Tuesday, July 2, 2013

രാജിവച്ചില്ലെങ്കില്‍ നാണംകെട്ട് ഇറങ്ങേണ്ടിവരും: പിണറായി

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇപ്പോള്‍ രാജിവച്ചില്ലെങ്കില്‍ നാണംകെട്ട് ഇറങ്ങിപ്പോകേണ്ടി വരുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടിക്ക് അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ലെന്ന് കേരളം അംഗീകരിച്ചു കഴിഞ്ഞു. കൂടുതല്‍ കൂടുതല്‍ കുഴപ്പത്തിലേക്കാണ് ഉമ്മന്‍ചാണ്ടി നീങ്ങുന്നത്. തലസ്ഥാന ജില്ലയോടുള്ള അവഗണനയ്ക്കെതിരെ എല്‍ഡിഎഫ് ജില്ലാ കമ്മിറ്റി പാളയം രക്തസാക്ഷിമണ്ഡപത്തില്‍ സംഘടിപ്പിച്ച അനിശ്ചിതകാല സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി.

പിടിച്ചുനില്‍ക്കാന്‍ വല്ലാത്ത ശ്രമങ്ങള്‍ നടത്തുകയാണ് ഉമ്മന്‍ചാണ്ടി. അതിന് ഒരു പിന്തുണയും ലഭിക്കുന്നില്ല. കൂടുതല്‍ തെളിവുപുറത്തുവരുന്ന സാഹചര്യത്തില്‍ ഉമ്മന്‍ചാണ്ടി രാജിവച്ചേ പറ്റൂ. അതിന് തയ്യാറായില്ലെങ്കില്‍ എല്‍ഡിഎഫ് കൂടുതല്‍ ശക്തമായ പ്രക്ഷോഭങ്ങളിലേക്ക് നീങ്ങും. കേരളത്തില്‍ സര്‍ക്കാരില്ലാത്ത അവസ്ഥയാണ്. എപ്പോള്‍ രാജിവച്ച് ഇറങ്ങണമെന്ന പരുവത്തില്‍ നില്‍ക്കുന്ന ഉമ്മന്‍ചാണ്ടിയാണ് ഭരണത്തിന്റെ തലപ്പത്ത്. കടല്‍ക്ഷോഭം വലിയ നാശം വിതച്ച പ്രദേശങ്ങളിലേക്ക് തിരിഞ്ഞുനോക്കുന്നില്ല. സര്‍ക്കാര്‍ ഉണ്ടെങ്കിലല്ലേ ഉദ്യോഗസ്ഥവൃന്ദം അനങ്ങുകയുള്ളൂ. വെള്ളപ്പൊക്കംമൂലം ദുരിതം അനുഭവിക്കുന്ന ജനങ്ങള്‍ക്ക് ആശ്വാസം എത്തിക്കാനും സര്‍ക്കാരിന് കഴിയുന്നില്ല. ദുരിതാശ്വാസക്യാമ്പുകളിലുള്ളവര്‍ക്ക് ഭക്ഷണംപോലും കൊടുക്കുന്നില്ല. സംസ്ഥാനത്തോട് കേന്ദ്രം കാണിക്കുന്ന അവഗണനയുടെ ഭാഗമാണ് തിരുവനന്തപുരം ജില്ലയിലെ പ്രശ്നങ്ങളും. സംസ്ഥാനങ്ങളുടെ അധികാരങ്ങള്‍ ഒന്നൊന്നായി കവരുകയാണ്. ഇതിനെതിരെ പ്രതികരിക്കാന്‍ യുഡിഎഫ് സര്‍ക്കാരിന് കഴിയുന്നില്ല. കേരളത്തില്‍ ഐഐടി അനുവദിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകുന്നില്ല. വിഴിഞ്ഞം തുറമുഖത്തിന്റെ കാര്യത്തില്‍ കുറ്റകരമായ അനാസ്ഥയാണ് കാട്ടുന്നത്. രാജ്യത്തിന് വലിയ നേട്ടമായി മാറാവുന്ന വിഴിഞ്ഞംപദ്ധതിക്ക് തുരങ്കം വയ്ക്കുകയാണ്. പദ്ധതി നടപ്പാക്കരുതെന്ന നിലപാടാണ് കേന്ദ്രത്തിന്റേത്. സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് കേന്ദ്രസമീപനത്തിന് ബലംപകരുന്നു. കേന്ദ്രമന്ത്രിസഭയില്‍ കേരളത്തില്‍നിന്ന് എണ്ണിയാല്‍ തീരാത്തവിധം മന്ത്രിമാര്‍ ഉണ്ടെങ്കിലും അതിന്റെ പ്രയോജനം നാടിന് ലഭിക്കുന്നില്ലെന്നും പിണറായി പറഞ്ഞു.

deshabhimani

No comments:

Post a Comment