലറവില്‍പ്പന മേഖലയില്‍ വിദേശനിക്ഷേപം അരുത്.

4. സാര്‍വത്രിക പൊതുവിതരണസമ്പ്രദായം ഏര്‍പ്പെടുത്തുക. എല്ലാ കുടുംബത്തിനും 35 കിലോ ഭക്ഷ്യധാന്യം കിലോയ്ക്ക് രണ്ടു രൂപ നിരക്കില്‍ നല്‍കുക. ഇത് ഉറപ്പാക്കാന്‍ ഭക്ഷ്യസുരക്ഷാ ബില്‍ പാസാക്കുക.

5. മതവും രാഷ്ട്രവും തമ്മിലുള്ള വേര്‍തിരിവ് അടിസ്ഥാനനയമായുള്ള മതനിരപേക്ഷതയ്ക്കായി നിലകൊള്ളുക. വര്‍ഗീയശക്തികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുക.

6. ആരോഗ്യത്തിനും വിദ്യാഭ്യാസത്തിനും ബജറ്റില്‍ കൂടുതല്‍ തുക വകയിരുത്തുക. സ്വകാര്യവല്‍ക്കരണം തടയുക. വിദ്യാഭ്യാസ അവകാശനിയമം നടപ്പാക്കുമെന്ന് ഉറപ്പുവരുത്തുക.

7. ഉന്നതമേഖലയിലെ അഴിമതി തടയാന്‍ കര്‍ക്കശ നടപടി സ്വീകരിക്കുക. അന്വേഷണത്തിന് സ്വതന്ത്രചുമതലയുള്ള ലോക്പാല്‍ നിയമം പാസാക്കുക. തെരഞ്ഞെടുപ്പുപരിഷ്കരണം നടപ്പാക്കുക.

8. എല്ലാ മേഖലയിലും വനിതകള്‍ക്ക് തുല്യത ഉറപ്പാക്കുക. പാര്‍ലമെന്റിലും നിയമസഭകളിലും മൂന്നിലൊന്ന് സീറ്റ് വനിതകള്‍ക്ക് സംവരണംചെയ്യുക. ദളിതരുടെ അവകാശം സംരക്ഷിക്കുക. സ്വകാര്യമേഖലയിലും പട്ടികജാതി- വര്‍ഗ സംവരണം ഏര്‍പ്പെടുത്തുക. ന്യൂനപക്ഷങ്ങള്‍ക്ക് സംവരണം ശുപാര്‍ശചെയ്യുന്ന രംഗനാഥ മിശ്ര കമീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുക. ആദിവാസിക്ഷേമം ഉറപ്പാക്കുന്ന ഭരണഘടനയിലെ അഞ്ചും ആറും ഷെഡ്യൂളും സംരക്ഷിക്കുക.

9. തൊഴിലാളികളുടെ അവകാശം സംരക്ഷിക്കുക. മിനിമംകൂലിയും സാമൂഹ്യസുരക്ഷയും ഉറപ്പാക്കുക. തൊഴില്‍രംഗത്തെ കരാര്‍വല്‍ക്കരണവും കാഷ്വല്‍ സമ്പ്രദായവും അവസാനിപ്പിക്കുക.

10. സ്വതന്ത്ര വിദേശനയം അംഗീകരിക്കുക.

deshabhimani

ശാലുവിന്റെ വീട്ടില്‍ തിരുവഞ്ചൂര്‍ രണ്ടു മണിക്കൂര്‍ ചെലവിട്ടു

സോളാര്‍ തട്ടിപ്പില്‍ ആരോപണവിധേയയായ ശാലുമേനോന്റെ വീട്ടില്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ രണ്ടു മണിക്കൂര്‍ ചെലവിട്ടതായി പുറത്തുവന്നു. തങ്ങള്‍ ക്ഷണിച്ച പ്രകാരമാണ് മന്ത്രി വീട്ടിലെത്തിയതെന്നും സന്ദര്‍ശനകാര്യം മുന്‍കൂട്ടി അറിയിച്ചതായും ശാലുവിന്റെ അമ്മ കലാ വേണുഗോപാല്‍ വ്യക്തമാക്കിയതോടെ തിരുവഞ്ചൂര്‍ എന്തൊക്കെയോ ഒളിക്കുന്നുവെന്ന സംശയം ബലപ്പെടുന്നു. ശാലുമേനോനെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്തെങ്കിലും അറസ്റ്റുചെയ്തിട്ടില്ല. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഇടപെട്ടാണ് അറസ്റ്റ് ഒഴിവാക്കിയതെന്നാണ് ആക്ഷേപം. അതിനിടെയാണ് ശാലുവിന്റെ വീട്ടില്‍ യാദൃശ്ചികമായാണ് എത്തിയതെന്ന വിശദീകരണവുമായി തിരുവഞ്ചൂര്‍ രംഗത്തുവന്നത്. ശാലുവിന്റെ അമ്മ പീപ്പിള്‍ ചാനലിന് നല്‍കിയ വെളിപ്പെടുത്തലിലാണ് തിരുവഞ്ചൂരിന്റെ വാദം പൊളിച്ചത്. "തിരുവഞ്ചൂരിന്റെ കുടുംബവുമായി അടുത്ത ബന്ധമാണുള്ളത്. ഞങ്ങള്‍ ക്ഷണിച്ചിട്ടാണ് അദ്ദേഹം വീട്ടിലെത്തിയത്. നാലുമണിക്കായിരുന്നു ഗൃഹപ്രവേശന ചടങ്ങ്. എന്നാല്‍, ഉച്ചയായപ്പോള്‍ അദ്ദേഹം വന്നു."- അവര്‍ പറഞ്ഞു. ഗൃഹപ്രവേശന ചടങ്ങില്‍ 900 ഫോട്ടോകളെടുത്തതായും കലാ വേണുഗോപാല്‍ പറഞ്ഞു. ഒരു ഫോട്ടോയും നഷ്ടപ്പെടുത്തരുതെന്ന് ഫോട്ടോഗ്രാഫറോട് പ്രത്യേകം പറഞ്ഞതായും കല ചാനലിനോട് പ്രതികരിച്ചു. യാദൃശ്ചികമായി ശാലുവിന്റെ വീട്ടില്‍ കയറിയെന്ന തിരുവഞ്ചൂരിന്റെ വാദം കള്ളമെന്ന് ഇതോടെ തെളിയുകയാണ്.

2013 ഏപ്രില്‍ 28നായിരുന്നു ശാലുവിന്റെ ഗൃഹപ്രവേശം. അന്ന് പകല്‍ രണ്ടിനായിരുന്നു അമൃതാനന്ദമയീമഠത്തിലെ പരിപാടി. ഉദ്ഘാടനസമയം കഴിഞ്ഞിട്ടും തിരുവഞ്ചൂര്‍ എത്താത്തതിനെതുടര്‍ന്ന് സംഘാടകര്‍ അന്വേഷിച്ചപ്പോള്‍ മന്ത്രി കോട്ടയത്തു നിന്നും ചങ്ങനാശേരിയിലേക്കുള്ള യാത്രയില്‍ ചിങ്ങവനം കഴിഞ്ഞെന്ന അറിയിപ്പാണ് ലഭിച്ചത്. അതേസമയം, പകല്‍ രണ്ടിനാണ് തിരുവഞ്ചൂര്‍ തങ്ങളുടെ വീട്ടിലെത്തിയതെന്നാണ് ശാലുവിന്റെ അമ്മ സ്ഥിരീകരിച്ചത്. മഠത്തിന്റെ പരിപാടിക്ക് മന്ത്രി എത്തിയത് വൈകിട്ട് അഞ്ചിനു ശേഷമാണെന്ന് സംഘാടകര്‍ ഉറപ്പിച്ചുപറയുന്നു. പകല്‍ രണ്ടിനും അഞ്ചിനുമിടയില്‍ തിരുവഞ്ചൂര്‍ മറ്റൊരു പരിപാടിയും ഏറ്റിട്ടില്ല. മന്ത്രി ശാലുവിന്റെ വീട്ടിലെത്തിയപ്പോള്‍ ബിജു രാധാകൃഷ്ണനും ഉണ്ടായിരുന്നുവെന്നാണ് ആരോപണം. ശാലുവിന്റെ നൃത്തവിദ്യാലയത്തിലെ കുട്ടികള്‍ക്ക് അവാര്‍ഡു നല്‍കിയാണ് തിരുവഞ്ചൂര്‍ മടങ്ങിയത്. എംസി റോഡിലൂടെ മന്ത്രിയുടെ വാഹനം വരുമ്പോള്‍ ശാലുവിന്റെ വീട്ടിലെ ചടങ്ങില്‍ പങ്കെടുക്കുകയായിരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റോഡില്‍ നിന്ന് കൈ കാണിച്ച് കാര്‍ നിര്‍ത്തിച്ചെന്നാണ് തിരുവഞ്ചൂര്‍ പറയുന്നത്. എംസി റോഡില്‍ പെരുന്ന എന്‍എസ്എസ് കോളേജിന് മുന്നില്‍ നിന്നും ഹിദായത്ത് റോഡില്‍ പ്രവേശിച്ച് അവിടെ നിന്നും വീണ്ടും ഇടത്തേക്ക് തിരിഞ്ഞ് 50 മീറ്റര്‍ ഉള്ളിലാണ് ശാലുവിന്റെ വീട്. ഇവിടെ നിന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എങ്ങനെയാണ് എംസി റോഡിലൂടെ പോവുകയായിരുന്ന മന്ത്രിയുടെ കാറ് കണ്ടതെന്നാണ് ചോദ്യം ഉയരുന്നത്.

സരിത തട്ടിപ്പുകാരിയെന്ന് 2 വര്‍ഷം മുമ്പെ അറിയിച്ചു

ടീം സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതി സരിത എസ് നായര്‍ തട്ടിപ്പുകാരിയാണെന്ന് രണ്ട് വര്‍ഷം മുമ്പ് തന്നെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ അറിയിച്ചതായി സുരക്ഷാ ചുമതലയുളള വനിതാ സിവില്‍ പൊലീസ് ഓഫീസര്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കി. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഏറ്റവും വിശ്വസ്തയായ പൊലീസുകാരി എന്ന നിലയില്‍ മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതലയില്‍ ഉള്‍പ്പെടുത്തിയ ഷീജാ ദാസാണ് ഞെട്ടിക്കുന്ന ഈ വിവരം പൊലീസിന് കൈമാറിയത്. ഇതോടെ സരിതയെ മുന്‍കൂട്ടി മനസ്സിലാക്കിയിരുന്നില്ലെന്ന മുഖ്യമന്ത്രിയുടേയും ഓഫീസിലെ മറ്റ് ഉന്നതരുടെയും കള്ളക്കഥ പൊളിഞ്ഞു. ജോപ്പന് പുറമെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ദിനേശ് ശര്‍മ, പ്രൈവറ്റ് സെക്രട്ടറി പി എസ് ശ്രീകുമാര്‍, പൊളിറ്റിക്കല്‍ സെക്രട്ടറി കെ എസ് വാസുദേവ ശര്‍മ, സ്പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറി സി എന്‍ രാജേന്ദ്രപ്രസാദ്, അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ആര്‍ കെ ബാലകൃഷ്ണന്‍ എന്നിവരോടാണ് ഷീജാദാസ് സരിതയെന്ന തട്ടിപ്പുകാരിയെ കുറിച്ച് വിശദമായി സംസാരിച്ചത്.

എല്‍ഡിഎഫ് ഭരണകാലത്ത് തട്ടിപ്പുകേസില്‍ അകത്തായ സരിതയ്ക്ക് സര്‍ക്കാര്‍ എതിര്‍ത്തതിനാല്‍ ജാമ്യവും പരോളും കിട്ടിയിരുന്നില്ല. ഗര്‍ഭിണിയായിരുന്ന ഇവരെ 2010ല്‍ തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്ക് കൊണ്ടുപോയപ്പോള്‍ എസ്കോര്‍ട്ട് ഡ്യൂട്ടിക്കായി ഷീജയെ നിയോഗിച്ചിരുന്നു. പ്രസവ സമയത്തും എസ്എടി ആശുപത്രിയില്‍ ഇവര്‍ ഡ്യൂട്ടിയിലായിരുന്നു. സരിതയുടെ തട്ടിപ്പുകഥകള്‍ അന്ന് തന്നെ ഇവര്‍ക്കറിയാമായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ സരിത ഔദ്യോഗിക പരിവേഷത്തില്‍ നിത്യസന്ദര്‍ശകയായതോടെയാണ് ഷീജ പഴയ തട്ടിപ്പ് കഥകള്‍ ബന്ധപ്പെട്ടവരെ അറിയിച്ചത്. ഷീജയുടെ മൊഴിയുടെ കൂടി അടിസ്ഥാനത്തിലാണ് ടെന്നി ജോപ്പനെ അറസ്റ്റുചെയ്തത്. സരിത തട്ടിപ്പുകാരിയാണെന്ന് ജീവനക്കാര്‍ അറിയിച്ചിട്ടും സരിതയുമായി ബന്ധം തുടര്‍ന്നെന്ന് ജോപ്പന്റെ റിമാന്‍റ് റിപ്പോര്‍ട്ടില്‍ പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. ഷീജയുടെ മൊഴി അനുസരിച്ചാണ് ഇത്. ഈ മൊഴി അനുസരിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉയര്‍ന്ന ജീവനക്കാരെല്ലാം കുറ്റക്കാരാണ്. പ്രൈവറ്റ് സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ അറിഞ്ഞതിനാല്‍ വിവരം മുഖ്യമന്ത്രിയെയും അറിയിച്ചിട്ടുണ്ടാകുമെന്ന് ഉറപ്പ്. എന്നിട്ടും സരിതയെ അറിയില്ലെന്ന് പറയുന്നത് കള്ളമാണെന്ന് ഇതോടെ കൂടുതല്‍ വ്യക്തമായി. ഷീജാദാസ് ഇങ്ങിനെ മൊഴി നല്‍കിയിട്ടും അന്വേഷണ സംഘം പ്രൈവറ്റ് സെക്രട്ടറി ഉള്‍പ്പെടെയുള്ള ഉന്നതരില്‍ നിന്നും മൊഴി എടുക്കുക പോലും ചെയ്തില്ല. മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും ഓഫീസ് ചുമതല പ്രൈവറ്റ് സെക്രട്ടറിമാര്‍ക്കാണ്. ചുമതലക്കാരന്‍ എന്ന നിലയില്‍ പ്രൈവറ്റ് സെക്രട്ടറിയെ ചോദ്യം ചെയ്തില്ലെന്നതില്‍ നിന്നും തട്ടിപ്പ് വ്യക്തമാണ്. ഗവ. ചീഫ് വിപ്പ് സൂചിപ്പിക്കുന്നത് പോലെ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരെ ചോദ്യം ചെയ്യേണ്ടി വരുമെന്നതിനുള്ള വ്യക്തമായ മൊഴിയാണ് ഷീജാദാസിന്റേത്.

"സന്തോഷം പങ്കിടല്\" മുഖ്യമന്ത്രിയുടെ ഓഫീസിലും

അമ്പരപ്പിക്കുന്ന അഴിമതി ഇടപാടുകളില്‍ മുങ്ങിയ മുഖ്യമന്ത്രിയുടെ ഓഫീസ് അനാശാസ്യകേന്ദ്രവുമായി. 40 ലക്ഷം രൂപ ഒപ്പിച്ചുകൊടുത്തതിന്റെ സന്തോഷം അടക്കാനാകാതെ സരിത തന്നെ കെട്ടിപ്പിടിച്ചു ചുംബിച്ചു എന്നാണ് ടെന്നി ജോപ്പന്റെ മൊഴി. മുഖ്യമന്ത്രിയുടെ ഓഫീസിനുള്ളില്‍വച്ചാണ് ഇരുവരും സന്തോഷം പങ്കിട്ടത്. സംസ്ഥാനത്തെയാകെ നാണംകെടുത്തി യുഡിഎഫ് സര്‍ക്കാര്‍ സെക്രട്ടറിയറ്റ് അനാശാസ്യപ്രവര്‍ത്തനത്തിനും തുറന്നുകൊടുത്തു എന്നാണിത് കാണിക്കുന്നത്. മുഖ്യമന്ത്രിയിലും മന്ത്രിമാരിലും വന്‍സ്വാധീനം ചെലുത്തിയ സരിതയ്ക്കുമുമ്പില്‍ സെക്രട്ടറിയറ്റിന്റെ എല്ലാ കവാടങ്ങളും തുറന്നുകിടന്നു. എപ്പോഴും വരാം, പോകാം. സന്ദര്‍ശകര്‍ വിധേയരാകുന്ന ഒരു പരിശോധനയും സരിത നേരിടേണ്ടിവന്നില്ല. സന്ദര്‍ശകര്‍ക്ക് മൂന്നു മണിമുതലാണ് പ്രവേശനമെങ്കില്‍ സരിതയ്ക്ക് സമയം ബാധകമായിരുന്നില്ല. പിആര്‍ഡിയുടെ വാഹനമുള്‍പ്പെടെ സര്‍ക്കാര്‍ വാഹനങ്ങളില്‍ സരിത കറങ്ങി. അതിഗാഢമായ ബന്ധം മുഖ്യമന്ത്രിയുടെ ഓഫീസുമായി സ്ഥാപിച്ചാണ് സരിത കോടിക്കണക്കിനു രൂപ തട്ടിയെടുത്തത്. അഞ്ചുകോടിക്ക് ഉറപ്പിച്ച കരാറിന്റെ കൈമടക്കായി 40 ലക്ഷം കൈപ്പറ്റിയതിനാണ് ജോപ്പനെതിരെ കേസ്. മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ചാണ് താന്‍ സോളാര്‍ പദ്ധതി ഇടപാടില്‍ 40 ലക്ഷം രൂപ കൈമാറിയതെന്ന് പരാതിക്കാരന്‍ ശ്രീധരന്‍നായര്‍ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. പണംതട്ടിപ്പിന് കേസെടുത്ത പൊലീസ് സെക്രട്ടറിയറ്റും മുഖ്യമന്ത്രിയുടെ ഓഫീസും വഴിവിട്ട ബന്ധത്തിന് താവളമാക്കിയത് കുറ്റമായി കാണുന്നില്ല. ഭരണസിരാകേന്ദ്രത്തിനുള്ളില്‍ ആഹ്ലാദത്തിമിര്‍പ്പും കെട്ടിപ്പിടുത്തവും ചുംബനവും നടന്നതേ ഉപജാപകസംഘത്തിലൊരാള്‍ പുറത്തുവിട്ടിട്ടുള്ളൂ. അന്തഃപ്പുര രഹസ്യങ്ങള്‍ ഇനിയുമെത്രയോ ബാക്കി.

മുഖ്യമന്ത്രിയായതുമുതല്‍ ഉമ്മന്‍ചാണ്ടിയെ സദാ ചുറ്റിപ്പറ്റി നില്‍ക്കുന്ന ഉപജാപകവൃന്ദം സെക്രട്ടറിയറ്റ് അഴിഞ്ഞാട്ടത്തിന്റെ ആസ്ഥാനമന്ദിരമാക്കി. സരിത എളുപ്പത്തില്‍ ഇവിടെ വേരുറപ്പിച്ചു. പതിയെ മുഖ്യമന്ത്രിയുടെ ഓഫീസ് സോളാര്‍ തട്ടിപ്പിന്റെ ആസ്ഥാനമാക്കി. ഇവിടേക്ക് വരുത്തിയാണ് ഇരകളെ വീഴ്ത്തിയത്. കോണ്‍ഗ്രസ് നേതാവിനെ ഉള്‍പ്പെടെ ചതിയില്‍ പെടുത്താന്‍ ഉമ്മന്‍ചാണ്ടിക്ക് ഏറ്റവും പ്രിയപ്പെട്ട അനുചരന്മാര്‍ മടിച്ചില്ല. അത്രയ്ക്കുണ്ടായിരുന്നു സരിതയുടെ സ്വാധീനശക്തി. സരിതയെച്ചൊല്ലി മുഖ്യമന്ത്രിയുടെ ഓഫീസിലെ സഹപ്രവര്‍ത്തകര്‍ തമ്മിലടിക്കുന്നതില്‍വരെ എത്തിയിട്ടും ആരും ഇടപെട്ടില്ല. സരിതയെക്കുറിച്ച് രണ്ടുവര്‍ഷം മുമ്പ് ചില പൊലീസുകാര്‍ മുന്നറിയിപ്പ് നല്‍കിയെങ്കിലും മുഖ്യമന്ത്രിയും ഓഫീസും അതും തള്ളി. സരിത ക്ലിഫ്ഹൗസിലും കയറിയിറങ്ങിയതായി സൂചനയുണ്ട്. എന്നാല്‍, അന്വേഷണസംഘം ഈ വഴിക്ക് നീങ്ങിയിട്ടില്ല. ഗണ്‍മാന്‍ സലിംരാജും ജോപ്പനും ക്ലിഫ്ഹൗസിലെ ലാന്‍ഡ്ഫോണില്‍നിന്ന് നിരന്തരം സരിതയെ വിളിച്ചത് അന്വേഷണസംഘം സ്ഥിരീകരിച്ചു. എന്നാല്‍, സരിതയുടെ വരവുംപോക്കും സംബന്ധിച്ച് അന്വേഷണമില്ല. ഉമ്മന്‍ചാണ്ടിയുടെ പുതുപ്പള്ളിയിലെ വീട്ടിലും സരിത പലവട്ടം വന്നെന്നും അദ്ദേഹം ചെയര്‍മാനായ ട്രസ്റ്റിന് അഞ്ചുലക്ഷം രൂപ സംഭാവന നല്‍കിയെന്നും വാര്‍ത്ത വന്നിട്ടുണ്ട്.

deshabhimani

രാജിവച്ചില്ലെങ്കില്‍ നാണംകെട്ട് ഇറങ്ങേണ്ടിവരും: പിണറായി

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇപ്പോള്‍ രാജിവച്ചില്ലെങ്കില്‍ നാണംകെട്ട് ഇറങ്ങിപ്പോകേണ്ടി വരുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടിക്ക് അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ലെന്ന് കേരളം അംഗീകരിച്ചു കഴിഞ്ഞു. കൂടുതല്‍ കൂടുതല്‍ കുഴപ്പത്തിലേക്കാണ് ഉമ്മന്‍ചാണ്ടി നീങ്ങുന്നത്. തലസ്ഥാന ജില്ലയോടുള്ള അവഗണനയ്ക്കെതിരെ എല്‍ഡിഎഫ് ജില്ലാ കമ്മിറ്റി പാളയം രക്തസാക്ഷിമണ്ഡപത്തില്‍ സംഘടിപ്പിച്ച അനിശ്ചിതകാല സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി.

പിടിച്ചുനില്‍ക്കാന്‍ വല്ലാത്ത ശ്രമങ്ങള്‍ നടത്തുകയാണ് ഉമ്മന്‍ചാണ്ടി. അതിന് ഒരു പിന്തുണയും ലഭിക്കുന്നില്ല. കൂടുതല്‍ തെളിവുപുറത്തുവരുന്ന സാഹചര്യത്തില്‍ ഉമ്മന്‍ചാണ്ടി രാജിവച്ചേ പറ്റൂ. അതിന് തയ്യാറായില്ലെങ്കില്‍ എല്‍ഡിഎഫ് കൂടുതല്‍ ശക്തമായ പ്രക്ഷോഭങ്ങളിലേക്ക് നീങ്ങും. കേരളത്തില്‍ സര്‍ക്കാരില്ലാത്ത അവസ്ഥയാണ്. എപ്പോള്‍ രാജിവച്ച് ഇറങ്ങണമെന്ന പരുവത്തില്‍ നില്‍ക്കുന്ന ഉമ്മന്‍ചാണ്ടിയാണ് ഭരണത്തിന്റെ തലപ്പത്ത്. കടല്‍ക്ഷോഭം വലിയ നാശം വിതച്ച പ്രദേശങ്ങളിലേക്ക് തിരിഞ്ഞുനോക്കുന്നില്ല. സര്‍ക്കാര്‍ ഉണ്ടെങ്കിലല്ലേ ഉദ്യോഗസ്ഥവൃന്ദം അനങ്ങുകയുള്ളൂ. വെള്ളപ്പൊക്കംമൂലം ദുരിതം അനുഭവിക്കുന്ന ജനങ്ങള്‍ക്ക് ആശ്വാസം എത്തിക്കാനും സര്‍ക്കാരിന് കഴിയുന്നില്ല. ദുരിതാശ്വാസക്യാമ്പുകളിലുള്ളവര്‍ക്ക് ഭക്ഷണംപോലും കൊടുക്കുന്നില്ല. സംസ്ഥാനത്തോട് കേന്ദ്രം കാണിക്കുന്ന അവഗണനയുടെ ഭാഗമാണ് തിരുവനന്തപുരം ജില്ലയിലെ പ്രശ്നങ്ങളും. സംസ്ഥാനങ്ങളുടെ അധികാരങ്ങള്‍ ഒന്നൊന്നായി കവരുകയാണ്. ഇതിനെതിരെ പ്രതികരിക്കാന്‍ യുഡിഎഫ് സര്‍ക്കാരിന് കഴിയുന്നില്ല. കേരളത്തില്‍ ഐഐടി അനുവദിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകുന്നില്ല. വിഴിഞ്ഞം തുറമുഖത്തിന്റെ കാര്യത്തില്‍ കുറ്റകരമായ അനാസ്ഥയാണ് കാട്ടുന്നത്. രാജ്യത്തിന് വലിയ നേട്ടമായി മാറാവുന്ന വിഴിഞ്ഞംപദ്ധതിക്ക് തുരങ്കം വയ്ക്കുകയാണ്. പദ്ധതി നടപ്പാക്കരുതെന്ന നിലപാടാണ് കേന്ദ്രത്തിന്റേത്. സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് കേന്ദ്രസമീപനത്തിന് ബലംപകരുന്നു. കേന്ദ്രമന്ത്രിസഭയില്‍ കേരളത്തില്‍നിന്ന് എണ്ണിയാല്‍ തീരാത്തവിധം മന്ത്രിമാര്‍ ഉണ്ടെങ്കിലും അതിന്റെ പ്രയോജനം നാടിന് ലഭിക്കുന്നില്ലെന്നും പിണറായി പറഞ്ഞു.

deshabhimani