Friday, January 31, 2014

ലീഗ് തോറ്റതിന് താലിബാന്‍ മോഡല്‍

മലപ്പുറം: തദ്ദേശസ്വയംഭരണതെരഞ്ഞെടുപ്പില്‍ മുസ്ലിംലീഗ് ദയനീയമായി തോറ്റതിന് എന്‍ഡിഎഫ് സഹായത്തോടെ താലിബാന്‍ മോഡല്‍ ആക്രമണം. തിരൂര്‍ മംഗലം പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതില്‍ അരിശംപൂണ്ടാണ് എസ്ഡിപിഐക്കാര്‍ക്കൊപ്പം ചേര്‍ന്ന് ലീഗുകാര്‍ മൃഗീയാക്രമണം നടത്തിയത്. ബുധനാഴ്ച ഉച്ചയോടെ മംഗലം ടൗണിന് സമീപം കാര്‍ തടഞ്ഞുനിര്‍ത്തി സിപിഐ എം പ്രവര്‍ത്തകരെ വെട്ടിക്കൊല്ലാന്‍ ശ്രമിക്കുന്നതിെന്‍റ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.

സിപിഐ എം പുറത്തൂര്‍ ലോക്കല്‍ കമ്മിറ്റി അംഗവും മുന്‍ പഞ്ചായത്ത് അംഗവും മത്സ്യത്തൊഴിലാളി യൂണിയന്‍ നേതാവുമായ എ കെ മജീദ് (55), കാര്‍ ഓടിച്ച പുറത്തൂര്‍ പണ്ടാഴി ഈസ്പാടത്ത് ഹര്‍ഷാദ് (35) എന്നിവര്‍ക്കാണ് വെട്ടേറ്റത്. കാലിനും കൈകള്‍ക്കും ശരീരത്തിലും ആഴത്തില്‍ വെട്ടേറ്റ ഇവര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മുഖം മറക്കാതെയെത്തിയ പത്തോളം പേരടങ്ങുന്ന അക്രമിസംഘം കാര്‍ തടഞ്ഞുനിര്‍ത്തി ഇരുവരെയും ആക്രമിക്കുകയായിരുന്നു. മിനിട്ടുകള്‍ നീണ്ട ആക്രമണത്തിന് ദൃക്സാക്ഷിയായ ആള്‍ മൊബൈല്‍ഫോണില്‍ പകര്‍ത്തിയതാണ് ദൃശ്യങ്ങള്‍. വെട്ടേറ്റ് വീണ ഇരുവരും ഉറക്കെ നിലവിളിക്കുമ്പോഴും ക്രിമിനല്‍ സംഘം വെട്ടുകയും ചവിട്ടുകയും ചെയ്യുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. മംഗലം ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് നേടിയ വിജയത്തിന്റെ ആഹ്ലാദപ്രകടനം അലങ്കോലപ്പെടുത്താനുള്ള ലീഗ്-എസ്ഡിപിഐ നീക്കത്തിന് പിന്നാലെയായിരുന്നു വധശ്രമം. ആഹ്ലാദപ്രകടനത്തിനുനേരെ എന്‍ഡിഎഫുകാരനായ കെ ടി ലത്തീഫ് ബൈക്ക് ഓടിച്ചുകയറ്റി. ഇത് തടഞ്ഞ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്കുനേരെ കത്തിവീശിയെങ്കിലും ഇവര്‍ ഒഴിഞ്ഞുമാറിയതിനാല്‍ പരിക്കേറ്റില്ല. തുടര്‍ന്ന് സമീപത്തെ കടയില്‍ കയറിയ ലത്തീഫിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തുടര്‍ന്നാണ് പുറത്തൂര്‍ പഞ്ചായത്ത് ഓഫീസിലേക്ക് കാറില്‍ പോകുകയായിരുന്ന മജീദിനെ തടഞ്ഞത്. ഓടിക്കൂടിയ നാട്ടുകാര്‍ ഇവരെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു.

പ്രഥമശുശ്രൂഷക്കുശേഷം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ബുധനാഴ്ച അക്രമമുണ്ടായിട്ടും മുസ്ലിംലീഗ് സമ്മര്‍ദ്ദത്തിന് വഴങ്ങി പൊലീസ് ഒരു നടപടിയുമെടുക്കാതെ മാറിനിന്നു. നാടിനെ നടുക്കി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ലീഗ് നേതൃത്വവുമായി കൂടിയാലോചിച്ച് നാലുപേരെ തിരൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ പൊലീസില്‍ കീഴടങ്ങുകയായിരുന്നു. ആശാന്‍പടി ഏണീന്റപുരയ്ക്കല്‍ അബ്ദുള്‍മജീദ് (42), തൃപ്രങ്ങോട് പെരുന്തല്ലൂര്‍ തൈവളപ്പില്‍ നൗഫല്‍ (27), ആലത്തിയൂര്‍ പരപ്പേരി ആലുക്കല്‍ ഹൗസില്‍ സാബിനൂന്‍(28), മംഗലം ചേന്നര വെങ്ങാടന്‍ ഹൗസില്‍ അബ്ദുള്‍ ഗഫൂര്‍ (38) എന്നിവരെയാണ് അറസ്റ്റുചെയ്തത്. ഒമ്പത് പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. അറസ്റ്റിലായ അബ്ദുള്‍മജീദിന്റെ സഹോദരന്‍ മുസ്ലിംലീഗ് സ്ഥാനാര്‍ഥിയുടെ ഏജന്റായിരുന്നു. പ്രതികളെല്ലാം ക്രിമിനല്‍ ബന്ധമുള്ളവരാണ്.

മുസ്ലിംലീഗ് തങ്ങളുടെ ശക്തിദുര്‍ഗമായി അവകാശപ്പെടുന്ന മലപ്പുറം ജില്ലയില്‍ എല്‍ഡിഎഫ് നേടിയ വന്‍വിജയമാണ് മുസ്ലിംലീഗിനെ പ്രകോപിപ്പിച്ചത്. ജില്ലയിലെ അഞ്ചില്‍ നാലുസീറ്റും എല്‍ഡിഎഫ് നേടി. മംഗലം പഞ്ചായത്തില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്ന് വാര്‍ഡും എല്‍ഡിഎഫ് പിടിച്ചെടുത്തു. മുതുവല്ലൂര്‍ പഞ്ചായത്തിലെ പാപ്പത്ത് വാര്‍ഡിലെ ഉപതെരഞ്ഞെടുപ്പിലും എല്‍ഡിഎഫ് വിജയിച്ചു. കുറുവ പഞ്ചായത്തിലെ തോറ വാര്‍ഡില്‍ വോട്ടുകള്‍ തുല്യമായതിനാലാണ് ലീഗ് പിന്തുണയോടെ മത്സരിച്ച ബിജെപി നേതാവ് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെട്ടത്. മംഗലത്ത് മുസ്ലിംലീഗില്‍നിന്ന് രാജിവച്ച പ്രമുഖ നേതാവ് എ പി അബൂബക്കറിനെ 9566798990 എന്ന നമ്പറില്‍നിന്ന് വിളിച്ച് കുടുംബത്തിലെ നാല് പേരെ വധിക്കുമെന്ന് കഴിഞ്ഞദിവസം ഭീഷണിപ്പെടുത്തിയിരുന്നു. പൊലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. സിപിഐ എം പ്രവര്‍ത്തകരെ ആക്രമിക്കുന്ന എന്‍ഡിഎഫുകാരെ കേസില്‍നിന്ന് രക്ഷപ്പെടുത്തുന്നതും മറ്റെല്ലാ സഹായങ്ങളും നല്‍കുന്നതും മുസ്ലിംലീഗ് നേതൃത്വമാണ്.

വി ജയിന്‍

ലീഗിന്റെ തീവ്രവാദബന്ധം പുറത്തായി: പിണറായി

ചെര്‍പ്പുളശേരി: മംഗലം പഞ്ചായത്തില്‍ എസ്ഡിപിഐ നടത്തിയ ഭീകരാക്രമണത്തിലൂടെ മുസ്ലിംലീഗിന്റെ തീവ്രവാദബന്ധം ഒരിക്കല്‍ക്കൂടി വെളിപ്പെട്ടുവെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ഇതുസംബന്ധിച്ച് ലീഗ് നേതാക്കള്‍ക്ക് എന്താണ് പറയാനുള്ളതെന്നറിയാന്‍ ആഗ്രഹമുണ്ട്. ചെര്‍പ്പുളശേരിയില്‍ മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

വന്‍ ഭൂരിപക്ഷമുണ്ടായിരുന്ന മംഗലം പഞ്ചായത്തിലെ മൂന്നാംവാര്‍ഡില്‍ പരാജയപ്പെട്ടതിനാല്‍ ലീഗിന് രോഷമുണ്ടാകാം. എന്നാല്‍ ലീഗിനുവേണ്ടി എസ്ഡിപിഐ അക്രമം അഴിച്ചുവിട്ടത് എന്തിനാണ്. അതിഭീകരമായി ആക്രമണം നടത്തുന്ന ദൃശ്യങ്ങളാണ് മാധ്യമങ്ങളിലൂടെ പുറത്തുവന്നത്. ഇത്തരം സംഭവങ്ങളില്‍ അക്രമികളെ സംരക്ഷിക്കുന്ന നിലപാടാണ് യുഡിഎഫ് സര്‍ക്കാരിന്റേത്. സര്‍ക്കാര്‍ ഫലപ്രദമായ നടപടി സ്വീകരിക്കണം. അക്രമികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. യുഡിഎഫ്- ബിജെപി ബന്ധത്തിന്റെ പഴയരൂപമായ കോ-ലി-ബി സഖ്യത്തിന് ഈ തെരഞ്ഞെടുപ്പോടെ പുതിയ രൂപം കൈവന്നു. മങ്കട കുറുവ പഞ്ചായത്തിലെ തോറ വാര്‍ഡില്‍ നേരത്തേ താമര ചിഹ്നത്തില്‍ മത്സരിച്ച ബിജെപിക്കാരനാണ് സ്വതന്ത്രസ്ഥാനാര്‍ഥിയായത്. ലീഗ് അടക്കം യുഡിഎഫ് പിന്തുണ നല്‍കി. താമര ചിഹ്നത്തില്‍ മത്സരിച്ചയാള്‍ ലീഗ് പിന്തുണയ്ക്കുന്ന സ്ഥാനാര്‍ഥിയായത് എങ്ങനെയാണ്? ഒരു സീറ്റിനു വേണ്ടി എന്ത് നെറികേടും കാണിക്കുമെന്നാണിത് തെളിയിക്കുന്നത്. മുമ്പ് ആര്‍എസ്എസ്- ബിജെപി വോട്ട് വാങ്ങിയ യുഡിഎഫ് ഇപ്പോള്‍ ബിജെപിക്കാരനെത്തന്നെ സ്ഥാനാര്‍ഥിയാക്കുന്ന സ്ഥിതിയിലെത്തി. വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുന്ന യുഡിഎഫ് നിലപാട് മതനിരപേക്ഷ ശക്തികള്‍ തിരിച്ചറിയണം. പൊലീസ് സ്റ്റേഷനുകളില്‍ നിരപരാധികളെ തല്ലിക്കൊല്ലുന്നത് തുടരുന്നു. ഒരു തര്‍ക്കവുമായി ബന്ധപ്പെട്ട് മലപ്പുറം ചങ്ങരംകുളം പൊലീസ് സ്റ്റേഷനില്‍ പോയയാള്‍ മര്‍ദനമേറ്റ് മരിച്ചു. എന്നാല്‍ മര്‍ദിച്ച ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കാന്‍ ഇതുവരെ തയ്യാറായില്ലെന്നും പിണറായി പറഞ്ഞു.

deshabhimani

No comments:

Post a Comment