Friday, January 24, 2014

പാഴ്മുറംകൊണ്ട് പടയ്ക്കിറങ്ങുന്നവര്‍

അരക്കില്ലം ചുട്ടെരിച്ച് പാണ്ഡവരെ ഇല്ലാതാക്കാന്‍ നോക്കി പാഴായിപ്പോയ ഒരു കഥയുണ്ട് മഹാഭാരതത്തില്‍. അതുപോലെയാണ് ടി പി ചന്ദ്രശേഖരന്‍ കേസിന്റെ പേരില്‍ സിപിഐ എമ്മിനെ ഇല്ലാതാക്കാന്‍ നോക്കിയതിന്റെ അനുഭവം. പാണ്ഡവന്മാര്‍ വീട്ടില്‍ ഒന്നിക്കുന്ന ദിവസം വീടിന് തീവച്ച് അഞ്ചുപേരെയും അവസാനിപ്പിക്കാനായിരുന്നു കൗരവരുടെ പ്ലാന്‍. അതുപോലെയാണ് ഭരണാധികാരം കൈയാളുന്ന നൂറ്റവരുടെ അനന്തരഗാമികള്‍ ചന്ദ്രശേഖരന്‍ കേസില്‍ സിപിഐ എമ്മിനെ വേട്ടയാടാന്‍ അരക്കില്ലമൊരുക്കി കാത്തിരുന്നത്. എന്നാല്‍, കോടതിവിധി അവര്‍ക്ക് നിരാശയാണ് നല്‍കിയത്. എങ്കിലും, കോടതിവിധിന്യായത്തെ ദുര്‍വ്യാഖ്യാനിച്ച് സിപിഐ എം പങ്കാളിത്തത്തെപ്പറ്റി തെറ്റിദ്ധാരണ പരത്താന്‍ കെ കെ രമയും ഉമ്മന്‍ചാണ്ടിയും മാധ്യമങ്ങളും യുഡിഎഫും ഒരുപറ്റം വിമത ഇടതുപക്ഷക്കാരും രാഷ്ട്രീയകള്ളച്ചൂത് കളിക്കുകയാണ്. അതിനായുള്ള ആഘോഷത്തില്‍ കൊലചെയ്യപ്പെടുന്നതോ, വസ്തുതയും നേരും.

ആര്‍എംപിയുമായി സിപിഐ എമ്മിന് രാഷ്ട്രീയ അകല്‍ച്ചയും വിരോധവുമുണ്ടെന്ന് വിധിന്യായത്തില്‍ ജഡ്ജി നാരായണപ്പിഷാരടി വ്യക്തമാക്കിയിരുന്നു. എന്നാല്‍, ആര്‍എംപി നേതാക്കളിലൊരാളായ ടി പി ചന്ദ്രശേഖരനെ ശാരീരികമായി ഇല്ലാതാക്കുകയെന്ന മനഃപൂര്‍വ ഉദ്ദേശ്യമോ ലക്ഷ്യമോ സിപിഐ എം എന്ന രാഷ്ട്രീയപ്രസ്ഥാനത്തിനുണ്ടെന്ന് ജഡ്ജി പറഞ്ഞിട്ടില്ല. സിപിഐ എമ്മില്‍നിന്ന് പുറത്താക്കപ്പെട്ടവരോ പുറത്തുപോയവരോ ചേര്‍ന്ന് രൂപംനല്‍കിയ ഉത്തരകേരളത്തിലെ ഒരു പ്രദേശത്തുമാത്രം ഒതുങ്ങിനില്‍ക്കുന്ന രാഷ്ട്രീയഗ്രൂപ്പാണ് ആര്‍എംപി. ചന്ദ്രശേഖരന്റെയും മറ്റും നേതൃത്വത്തില്‍ രൂപംകൊണ്ട റവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ടി (ആര്‍എംപി)യെ വിപ്ലവപാര്‍ടിയായി ചിത്രീകരിക്കാന്‍ വലതുപക്ഷ രാഷ്ട്രീയക്കാരും ശിങ്കിടി മാധ്യമങ്ങളും വല്ലാതെ ക്ലേശിക്കുന്നുണ്ട്. എന്നാല്‍, വലതുപക്ഷ രാഷ്ട്രീയ സഹായഗ്രൂപ്പായ ഇതിനെ വിപ്ലവപാര്‍ടി എന്നുവിളിക്കുന്നത് മാര്‍ക്സിസ്റ്റ് ലെനിനിസ്റ്റ് കാഴ്ചപ്പാടിന് നിരക്കുന്നതല്ല. അതുകൊണ്ടുതന്നെ ഈ രാഷ്ട്രീയഗ്രൂപ്പുമായി പ്രത്യയശാസ്ത്രപരവും സംഘടനാപരവും രാഷ്ട്രീയവുമായി സിപിഐ എമ്മിന് സന്ധിയില്ലായ്മയും അകല്‍ച്ചയുമുണ്ട്. ഈ പശ്ചാത്തലത്തെയാണ് വിധിന്യായത്തില്‍ ജഡ്ജി രാഷ്ട്രീയവിരോധമായി ചൂണ്ടിക്കാട്ടുന്നത്. സിപിഐ എമ്മും ആര്‍എംപിയും തമ്മില്‍ ആഴത്തിലുള്ള വൈരാഗ്യമുണ്ടെന്ന് പ്രതിഭാഗം കോടതിയില്‍ ഹാജരാക്കിയ രേഖകളെക്കൂടി ആശ്രയിച്ചാണ് വിധിന്യായത്തില്‍ അക്കാര്യം പറഞ്ഞത്. എന്നാല്‍, ചന്ദ്രശേഖരന്‍ എന്ന ആര്‍എംപി നേതാവിനെ ശാരീരികമായി ഇല്ലാതാക്കാന്‍ സിപിഐ എം ഏതെങ്കിലും തരത്തില്‍ ഗൂഢാലോചന നടത്തിയെന്നോ അത് തെളിഞ്ഞെന്നോ വിധിന്യായത്തില്‍ ഒരിടത്തും സൂചിപ്പിക്കുന്നില്ല. പക്ഷേ, കൊലപാതകത്തില്‍ പങ്കെടുത്തവരെന്ന് കോടതി കരുതുന്ന ഏഴുപേര്‍ക്ക് ചന്ദ്രശേഖരനോട് രാഷ്ട്രീയപക ഉണ്ടാകാമെന്ന നിരീക്ഷണം നടത്തിയിട്ടുണ്ട്. ഈ ഏഴുപേരും സിപിഐ എം അംഗങ്ങളോ പാര്‍ടിയുമായി ബന്ധമുള്ളവരോ അല്ല.

സിപിഐ എമ്മുമായി അങ്കംകുറിച്ച് അകന്നവര്‍ തെറ്റുതിരുത്തി പാര്‍ടിയുമായി സഹകരിക്കുന്ന പ്രക്രിയ ശക്തിപ്പെട്ടതിന് മധ്യേയായിരുന്നു ചന്ദ്രശേഖരന്റെ കൊലപാതകം. ചന്ദ്രശേഖരനെ വധിക്കാന്‍ പി മോഹനനും സി എച്ച് അശോകനും കെ കെ കൃഷ്ണനും കെ സി രാമചന്ദ്രനും ചേര്‍ന്ന് പടയങ്കണ്ടി രവീന്ദ്രന്റെ ഓര്‍ക്കാട്ടേരിയിലെ പൂക്കടയില്‍ 2012 ഏപ്രില്‍ രണ്ടിന് ഗൂഢാലോചന നടത്തിയെന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്. ഇപ്രകാരം ആരോപിതമായ ഗൂഢാലോചനയെയാണ് സിപിഐ എമ്മിനെ കേസുമായി ബന്ധിപ്പിച്ച കണ്ണിയായി പ്രോസിക്യൂഷന്‍ ചിത്രീകരിക്കുകയും സിപിഐ എം വിരുദ്ധശക്തികള്‍ ഉദ്ഘോഷിക്കുകയും ചെയ്തത്. എന്നാല്‍, കോടതിവിധിയോടെ ഇതുപൊളിഞ്ഞു. ഈ ഗൂഢാലോചനയ്ക്ക് തെളിവില്ലെന്നുകണ്ടാണ് പി മോഹനന്‍ ഉള്‍പ്പെടെയുള്ളവരെ കോടതി വിട്ടയച്ചത്. ഇതിലൂടെ സിപിഐ എമ്മിന്റെ സംസ്ഥാന- ജില്ലാ നേതൃത്വങ്ങള്‍ തീരുമാനിച്ച് നടപ്പാക്കിയ പരിപാടിയാണ് ചന്ദ്രശേഖരന്റെ കൊലപാതകമെന്ന ചിത്രീകരണത്തിന് സാധുതയില്ലാതായി.

ഇങ്ങനെ പിടിവള്ളി നഷ്ടപ്പെട്ട് ആഴക്കടലിലായവര്‍, സിപിഐ എം പാനൂര്‍ ഏരിയ കമ്മിറ്റി അംഗം പി കെ കുഞ്ഞനന്തനെ കോടതി കുറ്റക്കാരനായി കണ്ടെത്തി എന്ന കച്ചിത്തുരുമ്പില്‍ പിടിച്ച് സിപിഐ എമ്മിനെ കേസുമായി ബന്ധിപ്പിക്കുന്നതിനുള്ള പാഴ്ശ്രമമാണ് നടത്തുന്നത്. സിപിഐ എമ്മിനുമേല്‍ ചെയ്യാത്ത കുറ്റം ചുമത്താന്‍ രമയും കൂട്ടാളികളും വലതുപക്ഷശക്തികളും മാധ്യമങ്ങളും കൊണ്ടുപിടിച്ച് ശ്രമിക്കുകയാണ്. നാട്ടില്‍ നടക്കുന്ന പല സംഭവങ്ങളിലും സിപിഐ എം പ്രവര്‍ത്തകര്‍ ക്രിമിനല്‍ കേസുകളില്‍ പ്രതികളാകുകയോ ശിക്ഷിക്കപ്പെടുകയോ പില്‍ക്കാലത്ത് ഉപരികോടതി വിട്ടയക്കുകയോ ചെയ്യാറുണ്ട്. ചന്ദ്രശേഖരന്‍ കേസില്‍ രാഷ്ട്രീയ ദുഷ്ടലാക്കോടെ ഭരണകൂടഭീകരത സൃഷ്ടിച്ച് ഒരുപാടുപേരെ പ്രതിചേര്‍ത്തു. അതാണ് 76 പ്രതികളില്‍ 12 പേരൊഴികെയുള്ളവരെ വിട്ടയച്ച കോടതി വിധിയില്‍ തെളിഞ്ഞത്. ഈ പശ്ചാത്തലത്തില്‍ കുഞ്ഞനന്തന്റെയും മറ്റും നിരപരാധിത്വം തെളിയിക്കാന്‍ അപ്പീല്‍ കോടതികളില്‍ അവസരവും സമയവുമുണ്ട്.

കേരളത്തെ ഇന്നത്തെ നിലയില്‍ വളര്‍ത്തിയെടുക്കാന്‍ ത്യാഗോജ്വലമായ പോരാട്ടവഴികള്‍ താണ്ടിയ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ തകര്‍ക്കാന്‍ ചന്ദ്രശേഖരന്‍ വധക്കേസിന്റെ പേരില്‍ ഭരണകൂടഭീകരത ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കെട്ടഴിച്ചുവിട്ടിരുന്നു. അതിന്റെ ഭാഗമായി സിപിഐ എം ജില്ലാസെക്രട്ടറിയറ്റ് അംഗം പി മോഹനനെയും ഏരിയ കമ്മിറ്റി സെക്രട്ടറിയെയും അടക്കം 76 പേരെ പ്രതികളാക്കി കേസെടുത്തു. എന്നാല്‍, അവരില്‍ 54 പേരെ കോടതി വിട്ടയച്ചത്, പൊലീസിനെയും ഭരണസംവിധാനത്തെയും രാഷ്ട്രീയമായി ദുരുപയോഗപ്പെടുത്തിയ ഉമ്മന്‍ചാണ്ടി സര്‍ക്കാരിനുള്ള കനത്ത പ്രഹരമാണ്. ഈ നോവും പരാജയവും മറയ്ക്കാനും വെള്ളപൂശാനുമാണ് സിപിഐ എമ്മിന്റെ പങ്കാളിത്തം കോടതിവിധിയില്‍ തെളിയുന്നുണ്ടെന്ന നുണ കെ കെ രമ മുതല്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിവരെയുള്ളവര്‍ ആവര്‍ത്തിക്കുന്നത്.

ഉമ്മന്‍ചാണ്ടിയും മുല്ലപ്പള്ളിയും വടകരയിലെ "നിയുക്ത" യുഡിഎഫ് സ്ഥാനാര്‍ഥി വീരേന്ദ്രകുമാറും ചേര്‍ന്ന് ആര്‍എംപിയെ മൊത്തമായും ചില്ലറയായും വിലയ്ക്കെടുത്തിരിക്കുകയാണ്. ഇവരുടെ ഇംഗിതത്തിന് വഴങ്ങിയാണ് ഫെബ്രുവരി മൂന്നുമുതല്‍ സെക്രട്ടറിയറ്റിനുമുന്നില്‍ അനിശ്ചിതകാല നിരാഹാരസമരം നടത്താന്‍ രമ പുറപ്പെടുന്നത്. ചന്ദ്രശേഖരന്‍ കേസ് സജീവമാക്കി നിലനിര്‍ത്തി ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് നേട്ടമുണ്ടാക്കിക്കൊടുക്കാനാണ് ശ്രമം. ഇതിലൂടെ യുഡിഎഫിന്റെയും ആര്‍എസ്എസിന്റെയും കമ്യൂണിസ്റ്റുവിരുദ്ധ ശക്തികളുടെയും കൈയിലെ കോടാലിയാണ് രമയും ആര്‍എംപിയുമെന്ന് വീണ്ടും തെളിയുകയാണ്. കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് രമ ഉണ്ണാവ്രതം തുടങ്ങുന്നത്. ഇത് കോടതിയെ അപഹസിക്കലാണ്. "51 വെട്ടിന് 12 കുറ്റക്കാര്‍" എന്ന തലക്കെട്ടില്‍ ചന്ദ്രശേഖരന്‍കേസ് വിധി റിപ്പോര്‍ട്ട് ചെയ്ത് മാര്‍ക്സിസ്റ്റ് വിരുദ്ധത നന്നായി വിപണനംചെയ്ത മനോരമതന്നെ വിധി പ്രസ്താവം നടത്തിയ കോടതിയുടെ മാന്യതയെയും പക്വതയെയും ശ്ലാഘിച്ചിട്ടുണ്ട്. വെട്ടേറ്റു മരിച്ച ചന്ദ്രശേഖരന്റെ ദേഹത്ത് ആയുധംകൊണ്ടുള്ള 12 മുറിവാണുണ്ടായിരുന്നതെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. എന്നാല്‍, മാര്‍ക്സിസ്റ്റ്വിരോധം ആളിക്കത്തിക്കാന്‍ വിരുദ്ധമാധ്യമങ്ങളുടെ മൂശയില്‍ വാര്‍ത്തെടുത്ത സംജ്ഞയായിരുന്നു 51 വെട്ട് എന്നത്. വാസ്തവവിരുദ്ധമായ ആ പ്രയോഗത്തെ വിധിന്യായത്തെപ്പറ്റിയുള്ള പത്രറിപ്പോര്‍ട്ടിലും ഉദ്ധരിച്ച്, മനോരമ മാര്‍ക്സിസ്റ്റ്വിരുദ്ധത അടിവരയിട്ടു. മുറിവിന്റെ എണ്ണത്തെപ്പറ്റിയുള്ള തര്‍ക്കത്തിന് ഇപ്പോള്‍ പ്രസക്തിയില്ലെങ്കിലും തെറ്റായ ഒരു എണ്ണം ലീഡ് തലക്കെട്ടിന് ഇടം നല്‍കി വസ്തുതാവിരുദ്ധമായി മാര്‍ക്സിസ്റ്റ്വിരുദ്ധത ജ്വലിപ്പിക്കാന്‍ യത്നിച്ച മനോരമതന്നെ വിധി പ്രസ്താവിച്ച കോടതിയ്ക്ക് പക്വത, മിതത്വം, മികവ് എന്നീ വിശേഷണങ്ങളാണ് നല്‍കിയത്.

"സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വിവാദമായ കൊലക്കേസ്, പുറത്തെ കോലാഹലങ്ങളും കോടതിമുറിയിലെ അഭിഭാഷക തന്ത്രങ്ങളും അതിജീവിച്ച് 76 പ്രതികളും 168 സാക്ഷികളുമടങ്ങിയ കേസില്‍ ഒരുവര്‍ഷംകൊണ്ട് വിധിപറഞ്ഞ് ജഡ്ജി ആര്‍ നാരായണപ്പിഷാരടി ചരിത്രത്തിന്റെ ഭാഗമായിരിക്കുകയാണ്" എന്നാണ് മനോരമ നിരീക്ഷിച്ചത്.

ഈ കോടതിവിധിയെ അപഹസിച്ചാണ് ഇപ്പോള്‍ സിബിഐ അന്വേഷണം ആവശ്യപ്പെടുന്നത്. കോടതിവിധിയില്‍ ഭിന്നതയുണ്ടെങ്കില്‍ ഒന്നിലധികം അപ്പീല്‍കോടതികളില്‍ അഭയംപ്രാപിക്കാം. കേസില്‍ കോടതി പരിഗണിച്ച ഏതെങ്കിലും വിഷയങ്ങളില്‍ തുടരന്വേഷണത്തിനോ വിശദാന്വേഷണത്തിനോ ആവശ്യകതയുണ്ടെങ്കില്‍ കോടതിവിധിയില്‍ അക്കാര്യം ചൂണ്ടിക്കാണിക്കാറുണ്ട്. അതൊന്നും ഈ കേസിലെ വിധിന്യായത്തില്‍ ഉണ്ടാകാതിരിക്കെ സിബിഐ അന്വേഷണം എന്ന ആവശ്യംതന്നെ നിയമപരമായി നിലനില്‍ക്കുന്നതല്ല. പക്വതയാര്‍ന്നതെന്ന് മനോരമതന്നെ വിശേഷിപ്പിക്കുന്ന കോടതിവിധിയെ അപഹസിക്കുകയാണ് കെ കെ രമയും യുഡിഎഫും. ഇത് ലോക്സഭാതെരഞ്ഞെടുപ്പില്‍ ചന്ദ്രശേഖരന്റെ പേരില്‍ വോട്ട് തട്ടാനുള്ള പാഴ്വേലയാണ്. സിബിഐയുടേതല്ല ഏത് ഏജന്‍സിയുടെയും അന്വേഷണം സിപിഐ എമ്മിനെ ഭയപ്പെടുത്തില്ല. പക്ഷേ, നിയമസാധുതയില്ലാത്ത, പ്രായോഗികമല്ലാത്ത ഒരാവശ്യത്തിന്മേലുള്ള ഉണ്ണാവ്രതം രാഷ്ട്രീയ പുകപടലം ഉയര്‍ത്താന്‍ വേണ്ടിയുള്ള, യുഡിഎഫിനെ സന്തോഷിപ്പിക്കാനുള്ള പകിടകളിയാണ്. പാഴ്മുറംകൊണ്ട് പടയ്ക്കിറങ്ങാനുള്ള രമയുടെയും കൂട്ടരുടെയും നീക്കം അപഹാസ്യമാകും.

ആര്‍ എസ് ബാബു deshabhimani

No comments:

Post a Comment