Wednesday, January 22, 2014

തകര്‍ന്നത് ഭരണകൂട ഗൂഢാലോചന

എഴുപത്താറു പേരെ പ്രതിചേര്‍ത്ത് തുടങ്ങിയ കേസ് പന്ത്രണ്ടുപേര്‍ക്ക് ശിക്ഷ വിധിക്കുന്നതിലാണ് അവസാനിക്കുന്നത്. ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ വന്ന വിധി, സിപിഐ എം എന്ന പ്രസ്ഥാനത്തിന് ചരമക്കുറിപ്പെഴുതാന്‍ കഴിഞ്ഞ ഒന്നരവര്‍ഷമായി നിരന്തരം ശ്രമിക്കുന്ന വലതുപക്ഷ രാഷ്ട്രീയത്തെ നൈരാശ്യത്തിലാഴ്ത്തുന്നതാണ്. ചന്ദ്രശേഖരന്റെ ദാരുണമായ കൊലപാതകവുമായി സിപിഐ എമ്മിനെ ബന്ധിപ്പിക്കാന്‍ 2012 മെയ് നാലുമുതല്‍ ഈ നിമിഷംവരെ നടത്തിയ ശ്രമങ്ങള്‍ അമ്പരപ്പിക്കുന്നതാണ് എന്ന് പറയാതെവയ്യ. ഭരണകൂടത്തിന്റെ സകല സാധ്യതകളും അതിനായി ദുരുപയോഗിക്കപ്പെട്ടു. വലതുപക്ഷ മാധ്യമങ്ങള്‍ സ്വയം പടയണി തീര്‍ത്ത് സിപിഐ എം വേട്ടയ്ക്കിറങ്ങി. കോഴിക്കോട് എരഞ്ഞിപ്പാലത്തെ പ്രത്യേക കോടതി ബുധനാഴ്ച കാലത്ത് വിധി പറഞ്ഞപ്പോഴും മാധ്യമങ്ങള്‍ ആ ശ്രമത്തില്‍നിന്ന് പിന്മാറിയില്ല. സിപിഐ എം കോഴിക്കോട് ജില്ലാ സെക്രട്ടറിയറ്റംഗം പി മോഹനന്‍ "കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി" എന്ന തെറ്റായ വാര്‍ത്തയാണ് ദൃശ്യമാധ്യമങ്ങള്‍ പുറത്തുവിട്ടത്. മോഹനന്‍ കുറ്റക്കാരനായാല്‍ സിപിഐ എമ്മും കുറ്റംചെയ്തു എന്ന സിദ്ധാന്തവും നിമിഷവേഗത്തില്‍ വന്നു. എന്നാല്‍, വിധിയുടെ ആദ്യഭാഗത്തുതന്നെ, പി മോഹനനെയും സിപിഐ എം ഒഞ്ചിയം ഏരിയാ കമ്മിറ്റി അംഗം കെ കെ കൃഷ്ണനെയും ജ്യോതിബാബു എന്ന പ്രവര്‍ത്തകനെയും കുറ്റക്കാരല്ലെന്നു കണ്ട് വിട്ടയക്കുന്നു എന്നാണുള്ളത്. അതു പുറത്തുവന്നതോടെയാണ്, സിപിഐ എമ്മിനെ കടന്നാക്രമിക്കാനുള്ള ആയുധം വീണുകിട്ടിയെന്ന അമിതാഹ്ലാദത്തോടെ കച്ചമുറുക്കി പ്രകടനം തുടങ്ങിയ മാധ്യമങ്ങളുടെ മുഖം മ്ലാനമായത്.

ഓര്‍ക്കാട്ടേരിയില്‍ പടയങ്കണ്ടി രവീന്ദ്രന്റെ പൂക്കടയിലെ "ഗൂഢാലോചന"യും അതില്‍ പി മോഹനനും കെ കെ കൃഷ്ണനുമടക്കം "പങ്കെടുത്തു" എന്നതുമായിരുന്നു കൊലപാതകത്തെ സിപിഐ എമ്മിനുമേല്‍ വച്ചുകെട്ടാന്‍ പൊലീസ് സൃഷ്ടിച്ച ആക്ഷേപം. അത്തരമൊരു ഗൂഢാലോചനയുമില്ല, അതിലെ പങ്കാളിത്തവുമില്ല. കേസന്വേഷണം പുരോഗമിച്ച ഘട്ടത്തില്‍ പൊലീസ് തലവന്‍ പരസ്യമായി പ്രതികരിച്ചത്, അത് രാഷ്ട്രീയ കൊലപാതകമല്ല എന്നാണ്. അന്ന്, അതില്‍ രാഷ്ട്രീയം കൊണ്ടുവരാനും സിപിഐ എം നേതാക്കളെ വേട്ടയാടാനും ലജ്ജയില്ലാതെ മുന്നില്‍നിന്നത് ആഭ്യന്തര മന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണനും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും അവരുടെ സേവകരായ മാധ്യമങ്ങളുമാണ്. അന്വേഷണഘട്ടത്തിലും വിചാരണാവേളയിലും എന്തിന്, വിധി പറയാനിരിക്കെയും സങ്കല്‍പ്പ കഥകളവതരിപ്പിക്കാനും സിപിഐ എമ്മിനെ പ്രതിസ്ഥാനത്തുനിര്‍ത്താനും മത്സരബുദ്ധിയോടെയുള്ള ഇടപെടലാണുണ്ടായത്. പാര്‍ടി ഓഫീസില്‍ ഗൂഢാലോചന നടന്നു എന്ന കഥ സൃഷ്ടിച്ചു. പി മോഹനനെ അദ്ദേഹത്തിന്റെ പത്നി കണ്ടതുപോലും മഹാപരാധമായി ചിത്രീകരിച്ച് വിവാദമുണ്ടാക്കി. അത്തരം അഭ്യാസങ്ങളെയാകെ വൃഥാവിലാക്കിയാണ്, സിപിഐ എമ്മിന് ഈ കൊലപാതകവുമായി ഒരു ബന്ധവുമില്ല എന്ന് അസന്ദിഗ്ധമായി തെളിയിക്കുന്ന വിധി വന്നിരിക്കുന്നത്.

കുറ്റപത്രത്തില്‍ പ്രതിചേര്‍ത്ത രണ്ടുപേരെ പിടികൂടിയിട്ടില്ല. വേറെ രണ്ടുപേരെ കുറ്റപത്രം വായിച്ചുകേള്‍പ്പിക്കുന്നതിനു മുമ്പുതന്നെ തെളിവില്ലെന്നുകണ്ട് കോടതി ഒഴിവാക്കി. കേസ് ഏതുവിധേനയും സിപിഐ എമ്മിനുമേല്‍ ചാരാനാണ്, സംസ്ഥാന കമ്മിറ്റി അംഗം കെ കെ രാഗേഷ് ഉള്‍പ്പെടെ 15 പേരെ പ്രതിചേര്‍ത്തത്. അവരുടെ വിചാരണ ഹൈക്കോടതി സ്റ്റേചെയ്തു. സാക്ഷിമൊഴികളോ തെളിവോ ഇല്ലാത്ത 20 പേരെ പിന്നീട് വെറുതെ വിട്ടു. അതില്‍ സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയറ്റ് അംഗം കാരായി രാജന്‍ ഉള്‍പ്പെടുന്നു. അതിനും പുറമെയാണ് ഇപ്പോള്‍ അവശേഷിച്ച മുപ്പത്താറില്‍ പന്ത്രണ്ടുപേരെമാത്രം കുറ്റക്കാരെന്നു കണ്ടെത്തിയത്. ഇതിനര്‍ഥം അറുപത്തിനാലുപേര്‍ക്കെതിരെ ചുമത്തിയ കുറ്റം തെറ്റായിരുന്നു എന്നാണ്; നേര്‍വഴിക്കല്ലാതെ, നിയമപരമായല്ലാതെ പ്രതിപക്ഷ രാഷ്ട്രീയ പാര്‍ടിക്കെതിരെ ഉപയോഗിക്കാന്‍ ഈ കൊലക്കേസിനെ ആയുധമാക്കി എന്നാണ്. കുറ്റക്കാരെന്നു കണ്ടെത്തിയ പ്രതികള്‍ക്കുവേണ്ടി മേല്‍ക്കോടതികളെ സമീപിക്കുമെന്ന് പ്രതിഭാഗം അഭിഭാഷകര്‍ വ്യക്തമാക്കിയിട്ടുണ്ട്.

കേസ് നടത്തിപ്പിലെ ഭരണകക്ഷി രാഷ്ട്രീയ താല്‍പ്പര്യം, വിധിയോട് പ്രതികരിച്ച സ്പെഷ്യല്‍ പ്രോസിക്യൂട്ടറുടെ രാഷ്ട്രീയ പ്രസംഗത്തിലുള്‍പ്പെടെ തെളിഞ്ഞുനിന്നു എന്നതും വിസ്മരിക്കാനാവില്ല. ഒരു കുറ്റകൃത്യമുണ്ടായാല്‍, നെരേ ചൊവ്വെ അന്വേഷിച്ച് കുറ്റക്കാരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരുന്നതിനുപകരം രാഷ്ട്രീയ പകയുടെ വൃത്തികെട്ട വഴിയിലൂടെ സഞ്ചരിച്ചാല്‍ അനുഭവം എന്താകുമെന്ന് വലതുപക്ഷ ശക്തികളെയാകെ ബോധ്യപ്പെടുത്തുന്നതാണ് ഈ വിധി. പൊലീസ് കെട്ടിച്ചമച്ച ചില തെളിവുകളും സാക്ഷിമൊഴികളുമെങ്കിലും പ്രതികള്‍ക്കെതിരെ ഉപയോഗിക്കാനായി എന്നാണ് പ്രോസിക്യൂട്ടറുടെ വാക്കുകളില്‍നിന്ന് വ്യക്തമാകുന്നത്. തന്നെക്കൊണ്ട് വെള്ളക്കടലാസില്‍ ഒപ്പിടീക്കാന്‍ പൊലീസ് ശ്രമിച്ചു എന്നും ഭാര്യയെ കേസില്‍ കുടുക്കുമെന്ന് ഭീഷണിമുഴക്കിയെന്നും പി മോഹനന്‍ വെളിപ്പെടുത്തിയിട്ടുണ്ട്. സിപിഐ എമ്മിന്റെ പ്രധാന നേതാവിനോട് ഇതായിരുന്നു സമീപനമെങ്കില്‍ മറ്റു പ്രതികളെയും സാക്ഷികളെയും എങ്ങനെയെല്ലാം പൊലീസ് കൈകാര്യം ചെയ്തിട്ടുണ്ടാകും എന്ന് ഊഹിക്കാവുന്നതേയുള്ളൂ. അടിയന്തരാവസ്ഥയെപ്പോലും നാണിപ്പിക്കുന്ന ഭീകരതയാണ് ഈ കേസിന്റെ പേരില്‍ സിപിഐ എമ്മിനുനേരെ പ്രയോഗിച്ചത്. അത്തരം നീചകൃത്യങ്ങള്‍ക്ക് ഏതാനും മാധ്യമങ്ങള്‍ മറപിടിക്കുകയും സഹായം നല്‍കുകയുംചെയ്തു എന്നതും ഗൗരവമായ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ട്.

കോടതി വിട്ടാലും "പ്രതികളെ വെട്ടി വെട്ടി കൊല്ലണം" എന്ന ആര്‍എംപിക്കാരന്റെ ജല്‍പ്പനംപോലും മടിയില്ലാതെ സംപ്രേഷണംചെയ്ത മാധ്യമങ്ങള്‍, തങ്ങള്‍ ഒന്നരക്കൊല്ലം നടത്തിയ അമിതാധ്വാനത്തിന്റെ ഫലമെന്ത് എന്ന് സ്വയം വിലയിരുത്തുമെന്നു കരുതട്ടെ. അന്വേഷണം പൂര്‍ത്തിയാക്കി വിചാരണ നടത്തി വിധി പറഞ്ഞ കേസില്‍ സിബിഐയെ കൊണ്ടുവരും എന്നൊക്കെ വീണ്ടും വീണ്ടും പറയുന്നവരും, ഈ കേസുമായി ബന്ധപ്പെടുത്തി നിരന്തരം വിവാദമുയര്‍ത്തിയ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനും കോണ്‍ഗ്രസ് നേതൃത്വവും ഉത്തരം പറയേണ്ടത്, അനാവശ്യമായി ഇത്രയും കാലം പീഡിപ്പിച്ച നിരപരാധികളോടാണ്; അവരുടെ കുടുംബാംഗങ്ങളോടാണ്; ആക്രമിച്ച് തകര്‍ക്കാമെന്നു കരുതിയ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തോടാണ്. തുടക്കംമുതലേ സിപിഐ എം സ്വീകരിച്ച നിലപാട് ശരിവയ്ക്കുന്ന ഈ വിധിന്യായംകൊണ്ടെങ്കിലും നിങ്ങളുടെ കണ്ണുതുറക്കുമെന്ന് ഞങ്ങള്‍ കരുതുന്നില്ല. എന്നാല്‍, ജനങ്ങളെ ഇനിയും പറ്റിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കില്ല എന്ന് ഉറപ്പ്.

deshabhimani editorial

No comments:

Post a Comment