സോളാര്‍ തട്ടിപ്പില്‍ ആരോപണവിധേയയായ ശാലുമേനോന്റെ വീട്ടില്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ രണ്ടു മണിക്കൂര്‍ ചെലവിട്ടതായി പുറത്തുവന്നു. തങ്ങള്‍ ക്ഷണിച്ച പ്രകാരമാണ് മന്ത്രി വീട്ടിലെത്തിയതെന്നും സന്ദര്‍ശനകാര്യം മുന്‍കൂട്ടി അറിയിച്ചതായും ശാലുവിന്റെ അമ്മ കലാ വേണുഗോപാല്‍ വ്യക്തമാക്കിയതോടെ തിരുവഞ്ചൂര്‍ എന്തൊക്കെയോ ഒളിക്കുന്നുവെന്ന സംശയം ബലപ്പെടുന്നു. ശാലുമേനോനെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്തെങ്കിലും അറസ്റ്റുചെയ്തിട്ടില്ല. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഇടപെട്ടാണ് അറസ്റ്റ് ഒഴിവാക്കിയതെന്നാണ് ആക്ഷേപം. അതിനിടെയാണ് ശാലുവിന്റെ വീട്ടില്‍ യാദൃശ്ചികമായാണ് എത്തിയതെന്ന വിശദീകരണവുമായി തിരുവഞ്ചൂര്‍ രംഗത്തുവന്നത്. ശാലുവിന്റെ അമ്മ പീപ്പിള്‍ ചാനലിന് നല്‍കിയ വെളിപ്പെടുത്തലിലാണ് തിരുവഞ്ചൂരിന്റെ വാദം പൊളിച്ചത്. "തിരുവഞ്ചൂരിന്റെ കുടുംബവുമായി അടുത്ത ബന്ധമാണുള്ളത്. ഞങ്ങള്‍ ക്ഷണിച്ചിട്ടാണ് അദ്ദേഹം വീട്ടിലെത്തിയത്. നാലുമണിക്കായിരുന്നു ഗൃഹപ്രവേശന ചടങ്ങ്. എന്നാല്‍, ഉച്ചയായപ്പോള്‍ അദ്ദേഹം വന്നു."- അവര്‍ പറഞ്ഞു. ഗൃഹപ്രവേശന ചടങ്ങില്‍ 900 ഫോട്ടോകളെടുത്തതായും കലാ വേണുഗോപാല്‍ പറഞ്ഞു. ഒരു ഫോട്ടോയും നഷ്ടപ്പെടുത്തരുതെന്ന് ഫോട്ടോഗ്രാഫറോട് പ്രത്യേകം പറഞ്ഞതായും കല ചാനലിനോട് പ്രതികരിച്ചു. യാദൃശ്ചികമായി ശാലുവിന്റെ വീട്ടില്‍ കയറിയെന്ന തിരുവഞ്ചൂരിന്റെ വാദം കള്ളമെന്ന് ഇതോടെ തെളിയുകയാണ്.
2013 ഏപ്രില്‍ 28നായിരുന്നു ശാലുവിന്റെ ഗൃഹപ്രവേശം. അന്ന് പകല്‍ രണ്ടിനായിരുന്നു അമൃതാനന്ദമയീമഠത്തിലെ പരിപാടി. ഉദ്ഘാടനസമയം കഴിഞ്ഞിട്ടും തിരുവഞ്ചൂര്‍ എത്താത്തതിനെതുടര്‍ന്ന് സംഘാടകര്‍ അന്വേഷിച്ചപ്പോള്‍ മന്ത്രി കോട്ടയത്തു നിന്നും ചങ്ങനാശേരിയിലേക്കുള്ള യാത്രയില്‍ ചിങ്ങവനം കഴിഞ്ഞെന്ന അറിയിപ്പാണ് ലഭിച്ചത്. അതേസമയം, പകല്‍ രണ്ടിനാണ് തിരുവഞ്ചൂര്‍ തങ്ങളുടെ വീട്ടിലെത്തിയതെന്നാണ് ശാലുവിന്റെ അമ്മ സ്ഥിരീകരിച്ചത്. മഠത്തിന്റെ പരിപാടിക്ക് മന്ത്രി എത്തിയത് വൈകിട്ട് അഞ്ചിനു ശേഷമാണെന്ന് സംഘാടകര്‍ ഉറപ്പിച്ചുപറയുന്നു. പകല്‍ രണ്ടിനും അഞ്ചിനുമിടയില്‍ തിരുവഞ്ചൂര്‍ മറ്റൊരു പരിപാടിയും ഏറ്റിട്ടില്ല. മന്ത്രി ശാലുവിന്റെ വീട്ടിലെത്തിയപ്പോള്‍ ബിജു രാധാകൃഷ്ണനും ഉണ്ടായിരുന്നുവെന്നാണ് ആരോപണം. ശാലുവിന്റെ നൃത്തവിദ്യാലയത്തിലെ കുട്ടികള്‍ക്ക് അവാര്‍ഡു നല്‍കിയാണ് തിരുവഞ്ചൂര്‍ മടങ്ങിയത്. എംസി റോഡിലൂടെ മന്ത്രിയുടെ വാഹനം വരുമ്പോള്‍ ശാലുവിന്റെ വീട്ടിലെ ചടങ്ങില്‍ പങ്കെടുക്കുകയായിരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റോഡില്‍ നിന്ന് കൈ കാണിച്ച് കാര്‍ നിര്‍ത്തിച്ചെന്നാണ് തിരുവഞ്ചൂര്‍ പറയുന്നത്. എംസി റോഡില്‍ പെരുന്ന എന്‍എസ്എസ് കോളേജിന് മുന്നില്‍ നിന്നും ഹിദായത്ത് റോഡില്‍ പ്രവേശിച്ച് അവിടെ നിന്നും വീണ്ടും ഇടത്തേക്ക് തിരിഞ്ഞ് 50 മീറ്റര്‍ ഉള്ളിലാണ് ശാലുവിന്റെ വീട്. ഇവിടെ നിന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എങ്ങനെയാണ് എംസി റോഡിലൂടെ പോവുകയായിരുന്ന മന്ത്രിയുടെ കാറ് കണ്ടതെന്നാണ് ചോദ്യം ഉയരുന്നത്.
സരിത തട്ടിപ്പുകാരിയെന്ന് 2 വര്‍ഷം മുമ്പെ അറിയിച്ചു
ടീം സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതി സരിത എസ് നായര്‍ തട്ടിപ്പുകാരിയാണെന്ന് രണ്ട് വര്‍ഷം മുമ്പ് തന്നെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ അറിയിച്ചതായി സുരക്ഷാ ചുമതലയുളള വനിതാ സിവില്‍ പൊലീസ് ഓഫീസര്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കി. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഏറ്റവും വിശ്വസ്തയായ പൊലീസുകാരി എന്ന നിലയില്‍ മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതലയില്‍ ഉള്‍പ്പെടുത്തിയ ഷീജാ ദാസാണ് ഞെട്ടിക്കുന്ന ഈ വിവരം പൊലീസിന് കൈമാറിയത്. ഇതോടെ സരിതയെ മുന്‍കൂട്ടി മനസ്സിലാക്കിയിരുന്നില്ലെന്ന മുഖ്യമന്ത്രിയുടേയും ഓഫീസിലെ മറ്റ് ഉന്നതരുടെയും കള്ളക്കഥ പൊളിഞ്ഞു. ജോപ്പന് പുറമെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ദിനേശ് ശര്‍മ, പ്രൈവറ്റ് സെക്രട്ടറി പി എസ് ശ്രീകുമാര്‍, പൊളിറ്റിക്കല്‍ സെക്രട്ടറി കെ എസ് വാസുദേവ ശര്‍മ, സ്പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറി സി എന്‍ രാജേന്ദ്രപ്രസാദ്, അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ആര്‍ കെ ബാലകൃഷ്ണന്‍ എന്നിവരോടാണ് ഷീജാദാസ് സരിതയെന്ന തട്ടിപ്പുകാരിയെ കുറിച്ച് വിശദമായി സംസാരിച്ചത്.
എല്‍ഡിഎഫ് ഭരണകാലത്ത് തട്ടിപ്പുകേസില്‍ അകത്തായ സരിതയ്ക്ക് സര്‍ക്കാര്‍ എതിര്‍ത്തതിനാല്‍ ജാമ്യവും പരോളും കിട്ടിയിരുന്നില്ല. ഗര്‍ഭിണിയായിരുന്ന ഇവരെ 2010ല്‍ തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്ക് കൊണ്ടുപോയപ്പോള്‍ എസ്കോര്‍ട്ട് ഡ്യൂട്ടിക്കായി ഷീജയെ നിയോഗിച്ചിരുന്നു. പ്രസവ സമയത്തും എസ്എടി ആശുപത്രിയില്‍ ഇവര്‍ ഡ്യൂട്ടിയിലായിരുന്നു. സരിതയുടെ തട്ടിപ്പുകഥകള്‍ അന്ന് തന്നെ ഇവര്‍ക്കറിയാമായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ സരിത ഔദ്യോഗിക പരിവേഷത്തില്‍ നിത്യസന്ദര്‍ശകയായതോടെയാണ് ഷീജ പഴയ തട്ടിപ്പ് കഥകള്‍ ബന്ധപ്പെട്ടവരെ അറിയിച്ചത്. ഷീജയുടെ മൊഴിയുടെ കൂടി അടിസ്ഥാനത്തിലാണ് ടെന്നി ജോപ്പനെ അറസ്റ്റുചെയ്തത്. സരിത തട്ടിപ്പുകാരിയാണെന്ന് ജീവനക്കാര്‍ അറിയിച്ചിട്ടും സരിതയുമായി ബന്ധം തുടര്‍ന്നെന്ന് ജോപ്പന്റെ റിമാന്‍റ് റിപ്പോര്‍ട്ടില്‍ പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. ഷീജയുടെ മൊഴി അനുസരിച്ചാണ് ഇത്. ഈ മൊഴി അനുസരിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉയര്‍ന്ന ജീവനക്കാരെല്ലാം കുറ്റക്കാരാണ്. പ്രൈവറ്റ് സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ അറിഞ്ഞതിനാല്‍ വിവരം മുഖ്യമന്ത്രിയെയും അറിയിച്ചിട്ടുണ്ടാകുമെന്ന് ഉറപ്പ്. എന്നിട്ടും സരിതയെ അറിയില്ലെന്ന് പറയുന്നത് കള്ളമാണെന്ന് ഇതോടെ കൂടുതല്‍ വ്യക്തമായി. ഷീജാദാസ് ഇങ്ങിനെ മൊഴി നല്‍കിയിട്ടും അന്വേഷണ സംഘം പ്രൈവറ്റ് സെക്രട്ടറി ഉള്‍പ്പെടെയുള്ള ഉന്നതരില്‍ നിന്നും മൊഴി എടുക്കുക പോലും ചെയ്തില്ല. മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും ഓഫീസ് ചുമതല പ്രൈവറ്റ് സെക്രട്ടറിമാര്‍ക്കാണ്. ചുമതലക്കാരന്‍ എന്ന നിലയില്‍ പ്രൈവറ്റ് സെക്രട്ടറിയെ ചോദ്യം ചെയ്തില്ലെന്നതില്‍ നിന്നും തട്ടിപ്പ് വ്യക്തമാണ്. ഗവ. ചീഫ് വിപ്പ് സൂചിപ്പിക്കുന്നത് പോലെ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരെ ചോദ്യം ചെയ്യേണ്ടി വരുമെന്നതിനുള്ള വ്യക്തമായ മൊഴിയാണ് ഷീജാദാസിന്റേത്.
"സന്തോഷം പങ്കിടല്\" മുഖ്യമന്ത്രിയുടെ ഓഫീസിലും
അമ്പരപ്പിക്കുന്ന അഴിമതി ഇടപാടുകളില്‍ മുങ്ങിയ മുഖ്യമന്ത്രിയുടെ ഓഫീസ് അനാശാസ്യകേന്ദ്രവുമായി. 40 ലക്ഷം രൂപ ഒപ്പിച്ചുകൊടുത്തതിന്റെ സന്തോഷം അടക്കാനാകാതെ സരിത തന്നെ കെട്ടിപ്പിടിച്ചു ചുംബിച്ചു എന്നാണ് ടെന്നി ജോപ്പന്റെ മൊഴി. മുഖ്യമന്ത്രിയുടെ ഓഫീസിനുള്ളില്‍വച്ചാണ് ഇരുവരും സന്തോഷം പങ്കിട്ടത്. സംസ്ഥാനത്തെയാകെ നാണംകെടുത്തി യുഡിഎഫ് സര്‍ക്കാര്‍ സെക്രട്ടറിയറ്റ് അനാശാസ്യപ്രവര്‍ത്തനത്തിനും തുറന്നുകൊടുത്തു എന്നാണിത് കാണിക്കുന്നത്. മുഖ്യമന്ത്രിയിലും മന്ത്രിമാരിലും വന്‍സ്വാധീനം ചെലുത്തിയ സരിതയ്ക്കുമുമ്പില്‍ സെക്രട്ടറിയറ്റിന്റെ എല്ലാ കവാടങ്ങളും തുറന്നുകിടന്നു. എപ്പോഴും വരാം, പോകാം. സന്ദര്‍ശകര്‍ വിധേയരാകുന്ന ഒരു പരിശോധനയും സരിത നേരിടേണ്ടിവന്നില്ല. സന്ദര്‍ശകര്‍ക്ക് മൂന്നു മണിമുതലാണ് പ്രവേശനമെങ്കില്‍ സരിതയ്ക്ക് സമയം ബാധകമായിരുന്നില്ല. പിആര്‍ഡിയുടെ വാഹനമുള്‍പ്പെടെ സര്‍ക്കാര്‍ വാഹനങ്ങളില്‍ സരിത കറങ്ങി. അതിഗാഢമായ ബന്ധം മുഖ്യമന്ത്രിയുടെ ഓഫീസുമായി സ്ഥാപിച്ചാണ് സരിത കോടിക്കണക്കിനു രൂപ തട്ടിയെടുത്തത്. അഞ്ചുകോടിക്ക് ഉറപ്പിച്ച കരാറിന്റെ കൈമടക്കായി 40 ലക്ഷം കൈപ്പറ്റിയതിനാണ് ജോപ്പനെതിരെ കേസ്. മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ചാണ് താന്‍ സോളാര്‍ പദ്ധതി ഇടപാടില്‍ 40 ലക്ഷം രൂപ കൈമാറിയതെന്ന് പരാതിക്കാരന്‍ ശ്രീധരന്‍നായര്‍ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. പണംതട്ടിപ്പിന് കേസെടുത്ത പൊലീസ് സെക്രട്ടറിയറ്റും മുഖ്യമന്ത്രിയുടെ ഓഫീസും വഴിവിട്ട ബന്ധത്തിന് താവളമാക്കിയത് കുറ്റമായി കാണുന്നില്ല. ഭരണസിരാകേന്ദ്രത്തിനുള്ളില്‍ ആഹ്ലാദത്തിമിര്‍പ്പും കെട്ടിപ്പിടുത്തവും ചുംബനവും നടന്നതേ ഉപജാപകസംഘത്തിലൊരാള്‍ പുറത്തുവിട്ടിട്ടുള്ളൂ. അന്തഃപ്പുര രഹസ്യങ്ങള്‍ ഇനിയുമെത്രയോ ബാക്കി.
മുഖ്യമന്ത്രിയായതുമുതല്‍ ഉമ്മന്‍ചാണ്ടിയെ സദാ ചുറ്റിപ്പറ്റി നില്‍ക്കുന്ന ഉപജാപകവൃന്ദം സെക്രട്ടറിയറ്റ് അഴിഞ്ഞാട്ടത്തിന്റെ ആസ്ഥാനമന്ദിരമാക്കി. സരിത എളുപ്പത്തില്‍ ഇവിടെ വേരുറപ്പിച്ചു. പതിയെ മുഖ്യമന്ത്രിയുടെ ഓഫീസ് സോളാര്‍ തട്ടിപ്പിന്റെ ആസ്ഥാനമാക്കി. ഇവിടേക്ക് വരുത്തിയാണ് ഇരകളെ വീഴ്ത്തിയത്. കോണ്‍ഗ്രസ് നേതാവിനെ ഉള്‍പ്പെടെ ചതിയില്‍ പെടുത്താന്‍ ഉമ്മന്‍ചാണ്ടിക്ക് ഏറ്റവും പ്രിയപ്പെട്ട അനുചരന്മാര്‍ മടിച്ചില്ല. അത്രയ്ക്കുണ്ടായിരുന്നു സരിതയുടെ സ്വാധീനശക്തി. സരിതയെച്ചൊല്ലി മുഖ്യമന്ത്രിയുടെ ഓഫീസിലെ സഹപ്രവര്‍ത്തകര്‍ തമ്മിലടിക്കുന്നതില്‍വരെ എത്തിയിട്ടും ആരും ഇടപെട്ടില്ല. സരിതയെക്കുറിച്ച് രണ്ടുവര്‍ഷം മുമ്പ് ചില പൊലീസുകാര്‍ മുന്നറിയിപ്പ് നല്‍കിയെങ്കിലും മുഖ്യമന്ത്രിയും ഓഫീസും അതും തള്ളി. സരിത ക്ലിഫ്ഹൗസിലും കയറിയിറങ്ങിയതായി സൂചനയുണ്ട്. എന്നാല്‍, അന്വേഷണസംഘം ഈ വഴിക്ക് നീങ്ങിയിട്ടില്ല. ഗണ്‍മാന്‍ സലിംരാജും ജോപ്പനും ക്ലിഫ്ഹൗസിലെ ലാന്‍ഡ്ഫോണില്‍നിന്ന് നിരന്തരം സരിതയെ വിളിച്ചത് അന്വേഷണസംഘം സ്ഥിരീകരിച്ചു. എന്നാല്‍, സരിതയുടെ വരവുംപോക്കും സംബന്ധിച്ച് അന്വേഷണമില്ല. ഉമ്മന്‍ചാണ്ടിയുടെ പുതുപ്പള്ളിയിലെ വീട്ടിലും സരിത പലവട്ടം വന്നെന്നും അദ്ദേഹം ചെയര്‍മാനായ ട്രസ്റ്റിന് അഞ്ചുലക്ഷം രൂപ സംഭാവന നല്‍കിയെന്നും വാര്‍ത്ത വന്നിട്ടുണ്ട്.
deshabhimani
No comments:
Post a Comment