Saturday, January 25, 2014

രൂക്ഷ വിലക്കയറ്റം സൃഷ്ടിക്കുന്ന ബജറ്റ്: സിപിഐ എം

പെട്രോള്‍, ഡീസല്‍, പാചകവാതക വിലവര്‍ധനയാല്‍ പൊറുതിമുട്ടുന്ന ജനതയില്‍ ചരിത്രത്തിലെ ഏറ്റവും വലിയ നികുതിഭാരമാണ് യുഡിഎഫ് സര്‍ക്കാര്‍ ബജറ്റിലൂടെ അടിച്ചേല്‍പ്പിച്ചതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് പറഞ്ഞു.

ഐക്യകേരളത്തിന്റെ ചരിത്രത്തില്‍ ഇതുവരെയും ഒറ്റയടിക്ക് ഇത്രയേറെ നികുതി ചുമത്തിയിട്ടില്ല. ജനദ്രോഹ ബജറ്റുകളുടെ മുന്‍നിരയിലാണ് കെ എം മാണിയുടെ പന്ത്രണ്ടാം ബജറ്റ്. 1550 കോടിയുടെ പുതിയ നികുതികളാണ് അടിച്ചേല്‍പ്പിച്ചത്. വാറ്റ് നികുതിയില്‍ നേരത്തേതന്നെ 15-25 ശതമാനം വര്‍ധന ഏര്‍പ്പെടുത്തിയിരുന്നു. നികുതി പിരിച്ചെടുക്കുന്നതിലെ അനാസ്ഥയാണ് കൂടുതല്‍ നികുതി അടിച്ചേല്‍പ്പിക്കുന്നതിലേക്ക് നയിച്ചത്. കഴിഞ്ഞ വര്‍ഷത്തെ നികുതിപിരിവ് പ്രതീക്ഷിച്ചതിനേക്കാള്‍ 4132 കോടി കുറവായിരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ പണിപ്പെട്ട് സജ്ജമാക്കിയ നികുതിസംവിധാനം അട്ടിമറിച്ചതാണ് നികുതി പിരിവിലെ ശോഷണത്തിന് കാരണം. നികുതിവകുപ്പില്‍ അഴിമതിയും കെടുകാര്യസ്ഥതയും തിരികെയെത്തിച്ചതിന് നല്‍കേണ്ടിവന്ന വിലയാണിത്. കേരളത്തെ രൂക്ഷമായ വിലക്കയറ്റത്തിലേക്കാണ് ബജറ്റ് തള്ളിവിടുന്നത്. സാമ്പത്തികമാന്ദ്യത്തിന്റെ ഫലമായി തളര്‍ന്ന നിര്‍മാണമേഖല അമ്പേ നിശ്ചലമാകും. യാത്രച്ചെലവിലും അമ്പരപ്പിക്കുന്ന വര്‍ധനയാണ് ബജറ്റ് സൃഷ്ടിക്കുക.

തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുളള പൊള്ളയായ പ്രഖ്യാപനങ്ങളിലൂടെ ജനങ്ങളെ വഞ്ചിക്കാനാകില്ല. ഹൈടെക് പദ്ധതികളുടെ നീണ്ട പട്ടിക നിരത്തി കാര്‍ഷികമേഖല അനുഭവിക്കുന്ന പ്രതിസന്ധി മറികടക്കാമെന്ന വ്യാമോഹമാണ് ബജറ്റില്‍. മണ്ണിനെയും പ്രകൃതിയെയും സംരക്ഷിക്കുകയാണ് കാര്‍ഷികമേഖലയ്ക്കായി ആദ്യം ചെയ്യേണ്ടത്. കള്ളക്കണക്കുകൊണ്ടുളള കസര്‍ത്തിനാല്‍ ചെലവ് കുറച്ചും വരവ് പെരുപ്പിച്ചും കാണിച്ചു. ഇങ്ങനെ ബജറ്റ് തയ്യാറാക്കുന്നത് യഥാര്‍ഥ ധനസ്ഥിതി മറച്ചുവയ്ക്കാനാണ്. കഴിഞ്ഞ ബജറ്റിലെ കള്ളക്കളി ഇത്തവണ കൈയോടെ പിടിക്കപ്പെട്ടു. 3406 കോടിയുടെ കമ്മിയാണ് 2012-13ലെ ബജറ്റില്‍ പ്രതീക്ഷിച്ചത്. സിഎജിയുടെ അന്തിമ കണക്കുപ്രകാരം അത് 9351 കോടിയായി. ഈ വര്‍ഷത്തെ കമ്മിയുടെ ഗതിയും ഇതുതന്നെയായിരിക്കും എന്നതില്‍ സംശയമില്ല. കള്ളക്കണക്ക് നിരത്തി ധനമന്ത്രിയും ഉദ്യോഗസ്ഥരും ജനങ്ങളെ വഞ്ചിക്കുകയാണ്. ഖജനാവിന്റെ യഥാര്‍ഥ അവസ്ഥ അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. കരാറുകാര്‍ക്ക് ആറുമാസത്തെ കുടിശ്ശികയായി 1600 കോടി രൂപയാണ് കൊടുക്കാനുളളത്. കുടിശ്ശിക പെരുകുന്നതുമൂലം നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നില്ല. ക്ഷേമപെന്‍ഷനുകളും കുടിശ്ശികയിലാണ്. രൂപയുടെ മൂല്യത്തകര്‍ച്ചയും വിലക്കയറ്റവും മൂലം നാമമാത്രമായ ക്ഷേമ പെന്‍ഷന്‍ വര്‍ധന നിഷ്ഫലമായി. ക്ഷേമനിധി പെന്‍ഷനുകള്‍ വര്‍ധിപ്പിക്കാനും തയ്യാറായില്ല. ജനദ്രോഹ ബജറ്റിനെതിരെ ശക്തമായ ജനരോഷം ഉയരണമെന്ന് സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ ആഹ്വാനം ചെയ്തു.

കര്‍ഷകരെ രക്ഷിക്കാന്‍ പദ്ധതികളില്ല: കര്‍ഷകസംഘം

തിരു: കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തികനയങ്ങള്‍ മൂലം കഷ്ടപ്പെടുന്ന കര്‍ഷകരെ രക്ഷിക്കാന്‍ ഉതകുന്ന പദ്ധതികളോ നടപടികളോ സംസ്ഥാന ബജറ്റിലില്ലെന്ന് കേരള കര്‍ഷകസംഘം കുറ്റപ്പെടുത്തി. നെല്‍കൃഷി വികസനത്തിനോ കുറഞ്ഞുവരുന്ന ഭക്ഷ്യോല്‍പ്പാദനം വര്‍ധിപ്പിക്കാനോ പര്യാപ്തമായ പദ്ധതികള്‍ ഇല്ല. നെല്ല് സംഭരണം കാര്യക്ഷമമാക്കാന്‍ നാമമാത്ര തുകപോലും നീക്കിവച്ചിട്ടില്ല. നെല്‍കൃഷിക്കാര്‍ക്ക് വളം സബ്സിഡി, വൈദ്യുതി സൗജന്യം, ന്യായവില വര്‍ധന എന്നിവ ലഭ്യമാക്കുമെന്ന പ്രതീക്ഷയും അസ്ഥാനത്തായി. നെല്‍കൃഷി വളര്‍ച്ച ഉറപ്പാക്കാന്‍ ബാധ്യതയുള്ള സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഒന്നും ഉരിയാടിയിട്ടില്ല. സംസ്ഥാനത്തെ 12 ലക്ഷം റബര്‍ കര്‍ഷകര്‍ വിലയിടിവിന്റെ ദുരന്തം അനുഭവിക്കുകയാണ്. അവര്‍ക്ക് ആശ്വാസമാകുന്ന ഒരു പദ്ധതിയും ബജറ്റിലില്ല. മലയോരകര്‍ഷകര്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുമെന്ന ആശങ്കയിലാണ്. ഈ റിപ്പോര്‍ട്ട് തള്ളിക്കളഞ്ഞ് കര്‍ഷകരെ സംരക്ഷിക്കാനും പരിസ്ഥിതി-പശ്ചിമഘട്ട സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്തെ സാഹചര്യങ്ങള്‍ക്കനുസൃതമായി നടപ്പാക്കാനും സര്‍ക്കാര്‍ തയ്യാറാകുന്നില്ല. പരിസ്ഥിതി- പശ്ചിമഘട്ട സംരക്ഷണത്തിന് ദീര്‍ഘകാലപദ്ധതി പ്രഖ്യാപിക്കാനോ അതിന് തുക വകയിരുത്താനോ തയ്യാറായിട്ടില്ല. യുഡിഎഫ് സര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധ നിലപാടുകള്‍ ബലപ്പെടുത്തുന്ന ബജറ്റാണിതെന്നും കര്‍ഷകസംഘം പ്രസിഡന്റ് ഇ പി ജയരാജന്‍ എംഎല്‍എയും ആക്ടിങ് സെക്രട്ടറി ജോര്‍ജ് മാത്യുവും പ്രസ്താവനയില്‍ പറഞ്ഞു.

മോട്ടോര്‍ മേഖലയെ തകര്‍ക്കും

തിരു: കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ തെറ്റായ നയം മൂലം ദുരിതമനുഭവിക്കുന്ന മോട്ടോര്‍ തൊഴിലാളികളെ ദ്രോഹിക്കുന്നതാണ് സംസ്ഥാന ബജറ്റെന്ന് കോണ്‍ഫഡറേഷന്‍ ഓഫ് ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ് കേരള ജനറല്‍ സെക്രട്ടറി പി നന്ദകുമാര്‍ പറഞ്ഞു. ഓട്ടോ-ടാക്സി, ബസുകള്‍ എന്നിവയ്ക്ക് വില വര്‍ധിക്കും. മോട്ടോര്‍ വാഹനങ്ങളുടെ നികുതി ഏഴു മുതല്‍ 33 ശതമാനം വരെ വര്‍ധിപ്പിച്ചിട്ടുണ്ട്. അടിക്കടിയുണ്ടാകുന്ന ഇന്ധനവില വര്‍ധന, ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധന മൂലം ദുരിതമനുഭവിക്കുന്നതാണ് ഈ മേഖല. സാമൂഹ്യസുരക്ഷാനടപടികള്‍ ഇല്ലാത്തതിനാലും നിത്യോപയോഗസാധനങ്ങളുടെ വിലവര്‍ധനയാലും നട്ടംതിരിയുന്ന ജനവിഭാഗത്തിന് പുതിയ നികുതിനിര്‍ദേശങ്ങള്‍ വന്‍പ്രഹരമാകും. മോട്ടോര്‍ മേഖലയെ അരാജകത്വത്തിലേക്ക് നയിക്കുന്ന ബജറ്റ് നിര്‍ദേശങ്ങള്‍ പിന്‍വലിക്കണമെന്ന് നന്ദകുമാര്‍ ആവശ്യപ്പെട്ടു

ജനങ്ങളെ കൊല്ലുന്ന ബജറ്റ്: വി എസ്

തിരു: നികുതി വര്‍ധിപ്പിച്ചും വിലക്കയറ്റം രൂക്ഷമാക്കിയും ജനങ്ങളെ കൊല്ലുന്ന ബജറ്റാണ് യുഡിഎഫ് സര്‍ക്കാരിന്റേതെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പുതുതായി ഒരു നികുതിയും കൊണ്ടുവന്നില്ല. യുഡിഎഫ് സര്‍ക്കാര്‍ തുടര്‍ച്ചയായ മൂന്നു ബജറ്റിലും വന്‍ നികുതിഭാരം അടിച്ചേല്‍പ്പിച്ചു. ഇക്കുറി 1556 കോടിയുടെ റെക്കോഡ് നികുതിവര്‍ധനയാണ്. നികുതി കുടിശ്ശിക ഇനത്തില്‍ 10,022 കോടി പിരിച്ചെടുക്കാനുണ്ട്. ഇത് പിരിച്ചെടുത്തിരുന്നെങ്കില്‍ നികുതി കൂട്ടേണ്ടിവരുമായിരുന്നില്ല. വിലക്കയറ്റം തടയാന്‍ ഒരു നടപടിയുമില്ല. ഭക്ഷ്യഎണ്ണയുടെയും തുണിത്തരങ്ങളുടെയും വില ഇനിയും കയറും. മാലിന്യനിര്‍മാര്‍ജനത്തിന് പദ്ധതിയൊന്നുമില്ല. തൊഴിലില്ലായ്മ പരിഹരിക്കാനും പ്രവാസി പുനരധിവാസത്തിനും പദ്ധതിയില്ല. കോണ്‍ട്രാക്ടര്‍മാര്‍ക്ക് കുടിശ്ശിക 2000 കോടിയാണ്. എന്നാല്‍, ബജറ്റില്‍ നീക്കിവച്ചിരിക്കുന്നത് 600 കോടിമാത്രം. യുഡിഎഫിന്റെ കണ്ണും മനസ്സും വാക്കും കര്‍മങ്ങളും എന്നും അഴിമതിക്കും തട്ടിപ്പിനും വഞ്ചനയ്ക്കും ഒപ്പമാണ്. ഒരിക്കലും അത് ജനങ്ങള്‍ക്കൊപ്പമല്ലെന്നും വി എസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

വിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാരിനാകില്ല: മാണി

തിരു: വിലക്കയറ്റം നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സാധിക്കില്ലെന്ന് മന്ത്രി കെ എം മാണി. വിലക്കയറ്റം ദേശീയ സാമ്പത്തികപ്രവണതയാണ്. ഇത് നിയന്ത്രിക്കാന്‍ ഫലപ്രദമായ നടപടിയെടുക്കേണ്ടത് കേന്ദ്രസര്‍ക്കാരാണെന്നും ബജറ്റ് അവതരണത്തിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ മാണി പറഞ്ഞു. ദേശീയ സമ്പദ്്വ്യവസ്ഥയിലെ മാന്ദ്യം കേരളത്തെയും ബാധിച്ചിട്ടുണ്ടെന്ന് ബജറ്റ് ആമുഖത്തില്‍ മാണി പറഞ്ഞു. 2011-12 സാമ്പത്തികവര്‍ഷം മുതല്‍ ദേശീയതലത്തില്‍ സാമ്പത്തികവളര്‍ച്ചയില്‍ പ്രതിഫലിക്കുന്ന മാന്ദ്യവും റവന്യൂ വരുമാനത്തിലുണ്ടാകുന്ന കുറവും തിരിച്ചറിയണം. നാണ്യപ്പെരുപ്പത്തിന്റെ തോത് 10 ശതമാനത്തോളമായി തുടരുന്നു. പണപ്പെരുപ്പംമൂലം അവശ്യസാധനങ്ങളുടെ വിലവര്‍ധന സങ്കീര്‍ണപ്രശ്നമായി തുടരുന്നു. ഉയര്‍ന്ന നാണ്യപ്പെരുപ്പത്തിന്റെ ഫലമായി സാമൂഹ്യമേഖലയിലെ ചെലവുകളില്‍ ഉണ്ടാകുന്ന വര്‍ധനയുടെയും വരുമാനവളര്‍ച്ച ശോഷണത്തിന്റെയും പശ്ചാത്തലത്തില്‍ ധന ഉത്തരവാദിത്തനിയമത്തില്‍ നിഷ്കര്‍ഷിച്ച ലക്ഷ്യം കൈവരിക്കാനായില്ല. വരുമാനവളര്‍ച്ച 11 ശതമാനമാണെങ്കിലും ചെലവിനത്തില്‍ 20 ശതമാനത്തിന്റെ വര്‍ധനയുണ്ടായെന്നും മാണി പറഞ്ഞു.

ബജറ്റിന് തലയെടുപ്പില്ല: മുരളീധരന്‍

തിരു: കെ എം മാണിയുടെ ബജറ്റിന് തലയെടുപ്പില്ലെന്ന് കെ മുരളീധരന്‍ എംഎല്‍എ. ബജറ്റില്‍ പോരായ്മകളേറെയാണെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

deshabhimani

No comments:

Post a Comment