Monday, January 6, 2014

കമ്പനിയാക്കാന്‍ അനുവദിക്കില്ല: 17ന് കെഎസ്ആര്‍ടിസി പണിമുടക്ക്

കെഎസ്ആര്‍ടിസി പ്രതിസന്ധി രൂക്ഷമാക്കുന്ന നിയമന നിരോധനവും കമ്പനിവല്‍ക്കരണ നീക്കവും ഉപേക്ഷിക്കണമെന്ന് കെഎസ്ആര്‍ടിസി എംപ്ലോയീസ് അസോസിയേഷന്‍ (സിഐടിയു) പ്രസിഡന്റ് വൈക്കം വിശ്വന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പ്രതിസന്ധി പരിഹരിക്കുന്നതിന് അസോസിയേഷന്‍ മന്ത്രിക്ക് സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ നടപ്പാക്കാത്തില്‍ പ്രതിഷേധിച്ച് 17ന് ജീവനക്കാര്‍ പണിമുടക്കും. ആറ് മുതല്‍ 10വരെ എല്ലാ യൂണിറ്റുകളിലും ധര്‍ണ നടത്തും. 13ന് ട്രാന്‍സ്പോര്‍ട്ട് ഭവന്‍ ഉപരോധിക്കും.

പതിനായിരം രൂപയെങ്കിലും വരുമാനമില്ലാത്ത ഷെഡ്യൂളുകള്‍ പുനഃക്രമീകരിക്കണമെന്ന തീരുമാനം നടപ്പായിട്ടില്ല. സര്‍വീസ് റദ്ദാക്കുന്ന പ്രവണതയും വര്‍ധിച്ചു. കമ്പനിയാക്കില്ലെന്ന മന്ത്രിയുടെ ഉറപ്പ് ലംഘിച്ചാണ് കൊച്ചി കേന്ദ്രമായി കമ്പനി രൂപീകരിക്കുമെന്ന ഗവര്‍ണറുടെ നയപ്രഖ്യാപനം. കമ്പനിവല്‍ക്കരണത്തിനായി കണ്‍സള്‍ട്ടന്‍സിയെ നിയമിച്ചു. ക്രമേണ സ്വകാര്യവല്‍ക്കരിച്ച് കുത്തകകളെ സഹായിക്കുകയെന്ന അജണ്ടയാണ് സര്‍ക്കാരിന്. പത്ത് വോള്‍വോ ബസ് മാത്രമാണ് പുതുതായി വാങ്ങുന്നത്. ഇതാകട്ടെ ജീവനക്കാരുടെ സഹകരണ സംഘത്തില്‍നിന്ന് വായ്പയെടുത്താണ് വാങ്ങുന്നത്. എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രതിവര്‍ഷം 1000 ബസ് വാങ്ങിയിരുന്നു.

കണ്ടക്ടര്‍ തസ്തികയില്‍ 9300 പേര്‍ക്ക് പിഎസ്സി നിയമന ശുപാര്‍ശ അയച്ചിട്ട് നാലുമാസമായി. 3808 പേരെ മാത്രമേ അഡൈ്വസ് ചെയ്യാവൂ എന്ന് ഗതാഗത സെക്രട്ടറി പിഎസ്സിയോട് ആവശ്യപ്പെട്ടു. കേവലം 1000 പേര്‍ക്ക് മാത്രമാണ് നിയമനം നല്‍കിയത്. സ്ഥലംമാറ്റത്തിനും സ്ഥാനക്കയറ്റത്തിനും മാനദണ്ഡം പാലിക്കുന്നില്ല. നടപടിയുടെ ഭാഗമായി സ്ഥലം മാറ്റിയവരെ ആറുമാസത്തിന് ശേഷം തിരികെ യൂണിറ്റുകളിലേക്ക് മാറ്റുക, വനിതകളെ അടുത്ത യൂണിറ്റുകളില്‍ നിയമിക്കുക, കുടിശ്ശിക ക്ഷാമബത്ത ഉടന്‍ അനുവദിക്കുക, പെന്‍ഷന്‍ യഥാസമയം പൂര്‍ണമായും വിതരണംചെയ്യുക എന്നീ ആവശ്യങ്ങളും അസോസിയേഷന്‍ പ്രക്ഷോഭങ്ങളില്‍ ഉന്നയിക്കും. സര്‍വീസ് റദ്ദാക്കലിനൊപ്പം ബസ് ബോഡി നിര്‍മാണവും നിലച്ചതോടെ താല്‍ക്കാലിക ജീവനക്കാര്‍ക്ക് തൊഴില്‍ സുരക്ഷയില്ലാതായി. കഴിഞ്ഞ സര്‍ക്കാര്‍ 22000 നിയമനങ്ങള്‍ നടത്തിയപ്പോഴും താല്‍ക്കാലികക്കാരെ സംരക്ഷിച്ചിരുന്നു. എന്നാല്‍, ഇപ്പോള്‍ അതെല്ലാം ലംഘിക്കപ്പെട്ടതായും വൈക്കം വിശ്വന്‍ പറഞ്ഞു. ജനറല്‍ സെക്രട്ടറി സി കെ ഹരികൃഷ്ണന്‍, വൈസ് പ്രസിഡന്റ് എസ് വിനോദ് എന്നിവരും പങ്കെടുത്തു.

deshabhimani

No comments:

Post a Comment